Saturday, December 10, 2016

മരിയാർ പൂതവും പാറാ സുറമയും

 മരിയാർ പൂതം : കേരളത്തിലെ ഒരു മുൻ കാല പോലീസ് മേധാവിയുടെ  പേര് അങ്ങിനെയായിരുന്നു  എന്ന് പത്രങ്ങളിൽ വായിച്ചിരുന്നു. ഈ പേര്  വായിക്കുമ്പോൾ  അദ്ദേഹത്തിന്റെ മാതാപിതാക്കൾ കുഞ്ഞുന്നാളിൽ എന്തിനിങ്ങനെ ഒരു പേര് തങ്ങളുടെ കുഞ്ഞിനിട്ടു എന്ന് ഞാൻ അതിശയിക്കുമാറായിരുന്നു. പിൽ കാലത്താണ്  ആ പേര് അങ്ങിനെയല്ല ഉച്ചരിക്കേണ്ടതെന്നും അദ്ദേഹത്തിന്റെ തമിഴിലെ പേര് മേരി അർപുതം എന്നായിരുന്നു എന്നും  അത് ആംഗ്ലീകരിച്ച് എഴുതിയ വകയിലാണ്  മരിയാർ പൂതം എന്നായി മാറിയതെന്നും    അറിയാൻ കഴിഞ്ഞു  
ഇഗ്ലീഷ് മീഡിയം സ്കൂളിലെ എന്റെ കൊച്ച് മോൻ എന്നോട് "ഹൂ ഈസ് പാറസുറമ " എന്ന് ചോദിച്ച കഥ   മുമ്പ് ഞാൻ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്ന കാര്യം ഓർമ്മ വരുന്നു. പാറാസുറമാ ആരാണെന്ന അവന്റെ ചോദ്യത്തിന് ഉത്തരം  പറയാൻ കഴിയാതെ  പരുങ്ങിയ എനിക്ക് അവൻ ഉത്തരത്തിന്റെ ഒന്ന് രണ്ട്  ക്ലൂ തന്നു.  പാറ സുറമ   ത്രൂ  ഹിസ്  ആക്സ് ഫ്രം ഗോകാർണം റ്റൂ കണ്യ കുമറി.  ഓ! പിടി കിട്ടി, ഗോകർണത്ത് നിന്ന്  കന്യാകുമാരിയിലേക്ക് മഴു എറിഞ്ഞ ആൾ  നമ്മുടെ  പരശു രാമനദ്ദേഹം. അദ്ദേഹത്തെയാണ് ഇംഗ്ലീഷ് ഉച്ചാരണം വഴി പാറസുറമയാക്കിയത്.കുരിശ് യുദ്ധ ചരിത്രത്തിലെ  സുൽത്താൻ സലാഹുദ്ദീൻ ഇംഗ്ലീഷിൽ സാലഡീൻ  ആണ്. ബുഷിന് സദ്ദാം ഹുസ്സൈൻ സാഡം ഹുസ്സൈൻ  ആയി. അൽഭുത വിളക്കുമായി നടന്ന  നമ്മുടെ  അലാവുദ്ദീൻ  അലാഡീൻ ആയി  മാറി.  ചുരുക്കത്തിൽ നമ്മൾ എന്ത് പേരിട്ടാലും അവർ അതിനെ മാറ്റി കുളമാക്കും. ഓണക്കളിക്ക് വ്ന്ന  പെൺ പിള്ളാർ സായിപ്പുമായി പിണങ്ങി  പോയത്   അവരെ സായിപ്പ് ഓണക്കാളി  എന്ന് വിളിച്ച് ആക്ഷേപിച്ചതിനാലാണെന്ന കഥയും പ്രചാരത്തിൽ വന്നു .  എന്റെ അഭിപ്രായത്തിൽ ഇങ്ങിനെവൈകല്യ ഉച്ചാരണം സായിപ്പിന്റെ മേൽക്കോയ്മ നില നിർത്തണമെന്ന  ദുർവിചാരത്താലാണെന്നതിന് യാതൊരു തർക്കവുമില്ല .

No comments:

Post a Comment