പോലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച ആ മനുഷ്യന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ചില ഭാഗം ഇപ്രകാരമായിരുന്നു.
“.........ഇടിയും അടിയും കൊണ്ട് ചതഞ്ഞ ഒരു ശരീരം.കൈ ആറിടത്ത് ഒടിഞ്ഞിട്ടുണ്ട്. കഴുത്ത് ഒടിഞ്ഞീരിക്കുന്നു വാരിയെല്ലുകൾ മിക്കതും ഒടിഞ്ഞിട്ടുണ്ട്. കരള് കലങ്ങിയിട്ടുണ്ട്.........“
ഈ സംഭവം നടന്നത് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ലാക്കപ്പിലായിരുന്നു. ആ ലാക്കപ്പ് പിന്നീട് താലൂക്ക് ഓഫീസിലെ സർവേ ഭാഗത്തിന്റെ രേഖകൾ സൂക്ഷിക്കുന്ന ഇടമായി മാറി അൽപ്പം ചില വർഷങ്ങൾക്ക് മുമ്പ് ആ ലാക്കപ്പ് ഉൾപ്പടെയുള്ള കെട്ടിടം സർക്കാർ പൊളിച്ച് കളഞ്ഞ് പുതിയ കെട്ടിടം നിർമ്മിച്ചു. അതോടെ അവിടെ പണ്ട് നടന്ന ആ ദുരന്തത്തിന്റെ അവശേഷിപ്പും ഇല്ലാതായി.
പല ആവശ്യങ്ങൾക്കായി ഞാൻ പലപ്പോഴും താലൂക്കാഫീസിൽ പോകുമ്പോൾ ഇരുമ്പഴി വാതിൽ ഉള്ള ആ മുറിക്കുള്ളിലേക്ക് നോക്കി നിൽക്കാറുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ പ്രവർത്തിക്കുന്ന സബ് കോടതിയിലായിരുന്നല്ലോ എനിക്ക് അന്ന് ജോലി.
താലൂക്കാഫീസിലെ പ്രായം ചെന്ന ഒരു ജീവനക്കാരൻ എനിക്ക് ആ ലോക്കപ്പ് ചൂണ്ടിക്കാണിച്ച് “സർ,...ഇവിടെയാണ് കോട്ടാത്തല സുരേന്ദ്രനെ പോലീസ്കാർ ഇടിച്ച് കൊന്നത്...“ എന്ന് പറഞ്ഞതിന് ശേഷമായിരുന്നു ഞാൻ ആ മുറി ശ്രദ്ധിക്കാൻ തുടങ്ങിയത്. ഞാൻ അതിലേക്ക് നോക്കി നിൽക്കുമ്പോൾ അവിടെ ആക്രോശങ്ങളും അലർച്ചയും ഉയർന്ന് പൊങ്ങുന്നതായി തോന്നും.... ഒരു മനുഷ്യനെ അവർ ചതച്ച് വാരിക്കൂട്ടുകയാണ്. അവരെ ആരും ചോദ്യം ചെയ്യില്ലാ എന്ന ഹുങ്ക് അവർക്കുണ്ട്. അവരുടെ സഹ ജീവനക്കാരൻ പോലീസ്കാരനാണ് ആ പ്രതിയെ വളഞ്ഞ് പിടിക്കാൻ ഒരുമ്പെട്ടപ്പോൾ കുത്തിക്കൊല്ലപ്പെട്ടത്.ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള പ്രതിയെ കൂടാതെ മറ്റ് രണ്ട് പേരും ഒപ്പമുണ്ടായിരുന്നു, അവർ ആരാണെന്ന് പോലീസുകാർക്കറിയണം.. അത് കൊണ്ട് തന്നെ മർദ്ദനത്തിന്റെ തീവൃത വിവരണാതീതമായിരുന്നു. അതിന്റെ ഫലമാണ് മുകളിൽ കാണീച്ച പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലൂടെ വെളിപ്പെട്ടത്. പക്ഷേ ക്രൂരമായി അടിച്ച് കൊല്ലുമ്പോഴും ആ മനുഷ്യൻ കൂടെ ഉണ്ടായിരുന്ന ദാമോദരന്റെയും ജോസഫിന്റെയും പേര് പറഞ്ഞില്ല. അവസാന ശ്വാസം വലിക്കാൻ നേരം വെള്ളം ചോദിച്ചപ്പോൽ ആ ദുഷ്ട്ടന്മാർ വായിലേക്ക് മൂത്രം ഒഴിച്ച് കൊടുത്തു.അന്ന് രാത്രി ഏഴ് മണിക്ക് കോട്ടാത്തല സുരേന്ദ്രൻ മരിച്ചു.
