Friday, May 30, 2014

പുതിയ തലമുറ ബാഹ്യാകാശ ജീവികളോ!

കുടുംബാംഗങ്ങൾ  എല്ലാവരും    ഒത്ത്ചേരുന്ന   ഒരു ചടങ്ങിൽ പങ്കെടുക്കാനായിരുന്നു  ഞാൻ ആ വീട്ടിലെത്തിയത്.  മുൻ തലമുറയുടെ     പിൻഗാമികളായ  ഞങ്ങൾ  പിൻ തലമുറയുടെ  മുൻ ഗാമികളായതിനാൽ  ഞങ്ങൾക്ക് മുമ്പുള്ള തലമുറയും  ഞങ്ങൾക്ക് ശേഷം വന്ന തലമുറയുമായി  ബന്ധം സ്ഥാപിക്കുന്ന പാലങ്ങളായി ഞങ്ങൾ   വർത്തിച്ചു.. ഞങ്ങൾക്ക്  മുമ്പുള്ളവരെ   വളരെ  നാളുകൾ  കൂടി   കണ്ടപ്പോൾ   ഉപ്പുപ്പാ/  കൊച്ചാപ്പാ/ വല്യപ്പാ "ഇത് എന്റെ മകൻ/  ഇത് എന്റെ മരുമകൻ/  ഇത് എന്റെ പേരക്കുട്ടി/ ഇത് മരുമകൾ..."  എന്നൊക്കെ   ഞങ്ങളുടെ  പിൻ തലമുറയെ  അവർക്ക്  പരിചയപ്പെടുത്താൻ  ഞങ്ങൾ   വെമ്പൽ കൊണ്ടു.  എല്ലാവരും  ഒരുമിച്ച് കൂടുന്ന ഇത്  പോലുള്ള   ചടങ്ങുകളിൽ വെച്ച്  ആണല്ലോ  പുതിയ തലമുറയും  പഴയ തലമുറയും  പരിചയപ്പെടുകയും  ബന്ധപ്പെടുകയും ചെയ്യുന്നത്.  അങ്ങിനെ കുടുംബ ബന്ധങ്ങൾ  പുതുക്കപ്പെടുന്നു. പിന്നീട്  എവിടെയെങ്കിലും വെച്ച് കാണുമ്പോൾ  ഇത്  എന്റെ പിതാവിന്റെ/മാതാവിന്റെ ബന്ധു ആണെന്ന്  നമ്മളും അവർ  ഇങ്ങോട്ടും  മനസ്സിലാക്കി  പെരുമാറുന്നു. കുടുംബം എന്ന സ്ഥാപനം ഉണ്ടായ  കാലം  മുതൽ  ഈ പരിചയപ്പെടാനുള്ള  ത്വര സന്തോഷപൂർവം    മുൻ ഗാമികളിലും പിൻ ഗാമികളിലും   നിലകൊണ്ടു. 
 എന്നാൽ  ഇപ്പോൾ  കാര്യങ്ങളിൽ മാറ്റം വന്നിരിക്കുന്നു. അപ്രകാരമുള്ള  ഒരു പരിചയപ്പെടലിനോ  മറ്റെന്തെങ്കിലും  ക്രിയാത്മകമായ  പ്രവർത്തികളിലോ  ഏർപ്പെടാൻ  മടി കാണിക്കത്തക്ക വിധം പുതു തലമുറ  നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നു. അവർ  വെറുതെ ഇരിക്കുകയല്ല,  അവർ  കയ്യിലിരിക്കുന്ന  മൊബൈലിൽ  ഇന്റർ നെറ്റ്  ലോകത്തിലെവിടെയോ  ചുറ്റി തിരിയുകയാണ്.  അത് ഫെയ്സ് ബുക്ക്  ആകാം,  ട്വിറ്റർ ആകാം, ചാറ്റിംഗ് ആകാം , കമ്പ്യൂട്ടർ ഗെയിമിലാകാം,  ഇതൊന്നുമല്ലെങ്കിൽ ഏതോ  നിയമ സഭ സാമാജികൻ   നിയമ സഭ  നടന്ന് കൊണ്ടിരുന്നപ്പോൾ  ആസ്വദിച്ച് രമിച്ചിരുന്ന  ഇടങ്ങളിൽ     എവിടെയെങ്കിലുമാകാം. ഏതായാലും അവർ ഈ ലോകത്തിലെങ്ങുമില്ല.
 ഈ  വീട്ടിലെ  ചടങ്ങുകൾക്കിടയിലും   ഞാൻ   ആ  കാഴ്ച കണ്ടു.  ഒരു സോഫായിൽ  നിരന്നിരുന്ന്   പുതു  തലമുറ  പെൺ കുട്ടികളടക്കം  നാലഞ്ചെണ്ണം  മൊബൈലിൽ  കുത്തികൊണ്ടിരിക്കുകയോ   തടവിക്കൊണ്ടിരിക്കുകയോ  ചെയ്യുന്നു. മരോട്ടിക്കാ തിന്ന കാക്കയെ പോലെ  അഥവാ കഞ്ചാവ്  അടിച്ച് കിറുങ്ങിയത് പോലെ അവരുടെ  കണ്ണുകൾ   മൊബൈലിൽ  മാത്രം  കേന്ദ്രീകരിച്ചു.
ഇപ്രകാരം  അഭിരമിച്ചിരിക്കുന്നവരുടെ  അടുത്ത് ചെന്ന്  "മോനേ!/മോളേ!  ദാ!  ഇത് എന്റെ കൊച്ചാപ്പാ/ ഇതെന്റെ അമ്മായീ...എന്ന്  പരിചയപ്പെടുത്താൻ  മുതിർന്നാൽ  അവർ ഒന്ന് തലപൊക്കി നോക്കി  കൊച്ചാപ്പായുടെയോ അമ്മായിയുടെയോ  മുഖത്ത്  നോക്കിയിട്ട് ഹീ...ഈ..എന്നൊരു   ഇളി  പാസ്സാക്കി  വീണ്ടും  മൊബൈലിലേക്ക് കണ്ണ്  തിരിക്കും.  വലിയ കാര്യത്തിൽ നമ്മൾ  വിളിച്ച് കൊണ്ട് വന്ന കൊച്ചാപ്പായുടെ/അമ്മായിയുടെ മുമ്പിൽ     നമ്മൾ  ഇളിഭ്യരായി  തീരുകയും ചെയ്യും. അത്  കൊണ്ട്  പരിചയപ്പെടലിന്  ആരും  മുതിർന്നില്ല.

വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളല്ലും   സമയം കിട്ടുമ്പോൾ  ഇപ്പോൾ  ഇത് തന്നെ   അവരുടെ പണി.  കൂട്ടു കുടുംബങ്ങൾ  അപ്രത്യക്ഷമായി  പകരം വന്ന  അണു കുടുംബത്തിലെ ഒറ്റപ്പെട്ട അണുക്കളായി  മാറിയിരിക്കുന്നു  ഈ തലമുറ.   വീട്ടിൽ  ആര്  വന്നാലും ആര്  ഇരുന്നാലും ആര്  പോയലും നാല് ചുറ്റും എന്ത് നടന്നാലും   അവർ  അത്   കാര്യമാക്കുന്നതേ    ഇല്ല.  മഴ വരുന്നതും വെയിൽ പരക്കുന്നതും  നിലാവ്  പെയ്യുന്നതും  മഞ്ഞ്  കുളിർ  പട്ർത്തുന്നതും  പൂവുകൾ പുഞ്ചിരിക്കുന്നതും  കിളികൾ  പാട്ട് പാടുന്നതും  കുതുഹൂലത്തോടെ നോക്കി കണ്ട്  ആഹ്ളാദ   പൂർവം  പ്രകൃതിയെ  നെഞ്ചിലേറ്റുന്ന  ആ തലമുറ ഇന്നില്ല. പകരം     മെഷീനുകളിൽ കുത്തുകയോ  തടവുകയോ  വലിക്കുകയോ  ചെയ്യുന്ന  നാം സിനിമയിൽ കാണുന്ന   ബാഹ്യാകാശ  ജീവികളെ പോലെ  (അവർ  നിലാവ്  കാണുമ്പോൾ സന്തോഷിക്കുകയോ  മഴയെ  നിർന്നിമേഷരായി  നോക്കി  നിൽക്കുകയോ  ചെയ്യാറില്ലല്ലോ)   ഈ തലമുറ  മാറ്റപ്പെട്ടിരിക്കുന്നു    എന്നത് ഒരു ദു:ഖ  സത്യം  തന്നെയാണ്.

