Monday, April 29, 2019

ശംബുകൻ

“ശംബുകൻ“ ഗംഗാധരൻ  ചെങ്ങാലൂർ  എഴുതിയ 320 പേജുള്ള ഈ നോവൽ വായിച്ച് തീർത്തു.
ഒരു രാഷ്ട്രത്തിന്റെ  അടിസ്ഥാന വർഗമായ  പ്രജകൾക്ക് വേണ്ടി  തലകീഴായി തപസ്സ് ചെയ്ത  ശംബുകന്റെ കഥ.
 അലക്ക്കാരൻ ദോത്തിയുടെയും അലക്ക്കാരി കല്ലുവിന്റെ മകൻ  ശംബുകൻ.  ആഡ്യ ജന്മങ്ങൾക്കായുള്ള  മനുസ്മ്രുതി  നിലവിലുള്ളിടത്ത്
  ഉച്ചനീചത്വങ്ങൾ  തുടച്ച് മാറ്റി സമൂഹത്തിൽ സമത്വം വിഭാവന ചെയ്യുന്ന   അസുര നിയമങ്ങളായ  ശുക്ര നീതി  നടപ്പിലാക്കാൻ  അഹോരാത്രം പണിപ്പെട്ടവൻ. ശൂദ്രനിലും  താഴ്ന്ന ജാതിയിൽ പെട്ടവൻ.
  അങ്ങിനെയുള്ളവൻ വേദം വ്യാഖ്യാനിക്കുക, തപസ്സ് ചെയ്യുക, തുടങ്ങിയവ അനുഷ്ഠിച്ചാൽ  ധർമ്മച്യുതി  നിമിത്തം ബ്രാഹ്മണ ജന്മങ്ങൾ  നശിച്ച് പോകും. അതിനാൽ  കർശന നടപടികൾ കൈക്കൊണ്ട്  ബ്രാഹ്മണ ജന്മങ്ങളെ രക്ഷിക്കണം. എന്നുള്ള  ബ്രാഹ്മണ  പ്രാർത്ഥനകൾ  നടപ്പിലാക്കാൻ  നിയമം നടപ്പാക്കുന്നതിൽ  യാതൊരു അനീതിയും കാണിക്കാത്ത വിട്ടുവീഴ്ച സ്വന്തം കാര്യത്തിൽ പോലും തൊട്ട് തീണ്ടിയില്ലാത്ത രാജാവ്  നടപടിക്കൊരുങ്ങുന്നു. അതിനു മുമ്പ് കുറ്റവാളിക്ക് എന്ത് പറയാനുണ്ടെന്ന് കേൾക്കാൻ നീതിമാനായ രാജാവ് തയാറാകുന്നു. അവിടെ ശംബുകന്റെ കഥ ആരംഭിക്കുകയാണ്.
 കൊല്ലപ്പെടുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ  സത്യസന്ധനായ  ശംബുകൻ തന്റെ ജന്മരഹസ്യം ശ്രീരാമചന്ദ്രനോട് അവസാനം വെളിപ്പെടുത്തുകയും ശിക്ഷ ഏറ്റു വാങ്ങുകയും ചെയ്യുന്നിടത്ത്  നോവൽ അവസാനിക്കുന്നു.
“ഭാഷ തസ്തസ്യ  ശൂദ്രസ്യ ഖഡ്ഗം സുരുചിരപ്രഭം
നിഷ്ക്രിഷ്യ  കോശവിമലം ശിരശ്ചിച്ഛേദ രാഘവാ:
 (ആ ശൂദ്രൻ ഇപ്രകാരം പറയവേ തിളങ്ങുന്ന വിമലമായ  വാൾ ഉറയിൽ നിന്നൂരിയെടുത്ത്  രാഘവൻ അവന്റെ തല കൊയ്തു.)
വാൽമീകി രാമായണം  ഉത്തരകാണ്ഡം

ത്രേതായുഗത്തിലെ അവതാരപുരുഷനായ ശ്രീരാമചന്ദ്രന്റെ രാജവാഴ്ച കാലത്തെ സംഭവം.  മനുസ്മൃതി നിലവിലുള്ള കാലഘട്ടത്തിൽ  അധ:സ്ഥിതർ വേദം കേട്ടാൽ  ചെവിയിൽ  ഈയം ഉരുക്കി എഴുതണമെന്നുള്ളത്  നിർബന്ധ നിയമമായിരുന്നല്ലോ അന്ന് നിലവിലുണ്ടായിരുന്നത്.  ശംബുകൻ വധിക്കപ്പെടുന്നതോടെ യാതൊരു വിട്ട് വീഴ്ചയുമില്ലാതെ  നിയമം നടപ്പിലാകുന്നു.
സവർണ മേധാവിത്വം എന്ന് നിലവിലുണ്ടായാലും  അവർണ പ്രതിഷേധം ഏത് കാലഘട്ടത്തിലും  അൽപ്പാൽപ്പമായെങ്കിലും ഉണ്ടാകുമെന്ന്  ചരിത്രം പറയുന്നു.
ശുക്ര മഹർഷി  അധസ്തിതരോടൊപ്പവും  ബ്രാഹ്മണ മഹർഷിമാർ  സവർണരോടൊപ്പവും ഈ നോവലിൽ കാണപ്പെടുന്നു. കാലഘട്ടങ്ങൾ ആയിരമായിരം കടന്ന് പോയപ്പോൾ പ്രാചീനകാലത്തെ ഈ സമരങ്ങൾ (പ്രതിഷേധങ്ങൾ)  ദേവാസുര യുദ്ധമായി  കഥിക്കപ്പെട്ടു.
നോവൽ വായന കട്ടിയേറിയ പദങ്ങളാലും  പ്രസ്താവനകളാലും തത്വചിന്തകളാലും  മുഷിവ് വരുത്തിയേക്കാം.  മുന്തിരി വായിലിട്ടാൽ അപ്പോൾ തന്നെ അലിയുമെന്നും  എന്നാൽ കൽക്കണ്ടം ആസ്വദിക്കണമെങ്കിൽ കടിച്ച് പൊട്ടിച്ച് തിന്നണമെന്നുമുള്ള ആപ്തവാക്യം ഇവിടെ സ്മരിക്കേണ്ടി വരുന്നു.
 ഗ്രീൻ ബുക്ക്സിന്റെ പ്രസിദ്ധീകരണമായ ഈ നോവൽ  320 പേജ് വില 370 രൂപ.

