Friday, December 30, 2016

നോ പാർക്കിംഗ്

 നോ പാർകിംഗ് എന്നാൽ മലയാളത്തിൽ അർത്ഥം ഇവിടെ വണ്ടി പാർക്ക് ചെയ്യുക എന്നാകുന്നു.

Monday, December 19, 2016

സാധനം കയ്യിലുണ്ടോ?

പെൺകുട്ടികളുടെ വിവാഹത്തിന്  ബന്ധുക്കളും സ്വന്തക്കാരും അയൽ വാസികളും സ്നേഹിതരും  സാമ്പത്തിക സംഭാവന നൽകുന്നത് കേരളീയ ഗ്രാമങ്ങളിൽ പതിവ് കാഴ്ചയാണ്. നഗരങ്ങളും വ്യത്യസ്തമല്ല . ചിലർ ഇതിന് അപവാദമണെങ്കിലും ഭൂരിഭാഗം പേരും സംഭാവനകൾ സ്വീകരിക്കാറുണ്ട്. കല്യാണത്തിന്റെ ചെലവുകളും മറ്റും വരുത്തി വെച്ച സാമ്പത്തിക ബാദ്ധ്യത ഈ സംഭാവനകളാൽ പരിഹ രിക്കാറുമുണ്ട്. ചെറിയ കവറുകളിൽ  നൽകുന്ന ഈ തുകകൾ "വേണ്ടായിരുന്നു " എന്ന വെറും വാക്കുകളുടെ അകമ്പടിയോടെ അഛനോ അമ്മയോ സ്വീകരിക്കാറുമുണ്ട്. ചിലർ ഈ തുകകൾ രേഖപ്പെടുത്താറുമുണ്ട്.  സംഭാവന നൽകിയ ആളുടെ വീട്ടിൽ ഇനി എന്നെങ്കിലും അടിയന്തിരം ഉണ്ടായാൽ ഈ തുക തിരികെ നൽകേണമല്ലോ.
ഇതിത്രയും നാട്ട് നടപ്പ് ശീലം. കടലാസ് കറൻസി രഹിത ഡിജിറ്റൽ കറൻസി കാലത്ത്  ഈ സംഭാവന നമ്മൾ എങ്ങിനെയാണ് നൽകുക എന്നത്  ആലോചിക്കേണ്ട പ്രശ്നം തന്നെയാണ്. നമ്മൾ കല്യാണ വീട്ടിൽ ചെല്ലുന്നു.  പെൺകുട്ടിയുടെ മാതാപിതാക്കളോട് ചോദിക്കുന്നു  "സാധനം കയ്യിലുണ്ടോ?
അവർ പറയുന്നു" ഉണ്ടല്ലോ"  ഉടനേ  നമ്മൾ:-
 "എന്നാൽ നിങ്ങളുടെ സാധനത്തിൽ നമ്മുടെ  കാർഡൊന്ന് ഉരക്കട്ടെ, കൊണ്ട് വരൂ നിങ്ങടെ സാധനം" എന്ന് പറഞ്ഞ് സംഗതി ഉരച്ച് സംഭാവന കൊടുക്കുന്നു.
ഇങ്ങിനെ ആയിരിക്കുമല്ലോ കാര്യങ്ങൾ നടക്കാൻ സാദ്ധ്യത? ഒരു സംശയം ചോദിച്ചതാണേ!

Saturday, December 17, 2016

ആ വാളിങ്ങെടുത്തോ....വടി ഇങ്ങാടെത്തോ

   രാവിലെ  ഇടത് ഭാഗത്തെ വിളിച്ച് ഞാൻ പറഞ്ഞു "എടോ, നമ്മുടെ കൊടുവാൾ മൂർച്ചയാക്കി എനിക്ക് തരണം."
എന്താ കാര്യമെന്ന  മുഖഭാവത്തോടെ അവൾ എന്നെ നോക്കി.
"യത്തീം ഖാനാ പിരിവ്കാർ, പെൻഷൻ യൂണിയനിൽ അംഗമാക്കാനും ഫണ്ട് പിരിവ് നടത്താൻ വരുന്നവരുമായ   പെൻഷൻ യൂണിയനുകൾ, രാഷ്ട്രീയ പാർട്ടി പിരിവ്കാർ, ഉൽസവ പിരിവുകൾ, മക്കളെ കെട്ടിക്കാൻ സഹായം ആവശ്യപ്പെട്ട് വരുന്നവർ തുടങ്ങി എല്ലാ പിരിവുകാരും  ഗെയ്റ്റ് കടന്ന് വരുമ്പോൾ ഞാൻ കൊടുവാളും കുലുക്കി അവരെ നേരെ  പായും.  അപ്പോൾ  നീ എന്നെ പുറകിൽ നിന്ന് പൂണ്ടടക്കം പിടിക്കണം. എന്നിട്ട് ഒരു വിരൽ കൊണ്ട് ചുറ്റി കാണിച്ച് എനിക്ക് വട്ടാണെന്ന് അവരെ ആംഗ്യഭാഷയിൽ കാണിച്ച്, ഇപ്പോൾ വെയിൽ മൂത്ത് ചൂട് കയറിയാൽ  കക്ഷി ഇങ്ങിനെയാണെന്നും ഓടി  പൊയ്ക്കൊള്ളാനും ആവശ്യപ്പെടണം. .."
അവൾ എന്നെ സൂക്ഷിച്ച് നോക്കി.യത്ഥാർത്ഥത്തിൽ എനിക്ക് വട്ടായി പോയോ എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം എന്ന് മനസിലാക്കിയ ഞാൻ മൊഴിഞ്ഞു.
"എടോ നമ്മളെന്ത് ചെയ്യാനാ, പഴയ സർക്കാരോ പുതിയ സർക്കാരോ, ആരായാലും നമ്മുടെ ഉള്ള റേഷനും കൂടി ഇല്ലാതാക്കിയപ്പോൾ. ആ റേഷന് പകരം  അങ്ങ് വടക്കിരുന്ന് നമ്മുടെ ബഹുമാനപ്പെട്ട മോദിജി  നോട്ടുകൾ റേഷനായി തന്നു തുടങ്ങി.  അതും  ബാങ്കിൽ ചെന്ന് " മാനേജരേ! വന്നോ...?" എന്ന് ചോദിക്കണം."സൊൽപ്പം" എന്ന് അയാളുടെ  മറു പടി കേട്ട്  ഒന്നര മൈൽ നീളത്തിലെ ക്യൂവിൽ പൊതിയും കെട്ടി നിന്ന് വാങ്ങി കൊണ്ട് വരുന്ന റേഷൻ നോട്ടുകൾ ഈ പിരിവ്കാർക്ക് കൊടുക്കാൻ മനസില്ലാ എനിക്ക്... മനസിലായോ..ങാ...നീ ആ കൊടുവാളെടുത്തോണ്ട് വാ....

Saturday, December 10, 2016

മരിയാർ പൂതവും പാറാ സുറമയും

 മരിയാർ പൂതം : കേരളത്തിലെ ഒരു മുൻ കാല പോലീസ് മേധാവിയുടെ  പേര് അങ്ങിനെയായിരുന്നു  എന്ന് പത്രങ്ങളിൽ വായിച്ചിരുന്നു. ഈ പേര്  വായിക്കുമ്പോൾ  അദ്ദേഹത്തിന്റെ മാതാപിതാക്കൾ കുഞ്ഞുന്നാളിൽ എന്തിനിങ്ങനെ ഒരു പേര് തങ്ങളുടെ കുഞ്ഞിനിട്ടു എന്ന് ഞാൻ അതിശയിക്കുമാറായിരുന്നു. പിൽ കാലത്താണ്  ആ പേര് അങ്ങിനെയല്ല ഉച്ചരിക്കേണ്ടതെന്നും അദ്ദേഹത്തിന്റെ തമിഴിലെ പേര് മേരി അർപുതം എന്നായിരുന്നു എന്നും  അത് ആംഗ്ലീകരിച്ച് എഴുതിയ വകയിലാണ്  മരിയാർ പൂതം എന്നായി മാറിയതെന്നും    അറിയാൻ കഴിഞ്ഞു  
ഇഗ്ലീഷ് മീഡിയം സ്കൂളിലെ എന്റെ കൊച്ച് മോൻ എന്നോട് "ഹൂ ഈസ് പാറസുറമ " എന്ന് ചോദിച്ച കഥ   മുമ്പ് ഞാൻ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്ന കാര്യം ഓർമ്മ വരുന്നു. പാറാസുറമാ ആരാണെന്ന അവന്റെ ചോദ്യത്തിന് ഉത്തരം  പറയാൻ കഴിയാതെ  പരുങ്ങിയ എനിക്ക് അവൻ ഉത്തരത്തിന്റെ ഒന്ന് രണ്ട്  ക്ലൂ തന്നു.  പാറ സുറമ   ത്രൂ  ഹിസ്  ആക്സ് ഫ്രം ഗോകാർണം റ്റൂ കണ്യ കുമറി.  ഓ! പിടി കിട്ടി, ഗോകർണത്ത് നിന്ന്  കന്യാകുമാരിയിലേക്ക് മഴു എറിഞ്ഞ ആൾ  നമ്മുടെ  പരശു രാമനദ്ദേഹം. അദ്ദേഹത്തെയാണ് ഇംഗ്ലീഷ് ഉച്ചാരണം വഴി പാറസുറമയാക്കിയത്.കുരിശ് യുദ്ധ ചരിത്രത്തിലെ  സുൽത്താൻ സലാഹുദ്ദീൻ ഇംഗ്ലീഷിൽ സാലഡീൻ  ആണ്. ബുഷിന് സദ്ദാം ഹുസ്സൈൻ സാഡം ഹുസ്സൈൻ  ആയി. അൽഭുത വിളക്കുമായി നടന്ന  നമ്മുടെ  അലാവുദ്ദീൻ  അലാഡീൻ ആയി  മാറി.  ചുരുക്കത്തിൽ നമ്മൾ എന്ത് പേരിട്ടാലും അവർ അതിനെ മാറ്റി കുളമാക്കും. ഓണക്കളിക്ക് വ്ന്ന  പെൺ പിള്ളാർ സായിപ്പുമായി പിണങ്ങി  പോയത്   അവരെ സായിപ്പ് ഓണക്കാളി  എന്ന് വിളിച്ച് ആക്ഷേപിച്ചതിനാലാണെന്ന കഥയും പ്രചാരത്തിൽ വന്നു .  എന്റെ അഭിപ്രായത്തിൽ ഇങ്ങിനെവൈകല്യ ഉച്ചാരണം സായിപ്പിന്റെ മേൽക്കോയ്മ നില നിർത്തണമെന്ന  ദുർവിചാരത്താലാണെന്നതിന് യാതൊരു തർക്കവുമില്ല .

Wednesday, November 30, 2016

നോട്ട്ലസ് സമൂഹം..

ഭാരതം ലക്ഷോപ ലക്ഷം  ഗ്രാമങ്ങളുടെ  കൂട്ടായ്മ ആണ്. ഒരോ ഗ്രാമങ്ങൾക്കും  അതാതിന്റെ സംസ്കാരം നിലനിർത്തി വരുകയും ചെയ്യുന്നു. പാശ്ചാത്യ നാടുകളിലെ  പോലെ  നോട്ട്ലസ് ധന വ്യവസ്ഥ ഈ ഗ്രാമങ്ങളിൽ  നിലവിൽ വന്നാലും  ആചാരവും അനുഷ്ഠാനവുമൊന്നും മാറ്റാൻ കഴിയില്ലല്ലോ. ഏത് വ്യവസ്ഥിതിയും  ഉടനൊന്നും മാറാനും പോകുന്നില്ല.  അങ്ങിനെയിരിക്കവേ  നമ്മുടെ ബഹുമാനപ്പെട്ട  പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം നോട്ടെല്ലാം പോയി, പകരം ദേ! ആ ഉരക്കൽ മെഷീൻ വരുകയാണ്. ആക്രിക്കാരൻ വരുന്നു, മീൻ കാരൻ വരുന്നു, പത്രക്കാരൻ പാലുകാരൻ തുടങ്ങി ഞാനും ഞാനുമെന്റെ ആളും ആ നാൽപ്പത് പേരും വരുന്നു,എല്ലാവരുടെ കയ്യിലും കാർഡ് ഉരക്കുന്ന മെഷീനും ഉണ്ട്.അപ്പോഴാണ് നമ്മുടെ മൊല്ലാക്കായുടെ വരവ് . ആചാരവും അനുഷ്ഠാനവുമൊന്നും പെട്ടെന്ന്മാറ്റാൻ  സാധിക്കാത്തതിനാൽ, ഒരു ആണ്ട് നേർച്ചക്ക്, അല്ലെങ്കിൽ  ഒരു ദുആ(പ്രാർത്ഥന) നടത്താനാണ് മൂപ്പരെ ക്ഷണിച്ചത്. അദ്ദേഹം കാര്യ സാദ്ധ്യത്തിന് ശെഷം എന്തുണ്ട് മോനേ! ബിസേസങ്ങൾ എന്ന് ചോദിച്ച് കൊണ്ട് കുത്തിരിക്കുകയാണ്. കൈ മടക്ക് നാട്ടാചാരമാണ്, അത് മാറ്റാൻ ആവില്ലല്ലോ. നമുക്ക് ഒരു സന്തോഷം, മൊല്ലാക്കാക്കും സന്തോഷം. അപ്പോഴാണ് കിതാബിനൊപ്പം കയ്യിൽ വെച്ചിരുന്ന ഒരു സാധനം പൊക്കി കാണിച്ച് മൂപ്പര് പറയുന്നത്:" പേടിക്കണ്ടാന്ന്, നമ്മളും ഇതൊരെണ്ണം വാങ്ങീന്ന് കൂട്ടിക്കോളിൻ.." മൂപ്പരുടെ കയ്യിലും ദാ! നോട്ടുരക്കൽ യന്ത്രം.
 വീട് വെഞ്ചരിക്കാൻ വരുന്ന പള്ളീലച്ചനും മെഷീൻ കരുതണം. ഹോമം നടത്താൻ വരുന്ന സ്വാമിയും, വീട് മുറ്റത്ത് വരുന്ന വെളിച്ചപ്പാടും മെഷീനൊന്നു കരുതണം. ഹോ!  എന്റെ ന.മോ.! ഇദ്ദേഹത്തെ സമ്മതിച്ച് തന്നിരിക്കുന്നു.  അങ്ങയുടെ ഒരു നോട്ട്ലസ്സ് സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്.
പക്ഷേ ഒരു സംശയം, പള്ളി, അമ്പലം,  ഇത്യാദികളുടെ  മുറ്റത്തും വഴിയോരത്തും കാണപ്പെടുന്ന ഈ കാണിക്കപ്പെട്ടിയിൽ എന്തെങ്കിലും ഇടണമെങ്കിൽ  നമ്മളെന്ത് ചെയ്യും ? ഒരു പിടിയും കിട്ടുന്നില്ല.

Friday, November 25, 2016

സർവ പ്രധാനമായ വാർത്ത!

തിരക്ക് പിടിച്ച ബസ്സിലേക്ക് കയറാൻ ആരംഭിച്ചപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. ബസ്സിലേക്ക് വെച്ച കാൽ പിൻ വലിച്ച് മോബൈലിലേക്ക് നോക്കി. വീട്ടിൽ നിന്നും ഇടത് ഭാഗമാണ് വിളിക്കുന്നത്. ഞാൻ വീട്ടിൽ നിന്നിറങ്ങിയതിന് ശേഷം എന്തെങ്കിലും അത്യാവശ്യ സംഭവവികാസം ഉണ്ടായോ? ഉൽക്കണ്ഠയോടെ ഫോണിലൂടെ ഞാൻ തിരക്കി "എന്താണ് കാര്യം?
 " പെട്ടെന്ന്  തന്നെ  "റ്റിവി.യിലെ വാർത്ത കാണുക" എന്നായിരുന്നു അവളുടെ മറുപടി.
"എന്താ കാര്യം" ഫോണിൽ റ്റി.വി.യുടെ  ബഹളം കേൾക്കാം.
"അത് ,  റ്റി.വി. വാർത്ത കാണുക"  കാര്യം പറയാതെ നമ്മുടെ ഉദ്വേഗം കൂട്ടുന്ന മറുപടിയാണ് പുള്ളിക്കാരിയുടേത്.
"അതിന്, റ്റി.വി.   ഞാൻ പോക്കറ്റിൽ വെച്ച് നടക്കുന്നോ കഴുതേ!"  എനിക്ക് ദേഷ്യം വന്നു.
"ചൂടാകേണ്ടാ വേണമെങ്കിൽ കണ്ടാ മതി" അവൾ നമ്മളെ പുസ്കെന്ന് പ്രതികരിച്ചു.
" നീ കാര്യം പറ, എന്താ നമ്മുടെ മോദിജി ബാക്കി ചില്ലറ നോട്ടും റദ്ദാക്കിയോ?"
"അല്ലാ, മനുഷ്യാ, ഹോ! വലിയ നോട്ട്  റദ്ദാക്കിയിട്ടും നമ്മൾ ജീവിക്കുന്നില്ലേ? പിന്നെയാ ചെറിയ നോട്ട്..." അവൾക്കെല്ലാം നിസ്സാരമാണ്.
"സിറിയയിലെ അലപ്പോവിൽ ആ  റഷ്യക്കാരൻ ദുഷ്ടൻ കുഞ്ഞുങ്ങളുടെ മുകളിൽ ബോംബിട്ടോ? "
" അതിന് റഷ്യക്കാരൻ പുട്ടിന് മുകളിൽ ഇരിക്കുന്നവൻ കൊടുക്കും ശിക്ഷ, അതല്ലേന്ന്, നിങ്ങൾ വാർത്ത കേൾക്ക്.." പണ്ടാരടങ്ങാൻ അവൾ പിന്നെയും നമ്മളെ ടെൻഷനിൽ നിർത്തുകയാണ്.
"ഓ! നിലമ്പൂര് കാട്ടിൽ ഇനീം നക്സലൈറ്റുകാരെ മയ്യത്താക്കി കാണുമായിരിക്കും.." ഞാൻ തിരക്കി.
"ഓ! പിന്നേയ് ! അതൊന്നുമല്ലാ കാന്താ....റ്റി.വി. കാണ് "
"ഒലക്കേടെ മൂട്...നീ പറഞ്ഞ് തുലക്ക്....നമ്മളെ ടെൻഷനടിപ്പിച്ച് കൊല്ലാതെ...."

"നമ്മുടെ ദിലീപ്, കാവ്യാ മാധവനെ മിന്ന് കെട്ടുന്നത് ലൈവായി ദാ റ്റി.വി.യിലെ വാർത്തയിൽ കാട്ടണ്..."

ഇന്ന് ഇനി ആഹാരം വിളമ്പി തന്നില്ലെങ്കിലും സാരമില്ല,  അവളുടെ കയ്യിൽ ഇരിക്കുന്ന ഫോൺ തെറിച്ച് പോകുന്ന വിധത്തിൽ ഞാൻ ഒരു ആട്ട് ആട്ടി.
"
ഫ!!!!"
ഈ ദുനിയാവിലെ സർവ പ്രാധാന്യമുള്ള  വാർത്തകളേക്കാളും പ്രധാനപ്പെട്ട ഒരു വാർത്തയെന്ന മട്ടിലാണ് ഈ കല്യാണ വാർത്ത. തമിഴന്റെ പണ്ടത്തെ സിനിമാ പ്രാന്തിനേക്കാളും വട്ടായി പോയോ നമ്മൾ മലയാളികൾക്ക്....ഫൂ!...

Thursday, November 24, 2016

ലാൽ സലാം സഖാവേ!

രാജാവിന്റെ  പൂർവാശ്രമം  അന്വേഷിക്കരുത് എന്നത് ഭാരതീയ  സംസ്കാരം.
രാജാവിന് പകരം ഈ കാലത്ത്  മന്ത്രിമാരാണ് ഭരണം കയ്യാളുന്നത്  . മന്ത്രിമാർ മുമ്പ് എങ്ങിനെ പെരുമാറിയിരുന്നു, എന്ത് ജോലി ചെയ്തിരുന്നു, ഇതൊന്നും മേൽ പറഞ്ഞ പ്രമാണത്താൽ  അന്വേഷണ വിഷയമാകേണ്ട കാര്യമില്ല. നമ്മുടെ മുഖ്യ മന്തി ശ്രീ പിണറായി വിജയൻ  ഭരണം കയ്യാളുന്നതിനു മുമ്പ് എന്തായിരുന്നെന്നും  അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ കർക്കശത  എത്രമാത്രം ഉണ്ടായിരുന്നെന്നും  കേരളീയർക്ക് മന:പാഠമായിരുന്നു. കൊട്ടാരക്കരക്ക് സമീപം  മൈലം  ഗ്രാമത്തിൽ വന്ന് ഒരു മടിയും കൂടാതെ ആരുടെയൊക്കയോ പിതാക്കളെ പറ്റി പറഞ്ഞതും  ലോകസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പറ്റി പരനാറി പ്രയോഗം നടത്തിയതും കർക്കശതയുടെ പ്രസിദ്ധമായ ഉദാഹരണങ്ങൾ മാത്രം.ഹാലിയുടെ കോമറ്റ്  80 കൊല്ലം കൂടുമ്പോൾ മാത്രം ആകാശത്തിൽ വരുന്നത് പോലെ  അപൂർവമായി മാത്രം വരുന്ന പുഞ്ചിരി അദ്ദേഹത്തിന്റെ ചുണ്ടിലെ ഒരു കോണിൽ മാത്രം ഒതുങ്ങി  നിന്നിരുന്നുവല്ലോ! ഈ മനുഷ്യൻ  ഭരണം കയ്യാളിയാൽ ഈ നാട്ടിന്റെ ഗതി എന്തായിരിക്കുമെന്ന് അന്ധാളിച്ചവർ ധാരാളം.
പക്ഷേ  എല്ലാവരുടെയും ധാരണ തിരുത്തിക്കുറിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ കുറഞ്ഞ കാലത്തെ ഭരണം.( ഇനിയുള്ളതും അങ്ങിനെ തന്നെ ആയിരിക്കും  എന്ന് കരുതാം) തന്റെ പാർട്ടിയുടെ മുഖ്യമന്ത്രി മാത്രമല്ല  ജനങ്ങളുടെ എല്ലാം മുഖ്യ മന്ത്രിയാണ് താൻ  എന്ന് അദ്ദേഹം ഭരണമേറ്റ നാളിൽ തന്നെ കാണാൻ എത്തിയ മത നേതാക്കന്മാർ തുടങ്ങി സമൂഹത്തിലെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് വന്നവരെ എല്ലാവരെയും സ്വീകരിച്ച  രീതിയിൽ നിന്നും വെളിവാകുന്നു. നടേ സൂചിപ്പിച്ചത് പോലെ അപൂർവമായ പുഞ്ചിരി മുഖത്ത് ഇപ്പോൾ  പ്രകാശം വിതറുന്ന പാൽ ചിരിയായി മാറ്റാൻ  ഒരു പിശുക്കും അദ്ദേഹം പ്രകടിപ്പിക്കുന്നില്ല.  വാക്കുകൾ അളന്ന് മുറിച്ച് പ്രയോഗിക്കുന്നു, അതും പഴയ രീതിയിലല്ലാതെ .  ഒരിക്കൽ മാത്രം "രാജശേഖരാ" എന്ന് മാത്രം വിളിച്ച് നിർത്തി.  എന്നോട് കളിക്കല്ലേ മോനേ! എന്റെ പഴയ സ്വഭാവം പുറത്തെടുപ്പിക്കല്ലേ കുഞ്ഞേ! എന്ന്പറയാതെ പറഞ്ഞു ആ വിളിയിലൂടെ. അതാണ് അളന്ന് മുറിച്ച പ്രയോഗം .അതങ്ങ് ഏൽക്കുകയും ചെയ്തു. തന്റെ മന്ത്രി സഭയിലെ  തന്റെ പ്രിയപ്പെട്ട അനുയായിയെ  സ്വജനപക്ഷപാത  പരാതിയിന്മേൽ  കുറഞ്ഞ സമയത്തിനുള്ളിൽ പുറത്താക്കി എങ്ങിനെയായിരിക്കും തന്റെ ഭരണമെന്നതിന്റെ  മാതൃക ജനങ്ങൾക്ക് കാട്ടി കൊടുത്തു. പ്രതീക്ഷക്ക് വിപരീതമായ ഒരു ഭരണരീതിയിലൂടെ  ശത്രുക്കളെ പോലും അമ്പരിപ്പിക്കുന്നു ശ്രീ വിജയൻ.
അഭിനന്ദനങ്ങൾ സഖാവേ!  ലാൽ സലാം.

