Wednesday, April 26, 2023

പൊറുക്കണേ ക്യാമറാ സാറേ!

പരിചയക്കാരനായ ഒരു  ആട്ടോ ഡ്രൈവറോടൊപ്പം അയാളുടെ ആട്ടോയിൽ  നഗരത്തിലേക്ക്  പോവുകയായിരുന്നു ഞാൻ.

പ്രദേശത്തെ പ്രധാന അമ്പലത്തിലെ ഉൽസവമായതിനാൽ റോഡിലെ  തിരക്കു കാരണം ഊട് വഴികളിലൂടെയായിരുന്നു യാത്ര. വഴിയിൽ വെച്ച്  ഞങ്ങൾക്ക് രണ്ട് പേർക്കും പരിചയമുള്ള  കാലിന് സ്വാധീന കുറവുള്ള ഒരാളെയും വണ്ടിയിൽ  കയറ്റി. യാത്ര തുടരവേ  ഡ്രൈവർ  തിരിഞ്ഞ് എന്റെ സഹ യാത്രികനോട് പറഞ്ഞു.

“ ജംഗ്ഷനിലുള്ള ആ കടയിൽ നിന്നും ഇനി സാധനങ്ങളും വാങ്ങിയിട്ട്  വീട്ടിലേക്ക് പോകാൻ എന്നെ മൊബൈലിൽ വിളിച്ചാൽ ഞാൻ വരില്ലാ .“

“അതെന്തെടോ...തനിക്ക് ഞാൻ പൈസ്സാ വല്ലതും തരാനുണ്ടോ ?

അതല്ലാ‍ാ ചേട്ടാ കാര്യം.. ചേട്ടൻ സ്ഥിരമായി അരിയും മറ്റും  വാങ്ങുന്നത് ആ കടയിൽ നിന്നാണ്..ചേട്ടന് കാല് വയ്യാത്തത് കൊണ്ട് വാങ്ങിയ സാധനവും ചുമന്ന് അൽപ്പമങ്ങോട്ടോ ഇങ്ങോട്ടോ  മാറി വണ്ടി നിർത്തുന്നിടത്ത് നിൽക്കാൻ  കഴിയൂലാ അത് കൊണ്ടാ എന്നെ വിളിക്കുന്നത്, സാധാരണ  ഞാൻ റോഡരികിൽ കടയുടെ മുമ്പിൽ വണ്ടി ഒതുക്കി തരുമ്പോൾ  സാധനം വണ്ടിയിൽ കയറ്റി നമ്മൾ വീട്ടിൽ പോകും. ഇനി അങ്ങിനെ വണ്ടി ഒതുക്കുകയോ സ്ലോ ചെയ്ത്  ആ കടയുടെ  മുമ്പിൽ നിർത്തുകയോ ചെയ്താൽ ദേ! ആ ജങ്ഷനിൽ ഇപ്പോൾ  കൊണ്ട് വെച്ച. ക്യാമറാ ഒന്ന് മിന്നും എന്റെ കീശ അപ്പൊത്തന്നെ  കീറും. അത് കൊണ്ടാ സംഗതി പറ്റൂല്ലാ എന്ന് ഞാൻ പറഞ്ഞേ..  ഡ്രൈവർ പറഞ്ഞു.

“ അത് നോ പാർക്കിംഗ് ഏരിയാ അല്ലേ.....താനെങ്ങിനെ  ഇത്രയും കാലം വണ്ടി അവിടെ നിർത്തി.ഇദ്ദേഹത്തെ കയറ്റി..മാത്രമല്ല,,,തൊട്ടടുത്ത് പോലീസ്കാരനും കണ്ണിലൊഴിച്ച് നിൽപ്പുണ്ട്..അവിടെ നിർത്തുന്ന വണ്ടിയെ ഓടിക്കാൻ....“ സംഭാഷണം കേട്ട് കൊണ്ടിരുന്ന ഞാൻ ഇടപെട്ടു.