Friday, April 26, 2019

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ ബെന്യാമിൻ #

  മാന്തളിരിലെ  20 കമ്മ്യൂണിസ്റ്റ്  വർഷങ്ങൾ. ബെന്യാമിൻ#
മാന്തളിരിലെ  അക്കപ്പോരിന്റെ  തുടർച്ചയായിരിക്കാമെന്ന് പ്രതീക്ഷയിലാണ് വായന തുടങ്ങിയത്. പ്രതീക്ഷ തെറ്റിയില്ലെന്ന് മാത്രമല്ല,414 പേജ് ഇരുന്ന ഇരിപ്പിൽ  രണ്ടര ദിവസം കൊണ്ട് വായിച്ച് തീർത്തു.
ഒരു യാത്ഥാസ്തിക കൃസ്ത്യാനി കുടുംബത്തിൽ  കമ്മ്യൂണിസത്തിന്റെ സാന്നിദ്ധ്യം ഉണ്ടാക്കുന്ന ചിന്തകളും പ്രതിഫലനങ്ങളും ബെന്യാമിന്റെ വിദഗ്ദ്ധ തൂലിക  അതേ പടി ഒപ്പിയെടുത്ത് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി  ചേർത്ത് വിളമ്പിയപ്പോൾ അത് ഒരു ദേശത്തിന്റെയും ഒരു സമൂഹത്തിന്റെയും കഥയായി മാറിയെന്ന തിരിച്ചറിവിൽ  എങ്ങിനെ ഒറ്റ ഇരിപ്പിൽ വായിക്കാതിരിക്കും.  2 ദിവസം ചിരിയോടെ ചിരി എന്ന് മാത്രമല്ല, കുട്ടികളെ വിളിച്ചിരുത്തി ചില ഭാഗങ്ങൾ വായിച്ച് കൊടുത്തപ്പോൾ അവരും എന്റെ ചിരിയിൽ പങ്ക് ചേർന്നു.
വിശ്വാസി കുടുംബത്തിൽ ആദ്യമായി “ദേശാഭിമാനി“  പത്രം വരുന്നത് വിവരിച്ചിരിക്കുന്നത് നോക്കൂ..
“...... കാലത്ത് പണിക്ക് പോകാനിറങ്ങിയ അച്ചാച്ചനാണ് ‘അത്‘ ആദ്യം കാണുന്നത്.പിന്നൊരിക്കൽ  മില്ലിന്റെ  പടിയിൽ  ഒരു പെണ്ണിന്റെ ശവം കിടക്കുന്നത് കണ്ട് തണ്ടാൻ വേലായുധൻ നിലവിളിച്ചത് പോലൊരു നിലവിളി അന്നേരം അച്ച്ച്ചാന്റെ  തൊണ്ടയിൽ നിന്നും ഉയർന്ന് വന്നു. അത് കേട്ട് അകത്തെ മുറിയിൽ നിന്നും വല്യച്ചനും അടുക്കളയിൽ നിന്നും അന്നമ്മച്ചിയും കക്കൂസ്സിൽ നിന്നും ചന്തി പോലും കഴുകാതെ കൊച്ചുപ്പാപ്പാനും കിടക്ക പായിൽ നിന്നും ഞാനും മുറ്റത്തേക്ക് ഓടി ഇറങ്ങി ചെന്നു.  എന്തോ പറ്റിയെടാ ദാനീ...നിന്റെ തലയിൽ തേങ്ങാ വീണോ അതോ നിന്നെ നീർപുളവൻ കടിച്ചോ എന്ന് വടക്കേ പുരയിൽ നിന്നും കൊച്ചപ്പച്ചൻ വിളിച്ച് ചോദിച്ചു. ദാ ഇങ്ങോട്ട് വന്ന് നോക്ക് എന്ന് അച്ചാച്ചൻ എല്ലാവരെയും മുറ്റത്തിന്റെ തെക്കേ മൂലയിലേക്ക്  ക്ഷണിച്ചു. അവിടെ വല്ല കടുവായോ പെരുമ്പാംബോ കിടക്കുന്നു എന്ന ഭീതിയോടെ പമ്മി പമ്മി അങ്ങോട്ട് ചെന്നു.ഒന്നുമുണ്ടായിരുന്നില്ല. അവിടെ ഒരു വർത്തമാന പത്രം വീണ് കിടപ്പുണ്ടായിരുന്നു. അത തന്നെ. ......എന്നാൽ  അത് കണ്ടതും എണ്ണായി കാട്ട് കാവിലെ കിരാതൻ മൂർത്തിയെ ചെങ്ങന്നൂർ അങ്ങാടിയിൽ വെച്ച് കണ്ടത് പോലെ വല്യപ്പച്ചൻ മാന്തളിർ മത്തായി നിന്ന് വിറക്കാൻ തുടങ്ങി. എന്നിട്ടും കൊച്ച് കുട്ടികൾ വിഷ പാമ്പിനെ കൈ കൊണ്ട് എടുക്കുന്ന നിഷ്ക്കളങ്കതയോടെ ആ പത്രം കയ്യിലെടുത്തിട്ട് കൗതുകത്തോടെ ഞാൻ അതിന്റെ പേർ വായിച്ചു. “ദേശാഭിമാനി“........

