Thursday, April 18, 2019

അശരണരുടെ സുവിശേഷം.

     അശരണരുടെ സുവിശേഷം
റോസിലി ജോയിയോ, കുഞ്ഞൂസ് ക്യാനഡായോ അതോ മറ്റാരോ  ഫെയ്സ് ബുക്കിൽ  അശരണരുടെ സുവിശേഷം എന്ന നോവലിന്റെ ആസ്വാദനം എഴുതിയത് വായിച്ച പിറ്റേന്ന് തന്നെ  കൊല്ലം ഡി.സിയിൽ  പോയി പുസ്തകം വാങ്ങി വീട്ടിൽ കൊണ്ട് വന്നു, എഴുതിയ ആളിന്റെ പേര് പുറം ചട്ടയിൽ നിന്ന് വായിച്ചതിൽ  ഫ്രാൻസിസ് നെറോണ എന്ന് കണ്ടപ്പോൾ വിദേശ എഴുത്ത്കാരന്റെ കൃതി  തർജമ ചെയ്ത പുസ്തകമെന്ന് കരുതി പിന്നീട് വായിക്കാനായി മാറ്റി വെച്ചു. മറ്റ് പുസ്തകങ്ങൾ വായിച്ചും  ജീവിത തിരക്കുകളിൽ പെട്ടും മാസങ്ങൾ കടന്ന് പോയി. കഴിഞ്ഞ ദിവസം പുസ്തകം  കയ്യിലെടുത്ത് തുറന്ന് ഗ്രന്ഥകാരന്റെ വിവരണങ്ങൾ വായിച്ചപ്പോൾ ഞാൻ സ്തബ്ധനായി പോയി. കാരണം ഫ്രാൻസിസ് മലയാളി കഥയെഴുത്തുകാരൻ, മാത്രമല്ല ആലപ്പുഴക്കാരനുമാണ്. ഓർമ്മയിലേക്ക് ആലപ്പുഴയിലെ സീവ്യൂ വാർഡും  തദ്ദേശ വാസികളുടെ പേരുകളും  കടന്ന് വന്നപ്പോൾ  ഞാൻ അയ്യടാ എന്നായി.  മാത്രമല്ല നോവലിലേക്ക് കടന്നപ്പോൾ  എന്റെ ജന്മ നാട്ടിലെ സുപരിചിതമായ സ്ഥലപ്പേരുകളിലൂടെ ഞാൻ  ഒഴുകിയൊഴുകി , തുണി പൊക്കി പാലവും കാട്ടൂരും കറുത്ത കാളി പാലവും, മുപ്പാലവും കൊച്ച് കടപ്പാലവും ഇരുമ്പു പാലവും ശവക്കോട്ട പാലത്തിന് തെക്ക് വശം ലത്തീൻ പള്ളിയും  കോൺ വന്റ് ജംഗ്ഷനും കടന്ന് അനാഥാലയത്തിന്റെ പടി വാതിൽക്കലും ലിയോ തർട്ടീന്ത് സ്കൂൾ ഗ്രൗണ്ടിലും  എത്തി ചേർന്നു പകച്ച് നിന്നു.
1960കളി ലെ ദാരിദ്ര്യം ഏറെ അനുഭവിച്ച    എന്റെ കുഞ്ഞുന്നാളിലെ  അനുഭവങ്ങൾ അതേ പടി പകർത്ത് വെച്ച നോവൽ പണ്ട് ലത്തീൻ പള്ളിയിലെ അഛന്റെ പാൽ പൊടിയും നെയ്യും സൗജന്യമായി  വാങ്ങാൻ ക്യൂ നിൽക്കുന്ന ഒരു പാവം പയ്യനിലെത്തി ചേർന്നു . ആ എന്നെ ഈ പുസ്തകത്തിൽ ഞാൻ വീണ്ടും കണ്ടു.
 ജന്മ നാട്ടിൽ  ഒരു തുണ്ട് ഭൂമി  എനിക്ക് സ്വന്തമാക്കാനും അവിടെ  ഒരു ചെറു വീട് വെച്ച്  ആ മണലിൽ നിലാവുള്ള രാത്രിയിൽ മാനത്തേക്ക് നോക്കി കിടന്ന് പഴയ ഓർമ്മകളിൽ  അലിഞ്ഞ് ചേരാനും സാധിക്കാതെ ഞാനിന്ന് ആകെ നിരാശനാണല്ലോ.പോയി മറഞ്ഞ വർഷങ്ങളിൽ എനിക്കത് എളുപ്പമായിരുന്നെങ്കിലും ഇന്ന് എനിക്കത് കഴിയില്ല.  ആ നിരാശയിൽ കഴിയുന്ന എന്നെ ആലപ്പുഴയുടെ ഓരോ ഭാഗങ്ങളെയും കാണിച്ച് തന്ന പുസ്തകം വീണ്ടും ഒരു തുണ്ട് ഭൂമിക്കായും അതിൽ ഒരു ചെറു വീടിനായും വ്യാമോഹപ്പെടുത്തുന്നുവല്ലോ..........