പാർട്ടിയുടെ സംസ്ഥാപനത്തിനായി സ്വന്തം ജീവൻ തന്നെ ബലി കൊടുത്ത ആ സഖാവ് കൊല്ലപ്പെട്ട ഇടം ഇത്രയും വ്യക്തമായി അറിയാമായിരുന്നിട്ടും പിൽക്കാലത്ത് ആ ഇടം ഒരു സ്മാരകമായി സൂക്ഷിക്കാൻ എന്ത് കൊണ്ട് ആരും ഒരുമ്പെട്ടില്ല. ഏത് പാർട്ടിക്ക് വേണ്ടിയാണോ താൻ പോലീസുകാരാൽ കൊല്ലപ്പെട്ടോ ആ പാർട്ടി അധികാരത്തിൽ വന്നത് ഒരു തവണയല്ല, പലതവണകളിലാണ് എന്നിട്ടും.........
ആരായിരുന്നു സുരേന്ദ്രനെന്ന് ആ ചരിത്രം പഠിച്ച് തിരിച്ചറിയുമ്പോഴേ ആ ത്യാഗം തിരിച്ചറിയൂ. സർക്കാർ ജോലി എന്നത് വര പ്രസാദമായിരുന്ന കാലത്ത് രജിസ്ട്രേഷൻ വകുപ്പിലുള്ള ജോലി കളഞ്ഞ് തിരുവിതാംകൂർ റോഡ് ട്രാൻസ്പോർട്ട് ബസിൽ കണ്ടക്ടർ ജോലി നോക്കിയിരുന്ന അദ്ദേഹം പുന്നപ്ര വയലാർ വെടി വെപ്പിന് ശേഷം പട്ടാള ഭരണം പ്രഖ്യാപിച്ച ആസ്ഥലത്ത് സർ സി.പി.യുടെ പോലീസിനെ കൊണ്ടിറക്കുന്ന ജോലിയിലായിരിക്കവേ അവിടെ കണ്ട ഭീകരത മനസ്സിൽ തട്ടി ഉദ്യോഗം രാജി വെച്ച് പാർട്ടി പ്രവർത്തനത്തിനിറങ്ങിയ കറ കളഞ്ഞ കമ്മ്യൂണീസ്റ്റ്കാരൻ ആയിരുന്നു സുരേന്ദ്രൻ.
ചിങ്ങം 18 ആയ ഇന്നേ ദിവസം. സുരേന്ദ്രന്റെ രക്ത സാക്ഷി ദിനം രണ്ട് പാർട്ടികളും ആഘോഷമായി ആചരിക്കുമ്പോൾ പാർട്ടി പ്രവർത്തനം പത്ത് പേരോട് അന്തസ്സായി തല ഉയർത്തി പറയാവുന്ന ഈ കാലത്തെ സഖാക്കൾ പണ്ട് കമ്മ്യൂണിസ്റ്റ് എന്ന് മുഴുവ്ൻ ഉച്ചരിക്കുന്നതിനു മുമ്പ് മൂർഖൻ പാമ്പിനെയെന്നവണ്ണം തല്ലിക്കൊന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നും അന്നത്തെ സഖാവായിരുന്നു ` കോട്ടാത്തല സുരേന്ദ്രൻ എന്നും തിരിച്ചറിയുകയും തീർച്ചയായും ആ ലോക്കപ്പ് മുറി ഒരു സ്മാരകമായി നില നിർത്തുകയും ചെയ്യുമായിരുന്നു എന്ന് തോന്നിപ്പോകുന്നു.