“ഞാനും അതാ പറഞ്ഞോണ്ട് വരുന്നത് സാറേ......പോലീസ്കാരൻ പലവട്ടം എന്നെ ഓടിക്കാൻ വന്നിട്ടുണ്ട്..പക്ഷേ അപ്പോഴൊക്കെ  ഇദ്ദേഹത്തിന്റെ കാല് ഞാൻ ചൂണ്ടിക്കാണിച്ച്  “പോലീസണ്ണാ......എന്ന്  ദയാനീയമായി വിളിക്കും അദ്ദേഹം ഈ സാറിന്റെ കാല് നോക്കീട്ട് “പെട്ടെന്ന് വണ്ടി വിട്ട് പോടോ“ എന്ന് അമറിയിട്ട്  വീണ്ടും പഴയ സ്ഥലത്ത് പോയി നിന്ന് ഡ്യൂട്ടി ചെയ്യും....ഇപ്പോ    വണ്ടി അവിടെ സ്ലോ ചെയ്താൽ ക്യാമറാ മിന്നിക്കാണിക്കും. അപ്പോ   ക്യാമറായുടെ അടുത്ത്  ചെന്ന് ഈ സാറിന്റെ കാല് കാണിച്ച് എന്റെ പൊന്ന് ക്യാമറാ അണ്ണാ......മനപ്പൂർവമല്ലാ എന്ന് കരഞ്ഞ് പറഞ്ഞാൽ അതിന് വല്ല അനക്കമുണ്ടോ..പിന്നെയും അത് മിന്നിക്കാണിക്കും അത്രന്നെ....“

“ശ്ശെടാ...ഇതൊരു പുലിവാലായല്ലോ...സഹ യാത്രികൻ പിറു പിറുത്തു...

“ഒന്നുകിൽ  ക്യാമറാ കണ്ണ് എത്താത്ത കടയിൽ നിന്ന് സാധനം വാങ്ങ്....അല്ലെങ്കിൽ   പാർക്കിംഗ് ഏരിയാ  വരെ സാധനം ചുമക്കാൻ ആരെയെങ്കിലും കൂട്ടിന് വിളിക്ക്.... ഞാൻ ബദൽ നിർദ്ദേശം വെച്ചു.

കിട്ടിയ മറുപടി എഴുതാൻ കൊള്ളില്ലാ.....അത് കൊണ്ട് ഞാനൊന്ന് പൊട്ടിച്ചിരിച്ചു.

ശരിയാണ് മനുഷ്യനും മെഷീനും തമ്മിൽ വ്യത്യാസമുണ്ട്. ഈ കേസിൽ മനുഷ്യന് വിവേചനാ ബുദ്ധിയുണ്ട്. മെഷീന് ആ സാധനം ഇല്ല.

Sunday, April 23, 2023

ആധുനിക കോഴ്സുകൾ

 പ്ളസ് റ്റു പാസ്സായി കഴിയുമ്പോൾ ഉപരി പഠനം ആഗ്രഹിക്കുന്നവർക്കായി          കമ്പോളം തയാറാക്കി കൊണ്ടിരിക്കുന്ന കോഴ്സുകൾ  നിരവധിയാണ്. 

വിമാനത്തിന്റെ പ്രൊപ്പല്ലർ തകരാറായാൽ മാറ്റുന്ന കോഴ്സ്

ആധുനിക രീതിയിൽ ഉഴുന്ന് വടക്ക് ഊട്ടയിടുന്ന കോഴ്സ്

നാളികേരം നിലത്ത് നിന്ന് പൊഴിച്ചിടുന്ന കോഴ്സ്

ഇങ്ങിനെ പല ഇനങ്ങളുണ്ട് ഇപ്പോൾ കമ്പോളത്തിൽ.