കുട്ടികളെ വിരട്ടാൻ മാന്തളിരിലെ  കൊച്ചപ്പച്ചൻ സാക്ഷാൽ മാന്തളിർ  കുഞ്ഞൂഞ്ഞ്.  അദ്ദേഹം ഉണ്ടാക്കിയവഴക്കാളികൾക്കുള്ള സത്യ  വേദപുസ്തകം   ഒരു ഭാഗം വായിക്കുമ്പോൾ വായനക്കാരൻ പൊട്ടി പൊട്ടി ചിരിക്കും“............അല്ലയോ വിശ്വാസികളുടെ സമൂഹമേ!  നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ വാക്കുകൾ ചെവിക്കൊള്ളാത്തവരും നിങ്ങളുടെ ഉപദേശങ്ങൾക്ക് തറുതല പറയുന്നവരും ആണെങ്കിൽ അവരെ നിർദ്ദാക്ഷണ്യം  നിങ്ങളുടെ പള്ളി മുറ്റത്ത് നിക്കറഴിച്ച് നിർത്തിക്കൊള്ളുക. അങ്ങിനെ അവരുടെ നീളമില്ലാത്ത ചുണ്ണാപ്പി നാട്ടിലെ  പെൺകുട്ടികൾ കണ്ട് പരിഹസിക്കാൻ ഇടയാകട്ടെ......“
“ മഞ്ഞവെയിൽ മരണങ്ങൾ“ തുടങ്ങിയ പുസ്തകങ്ങളിൽ  പ്രയോഗിച്ച നമുക്ക് സുപരിചിതരായ ആൾക്കാരെ കഥാപാത്രങ്ങളായി ഉൾക്കൊള്ളിച്ച് നോവൽ യത്ഥർത്ഥമാണെന്ന് തോന്നിപ്പിക്കുന്ന വിദ്യ ഈ നോവലിലും ബെന്യാമിൻ പ്രയോഗിച്ചിട്ടുണ്ട്. ഈ പുസ്തകത്തിൽ ഹർകിഷൻ സിംഗ്, ചെഗുവരെ,  തുടങ്ങിയവരാണെന്ന് മാത്രം.
ഭാഷ ഒരു ദേശത്തെ എങ്ങിനെ വരഞ്ഞിടും എന്ന്  ഈ പുസ്തകം വായിച്ചാൽ മനസിലാകും. കുളനട, പത്തനംതിട്ട അടൂർ സ്ഥലങ്ങളിലെ ഭാഷ തന്മയത്തോടെ പുസ്തകത്തിൽ കൈകാര്യം ചെയ്തിരിക്കുന്നു.
ഡിസി.ബുക്ക് പ്രസിദ്ധീകരിച്ച 414 പേജുള്ള ഈ പുസ്തകത്തിന്റെ വില 399 രൂപ പുസ്തകം വായിച്ച് തീരുമ്പോൾ  മുതലാകുമെന്ന് മാത്രമല്ല, അതിലേറെ ഏറെ  ആനന്ദം , അനുഭൂതി, വായനയിൽ നിന്ന് ലഭ്യമാവുകയും ചെയ്യുമെന്നുറപ്പ്.

Thursday, April 18, 2019

അശരണരുടെ സുവിശേഷം.

