Monday, December 7, 2020

നെഹ്രു ട്രോഫി ചില ഓർമ്മകൾ.

 വളരെ വളരെ  വർഷങ്ങൾക്ക് മുമ്പ് കുഞ്ഞുന്നാളിൽ  എന്നെ എന്റെ മാമാ (അമ്മാവൻ) സൈക്കിളിൽ  വെച്ച്  ആലപ്പുഴ ബോട്ട് ജെട്ടിയിൽ കൊണ്ട് പോയി. അവിടെ അന്ന് വലിയ തിരക്കായിരുന്നു എങ്കിലും  തോട്  വട്ടക്കായലിനോട് ചേർന്ന ഭാഗം (ഇന്നത്തെ പുന്നമടക്കായൽ) വരെ കാണാൻ സാധിക്കുന്ന വിധമുള്ള ഒരു ഇടത്ത് മാമാ എന്നെ കൊണ്ട് വന്ന് നിർത്തി. ഏതോ ഒരു വലിയ ഒരാൾ വരുന്നു എന്നറിഞ്ഞതിനാൽ അദ്ദേഹത്തെ കാണുന്നതിനാണ് ഈ പുരുഷാരം അവിടെ തടിച്ച് കൂടിയിരുന്നത് എന്ന് എനിക്ക് മനസ്സിലായി. സമയം കുറേ കഴിഞ്ഞപ്പോൾ ദൂരെ നിന്ന് ഒരു പറ്റം  വലിയ വള്ളങ്ങളും പുറകെ  ബോട്ടുകളും കൂടി ചേർന്ന്  ഒരു ഘോഷയാത്രയായി ജെട്ടിയിലേക്ക് വരുന്നത് കാണാൻ സാധിച്ചു. പുറകെ  വന്നിരുന്ന ഒന്ന് രണ്ട് ബോട്ടുകളിൽ  എനിക്ക് അന്ന് ഏറെ ഭയമുണ്ടായിരുന്ന ജീവി ആയ അറ്റം ചുവന്ന കൂമ്പാള തൊപ്പിയും കളസവും ഇട്ട പോലീസുകാർ ഉണ്ടായിരുന്നത് കണ്ട് ഞാൻ ഭയന്ന് മാമായെ പറ്റി പിടിച്ചു. എന്റെ പോലീസ് ഭയം നന്നായറിഞ്ഞിരുന്ന മാമാ എന്നെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു,  “അവർ ഒന്നും ചെയ്യില്ലെടാ നീ പേടിക്കേണ്ടാ, നീ ആ      മുമ്പിൽ വരുന്ന വള്ളത്തിലേക്ക്  നോക്ക് , അതിൽ നിൽക്കുന്ന ആളെ നോക്ക് “


ഞാൻ നോക്കി കണ്ണിമക്കാതെ നോക്കി എന്നിട്ട് മാമായുടെ മുഖത്തേക്ക് നോക്കി.  മാമാ ചിരിച്ച് കൊണ്ട് പറഞ്ഞു“ അതാണ് ചാച്ചാജി, നമ്മുടെ നാട് ഭരിക്കുന്ന  പ്രധാന മന്ത്രി.“ എനിക്കൊന്നും മനസ്സിലായില്ല,  എന്റെ മുമ്പിലൂടെ ആ വള്ളം വേഗത്തിൽ തുഴഞ്ഞ് പോയപ്പോൾ ഞാൻ ആ ആളെ കണ്ടു. വെളുത്ത് ചുകന്ന് കാണാൻ നല്ല രസമുള്ള ഒരാള്. തലയിൽ വെളുത്ത തൊപ്പി വെച്ചിരിക്കുന്നു. ഓടുന്ന വള്ളത്തിൽ മറിഞ്ഞ് വീഴാതിരിക്കാൻ  അടുത്ത് നിൽക്കുന്ന ഒരാളുടെ തോളിൽ പിടിച്ച് നിൽക്കുന്നു. പുരുഷാരം ആവേശം കൊണ്ട് അലറി വിളിച്ചു. മാമാ എന്നെ എടുത്ത് തോളിൽ വെച്ചു. ഹോ! ജനത്തിന്റെ എന്തൊരു ബഹളവും തുള്ളലുമായിരുന്നു. ബോട്ട് അടുത്തൊരു കടവിൽ അടുപ്പിച്ച് അതിൽ നിന്നും പോലീസുകാർ തുരു തുരാ ചാടി ഇറങ്ങി  ജനങ്ങളെ നിയന്ത്രിച്ചു.


ചാച്ചാജി എന്ന്  വിളിക്കപ്പെട്ട ആൾ വള്ളത്തിൽ നിന്നും കരക്കിറങ്ങി അതിലുണ്ടായിരുന്ന തുഴക്കാരെ കൈ വീശി കാണിച്ചു. അവർ തുഴ ഉയർത്തി സന്തോഷം പ്രകടിപ്പിച്ചു. ആരോടെല്ലാമോ അദ്ദേഹം സംസാരിച്ച് കൊണ്ട് മുകളിൽ നിർത്തിയിരുന്നതും നാല് ചുറ്റും പോലീസുകാരാൽ വളഞ്ഞിരിക്കുന്നതുമായ  ഒരു വലിയ കാറിലേക്ക് നടന്നു. ആ സമയം  സമീപത്തുള്ള  ഹോട്ടലിൽ നിന്നോ മറ്റോ റേഡിയോയിൽ നിന്നും ഏതോ പരിപാടിയുടെ ഭാഗമായി ദേശീയ ഗാനത്തിന്റെ അവസാന ഭാഗം ഉയർന്ന് കേട്ടു. ചാച്ചാജി ആ നിമിഷം അവിടെ ബ്രേക്കിട്ടത് പോലെ നിന്നു. ജനവും ചലനമറ്റ് നിന്നു, പോലീസുകാർ അറ്റൻഷനിലുമായി നിന്നു. ദേശീയ ഗാനം അവസാനിച്ചപ്പോൾ അദ്ദേഹം കാറിലേക്ക് നടന്ന് കയറി.