Wednesday, November 23, 2016

മനസറിഞ്ഞ് ശപിക്കുന്നു

ഉദാഹരണാത്തിനായി  പലപ്പോഴും ഞാൻ എന്റെ ബ്ലോഗിൽ ഉദ്ധരിച്ചിട്ടുള്ള ഈ പഴം കഥ  ഒരിക്കൽ കൂടി പറയേണ്ടി വന്നിരിക്കുന്നു.
കലണ്ടറുകളും മറ്റും തീയതി  അറിയുന്നതിനായി ഇല്ലാതിരുന്ന കാലത്ത്  എത്ര തീയതി  എന്നറിയുന്നതിന്  ഉസ്താദ് സഹായം തേടിയിരുന്നത് മൊല്ലാക്കായെ ആയിരുന്നു.  ഉസ്താദിന്  അറബ് തീയതി പറഞ്ഞ് കൊടുക്കാൻ  മൊല്ലാക്ക കണ്ട് പിടിച്ച മാർഗം  ഇപ്രകാരമായിരുന്നു. ചന്ദ്ര പിറവി കാണുന്ന അന്ന് ഒരു കലത്തിൽ ഒരു ചെറിയ കല്ല് എടുത്തിടും. രണ്ടാം ദിവസം ഒരു കല്ല് കൂടി അങ്ങിനെ ദിവസം  അടുത്ത ചാന്ദ്രിക പിറവിവരെ ദിവസവും ഓരോ കല്ല് വീതം മൊല്ലാക്കാ കലത്തിൽ  ഇടും.  ഉസ്താദ് ചോദിക്കുമ്പോൾ മൊല്ലാക്ക കലത്തിൽ നിന്നും കല്ല് കുടഞ്ഞിട്ട് എണ്ണി പത്ത് എണ്ണമുണ്ടെങ്കിൽ ഉസ്താദിനോട് പറയും " ഉസ്താദേ ഇന്ന് തീയതി പത്ത്..."  ഇതായിരുന്നു പതിവ്.  ഒരു ദിവസം കുരുത്തം കെട്ട കുട്ടികൾ മൊല്ലാക്ക കലത്തിൽ കല്ലിടുന്നത് കണ്ട് അവരും ഓരോ പിടി കല്ല് വാരി കലത്തിൽ ഇട്ടു. ഉസ്താദ് തീയതി ചോദിച്ചപ്പോൾ മൊല്ലാക്ക കലം കുടഞ്ഞിട്ട് എണ്ണാൻ തുടങ്ങി കുറേ കഴിഞ്ഞപ്പോൾ ഉസ്താദ് ചോദിച്ചു "എത്രയായി തീയതി?" മൊല്ലാക്ക പറഞ്ഞ് " "നാൽപ്പത്തിഒൻപത്"  നാൽപ്പത്തി  ഒൻപതോ? എന്ന് അതിശയം കൂറി നിൽക്കുന്ന ഉസ്താദിനോട് മൊല്ലാക്ക പറഞ്ഞു " ഇനിയുമുണ്ട് എണ്ണാൻ .. ഇത് ആരംഭം മാത്രമാണ്."
ഈ കഥ ഇപ്പോൾ ഇവിടെ പറയാൻ കാരണം നമ്മുടെ ബഹു:പ്രധാനമന്ത്രി നോട്ടുകൾ പിൻ വലിച്ച വിഷയം പരാമർശിച്ചപ്പോൾ കഴിഞ്ഞ ദിവസം പറഞ്ഞു വത്രെ! "ആരംഭിച്ചതേ ഉള്ളൂ..."  എന്ന്.   എന്ന് വെച്ചാൽ  പുറകാലേ  പലതും വരുന്നുണ്ടെന്ന്.
ദൈവമേ! ഇത് തന്നെ സഹിക്കാൻ വയ്യാതായിരിക്കുന്നു.  ഇനി എന്തെല്ലാമാണോ വരുന്നത്? ഭയമാകുന്നു. ആശുപത്രിയിൽ പൈസാ കൊടുക്കാനാവാതെ ,  പെൺകുട്ടിയെ കെട്ടിച്ചയക്കാൻ കഴിയാതെ,  വസ്തു വിൽക്കാൻ കഴിയാതെ  അദ്ധ്വാനിച്ച്  നിക്ഷേപിച്ച പൈസാ ആവശ്യത്തിന് പിൻ വലിക്കാനാവതെ  ജനം മനസറിഞ്ഞ് ശപിക്കുകയാണ്.  നരേന്ദ്ര മോദിയെയല്ല,  ഒന്നും ചെയ്യാനാവാതെ പരസ്പരം പള്ളയിൽ കുന്തം കയറ്റാൻ തക്കം നോക്കുന്ന ഷണ്ഡന്മാരായ നിഷ്ക്രിയരായ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളെ മനസ്സറിഞ്ഞ് ജനം ശപിക്കുന്ന  കാഴ്ചയാണ് എങ്ങും കാണുന്നത്. 

Friday, November 18, 2016

"മുതലാളീ വന്നോ?"

കഥാപ്രസംഗ ലോകത്തെ മുടിചൂടാ മന്നനായിരുന്ന  സാംബവശിവൻ  "വിലക്ക് വാങ്ങാം" എന്ന തന്റെ കഥയിൽ അന്നത്തെ പൊതുവിതരണത്തെ സംബന്ധിച്ച് ഒരു അവസ്ഥ സരസമായി അവതരിപ്പിച്ചിട്ടുണ്ട്. റേഷൻ കടയിൽ അരി വാങ്ങാൻ പോകുന്ന ഗ്രാമീണ സ്ത്രീ റേഷൻ കടക്കാരനോട് ചോദിക്കുന്നു "മുതലാളീ, വന്നോ? (അരിയാണ് ഉദ്ദേശം) ഉദ്ദേശം  മനസിലാക്കി കടക്കാരൻ പറയുന്നു. "ഇല്ല" പിറ്റേ ദിവസവും സ്ത്രീ കടയിൽ ചെല്ലുന്നു, തന്റെ ചോദ്യം ആവർത്തിക്കുന്നു"മുതലാളീ വന്നോ" കടക്കാരൻ മൊഴിയുന്നു "സ്വൽപ്പം...."

 ഇവിടെ ഇത് കുറിക്കാൻ കാരണം ഈ നാട്ടിൽ ഇപ്പോൾ  ഇതാണ്  അവസ്ഥ. റേഷൻ കടക്ക് പകരം എ.റ്റി.എം. കൗണ്ടർ ആണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ക്യാബിനിൽ നിന്നും  പുറത്തേക്കിറങ്ങുന്നവരോട്  വെളിയിൽ നിൽക്കുന്നവർ  ചോദിക്കുന്നു  " വന്നോ?" ഇറങ്ങി വരുന്നവൻ പറയുന്നു "ഊങ്ഹും " പിറ്റേ ദിവസവും നമ്മൾ കയ്യിലെ കാർഡുമായി  കൗണ്ടറിന്റെ മുമ്പിൽ ചെല്ലുന്നു. ഇറങ്ങി വരുന്നവനോട് ചോദിക്കുന്നു "വന്നോ?" അയാൾ മറുപടി പറയുന്നു, "സ്വൽപ്പം... രണ്ടായിരം കിട്ടും, പെട്ടെന്ന് കയറിക്കോളൂ, സാധനം ഇപ്പോൾ തീരും" നമ്മൾ അകത്ത് കയറി ആവശ്യമുള്ളിടത്തെല്ലാം ഞെക്കുന്നു. രണ്ടായിരത്തിന്റെ അവലക്ഷണം പിടിച്ച ഒരു നോട്ട് കിട്ടുന്നു,  അതും കൊണ്ട് അടുത്ത കട ലക്ഷ്യമാക്കി  പായുന്നു
100 മുളക്, 200 പഞ്ചസാര, 50 തേയില  നമ്മുടെ ആവശ്യം കടക്കാരനോട് മൊഴിയുന്നു.  കടക്കാരന്റെ നോട്ടം  നമ്മുടെ കീശയിലേക്കാണ്. നമ്മൾ അഭിമാനപൂർവം  രണ്ടായിരത്തിന്റെ നോട്ട് പൊക്കി കാണിക്കുന്നു. കടക്കാരൻ ചാടി എഴുനേറ്റ് നമ്മളെ തൊഴുതുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത് .  " നമ്മൾ  തമ്മിൽ ഒരു ശത്രുതയുമില്ലല്ലോ  സാറേ! പിന്നെന്തിനാ സാറ്  ഈ സാധനം പൊക്കി കാണിക്കുന്നത്. " അയാൾ പതുക്കെ പതുക്കെ കടയിൽ നിന്നുമിറങ്ങി  ജോലിക്കാരനോട് "എടാ കടയുടെ ഷട്ടറ് ഇട്ടേരെ "എന്ന്  വിളിച്ച് പറഞ്ഞ് നമ്മളെ  തിരിഞ്ഞ് നോക്കി  ഓടുമ്പോൾ  "അ"  കളഞ്ഞ അണ്ണാനെ പോലെ  നമ്മൾ പകച്ച് നിൽക്കുകയാണ്.
ഇതാണ് ഈ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ.

Wednesday, November 16, 2016

വിശാല കാമുകി

പുതുതായി ഉദ്യോഗത്തിൽ ചേർന്ന യുവാവിന് യുവതിയായ സഹപ്രവർത്തക ഫയലുകൾ കൈ മാറിയപ്പോൾ അതിനിടയിൽ ഒരു പ്രേമ ലേഖനവും  കടത്തി വിട്ടു.
 "ഈ വിശാലമായ  ലോകത്തിന്റെ ഒഴിഞ്ഞ മൂലയിലെവിടെയെങ്കിലും പോയി അണ്ണനോടൊപ്പം താമസിക്കാൻ  ഈയുള്ളവൾ ഒരുക്കമാണണ്ണാ...അണ്ണന്റെ ഒരു  വിളിക്കായി ഞാൻ കാതോർത്തിരിക്കുന്നു. അണ്ണൻ വാങ്ങി തരുമെന്ന് പ്രതീക്ഷിക്കുന്ന കരിവള എന്റെ കയ്യിൽ  അണിയുന്നതിനേക്കാളും  എന്റെ കരളിൽ കൊണ്ട് നടക്കാനാണെനിക്കിഷ്ടം.പാലപ്പൂ മണമൊഴുകുന്ന പൂ നിലാവിൽ  ഇന്നലെ രാത്രി  നീലാകാശത്തേക്ക് നോക്കി നിന്നപ്പോൾ അണ്ണന്റെ ചിരിക്കുന്ന മുഖമായിരുന്നു എന്റെ മനസിൽ     എന്റെ അപേക്ഷ തള്ളിക്കളയരുത്, നേരിൽ പറയാൻ മടി ഉള്ളത് കൊണ്ടാണ്  ഈ കത്തെഴുതുന്നത്..ഒരു മറുപടി തരുമോ ഈ ഫയലിൽ വെച്ച് തിരികെ തന്നാൽ മതി....സ്വന്തം...
  യുവ ഉദ്യോഗസ്ഥൻ കത്ത് ഒരു ആവർത്തികൂടി  വായിച്ച് കൊണ്ടിരിക്കുമ്പോൾ നിർഭാഗ്യവശാൽ  മേലുദ്യോഗസ്ഥൻ പുതിയ ആളുടെ പണി നിരീക്ഷിക്കാൻ നിശ്ശബ്ദനായി  പുറകിൽ വന്ന് നിന്ന് ആ കത്ത് പിടിച്ചെടുത്ത് ഉറക്കെ വായിച്ചു. ഹാളിൽ കൂട്ട ചിരി മുഴങ്ങി. സരസനായ അദ്ദേഹം ഉച്ചത്തിൽ വിളിച്ച് പറയുകയും ചെയ്തു  "വിശാലമേ! കരിവള കച്ചവടമെല്ലാം ആഫീസിന് പുറത്ത്...എടാ! കൊച്ചനേ! ജോലിക്ക് വന്നാൽ ജോലി ചെയ്താൽ മതി ,  പ്രേമ ലേഖന ഫയൽ ഒന്നും താൻ നോക്കേണ്ടാ"
പിന്നീട് ആ പെൺകുട്ടി " വിശാലം" എന്ന പേരിൽ അവിടെ അറിയപ്പെട്ടു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് മറ്റൊരു സെക്ഷനിലേക്ക് അവൾ മാറ്റപ്പെട്ടു. പോകുന്നത് വരെ യുവാവിനെ കാണുമ്പോൾ  അവളുടെ മുഖം  മറുഭാഗത്തേക്ക് തിരിക്കും. ആ കത്ത് മേലുദ്യോഗസ്ഥന് താൻ കൈ മാറിയെന്നായിരിക്കും അവൾ കരുതുന്നെതെന്ന് യുവാവിന് തോന്നി.  എന്നാലും പലപ്പോഴുംഅവൾ  എന്തോ അയാളോട്  പറയാനായുന്നത് പോലെ   അയാൾക്ക്  തോന്നും , പക്ഷേ ഒന്നും പറയാതെ അവൾ മാറി പോകും. അയാളോ "മനപൂർവം കത്ത് മേലുദ്യോഗസ്ഥന് കൈ മാറിയതല്ല, താൻ നിരപരാധിയാണെന്നും വെറും  സൗഹൃദം  വെച്ച് പുലർത്തിയിരുന്ന തനിക്ക് ഇങ്ങിനെയൊരു കത്ത് ഫയലി വെച്ച് അവൾ തരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും" അവളോട്  പറയാൻ ഒരുങ്ങും. എന്നിട്ട് ഒന്നും പറയാതെ മാറി പോകും. അങ്ങിനെ കാലങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് പേരും പല സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടു. പിന്നീട് പെൻഷനും പറ്റി സർവീസിൽ നിന്നും പിരിഞ്ഞു  കഴിഞ്ഞ്  രണ്ട് പേരും ഒരു സുഹൃത്തിന്റെ  മകളുടെ വിവാഹ പന്തലിൽ വെച്ച് കണ്ട് മുട്ടിയപ്പോൾ "വിശാല"ത്തിന്റെ കൊച്ച് മകൾ കൂടെ ഉണ്ടായിരുന്നു. രണ്ട് പേരുടെയും മനസിൽ പഴയ പ്രണയ ലേഖനം കടന്ന് പോയിരിക്കാം. അപ്പോഴും അവൾ എന്തോ പറയാൻ ഒരുങ്ങി. അയാളും പണ്ടേ മനസിലുണ്ടായിരുന്ന വാചകം പറയാൻ മുതിർന്നു. പക്ഷേ രണ്ട് പേരും   ഒന്നും പറയാതെ നിശ്ശബ്ദരായി  ആൾക്കൂട്ടത്തെ നോക്കി നിന്നു. എങ്കിലും അവൾ പിരിഞ്ഞ് പോയപ്പോൾ  അയാൾ ഉള്ളിൽ ചോദിച്ചു "അവൾ എന്തായിരിക്കും പറയാൻ ഒരുങ്ങിയത്"?

Monday, November 14, 2016

ലോകാവസാനത്തിന്റെ ലക്ഷണം

 എന്റെ കുഞ്ഞ് പ്രായത്തിൽ ആലപ്പുഴയിലെ വട്ടപ്പള്ളിയിൽ മുസ്ലിം സ്ത്രീകൾ  പകൽ നിരത്തിലിറങ്ങി  സഞ്ചരിക്കില്ലായിരുന്നു. അഥവാ എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ  അന്ന് നിലവിലുണ്ടായിരുന്നതും മനുഷ്യൻ വലിക്കുന്നതുമായ റിക്ഷായിൽ  ടാർപ്പാളിൻ കൊണ്ട് റിക്ഷായുടെ മുൻ ഭാഗം മറച്ച് അതിനുള്ളിലിരുന്നാണ്` പോയിരുന്നത്. അങ്ങിനെയുള്ള കാലത്ത് ഒരു ദിവസം വട്ടപ്പള്ളിയിൽ പുതിയതായി താമസിക്കാനെത്തിയ  ഒരുപരിഷ്കാരി പെണ്ണ്  സക്കര്യാ ബസാറിൽ നിന്നും വട്ടപ്പള്ളി റോഡിലൂടെ സൈക്കിൾ ചവിട്ടി മുന്നോട്ട് പോയി. ഈ കാഴ്ച കണ്ട  പള്ളിയിലെ മുസലിയാർ  അടുത്ത് നിന്നവരോട് പറഞ്ഞു. " അജായിബിൽ അജായിബ്" (അതിശയത്തിന്മേൽ അതിശയം) വട്ടത്തിൽ കറങ്ങുമ്പോൾ നീളത്തിൽ പോകുന്ന  സൈക്കിൾ പെണ്ണുങ്ങൾ ഓടിക്കുകയോ! അതും ഔറത്ത് (നഗ്നത) കണംകാല് വരെ കാണിച്ച്...ഇത് .... ഖിയാമം നാൾ (ലോകാവസാനം)  ഉടനെ വരുന്നു എന്ന ലക്ഷണമാണ്.....
ഏതായാലും മുസലിയാർ ഭയന്നത് പോലെ  ഖിയാമം നാൾ ഇത് വരെ വന്നില്ല. സൈക്കിൾ വലിച്ചെറിഞ്ഞ് പെണ്ണുങ്ങൾ സ്കൂട്ടറിലായി, കാറിലായി , വിമാനത്തിലുമായി.
 ഇതിത്രയും ഇവിടെ കുറിക്കാൻ കാരണം   ആളൊഴിഞ്ഞ  നിരത്തിലൂടെ ഞാൻ ഇന്നത്തെ പ്രഭാത സവാരി തുടരവേ എതിർ ദിശയിൽ നിന്നും ഒരു ലലനാമണി  ശര വേഗത്തിൽ സ്കൂട്ടറിൽ എന്റെ നേരെ പാഞ്ഞ് വരുന്ന  കാഴ്ച കണ്ടു.. സ്കൂട്ടർ അടുത്ത കാലത്ത് പഠിച്ചതാണെന്ന് ഒറ്റ നോട്ടത്തിൽ  മനസിലാക്കാൻ കഴിയുന്ന വിധത്തിലാണ് ആ വരവ്. ലക്കും ലഗാനുമില്ലാത്ത ആ വരവിലൂടെ  എന്നെ ഇടിച്ചിടുമെന്ന മനസിലായ ആ നിമിഷത്തിൽ ഞാൻ  നിരത്തിൽ നിന്നും അടുത്ത് കണ്ട പുൽക്കൂട്ടത്തിലേക്ക് ചാടി തടി സലാമത്താക്കി. പക്ഷേ എന്റെ സമനില നിലനിർത്താൻ സാധിക്കാത്തതിനാൽ പുല്ലിന് മുകളിലേക്ക് ചരിയുകയും ചെയ്തു. ഞാൻ ചരിയുന്നത് കണ്ടിട്ടും  ലലനാമണി നമ്മളെ  തൃണവൽഗണിച്ച് അരവരെ വെട്ടിയിറക്കിയ ചൂരീദാറിന്റെ ഫോൾഡർ കാറ്റത്ത് കൊടി പോലെ പറപ്പിച്ച്  സ്ഥൂല നിതംബം പുറകോട്ട് തള്ളിപിടിച്ച് സ്കൂട്ടർ അടിച്ച് വിട്ട് പോകുന്നതാണ് തോളിൽ പറ്റിയ മണ്ണ്  തട്ടിക്കുടഞ്ഞെഴുന്നേറ്റ എനിക്ക് കാണാൻ സാധിച്ചത്.
എന്റെ ഉള്ളിലേക്ക്  ആ മുസലിയാർ കടന്ന് വന്നു. ഞാൻ കൈകൾ മുകളിലേക്ക് ഉയർത്തി ` അറിയാതെ ചോദിച്ച് പോയി. "ഖിയാമം നാളിന്റെ (ലോകാവസാനം) അടയാളമാണോ തമ്പുരാനേ ഞാൻ കണ്ടത്?!!!

Friday, November 11, 2016

കുടുംബ കോടതിയിലെ കുഞ്ഞ്

കുടുംബ കോടതി കേസുകളിൽ ഏറ്റവും  വേദനാജനകവും ഏറ്റവും സംഭ്രമജനകവുമായ  വസ്തുത  കുഞ്ഞുങ്ങളെ  മാതാവിനെ/പിതാവിനെ കാണാൻ  അനുവദിച്ചിട്ടുള്ള  ഹർജികളിലെ നടപടി ക്രമങ്ങളാണ്. കുഞ്ഞുങ്ങളെ കോടതിയിൽ വെച്ച് കാണാനും കുറേ നേരം പരിപാലിക്കാനും ലാളിക്കാനും  ഒന്നോ രണ്ടോ മണിക്കൂർ നേരം കോടതി മേൽ പറഞ്ഞ ഹർജിയിൽ  അനുവാദം നൽകാറുണ്ട്. കുഞ്ഞുങ്ങൾ കസ്റ്റഡിയിൽ ഉള്ള കക്ഷി ( അത് അഛനാകാം അമ്മയാകാം ) അവരെ ശിരസ്തദാറുടെ മുമ്പിൽ ഹാജരാക്കുന്നു. ലാളിക്കാൻ അനുവാദമുള്ള കക്ഷി (അത് അഛനാകാം അമ്മയാകാം) അവിടെ കാത്ത് നിൽപ്പുണ്ടാകും. അവർ അതിനെ ഏറ്റെടുക്കുന്നു, എന്നിട്ട് ദൂരത്തേക്ക് കൊണ്ട് പോകുന്നു ലാളിക്കാൻ ശ്രമിക്കുന്നു.
 തൊട്ട് മുമ്പ് വരെയും ഈ കുഞ്ഞ് കസ്റ്റഡിയിൽ ഉള്ള  അഛൻ/അമ്മ കുട്ടിയെ     ഏറ്റെടുക്കുന്ന അമ്മയെ/ അഛനെ പറ്റി കുട്ടിയോട് അപ്രിയങ്ങളായ കാര്യങ്ങളാണ് പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നത് . മോനേ! മോനെ  അഛൻ എടുക്കുമ്പോൾ മോൻ  ഉച്ചത്തിൽ കരയണം, എനിക്ക് അഛനെ  കാണെണ്ടാ , എന്നെ തൊടേണ്ടാ എന്നൊക്കെ പറയണം എന്ന് അമ്മ പറഞ്ഞ് കൊടുത്തിരിക്കും. കാരണം അതി ശത്രുതയിലും വൈരാഗ്യത്തിലുമായിരിക്കും ആ അഛനും അമ്മയും  വേർപിരിഞ്ഞിരിക്കുന്നത്.  അഥവാ വേർപാടിന്റെ അയലത്ത് എത്തി ചേർന്നിരിക്കുന്നത് .  അപ്പോൾ എതിർ കക്ഷിയെ പറ്റി നല്ല വാക്ക് അവരുടെ വായിൽ നിന്ന് വരുന്നത് അപൂർവമായിരിക്കും. കുട്ടി അഛന്റെ സ്നേഹത്തിന് വഴങ്ങണോ എതിർക്കണോ എന്ന സംഘർഷത്തിലാകും. അത് അനുഭവിക്കുന്ന കുഞ്ഞിന്റെ മാനസിക നില സംഭ്രമജനകം തന്നെയാണെന്ന് അവന്റെ മനസിലൂടെ ചിന്തിച്ചാൽ എളുപ്പത്തിൽ മനസിലാക്കാവുന്നതേ ഉള്ളൂ.
ഇത് ആർ ചിന്തിക്കാൻ?! അത് ഒരു മനുഷ്യ കുഞ്ഞാണെന്നും അതിന് കാര്യങ്ങൾ മനസിലാക്കാനുള്ള ത്രാണി ഉണ്ടെന്നും   അതിനെ അങ്ങിനെ മാറിയും തിരിഞ്ഞും തട്ടിക്കളിക്കാനുള്ളതല്ലഎന്നും ആരാണ് ചിന്തിക്കുക?  ഇരു കൂട്ടരും ആ കുഞ്ഞിന്റെ മനസിന് സംഘർഷത്തിന്റെ പാത കാട്ടിക്കൊടുക്കാതെ സ്നേഹത്തിന്റെ പാത കാട്ടികൊടുക്കുന്നതാണ് കുഞ്ഞിന് പ്രിയമെന്നും ആര് മനസിലാക്കാനാണ്.
ഇരു കൂട്ടർക്കും ജയിക്കണമെന്ന വാശിയിലാണല്ലോ, അതിനിടയിൽ ആ പിശാചുക്കൾക്ക് കുഞ്ഞിന്റെ വേദനയെ പറ്റി ചിന്തിക്കാൻ എവിടെ നേരം?

Sunday, November 6, 2016

ഭക്ഷണവും ക്യാൻസറും

ചിലർ പറഞ്ഞു  ചക്കക്കുരുവിന്റെ പുറത്തെ പാട  ക്യാൻസർ പ്രതിരോധത്തിന് ഉത്തമമെന്ന്. വേറെ ചിലർ പറഞ്ഞു പച്ച ചക്ക ആഹരിക്കുന്നത് തന്നെ  ക്യാൻസറിനെ തടയുമെന്ന്. ഇനിയും ചിലർ മുള്ളൻ ചക്ക   ക്യാൻസറിന് അത്യുത്തമമെന്ന് ( ഇത് മറ്റ് പേരുകളിൽ ഇതര സ്ഥലങ്ങളിൽ അറിയപ്പെടുന്നു, വിലയും    കൂടുതലാണ്)  അനുഭവസ്തർ പറയുന്നു  കോവക്ക പ്രകൃതിയിലെ ഇൻസുലിനാണെന്ന്  തുളസി അണുബാധക്ക് അത്യുത്തമമെന്നതിന് ആർക്കും അഭിപ്രായ  വ്യത്യാസമില്ല. ആടലോടകവും പനിനീർകൂർക്കയും (ഞവര ഇല)  കുഞ്ഞുങ്ങളുടെ ചുമക്ക് "പഷ്ടെന്ന്" പക്ഷാന്തരമില്ല . ഇഞ്ചി ദഹനത്തിന് അത്യുഗ്രൻ. വെളി സ്ഥലങ്ങളിൽ ( അങ്ങിനെ ഇപ്പോൾ സ്ഥലമുണ്ടെങ്കിൽ) നിൽക്കുന്ന എരിക്കിൻ ഇല ചൂടാക്കി കാൽ മുട്ടിൽ വെച്ചാൽ ഒരു വിധത്തിലുള്ള  വേദനകൾ പമ്പ കടക്കും. ഇളനീർ അത്യുദാരമായി ഊർജം പ്രദാനം ചെയ്യുന്നു.ചുരുക്കത്തിൽ പ്രകൃതിയിൽ നാലു ചുറ്റും  കാണുന്ന എന്തും  സൂര്യ പ്രകാശം ഉൾപ്പടെ നമുക്ക് അനുഭവിപ്പാനും ഉപയോഗിപ്പാനുമായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന സത്യം വർഷാന്തരങ്ങളായി അനുഭങ്ങളാൽ സ്ഥിതീകരിക്കപ്പെട്ടത്  തന്നെയാണല്ലോ. . നമ്മൾ ചക്കയും മാങ്ങയും കപ്പയും മത്തനും ചേമ്പും ചേനയുമുപേക്ഷിച്ച് അല്ലെങ്കിൽ അതിനെല്ലാം അപരിഷ്കൃത കൽപ്പിച്ച് അകറ്റിയപ്പോൾ രോഗം നമ്മുടെ കൂടപ്പിറപ്പായി. ചക്കയും കപ്പയും പുഴുങ്ങി തിന്നുക, മത്തനില തോരൻ വെച്ച് കൂട്ടുക... ഛീ!  നിങ്ങളെന്ത് കാടനാണ്?! കൊണ്ട് വാ ഷവർമാ, പിസ്താ...ഷാർജാ സർബത്ത്... ബേക്കറി സാധനങ്ങൾ... ഹാർമോൺ കുത്തി വെച്ച് വളർത്തപ്പെട്ട കോഴി ഇറച്ചി. അതാണ് പരിഷ്കൃത  ആഹാരങ്ങൾ.  എന്നിട്ട് ക്യാൻസറും  കിഡ്നിയും രോഗങ്ങളെ പറ്റി ആവലാതിപ്പെടുകയും.
   നാലു ചുറ്റും നിരീക്ഷിച്ച്  അനുഭവങ്ങൾ ഉൾക്കൊണ്ട് നിങ്ങൾ    പ്രകൃതിയിലേക്ക് മടങ്ങുക, രോഗവിമുക്തരാകുക..