 ബിരുദ പഠനത്തെ വിലകുറച്ച് കാണുകയും  ടെക്നികൽ കോഴ്സുകളെന്ന് കേൾക്കുമ്പോൾ ചാടി പുറപ്പെടാൻ തയാറെടുത്തു കൊണ്ടിരിക്കുന്ന രക്ഷിതാക്കളാണ് വിദ്യാഭ്യാസ കമ്പോളത്തിന്റെ ലക്ഷ്യം. ഓരോ ഉഡായിപ്പ് യൂണിവേസിറ്റികളിൽ അഫിലിയേറ്റ് ചെയ്തതാണെന്നും പഠിച്ചിറങ്ങിയാൽ  ഉടൻ ജോലി ഉറപ്പാണെന്നും വ്യാമോഹിപ്പിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷിച്ച്  അവരിൽ നിന്നും കനത്ത ഫീസും വാങ്ങി കുട്ടികളുടെ ഭാവി  ഇരുട്ടിലാക്ക്ന്നതിൽ കമ്പോളത്തിന് ഒരു മടിയുമില്ല. നാളിത് വരെ കേൽക്കാത്ത കോഴ്സുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. പലതിന്റെയും ആസ്ഥാനം പോണ്ടിച്ചേരിയാണ്. മംഗളൂരും പുറകോട്ടല്ല. ടീനേജിന്റെ പാരമ്യത്തിൽ നിൽക്കുന്ന പ്ളസ് റ്റുക്കാരൻ  ഈ കോഴ്സുകളുടെ പേര് കണ്ട് ആകർഷിക്കപ്പെട്ട്  രക്ഷിതാക്കളെ കിടപ്പാടം വരെ ബാങ്കിന് പണയം വെയ്പ്പിച്ച്  പൈസാ സംഘടിപ്പിച്ച് പോണ്ടിച്ചേരിയിലും മാംഗ്ളൂരിലും പോകാൻ ബാഗും തോളിൽ തൂക്കി കാത്ത് നിൽക്കുന്നു.

ബിരുദ പഠനം അവരുടെ കാഴ്ചപ്പാടിൽ  വില കുറഞ്ഞതായി കാണപ്പെടുന്നു. എന്തെങ്കിലും ടെക്നിക്കൽ സൈഡിൽ പടിച്ചില്ലെങ്കിൽ അവന്റെ ജീവിതം കട്ടപ്പുകയാകുമെന്നാണ്  പല രക്ഷിതാക്കളുടെയും  അബദ്ധ ധാരണ.. നമുക്ക് നേരിട്ടോ അല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കോ മുൻ അനുഭവം ഉണ്ടെങ്കിലല്ലാതെ കേട്ട് കേൾവി വെച്ച് ഈ വക ഉഡായിപ്പ്  ടെക്നിക് കോഴ്സുകളിൽ ചെന്ന് ചാടുന്നത് കുട്ടിയുടെ ഭാവി നരകമാക്കും.

പ്ളസ് റ്റു വിജയിച്ച മാർക്ലിസ്റ്റ് പരിശോധിച്ച് ഏത് വിഷയത്തിനാണ്  കൂടുതൽ മാർക്കെന്ന് തിരിച്ചറിഞ്ഞ് ആ വിഭാഗം കോഴ്സുകളിൽ ചേർക്കുന്നതല്ലേ ബുദ്ധി.

Sunday, April 16, 2023

ഉഷാർ ബാബാ ഉഷാർ

രാവിന്റെ അന്ത്യ യാമങ്ങളിൽ  എപ്പോഴോ ആ ശബ്ദം ആലപ്പുഴ വട്ടപ്പള്ളിയിലെ  ഇടവഴികളിൽ മുഴങ്ങി.  “ഉഷാർ ബാബാ...ഉഷാർ.“.

അത്താഴക്കൊട്ടുകാരൻ ഖാലിദിക്കാ ആണ്.

നോമ്പ് കാലത്ത് രാത്രിയിൽ വളരെ വൈകി കഴിക്കുന്ന അത്താഴത്തിന്   വിശ്വാസികളെ ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിക്കാൻ  പണ്ട് മുതൽക്കേ ഖാലിദിക്കാ പതിവായി ചെയ്യുന്ന  സേവനമാണ്  അറബനാ മുട്ടി  ഉഷാർ ബാബാ  ഉഷാർ.. വിളിയും തുടർന്ന് ഈണത്തിൽ പാടുന്ന ബൈത്തുകളും. അയാൾക്ക് പ്രതിഫലമായി നോമ്പ് ഇരുപത്തേഴാം രാവ് എല്ലാവരും എന്തെങ്കിലും കൈ മടക്ക് കൊടുക്കും.