തിരികെ സൈക്കിളിൽ കയറി വീട്ടിലേക്ക് തിരിച്ചപ്പോൾ  മാമാ അന്ന് നടന്നത് പറ     ഞ്ഞ് തന്നു. എല്ലാമെനിക്ക് അപ്പോൾ മനസിലായില്ല, അത്രക്ക് പ്രായമേ എനിക്കുണ്ടായിരുന്നുള്ളുവല്ലോ.വീട്ടിൽ വന്ന് അവിടെ ഉണ്ടായിരുന്നവരോടും മാമാ ആ സംഭവം പറഞ്ഞു. വട്ടക്കായലിൽ ചാച്ചാജിക്ക്  കാണാൻ വള്ളം കളി നടത്തിയെന്നും കളി കണ്ട അദ്ദേഹം ആവേശത്താൽ സീറ്റിൽ നിന്നും എഴുന്നേറ്റ് തുള്ളി ചാടി എന്നും അവസാനം ജയിച്ച ചുണ്ടനിലേക്ക് അദ്ദേഹം ചാടി കയറി എന്നും കൂടെ ഉണ്ടായിരുന്നവരും സംരക്ഷകരും ബോട്ടിൽ കയറാൻ ആവശ്യപ്പെട്ടിട്ട് അതിൽ കയറാതെ ജയിച്ച ആ ചുണ്ടൻ വള്ളത്തിൽ തന്നെ നിന്ന് തുഴക്കാരെ കൊണ്ട് തുഴയിപ്പിച്ച് ആലപ്പുഴ എത്തിയതാണെന്നും അവിടെ കൂടിയിരുന്നവർ പറഞ്ഞതായി മാമാ വിവരിച്ചു.


വർഷങ്ങൾ കുറേ ഏറെ കഴിഞ്ഞ് .നെഹ്രു ട്രോഫി കാണാൻ ഞാൻ പലതവണകളിൽ പോയി. അവിടെ എല്ലാവരും കാൺകെ ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിലുള്ള ആ ട്രോഫി  പ്രദർശിപ്പിച്ചിരുന്നു. ഡെൽഹിയിൽ ചെന്ന ചാച്ചാജി  ആ ട്രോഫി നിർമ്മിച്ച്  അതിൽ തന്റെ കയ്യൊപ്പ് ഇട്ട് ആലപ്പുഴക്ക് അയച്ചുവത്രേ!.


ഒരു നാട്ടിൻ പുറത്തിന്റെ മാത്രമായ കായികാഭ്യാസം  നാട് ഭരിക്കുന്ന ഭരണ തലവൻ പങ്കെടുത്ത് വികാര വിവശനായി  ആ കായിക കേളിയെ ബഹുമാനിച്ച് തന്റെ കയ്യൊപ്പ് ഇട്ട് ട്രോഫി നൽകുമ്പോൾ  ആ ട്രോഫിക്ക്  അദ്ദേഹത്തിന്റെ പേർ അല്ലാതെ മറ്റെന്ത് പേരാണ് യോജിക്കുക. ആ  പേരിടൽ  അർത്ഥപൂർണമാണ്. അതല്ലാതെ മറ്റെന്ത് പേര് ആ ട്രോഫിക്ക് യോജിക്കും?. അദ്ദേഹം വള്ളം തുഴച്ചിൽക്കാരനല്ലാതെ തന്നെ ആ ട്രോഫിയുമായി ബന്ധപ്പെട്ടിരിക്കുന്നു,  അതായത ഇപ്രകാരമൊരു സംഭവം  അദ്ദേഹത്താൽ നിർമ്മിക്കപ്പെട്ടില്ലാ എങ്കിൽ ആ ട്രോഫി തന്നെ ചരിത്രത്തിൽ ഉണ്ടാവില്ലാ എന്ന് സാരം.


അങ്ങിനെയാണ് ഒരു പേര് ഇടൽ കർമ്മം നടക്കേണ്ടത് അല്ലാതെ....... ആ വിഷയം.ഞാൻ പൂർത്തിയാക്കാതെ വിടുന്നു.

 ഒരു സ്ഥാപനത്തിന്റെ  പേര് മാറ്റലുമായി ബന്ധപ്പെട്ട്  നെഹ്രു ട്രോഫിക്ക് നെഹ്രുവിന്റെ നാമകരണം ചെയ്തതിനെ സംബന്ധിച്ച് എന്ത് പ്രസക്തി   എന്ന പരാമർശം ഉണ്ടായതിനാൽ ആ ട്രോഫിയും നെഹ്രുവുമായുണ്ടായ ബന്ധം എന്തായിരുന്നു എന്ന് ഇപ്പോൾ പറയേണ്ടി വന്നതാണ്.

No comments:

Post a Comment