Friday, October 28, 2016

പെണ്ണും ഒളിച്ചോട്ടവും

മാതാപിതാക്കൾ പെൺകുഞ്ഞിനെ  പൊൻ കുഞ്ഞായി തന്നെ വളർത്തുന്നു. ചെറുപ്പത്തിൽ കുളിപ്പിച്ച് കണ്ണെഴുതി പൊട്ട് തൊട്ട്, കയ്യോ കാലോ വളരുന്നത് എന്ന് ആകാംക്ഷയോടെ നിരീക്ഷിച്ച്  ബാല്യവും കൗമാരവും കഴിഞ്ഞ് യൗവനം എത്തുമ്പോൾ  അവളുടെ ഭാവി ജീവിതത്തെ പറ്റി സ്വപ്നം കാണാൻ ആരംഭിക്കും. എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങൾ ആ മകളെ പറ്റി നെയ്തു കൂട്ടുന്നു. സ്നേഹവും വാൽസല്യവും കൊണ്ട് അവളെ വീർപ്പ് മുട്ടിക്കുമ്പോഴൊക്കെ അവൾക്ക് മാതാപിതാക്കൾ കൺ കണ്ട ദൈവങ്ങൾ തന്നെയാണ്. അങ്ങിനെ ഇരിക്കവേ ഒരു ദിവസം ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ അവൾ മാതാപിതാക്കളെയും കൂടപ്പിറവികളെയും ഉപേക്ഷിച്ച്  ഇറങ്ങി പോകുമ്പോൾ ആ മാതാപിതാക്കൾക്ക്  അവൾ നമ്മളെ ഉപേക്ഷിച്ച് പോയി എന്ന സത്യം ഉൾക്കൊള്ളാനാവാതെ വിറങ്ങലിച്ചു നിൽക്കാനേ കഴിയൂ. 
അവളുടെ ഭാവിയും ആരുടെ കൂടെയാണ് അവൾ ജീവിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതും അവളാണ് എന്നൊക്കെയുള്ള  ആ വെറും വാക്കുകളെ  അവഗണിച്ച് അവൾ ഇന്നലെ വരെ സഹകരിച്ച് കഴിഞ്ഞ ആ മനുഷ്യാത്മാക്കളെ പറ്റി ഒരു നിമിഷം ചിന്തിക്കേണ്ടതല്ലേ? അനുഭവവും ലോകപരിചയവും പള്ളിക്കൂടത്തിൽ നിന്നും ലഭിച്ച വിദ്യാഭ്യാസത്തേക്കാളും നമുക്ക് മാർഗദർശനം നൽകും. അത് കൊണ്ടായിരിക്കാം മാതാപിതാക്കൾ ഒരു പക്ഷേ    അവളുടെ ആഗ്രഹത്തിന് എതിര് നിന്നത്. അവന്റെ കൂടെ പോയാൽ അവളുടെ ജീവിതം ഇരുളടയും എന്ന് അവർ ഭയക്കുന്നുണ്ടാവാം. പക്ഷേ അതിലെല്ലാമുപരി ഒരു പനി വന്നാൽ പോലും ഉണ്ണാതെ ഉറങ്ങാതെ അവൾക്ക് കാവലിരുന്ന് " ഹൃദയം കൊടുത്ത് ഞാൻ സ്നേഹിച്ച മകൾക്ക് എങ്ങിനെ  എന്നെ ഒഴിവാക്കാൻ കഴിയുന്നു" എന്ന ചിന്ത ആയിരിക്കാം  അവരെ കൂടുതൽ വേദനിപ്പിക്കുന്നത്.  ഇതിത്രയും എഴുതുന്നത് ഞാൻ താമസിക്കുന്ന  പ്രദേശത്ത് നിന്നും ഈ മാസത്തിൽ ചില  പെൺകുട്ടികൾ  അവരുടെ ഹിതാനുസരണമുള്ള യുവാക്കളോടൊപ്പം ഇറങ്ങി പോയപ്പോൾ ആ മാതാപിതാക്കൾ അനുഭവിച്ച  വേദനയും നാണക്കേടും കണ്ടത് കൊണ്ടാണ്. ആ മാതാപിതാക്കൾ അവളോട് ഒരു തെറ്റും ചെയ്തിരുന്നില്ലല്ലോ. ഇവിടെ മാത്രമല്ല ഒരു പക്ഷേ നാട്ടിൽ പരക്കെ ഇങ്ങിനെ ഒക്കെ സംഭവിക്കുന്നുണ്ടാവാം. പണ്ട് അപൂർവമായി സംഭവിച്ചിരുന്നത് ഇന്ന് പരക്കെ സംഭവിക്കുന്നു.
പ്രണയം പരിപാവനമാണ്. ജീവിതത്തിൽ ഒരു തവണയെങ്കിലും പ്രണയിക്കാത്തവർ ചുരുക്കം. ജീവൻ കൊടുത്തും പ്രണയിച്ചവർ  തന്റെ മാതാപിതാക്കളുടെ കണ്ണീർ കണ്ട് പിൻ തിരിഞ്ഞ കഥകൾ ധാരാളം നമുക്ക് ചുറ്റുമുണ്ട്. ദിവ്യമായ പ്രണയം  ദിവ്യമായ സ്നേഹവും തിരിച്ചറിയും. മാതാപിതാക്കളോടുള്ള ദിവ്യമായ  സ്നേഹത്താൽ ദിവ്യമായ പ്രണയത്താൽ താൻ ആരാധിച്ചിരുന്ന  കമിതാവിനെ ഉപേക്ഷിക്കാൻ തയാറെടുക്കുമ്പോഴാണ് നമ്മുടെ ഔന്നിത്യം  വർദ്ധിക്കുന്നത്. പക്ഷേ ഇന്നത്തെ തലമുറ അത് മനസിലാക്കുന്നില്ല.ഇന്ന് കണ്ടവന്റെ  പുറകെ ഇറങ്ങി തിരിക്കുമ്പോൾ  അവരുടെ കാലിനെ നനച്ചത്  സ്വന്തം മാതാപിതാക്കളുടെ കണ്ണീർ ചാലായിരുന്നു എന്ന സത്യം അവർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ.

Tuesday, October 25, 2016

കടുത്ത ശിക്ഷ

മുൻ മുഖ്യ മന്ത്രി  ഉമ്മൻ ചാണ്ടിയെ  ശിക്ഷിച്ചു എന്ന് ദേശാഭിമാനി  ദിനപ്പത്രത്തിൽ ചുവന്ന നിറത്തിലെ മത്തങ്ങാ തലക്കെട്ടിൽ മുൻ പേജിൽ  ഇന്ന് കാണപ്പെട്ടു. മറ്റ് പത്രങ്ങളും പരതി വായിച്ചപ്പോൾ  ഇതര പത്രങ്ങളിൽ മിക്കതും  സോളാർ കേസിൽ  ഉമ്മൻ ചാണ്ടി 1.60 കോടി നൽകണം എന്നായിരുന്നു തലക്കെട്ട്.   സോളാർ പദ്ധതിയുടെ പേരിൽ  1 കോടി 35 ലക്ഷം രൂപാ തട്ടിയെന്ന് ആരോപിച്ച്  കോട്ടയം ഉഴവൂർ സ്വദേശി എം.കെ.കുരുവിള നൽകിയ കേസിൽ 12 ശതമാനം പലിശ സഹിതം എതിർ കക്ഷികളിൽ നിന്നും ഈടാക്കാനായി ബംഗ്ലൂരിലെ ജില്ലാ കോടതിയിൽ നിന്നും ഉണ്ടായ ഉത്തരവാണ്  ദേശാഭിമാനിയുടെ ശിക്ഷക്ക് പാത്രീഭവിച്ചത്.  അതും ഈ വിധി വെറും എക്സ് പാർട്ടി ഉത്തരവ് മാത്രമാണെന്നുള്ളിടത്താണ് ഈ ശിക്ഷാ പ്രയോഗം  രസകരമായി അനുഭവപ്പെട്ടത്. കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനെയോ
 ഹാജരായി തന്റെ ഭാഗം പത്രികയും തെളിവും ഹാജരാക്കാനായി എതിർ കക്ഷിയോട്  ആവശ്യപ്പെട്ട്  കോടതിയിൽ നിന്നും അയക്കുന്ന സമൻസുകളെ ടിയാൻ  അവഗണിക്കുകയും അഥവാ ഹാജരായി വക്കാലത്തും ഫയൽ ചെയ്ത് കഴിഞ്ഞ്  പിന്നീട് കേസ് അവധിക്ക്  എതിർ കക്ഷി ഹാജരാകാതിരിക്കുകയും ചെയ്താൽ  ടിയാനെ കൂടാതെ ആവലാതിക്കാരന്റെ പ്രാർത്ഥനകൾ അനുസരിച്ച് മാത്രം  നൽകുന്ന വിധിയാണ് എക്സ്പാർട്ടി ഉത്തരവ്. ഇത് ഒരു സിവിൽ കോടതി വിധി മാത്രം. ക്ലിപ്ത കാലാവധിക്കുള്ളിൽ ഈ എക്സ് പാർട്ടി ഉത്തരവ് അസ്ഥിരപ്പെടുത്താൻ മതിയായ കാരണങ്ങൾ ഉന്നയിച്ച്  തന്റെ അഭാവത്തെ ന്യായീകരിച്ച്  എതിർകക്ഷി അപേക്ഷ നൽകിയാൽ കാരണങ്ങൾ ത്രിപ്തിപ്പെട്ട്  ആ ജഡ്ജിക്ക് തന്നെ തന്റെ ഈ   വിധി ദുർബലപ്പെടുത്തി കേസ് വീണ്ടും ഫയലിൽ എടുക്കാവുന്നതേയുള്ളൂ.നമ്മുടെ നാട്ടിലെ സിവിൽ കോടതികളിൽ ദിനേന നടന്ന് കൊണ്ടിരിക്കുന്ന  ഒരു നടപടിക്രമം മാത്രമാണിത്.
ഒരു വ്യക്തിയെ ശിക്ഷിക്കുന്നത്  തടവോ പിഴയോ ചുമത്തി വിധി ഉണ്ടാകുമ്പോഴാണ്. ഇവിടെ അതുണ്ടായിട്ടില്ല. വാദിആവശ്യപ്പെട്ട പ്രകാരം അയാൾക്ക് നഷടമായെന്ന് ആരോപിക്കപ്പെടുന്ന തുക പ്രതിയിൽ നിന്നോ പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്നോ ഈടാക്കി എടുക്കാനുള്ള ഒരു ഉത്തരവാണ് ഏകപക്ഷീയമായി ഉണ്ടായിട്ടുള്ളത്. കേസിന്റെ മെറിറ്റിലേക്ക് ഇവിടെ കടക്കുന്നില്ല. പ്രചുര പ്രചാരമുള്ള ഒരു ദിനപ്പത്രത്തിന്റെ തലപ്പത്തിരിക്കുന്നവർക്ക് ഈ വിവരം അറിയാഞ്ഞിട്ടല്ല.
 പക..കടുത്ത പക...എതിരാളിയോടുള്ള വന്യമായ പക. കിട്ടുന്ന വടിയെടുത്ത് എതിരാളിയെ തല്ലി താഴെയിടണമെന്നുള്ള പക മാത്രം. ഇതിന്റെ പേർ പത്ര ധർമ്മം എന്നല്ല, പത്ര ആഭാസം എന്നാണ്

Sunday, October 23, 2016

യൂറോപ്പ് ടൂറും മറഡോണായും

ബോബി ചെമ്മണ്ണൂരിന്റെ സ്വർണാഭരണ ശാലയുടെ ശാഖ കൊട്ടാരക്കരയിൽ തുറക്കുന്നുവെന്ന് ഇന്നത്തെ  പത്രങ്ങളിൽ ഫുൾ പേജ് പരസ്യമായി വന്നിരുന്നു. മധുവും  ഷീലയും പരീക്കുട്ടിയായും കറുത്തമ്മയായും വർണിച്ച് അവർ പരസ്യത്തിൽ ചേർത്തത് പരസ്യത്തിന്റെ മാറ്റ് കൂട്ടുവാനായിരിക്കാം. അവർ വന്നോട്ടെ പൊയ്ക്കോട്ടേ! കനത്ത ഫീസ് കിട്ടുന്നതിനാൽ അത് അവരുടെ കാര്യം. പണിക്കുറവില്ലാതെയും പണിക്കൂലി ഇല്ലാതെയും ആഭരണങ്ങൾ തരുന്നു എന്നതു  ചെമ്മണ്ണൂർ ബോബിച്ചായൻ നമ്മുടെ അമ്മായി അപ്പൻ അല്ലാത്തതിനാൽ  മറ്റെന്തെങ്കിലും  ലാഭം  ഉണ്ടാക്കാനുള്ള വ്യാപാര തന്ത്രമാണെന്നും കണക്ക് കൂട്ടാം. ആഭരണ ശാലയുടെ ഉദ്ഘാടനം നടത്തുന്നത് കൊട്ടാരക്കാരുടെ  പട്ടിണി മാറ്റാനായിരിക്കാം എന്ന തെറ്റായ ധാരണയും നമുക്കില്ലായിരിക്കാം. ഇതെല്ലാം സഹിക്കാം, പക്ഷേ പരസ്യത്തിലെ മറ്റൊരു ഭാഗം വായിച്ചപ്പോൾ മലയാളികൾ ഇത്രക്ക് പുങ്കന്മാരാണെന്നാണോ ഈ  അച്ചായന്റെ ധാരണ എന്നത് സഹിക്കാൻ കഴിഞ്ഞില്ല.  അതായത് ഈ സ്വർണക്കടയിൽ നിന്നും  ആഭരണം വാങ്ങുന്ന ഏതൊരുവനും യൂറോപ്പ് യാത്ര നടത്തിയാൽ  കാൽ പന്ത് കളിക്കാരൻ മറഡോണായുമായിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ലഭിക്കുമത്രേ!. അതായത് മ്മക്ക്  ആ വിദ്വാനോടൊപ്പം കഞ്ഞി മോന്താൻ ആദ്യം ബോബി ചെമ്മണ്ണൂർ വക ആഭരണക്കടയിൽ നിന്നും നമ്മൾ നമ്മുടെ പൈസാ  കൊടുത്ത്  ആഭരണം വാങ്ങി പിന്നെ നമ്മുടെ പൈസാ മുടക്കി യൂറോപ്പ് ടൂർ സംഘടിപ്പിച്ച്  അവിടെ ചെന്നാൽ കൂടിരുന്ന് ചട്ടിയിൽ കഞ്ഞി മോന്താമത്രേ! 10 ദിവസം അടുപ്പിച്ച് മല്ലൂസ് യൂറോപ്പ് യാത്ര നടത്തിയാൽ ഈ 10 ദിവസവും മറഡോണാ സായു  നുമ്മ മലയാളികളുമായി ഡിന്നർ മേശ പങ്കിടാൻ സമയം കണ്ടെത്തുമെന്ന്. ഒരു ഉളുപ്പുമില്ലാതെ കച്ചവട തന്ത്രങ്ങൾ ഇറക്കുമ്പോൾ അതിൽ വീഴാൻ തക്ക വിധം ഇത്രക്കും വട്ട് പിടിച്ചവരാണ് മലയാളികളെന്നാണോ ഈ കച്ചവടക്കാർ കരുതുന്നത്?

Wednesday, October 19, 2016

ഡോക്ടറും കൂലിവേലക്കാരനും

ഞാൻ താമസിക്കുന്ന ഈ  ചെറിയ പ്രദേശത്ത് മാത്രം പത്തോളം മെഡിസിന്   പഠിക്കുന്ന വിദ്യാർത്ഥികളും അതിന് തുല്യം  എഞ്ജിനീ  യറിംഗ് വിദ്യാർത്ഥികളും  ഉണ്ടെന്ന് ഒരു സ്നേഹിതനുമായുള്ള സൗഹൃദ സംസാരത്തിനിടയിൽ  അറിഞ്ഞപ്പോൾ അതിശയിച്ച് പോയി.അപ്പോൾ ഈ ചെറിയ നഗരത്തിൽ എത്ര പേർ മെഡിസിനും എഞ്ജിനീയറിംഗിനും  പഠിക്കുന്നുണ്ടാവും?! കേരളത്തിൽ മൊത്തമായി എടുത്താൽ ഇത് തന്നെ  സ്ഥിതി വിശേഷം.
 സ്വാശ്രയ കോളേജുകളിൽ 60 മുതൽ 75 ലക്ഷം വരെ കൊടുത്താണ് മെഡിസിന് സീറ്റ് തരപ്പെടുത്തുന്നതത്രേ!  നാം പ്രൈമറി സ്കൂളിൽ കൊച്ച് കുട്ടികളോട് പോലും നിങ്ങൾ  ആരാകണമെന്ന  ചോദ്യത്തിന് ഡോക്ടറാകണം, എഞ്ജിനീയറാകണം, കളക്ടറാകണം, പോലീസ് ഓഫീസറാകണം  ഈ മറുപടികളാണ് ഇപ്പോൾ കിട്ടുന്നത് മെഡിസിൻ ബിരുദവും കരസ്ഥമാക്കി വർഷം തോറും  മലവെള്ള പാച്ചിൽ പോലെ ഇത്രയേറെ ഭിഷഗ്വരന്മാരെ  സൃഷ്ടിച്ച് വിടുമ്പോൾ അവർക്കുള്ള ജോലി കൂടി കണ്ട് വെക്കണമല്ലോ. അത് മരുന്ന് കമ്പനികൾ  വൈറസിനെ ഇറക്കിയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലോ  രോഗികളെ സൃഷ്ടിക്കുമായിരിക്കും. ഇപ്പോൾ തന്നെ ഡെങ്കി, മങ്കി, ചിക്കൻ, എലി, പന്നി, പക്ഷി,  ഇത്യാദി പനികൾ ഇവിടെ സുലഭമായിരിക്കുന്നു. മൺസൂൺ മഴ വരുന്നത് പോലെ എല്ലാ വർഷത്തിലും കൃത്യമായി  ഈ വക അസുഖങ്ങൾ ഇവിടെ സന്ദർശിക്കുന്നുമുണ്ട്. കുറച്ച് കാലം കൂടി കഴിയുമ്പോൾ പുതിയത് പുതിയത് വരുമായിരിക്കും.  ബേക്കറികൾ വർദ്ധിക്കുന്നതോടെ  മെഡിക്കൽ സ്റ്റോറും കൂടുമല്ലോ.
 പക്ഷേ  ഇരുപത്തഞ്ച് വർഷം കഴിയുമ്പൊൾ വലിയൊരു ഭീഷണി നമ്മൾ നേരിടേണ്ടി വരുമെന്നത് തീർച്ച. ഓരോ വീട്ടിലും ഒരു ഡോക്ടറും ഒരു എഞ്ജിനീയറും/ കളക്ടറും, പോലീസ് ഓഫീസറും കാണുമായിരിക്കാം. പക്ഷേ മഷിയിട്ട് നോക്കിയാൽ ഒരു കൂലി വേലക്കാരനെ കിട്ടില്ല. ഇപ്പോൾ തന്നെ ഒരു  എലി ചത്താൽ കുഴിച്ചിടാനോ കക്കൂസ കുഴി നിറഞ്ഞത് കോരി കളയാനോ ബംഗാളിയും ആസാമീസുമാണ് ശരണം. ഇരുപത്തഞ്ച് കൊല്ലം കഴിയുമ്പോൾ അവരുടെ നാട്ടിലും സൗജന്യ റേഷനും ഇലക്ഷൻ സമ്മാനമായി ടി.വി.യും മറ്റും കിട്ടി സ്വയം പര്യാപ്തമാകുമ്പോൾ തമിഴന്മാരെ പോലെ അവരുടെ നാട്ടിൽ തന്നെ ടി.വി.യുടെ മുമ്പിൽ മയങ്ങി ഇരുന്നോളും. അന്ന് ഈ ഡോക്ടറന്മാരും കളക്ടറന്മാരും  കൂലി വേലക്കാരൻ ഓഫീസിട്ട് ഇരിക്കുന്നിടത്ത് ക്യൂ നിൽക്കും. കൂലി വേലക്കാരൻ ഇന്ന് ഡോക്ടറന്മാർ ഗമയിൽ ഇരുന്ന് തുണ്ട് എഴുതുന്നത് പോലെ  ക്യൂവിൽ നിൽക്കുന്നവർക്ക്  തുണ്ട് എഴുതി തീയതി അനുവദിക്കും, ഇത്രാം തീയതി നാം നിങ്ങളുടെ വീട് സന്ദർശിച്ച് ഉദ്ദിഷ്ട കാര്യം നിർവഹിക്കുന്നതായിരിക്കും എന്ന് ഉത്തരവിറക്കും. ഡോക്ടറന്മാർ ആ ഉത്തരവ് ശിരസാ വഹിച്ച് കൂലി വേലക്കാരൻ വരാമെന്ന് തീയതി പ്രതീക്ഷിച്ച് കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുമെന്ന് തീർച്ച.

Monday, October 17, 2016

ഞങ്ങളുടെ സിനാൻ

 
അടുത്ത കാലത്ത് ഉണ്ടായ  സിനാന്റെ   ആശുപത്രി വാസം  ഞങ്ങളെ പരിഭ്രാന്തരാക്കിയെങ്കിലും  അവിടന്ന് പോന്നതിന് ശേഷം ഇപ്പോൾ കാണപ്പെടുന്ന  അവന്റെ പ്രസന്നത ഞങ്ങളെ അതിയായി സന്തോഷിപ്പിക്കുന്നു. പ്രാർത്ഥനകളാൽ മുകളിൽ ഇരിക്കുന്നവൻ  കനിഞ്ഞത് കൊണ്ട് 30 സെക്കന്റ് വരെ  പരസഹായം കൂടാതെ  നിൽക്കാനിപ്പോൾ  അവന് കഴിയുന്നുണ്ട്. ആ ദയാവാരിധി ഇനിയും കനിയുമ്പോൾ കൂടുതൽ കൂടുതൽ പുരോഗമനം അവന്റെ  ജീവിതത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. പ്രതീക്ഷയാണല്ലോ എപ്പോഴും ജീവിതത്തിൽ വെളിച്ചം നൽകുന്നത്. പ്രസവാനന്തരം  സ്വകാര്യ ആശുപത്രിയിലെ ഇങ്ക്വിബേറ്ററിലെ മൂന്ന് ദിവസത്തെ ജീവിത കാലത്ത് ഡോക്ടറുടെ  അശ്രദ്ധ  അവന്റെ തലച്ചോറിലെ  വെയിനിന് ഹാനി വരുത്തുകയും തൽഫലമായി അവന്റെ  കൃമാനുസരണമുള്ള വളർച്ചയെ മന്ദീഭവിപ്പിക്കുകയും ചെയ്തു.
സിനാനെ പോലുള്ള കുട്ടികൾ ലോകത്തിൽ  ഇനിയും ഉണ്ടായേക്കാം  അവരുടെ അനുഭവങ്ങൾ , ചികിൽസ, പരിഹാര മാർഗങ്ങൾ പങ്ക് വെക്കാൻ ഏറെയുണ്ടാകും, അതിനാലാണ്  വ്യക്തിപരമായ വിഷയങ്ങൾ എപ്പോഴുമെപ്പോഴും പോസ്റ്റ് ചെയ്യുന്നത്.

Saturday, October 15, 2016

പത്രക്കാരും അഭിഭാഷകരും

കോടതിയുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് പത്ര പ്രവർത്തകർക്ക് യാതൊരു തടസ്സവും ഏർപ്പെടുത്തിയിട്ടില്ല എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി രജിസ്റ്റാർ അറിയിച്ചിരിക്കുന്നതായി പത്ര വാർത്ത.
കോടതിയിലെത്തിയ പത്ര പ്രവർത്തകരെ  അവരുടെ ജോലി തടസ്സപ്പെടുത്തി കോടതിയിൽ നിന്നും അഭിഭാഷകർ ബലമായി  തിരിച്ചയച്ചു  എന്ന്  തിരുവനന്തപുരം കോടതിയിൽ നടന്നതായി പറയപ്പെടുന്ന  സംഭവം  റിപ്പോർട്ട് ചെയ്ത് വന്നതും  ഇതേ ദിവസത്തെ പത്രത്തിൽ തന്നെ.
കോടതിയിലെ വാർത്തകൾ തമസ്കരിക്കുന്നത് മൂലം പൊതുജനങ്ങളുടെ അറിയാനുള്ള അവകാശം ഹനിക്കപ്പെടുന്നതായി അഭിഭാഷകനും  ചാനലിലെ സ്ഥിരം  സാന്നിദ്ധ്യക്കാരനുമായ സബാസ്റ്റ്യൻ പോൾ.
 യു.ഡി.എഫിലെ തലമൂത്ത നേതാക്കളെല്ലാം  പത്രക്കാർക്ക് പിൻ തുണയായുണ്ട്. (ഈ പത്രക്കാർക്ക് അവരെ പ്രതി പക്ഷത്തിരുത്തിയതിൽ മുഖ്യ പങ്ക് ഉണ്ടായിരുന്നു എന്നത് ഭരണ കക്ഷിയോടുള്ള അതി  വൈരാഗ്യത്താൽ അവർ മറന്നിരിക്കുന്നു എന്നതാണ് രസകരം)
ജനങ്ങളുടെ  അറിയാനുള്ള  അവകാശം ഹനിക്കപ്പെടുന്നത്  ഈ ജനാധിപത്യ യുഗത്തിൽ പൊറുക്കാനാവാത്ത തെറ്റാണ്. എങ്കിൽ  അതേ ജനങ്ങൾക്ക്  മറ്റൊരു കാര്യം അറിയാനുള്ള അവകാശം ഉണ്ട്, അത് പത്രക്കാർ തമസ്കരിച്ചിരിക്കുന്നു എന്നത്  പരമ സത്യം. അതായത് കഴിഞ്ഞ ജൂലൈ മുതലുള്ള ഈ കലാ പരിപാടിയിൽ   എതിർ കക്ഷിയായ അഭിഭാഷകർക്ക്  എന്താണ് പറയാനുള്ളത് എന്ന് എപ്പോഴെങ്കിലും  ഈ പത്രക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കണം.  തിരുവനന്തപുരം കോടതിയിൽ നടന്ന ആദ്യത്തെ തെരുവ് യുദ്ധത്തിൽ അഭിഭാഷകർ പത്രക്കാരെയും പത്രക്കാർ അഭിഭാഷകരെയും കൈകാര്യം ചെയ്യുന്നത്  ചാനലിലൂടെ മാലോകരെല്ലാം കണ്ടതാണ് (ഈയുള്ളവൻ അത്  അന്ന്  നേരിൽ കണ്ടിരുന്നു) പത്രക്കാരെ അഭിഭാഷകർ കള്ള് കുപ്പി വെച്ചെറിഞ്ഞ് എന്ന് വരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആ സംഭവത്തിൽ   മലയാളത്തിലെ ഏതെങ്കിലും പത്രത്തിൽ  പത്രക്കാർ തിരിച്ചും ആക്രമിച്ചു എന്ന് റിപ്പോർട്ട് ചെയ്തിരുന്നോ? എറുണാകുളത്തെ അഭിഭാഷകൻ  സ്ത്രീയെ കയ്യേറ്റം ചെയ്ത കേസിൽ പോലീസ് ഭാഷ്യം അല്ലാതെ പ്രസ്തുത അഭിഭാഷകന് പറയാനുള്ളത് ഏതെങ്കിലും പത്രത്തിൽ  അച്ചടിച്ചിരുന്നോ? കേസ് കോടതി തെളിവെടുത്ത് അപരാധിയോ നിരപരാധിയോ എന്ന്  പിന്നീട് തീരുമാനിച്ചോട്ടെ. അതിനു മുമ്പ് തന്നെ കേസിൽ കുറ്റം ചുമത്തപ്പെട്ട ആളെ മാധ്യമങ്ങൾ ശീക്ഷിക്കുന്നത്   ഏത് നീതിയും ന്യായവും വെച്ചിട്ടാണ്.
ഇപ്പോഴത്തെ ഈ പ്രശ്നങ്ങൾ തീരാൻ ഒന്നേയുള്ളൂ മാർഗം.  അഭിഭാഷകർക്ക് ഈ പ്രതിസന്ധിയെ പറ്റി  എന്താണ്` പറയാനുള്ളത് എന്ന് പത്രങ്ങൾ സത്യ സന്ധമായി റിപ്പോർട്ട് ചെയ്യുക. അതിനായി കൂടിക്കാഴ്ചക്ക് ചെല്ലുമ്പോൾ അഭിഭാഷകർ ഉപദ്രവിക്കും എന്ന് ഭയമുണ്ടെങ്കിൽ ഏതെങ്കിലും മദ്ധ്യസ്ത സാന്നിദ്ധ്യത്തിൽ ആ അഭിമുഖം ഏർ പ്പെടുത്താവുന്നതേ ഉള്ളൂ. അവരുടെ പ്രസ്താവനക്ക്  പത്രക്കാർക്കുള്ള മറുപടി അവരും പ്രസിദ്ധപ്പെടുത്തട്ടെ. ജനങ്ങൾ  ഈ രണ്ട് വാർത്തകളും വായിക്കട്ടെ. ന്യായം ആരുടെ ഭാഗത്ത് എന്ന് അപ്പോൾ വെളിവാകും. പത്രക്കാരുടെ ഭാഗത്താണ് ന്യായമെങ്കിൽ ജനങ്ങൾ  തീർച്ചയായും അവരോടൊപ്പം കാണും എന്നുറപ്പ്.  അല്ലാതെ ഏകപക്ഷീയമായ വാർത്തകൾ പത്രധർമ്മത്തിന് ഒട്ടും ചേരുന്നതല്ല.