     അശരണരുടെ സുവിശേഷം
റോസിലി ജോയിയോ, കുഞ്ഞൂസ് ക്യാനഡായോ അതോ മറ്റാരോ  ഫെയ്സ് ബുക്കിൽ  അശരണരുടെ സുവിശേഷം എന്ന നോവലിന്റെ ആസ്വാദനം എഴുതിയത് വായിച്ച പിറ്റേന്ന് തന്നെ  കൊല്ലം ഡി.സിയിൽ  പോയി പുസ്തകം വാങ്ങി വീട്ടിൽ കൊണ്ട് വന്നു, എഴുതിയ ആളിന്റെ പേര് പുറം ചട്ടയിൽ നിന്ന് വായിച്ചതിൽ  ഫ്രാൻസിസ് നെറോണ എന്ന് കണ്ടപ്പോൾ വിദേശ എഴുത്ത്കാരന്റെ കൃതി  തർജമ ചെയ്ത പുസ്തകമെന്ന് കരുതി പിന്നീട് വായിക്കാനായി മാറ്റി വെച്ചു. മറ്റ് പുസ്തകങ്ങൾ വായിച്ചും  ജീവിത തിരക്കുകളിൽ പെട്ടും മാസങ്ങൾ കടന്ന് പോയി. കഴിഞ്ഞ ദിവസം പുസ്തകം  കയ്യിലെടുത്ത് തുറന്ന് ഗ്രന്ഥകാരന്റെ വിവരണങ്ങൾ വായിച്ചപ്പോൾ ഞാൻ സ്തബ്ധനായി പോയി. കാരണം ഫ്രാൻസിസ് മലയാളി കഥയെഴുത്തുകാരൻ, മാത്രമല്ല ആലപ്പുഴക്കാരനുമാണ്. ഓർമ്മയിലേക്ക് ആലപ്പുഴയിലെ സീവ്യൂ വാർഡും  തദ്ദേശ വാസികളുടെ പേരുകളും  കടന്ന് വന്നപ്പോൾ  ഞാൻ അയ്യടാ എന്നായി.  മാത്രമല്ല നോവലിലേക്ക് കടന്നപ്പോൾ  എന്റെ ജന്മ നാട്ടിലെ സുപരിചിതമായ സ്ഥലപ്പേരുകളിലൂടെ ഞാൻ  ഒഴുകിയൊഴുകി , തുണി പൊക്കി പാലവും കാട്ടൂരും കറുത്ത കാളി പാലവും, മുപ്പാലവും കൊച്ച് കടപ്പാലവും ഇരുമ്പു പാലവും ശവക്കോട്ട പാലത്തിന് തെക്ക് വശം ലത്തീൻ പള്ളിയും  കോൺ വന്റ് ജംഗ്ഷനും കടന്ന് അനാഥാലയത്തിന്റെ പടി വാതിൽക്കലും ലിയോ തർട്ടീന്ത് സ്കൂൾ ഗ്രൗണ്ടിലും  എത്തി ചേർന്നു പകച്ച് നിന്നു.
1960കളി ലെ ദാരിദ്ര്യം ഏറെ അനുഭവിച്ച    എന്റെ കുഞ്ഞുന്നാളിലെ  അനുഭവങ്ങൾ അതേ പടി പകർത്ത് വെച്ച നോവൽ പണ്ട് ലത്തീൻ പള്ളിയിലെ അഛന്റെ പാൽ പൊടിയും നെയ്യും സൗജന്യമായി  വാങ്ങാൻ ക്യൂ നിൽക്കുന്ന ഒരു പാവം പയ്യനിലെത്തി ചേർന്നു . ആ എന്നെ ഈ പുസ്തകത്തിൽ ഞാൻ വീണ്ടും കണ്ടു.
 ജന്മ നാട്ടിൽ  ഒരു തുണ്ട് ഭൂമി  എനിക്ക് സ്വന്തമാക്കാനും അവിടെ  ഒരു ചെറു വീട് വെച്ച്  ആ മണലിൽ നിലാവുള്ള രാത്രിയിൽ മാനത്തേക്ക് നോക്കി കിടന്ന് പഴയ ഓർമ്മകളിൽ  അലിഞ്ഞ് ചേരാനും സാധിക്കാതെ ഞാനിന്ന് ആകെ നിരാശനാണല്ലോ.പോയി മറഞ്ഞ വർഷങ്ങളിൽ എനിക്കത് എളുപ്പമായിരുന്നെങ്കിലും ഇന്ന് എനിക്കത് കഴിയില്ല.  ആ നിരാശയിൽ കഴിയുന്ന എന്നെ ആലപ്പുഴയുടെ ഓരോ ഭാഗങ്ങളെയും കാണിച്ച് തന്ന പുസ്തകം വീണ്ടും ഒരു തുണ്ട് ഭൂമിക്കായും അതിൽ ഒരു ചെറു വീടിനായും വ്യാമോഹപ്പെടുത്തുന്നുവല്ലോ..........