അന്ന് മൊബൈൽ ഫോണോ  സമയമറിയിച്ച്  ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിക്കാൻ കഴിയുന്ന മറ്റ് സംവിധാനങ്ങളോ  നിലവിലില്ലല്ലോ.

ഖാലിദിക്കായുടെ  വിളിച്ച് പറയലും ബൈത്ത് പാട്ടും അറബനാ മുട്ടും കേട്ട് മുതിർന്നവർ എഴുന്നേൽക്കുകയും  പകലത്തെ നോമ്പിനാൽ ക്ഷീണിച്ച് ഉറങ്ങുന്ന ഞങ്ങൾ കുട്ടികളെ തട്ടി എഴുന്നേൽപ്പിക്കുകയും ചെയ്യുന്നു. പാതി ഉറക്കത്തിൽ മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ അരണ്ട  വെളിച്ചത്തിൽ ഞങ്ങൾ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം അത് റേഷനരി ചോറോ ചമ്മന്തി അരച്ച് കൂട്ടാനോ അതെന്തായാലും  കഴിച്ച് തീരുമ്പോൾ  ഉമ്മാ നിയ്യത്ത് പറഞ്ഞ് തരും. നാളത്തെ നോമ്പ് നോൽക്കുന്നു എന്ന  തീരുമാനം ഏറ്റ് പറയുന്ന ഒരു ചടങ്ങാണ് നിയ്യത്ത്. (തീരുമാനം,  ശപഥം, പ്രതിജ്ഞ. എന്നൊക്കെ അർത്ഥം കൽപ്പിക്കാം നിയ്യത്തിന്)

ഉമ്മാ എനിക്ക് നിയ്യത്ത്  ചൊല്ലിതരുന്നത് ഞാൻ ഏറ്റ് ചൊല്ലും 

“ നബൈത്തു, സൗമ ഖദിൻ, അൻ അദായി, ഫർളി റമളാനി  ഹാദിഹി സനത്തി ലില്ലാഹി ത ആലാ...“ എന്നിട്ട് അതിന്റെ അർത്ഥവും ചൊല്ലി തരും “ ഈ വർഷത്തെ റമദാൻ മാസത്തിലെ   ഫർളായ (നിർബന്ധ കർമ്മം) നാളത്തെ റമദാൻ നോമ്പിനെ അള്ളാഹുവിന് വേണ്ടി പിടിച്ച് വീടുവാൻ ഞാൻ കരുതി ഉറപ്പിക്കുന്നു..“

ഇത് ചൊല്ലിക്കഴിയുമ്പോൾ ഉറക്കം കൺ പോളകളെ  തഴുകുന്നുണ്ടാകും. അപ്പോഴും ഖാലിദിക്കായുടെ അറബനാ മുട്ട് ശബ്ദവും ഉഷാർ  ബാബാ  ഉഷാർ വിളിയും  ദൂരെ ദൂരെ കമ്പിക്കകം വളപ്പിൽ നിന്നും രാത്രിയുടെ നിശ്ശബ്ദതയിൽ ഒഴുകി വരുമായിരുന്നു.

ഇപ്പോൾ ഖാലിദിക്കാ  മരിച്ച് കാണൂം. മൊബൈൽ ഫോണീന്റെയും മറ്റും അതി പ്രസര  കാലത്ത് “ഉഷാർ ബാബാ ഉഷാർ വിളിയുടെ ആവശ്യമില്ലല്ലോ. നിശ്ചിത സമയത്ത് ഞങ്ങൾ പഴയ തലമുറ എഴുന്നേറ്റ് പുതു തലമുറയെ തട്ടി വിളിച്ച് ആഹാരം    കൊടുത്ത് കഴിഞ്ഞ് നിയ്യത്ത് ചൊല്ലിക്കൊടുക്കുകയും അവർ ഏറ്റ് പറയുകയും ചെയ്യുന്നു.