Monday, October 10, 2016

പട്ടിണിക്കാരുണ്ടോ?


പണ്ട് കാലത്ത്  പറമ്പിൽ എന്തെങ്കിലും ഭക്ഷണ അവശിഷ്ടങ്ങൾ വീണാൽ  ആ നിമിഷം കാക്കയും പൂച്ചയും കൂടി  അത്  ആഹരിച്ച് സ്ഥലം മാലിന്യ മുക്തമാക്കും. അന്ന്  ഉച്ചിഷ്ടം അപൂർവമായിരുന്നു കാരണം മനുഷ്യന്  വേണ്ട ആഹാരം പോലും  നിറയെ കിട്ടാത്ത പട്ടിണിക്കാലമായിരുന്നല്ലോ  അത്. അന്ന് സോപ്പ് പുറത്ത് മറന്ന് വെച്ചാൽ  കാക്ക അപ്പോൾ തന്നെ അത് അടിച്ച് മാറ്റും. നീല നിറത്തിലുള്ള  സ്പാരോ എന്ന വാഷിംഗ് സോപ്പ് കാക്കക്ക്  വലിയ പ്രിയമായിരുന്നു. ലെക്സ് കണ്ണ് തപ്പിയാൽ കടത്തിക്കൊണ്ട് പോയി  കൊത്തി നോക്കി  ഉപേക്ഷിക്കും. കാലം കടന്ന് പോയപ്പോൾ പട്ടിണിയും  മാറി പോയി. പറമ്പിൽ മാലിന്യം കൂമ്പാരമായി തുടങ്ങിയാലും  കാക്കക്കും പൂച്ചക്കും ഒന്നും വേണ്ടാ.  കറി പുരളാത്ത ചോറ് അവർ തിരിഞ്ഞ് നോക്കില്ല. പറോട്ടാ
മുറ്റത്തേക്കിട്ടാൽ  കാക്ക മരക്കൊമ്പിലിരുന്ന്  "അതിൽ ഇറച്ചി  ചാറ് പുരട്ടിയിട്ടുണ്ടോ ഇല്ലാ എങ്കിൽ എനിക്ക് വേണ്ടാ" എന്ന് പറയുന്നിടം വരെ  എത്തിചേർന്നിരിക്കുന്നു സ്ഥിതിഗതികൾ. നാട്ടിലെ പട്ടിണീ മാറിയതോടെ നാലുചുറ്റുമുള്ള ജീവികൾക്കും സുഭിക്ഷമാണ്.

എന്റെ  നല്ല പാതി  പാവപ്പെട്ടവർക്ക്  ആഹാരം കൊടുക്കുക എന്ന ഒരു നേർച്ച പരിപാടി സാധാരണ ചെയ്യാറുണ്ടായിരുന്നു.വീട്ടിൽ കുട്ടികൾക്ക് രോഗം വരുമ്പോഴോ വിഷമങ്ങൾ  ഉണ്ടാകുമ്പോഴോ അവൾ ഈ  പരിഹാരക്രിയ  അനുവർത്തിക്കാറുണ്ട്. പാവപ്പെട്ടവരെ കണ്ടെത്തേണ്ട ജോലി  എനിക്കാണ്. സമയ കുറവ് കാരണം ഞാൻ പാവപ്പെട്ട ഈ അന്വേഷണം പള്ളി മുറ്റത്തേക്ക്  ചുരുക്കും. " അമ്മാ തായേ ! വിശപ്പിന് വല്ലതും തരണേ" എന്ന് വിളിച്ച്കൊണ്ടിരിക്കുന്ന ധാരാളം പട്ടിണീക്കാർ എല്ലാ വെള്ളിയാഴ്ച ഉച്ച നേരത്തും അവിടെ സുലഭമായി  കാണാറുണ്ട്. അങ്ങിനെ കഴിഞ്ഞ ദിവസം അടുക്കളയിൽ നിന്നും കിട്ടിയ ഉത്തരവ് നടപ്പിലാക്കാനായി  പള്ളി മുറ്റത്തെ ഒരു വിശപ്പ വിളിക്കാരനെ സമീപിച്ച്  ഞാൻ വിഷയം അവതരിപ്പിച്ചു. "എന്റെ കൂടെ വീട്ടിൽ വന്നാൽ ഇന്നത്തെ ആഹാരം അവിടന്ന് ആകാം " എന്ന് ഉണർത്തിച്ചു. അദ്ദേഹം എന്നെ ഗൗരവത്തോടെ നോക്കിയിട്ട് അരുളി. " വല്ല പത്ത് രൂപാ കിട്ടുന്ന സമയമാണ് സാറേ! ഇപ്പോൾ , കുറച്ച് കഴിഞ്ഞ് വാ നമുക്ക് ആലോചിക്കാം...അമ്മാ...തായേ! വിശപ്പിന് വല്ലതും തരണേ എന്ന  അനുപല്ലവി ആ അരുളലിനോടൊപ്പം കൂട്ടി ചേർക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ജോലി സമയം തീരാനായി കാത്ത് നിന്നപ്പോൾ എനിക്ക് വിശപ്പ് കയറി വീണ്ടും അദ്ദേഹത്തെ സമീപിച്ച് ഞാൻ ആവശ്യം ഉണർത്തിച്ചു . സാറിന്റെ വീട് അടുത്താണോ, വണ്ടി ഉണ്ടോ സാറേ..." അയാളുടെ  ചോദ്യം കേട്ട് എന്റെ കാലിൽ നിന്നും ഇരച്ച് കയറി വന്ന അരിശം അപ്പാടെ വിഴുങ്ങിയിട്ട് മാറി നിന്ന് ഞാൻ എന്റെ ഇണയെ ഫോണിൽ വിളിച്ചു" എടോ, ഇവന്മാർക്ക് ആഹാരം കൊടുത്താൽ   മുകളിൽ ഇരിക്കുന്നവൻ  ആകാശത്ത് നിന്നും വടിയുമായി ഇറങ്ങി വന്ന് എന്നെയും നിന്നെയും നല്ല  പെരുക്ക്  തരും, നീ ചോറ് പൊതികളായി കെട്ടി വെക്കുക, സർക്കാർ ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിക്കുന്ന മാനക്കേടിനാൽ ആവശ്യം ഉന്നയിക്കാൻ മടിക്കുന്ന    പാവപ്പെട്ട ആരെങ്കിലും കാണും വാർഡ് നഴ്സിനോട് തിരക്കി  നമുക്ക് അവർക്ക് കൊടുക്കാം...അതാണ് നല്ലത്.." എന്ന് പറഞ്ഞു വിശപ്പുള്ളവരുടെ അന്നത്തെ അന്വേഷണം അവസാനിപ്പിച്ചു.

Saturday, October 1, 2016

പത്രക്കാരും ജഡ്ജും

പത്രക്കാർക്ക്  ജഡ്ജിന്റെ ചേംബറിലും സ്റ്റെനോയുടെ  റൂമിലും കയറി വാർത്ത ശേഖരിക്കാനുള്ള അനുവാദത്തിനായി നടത്തുന്ന സമരം കാണുമ്പോൾ  മനസിൽ പഴയ ഓർമ്മകൾ കടന്ന് വരുന്നു.
പിൽക്കാലത്ത് ഇതര സംസ്ഥാനങ്ങളിലെ ഹൈക്കോടതിയിൽ  വരെ ജസ്റ്റിസ് ആയി ജോലി നോക്കി ഇരുന്ന ഒരു ന്യായാധിപൻ കൊട്ടാരക്കരയിൽ  സബ് ജഡ്ജായി വന്നപ്പോൾ താമസിച്ചിരുന്നത്  ശിവ ക്ഷേത്രത്തിലേക്ക്  പോകുന്ന റോഡിന് സമീപം  ഇപ്പോൾ എം.എൽ.എ. ആയ ഐഷ പോറ്റി  താമസിക്കുന്ന വീടിലായിരുന്നു . അതിന് സമീപം താമസിച്ചിരുന്ന ഒരു  അദ്ധ്യാപകൻ  രാഷ്ട്രീയ സംബന്ധമായ കേസിലെ പ്രതിയായി.  സബ് ജഡ്ജിന് അസിസ്റ്റന്റ് സെഷൻസ് ജഡ്ജിന്റെ അധികാരം കൂടിയുണ്ട് .  കേസിൽ ചുമത്തപ്പെട്ട കുറ്റം നേരത്തെ പറഞ്ഞ  സബ് ജഡ്ജിന്റെ കോടതിയുടെ പരിധിയിൽ വരുന്നതായിരുന്നു. തന്റെ അയൽ വാസി    തന്റെ മുമ്പിൽ വിസ്തരിക്കുന്ന  ഒരു കേസിലെ പ്രതിയായി വന്നതിനാൽ ജഡ്ജ് ആ കേസ്  തന്റെ കോടതിയിൽ നിന്നും മാറ്റാൻ ഉയർന്ന കോടതിക്ക് കത്തയക്കുകയും  കേസ്  മറ്റൊരു കോടതിയിലേക്ക് മാറ്റ്പ്പെടുകയും ചെയ്തു.  അദ്ധ്യാപകൻ പിന്നീട് ആ കേസിൽ  വിചാരണ ദിവസങ്ങളിലെല്ലാം  വിദൂര സ്ഥലത്തുള്ള കോടതിയിൽ പോകേണ്ടി വന്നു.ചങ്ങനാശേരിക്കാരനായ  മറ്റൊരു ജഡ്ജ്  കോടതിയിൽ ചാർജെടുത്ത് കുറേ ദിവസങ്ങൾക്ക് ശേഷം  തന്റെ ഒരു ബാല്യകാല സുഹൃത്ത്  കൊട്ടാരക്കരയിൽ താമസമുണ്ടെന്നും അദ്ദേഹത്തെ കണ്ടെത്താൻ മാർഗമുണ്ടോ എന്നും എന്നോട് ആരാഞ്ഞു. പേരും വിലാസവും പറഞ്ഞപ്പോൾ  ആളെ എനിക്ക് മനസിലായി. ഒരു ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു കക്ഷി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തുന്നതിന്  മുമ്പ്  ജഡ്ജ് പതുക്കെ എന്നോട് ചോദിച്ചു" അയാൾക്ക് ഈ കോടതിയിൽ കേസൊന്നുമില്ലല്ലോ?!"
പൊതുജനങ്ങൾ വെളിയിൽ നിന്ന് കാണുന്നത് പോലല്ല ഒരു ന്യായ്ധാപന്റെ ജീവിതം. അവർക്ക് എത്ര കനത്ത ശമ്പളം ലഭിക്കുന്നെങ്കിൽ  പോലും ജീവിതം ഒരു തുറന്ന ജെയിലിൽ എന്ന പോലെയാണ്. ഒരു അഭിഭാഷകന്റെ കാറിൽ അവർ കയറാൻ പാടില്ല. വക്കീലിന്റെ വീട് വാടകക്ക് എടുത്ത് താമസിക്കാൻ പാടില്ല . തന്റെ അധികാര പരിധിയിലുള്ള സ്ഥലത്തെ ആരുമായും ഉറ്റ സൗഹൃദം പുലർത്താൻ കഴിയില്ല.  എന്തിന് ഉള്ളിൽ അൽപ്പം കലാസ്വാദനം ഉള്ള ആളാണെങ്കിൽ പോലും  ഒരു ഗാനമേളയിൽ പോയി കേൾക്കാനോ  അമ്പലത്തിലെ ഉൽസവത്തിന് പോയി സാധാരണക്കാരനെ പോലെ മുണ്ട് മാടിക്കെട്ടി  കറങ്ങി നടക്കാനോ പാടില്ല. ഒരു ചായ കുടിക്കണമെങ്കിൽ  പ്യൂണിനെ  കൊണ്ട് വരുത്തി കുടിക്കാനേ കഴിയൂ, ചായക്കടയിൽ പോയി ഇരുന്ന് കഴിക്കാൻ സാധിക്കില്ല. ഉച്ചക്ക് ഊണ് വീട്ടിൽ നിന്നും കൊണ്ട് വന്നില്ലെങ്കിൽ നല്ല ഹോട്ടൽ തിരക്കി പോയി  ആഹാരം കഴിക്കാനും കഴിയില്ല. കോടതി ജീവനക്കാർക്ക്  ഉത്തരവുകൾ ഒപ്പിടുന്നതിന് പോലും റിപ്പോർട്ടിംഗ് ടൈം എന്നൊരു സമയത്ത് മാത്രമേ കഴിയൂ.. ചുരുക്കത്തിൽ ജീവനക്കാർക്ക് പോലും അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ  കഴിയില്ല.  ഇതെല്ലാം  ഒരു ന്യായാധിപൻ ഇതര ശുപാർശകൾക്ക് വശം വദനാകാതിരിക്കാൻ ജൂഡീഷ്യറിയിൽ  പാലിക്കുന്ന മാർഗരേഖകളാണ് .ഇനിയും പലതുമുണ്ടെങ്കിലും  വിസ്താര ഭയത്താൽ ഇവിടെ കുറിക്കുന്നില്ല. ജഡ്ജ്   വിധി ന്യായം കേട്ടെഴുത്ത് നൽകുന്നത്  പകർത്തി എഴുതുന്ന സ്റ്റനോഗ്രാഫറും(കോൺഫിടൻഷിയൽ അസ്സിസ്റ്റന്റ്) വിധി ന്യായം പുറത്ത് വരുന്നത് വരെ  അതിന്റെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കാൻ  ബാദ്ധ്യസ്തയായതിനാൽ പബ്ബ്ലിക്കുമായുള്ള   അടുപ്പം  കുറച്ചാണ് ജീവിക്കുന്നത്.
ഇത്രത്തോളം കർശനത പാലിക്കുന്ന ഒരു സംവിധാനത്തിലേക്ക്  വടിയും നീട്ടി പിടിച്ച് ചാനൽകാരും  പത്രക്കാരും കയറി ചെന്ന്  ജഡ്ജിന്റെ ചേമ്പറിൽ കയറണം സ്റ്റനോഗ്രാഫറെ കാണാൻ അനുവാദം വേണമെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കളക്ടറേയും തഹസിൽദാറെയും  പോലീസ് ഓഫീസറെയും  ഇന്റർവ്യൂ നടത്തുന്നത് പോലെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഒരു ന്യായാധിപനെ സമീപിക്കാൻ  ശ്രമിക്കുന്നത് മൗഡ്യമാണ്. അപ്പോൾ കോടതി വാർത്തകൾ ജനങ്ങൾ അറിയേണ്ടെ എന്ന സ്വാഭാവിക ചോദ്യം ഉയരും. മാധ്യമക്കാരും അഭിഭാഷകരുമായുള്ള സംഘർഷം തുടങ്ങുന്നതിന് മുമ്പ്  വാർത്തകൾ സുലഭമായി  ജനങ്ങൾക്ക് ലഭിച്ചിരുന്നല്ലോ. ആ സംവിധാനം  ഇപ്പോഴും ഉണ്ട്.   വാർത്തകൾ ലഭിക്കും ജനങ്ങൾ അറിയും, അപ്രകാരമുള്ളോരു രീതിക്ക്  ഒരു അഭിഭാഷകരും വഴക്കുമായി വരില്ല.  ഇപ്പോൾ അതൊന്നുമല്ല ആവശ്യം. മാധ്യമക്കാർ എന്ന് പറഞ്ഞാൽ എന്തും സാധിച്ച് കൊടുക്കണം എന്ന നിലയിലാണെന്നും നീതിന്യായ വ്യവസ്തയും അതിന് കീഴ്പ്പെടണമെന്ന നിർബന്ധ ബുദ്ധി മാത്രമാണിപ്പോഴത്തെ ബഹളത്തിന്  പിന്നിൽ. 

Thursday, September 29, 2016

ഇരു ചക്ര വാഹനങ്ങളും പെണ്ണുങ്ങളും.

കഴിഞ്ഞ ഓണക്കാലത്ത്  സ്റ്റാൻടിൽ  പതിവിന് വിപരീതമായി ആട്ടോ റിക്ഷാകൾ ഓട്ടമില്ലാതെ നിരന്ന് കിടക്കുന്നത് കണ്ട് പരിചയക്കാരനായ ഒരു ആട്ടോ ഡ്രൈവറോട്  കാരണം തിരക്കി. "പഴയ കാലമെല്ലാം പോയി സാറേ! ഗിയറില്ലാത്ത ആക്റ്റീവാ പോലുള്ള സ്കൂട്ടറുകൾ  സ്ത്രീകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ആട്ടോയുടെ പ്രസക്തി ഇല്ലാതെ വരുകയാണ്. ഒരു വീട്ടിലെ രണ്ട് സ്ത്രീകൾ അതിൽ യാത്ര  ചെയ്യുമ്പോൾ  മാർക്കറ്റിൽ പോകാനും ഷോപ്പിംഗ് നടത്താനും കുട്ടിയെ സ്കൂളിൽ കൊണ്ട് വിടാനും  ആട്ടോ വിളിക്കേണ്ട  ആവശ്യം ഇല്ലാ . പുരുഷന്മാർ നേരത്തെ തന്നെ രണ്ട് വീലിന് മുകളിലായി കഴിഞ്ഞു. സ്ത്രീകളിൽ ഈ ജ്വരം പെട്ടെന്നാണ് പകരുന്നത്.അയലത്തെ പെണ്ണ് ആക്റ്റീവാ വാങ്ങിയാൽ  അടുത്ത ദിവസം തന്നെ ഈ വീട്ടിലെ പെണ്ണും കടമെടുത്തായാലും  ഒരെണ്ണം വാങ്ങിക്കൊള്ളും. ആർ.ടി.ഓ. ഓഫീസിൽ  ഡ്രൈവിംഗ്  ടെസ്റ്റിന് പുരുഷന്മാരേക്കാളും കൂടുതലാണ് സ്ത്രീകൾ ഇപ്പോൾ.പകൽ സമയത്തെ ആട്ടോ ഉപയോഗം കഴിഞ്ഞ കൊല്ലത്തേക്കാളും ഈ വർഷം പകുതി മാത്രമാണ്  ഉള്ളത്.
അയാൾ പറഞ്ഞതിൽ വാസ്തവമുണ്ടെന്ന് റോഡിലൂടെ  വനിതകളുമായി ചീറി പായുന്ന ഇരു ചക്ര വാഹനങ്ങൾ  തെളിയിക്കുന്നു.
  ആട്ടോ റിക്ഷാക്കാരന് വരവ് കുറഞ്ഞെങ്കിലും  മറ്റൊരു കൂട്ടർക്ക് കൊയ്ത്ത് കാലമായിരിക്കുമെന്ന്  തോന്നുന്നു. ഡോക്ടറന്മാർക്കും മരുന്ന് കമ്പനികൾക്കും സുവർണ കാലമാണ്  വരാനിരിക്കുന്നത്. അൽപ്പമായി നടക്കാനെങ്കിലും കിട്ടിക്കൊണ്ടിരുന്ന  സാദ്ധ്യത ഇരു ചക്ര വാഹനങ്ങൾ വഴി നഷ്ടമാകുന്നു എന്നത് ഒരു സത്യം മാത്രം.ഇരു  ചക്ര കുതിരയുടെ പുറത്ത് ചാടി കയറി കഴിഞ്ഞാൽ പിന്നെ ഇറങ്ങുന്നത് ഉദ്ദേശ സ്ഥലത്ത് മാത്രം മതി. ഒട്ടും വ്യായാമം ഇല്ലാത്ത അവസ്ഥ ആണ് സ്ത്രീകൾ നേരിടാൻ  പോകുന്നത്. അരി ഇടിയും നെല്ല് കുത്തും മുളക് അരപ്പും മുത്തശ്ശി കഥകളായി മാറി കഴിഞ്ഞ ഈ കാലത്ത് കിണറിൽ നിന്നും വെള്ളം പോലും വലിച്ച് കയറ്റേണ്ട അവസ്ത ഇല്ലാതായിരിക്കുന്നു. വിറക് കീറലും തീ ഊതലും എങ്ങോ പോയി മറഞ്ഞു. ഒരു തള്ള വിരലിന്റെ ആക്ഷൻ സ്വിച് ഇടാൻ മതിയാകുമ്പോൾ വീട്ട്  ജോലികൾ ശടേന്ന്  തീർന്ന് കിട്ടുന്നു. ബാക്കി സമയം  സീരിയലിന്റെ മുമ്പിലും. ദേഹമനങ്ങാൻ ഒരു സാദ്ധ്യതയുമില്ല എന്നത്  തികച്ചും സത്യം.  പ്രമേഹവും കൊളസ്ട്രോളും തുടർന്ന് രക്ത സമ്മർദ്ദവും ഹൃദയാഘാതവും  ചെറുപ്പക്കാരെ പോലും വേട്ടയാടാൻ കാരണം  വ്യായാമ കുറവ് മാത്രമാണ് എന്ന്  തിരിച്ചറിഞ്ഞ്  വ്യായാമത്തിനായി സമയം കണ്ടെത്തിയാൽ നന്ന്.

Tuesday, September 27, 2016

മൂന്ന് ചക്കകളും സിഗ്നൽ തെറ്റിച്ച് ഓടിച്ച കാറും

രാവിലെ നടക്കാനിറങ്ങിയപ്പോൾ  നിരത്തിൽ കണ്ട ഒരു കാഴ്ച.
വലത് വശത്തേക്ക് സിഗ്നൽ ലൈറ്റ് കത്തിച്ച് കാണിച്ച് വരുന്ന ഒരു കാർ വലത് വശത്തേക്ക് തിരിയാതെ നേരെ  മുമ്പോട്ട് വന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ വലത് വശത്തേക്ക് തിരിയാനായി അയാൾ ഇട്ട സിഗ്നൽ ലൈറ്റ്   ഓഫാക്കാൻ കാറ്കാരൻ മറന്നതായിരിക്കാം. കാറ് വലതേക്ക് തിരിയുമെന്ന് കരുതി  ഒരു ബൈക്ക്  യാത്രികർ നേരെ എതിർ വശത്തേക്ക് അതായത്  കാറിന്റെ നേരെ മുമ്പിലേക്ക് ബൈക്ക് ഓടിച്ച് പോയി.ബൈക്കിൽ 3 പേരുണ്ട്. മൂന്നെണ്ണവും ഹാർമോൺ കുത്തി വെച്ച കോഴി ഇറച്ചി കഴിക്കുന്നവരാണെന്ന് വ്യക്തമാക്കുന്ന വിധം ശരീര പുഷ്ടി ഉള്ളവർ, മൂന്ന് ഗുണ്ട് മണികൾ. ഏറ്റവും പുറകിൽ ഇരിക്കുന്നവന്റെ ചന്തി പകുതി പുറത്ത് കിടക്കുകയാണ്. നേർക്ക് നേർ വന്ന രണ്ട് ശകടങ്ങളും  കൂട്ടിമുട്ടി. തക്ക സമയത്ത് ബ്രേക്കിൽ കാറ്കാരന്റെ കാൽ അമർന്നതിനാൽ മൂന്ന് ചക്കകളും  റോഡിൽ മലർന്ന് വീണതൊഴിച്ചാൽ  വലിയ കുഴപ്പമില്ലാതെ കാര്യം കഴിച്ച് കൂട്ടി. തറയിൽ നിന്നും എഴുന്നേറ്റ് വന്ന  മൂന്ന് ന്യൂജന്മാരോടും കാറിൽ വന്ന മാന്യൻ ശ്രേഷ്ട ഭാഷ  സംസാരിച്ചു. ഗുണ്ട്കൾ അതേ ഭാഷയിൽ ഉത്തരവും നൽകി.വലത്തോട്ട്  സിഗ്നൽ കാട്ടി ഇടത്തോട്ട് വണ്ടി വിടുന്നത് എവിടത്തെ  നിയമമാണെടാ....പുത്രാ.....എന്ന് ബൈക്ക്കാരും , ഇനിയും 10 ചക്കകളെ കൂടി കയറ്റി യാത്രചെയ്യെടാ  എന്നാലേ തക്ക സമയത്ത് ബ്രേക്ക് ചവിട്ടാൻ കഴിയൂ....ആവശ്യമില്ലാത്ത രോമമേ .എന്ന്  കാറുകാരനും മൊഴിഞ്ഞു..കുറേ നേരം വാഗ്വാദം നടന്നപ്പോൾ കൂടിയിരുന്നവർ ഇരുകൂട്ടരേയും സമാധാനപ്പെടുത്തി വിട്ടു.
ആവശ്യത്തിന് ഉപയോഗിച്ച സിഗ്നൽ ലൈറ്റ് ഓഫാക്കാൻ മറന്ന കാറുകാരനും അനുവദിച്ചതിലും കൂടുതൽ ആൾക്കാരെ കയറ്റി യാത്ര ചെയ്ത ന്യൂ ജനറേഷൻ കുട്ടികളും  ഈ കാര്യത്തിൽ ഒരേ പോലെ കുറ്റക്കാരാണ്. സിഗ്നൽ തെറ്റിച്ച് ഓടിച്ച കാറ്കാരനിൽ നിന്നും ബൈക്ക് വെട്ടിച്ച് ഒഴിഞ്ഞ് മാറാനോ ബ്രേകിടാനോ  രണ്ട് തടിയന്മാരെയും വെച്ച്  ബൈക്ക് ഓടിച്ച മൂന്നാമത്തെ തടിയന്  പറ്റാതെ വന്നു
റോഡ് അപകടങ്ങളിൽ ഒട്ടും പുറകിലല്ലാത്ത നമ്മുടെ കൊച്ച് സംസ്ഥാനത്ത് അത്തരം അപകടങ്ങൾക്ക് കാരണം പ്രധാനമായത് അശ്രദ്ധയും നിയമ ലംഘനവും മാത്രമാണ്.