പുസ്തകത്തിന്റെ കാര്യങ്ങൾ പറഞ്ഞ് പറഞ്ഞ് ഞാനിപ്പോൾ എന്റെ  നടക്കാത്ത സ്വപ്നത്തിന്റെ കരയിലെത്തി നിൽക്കുകയാണ്. അതേ! നാമിപ്പോൾ ലിയോ തർട്ടീന്ത്  സ്കൂൾ ഗ്രൗണ്ടിൽ നിൽക്കുന്നു. അതിന്റെ  സമീപമുള്ള ദേവാലയങ്ങൾ അന്ന് ബാല്യത്തിൽ സുപരിചിതമായിരുന്നത് ഇന്ന് ഈ നോവലിൽ ഒരു മാറ്റവും കൂടാതെ വർഷങ്ങൾക്ക് ശേഷവും  കൃത്യമായി അടയാളപ്പെടുത്തിയിരുന്നത് വായിച്ചപ്പോൾ  അൽഭുതം കൊണ്ട് കണ്ണ് മിഴിച്ച് പോയി. റൈനോൾഡ് അഛന്റെ  മാത്രം കഥയല്ല ഈ നോവൽ, ഒരു കൂട്ടം അശരണരുടെ പാവപ്പെട്ടവരുടെ,  വഴിയോരത്ത് സമൂഹത്താൽ വലിച്ചെറിയപ്പെട്ട ആത്മാക്കളുടെ കഥയാണ്. അത്  അസാധാരണ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ചെത്തി കടപ്പുറവും അർത്തുങ്കലും  മലയാള നോവൽ രംഗത്ത് ഇത് വരെ കടന്ന്   വന്നിട്ടില്ലാത ഒരു കൂട്ടം മനുഷ്യരെയും ഈ നോവലിൽ നിങ്ങൾ കണ്ട് മുട്ടുന്നു. നോവലിന്റെ ആദ്യ ഭാഗത്ത്  ഒരു പുരോഹിതന്റെ    അതും അനാഥാലയത്തിന്റെ നടത്തിപ്പ്കാരന്റെ അന്നത്തെ കാലത്തെ പങ്കപ്പാടുകളും ദയനീയതയും അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ സത്വര ഫലങ്ങളും  വിസ്മയത്തോടെ നിങ്ങൾ നോക്കി കാണുമ്പോൾ  അറിയാതെ കണ്ണിൽ വെള്ളം നിറയും. ആലപ്പുഴ വിട്ട് മാന്നാനത്തും നിങ്ങൾക്ക് പോകേണ്ടി വരും അവിടത്തെ സെമിനാരിയും ചാവറ അച്ചന്റെ  കഥയും കാണേണ്ടി വരും.
നോവലിന്റെ  അവസാന ഭാഗം കണ്ണീൽ വെള്ളം നിറച്ചല്ലാതെ വായിക്കാൻ കഴിയില്ല.
 ഇതെല്ലാമാണെങ്കിലും  കാലഗണന കണ ക്കിലെടുക്കുമ്പോൾ  പല ഭാഗത്തും അബദ്ധങ്ങൾ സംഭവിച്ചിട്ടുമുണ്ട്. 1959ൽ വിമോചന സമര മുദ്രാ‍ വാക്യങ്ങൾ കേട്ട് റോഡിലൂടെ പോകുന്ന പാതിരി ആലപ്പുഴ ശീമാട്ടിയിൽ നീലക്കുയിലിന്റെ  പോസ്റ്റർ കാണുന്നു. രംഗ സജ്ജീകരണത്തിനായാണ് നോവലിസ്റ്റ് ഈ പൊടിക്കൈ പ്രയോഗിക്കുന്നതെങ്കിലും  നീലക്കുയിൽ റിലീസായത് 1954ൽ ആണെന്നത് മറന്ന് പോയി. (അന്ന് അദ്ദേഹം ജനിച്ചിട്ടില്ലാ എന്നത് മറ്റൊരു കാര്യം) 1972ൽ ജനിച്ച അദ്ദേഹം എത്രയോ വർഷങ്ങൾക്ക് മുമ്പുള്ള കാര്യങ്ങൾ വളരെ ഏറെ ഹോം വർക്ക് ചെയ്ത്  ക്രമത്തിൽ അടുക്കി പെറുക്കി കൊണ്ട് വന്നപ്പോൾ സംഭവിച്ച ചെറിയ തെറ്റെന്ന് കരുതി അവഗണിക്കാമത്
240 രൂപാ വിലയുള്ള 248 പേജുള്ള ബെന്യാമിൻ മുഖവുര എഴുതിയ  ഈ നോവൽനിങ്ങളുടെ കയ്യി്ലുള്ള  പുസ്തക ശേഖരത്തിന് മുതൽക്കൂട്ട് തന്നെയാണ് എന്ന് ഞാൻ ശുപാർശ ചെയ്യുന്നു.