 അത് കാണുമ്പോൾ കടന്ന് പോയ  ഒരു കാലത്ത് രാത്രിയിലും നോമ്പാണോ ഉമ്മാ എന്ന് പറയേണ്ടി വന്നിരുന്ന ഒരു പട്ടിണിക്കാലത്ത്  മങ്ങിക്കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ  വെട്ടത്തിൽ മുമ്പിലെത്തിയ റേഷൻ അരി ചോറും കഴിച്ച് പാതി ഉറക്കത്തിൽ നിയ്യത്ത് ചൊല്ലുന്ന ആ പയ്യനെ ഓർമ്മ വരുന്നു., ഇപ്പോൾ വീട്ടിലെ കുഞ്ഞുങ്ങൾ നിയ്യത്ത് ഏറ്റ് പറയുന്നത് കാണുമ്പോൾ എന്റെ ഉമ്മാ ഒരിക്കൽ കൂടി എന്റെ അടുത്തിരുന്ന്  നിയ്യത്ത് പറഞ്ഞ് തന്നിരുന്നെങ്കിൽ...എന്ന് ആശിച്ച് പോകുന്നു. ഉമ്മാ ആലപ്പുഴ പടിഞ്ഞാറേ പള്ളി പറമ്പിൽ എന്റെ മൂത്ത സഹോദരിയൊടൊപ്പം നീണ്ട ഉറക്കത്തിലാണല്ലോ എന്ന് ചിന്തിക്കുമ്പോൾ വല്ലാത്ത വേദനയും തോന്നുന്നു. . അവർ ചൊല്ലി പഠിപ്പിച്ച നിയ്യത്ത് തലമുറകൾ കടന്ന് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കുമ്പോൾ  ദൂരെ ദൂരെ  എവിടെയെങ്കിലും ഇനി ഒരിക്കലും കേൾക്കാൻ ഇടയില്ലാത്ത ഖാലിദിക്കായുടെ അറബനാ മുട്ടും ഉഷാർ ബാബാ ഉഷാർ..വിളി കേൾക്കാനും കൊതി ആകുന്നല്ലോ.

Thursday, April 6, 2023

കോടതിയിലെ സ്വാഭാവികമായ അനീതി

 അൽപ്പം ചില അപവാദങ്ങൾ ഒഴിവാക്കിയാൽ ഭൂരിഭാഗം കേസുകളിലും കോടതിയിൽ നിന്നും  നീതി ലഭിക്കാറുണ്ട്. കോടതിയിൽ നിന്ന് തന്നെ ആ വ്യവസ്ഥയുടെ  ഭാഗമായി അനീതിയും ചിലപ്പോൾ ഉണ്ടാകുന്ന കേസുകളുമുണ്ട്.  കൂടുതലും  കുടുംബ കോടതികളിലാണ് ഇപ്രകാരം സംഭവിക്കുന്നത്.ഇവിടെ താഴെ പറയുന്ന  രണ്ട് കേസുകളിൽ ആദ്യത്തേതിൽ ഭർത്താവ് എഞ്ചിനീയറും ഭാര്യ മെഡിക്കൽ ബിരുദ ധാരിണിയും ആണ്. വിവാഹ ബന്ധം ആകെ രണ്ട് മാസക്കാലം മാത്രം. അത് കഴിഞ്ഞ് ഭർത്താവ് ഉപജീവനാർത്ഥം ഗൾഫിൽ പോയി. ഭാര്യ  മെഡിക്കൽ ബിരുദം പോരാ  അധികാരമുള്ള കളക്ടർ ജോലി വേണം അതിനായി സിവിൽ സവീസ് പരീക്ഷക്ക് ചേരാൻ കോചിംഗ് സെന്ററിൽ ചേർന്ന് പഠിക്കുന്നു. അതിനുള്ള ആഗ്രഹം ഭർത്താവ് നാട്ടിലുള്ളപ്പോൾ തന്നെ പറയുകയും അയാൾ അതിനു വേണ്ടി ഫീസും ഹോസ്റ്റൽ ചെലവുമുൾപ്പടെ  വൻ തുക നൽകി  കോചിംഗ് സെന്ററിൽ  ചേർക്കുന്നു.  . ഉത്തരവ് നൽകാനല്ലാതെ ഉത്തരവ് സ്വീകരിക്കാൻ കലക്ടർ സ്ഥാന മോഹിയായ ഭാര്യ തയാറല്ല. അത് കൊണ്ട് തന്നെ  ഭർത്താവിന്റെ നാട്ടുമ്പുറത്തുള്ള വീട്ടിൽ ഭർതൃ മാതാ പിതാക്കളായ കണ്ട്രി ഫെലോസിനൊപ്പം താമസിക്കാൻ നഗരവാസിയായ  ഭാര്യക്ക് മടിയുമാണ്.