Saturday, September 24, 2016

ഉപയോഗിക്കുക വലിച്ചെറിയുക



യൂസ് ആന്റ് ത്രോ അതായത് പച്ചമലയാളത്തിൽ പറഞ്ഞാൽ ഉപയോഗിക്കുക, വലിച്ചെറിയുകഎന്ന്. അതാണ് ഈ നാട്ടിലെ ഇപ്പോഴത്തെ രീതി.അത് ശരിവെക്കുന്ന രീതിയിൽ ഒരു കണക്ക് പുറത്ത് വന്നിരിക്കുന്നു. കേരളത്തിൽ മണിക്കൂറിൽ അഞ്ച് വിവാഹ മോചനം. ആറ് മാസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് 25000 ൽ പരം വിവാഹ മോചന കേസുകൾ. എങ്ങിനെയുണ്ട് വിസിനസ്. ഉപയോഗിക്കുക, വലിച്ചെറിയുക പ്രോഗ്രാം. കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരളത്തിൽ ഫയൽ ചെയ്ത വിവാഹ മോചന കേസുകൾ 1.96 ലക്ഷം. ഇതിൽ മുസ്ലിം സമുദായത്തിൽ തലാക്ക് വഴി വേർപെട്ട ബന്ധങ്ങൾ ഉൾപ്പെടില്ല, കാരണം അതിന് കോടതിയുടെ ആവശ്യമില്ലാ എന്നത് തന്നെ. ഇന്ന് 3 വിവാഹ മോചന കേസുകൾ ഞങ്ങളുടെ മുമ്പിൽ വന്നു, അതിൽ രണ്ടെണ്ണം അമ്മായി അമ്മയാണ് ശത്രു. ഒരെണ്ണം, ഭാര്യക്ക് ആരുമായോ നിരന്തരം ഫോണിൽ സംസാരവും കാരണമായി. എല്ലാം ചെറുപ്പക്കാർ. കുറച്ച് കാലം കൂടി കഴിയുമ്പോൾ നാമ്മൾ ഈ കാര്യത്തിൽ അമേരിക്കയെ കവച്ച് വെക്കും.

Thursday, September 22, 2016

90 വയസുകാരിയുടെ മാനഭംഗം

90 വയസുകാരിയെ മാനഭംഗപ്പെടുത്തിയെന്ന്  തെക്ക് നിന്നൊരു റിപ്പോർട്ട്. പ്ലസ്  റ്റു കാരിയെ അഛൻ പീഡിപ്പിച്ച്  ഗർഭിണി ആക്കിയെന്ന് വടക്ക് നിന്നൊരു റിപ്പോർട്ടും പത്രത്തിലുണ്ട്. രണ്ടും കേരളത്തിൽ തന്നെ. ഗോവിന്ദച്ചാമിക്ക് തൂക്ക്  എന്ന മുദ്രാവാക്യവും അമീറുൽ ഇസ്ലാമിനെ രണ്ട്  തൂക്ക് എന്ന മുറവിളിയും  പത്രങ്ങളിലും ചാനലിലും കൂടി നാട്ടിൽ പ്രചരിക്കുമ്പോൾ  തന്നെ  അതിനെല്ലാം പുല്ല് വില കൽപ്പിച്ച്  മാനഭംഗവും ബലാൽസംഗവും ഗംഭീരമായി നടന്ന് കൊണ്ടിരിക്കുന്നു. . പെണ്ണിനെ 40 സെക്കന്റ് നേരം തുടർച്ചയായി നോക്കിയാലോ ആംഗ്യം കാണിച്ചാലോ ജാമ്യം കിട്ടാത്ത വകുപ്പുകളാൽ  സ്ത്രീ സംരക്ഷാ നിയമ ഗ്രന്ഥങ്ങൾ സമ്പുഷ്ടമാണ്. എന്നാലുംആർക്കുമൊരു ഭയവുമില്ല.  ബലാൽസംഗത്തിന് 7 വർഷം തടവ് മാത്രം നിഷ്കർശിച്ചിരുന്ന കാലത്തു  ഇപ്രകാരമൊരു അവസ്ഥ നാട്ടിൽ ഇല്ലായിരുന്നു. ഒരു മടിയുമില്ലാതെ ഇപ്പോൾ   പുരുഷന്മാർ ഇപ്രകാരം തെരുവ് നായ്ക്കളെക്കാളും  അധ:പതിക്കാൻ  എന്താണാവോ കാരണം. യാതൊരു ഭവിഷ്യത്തും കണക്കിലെടുക്കാതെ ആണുങ്ങൾ ഇങ്ങിനെയുള്ള പ്രവർത്തികൾക്ക് ചാടിപ്പുറപ്പെടാൻ തക്ക വിധം പുരുഷന്മാരെ പ്രകോപിക്കുന്ന എന്തെല്ലാംഘടകങ്ങളാണ്  നാലുചുറ്റുമുള്ളത്. നിരീക്ഷണങ്ങൾ ഈ കാര്യത്തിൽ  അത്യന്താപേക്ഷിതമായിരിക്കുന്നു.

Monday, September 19, 2016

മഴവെള്ളപ്പാച്ചിലും വൈദ്യുതി ഉൾപ്പാദനക്കുറവും

ശക്തമായ മഴവെള്ളപ്പാച്ചിലിൽ 6  പേരെ കാണാതായ വാർത്ത  റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്നത്തെ പത്രങ്ങളിൽ തന്നെ  മഴക്കുറവ് കാരണം ഉടനെ തന്നെ വൈദ്യുതി ക്ഷാമം കേരളത്തിൽ അനുഭവപ്പെട്ടേക്കാം എന്ന വാർത്തയും അച്ചടിച്ച് വന്നിരിക്കുന്നു. ചുരുക്കത്തിൽ മഴ വെള്ള പാച്ചിലും ശക്തമായ മഴയും  ഉണ്ടായാലും  ജലം വേണ്ട രീതിയിൽ ഉപയുക്തമാക്കാൻ  സാധിക്കാതെ വരുന്നത് കൊണ്ടാണ്  വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നതെന്ന് വ്യക്തമാകുന്നു. എത്ര കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ  ജലമാണ് പാഴായി സമുദ്രത്തിൽ പോയി ചേരുന്നത്.
 അങ്ങിനെ ഒരു പ്രതിഭാസം ഈ നാട്ടിൽ നില നിൽക്കുമ്പോൾ തന്നെ  വൈദ്യുതി ക്ഷാമത്തിന്  ഹേതുവാകുന്ന എത്രയോ മറ്റ് ഘടകങ്ങളും  ഇവിടെ നില നിൽക്കുന്നു എന്നതു കാണാതിരുന്ന് കൂടാ. പകൾ 12 മണി ആയാലും  അണക്കാത്ത സ്ട്രീറ്റ് ലൈറ്റുകൾ  കേരളത്തിൽ നിത്യക്കാഴ്ചയാണിന്ന്. രണ്ടാം ശനിയാഴ്ചക്ക് തൊട്ട് മുമ്പുള്ള വെള്ളിയാഴ്ചയോ  ഞായറാഴ്ചക്ക് മുമ്പുള്ള ശനിയാഴ്ചയോ സർക്കാർ ഓഫീസിൽ വൈകുന്നേരങ്ങളിൽ കറണ്ട് പോയാൽ  സ്വിച്ച് ഓഫ് ചെയ്യാൻ മറന്ന് ഇറങ്ങി പ്പോകുന്ന ജീവനക്കാർ  രണ്ടാം ശനിയാഴ്ചയാണെങ്കിൽ രണ്ട് ദിവസവും ഞായറാഴ്ചയാണെങ്കിൽ തിങ്കളാഴ്ച രാവിലെ വരെയും ലൈറ്റും ഫാനും നിർബാധം കത്തിക്കിടക്കുകയും കറങ്ങുകയും ചെയ്യുന്നത് മൂലം ഉണ്ടാകുന്ന കറണ്ട് നഷ്ടം  പതിവ് സംഭവമാണ്.  കല്യാണവീടുകളും ആരാധനാലയങ്ങളും വൈദ്യുതി അലങ്കാരത്താൽ  ശോഭ ചൊരിയുമ്പോൾ നാട്ടിന് ഉണ്ടാകുന്ന  ഊർജ നഷ്ടം   ഏറെയാണെന്ന് അറിയാവുന്നവർ തന്നെ സ്വന്തം കാര്യം വരുമ്പോൾ മൗനികളാകുന്നു.  നിസ്സംഗരും സ്വാർത്ഥരുമായ ജനതയും യാതൊരു ഉത്തരവാദിത്വം പ്രതിബദ്ധതയുമില്ലാത്ത അധികാര വർഗവും ഉണ്ടാകുന്നിടത്ത് ഇതും ഇതിനപ്പുറവും സംഭവിക്കും. എന്നിട്ട് മഴവെള്ളപ്പാച്ചിൽ നടക്കുമ്പോൾ  ജലദൗർലഭ്യത്തെ പറ്റി  പ്രസംഗിക്കുകയും ചെയ്യും.

Thursday, September 15, 2016

കോടതിയും പൊതു വികാരവും പിന്നെ പത്രങ്ങളും


ഈ നാാട്ടിൽ കോടതിയുടെ ആവശ്യം ഇല്ലാതെ വന്നിരിക്കുന്നു. മുഖ പുസ്തകത്തിലെ കുറിപ്പുകൾ കാണൂമ്പോൾ വിചാരണ ഞങ്ങൾ നടത്തും ശിക്ഷ നേരത്തെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്, അത് നിങ്ങൾ കോടതികൾ വിധിച്ചാൽ മതി എന്ന മട്ടാണ്. ഒരു മനുഷ്യന്റെ മരണമാണ് വിഷയം. അവിടെ ഷാർപ്പായി സൂക്ഷ്മത പുലർത്തിയേ പറ്റൂ. അവനെ തൂക്കാൻ വിധിക്കുകയും പിൽ കാലത്ത് മറ്റൊരു സത്യം പുറത്ത് വരുകയും ചെയ്താൽ തൂക്കിയവനെ തിരികെ എടുക്കാൻ പറ്റാത്തതിനാൽ തൂക്ക് ശിക്ഷ വിധിക്കുന്നത് തീർത്തും ഷാർപ്പായ തെളിവിന്റെ അടിസ്ഥാനത്തിലേ ചെയ്യൂ. കുറ്റം നേരിൽ കണ്ട ന്യായാ ധിപനാണെങ്കിലും ശരി ആ കസേരയിൽ ഇരിക്കുമ്പോൾ ആ മനുഷ്യന്റെ മുമ്പിൽ തെളിവ് വേണം. തെളിവിന്റെ അഭാവത്തിൽ ഒരുത്തനെ ശിക്ഷിക്കാൻ കഴിയില്ല. ഇവിടെ എത്രയോ കൊലക്കേസുകൾ സംശയത്തിന്റെ ആനുകൂല്യത്താൽ വെറുതെ വിട്ടിട്ടുണ്ട്. ആ കേസിൽ ആ പ്രതി തന്നെ ആയിരിക്കും കൊലയാളി . ഇവിടെ ഗോവിന്ദ ചാമി പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നോ അതോ പെൺകുട്ടി ചാടിയതാണോ ഇതിനെ സംബന്ധിച്ച് ഖണ്ഡിതമായ തെളിവ് പ്രോസക്യൂഷന് നിരത്താൻ കഴിഞ്ഞില്ല എന്നത് ഒരു വലിയ ന്യൂനത തന്നെയാണ്. അവിടെ കണ്ണ് മൂടിക്കെട്ടിയ നിയമം, അൽപ്പം പോലും വികാരം മനസിൽ വെക്കാത്ത നിയമം ഫീഡ് ചെയ്ത കമ്പ്യൂട്ടറിന്റെ റിസൽട്ട് പോലുള്ള വിധിയേ പുറത്ത് തരൂ. അത് പഴയ ആപ്ത വാക്യം നില നിൽക്കുന്നത് കൊണ്ടാണ്. 1000 അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന കീഴ് വഴക്കം.( റെയിൽ വേയും കള്ളക്കളി കളിച്ചിട്ടുണ്ട്. തള്ളിയിട്ടാൽ റെയിൽ വെ നഷ്ട പരിഹാരം കൊടുക്കേണ്ടല്ലോ)


ആത്യന്തികമായി ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം. അന്ധമായ മാധ്യമ ഇടപെടൽ നിയമ നടത്തിപ്പിന് ഒട്ടും സഹായകരമാവില്ല. അതേ പോലെ കുറ്റം ചെയ്ത് കഴിഞ്ഞ ഉടനേ പൊതു വികാരവും മാധ്യമങ്ങളും ചേർന്ന് ഒരു പ്രതിയെ മുൻ കൂറായി ശിക്ഷിക്കുന്നതും ഒരിക്കലും ശരിയാവില്ല. കാരണം വീണ് കിടക്കുന്നവന്റെ ശരീരത്ത് നിന്നും കത്തി ഊരി എടുക്കുന്നത് കണ്ട് കൊണ്ട് വന്നവൻ കത്തി ഊരിയെടുത്തവനാണ് കുത്തി വീഴ്ത്തിയതെന്ന് നിരീക്ഷിക്കുന്നത് പോലെ മാത്രമാണത്. കോടതിയുടെ ജോലി കോടതി ചെയ്യട്ടെ. പത്രങ്ങൾ അവരുടെ ജോലിയും ചെയ്യട്ടെ. കോടതി കസേരയിൽ പത്രക്കാരും പൊ തു വികാരവും കയറി ഇരിക്കരുത്. അങ്ങിനെ ഇരുന്നാൽ നീതി വ്യവസ്ഥ തന്നെ തകരും

Tuesday, September 13, 2016

കറുപ്പും വെളുപ്പും.

കറുപ്പിന് ഏഴ് അഴകാണ്.  കസ്തൂരിക്ക് കറുപ്പ്നിറമാണ്. കറുപ്പ് സത്യത്തിന്റെയും നീതിയുടെയും നിറമാണ്. ലോക പ്രശസ്ത സുന്ദരിയായ ക്ലിയോപാട്രയുടെ നിറം കറുപ്പായിരുന്നു.കറുമ്പന്മാർ സാധുക്കളും സമാധാന പ്രിയരും ആയിരുന്നു. ചുരുക്കത്തിൽ കറുപ്പ് മേൽ കൈ നേടിയ നിറമാണ്. ഈ സത്യത്തിൽ അസഹിഷ്ണത പുലർത്തുന്ന  വെള്ള നിറക്കാർ  അവരുടെ ആയുധബലത്താൽ കറുപ്പ് നിറക്കാരെ അടിച്ചമർത്തി. അവർ ചെയ്യുന്നതെല്ലാം ശരിയായി, അവർ പറയുന്നതെല്ലാം നടപ്പിൽ വന്നു. അങ്ങിനെ സവർണ പട്ടം അവർക്ക് ലഭിച്ചു.  അവർ സുരന്മാരും കറുപ്പ് നിറക്കാർ അസുരന്മാരുമായി. അസുരന്മാർ  ദുഷ്ടരും രാക്ഷസരുമായി. ദേവന്മാർ എന്ത് തെറ്റ് ചെയ്താലും അത്  നീതീകരിക്കപ്പെട്ടു. അസുര രാജാവ് സത്യസന്ധനും നീതിമാനും പ്രജാവൽസലനുമായാലും അവനെ അട്ടിമറിയിലൂടെ ചതിയിലൂടെ  നാട്ടിൽ നിന്നും പായിച്ചാലും ആ നിഷ്കാസനം പാവനവും പുണ്യവുമായി കാണപ്പെട്ടു. അവന്റെ നല്ല ഭരണത്തെ ജനങ്ങൾ സ്മരിക്കുന്നത് പോലും മേൽ ജാതിക്കാർക്ക് അസഹനീയമായി. ആ അസഹനീയത അന്നുമുണ്ട്, ഇന്നുമുണ്ട്.   അത് പലവിധത്തിൽ  തുടർന്ന് കൊണ്ടേ ഇരിക്കും.

Saturday, September 10, 2016

വായനക്ക് പാര പണിയുന്നവർ

"മായാവിയുടെ അൽഭുത പരാക്രമങ്ങൾ" കേരള ഭൂഷണത്തിൽ, "മാന്ത്രികനായ മാൻഡ്രേക്" മനോരമയിൽ.  "ആരം" ദീപികയിൽ  "പെട്രോൾ സംഘം " ദേശബന്ധുവിൽ  എന്നിങ്ങനെ ചിത്ര കഥകൾ ഞങ്ങളുടെ ബാല്യത്തിൽ പത്രങ്ങളിൽ അടിച്ച്  വന്നിരുന്നതിലാണ്  ഞങ്ങളുടെ വായനയുടെ തുടക്കം. ആലപ്പുഴ  സക്കര്യാ ബസാറിലെ ലജനത്തുൽ മുഹമ്മദിയാ വായന ശാലയിൽ ഈ ചിത്രകഥകൾ വായിക്കാൻ ഞങ്ങൾ തിടുക്കപ്പെട്ട്  പോകുമായിരുന്നു. കാലം ചെന്നപ്പോൾ ഇവയിൽ പലതും ഇല്ലാതായെങ്കിലും അപ്പോഴേക്കും വായന  ഡിറ്റക്റ്റീവ് നോവലുകളിലേക്ക് പടർന്നിരുന്നു. കോവിലകത്തെ കൊലപാതകം, വൈദുതി പ്രതിമ, അൽഭുത വിക്രമൻ, വീര കേസിരി, കൊല്ലുന്നകുരിശ്, അംഗനാ ചുംബനം, എന്നിങ്ങനെ അന്ന് വായിച്ച് തള്ളിയ അപസർപ്പക നോവലുകൾക്ക് എണ്ണമില്ല. പിന്നീട്, തകഴി, ഉറൂബ്, ബഷീർ, കേശവ ദേവ് തുടങ്ങിയവരായി വായനയിൽ വന്നത്.  ആ വായന ഇന്നും നില നിൽക്കുന്നു. അന്ന് വല്യപ്പന്മാർ, വെറ്റയിലയിലെ   ഞരമ്പ് മാന്തിക്കളഞ്ഞ് ചുണ്ണാമ്പ് പുരട്ടി  മുറുക്കി രസിക്കുമ്പോൾ ഞങ്ങൾ പുസ്തകങ്ങളിൽ അഭയം തേടിയിരുന്നു. കാലം ചെന്നപ്പോൾ ഇന്നത്തെ യുവ തലമുറ റ്റാബിലും  മൊബൈലിലും ചുരണ്ടി സമയം നീക്കുമ്പോൾ അവർ   വായനയിൽ നിന്നും അകന്നകന്ന് പോകുന്നു എന്നത് തികച്ചും സത്യം തന്നെയാണ് . അവർക്ക് വായനക്ക്  നേരമില്ല. ഇത് മനസിലാക്കിയാണ് ബ്ലോഗിൽ  നീളൻ പോസ്റ്റുകളിട്ടിരുന്ന ഞങ്ങളെ പോലുള്ളവർ കാച്ചിക്കുറുക്കിയ മുണ്ടൻ  പോസുകളിൽ ഒതുങ്ങി കൂടുന്നത്. നീളൻ പോസ്റ്റ് വായിക്കാൻ ആർക്കും സമയമില്ല. വായന ബോറായി അനുഭവപ്പെടുമ്പ്ഓൾ നീളൻ പോസ്റ്റ് വായിക്കാൻ ആർക്ക് സമയം.  വായന മരിക്കുന്നു, അതൊരു പരമാർത്ഥം തന്നെയാണ് . സങ്കീർത്തനം പോലെയും ആട് ജീവിതവും, ആരാച്ചാരും എടുത്ത് കാട്ടി  ഈ പരമാർത്ഥം നിഷേധിച്ചിട്ട്  കാര്യമില്ല. ബാക്കി ഉള്ളവയ്ക്ക് എത്രമാത്രം വായനക്കാരെ കിട്ടി എന്ന് അന്വേഷിക്കുക. അപ്പോഴാണ്  റ്റാബും മൊബൈലും വായനക്ക് എത്രമാത്രം പാര പണിയുന്നു എന്ന് തിരിച്ചറിവിൽ നമ്മൾ എത്തി ചേരുന്നത്. 

Thursday, September 8, 2016

ആണുങ്ങളെ പീഡിപ്പിച്ചാൽ കേസുണ്ടോ?

.
എന്റെ മുമ്പിൽ മേശപ്പുറത്ത് കിടക്കുന്ന ദിനപ്പത്രത്തിൽ  വിവാഹ വാഗ്ദാനം ചെയ്ത്  പീഡനം നടത്തുകയും  പിന്നീട് പെൺകുട്ടിയെ തഴഞ്ഞ്  മറ്റൊരുവളെ വിവാഹത്തിനായി  തെരഞ്ഞെടുക്കാൻ ശ്രമം നടത്തുകയും ചെയ്ത ഒരുവനെ പെൺകുട്ടിയുടെ പരാതിയിന്മേൽ  പോലീസ് കസ്റ്റഡിയിലെടുത്ത്  കോടതിയിലും തുടർന്ന് റിമാന്റ് ചെയ്ത്  ജയിലിലും അടച്ച വാർത്ത തന്മയത്തോടെ  റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇനി അവന്റെ കാര്യം കട്ട പൊഹ. എന്തായാലും ഒരുകാര്യം ഉറപ്പ്  മാധ്യമങ്ങൾ അവന്റെ ജീവിതം ഒരു കരയിലെത്തിച്ചിട്ടുണ്ട്.അവന് പറയാനുള്ളതെന്തെന്ന് പറയാനും കാര്യങ്ങൾ വിശദീകരിക്കാനും ഒരു ചാനലുകാരനും അവസരം നൽകിയിട്ടില്ല.  മാധ്യമ റീപ്പോർട്ടിന് ശേഷം. അവർ  പ്രതിയാക്കിയ യുവാവിന്റെ  കുറ്റം പൊതുജന കോടതിയിൽ  ശീക്ഷിക്കപ്പെട്ടിരിക്കുന്നു, അവന് ഇനി  നല്ലൊരു വീട്ടിൽ നിന്നും പെണ്ണ് കൊടുക്കില്ല. ( ഈ മാധ്യമ-ചാനൽ വിശാരദന്മാർ ഇപ്രകാരം ഏകപക്ഷീയമായി വാർത്ത റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഒരു ശിക്ഷ എന്ന നിലയിൽ ദൈവം അവരെ അഭിഭാഷകരെ കൊണ്ട് ഓടിച്ചിട്ടടിപ്പിക്കുന്നത്.)
ഇന്ന് സാധാരണ സംഭവമായി രൂപം പ്രാപിച്ച  മേൽക്കാണിച്ച പീഡന  വാർത്തയെ പറ്റി പരാമർശിക്കാനല്ല ഇവിടെ തുനിയുന്നത്. ഇവിടെ എന്റെ മുമ്പിൽ ഒരു ചെറുപ്പക്കാരനിരുന്ന് കരയുന്നുണ്ട്. വികാര വിക്ഷോഭത്താൽ അവന്റെ നെഞ്ച് ഉയരുകയും താരുകയും ചെയ്യുന്നുണ്ട് . 5 വർഷമായി ആത്മാർത്മായി അവൻ സ്നേഹിച്ച പെണ്ണ്  ഇപ്പോൾ അവനെ വിട്ട് പോയിരിക്കുന്നു. വിവാഹം കഴിക്കാൻ സമ്മതിക്കാമെന്ന് അവൾ പല തവണ സത്യം ചെയ്തിരുന്നു. അവർതമ്മിൽ പരസ്പരസമ്മതത്തോടെ ശരീര ബന്ധത്തിലേർപ്പെടുകയും ചെയ്തിട്ടുണ്ട്. അവൻ മറ്റൊരു പെണ്ണുമായി ജീവിതത്തിൽ ഇത് വരെ ഇപ്രകാരം ബന്ധത്തിൽ ഏർപ്പെട്ടിട്ടുമില്ല. ഇപ്പോൾ അവനേക്കാളും നല്ലൊരുത്തനെ കണ്ടപ്പോൾ അവൾ  അവന്റെ പുറകേ പോയി.." ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് സർ? എന്ന ചോദ്യവുമായി  എന്റെ മുമ്പിൽ ചടഞ്ഞിരുന്ന അവൻ മേശപ്പുറത്ത് കിടന്നപത്രത്തിൽ കണ്ണ് നട്ട് ഒരു ചോദ്യം  ചോദിച്ചു.ഇന്ത്യൻ ഭരണഘടന സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നിയമത്തിന് മുമ്പിൽ തുല്യത  പ്രഖ്യാപിക്കുന്നു.  എങ്കിൽ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചേച്ച് പോയ പെണ്ണുങ്ങൾക്കെതിരെ കേസെടുക്കാൻ  പുരുഷനെ അർഹനാക്കുന്ന  വകുപ്പ് വല്ലതുമുണ്ടോ സാറേ? ശരിയാണ് അവന്റെ ചോദ്യം, അത് കൊണ്ട് തന്നെ എനിക്ക് ഉത്തരം മുട്ടുകയുംചെയ്തു.

Friday, September 2, 2016

കൊടുവാളോ ബ്ലെയ്ഡോ ?