പുസ്തകത്തിന്റെ കാര്യങ്ങൾ പറഞ്ഞ് പറഞ്ഞ് ഞാനിപ്പോൾ എന്റെ  നടക്കാത്ത സ്വപ്നത്തിന്റെ കരയിലെത്തി നിൽക്കുകയാണ്. അതേ! നാമിപ്പോൾ ലിയോ തർട്ടീന്ത്  സ്കൂൾ ഗ്രൗണ്ടിൽ നിൽക്കുന്നു. അതിന്റെ  സമീപമുള്ള ദേവാലയങ്ങൾ അന്ന് ബാല്യത്തിൽ സുപരിചിതമായിരുന്നത് ഇന്ന് ഈ നോവലിൽ ഒരു മാറ്റവും കൂടാതെ വർഷങ്ങൾക്ക് ശേഷവും  കൃത്യമായി അടയാളപ്പെടുത്തിയിരുന്നത് വായിച്ചപ്പോൾ  അൽഭുതം കൊണ്ട് കണ്ണ് മിഴിച്ച് പോയി. റൈനോൾഡ് അഛന്റെ  മാത്രം കഥയല്ല ഈ നോവൽ, ഒരു കൂട്ടം അശരണരുടെ പാവപ്പെട്ടവരുടെ,  വഴിയോരത്ത് സമൂഹത്താൽ വലിച്ചെറിയപ്പെട്ട ആത്മാക്കളുടെ കഥയാണ്. അത്  അസാധാരണ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ചെത്തി കടപ്പുറവും അർത്തുങ്കലും  മലയാള നോവൽ രംഗത്ത് ഇത് വരെ കടന്ന്   വന്നിട്ടില്ലാത ഒരു കൂട്ടം മനുഷ്യരെയും ഈ നോവലിൽ നിങ്ങൾ കണ്ട് മുട്ടുന്നു. നോവലിന്റെ ആദ്യ ഭാഗത്ത്  ഒരു പുരോഹിതന്റെ    അതും അനാഥാലയത്തിന്റെ നടത്തിപ്പ്കാരന്റെ അന്നത്തെ കാലത്തെ പങ്കപ്പാടുകളും ദയനീയതയും അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ സത്വര ഫലങ്ങളും  വിസ്മയത്തോടെ നിങ്ങൾ നോക്കി കാണുമ്പോൾ  അറിയാതെ കണ്ണിൽ വെള്ളം നിറയും. ആലപ്പുഴ വിട്ട് മാന്നാനത്തും നിങ്ങൾക്ക് പോകേണ്ടി വരും അവിടത്തെ സെമിനാരിയും ചാവറ അച്ചന്റെ  കഥയും കാണേണ്ടി വരും.
നോവലിന്റെ  അവസാന ഭാഗം കണ്ണീൽ വെള്ളം നിറച്ചല്ലാതെ വായിക്കാൻ കഴിയില്ല.
 ഇതെല്ലാമാണെങ്കിലും  കാലഗണന കണ ക്കിലെടുക്കുമ്പോൾ  പല ഭാഗത്തും അബദ്ധങ്ങൾ സംഭവിച്ചിട്ടുമുണ്ട്. 1959ൽ വിമോചന സമര മുദ്രാ‍ വാക്യങ്ങൾ കേട്ട് റോഡിലൂടെ പോകുന്ന പാതിരി ആലപ്പുഴ ശീമാട്ടിയിൽ നീലക്കുയിലിന്റെ  പോസ്റ്റർ കാണുന്നു. രംഗ സജ്ജീകരണത്തിനായാണ് നോവലിസ്റ്റ് ഈ പൊടിക്കൈ പ്രയോഗിക്കുന്നതെങ്കിലും  നീലക്കുയിൽ റിലീസായത് 1954ൽ ആണെന്നത് മറന്ന് പോയി. (അന്ന് അദ്ദേഹം ജനിച്ചിട്ടില്ലാ എന്നത് മറ്റൊരു കാര്യം) 1972ൽ ജനിച്ച അദ്ദേഹം എത്രയോ വർഷങ്ങൾക്ക് മുമ്പുള്ള കാര്യങ്ങൾ വളരെ ഏറെ ഹോം വർക്ക് ചെയ്ത്  ക്രമത്തിൽ അടുക്കി പെറുക്കി കൊണ്ട് വന്നപ്പോൾ സംഭവിച്ച ചെറിയ തെറ്റെന്ന് കരുതി അവഗണിക്കാമത്
240 രൂപാ വിലയുള്ള 248 പേജുള്ള ബെന്യാമിൻ മുഖവുര എഴുതിയ  ഈ നോവൽനിങ്ങളുടെ കയ്യി്ലുള്ള  പുസ്തക ശേഖരത്തിന് മുതൽക്കൂട്ട് തന്നെയാണ് എന്ന് ഞാൻ ശുപാർശ ചെയ്യുന്നു.

No comments:

Post a Comment