വീട്ടിൽ ഒരു മെഡിക്കൽ ബിരുദ ധാരിണിയായ മരുമകൾ വരുന്ന സന്തോഷത്താൽ  ഭർത്താവിന്റെ  മാതാപിതാക്കൾ ഒരു പൈസാ സ്ത്രീധനമോ ഒരു ഗ്രാം സ്വർണമോ ഡിമാന്റ് ചെയ്യാതെയാണ് വിവാഹം നടന്നതെന്ന് അയൽ വാസികൾക്കും ബന്ധുക്കൾക്കും സർവമാന ജനത്തിനും അറിയാം. ഏതായാലും ഭർത്താവ് ഗൾഫിലേക്ക് പോകുന്നതിന് തലേ ദിവസം തന്നെ ഭാര്യ നഗരത്തിലുള്ള  സ്വന്തം വീട്ടിലേക്ക് പോയി കഴിഞ്ഞു, പോകുന്ന സമയം  തന്റെ വക സ്വർണാഭരണങ്ങളും വിവാഹ സമയം ഭർതാവിന്റെ ബന്ധുക്കൾ നൽകിയ ചടങ്ങുകളുടെ ഉപഹാരമായി കിട്ടിയ സ്വർണാഭരണങ്ങളും  വരും കാല കളക്ടർ പൊതിഞ്ഞ് കെട്ടി  സ്വന്തം വീട്ടിൽ കൊണ്ട് പോയി എന്നത് പരമ സത്യമാണ്.

ഗൾഫിലായ മകൻ പിന്നീടാണ് തന്റെ രണ്ട് മാസ മധുവിധു കാലത്തെ ദുരിത പർവം മാതാ പിതാക്കളെ അറിയിക്കുന്നത്. ഒൻപതിനും അൻപതിനുമിടക്ക് ഏതൊരു പെണ്ണിനോടും സംസാരിക്കുന്നത് ഭാര്യക്ക് ഇഷ്ടമല്ല. നഗരത്തിലുള്ള  തന്റെ വീട്ടിൽ ഭർത്താവ് താമസിക്കണം. ഗ്രാമത്തിലുള്ള കണ്ട്രീ ഫെലോസിനൊപ്പം ഭാര്യ താമസിക്കാൻ വരില്ല. ഭർത്താവിന് ജോലിയെല്ലാം  ഭാര്യ നാട്ടിൽ തരപ്പെടുത്തി കൊടുക്കും. ഇതെല്ലാമായിരുന്നു രണ്ട് മാസക്കാലത്തെ ഭാര്യയുടെ  ഉത്തരവുകൾ.