ഇന്ത്യ സ്വാതന്ത്രിയം നേടിയിട്ട്  70 വർഷങ്ങളും  പരമാധികാര റിപ്പബ്ലിക്കായി തീർന്നിട്ട് 66 വർഷവും പിന്നിടുന്ന  ഈ കാലത്തും സാധാരണക്കാരന്  രോഗ ചികിൽസ അപ്രാപ്യമായി  തന്നെ അനുഭവപ്പെടുന്നു. ചിത്രത്തിൽ കാണുന്ന ഞങ്ങളുടെ സിനാൻ  ഫെയ്സ് ബുക്കിലും ബ്ലോഗിലും  സുപരിചിതനാണ്. പ്രസവ സമയത്ത്  കുഞ്ഞിനെ ഇങ്ക്വിബേറ്ററിൽ വെച്ചേ തീരൂ  എന്ന്  സ്വകാര്യ ആശുപത്രി   ഡോക്ടറുറ്റെ  നിർബന്ധ ബുദ്ധി  അവന്റെ രക്തത്തിലെ ഗ്ലൂക്കോസ്  നില താഴാനും തലച്ചോറിലെ  സിരകൾ തകരാനും  അത് വഴി ഇപ്പോൾ 5 വയസായ അവൻ ഇത് വരെ നടക്കാതിരിക്കാനും  സംസാര ശേഷി ഇല്ലാതാകാനും ഇടയാക്കി. എങ്കിലും ധാരാളം പണ ചെലവുള്ളതും നിരന്തരമായതുമായ ചികിൽസ അവനിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നതിനാൽ  ഞങ്ങൾ സന്തോഷത്തിലായിരുന്നു. എന്നാൽ ഞങ്ങളെ പരിഭ്രമിപ്പിച്ച് കൊണ്ട്  ബുധനാഴ്ച അവന് ജന്നി (ഫിറ്റ്സ്)  ഉണ്ടായി. നീണ്ട 35 മിനിട്ടുകൾ  അവൻ വെട്ടി വെട്ടി കണ്ണ് മിഴിച്ച് കിടന്നു. ഉടൻ  സർക്കാർ വക താലൂക്ക്  ആശുപത്രിയിൽ കൊണ്ട് പോയി എങ്കിലും  അവിടെ ഐ .സി. സൗകര്യം ഇല്ലെന്നും  ആ സൗകര്യമുള്ള ആതുരാലയത്തെ തേടി പോകാനും സർക്കാർ ഭിഷഗ്വരന്മാർ നിർദ്ദേശിച്ചു. പിന്നെ ഈ സ്ഥാപനം തുറന്ന് വെച്ചോണ്ടിരിക്കുന്നത് എന്തിനാണെന്ന ചോദ്യം അവരുടെ മുഖത്തേക്ക് എറീഞ്ഞ് കൊടുത്തിട്ട്  അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെയും കൊണ്ട് പാച്ചിൽ തുടർന്നു.   1 മണിക്കൂർ സമയത്തെ കുത്തലും കിഴിക്കലും കഴിഞ്ഞ് 1800 രൂപയുടെ ബില്ലും കയ്യിൽ തന്നിട്ട് തിരുവനന്തപുരം മേഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ അവർ ഉത്തരവായി.  പിന്നെന്തിനാടോ 1800 രൂപാ എന്നെ പിടിച്ച് പറിച്ചതെന്ന് ചോദിക്കാൻ സമയമില്ലാത്തതിനാൽ കുഞ്ഞിനെ ആംബുലൻസിൽ കയറ്റി  തിരുവനന്തപുരത്തേക്ക് പറക്കുമ്പോൾ  സിനാനെ ഇത് വരെ ചികിൽസിച്ചിരുന്ന ന്യൂറോ സർജൻ മാർത്താണ്ഡൻ പിള്ള ചീഫ് ഓഫീസറായി പ്രവർത്തനം നടത്തുന്ന അനന്തപുരി ആശുപത്രിയിൽ പോകുന്നതാണ് നല്ലതെന്ന് കുടുംബം മൊത്തം പറഞ്ഞതിനാൽ  ആംബുലൻസ് കൂ കൂ കൂ എന്ന് ഉച്ചതിൽ സൈറൺ മുഴക്കി  എയർ പോർട്ടിന് സമീപമുള്ള  അനന്തപുരി ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക പരിശോധനക്ക് ശേഷം  അവനെ ഐ.സിയിൽ കിടത്തി ഞങ്ങൾ പുറത്ത് കാവലുമായി നിന്നു. ആംബുലൻസ്കാരൻ  3500 രൂപാ കൊള്ളയടിച്ചു. മൂന്നാം ദിവസമായ ഇന്ന്  കുഞ്ഞിനെ ഐ.സിയിൽ നിന്നും പുറത്തിറക്കി 2500 രൂപാ പ്രതിദിനം വാടക നൽകേണ്ട മുറിയിലാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വാടക1200 രൂപയുടെ  മുറി ഒഴിയുമ്പോൾ തരാമെന്ന ഒരു  മോഹന വാഗ്ദാനവും കൂടെ നൽകിയിരിക്കുന്നു റിസ്പ്ഷ്യനിൽ ഇരിക്കുന്ന ലലനാമണി . ഒരു  ഫൈവ് സ്റ്റാർ ആശുപത്രിയിലെ ചികിൽസാ ബിൽ വരുമ്പോൾ  അതെത്രയെന്നും എന്തിനെല്ലാം ബിൽ ചെയ്തിരിക്കുന്നതെന്നും ഞാൻ അടുത്ത പോസ്റ്റിടാം. ഇവിടെ എന്റെ മുമ്പിൽ ഉയർന്ന ചോദ്യങ്ങൾ ഇവയാണ്. (1) ഇത്രയും കാലമായിട്ടും സർക്കാർ ആശുപത്രിയിൽ  ഒരു പൗരന് ആവശ്യമായ ചികിൽസാ സൗകര്യം ലഭിക്കാൻ  സർക്കാരിന് ഒന്നും ചെയ്യാൻ കഴിവില്ലേ? പിന്നെന്ത് പുരോഗതിയാണ് ഈ സമത്വ സുന്ദര  ദേശത്ത് നടപ്പിൽ വന്നിട്ടുള്ളത്. (2) ഒരു പാവപ്പെട്ടവൻ ഈ അവസ്ഥയിൽ അവന്റെ ജീവൻ രക്ഷിക്കാൻ എന്ത് ചെയ്യും?.(3) എന്റെ സിനാനെ രക്ഷിക്കാൻ  എങ്ങിനെയെങ്കിലും  പൈസാ ഉണ്ടാക്കാം എന്ന് കരുതിയാലും ഈ സ്വകാര്യ ആശുപത്രിയിൽ  കൊടുവാളാണോ ബ്ലെയിഡ് ആണോ ഉപയോഗിക്കുന്നതെന്ന  വിവരം ആരെങ്കിലും പറഞ്ഞ് തരാമോ?

Thursday, August 25, 2016

മാംസം തിന്ന് രുചിപിടിച്ച നായ്ക്കൾ.

പുന്നപ്ര വയലാർ  ചരിത്രത്തെ സംബന്ധിച്ച് എഴുതപ്പെട്ട  ശ്രീ.എം.എം.വർഗീസിന്റെ " പുന്നപ്ര-വയലാർ സമരം  അറിയപ്പെടാത്ത ഏടുകൾ" എന്ന പുസ്തകത്തിലെ അവസാന  പേജുകളിലൊന്നിൽ  ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു
"കുളങ്ങൾ ശവങ്ങളെക്കൊണ്ട് കുത്തി നിറക്കുകയാണുണ്ടായതെന്ന് പട്ടാളത്തോടൊപ്പം  ഉണ്ടായിരുന്ന കുമാരൻ പറയുന്നു......എന്നിട്ടും കൊള്ളാതെ മൃതദേഹങ്ങൾ കുളങ്ങൾക്ക് മുകളിൽ കൂമ്പാരമായി. പിന്നീട് കബന്ധ കൂമ്പാരം മണ്ണിട്ട് മൂടി. അങ്ങിനെ ഒരു ചെറിയ കുന്ന് വയലാറിൽ രൂപം കൊണ്ടു. ജനങ്ങൾ  ആ കുന്നിന് വെടിക്കുന്ന് എന്ന് പേരിടുകയും ചെയ്തു...........സ്ഥലം വിട്ട് പോയിരുന്ന സ്ത്രീകളും കുട്ടികളും തിരിച്ച് വന്നത്  പിന്നെയും ഒരാഴ്ചകൂടി കഴിഞ്ഞാണ്. അപ്പോൾ അവർ കണ്ടത് എന്തെന്നോ? ആ ഗ്രാമത്തിലെ നായ്ക്കൾ  എല്ലാം നരഭോജികളായി മാറിയിരിക്കുന്നു.ശൂനകന്മാർ മനുഷ്യമാസം തിന്ന്  രുചി പറ്റിയിരിക്കുന്നു.വെടിക്കുന്നിലെ മണൽക്കൂനക്ക് മുകളിൽ വെളിയിലേക്കുന്തി നിൽക്കുന്ന മൃത മനുഷ്യരുടെ കൈകാൽ, ചെവി,  തുടങ്ങിയ അവയവങ്ങളൊക്കെ  നായ്ക്കൾ കടിച്ച് കീറി തിന്നുന്നു. കുരുതിക്കളത്തിൽ കട്ടപിടിച്ച് കിടന്നിരുന്ന രക്തമാകെ ശൂനക പട  നക്കി തുടച്ചു.വെടിയുണ്ടയേറ്റ് ചിന്നി ചിതറിയ മാംസക്കഷണങ്ങളെല്ലാം അവറ്റകൾ തിന്ന് തീർത്തു. നാട്ടിൽ തിരിച്ച് വന്ന സ്വന്തം യജമാനന്മാരെ  നോക്കി അവർ അമറിക്കുരച്ചു. അവരിൽ പലരെയും നായ്ക്കൾ ചാടിക്കടിക്കാൻ തുടങ്ങി. അവറ്റക്കിനിയും വേണം മാംസം . അപകടം മണത്തറിഞ്ഞ ഗ്രാമ ജനത ആ പ്രദേശത്തുള്ള സകല പട്ടികളെയും തല്ലിക്കൊല്ലുകയാണുണ്ടായത്.....'
ഇപ്പോൾ ഈ ചരിത്രം ഇവിടെ കുറിക്കാൻ കാരണമായത്   മാംസം തിന്ന് തഴക്കമായ നായ്ക്കളുടെ അനിയന്ത്രിതമായ ഉപദ്രവത്തെ പറ്റി ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്.  ഇന്നലെയും ഞങ്ങളുടെ നാട്ടിൽ ഒരു കൊച്ച് പയ്യനെ തെരുവ് പട്ടി ആക്രമിച്ച് കീഴ്ചുണ്ട് കടിച്ചെടുത്തു. രക്ഷപെടുത്താനെത്തിയ അവന്റെ അമ്മക്കും കിട്ടി കടി.
എന്ത് കൊണ്ടാണ് നായ്ക്കൾ ഇത്രത്തോളം ഹിംസാത്മകമായി പെരുമാറുന്നത് ? ഇന്ന് കേരള സമൂഹം ഏറ്റവും ഇഷ്ടപ്പെടുന്ന മാംസം  കോഴി മാംസമാണ് . ദിനം പ്രതി പതിനായിരങ്ങളാണ്  കോഴികൾ കശാപ്പ് ചെയ്യപ്പെടുന്നത്. കശാപ്പവശിഷ്ടങ്ങൾ  യാതൊരു മടിയും കൂടാതെ  തെരുവോരങ്ങളിൽ വലിച്ചെറിയപ്പെടുന്നു. മാംസക്കറി അവശിഷ്ടങ്ങളും ഹോട്ടലുകളിൽ നിന്നും  പുറന്തള്ളപ്പെടുന്നു. ഇവ ഭക്ഷിച്ച് രുചി പറ്റിയ പട്ടികൾ തെരുവിൽ കൂത്താടുകയാണ്.  അവർക്ക് മറ്റ് ആഹാരം രുചിക്കുന്നില്ല.  മാംസാഹാരത്തിന്റെ അഭാവം അവരെ  വിറളി പിടിപ്പിക്കുന്നു, ആക്രമണോൽസുകരാക്കുന്നു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം  നായ്ക്കൾ ആക്രമണകാരികളായി തീർന്നതിൽ കോഴി അവശിഷ്ടങ്ങൾ മുഖ്യ കാരണം തന്നെയാണ്. ഇനി പണ്ട് വയലാറിൽ ചെയ്തത് പോലെ ഇവറ്റകളെ തല്ലിക്കൊല്ലുകയല്ലാതെ മറ്റ് യാതൊരു വഴിയും  ഫലപ്രദമല്ല. അതിനോടൊപ്പം  മാംസാവശിഷ്ടം  വഴിയിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശനമായ നടപടികളും കൈക്കൊള്ളേണ്ടിയിരിക്കുന്നു.

Wednesday, August 24, 2016

പട്ടിയോ മനുഷ്യനോ വലുത്?


പക്ഷി പനി ഭയത്താൽ    ലക്ഷക്കണക്കിന്  താറാവ് കുഞ്ഞുങ്ങളെ  തീയിലിട്ട്  അതിദാരുണമായി കത്തിച്ച് കൊന്നപ്പോൾ  ഈ  നായ് സ്നേഹികൾ എവിടെയായിരുന്നു?! നായ്ക്കളുടെ  ജീവന് മാത്രമേ വിലയുള്ളുവോ? പക്ഷി പനി ബാധിച്ച് മരിച്ച് പോകും എന്ന് ഭയപ്പെട്ടപ്പോൾ ജന്തു സ്നേഹമെല്ലാം പമ്പകടന്നു. അത്രയും കുരുന്ന് ജീവികളെ പെട്രോൾ  ഒഴിച്ച് എരിച്ച് കൊല്ലുന്നതിന് ഒരു നിയമവും തടസം നിന്നില്ല. അങ്ങ് വടക്ക്  എല്ലാ സുരക്ഷയിലും കഴിയുന്ന വനിതാ മന്ത്രിക്ക്  അറിയില്ലല്ലോ  ഒരു സുരക്ഷയുമില്ലാതെ നിരത്തിലൂടെ നടന്ന് പോകുന്ന പാവം കുഞ്ഞുങ്ങളുടെ  പട്ടി പേടി. മനുഷ്യ ജീവനെയാണ് ഏറ്റവും മുൻ ഗണന കൊടുത്ത് രക്ഷിക്കേണ്ടത്. അല്ലാതെ പട്ടിയെയല്ല. ഇത് ലളിതമായ ഒരു നീതി നടപ്പിൽ വരുത്തൽ മാത്രമാണ്.
 പട്ടിയെ സന്താന നിയന്ത്രണം നടത്തി ഒരു ചെറിയ ബക്കറ്റ് കഴുത്തിൽ കെട്ടി വിട്ടാൽ  തീരുന്നതല്ല ഈ പ്രശ്നം. ഇനി അടുത്തതായി പട്ടി പനി  എന്ന പേരിൽ ഒരു പകർച്ച വ്യാധി നാട്ടിൽ ഉണ്ടായാൽ  ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കപ്പെട്ടേക്കാം.അന്ന് ഈ മൃഗ സ്നേഹികൾ പട്ടികളെ വെടി വെച്ച് കൊല്ലുന്നതിന് ഒരു തടസ്സവും പറയില്ല. തെരുവിൽ അലയുന്ന നായ്ക്കളെ നിർമ്മാർജനം ചെയ്യലല്ലാതെ  മറ്റൊരു മാർഗവും ഫലപ്രദമല്ല.    പട്ടിയുടെ ചുന്നാമുക്കി ചെത്തിയിട്ട്  ഒരു കാര്യവുമില്ല.  ഒളിച്ച് രക്ഷപെടുന്ന ഒരു ആൺ പെട്ടി മതി നാട്ടിലുള്ള എല്ലാ പെൺ പട്ടികളെയും ഗർഭിണികൾ ആക്കാൻ.

Sunday, August 21, 2016

പഴം ചെരിപ്പും എട്ട്കാലി മമ്മൂഞ്ഞും

ഒരു പഴങ്കഥ പറഞ്ഞാലേ  ചിത്രത്തിൽ കാണുന്ന  നടപ്പാതയിൽ അനുഭവപ്പെട്ട   തമാശ മനസിലാകൂ.
നിരത്ത് വക്കിലിരുന്നു പഴക്കച്ചവടക്കാരൻ  ഉച്ചത്തിൽ വിളിച്ചു" പഴം...... പഴം ..  പഴം.." തൊട്ടടുത്ത് നിന്ന് ചെരിപ്പ് കച്ചവടക്കാരൻ  വിളിച്ച് കൂവി " ചെരിപ്പ്...ചെരിപ്പ്...ചെരിപ്പ്.." കച്ചവടത്തിന്റെ ആവേശത്തിൽ രണ്ട് പേരും ഒരേ സമയം വിളിച്ച് കൂവിയപ്പോൾ വിളി " പഴം ചെരിപ്പ്...പഴം ചെരിപ്പ് " എന്നായി. സഹികെട്ട ചെരിപ്പ് കചവടക്കാരൻ പഴക്കച്ചവടക്കാരനോട് അലറി " പണ്ടാരടങ്ങാൻ  ഒന്നുകിൽ നീ വിളി...അത് കഴിഞ്ഞ് ഞാൻ വിളിക്കാം, അല്ലെങ്കിൽ ഞാൻ വിളിച്ച് കഴിഞ്ഞ് നിന്നെ കഴുവേറ്റി വിളി പഴം പഴം എന്ന്.. അല്ലെങ്കിൽ എന്റെ പുതിയ ചെരിപ്പ് പഴം ചെരിപ്പാണെന്ന് നാട്ടാര് കരുതുമെടാ കള്ളപ്പന്നീ..."
 ഇനി എന്റെ അനുഭവം.    തിരക്ക് പിടിച്ച നഗരത്തിന്റെ  നിരത്ത് കുറുക്കെ കടക്കാൻ പലവുരു മുതിർന്നിട്ടും വാഹന തിരക്ക് കാരണം  സമയമെടുത്തു, നടപ്പാതയിലേക്ക് കടക്കാൻ.   പാതയുടെ മദ്ധ്യത്തിൽ എത്തിയപ്പോൾ എതിർ ഭാഗത്ത് നിന്നും വന്ന എന്റെ ഒരു പരിചയക്കാരൻ എന്റെ പുറകേ വരുന്ന ആരെയോ നോക്കി എന്റെ ചെവിയിൽ പറഞ്ഞു  " ഇനിയെങ്കിലുമൊന്ന് നിർത്തിക്കൂടേ?" എന്നിട്ടയാൾ കടന്ന് പോയി.
ഞാൻ ഞെട്ടി തിരിഞ്ഞ്  നോക്കിയപ്പോൾ എന്റെ തൊട്ട് പുറകിൽ  ഒരു പൂർണഗർഭിണി ഇന്നാ പിടിച്ചോ  ഇന്നാ പിടിച്ചോ എന്ന മട്ടിൽ എന്നെ മുട്ടി മുട്ടി കൂടെ വരുന്നു. നിരത്ത് കുറുക്കെ കടക്കാൻ ആ പാവം എന്നോടൊപ്പം ധൃതി പിടിച്ച് വരുന്നത് കണ്ടിട്ടാണ്  പരിചയക്കാരൻ ആ സാധനം എന്റേതാണെന്ന കാഴ്ചപ്പാടിൽ എന്നെ കുത്തിയേച്ച് പോയത്. ഞാൻ വിശ്വാമിത്രൻ മോഡലിൽ ഒഴിഞ്ഞ് നിന്ന്  ആ ഭാരവും വണ്ടിയും കടന്ന് പോകാൻ  വഴി ഉണ്ടാക്കി. ചെരിപ്പ് കടന്ന് പോകട്ടെ, പഴം പതുക്കെ പോകാം. ഞാനെന്തിന്  പഴം ചെരിപ്പുണ്ടാക്കുന്നത്.  അപ്പോഴേക്കും ഇരു വശത്ത് നിന്നും പീ...പീ...പീ... എന്ന് ഹോറൺ വിളി ഉയരുന്നു.  പിന്നേ....പോടേ!. നിന്റെ ഒരു പീ...പീ..പീ.. സാധനം അങ്ങേ പുറം എത്തി ചേരട്ടെ ... എന്നിട്ടേ ഞാൻ പോകുന്നുള്ളൂ... നാട്ടിലെ  എല്ലാ ഗർഭത്തിനും ഉത്തരവാദിത്വം  ഏൾക്കാൻ  ഞാൻ എട്ട്കാലി മമ്മൂഞ്ഞോ?! പോയിനെടേ പി...പി...പി...."

Friday, August 12, 2016

വിര ഗുളികയും അദ്ധ്യാപകരും.

 ഒരു പഴയ  കഥ പറഞ്ഞാലേ കാര്യങ്ങൾ ശരിക്കും മനസിലാകൂ. രാജാവ് ഉറങ്ങാൻ കിടക്കുമ്പോൾ  ഒരു തീരുമാനമെടുത്തു. അതിരാവിലെ ഉറക്കമുണർന്ന് ആദ്യം കാണുന്നവനെ രാജാവാക്കുമെന്ന്. ആദ്യം കണ്ടത് അലക്ക്കാരനെയാണ്. മൂപ്പര് തുണിയും കെട്ടുമായി തെരുവിലൂടെ വരുമ്പോഴാണ് കൊട്ടാര ജനലിലൂടെ  അരശൻ ആളെ കണ്ടത്. രാജാവ് വാക്ക് പാലിച്ചു. നീ ഇന്ന് മുതൽ  ഈ നാട്ടിലെ ജഡ്ജ്  രാജാവ് ഉത്തരവ് ഒപ്പിട്ടു ഏൽപ്പിച്ചു. അലക്ക്കാരൻ പറഞ്ഞു "പൊന്നുടയതേ! എനിക്ക് ആകെ അറിയാവുന്ന പണി  അലക്കാണ് ജഡ്ജിയുടെ പണിയൊന്നും എനിക്കറിയില്ല." നിനക്കറിയാവുന്നത് പോലെ ചെയ്താൽ മതിയെന്ന് നാട് വാഴുന്നോർ കൽപ്പിച്ചു. ആദ്യം വന്ന കേസ് പ്രമാദമായ കൊലക്കേസാണ്. പ്രതിയെ ഹാജരാക്കി സംഭവം നേരിൽ കണ്ട സാക്ഷി  കൃത്യം വിവരിച്ചു. സാക്ഷി മൊഴി കേട്ട ജഡ്ജി വിധിച്ചു" സാക്ഷിയെ തൂക്കി കൊല്ലുക."
 വാദി വക്കീൽ ചാടി എഴുന്നേറ്റ് പറഞ്ഞു " യുവർ ഓണർ, അത് സാക്ഷിയാണ് " ജഡ്ജി ഉടനെ വിധിച്ചു " വക്കീലിനെയും തൂക്കി കൊല്ലുക" കാര്യം നിരീക്ഷിച്ചിരുന്ന  രാജാവ് അതിശയം കൂറി. "എന്താടോ ഇത് ?" അലക്ക്കാരന്റെ മറുപടി "എന്റെ പൊന്ന് തമ്പുരാനേ! ഞാൻ ആദ്യമേ പറഞ്ഞില്ലേ  എന്റെ പണി ഇതല്ല എന്റെ പണി വേറെ ആണെന്ന് "
ഈ കഥ ഇപ്പോൾ പറയാൻ കാരണം ഇന്നത്തെ ഒരു പത്ര വാർത്തയാണ്. അതിപ്രകാരമാണ്
  സ്കൂളിൽ കുഴഞ്ഞ് വീണ വിദ്യാർത്ഥി  മരിച്ചു. ഡെങ്കി പനിയെന്ന് ആരോഗ്യ വകുപ്പും  കുട്ടിക്ക് ഒരു രോഗവുമില്ലായിരുന്നെന്നും  വിര ഗുളിക കഴിച്ചതിനാലാണെന്ന്  ബന്ധുക്കളും പറയുന്നു.  കല്ലറ  ഭരതന്നൂർ ഹൈ സ്കൂളിലെ  ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ  14വയസ്സുകാരൻ  മനു റോബർട്സണാണ്  ഇപ്രകാരം മരിച്ചത്. ഉച്ചക്ക് ഗുളിക കഴിച്ചതിന് ശേഷമാണ്  മനുവിന് ശരീര ക്ഷീണം അനുഭവപ്പെട്ടത്. അതിനാൽ വൈകുന്നേരമുള്ള പരേഡിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോവുകയും  തുടർന്ന് ഛർദ്ദിച്ചതിനാൽ സ്വകാര്യ ആശുപത്രിയിലും സർക്കാരാശുപത്രിയിലും മറ്റും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച  മരിച്ചു. ഏതെങ്കിലും  രോഗമുള്ളവർക്ക് ഗുളിക കൊടുക്കരുതെന്ന് കർശനമായി നിർദ്ദേശം കൊടുത്തിരുന്നുവെങ്കിലും സ്കൂളിൽ ഗുളിക വിതരണം ചെയ്തവർ ആ നിർദ്ദേശം പാലിച്ചിരുന്നുവോ  എന്ന് സംശയമുണ്ടത്രേ!
 അവിടെയാണ് പോയിന്റ്. ഗുളിക കൊടുപ്പും കുത്തി വെപ്പും ചെയ്യേണ്ടവർ ചെയ്യണം. അദ്ധ്യാപകരാണ് സ്കൂളിൽ മന്ത് പ്രതിരോധ ഗുളീകയും  അയൺ ഗുളികയും  ഇപ്പോൾ വിര ഗുളികയും കുട്ടികൾക്ക് നൽകുന്നത്. കുട്ടികളുടെ സ്വഭാവം അദ്ധ്യാപകർക്ക് അറിയാം. പല കുട്ടികളും വെറുതെ പറയും  ഞാൻ കഴിച്ചു സർ. അദ്ധ്യാപകൻ  പ്രതികരിക്കും " കള്ളം പറയാതെടാ...ഗുളിക കഴിക്കാനുള്ള  മടി കൊണ്ടല്ലേ നീ ഇങ്ങിനെ പറയുന്നത് " അനുസരണയുള്ള കുട്ടി അദ്ധ്യാപകനെ അനുസരിക്കും. എന്തെങ്കിലും സംഭവിക്കുമെന്ന് പാവം അദ്ധ്യാപകന് അറിയില്ല. അഥവാ സംഭവിച്ചാൽ എന്ത് ചെയ്യണമെന്നും അറിയില്ല. പാവത്തിന്റെ പണി കുട്ടികളെ പഠിപ്പിക്കുകയാണ്. ചികിൽസ അല്ല.
ഇവിടെ ഈ ഗുളിക വിതരണത്തിന് നിർബന്ധമുള്ളവർ വ്യവസ്ഥാപിതമായി അത് വിതരണം ചെയ്യാനുള്ള  സംവിധാനവും ചെയ്തിട്ട് വേണം, സർക്കാർ വക കമ്പനിയിൽ  കെട്ടി കിടക്കുന്ന ഗുളിക അടിച്ചേൽപ്പിക്കാൻ.   പാവപ്പെട്ട അദ്ധ്യാപകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
എന്തായാലും ആ കുഞ്ഞിന്റെ മരണം  അവന്റെ മാതാപിതാക്കളെ എത്രമാത്രം ദുഖിപ്പിച്ച് കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
   രോഗ പ്രതിരോധവും മറ്റും സമൂഹത്തിന്റെ രക്ഷക്ക് അത്യാവശ്യമാണ്  പക്ഷേ  മരുന്ന് കാര്യത്തിൽ  അധികൃതർ  ഇനിയെങ്കിലും കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറിയിരുന്നുവെങ്കിൽ!