Wednesday, April 17, 2019

കൊച്ചീ കായലിലെ മൃതദേഹം

ഹുസ്സൈൻ എന്റെ കളിക്കൂട്ടുകാരനായിരുന്നു. തൊട്ടടുത്ത വീട്ടുകാരിയായ റുക്കിയാത്തയുടെ മകനായ അവനും ഞാനും ഓർമ്മ വെച്ച നാൾ മുതൽ എട്ടൊമ്പത് വയസ്സുവരെ ആലപ്പുഴ വട്ടപ്പള്ളിയിലെ പൂഴിമണ്ണീൽ  കളിച്ച് വളർന്നവരായിരുന്നു. അവന്റെ വാപ്പാക്ക്  വെട്ടും കുത്തും റാത്തീബായിരുന്നു പണി. അയാൾ ഉറങ്ങി കിടക്കുമ്പോൾ ഹുസ്സൈൻ എന്നെ കൊണ്ട് പോയി  അയാളുടെ മുറിവേറ്റ ഉദരം കാണീച്ച് തരും. വയറിന് മുകളിൽ  മീൻ വറുക്കാനായി വരിഞ്ഞ പോലുണ്ടാവും ആ ശരീരത്തിലെ പാടുകൾ. നിന്റെ വാപ്പാക്ക് ഇങ്ങിനെ വരയുമ്പോൾ വേദന എടുക്കില്ലേടാ എന്ന് ചോദിച്ചാൽ നേർച്ച ആയതിനാൽ  അപ്പോൾ  അതൊന്നും അറിയാത്ത ഹാലിളക്കമായിരിക്കുമെന്നാണ് അവന്റെ മറുപടി. കുത്ത് റാത്തീബെന്നും അറിയപ്പെടുന്ന ആ നേർച്ച ഇപ്പോൾ എങ്ങും കാണപ്പെടുന്നില്ല.
 കൊച്ചീ തുറമുഖത്തിന്റെ ഉയർച്ചയോടെയും  നിലക്കാത്ത സമര പരമ്പരയാൽ   ആലപ്പുഴയിലെ തുറമുഖം തകർച്ചയെ നേരിട്ടതിനാലും ഉപജീവനാർത്ഥം പലരും കൊച്ചിയിലേക്ക് താമസം മാറി പോയ കൂട്ടത്തിൽ ഹുസ്സൈന്റെ കുടുംബവും   കൊച്ചിയിലേക്ക്  മാറി പോയി. പോകാൻ നേരം അവൻ എന്നോട് ചോദിച്ചു, “നീ എന്നെ മറക്കുമോടാ“  . ഇല്ലായെന്ന് ഞാൻ മറുപടിയും പറഞ്ഞു.  കണ്ണിൽ വെള്ളം നിറച്ച് കൊണ്ട് അവൻ എന്നോട് പറഞ്ഞു, “നീ പഠിച്ച് വലുതാകുമ്പോൾ എന്നെ തിരക്കി മട്ടാഞ്ചേരിയിൽ വരണേടാ “  അപ്പോൾ ഞാൻ സംശയം ഉന്നയിച്ചു, “വലുതാകുമ്പോൾ നമ്മൾ എങ്ങിനെ തിരിച്ചറിയുമെടാ?“ഉടനെ വന്നു അവന്റെ ഉത്തരം “നിനക്ക് എന്നെ തിരിച്ചറിയാൻ എളുപ്പമല്ലേ, എനിക്ക് കോങ്കണ്ണാണല്ലോ, കോങ്കണ്ണനായ ഹുസ്സൈനെ തിരക്കിയാൽ പോരേ, ആൾക്കാർ പെട്ടെന്ന് കാണിച്ച് തരുമല്ലോ“ അവന്റെ മറുപടി കേട്ട് ഞാൻ ചിരിച്ചു, അവനും.
അങ്ങിനെ ഞങ്ങൾ പിരിഞ്ഞു, ആ പിരിയൽ എന്നെന്നേക്കുമായാണെന്ന് അന്ന് ഞാൻ അറിഞ്ഞില്ലല്ലോ!
കാലം കടന്ന് പോയെങ്കിലും ഹുസ്സൈൻ എന്റെ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല.  കൊച്ചി മട്ടാഞ്ചേരിയിൽ പല തവണ ഞാൻ പോയി. അപ്പോഴെല്ലാം  അവനെ ഞാൻ തിരക്കുമായിരുന്നു. പക്ഷേ  ജന സാന്ദ്രതയുള്ള മട്ടാഞ്ചേരിയിൽ ഹുസ്സൈനെ എങ്ങിനെ കണ്ടാനെത്താനാണ്.
 വർഷങ്ങൾക്ക് ശേഷം ഔദ്യോഗികാവശ്യത്തിന്  എറുണാകുളത്തെത്തിയ ഞാൻ  വെറുതെ ഫോർട്ട് കൊച്ചിയിൽ ചുറ്റി അടിച്ചു. കായൽ തീരത്ത്  ഒരു ആൾക്കൂട്ടം കണ്ട് എന്താണെന്ന് ഒരാളോട് ചോദിച്ചപ്പോൾ  ഇന്നലത്തെ കാറ്റിലും മഴയിലും  വഞ്ചി മറിഞ്ഞ് ഒരാൾ മുങ്ങി മ രിച്ചതാണെന്നും അയാളുടെ ശവം കായൽ തീരത്ത് അടിഞ്ഞതാണെന്നും  മറുപടി കിട്ടി. ദുർമരണങ്ങൾ കാണുന്നത് ഇഷ്ടമല്ലാത്തതിനാൽ ഞാൻ അവിടേക്ക് പോകാതെ സ്ഥലം വിട്ടു.
 പിന്നീടൊരിക്കൽ   ഞാൻ മട്ടാഞ്ചേരിയിൽ വെച്ച് ഒരു പരിചയക്കാരനെ കണ്ടപ്പോൾ   ഹുസ്സൈനെ പറ്റി അന്വേഷിച്ചു, അവന്റെ അടയാളവും പറഞ്ഞു. “ആ കുത്ത് റാത്തീബ്കാരന്റെ മോനാണോ? എന്ന് അയാൾ ചോദിച്ചപ്പോൾ ഞാൻ അതേ എന്ന് മറുപടി പറഞ്ഞു. അപ്പോൾ  അയാൾ  “അയ്യോ! അവൻ കഴിഞ്ഞ വർഷം കാറ്റത്തും മഴയത്തും വഞ്ചി മറിഞ്ഞ് മരിച്ചല്ലോ മയ്യത്ത് ഫോർട്ട് കൊച്ചി കായൽ തീരത്ത് അടിഞ്ഞു എന്നും .  പ്രതികരിച്ചു.  ഞാൻ ഞെട്ടി, ആ തീയതി  അറിയാമോ എന്ന എന്റെ ചോദ്യത്തിന് അയാൾ തീയതി പറഞ്ഞു.
വീട്ടിലെത്തിയ ഉടൻ ഞാൻ എന്റെ ഡയറി കുറിപ്പുകൾ നോക്കി, ഫോർട്ട് കൊച്ചിയിൽ പോയ തീയതി കണ്ടെത്തി. അതേ! അത് അവനായിരുന്നു, എന്റെ പ്രിയപ്പെട്ട ഹുസ്സൈൻ! അവനെ എനിക്ക് കണ്ടെത്താൻ സാധിച്ചില്ല, പക്ഷേ അവൻ എന്നെ തിരക്കി  മൃതദേഹമായി ഞാൻ ചെന്നിടത്ത് വന്ന് കിടന്നു. എന്നിട്ടും എനിക്ക് അവന്റെ മുഖം പോലും കാണാൻ പറ്റിയില്ല.
സൗഹൃദം ഒരു വികാരമായി സൂക്ഷിക്കുന്ന എനിക്ക് അതൊരു ഷോക്കായി പോയി. ഇപ്പോഴും കൊച്ചി കായലിൽ കൂടി പോകുമ്പോൾ  ഹുസ്സൈൻ അവിടെ എവിടെയോ നിന്ന് എന്നെ നോക്കി ചിരിക്കുന്നത് പോലുള്ള തോനൽ മനസിൽ ഉണ്ടാകറുണ്ട്.