 ഗൾഫിലുള്ള ഭർത്താവ് വഴങ്ങാതെ  വന്നപ്പോൾ  ആദ്യം ഭീഷണിയും പിന്നെ കോടതിയിൽ കേസുമായി.  ഭർത്താവും മാതാപിതാക്കളും  അടങ്ങിയ കുടുംബാംഗങ്ങൾ  ലക്ഷക്കണക്കിന് രൂപാ രൊക്കമായി വിവാഹത്തിനായി വാങ്ങിയെന്നും കിലോ കണക്കിന് സ്വർണം  ഭർത്താവിന്റെ വീട്ടിൽ പിടിച്ചുവെച്ചെന്നും പിന്നെ നഷ്ട പരിഹാരങ്ങളും  എല്ലാം ആവശ്യപ്പെട്ട് ഒരു യമണ്ടൻ കേസ് ഭാര്യ സ്വന്തം നഗരത്തിലെ കോടതിയിയിൽ ഫയൽ ചെയ്തു. അത് പോരാതെ  അവിടത്തെ  മജിസ്ട്രേട്ട് കോടതിയിൽ ഗാർഹിക പീഡന നിയമ പ്രകാരവും  കുടുംബ കോടതീൽ മറ്റൊരു കേസും ഭാര്യ ഫയൽ ചെയ്ത് അവൾ സ്വന്തം നാട്ടിൽ സ്വസ്ഥമായി കഴിഞ്ഞ് കൂടുന്നു വല്ലപ്പോഴുമൊരിക്കൽ കേസിന് വന്ന് മുഖം കാണിച്ചെങ്കിലായി. വരാത്ത ദിവസങ്ങളിൽ പഠനത്തിലാണെന്ന് കാണിച്ച് വാദിഭാഗം വക്കീൽ അവധിക്ക് അപേക്ഷ ഫയൽ ചെയ്യും  .

 എതിർ കക്ഷികളായ ഭർതൃ മാതാപിതാക്കൾ വയസ്സാം കാലം കൊച്ച് വെളുപ്പാൻ കാലത്ത് 200 കിലോ മീറ്റർ സഞ്ചരിച്ച് വിദൂരത്തുള്ള കോടതിയിൽ പോയി വന്നു കൊണ്ടിരിക്കുന്നു. ഗൽഫിലുള്ള മകന് വേണ്ടി ഒന്ന് രണ്ട്  കേസുകളിൽ പിതാവ് പവർ ഓഫ് അറ്റോർണി( മുക്ത്യാർ) ഹാജരാക്കിയതിനാൽ അയാൾ ഗൾഫിൽ ജോലി സ്ഥലത്ത് കഴിയുകയും ചെയ്യുന്നു. പക്ഷേ കേസുകളുടെ അവധിക്ക് ഈ മാതാ പിതാക്കൾ യാത്ര ചെയ്യുമ്പോൾ അവർ അറിയാതെ തന്നെ  മരുമകളെ മനസ്സിൽ ശപിച്ച് പോവില്ലേ? അവർ ചെയ്യാത്ത  കുറ്റത്തിനായുള്ള ഈ കഷ്ടപ്പാട് അവരെ വല്ലാതെ പീഡിപ്പിക്കുന്നു. മീഡിയേഷൻ  ശ്രമങ്ങളെല്ലാം വൃഥാവിലായി. കോടതി ഓരോ മാസവും  കേസ്അവധിക്ക് വെച്ച്   മാറ്റിക്കൊണ്ടേ ഇരിക്കുന്നു. കോടതിയിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് കേസുകളിൽ ഒന്ന് മാത്രമാണിത്. ഇതിലും പഴക്കമുള്ള കേസുകൾ അവിടെ തീരാൻ ഉണ്ട്. അത് തീർന്ന് കഴിഞ്ഞേ ഈ കേസെടുക്കാൻ കഴിയൂ. കേസ് വിസ്തരിച്ചാൽ തങ്ങൾക്ക് നീതി കിട്ടുമെന്ന് ആ മാതാ പിതാക്കൾക്ക് വിശ്വാസമുണ്ട്. പക്ഷേ അത് വരെ മാസം തോറുമുള്ള ഈ യാത്ര അവരെ വലക്കുന്നു. ഇതിനുള്ള പരിഹാരം ഹൈക്കോടതീൽ  ഓ.പി. ഫയൽ ചെയ്ത്  കേസ് ട്രാൻസ്ഫർ ചെയ്യുക എന്നതാണ്. പക്ഷേ  സ്ത്രീക്ക് മുൻ ഗണന നൽകുന്നതിനാൽ അതെത്രത്തൊളം വിജയിക്കുമെന്നറിയില്ല എന്ന് വക്കീൽ പറയുന്നു. കേസ് അവസാനം വരെ അവർ  യാത്ര ചെയ്ത് കഷ്ടപ്പെട്ടേ പറ്റൂ. ഇപ്രകാരം അവരെ സമ്മർദ്ദത്തിലാക്കി തന്റെ വഴിക്ക് കൊണ്ട് വരാനാണ് ആ  യുവതിയുടെ ശ്രമം.