Sunday, August 7, 2016

പണ്ടേ പോലെ ഫലിക്കുന്നില്ല.

സംഭവ കഥയാണ് ഇവിടെ കുറിക്കുന്നത്.
കോടതി സൂപ്രണ്ടിന്റെ മേശക്ക് മുകളിലുള്ള പഴയ  മോഡൽ ബെല്ലിൽ  അദ്ദേഹം അടിക്കുമ്പോൾ  ശിപായി സാർ  എത്തി സൂപ്രണ്ട് പറയുന്ന ആഫീസ് കാര്യങ്ങൾ നിർവഹിക്കുക എന്നത്  സാധാരണ ഓഫീസ് മര്യാദയാണ്. "ഇവിടെ വന്ന്, ഒപ്പിട്ട ഈ കടലാസ് എടുത്ത്  ബന്ധപ്പെട്ട സെക്ഷനിൽ കൊടുക്കണേ"  എന്ന് വിളിച്ച് കൂവാനൊക്കില്ലല്ലോ. അതിനാലാണ് ഈ ബെൽ അടി സംവിധാനം ഓഫീസുകളിൽ  ഏർപ്പെടുത്തിയിരിക്കുന്നത്. ധാരാളം മേലുദ്യോഗസ്തന്മാരുടെ ബെല്ലടി കേട്ട് തഴക്കവും പഴക്കവുമുള്ള  ശിപായി സാറന്മാർക്ക് ബെൽ കേൾക്കുമ്പോൾ  ഒരു ലാഘവത്വമെല്ലാം  സാധാരണ ഉണ്ടാകാം. എന്നിരുന്നാലും ബെൽ കേട്ട് രണ്ട് മിനിട്ട്  വൈകിയെങ്കിലും അവർ ഹാജരായി ചുമതല നിർവഹിക്കും. പക്ഷേ സൂപ്രണ്ടിന്റെ ക്യാബിനിൽ നിന്നും ഫയർ എഞ്ചിൻ മണി അടിക്കുന്നത് പോലെ ശബ്ദം കേട്ടാലും ശിപായി സാർ ഉത്തരം നൽകിയില്ലെങ്കിലോ?! ബെല്ലടിച്ച് കൈ കുഴഞ്ഞ്  സൂപ്രണ്ട്  ക്രുദ്ധനായി പുറത്ത് വന്ന് നോക്കുമ്പോൾ ശിപായി അദ്ദേഹം  കച്ചേരി കാമ്പൗണ്ടിനരികിലെ  തട്ട് കടയുടെ ആടുന്ന ബെഞ്ചിലിരുന്ന് ലോക കാര്യങ്ങൾ ചർച്ച ചെയ്യുന്ന കാഴ്ചയായിരിക്കും കാണുക. പലതവണ താക്കീത് ചെയ്തു..ഊങ്ഹും ഒരു മാറ്റവുമില്ല, ഇനി ചാർജ് മെമ്മോയിലേക്ക്  തിരിഞ്ഞ്  നടപടി തുടങ്ങിയാൽ എറിഞ്ഞ കല്ല് സൂപ്രണ്ട് വിചാരിച്ചാലും തിരികെ പിടിക്കാൻ ആവില്ല. ശിപായി സാറിന് മൂന്ന് നാല് പിറുങ്ങിണികളുള്ള  കുടുംബമുണ്ട്. അവസാനം സൂപ്രണ്ട് ഒരു അറ്റ കൈ പ്രയോഗമങ്ങ് ചെയ്തു.
അന്നും ബെല്ലടിച്ചു. ആളെ കണ്ടില്ല ശിപായി സാർ ഔട്ട് ഓഫ് റേഞ്ചിലാണ്. കാളിംഗ്  ബെൽ കയ്യിലെടുത്ത് സൂപ്രണ്ട്  പതുക്കെ  തട്ട് കടയുടെ സമീപത്തേക്ക് നടന്നു. അവിടെ നല്ല തിരക്ക്. ശിപായി സാറിന്റെ അരികത്ത് ചെന്ന് നിന്ന്  സൂപ്രണ്ട്  ബെല്ല്` എടുത്ത് ഫയർ എഞ്ചിൻ  പോലെ ഒരു കാച്ച് കാച്ചി. ആൾക്കാർ അന്തം വിട്ട് നോക്കി നിൽക്കെ പകച്ച് നിന്ന ശിപായി സാറിനോട് വിനയത്തോടെ സൂപ്രണ്ട് പറഞ്ഞു  "രണ്ട് മൂന്ന് കടലാസ്സ് പെട്ടിയിൽ കിടപ്പുണ്ട്, ` അതെടുത്ത് സെക്ഷനിൽ കൊടുത്താട്ടെ, കക്ഷികൾ കാത്ത് നിൽക്കുന്നു" അതിന് ശേഷം ശിപായി സാർ    ഒരു ബെൽ കേൾക്കുമ്പോൾ തന്നെ ക്യാബിനിൽ ഹാജരാകുമായിരുന്നു.
  വർഷങ്ങൾക്ക്  മുമ്പുള്ള ഈ സംഭവം ഇവിടെ ഇപ്പോൾ കുറിക്കാൻ കാരണം പുസ്തക വായനയുടെ  രസത്തിലിരിക്കുന്ന ഈയുള്ളവൻ ദാഹം തോന്നുമ്പോൾ "ഒരു ഗ്ലാസ് വെള്ളം" എന്ന് വിളിച്ച് കൂവുമ്പോൾ  നമ്മുടെ നല്ല പാതി കൂജയിലെ തണുത്ത വെള്ളം ഒരു ഗ്ലാസിൽ പകർന്ന്  ഈയുള്ളവൻ ഇരിക്കുന്നിടത്ത് എത്തിച്ച് തരുന്ന ഒരു പതിവുണ്ടായിരുന്നു. പക്ഷേ "ചന്ദന മഴ" തുടങ്ങിയ സീരിയലുകൾ റ്റിവിയിൽ പെയ്ത് തുടങ്ങിയാൽ  വിളി അലർച്ചയായി രൂപം പ്രാപിച്ചാലും കൂജയിലെ വെള്ളം നമുക്ക് പെയ്ത് കിട്ടുകയില്ല. അപ്പോൾ പണ്ടത്തെ ശിപായി സാറിന്റെ കേസ് ഞാൻ ഓർമ്മിച്ചു. ഒരു ദിവസം അലറി വിളിച്ചിട്ടും റ്റിവിയിലെ  അലർച്ചയിൽ അത് ഏശിയില്ല.  ഞാൻ ചാടി എഴുനേറ്റ്  കൂജ ഇരിക്കുന്നിടത്ത്  ചെന്ന് അതെടുത്ത് ഒരു ഗ്ലാസും എടുത്ത് റ്റിവി. ഹാളിൽ ചെന്ന്  അവളുടെ മുമ്പിൽ  രണ്ടും പ്രതിഷ്ഠിച്ച്  ഭവ്യതയോടെ പറഞ്ഞു" ഈയുള്ളവൻ കുറേ നേരം കൊണ്ട് അലറി വിളിക്കുന്നു, പ്രിയേ! ഒരു ഗ്ലാസ് ജലം പകർന്ന് തന്നാലും"
ഊങ്ങ്ഹും അവിടെ ഒരു കുലുക്കവുമില്ല. "ഏതായാലും ഇത്രേം മെനക്കെട്ടില്ലേ? കൂജയും ഗ്ലാസ്സും പൊക്കി ഇവിടെ വരെ വന്ന സ്ഥിതിക്ക് ,   ഇനി അങ്ങ് തന്നത്താൻ ഒഴിച്ച് കുടിച്ചാട്ടേ"
ഗുണപാഠം: പണ്ടത്തെ പണി ഒന്നും ഇക്കാലത്ത് ഏശുകയില്ല. അടങ്ങി ഒതുങ്ങി ഏതെങ്കിലും മൂലക്ക് കഴിഞ്ഞോ ഹമുക്കേ!...

Wednesday, August 3, 2016

ബാലക്രിഷ്ണ പിള്ളയും ഹജ്ജ് യാത്രയും.

  ബാങ്ക് ജീവനക്കാരനും കേരളാ കോൺഗ്രസ്സ് (ബി) നേതാവ് ബാലക്രിഷ്ണ പിള്ളയുടെ അടുത്ത അനുയായിയുമായ  എന്റെ ഒരു സ്നേഹിതൻ വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം എന്നെ സമീപിച്ച്  പറഞ്ഞു " സാറ്  ( കൊട്ടാരക്കരയിൽ ഒരു കാലത്ത് സാർ എന്ന് പറഞ്ഞാൽ ബാലക്രിഷ്ണ പിള്ള എന്ന അർത്ഥമായിരുന്നു) സാമ്പത്തിക ശേഷി ഇല്ലാത്ത ഒരു പണ്ഡിതനെ   ഹജ്ജിനയക്കാൻ  ആഗ്രഹിക്കുന്നു,  ഒരാളെ തെരഞ്ഞെടുക്കാൻ എന്നെ സഹായിക്കണം."
സാമ്പത്തിക ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലമായിരുന്നു അത്. ഹജ്ജ് ഓരോ മുസ്ലിമിന്റെയും  മനസിൽ നിറഞ്ഞ് നിൽക്കുന്ന അദമ്യയമായ  ആഗ്രഹമാണ് .സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവന് ഒരിക്കലും നടക്കാത്ത സ്വപ്നവും. അങ്ങിനെയുള്ള  അവസ്ഥയിലാണ്  ഇപ്രകാരമൊരു വാഗ്ദാനം  ഉണ്ടാകുന്നത്. ഞാൻ കൊല്ലം പട്ടാളം പള്ളിയിലെ  ഇമാമായ  ഒരു മൗലവിയുടെ പേര് നിർദ്ദേശിച്ചു.അന്നത്തെ കാലത്ത്  അദ്ദേഹം ഹജ്ജ് ചെയ്യണമെന്ന് വളരെ ആഗ്രഹം ഉള്ള ആളൂം സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള വ്യക്തിയുമാണ് .ഉടനെ തന്നെ എന്റെ സ്നേഹിതൻ അദ്ദേഹവുമായി ബന്ധപ്പെട്ട്  എല്ലാ കാര്യങ്ങളും ശരിയാക്കി. അദ്ദേഹം പള്ളി ഭാരവാഹികളോട്  കാര്യങ്ങൾ പറഞ്ഞ്  അവധിക്കപേക്ഷ കൊടുത്തപ്പോൾ  അവർ അദ്ദേഹം  പിള്ളയുടെ സഹായത്തോടെ ഹജ്ജിന് പോകുന്നതിൽ വിസമ്മതം പ്രകടിപ്പിക്കുകയും മൗലവിക്ക് അവരെല്ലാവരും കൂടി ഹജ്ജ് തീർത്ഥ യാത്രക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്തു. അവസാന നിമിഷത്തിലെ ഈ മലക്കം മറിച്ചിൽ എന്റെ സ്നേഹിതനെ പ്രയാസപ്പെടുത്തുകയും  അയാൾ വീണ്ടും എന്നെ സമീപിച്ച്  " ഞാൻ ഇനി സാറിനോടെന്ത് പറയും, എല്ലാം ശരിയായി എന്ന് വിചാരിച്ച ഈ സമയത്താണ് ഇങ്ങിനെയൊരു കൊഴമറിച്ചിൽ ഉണ്ടായിരിക്കുന്നത്, നമുക്ക് ഒരാളെ പെട്ടെന്ന് കണ്ട് പിടിക്കണം, ആൾ അർഹനും സാമ്പത്തിക ശേഷി ഇല്ലാത്തവനും ആയിരിക്കണം അതും പെട്ടെന്ന് വേണം എന്നെ സഹായിക്കുക എന്ന് പറഞ്ഞു.  ഞങ്ങൾ ആലോചിച്ച്  അവസാനം സുബൈർ മൗലവിയെ  തെരഞ്ഞെടുക്കാം എന്ന് തീരുമാനിച്ച് അദ്ദേഹത്തെ കണ്ട് സമ്മതം വാങ്ങി. അദ്ദേഹത്തിന് അപ്പോൾ ഇതിൽ പരം സന്തോഷം ഇല്ലായിരുന്നു. ഹജ്ജിന് പോകാൻ സാധിക്കുക, എന്നത്  അന്ന് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമായിരുന്നു. എന്റെ അന്വേഷണത്തിൽ  ബാലക്രിഷ്ണപിള്ള  ഇങ്ങോട്ട് താല്പര്യമെടുത്താണ്  ഇപ്രകാരമൊരു യാത്രക്ക്  സൗകര്യം ഒരുക്കിയത്. ആരും അദ്ദേഹത്തോട് സഹായം ചോദിച്ച് ചെന്നിരുന്നില്ല. സുബൈർ മൗലവി ആ വർഷത്തെ ഹജ്ജിന് പോയി തിരികെ വരുകയും ചെയ്തു. ദൈവ ഭവനം കാണണമെന്ന  അടങ്ങാത്ത ആഗ്രഹവും  പുണ്യ പ്രവാചകന്റെ പള്ളി സന്ദർശനം ജീവിതാഭിലാഷവുമായ ഒരു വ്യക്തിക്ക് അതിന് വേണ്ടി ചെലവഴിക്കുന്ന തുകയുടെ ഉൽഭവത്തെ പറ്റി ഭയം ഉണ്ടായിരുന്നാൽ തന്നെയും  നടേ പറഞ്ഞ ചിരകാല സ്വപ്നത്തിന്റെ മുമ്പിൽ  ആ ഭയമെല്ലാം ഒലിച്ച് പോയിരിക്കാം.
കാലമിത്രയും കഴിഞ്ഞതിന് ശേഷം  ശ്രീ ആർ.ബി. പിള്ള  ഇന്നലെ സുബൈർ മൗലവിയുടെ പേര് മുസ്ലിം പ്രേമത്തിന്റെ  ഉദാഹരണത്തിന് പത്ര പ്രസ്താവനയിൽ   എടുത്ത് പറഞ്ഞത്  താഴ്ന്ന തരം പണിയായി പോയി എന്ന് പറയാതിരിക്കാൻ നിവർത്തിയില്ല. സുബൈർ മൗലവി സഹായം ആവശ്യപ്പെട്ട് ഒരിക്കലും പിള്ളയെ സമീപിച്ചിരുന്നില്ല.  . പിള്ളയെ സംബന്ധിച്ച്  അതിഗുരുതരമായ ആരോപണങ്ങൾ  അന്തരീക്ഷത്തിൽ വ്യാപിച്ച് നിൽക്കേ ഈ പ്രേമം പറഞ്ഞേ ഒക്കൂ എന്ന നിർബന്ധം ഉണ്ടായിരുന്നെങ്കിൽ  ആളുടെ പേര് പറയാതെ "ഒരു മുസ്ലിമിന് " എന്ന് മാത്രം പറഞ്ഞ് ചുരുക്കാമായിരുന്നു.  ഒരു കൈ കൊണ്ട് കൊടുത്തത് ്  മറു കൈ അറിയരുത്  എന്ന ആപ്ത വാക്യം എല്ലാ സമുദായക്കാർക്കും  ബാധകമാണ്. അപ്പോൾ നിസ്വാർത്ഥ മുസ്ലിം സ്നേഹം കൊണ്ടല്ല  അന്ന് പിള്ള  ഹജ്ജിന് പോകാൻ സഹായിച്ചതെന്നും അത് വെറുമൊരു പബ്ബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നു എന്ന് ഇന്ന് പറഞ്ഞാൽ അത്  അദ്ദേഹത്തിന് നിഷേധിക്കാൻ കഴിയില്ല  അന്നത്തെ നിസ്സഹയാവസ്ഥയും നിർദ്ധനതയും  ഹജ്ജിന് പങ്കെടുക്കണമെന്ന ഒരു സാധു മുസ്ലിം പണ്ഡിതന്റെ ഒടുങ്ങാത്ത ആഗ്രഹവും താങ്കളുടെ ഔദാര്യം ഇങ്ങോട്ട് അടിച്ചേൽപ്പിക്കലും താങ്കളുടെ സഹായം കൈപറ്റാൻ ആ മനുഷ്യനെ പ്രേരിപ്പിച്ചിരിക്കാം, അതിന്  ഇങ്ങനെ ആ പാവത്തിന്റെ പേര് വിളിച്ച് പറഞ്ഞ് പൊതു ജനത്തിന്റെ മുമ്പിൽ ആ പാവത്തിനെ തല കുനിപ്പിക്കണമായിരുന്നോ?ആ മനുഷ്യന്റെ സ്ഥാനത്ത് നിന്ന്  ചിന്തിച്ചാലേ ആ മനസിലെ ദു:ഖം മനസിലാകൂ.
സമ്പത്ത് വരും പോകും. സുബൈർ മൗലവി ഇന്ന് അറിയപ്പെടുന്ന ഒരു പൊതുജന പ്രവർത്തകനാണ്. ഇന്ന് രാവിലെ അദ്ദേഹം എന്നോട് സംസാരിച്ചു. " എന്ത് വിറ്റിട്ടായാലും ഞാൻ അങ്ങേരുടെ  ചെലവായ തുക കൊടുക്കാം, ഒരു പത്ര സമ്മേളനം നടത്തി ഈ വിവരം പൊതുജ ന ങ്ങളെ അറിയിക്കാൻ  എന്നെ സഹായിക്കണം " ഞാൻ ആ നല്ല മനുഷ്യനെ സമാധാനപ്പെടുത്തി. 'അൽപ്പം ക്ഷമിക്കുക, യുക്തമായ തീരുമാനം എടുക്കാം കാത്തിരിക്കുക, എല്ലാം കാണുന്ന ഒരാൾ നമ്മെ നിയന്ത്രിക്കുന്നുണ്ടല്ലോ, അദ്ദേഹം മാർഗം കാണിച്ച് തരും"

Friday, July 29, 2016

പീഡനക്കാരനായ ഭീകരൻ

"പിടികൂടി" എന്ന വാക്ക് വായിക്കുമ്പോൾ നമ്മുടെ  മനസിലൂടെ കടന്ന് പോകുന്ന ആ വാക്കിന്റെ വിശാലരൂപം ഓടിച്ചിട്ട് പിടിച്ചു , വളഞ്ഞ് പിടിച്ചു,  ആ വ്യക്തി ഒളിച്ച് നടക്കുകയോ എന്തോ ഒളിച്ച് വെക്കുകയോ  ചെയ്തിരുന്നത്  പിടികൂടി എന്നൊക്കെ ആയിരിക്കും.  മാത്രമല്ല അപ്രകാരം പിടികൂടപ്പെട്ട വ്യക്തിയെ പറ്റി  നമ്മുടെ മനസിൽ മോശം അഭിപ്രായം രൂപപ്പെടുകയും ചെയ്യുമെന്ന് തീർച്ച. " പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച  18 വയസ്സുകാരനെ പോലീസ് പിടികൂടി." ഇന്നത്തെ പത്ര വാർത്തയാണിത്. കുറച്ച് കാലമായി പ്രതി ഈ കലാപരിപാടി തുടരുകയായിരുന്നത്രേ! അടുത്തിരിക്കുന്ന കുട്ടികൾ പറഞ്ഞ്  വാദ്ധ്യാരും, തുടർന്ന്  ചൈൽഡ് ലൈൻ പ്രവർത്തകരും പിന്നീട് പോലീസും വിവരം അറിഞ്ഞതിനെ തുടർന്നാണ് പിടികൂടിയത്.   ഡി.വൈ.എസ്.പി. മാത്യൂ മാഞ്ഞൂരാന്റെ നേതൃത്വത്തിൽ സി.ഐ. ബഷീർകുട്ടി, എസ്സ്.ഐ.ഗോപകുമാർ, എ.എസ്.ഐ. കുമാരൻ, എച്.സി. കേശവൻ കുട്ടി, പോലീസുകാരനായ ദിലീപ് കുമാർ, വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. (പേരുകൾ സാങ്കൽപ്പികം) ഒരു നരുന്ത് , വാണാൽ, ചെക്കനെ പിടികൂടാൻ പോലീസ് ഫോഴ്സ് പൂർണമായും ഉപയോഗിച്ചെന്ന്   എഴുതിയാലും അതിശയിക്കാനില്ല. സംഗതി പീഡനമാണ് . വാർത്ത കലക്കണം.കണ്ടാൽ ഭീകരനും എപ്പോഴും പീഡന ആയുധം ത്രസിപ്പിച്ച് നിർത്തുന്നവനും  എന്തും ചെയ്യാൻ മടിക്കാത്തവനുമായ ഈ കശ്മലനെ ഫോഴ്സ് വളഞ്ഞ്  "ഹാൻസ് അപ്" പറഞ്ഞ് അവനെ സ്തംഭിപ്പിച്ച് അവന്റെ പീഡന ആയുധം നിർവീര്യമാക്കി അവനെ പിടികൂടി എന്നെഴുതിയാലും തരക്കേടില്ല. ജനത്തിനെ അറിയിക്കേണ്ട ബാദ്ധ്യത പത്രക്കാരുടെ അവകാശമാണ് . സാധാരണ ഈ വക കേസുകളിൽ സംഭവിക്കുന്നത് ചെക്കനെയും കൊണ്ട് വരാൻ അവന്റെ പിതാശ്രീയോട് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ച് പറയും. ഏതെങ്കിലും പഞ്ചായത് മെംബറെയും കൂട്ടി  അയാൾ പയ്യനെ കയ്യിൽ പിടിച്ച് സ്റ്റേഷനിൽ വരും .അവരുടെ മുമ്പിൽ വെച്ച് തന്നെ ലൈംഗിക ചുവ കലർന്ന ഭാഷയിൽ  ഏമാന്മാർ  ചെക്കനോട് ചില ചോദ്യങ്ങൾ ചോദിച്ചതിന് ശേഷം ആയുധത്തിന്റെ ഉദ്ധാരണ ശേഷി പരിശോധിക്കാൻ  സർക്കാർ ആശുപത്രിയിൽ കൊണ്ട് പോകും. "ഇവൻ ഉഗ്രനാണ്" എന്ന സർട്ടിഫിക്കറ്റ്  സർക്കാർ ഡോക്ടറുടെ പക്കൽ നിന്നും വാങ്ങി സ്റ്റേഷനിൽ കൊണ്ട് വന്ന് "കേറെടാ മൗന ഗായകാ ! അകത്ത് " എന്നും പറഞ്ഞ് ഷഡ്ഡി എന്ന  ആധുനിക കൗപീനം മാത്രം ധരിപ്പിച്ച്   അവനെ അകത്താക്കും. പിന്നെ പത്രക്കാരെ വി ളിപ്പിച്ച് വാർത്ത  ഔട്ട് ലൈൻ കൊടുക്കും അത് കഴിഞ്ഞ് പത്രക്കാരുടെ ഊഴമാണ്. അവർ പെട്ടിക്കോളമോ മത്തങ്ങാ അക്ഷരമോ നിരത്തി പീഡനം ആഘോഷിക്കും.  അതോടെ ചെക്കന്റെ ഭാവി ഭൂതമാകും.പിന്നെ ഈ ജന്മത്തിൽ അവനെ അറിയുന്നത്  ചാറൽസ് ഡിക്കൻസിന്റെ "ഡേവിഡ് കോപ്പർ ഫീൽഡിൽ" ഡേവിഡിന്റെ മുതുകിൽ   സൂക്ഷിക്കുക  ഇവൻ കടിക്കും എന്ന ബോർഡ് തൂക്കിയത് പോലെ ഇവന്റെ മുതുകിൽ സൂക്ഷിക്കുക, ഈ നായീന്റെ മോൻ പീഡിപ്പിക്കും എന്ന കാണാ ബോർഡുള്ളവൻ എന്നായിരിക്കും.
അവന്റെ പ്രവർത്തി ദോഷം കൊണ്ടല്ലേ ഇപ്രകാരം സംഭവിച്ചത് എന്ന ചോദ്യം നിങ്ങൾ ഉന്നയിക്കുന്നെങ്കിൽ ,അവൻ ഈ കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുന്നത് വരെ  അവൻ കുറ്റാരോപിതൻ മാത്രമാണെന്നും  ഇപ്പോൾ നടന്നത് മാധ്യമ വിചാരണയും പത്രക്കാരുടെ വിധി പ്രസ്താവനയും മാത്രം എന്ന മറുപടിയാണ്  എനിക്ക് പറയാനുള്ളത് പ്രതിക്ക് പറയാനുള്ളത് . ഒരിക്കലും പത്രക്കാർ  അച്ചടിക്കാറില്ലല്ലോ.