Wednesday, April 10, 2019

വിചിത്രം പ്രാർത്ഥന

ഹോ! എന്തെങ്കിലും സംഭവിച്ച് ആ കെട്ടിടം  ഒന്ന് പൊളീഞ്ഞ് വീണിരുന്നെങ്കിൽ...
സ അദ് പറഞ്ഞു.
“ഏത് കെട്ടിടമാണ്  മോനേ“ വിചിത്രമായ പ്രാർത്ഥന കേട്ട്  ഞാൻ അവനോട് തിരക്കി.
“ആ ട്യൂഷൻ കെട്ടിടം...ഹല്ലാ പിന്നെ...ആണ്ടിലൊരിക്കൽ ഒരു വെക്കേഷൻ, അപ്പോഴും ഒന്ന് കളിക്കാൻ സാധിക്കാതെ  ആ സാറ് അടുത്ത വർഷത്തേക്കുള്ള ട്യൂഷൻ ഇപ്പോഴേ തുടങ്ങീരിക്കുവാ, സ്കൂൾ കാലത്ത് , അതിരാവിലെയുള്ള  ട്യൂഷൻ, പിന്നെ  സ്കൂളിൽ പോക്ക്, രാത്രി പഠനം,ഒരു ഒഴിവുമില്ല, വെക്കേഷൻ ആയപ്പോൾ  ഒരിത്തിരി  ഒഴിവ് തരേണ്ടേ  കുട്ടികൾക്കൊന്ന് കളിക്കാൻ പോലും സമയം തരില്ല“ അവന്റെ ധർമ്മ രോഷം അണ പൊട്ടി.
അവന്റെ പരാതി കേട്ടിരുന്ന ഞങ്ങൾ ചിരിച്ചെങ്കിലും എന്റെ ഓർമ്മ  വളരെ വളരെ പുറകോട്ട് പോയി.
“ ഈ മഴയത്തും കാറ്റത്തും ആ  സ്റ്റഡിസർക്കിളോന്ന് പൊളിഞ്ഞ് വീണെങ്കിൽ...“ ഒരു ഇടവപ്പാതി തകർത്ത് പെയ്യുന്ന രാത്രിയിൽ  ഞാൻ  പടച്ചവനോട് കേണ് വീണ് പ്രാർത്ഥിച്ചു.
വളരെ ചെറുപ്പത്തിൽ ഞാൻ നടത്തിയ  ഈ പ്രാർത്ഥന കേട്ട് എന്റെ ഉമ്മാ പൊട്ടി പൊട്ടി ചിരിച്ചു. ആലപ്പുഴ വട്ടപ്പള്ളിയിൽ   മസ്ജിദിന്റെ  കീഴിൽ പ്രവർത്തിച്ചിരുന്ന  മദ്രസയായിരുന്നു  സ്റ്റഡി സർക്കിൾ. അന്ന് ആ കെട്ടിടം ഓലയും മുളയും കൊണ്ട് നിർമ്മിച്ചതും  പഴയതുമായിരുന്നു. മദ്രസയിലെ  ഇബ്രാഹികുട്ടി ഉസ്താദിന്റെ  നുള്ളൽ സഹിക്കാൻ വയ്യാതെയായിരുന്നു എന്റെ ആ പ്രാർത്ഥന. പാഠം ചൊല്ലുമ്പോൾ ചെറിയൊരു തെറ്റിനും  ഉസ്താദ് ശരിക്കും നുള്ളി നോവിച്ചിരുന്നുവല്ലോ. സക്കര്യാ ബസാറിലെ അഞ്ച്മൺ    പ്രൈമറി സ്കൂൾ വിട്ട് കഴിഞ്ഞാൽ കളിക്കാനൊന്നും മുതിരാതെ   ഉടൻ മദ്രസയിൽ പോകണമെന്നാണ് വാപ്പായുടെ ഉഗ്ര ശാസന. ഇതെല്ലാം കൊണ്ട് സഹികെട്ടായിരുന്നു എന്റെ പ്രാർത്ഥന.
അതിശയമെന്ന് പറയട്ടെ, പല കുടിലുകളും ആ കാറ്റത്തും മഴയത്തും തകർന്ന് വീണതിനോടൊപ്പം   സ്റ്റഡി സർക്കിളും  നിലം പൊത്തി. ഞാൻ സന്തോഷം കൊണ്ട് തുള്ളി ച്ചാടി. പടച്ചവൻ എന്റെ തേട്ടം കേട്ടു.
പക്ഷേ സന്തോഷം അൽപ്പം കാലത്തേക്ക് മാത്രമേ നീണ്ടുള്ളൂ. പള്ളിക്ക് സമീപമുള്ള കെട്ടിടത്തിന്റെ വരാന്തയിൽ  മദ്രസ പുനരാരംഭിച്ചുവെന്നത് ബാക്കി ചരിത്രം.
സ്റ്റഡി സർക്കിൾ പിന്നീട്  തടിയും ഓടും കൊണ്ട്  പണി തീർത്ത് പ്രവർത്തനം തുടങ്ങി , കാലം കടന്ന് പോയപ്പോൾ ആ കെട്ടിടത്തിന്റെയും സ്ഥാനത്ത്  ഇരു നില കെട്ടിടം ഇപ്പോൾ  ഉയരുന്നു
 ഇന്നിപ്പോൾ ഈ മദ്ധ്യ വേനൽ അവധി കാലത്തെ ഉഷ്ണ സായാഹ്നത്തിൽ  എന്റെ കൊച്ച് മോന്റെ പ്രാർത്ഥന കേട്ടപ്പോൾ പഴയ ഓർമ്മകൾ മനസിലേക്ക് ഇരമ്പി കയറി വന്നു, ചരിത്രം ആവർത്തിക്കുന്നു.
ശരിയാണ് അവൻ പറയുന്നത്, ഈ പ്രായത്തിലല്ലേ കളിക്കാൻ സാധിക്കൂ, വലുതായി കഴിഞ്ഞാൽ  കളിക്കാനിറങ്ങി യാൽ വട്ടാണെന്ന് ആൾക്കാർ പറയില്ലേ?! ഈ സത്യം രക്ഷിതാക്കൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ....

Sunday, April 7, 2019

അർഥ സമ്പുഷ്ടമായ സിനിമാ കവിതകൾ

ഉണ്ടാക്കി വിട്ടവർകൾ രണ്ട് പേര്
കൊണ്ട് പോയി വിട്ടവർകൾ നാല് പേര്

എത്ര അർത്ഥവത്താണ് ഈ പഴയ തമിഴ് ഗാനം. അതേ! നിങ്ങളെ രണ്ട് പേർ ചേർന്ന് സൃഷ്ടിക്കുന്നു, നിങ്ങൾ മരിക്കുമ്പോൾ  നാല് പേർ ചുമന്ന് ശ്മശാനത്തിൽ കൊണ്ട് പോകുന്നു.

തമിഴിലും മലയാളത്തിലും പഴയ സിനിമാ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ നമ്മെ പ്രേരിപ്പിക്കും വിധം അർത്ഥ സമ്പുഷ്ടമായിരുന്നു.
വന്തത് തെരിയും പോവത് എങ്കേ
വാസൽ നമുക്ക് തെരിയാതേ
വന്തവർ എല്ലാം തങ്കി വിട്ടാൽ
ഇന്ത മണ്ണിൽ നമുക്ക് ഇടമേത്?
കോർട്ടുക്ക് പോയാൽ ജയിക്കാതേ
അന്ത കോട്ടക്ക് പോയാൽ തിരുമ്പാതേ...

വരികളിൽ വലിയ അർത്ഥങ്ങൾ നിറച്ച് വെച്ചാണ് അന്ന് ഗാനങ്ങൾ സൃഷ്ടിക്കപ്പെട്ടത്.

സ്വർണ ചാമരം വീശി എത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ... ഈ ഭാവഗീതം  കേൾക്കുമ്പോൾ തന്നെ മനസ്സ് കുളിരണിയും, അതിന്റെ അർത്ഥ വ്യാപ്തി  ഉള്ളിലേക്ക് ഉള്ളിലേക്ക് അലിഞ്ഞ്  ചേരും.
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രീ
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ.

നിലാവുള്ള ഹേമന്ത രാത്രിയിൽ  ഈ ഗാനം നമ്മളിൽ എന്ത് മാത്രം വികാര വിചാരങ്ങളാണ് ഉയിർത്തെഴുന്നേൽപ്പിക്കുന്നത്.

തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടേ,  തൂവൽ കിടക്ക വിരിച്ചോട്ടേ,
നാണത്തിൽ മുക്കുമീ  കുത്ത് വിളക്കിന്റെ മാണിക്ക കണ്ണൊന്ന് പൊത്തിക്കോട്ടേ.....
നമുക്ക് ഒന്നും പറഞ്ഞ് തരേണ്ട  എന്താണ് ആ രംഗമെന്ന് രംഗം കാണാതെ തന്നെ നമുക്ക് മനസിലാകും  എന്താണ് ആ രംഗമെന്ന്

പ്രതീക്ഷയോടെ കാത്തിരിക്കുന്ന  കാമിനി വരാൻ വൈകിയാൽ  മനസ്സ് അറിയാതെ മൂളില്ലേ
തമസമെന്തേ വരുവാൻ പ്രാണ സഖീ  എന്റെ മുന്നിൽ
താമസമെന്തേ അണയാൻ  പ്രെമ മയീ എന്റെ കൺ മുന്നിൽ

ആ കാലം ഇങ്ങിനെ വരാതെ കടന്ന് പോയി. ഇപ്പോൽ പൂമരം കൊണ്ട് കപ്പലുണ്ടാക്കി  നമ്മൾ പാടി നടക്കുമ്പോൾ  ഹൃദയ തന്ത്രികളിൽ  സ്വര രാഗം മീട്ടുന്ന  പഴയ സിനിമാ ഗാനങ്ങൾ ഒരു മധുര സ്മരണയായി  മനസ്സിൽ നിറഞ്ഞ് നിൽക്കുന്നതിൽ അതിശയമില്ല.

Monday, April 1, 2019

വിഡ്ഡി ദിന ഓർമ്മകൾ

ഇന്ന് ഏപ്രിൽ 1, അഖില ലോക വിഡ്ഡി ദിനം.
ഒരു കാലത്ത് ഈ ദിവസം മലയാളികൾ  ശരിക്കും ആഘോഷിച്ചിരുന്നു. ഈ ദിവസം ആരെയെങ്കിലും വിഡ്ഡികളാക്കിയേ  മലയാളിക്ക് ഉറക്കം വരുകയുള്ളൂ. കോളേജിലും ഹോസ്റ്റലിലും  ആഫീസുകളിലും  സാധാരണക്കാർക്കിടയിലും വിഡ്ഡിദിനത്തിൽ  എന്തെങ്കിലും  തിരുമാലി പണി ചെയ്യാത്തവർ ചുരുക്കമായിരുന്നു. പലരും വിഡ്ഡിദിനത്തിന്റെ പേരിൽ  വിഡ്ഡികളാക്കപ്പെടുകയും  അതിൽ കുപിതരായവരെ “ഇന്ന് ഏപ്രിൽ ഫൂൾ“  എന്ന മറുപടിയിൽ അവരുടെ കോപം അലിയിക്കുകയും ചെയ്യുമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നല്ലോ.
നർമ്മം ഉപയോഗിക്കാനും അത്  ആസ്വദിക്കാനും  ഉള്ള മലയാളിയുടെ  സ്വഭാവം  ഗൗരവത്തിലേക്ക് തിരിയുകയും  നർമ്മം മലയാളി മറന്നു പോവുകയും  ചെയ്തതോടെ വിഡ്ഡി ദിനത്തിന്റെ പ്രസക്തി ഇല്ലാതായി.
നർമ്മം ഉപേക്ഷിച്ച മലയാളി ഇന്ന് മദ്യത്തിലും മയക്ക് മരുന്നിലും അഭിരമിക്കുകയും എളുപ്പ വഴിയിൽ  സമ്പത്തുണ്ടാക്കുന്നതിൽ താല്പര്യപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ വരെ പീഡിപ്പിക്കുന്നതിൽ യാതൊരു മടിയുമില്ലാത്ത അവസ്തയിൽ  എത്തി ചേർന്ന  വിശാല മനസ്സുള്ള ദയാലുവായ മലയാളി എവിടെയോ ചത്ത് വീണിരുന്നുവല്ലോ.
കുറച്ച് കാലം കൂടി കാണുന്ന ഒരു കൂട്ടുകാരനെ അഭിമുഖീകരിക്കുമ്പോൾ “ ഏടാ നീ ഇപ്പോഴും ഉണ്ടോ ചത്തില്ലേ, പിന്നെന്തുണ്ട് വിശേഷങ്ങൾ അഛനും അമ്മയും പഴയ ആൾക്കാർ തന്നെയോ“  എന്ന് പണ്ടത്തെ രീതിയിൽ തമാശ പറഞ്ഞാൽ അൽപ്പം പോലും ചിരിക്കാതെ  അവന്റെ മുഖം രൂക്ഷമാവുകയും, “കുറച്ച് കൂടി സംസ്കാരമായി പെരുമാറണം മിസ്റ്റർ “  എന്നുരുവിട്ട് കടന്ന് പോവുകയും ചെയ്യും.
പത്രങ്ങളിലും  വാരികകളിലും വിനോദ ഭാവന  എന്ന പംക്തി  സ്ഥിരമായി ഉണ്ടായിരുന്നു എന്നും വേളൂർ ക്രിഷ്ണൻ കുട്ടി , സുകുമാർ, തുടങ്ങിയ തമാശ എഴുത്തുകാർ കത്തി നിന്നിരുന്ന സാഹിത്യ വിഭാഗം  മലയാള ഭാഷയിൽ അടുത്ത കാലം വരെ  നില നിൽക്കുകയും ചെയ്തു എന്നത്  മറക്കാനാവുന്നില്ല.
തമാശ ആസ്വദിക്കാനും  പിടലി ഞരമ്പ് വലിയത്തക്ക വിധം പൊട്ടി പൊട്ടി ചിരിക്കാനുമുള്ള  മലയാളിയുടെ പഴയ ആസ്വാദന  ശേഷി ഇനി മടങ്ങി വരുമോ ആവോ?