രണ്ടാമത്തെ കേസിൽ ഭർത്താവും  അയാളുടെ പിതാവുമാണ് വില്ലന്മാർ. വർഷങ്ങളായി  ഭർത്താവ് ഭാര്യക്കും കുഞ്ഞിനും ചെലവിന് കൊടുക്കാതെ വിദേശത്ത് കഴിയുന്നു. ഭർതൃ വീട്ടുകാർ തിരിഞ്ഞ് നോക്കാത്തതിനാൽ ഭാര്യ സ്വന്തം വീട്ടിൽ അഭയം തേടി ഭർത്താവിന്റെ പിതാവ് റിമോട്ട്  കണ്ട്രോൾ വഴി മകനെ നിയന്ത്രിച്ച് വരുന്നു. വിവാഹ മോചനത്തിനും  കുട്ടിക്കും തനിക്കും ചെലവിന് കിട്ടാനും മറ്റും ഭാര്യ കൊടുത്ത കേസുകളിൽ  ഭർതൃ പിതാവ് മകന് വേണ്ടി  മുക്ത്യാർ ഫയൽ ചെയ്ത്  മകൻ കോടതിയിൽ ഹാജരാകാത്ത വിധം  ഉപായം കണ്ടെത്തി. “ നിന്നെ ഞാനൊരു പാഠം പഠിപ്പിക്കും എന്നാണ്  മരുമകളോട് അമ്മായി അപ്പന്റെ നിലപാട്. അയാൾ നാട്ടിലെ പ്രമുഖനാണ്. കേസ്  കൊടുത്ത് അയാളുടെ മകനെ നാണം കെടുത്തി എന്നാണ് അയാളുടെ ആരോപണം.

യുവതി ചെറുപ്പമാണ്. അവൻ ഒഴിഞ്ഞ് കൊടുത്തിരുന്നെങ്കിൽ  ആ പെൺകുട്ടിയെ ആരെങ്കിലും കല്യാണം കഴിച്ച് കൊണ്ട് പോയേനെ. പട്ടി കച്ചിൽ കൂനയിൽ കയറി കിടക്കുന്ന  റൂളിംഗാണ് ഭർത്താവ് ഇവിടെ പയറ്റുന്നത്. പട്ടി    കച്ചിൽ ഒട്ടും തിന്നുകയുമില്ല  പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല. അവനോ അവളെ വേണ്ടാ, എന്നാൽ നീ ഒഴിഞ്ഞ് കൊടുക്ക്, അതൊട്ടും ചെയ്യുകയുമില്ല.

അഡ്വൊക്കേറ്റ് എത്ര കഠിനമായി ശ്രമിച്ചിട്ടും   കേസുകളുടെ ബാഹുല്യത്താൽ  യുവതിയുടെ കേസും അവധി വെച്ച് മാറി പൊകുന്നു. വർഷങ്ങൾ നീണ്ട് പോകുമ്പോൾ യുവതി എടുക്കാ ചരക്കായി മാറും. അവന് 70 വയസ്സായാലും ഏതെങ്കിലും ഒരുത്തിയെ കിട്ടുകയും ചെയ്യും.  ചെലവിന് കിട്ടാനുള്ള ഹർജിയും സാങ്കേതിക കാരണങ്ങളാൽ  നീണ്ട് പോകുന്നു. യുവതി ജീവിതത്തിന്റെ ദുരിത  പർവത്തിലാണിപ്പോഴും.

വൈകി വരുന്ന നീതി  അനീതിക്ക് തുല്യം എന്നത് ഈ രണ്ട് കേസിലും എത്ര ശരി. നിയമ നിർമ്മാതാക്കൾക്ക്  ഈ അനീതിക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലേ?!!!