Thursday, July 28, 2016

പത്രക്കാരും വക്കീലന്മാരും

ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ മുഖപ്രസംഗത്തിൽ നിന്നും ചില വരികൾ
>>>>>സംഘടിത മിടുക്കും വാർത്താതമസ്കരണവും ആശാസ്യമായ വഴികളല്ല.മാധ്യമ പ്രവർത്തകരുടെ ജോലി സംഭവങ്ങളെ ജനങ്ങളിലെത്തിക്കലാണ്.അഭിഭാഷകരുടെ ജോലി കക്ഷികൾക്ക് നീതി ലഭ്യമാക്കലും. രണ്ടും തമ്മിൽ കൂട്ടിമുട്ടേണ്ടതല്ല.നിയമം അതിന്റെ വഴിക്ക് തന്നെ പോകണം.ഇരു കൂട്ടരും വാശി പിടിച്ച് ജനങ്ങൾക്ക് നീതി നിഷേധിക്കരുത്. കോടതിക്ക് പുറത്ത് നിന്ന് അഭിഭാഷകരെ വെല്ല് വിളിക്കുന്നതും കോടതി നടപടി റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരെ തടഞ്ഞ് അധിക്ഷേപിക്കുന്നതും ഒരു പോലെ എതിർക്കപെടേണ്ടതാണ് <<<
ഈ കാര്യം പറയാൻ എന്തേ ഇത്ര താമസിച്ചത് ? ഉടുപ്പ് കഴുകി ഇട്ടത് ഉണങ്ങിയില്ലായിരുന്നോ? കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് പത്രങ്ങളോടൊപ്പം കൂടി അഭിഭാഷകരും പത്ര പ്രവർത്തകരും തമ്മിലുള്ള ശണ്ഠയിൽ ഒരു പക്ഷം മാത്രം പിടിച്ച് വാർത്ത തമസ്കരിക്കുകയായിരുന്നല്ലോ ദേശാഭിമാനിയും. അതേ രണ്ട് പേരും ചെയ്തത് തെറ്റായിരുന്നു എന്നായിരുന്നു വാർത്ത വരേണ്ടിയിരുന്നത്. അതിന് പകരം ഏകപക്ഷീയമായി റീപ്പോർട്ട് ചെയ്ത് വക്കീലന്മാരെ " എന്തും ചെയ്യാൻ മടിക്കാത്ത, എപ്പോഴും മദ്യ കുപ്പി ആയുധമായി കയ്യിൽ കരുതുന്ന കണ്ടാൽ ഭീകരന്മാരായി തോന്നുന്ന തെമ്മാടികളായി " ഒന്നൊഴിയാതെ എല്ലാ പത്രവും ജനങ്ങളുടെ മുമ്പിൽ ചിത്രീകരിച്ചു. ഏത് വാർത്തയും സത്യമെന്ന് കരുതുന്ന ജനത്തിന്റെ ദുർബലത പത്രക്കാർ മുതലെടുത്തു. തിരുവനന്തപുരത്ത് വക്കീലന്മാർ ഉപയോഗിച്ച ശ്രേഷ്ട ഭാഷ പത്രക്കാരും ഉപയോഗിച്ചില്ലെന്ന് നെഞ്ചിൽ കൈ വെച്ച് പറയാമോ? പക്ഷേ വാർത്ത വക്കീലന്മാരെ പറ്റി മാത്രം.
എല്ലാവരും അവരുടെ ചുമതല ശരിയായി നിറവേറ്റിയാലേ സമൂഹത്തിൽ സമാധാനം നില നിൽക്കൂ. ഒന്ന് ചിന്തിക്കുക .ഏതെങ്കിലും വാർത്തയുടെ പേരിൽ ആരെങ്കിലും കേസ് കൊടുത്താൽ അതിനെ നേരിടാൻ പത്രക്കാർ ചുമതലപ്പെടുത്തിയ വക്കീൽ അയാളുടെ ചുമതല ശരിയാം വണ്ണം നിറവേറ്റിയില്ലെങ്കിലോ?
രോഗിയെ ശരിയാം വണ്ണം ചികിൽസിക്കേണ്ട ഡോക്ടർ അയാളുടെ ചുമതലയിൽ ഒഴപ്പ് കാണീച്ചാലോ?
പറമ്പിൽ കിളക്കാൻ ചുമതലപ്പെടുത്തിയ ആൾ ഒന്നും ചെയ്യാതെ മാറി ഇരുന്ന് ബീഡി വലിച്ചോണ്ട് സമയം കളഞ്ഞാലോ?
നിഷ്പക്ഷമായി വിധി ന്യായം തയാറാക്കേണ്ട ന്യായാധിപൻ ഒരു വശത്തേക്ക് ചരിഞ്ഞാലോ ?
ഇതേ പോലെ തന്നെയാണ് പത്രക്കാരൻ ഉള്ള കാര്യം അതേ പോലെ റിപ്പോട്ട് ചെയ്ത് വാർത്ത ജനങ്ങളിൽ എത്തിച്ചില്ലെങ്കിൽ സംഭവിക്കുന്നതും.
ഏതായാലും അൽപ്പം വൈകിയെങ്കിലും ഈ പരമാർത്ഥം അച്ച് നിരത്തിയ ദേശാഭിമാനിക്ക് ഒരു റെഡ് സല്യൂട്ട്.

കോടതിയിലെ സമൻസ്


കോടതിയിൽ നിന്നും സമൻസോ  മറ്റുത്തരവുകളുമായോ  കോടതി ഉദ്യോഗസ്ഥൻ നമ്മുടെ വാസസ്ഥലത്തെത്തുമ്പോൾ അവരെ വിരുന്ന്കാരനെ പോലെ ആനയിച്ച്  അകത്ത് കയറ്റി ഇരുത്തിയില്ലെങ്കിൽ പോലും  ശത്രുവിനെ പോലെ പെരുമാറരുത്. അങ്ങിനെ  പെരുമാറിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തെന്ന് പലർക്കും  അറിയില്ല. വർഷങ്ങൾക്ക് മുമ്പ് നടന്നതും  ഓർമ്മയിൽ ഇപ്പോഴും പച്ചപിടിച്ച് നിൽക്കുന്നതും മേൽ പറഞ്ഞ വിഷയ സംബന്ധമായതുമായ ഒരു സംഭവം ആണ്  ഇപ്പോൾ ഇവിടെ കുറിക്കുന്നത്.
വെള്ളിയാഴ്ച  ദിവസമായതിനാൽ അന്ന് കോടതിയിൽ നിന്നും ഉച്ചക്ക് നേരത്തെ തന്നെ ഇറങ്ങി  പുറക് വശമുള്ള    പോലീസ് സ്റ്റേഷൻ വഴി   നിരത്തിലേക്ക് പോകാൻ തുനിഞ്ഞ എന്നോട്  പരിചയക്കാരനായ  സ്റ്റേഷൻ റൈട്ടർ  ചോദിച്ചു"സർ, ഹൈക്കോടതിയിൽ നിന്നും നോട്ടീസും മറ്റും കൊട്ടാരക്കരയിൽ വരുന്നത് നേരിട്ടാണോ അതോ ഇവിടുള്ള കോടതി വഴിയാണോ?"
"അത്യാവശ്യമില്ലെങ്കിൽ  അതാത് സ്ഥലത്തെ  കോടതികൾ വഴി ബന്ധപ്പെട്ട കക്ഷിക്കും  അത്യാവശ്യ മുണ്ടെങ്കിൽ ഹൈക്കോടതിയിൽ നിന്നും പ്രത്യേക ദൂതൻ വഴിയും കടലാസ്സുകൾ വരാം" ഞാൻ മറുപടി  പറഞ്ഞ് തീരുന്നതിനു മുമ്പ്  എന്റെ ഒരു പരിചയക്കാരൻ ( അയാളെ കാസിം എന്ന് നമുക്ക് പേര് കൊടുക്കാം. അസൽ പേര് മറ്റൊന്നാണ് )   പാഞ്ഞ് വന്നു എന്നോട് പറഞ്ഞു " സാറേ! ഞങ്ങൾ പിടിച്ചു, കള്ള കോടതിക്കാരനെ പിടിച്ചു, കെട്ടിയിട്ട് നാല്  പൂശി ദേ  ഇവിടെ കൊണ്ട് വന്ന് ഏൽപ്പിച്ചിട്ടുണ്ട്"
ഞാൻ അയാളോട് വിവരം തിരക്കിയപ്പോൾ കിട്ടിയ വാർത്ത ഇപ്രകാരമായിരുന്നു. സമീപ ഗ്രാമത്തിലെ ഒരു പെൺകുട്ടി പക്വത ഇല്ലായ്മയാൽ  ഒരുത്തനുമായി അൽപ്പം അടുപ്പത്തിലായി.വീട്ടുകാർ തക്ക സമയത്ത്  ഇടപെട്ട്  കുട്ടിയെ കാര്യം പറഞ്ഞ്  മനസിലാക്കി ആ ബന്ധത്തിന് തടയിട്ടു. പക്ഷേ കാമുകൻ ശോകഗാനവും പാടി അവിടെയെല്ലാം കറങ്ങി നടന്നപ്പോഴാണ്  പെൺകുട്ടി വീട്ടുകാരുടെ കസ്റ്റഡിയിലാണ്  എന്നും ഒരു തരത്തിലും കാണാനോ  ബന്ധപ്പെടാനോ  കഴിയില്ല എന്നും തിരിച്ചറിഞ്ഞത്. ഉടനെ  തന്റെ കൂട്ടുകാരനെ ഇൻസ്റ്റാൽമെന്റ് കച്ചവടക്കാരന്റെ വേഷത്തിൽ  ആ വീട്ടിലേക്ക് അയച്ചപ്പോൾ  ബദ്ധശ്രദ്ധരായിരുന്ന വീട്ടുകാർ ഇൻസ്റ്റാൽമെന്റ്കാരനെ  തോടും കണ്ടവും കുന്നും ചാടിച്ച് എറിഞ്ഞോടിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ  ഒരു പുതിയ അവതാരം വരുന്നു, കയ്യിൽ ഡയറിയുമായി . ഹൈക്കോടതിയിൽ നിന്നാണെന്നും  നോട്ടീസുണ്ടെന്നും പറഞ്ഞ ഭവാനെ വീട്ടുകാരും ബന്ധുക്കളും അയൽ വാസികളും ചോദ്യം ചെയ്തു. അതിനിടയിൽ നടേ പറഞ്ഞ കാസിം പേപ്പർ പരിശോധിച്ച്  ഒരു ഉഗ്രൻ ചോദ്യം ഉന്നയിച്ചു "എവിടെടാ, കോടതി പേപ്പറിലെ സീൽ?" വന്ന ആൾ "സീൽ ഉണ്ട് "എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് അടി പട പടാ വീണ് തുടങ്ങി .ഷർട്ട് വലിച്ച് കീറി,അയാളെ മരത്തിൽ കെട്ടിയിട്ടു. ഉടനെ പോലീസ് സ്റ്റേഷനിൽ അറിയിപ്പ്  പോയി. സാധനം കൊണ്ട് ചെല്ലാൻ ഏമാന്മാർ കൽപ്പിച്ചു.അങ്ങിനെ കള്ള കോടതിക്കാരനെ  സ്റ്റേഷനിൽ എത്തിച്ച  നിമിഷത്തിലാണ്  ഞാൻ അതിലെ കടന്ന് പോയതും റൈട്ടർ എന്നോട് സംശയം ചോദിച്ചതും..
" ഹും!!! എന്നോടാണോ വേലയിറക്കുന്നത്...വെള്ള പേപ്പറിൽ എന്തോ എല്ലാം ടൈപ്പ് ചെയ്ത് കൊണ്ട് വന്ന്  ഞങ്ങളെ പറ്റിക്കാമെന്ന് കരുതിയോ? അതിൽ സീൽ വേണ്ടേ? മിനഞ്ഞാന്ന് വന്ന ഇൻസ്റ്റാൽമെന്റ് കാരൻ ഓടിക്കളഞ്ഞു, ഇന്ന് ഇവനെ കയ്യിൽ കിട്ടി...ഹും...  കോടതിയിൽ നിന്നാണ് പോലും എന്റടുത്തല്ലെ വേല!!!" കാസിം  തന്റെ ബുദ്ധിയെ പറ്റി സ്വയം പുകഴ്ത്തി പറഞ്ഞ് അവിടെയെല്ലാം പാഞ്ഞ് നടന്നു. കള്ള കോടതിക്കാരൻ അപ്പോഴേക്കും വരാന്തയിൽ കയറി. അയാളുടെ ഷർട്ട് വലിച്ച് കീറിയിരുന്നു, തലമുടി ചന്നം പിന്നം പാറിക്കിടന്നിരുന്നു കണ്ണൂകൾ കലങ്ങിയും മുഖത്ത് അടിയുടെ പാട് തെളിഞ്ഞും കണ്ടു. ഞാൻ അയാളെ സമീപിച്ച്  ചോദിച്ചു " നിങ്ങൾ ആരാണ്?"
 "ഞാൻ ഹൈക്കോടതിയിൽ നിന്നും വരുകയാണ്..ട്ടാ...  പേപ്പറിൽ  സീലുണ്ട് ട്ടാ...അത് വാട്ടർ മാർക്കാണ്  ട്ടാ..." ആ നിമിഷം ഞാൻ കൊച്ചി ഭാഷ തിരിച്ചറിഞ്ഞു അയാളുടെ കയ്യിലെ നോട്ടീസിലെ വാട്ടർ മാർക്കും തിരിച്ചറിഞ്ഞു നോട്ടീസിലെ കാര്യവും മനസിലാക്കി  . തിരക്കിലായിരുന്ന റൈട്ടറെ ഞാൻ തലയാട്ടി വിളിച്ചു മാറ്റി നിർത്തി വിവരം പറഞ്ഞു. അപകടം മണത്ത ആ മനുഷ്യൻ  സബ് ഇൻസ്പക്ടറുടെ റൂമിലേക്ക് പാഞ്ഞു. എസ്.ഐ.ഓടി വന്നു കാര്യം മനസിലാക്കി.അപ്പോഴേക്കും കാസിം പാഞ്ഞെത്തി തിരക്കി   " സീൽ  ഇല്ലല്ലോ സാറേ?"
" തന്റെ കൂട്ടുകാർ  എവിടെ? "എസ്.ഐ. അന്വേഷിച്ചു
" ഇവിടെ ഉണ്ട്  സർ" കാസിം മൊഴിഞ്ഞു.
"അവരെയും വിളീച്ചോണ്ട് അകത്തേക്ക് വാ"  നിമിഷങ്ങൾക്കുള്ളിൽ കാസ്സിമും കൂട്ടുകാരും അകത്തായി.ഞാൻ എന്റെ സഹപ്രവർത്തകരെ വിളിച്ച്  നോട്ടീസുമായി വന്ന ആളേ(അയാളെ രമേഷ് എന്ന് വിളിക്കാം) ആശുപത്രിയിലാക്കാനും അയാൾക്ക് ഷർട്ട് വാങ്ങി  കൊടുക്കാനും  ഏർപ്പാടാക്കി പള്ളിയിൽ നിന്നും തിരിച്ച് വന്നതിന് ശേഷമാണ്  ബാക്കി വിവരങ്ങൾ അറിയുന്നത്.
ഇൻസ്റ്റാൽമെന്റ്കാരന് പണി കിട്ടിയപ്പോൾ  നിരാശനായ കാമുകൻ വർദ്ധിച്ച വീരസ്യത്തോടെ   ഒരു വക്കീലിനെ കണ്ട്  പെൺകുട്ടി അന്യായ തടങ്കിലാണെന്ന് കാണീച്ചും മറ്റ് വ്യാജോക്തികൾ ഉന്നയിച്ചും  ഹൈക്കോടതിയിൽ ഒ.പി. ഫയൽ ചെയ്തു. ഒ.പിയിൽ അർജന്റ് നോട്ടീസ് ഉത്തരവ് ചെയ്ത കോടതി  അത് പ്രത്യേക ദൂതൻ വഴി കക്ഷിക്ക് എത്തിക്കാനും ഏർപ്പാടാക്കി. ആ നോട്ടീസും കൊണ്ടാണ്   രമേഷ് വന്നത്. കാസിമും കൂട്ടുകാരും കാളപെറ്റെന്ന് കേട്ട് കയറെടുത്ത്  കാമുകന്റെ മറ്റൊരു വേല ഇറക്കാണെന്ന് കരുതി മുൻ  പിൻ നോക്കാതെ പെരുമാറുകയും ചെയ്തു. രമേഷിന് അടി കൊണ്ട വിവരം  ഫോൺ/വയർലസ് വഴി  ഹൈക്കോടതിയിലെത്തി. ശക്തമായ പ്രതിഷേധം ഉണ്ടായി. " എന്നെ അടിച്ചതിന് തുല്യമായാണ് എന്റെ പ്രതിനിധിയെ അടിച്ചതെന്ന് ബഹുമാനപ്പെട്ട  ജഡ്ജിനെ കൊണ്ട് നിരീക്ഷിക്കത്തക്കവിധം  കാര്യങ്ങൾ ഗുരുതരമായി.കാസിമും കൂട്ടുകാരും ഒരു കുഗ്രാമ നിവാസികളാണെന്നും  സാമാന്യ വിവരത്തിന്റെ കണിക പോലും അടുത്ത് കൂടി പോയിട്ടില്ലെന്നുമുള്ള പരമാർത്ഥം ഒരിടത്തും ഏശിയില്ല. ഈ ഭീകരന്മാരെ പറ്റിയുള്ള  വാർത്ത  പത്രങ്ങളിൽ  നിരന്നു. കാസിമിനും കക്ഷികൾക്കും കീഴ്ക്കോടതികളിലൊന്നും  ജാമ്യം ലഭിച്ചില്ല. ഹൈക്കോടതിയിൽ നിന്നും വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചു. പിന്നീട് കോടതി അലക്ഷ്യത്തിന് കേസ് ഉണ്ടായി. അതിലെ നോട്ടീസും കൊണ്ട് വന്ന ആൾക്ക് ഭീകരന്മാരുടെ സ്ഥലത്ത് പോയാൽ ഉപദ്രവം ഉണ്ടാകുമോ എന്ന ഭയം ഉണ്ടായതിനാൽ  കാസിമിനെ ഞാൻ ഞങ്ങളുടെ ഓഫീസിൽ  വരുത്തി നോട്ടീസ് ഒപ്പിട്ട് കൊടുത്തു. ( നോട്ടീസും കൊണ്ട് വന്ന എറുണാകുളത്ത്കാരനായ ആ ഉദ്യോഗസ്ഥൻ   ഇന്നും എന്റെ അടുത്ത സുഹൃത്താണ്) കേസ്  രണ്ട് വർഷം നടന്നു. കീഴ്ക്കോടതികളെല്ലാം ശിക്ഷ വിധിച്ചു. ഹൈക്കോടതി  ശിക്ഷ കുറച്ച് കൊടുത്തു. അപ്പോഴേക്കും പ്രതികൾക്ക് വക്കീൽ ഫീസും മറ്റുമായി വൻ തുക ചെലവായി കഴിഞ്ഞിരുന്നു. കാസിമിന്റെ ബന്ധുവിന്റെ 5 സെന്റ് സ്ഥലം വക്കീൽ    ഫീസിനും മറ്റ് ചെലവുകൾക്കുമായി വിൽക്കേണ്ടി വന്നു. മുൻ ധാരണയോടെ പെരുമാറിയ  വിഡ്ഡിത്തരത്തിന് കനത്ത വിലയാണ്  അവർ നൽകേണ്ടി വന്നത്.
അതിന് ശേഷം കാസിം കോടതി എന്നല്ല, "കോ" എന്ന് മാത്രം കേട്ടാലും എഴുന്നേറ്റ്  തൊഴുകയ്യോടെ നിൽക്കും.
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. രമേഷ് ഹൈക്കോടതി സേവനത്തിൽ നിന്നും റിട്ടയർ ചെയ്തെങ്കിലും അവിടെ തന്നെ ക്യാന്റീൻ പ്രവർത്തനവും മറ്റുമായി കഴിയുന്നു. കാസിം ഇപ്പോഴും കൊട്ടാരക്കര മാർക്കറ്റിൽ സജീവമായി വ്യാപാരത്തിൽ ഉണ്ട്. പക്ഷേ യാതൊരു അലമ്പിനും പോകാതെ തനി പാവത്താനാണ് അയാളിപ്പോൾ.

Thursday, July 21, 2016

ചില സംശയങ്ങൾ

 വാക്സിനേഷൻ  കോലാഹലങ്ങൾക്കിടയിൽ  മനസ്സിൽ കടന്ന് വന്ന ചില സംശയങ്ങൾ    ദൂരീകരിക്കേണ്ടിയിരിക്കുന്നു
അതിനു മുമ്പ്  ഈയുള്ളവൻ വാക്സിനേഷൻ വേണോ വേണ്ടയോ എന്ന  തർക്കത്തിൽ  ഒട്ടും പക്ഷം പിടിക്കുകയില്ല എന്ന മുൻ കൂർ ജാമ്യം എടുക്കുന്നു.
സംശയം 1. ഡിഫ്തീരിയാ വാക്സിനേഷൻ  എടുക്കാത്തവർ  മറ്റ് ജില്ലയിൽ ആരുമില്ലേ?
                 2. വാദത്തിനായി  മലപ്പുറം ജില്ലക്കാർ അവരിൽ ഭൂരിപക്ഷം സമുദായക്കാർ വിവര ദോഷികളാന്നുള്ളതിനാലാണ്  വാക്സിനേഷൻ എടുക്കാതിരുന്നതെന്ന് സമ്മതിച്ച് തന്നാൽ  പോലും, ഇതര ജില്ലക്കാർ പൂർണമായി  ഡിഫ്തീരിയാ വാക്സിനേഷൻ എടുത്തവരാണ് എന്നുള്ള വാദം എത്രമാത്രം ശരിയുണ്ട്.
                  3.അങ്ങിനെ വാക്സിനേഷൻ എടുക്കാത്തവർ വളരെ അധികം ഉണ്ടായിട്ട് പോലും  ഇതര ജില്ലകളിൽ ഒരിക്കൽ പോലും ഡിഫ്തീരിയ പ്രത്യ്ക്ഷപ്പെടാതിരുന്നത് എന്ത് കൊണ്ട്?
                   4, എല്ലായിടത്തും വാക്സിനേഷൻ വിരോധം ഉണ്ടായിട്ട് പോലും  (ഇതര രോഗങ്ങൾക്ക് പോലും മരുന്ന് കഴിക്കാത്ത്  സമുദായങ്ങൾ ഇതര ജില്ലകളിൽധാരാളം ഉണ്ട്) മലപ്പുറത്തെ മാത്രം ഇത്രമാത്രം എടുത്ത് പറയുന്നതെന്ത്  കൊണ്ട്?
                    5. ഞാൻ ദേശസ്നേഹമുള്ളവനാണ് എന്ന് തിടുക്കപ്പെട്ട്  വിളംബരം ചെയ്യാൻ  മുതിരുന്നത് പോലെ " ഞാൻ / ഞങ്ങളുടെ പാർട്ടി  വാക്സിനേഷന് എതിരല്ല" എന്ന്  എല്ലാരുംധൃതിപ്പെടുന്നതിന്റെ  പൊരുളെന്താണ്/ വാക് സിനേഷൻ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്  ഡിഫ്ത്തീരിയാ പിടി പെട്ട്  ലോകാരംഭം മുതൽ ആൾക്കാർ  മരിച്ച് വീഴുകയായിരുന്നോ?
                     6. ഡിഫ്ത്തീരിയാ മരണം എന്ന്  സ്ഥിരീകരിച്ച മരണങ്ങൾ  മറ്റേതെങ്കിലും ഏജൻസിയെ കൊണ്ട്  അന്വേഷിപ്പിച്ച്  മേൽപ്പറഞ്ഞ രോഗം കൊണ്ട് തന്നെയാണ്  മരണം  എന്ന്  സ്ഥാപിച്ചിട്ടുണ്ടോ? ഉദാഹരണമായി വേൾഡ്  ഹെൽത്ത്  ഓർഗനൈസേഷൻ തുടങ്ങിയവയുടെ ഇന്ത്യൻ ഏജൻസികളെ കൊണ്ട്  അന്വേഷിപ്പിച്ചിരുന്നോ? ഇതര രോഗങ്ങൾ പടർന്ന് മരണ സംഖ്യ  ഏറിയപ്പോൾ  അപ്രകാരം നടപടികൾ മുമ്പ് എടുത്തിരുന്നു.

ഈ സംശയങ്ങൾക്ക് കാരണം ലാഭം മാത്രം കണ്ട് കൊണ്ട്  രംഗത്തിറങ്ങി കളിക്കുന്ന ഭീമൻ മരുന്ന് കമ്പനിക്കാരുടെ  എല്ലാ കുൽസിത തന്ത്രങ്ങൾക്കും ഇരയായവരാണ്  ഇന്ത്യൻ ജനത, പ്രത്യേകിച്ച് മലയാളികൾ എന്ന  മുൻ അനുഭവം നമ്മെ ഭയപ്പെടുത്തുന്നതിനാലാണ്   .
അർഹമായ  കാര്യങ്ങൾക്ക് വാക്സിനേഷനോ മറ്റ് പ്രതിരോധ സംവിധാനങ്ങളോ ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കുന്നതിന്  ആർക്കും വിസമ്മതമില്ല. പക്ഷേ  തീ പിടിക്കുമ്പോൾ വാഴവെട്ടാൻ വരുന്നവരെ തീർച്ചയായും സൂക്ഷിക്കേണ്ടതല്ലേ?

Wednesday, July 20, 2016

വാക്സിനേഷനും മുസ്ലിങ്ങളും

പ്രവാചകൻ അരുളിയതായി പ്രബലമായ ഹദീസ് ഗ്രന്ഥങ്ങളിൽ വന്ന ഒരു നബി വചനം.
"ഒരു പ്രദേശത്ത് പകർച്ച വ്യാധി ഉണ്ടെന്ന് കേട്ടാൽ നിങ്ങൾ അവിടേക്ക് പോകരുത്. നിങ്ങൾ ഒരു പ്രദേശത്തായിരിക്കെ  അവിടെ പകർച്ച വ്യാധി വന്ന് പെട്ടാൽ  അവിടെ നിന്നും നിങ്ങൾ പുറത്ത് പോവുകയും ചെയ്യരുത്."
രോഗപ്രതിരോധത്തിന് ഇസ്ലാം  നൽകിയിരിക്കുന്ന സൂക്ഷമത ചൂണ്ടിക്കാണിക്കാനാണ് ഈ നബിവചനം ഇവിടെ ഉദ്ധരിച്ചത്. പ്രമാണങ്ങൾ ഇപ്രകാരമായിരിക്കവേ  മലപ്പുറത്ത് വാക്സിനേഷൻ സംബന്ധമായി ഉണ്ടായി കൊണ്ടിരിക്കുന്ന കുപ്രചരണങ്ങൾ  അസ്ഥാനത്താണ്. എല്ലാം അല്ലാഹു വരുത്തി വെച്ചതാണ് അതിനാൽ  രോഗപ്രതിരോധമൊന്നും ആവശ്യമില്ലാ എന്ന് വാദിക്കുന്നവരും  മുസ്ലിങ്ങൾ രോഗപ്രതിരോധത്തിനെതിരാണ് എന്ന് പറഞ്ഞ് പരത്തുന്നവരും വിഡ്ഡികളുടെ സ്വർഗത്തിൽ തന്നെയാണ്. രോഗപ്രതിരോധത്തിന്  വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് തന്നെയാണ് ഇസ്ലാം കൾപ്പിക്കുന്നത്. അല്ലാതെ എല്ലാം പടച്ചവൻ വരുത്തുന്നതാണ് എന്ന നിലപാട്  എടുക്കരുത് എന്ന്  മേൽ കാണിച്ച വചനം ചൂണ്ടിക്കാട്ടുമ്പോൾ  ഏതോ ഉദ്ദേശ സാദ്ധ്യത്തിനായി  മലപ്പുറം ജില്ലയിലെ ഭൂരിപക്ഷ സമുദായത്തെ  ഇകഴ്ത്തിക്കാട്ടാൻ  ചിലർ മെനക്കെടുന്നു. സത്യം ഇതിനെല്ലാം അപ്പുറത്തിനപ്പുറം നിന്ന് ചിരിക്കുകയും ചെയ്യുന്നു.