Sunday, May 18, 2014

ബകാസുരന്മാരും പോറ്റി ഹോട്ടലും

വർഷങ്ങൾക്ക് മുമ്പ്  യൗവനം  നിറഞ്ഞ് നിന്ന  കാലഘട്ടത്തിൽ   ജോലിസ്ഥലത്ത് നിന്നും  പതിവായി  ഊണ്  കഴിക്കാൻ    പോയിരുന്നത്   ഒരു പോറ്റി  ഹോട്ടലിൽ  ആയിരുന്നു.  സാദാ ഹോട്ടലിൽ അന്ന്  ഊണിന്  ഒന്നര  രൂപാ  ആയിരുന്നപ്പോൾ  പോറ്റി  ഹോട്ടലിന്റെ  ഉടമസ്ഥൻ  സ്വാമി  ഞങ്ങളിൽ  നിന്നും  രണ്ടര  രൂപാ ഈടാക്കും. തൈരിന്  അൻപത്  പൈസാ  കൂടുതലായി  കൊടുക്കുകയും  വേണം.  പക്ഷേ   ആവശ്യാനുസരണം  ചോറ്  നമുക്ക്  വാങ്ങി  കഴിക്കാം    എന്ന  പ്രത്യേകത  കൂടി  ഉണ്ടായിരുന്നു  സ്വാമിയുടെ  ഹോട്ടലിൽ.  മറ്റ് ഹോട്ടലുകളിലെ  ഒന്നര  രൂപാ  ഊണ്  സ്റ്റാൻഡാർഡ്  ഊണ്  എന്നറിയപ്പെട്ടു.  അതായത്  ആദ്യ  തവണ  തരുന്ന  ചോറ്  കൂടാതെ  വീണ്ടും  ആവശ്യമുണ്ടെങ്കിൽ   അതിന്  കൂടുതൽ  ചാർജ്  കൊടുക്കണം.   ഈ കാരണത്താലാണ്   സ്വാമിയുടെ   ഹോട്ടലിനെ    ഞങ്ങൾ     ഇഷ്ടപ്പെട്ടത്.
 ഹിമാലയപർവതം  പോലും  വിഴുങ്ങാൻ  ആർത്തിയുണ്ടാക്കുന്ന      വിശപ്പ്  ആ ചെറുപ്പ  കാലത്ത്   സാധാരണമാണല്ലോ.   അത്  കൊണ്ട്  തന്നെ  ഞാൻ   രണ്ടും  മൂന്ന്  തവണ  ചോറ്  വാങ്ങി  കഴിക്കും. പക്ഷേ  സൃഗാല  ബുദ്ധിക്കാരനായ  സ്വാമി  കൂടുതൽ  ചോറ്  വാങ്ങി  കഴിക്കുന്നവരെ  തടയാനായി   ചില  നമ്പറുകൾ  പതിവായി  ഇറക്കുമായിരുന്നു.  അത്  ഇപ്രകാരമാണ്.    ചരുവത്തിലെ ചൂട്  ചോറ്  നമ്മുടെ  മുമ്പിൽ  കൊണ്ട് വെച്ച് വലിയ കരണ്ടിക്ക്  ഒന്നോ രണ്ടോ  കരണ്ടി   ചോറ്  ഇലയിലേക്ക്    ഇട്ട്  ചോറിലെ  ചൂട്  ആവി  നമ്മുടെ   മുഖത്ത്  തട്ടാൻ  ഇടയാക്കും.  ഈ ചൂട്  ആവിയും   ചൂട്  ചോറും    അധികമായി   ഭക്ഷിക്കുന്നതിൽ നിന്നും നമ്മെ  മടുപ്പിക്കും.    അങ്ങിനെ  രണ്ടാമത്  ചോറ്  ചോദിക്കുന്നതിൽ  നിന്ന് നമ്മെ   മാനസികമായി  തടയും.    അഥവാ  രണ്ടാമത്  ചോറ്  ചോദിച്ചാൽ സ്വാമി  കേട്ടില്ലെന്ന്  നടിച്ച്   മറ്റുള്ളവർക്ക് ഇല  ഇടുവാനായി പോകുന്നതാണ്  അടുത്ത നമ്പർ.. ഒരു വിധം നാണം  ഉള്ളവർ   കുറച്ച് നേരം കാത്തിരുന്നിട്ട്   എഴുന്നേറ്റ്  പോകും;അഥവാ സ്വാമി കറങ്ങി  തിരിഞ്ഞ്  വരുന്നവരെ കാത്തിരുന്ന്   പട്ടർ  അടുത്ത്  വരുമ്പോൾ  ചോറ്   വീണ്ടും  ആവശ്യപ്പെട്ടാൽ     ഉച്ചത്തിൽ  അലറുന്നത്  പോലെ   സ്വാമി  ചോദിക്കും  "  എന്നാ  തമ്പീ    ഇനിയും  സാതം  വേണമാ...."   ആഹാരം  കഴിക്കുന്നവരുടെ  ശ്രദ്ധയെല്ലാം  ഇപ്പോൾ  നമ്മുടെ  മേലാണ് . സൈക്കിളിൽ  നിന്ന് വീണിട്ട്   എഴുന്നേറ്റ്  വരുമ്പോഴുള്ള  ഒരു   ചിരി  അപ്പോൾ  നമ്മുടെ മുഖത്ത്  വരുമെങ്കിലും വയർ നിറയാത്തതിനാൽ     ചോറ്  ആവശ്യമുണ്ടെന്ന  വിധത്തിൽ   നാം  തലകുലുക്കുന്നു.  സ്വാമി  സ്ലോ മോഷനിൽ  അടുത്ത് വന്ന് ചരുവത്തിൽ നിന്നും  കരണ്ടിയിൽ  അൽപ്പം  ചോറെടുത്ത്   ഇലയിൽ തട്ടിയിട്ട്   ഉച്ചത്തിൽ  ചോദിക്കും  " പോതുമാ...."  സ്വാമിയുടെ  ഭീമാകാരവും   അസാമാന്യമായ  കുട  വയറും  രൂക്ഷ ഭാവവും  ഉച്ചത്തിലുള്ള  അലർച്ച സംസാരവും  മറ്റുള്ളവർ  നമ്മെ  ശ്രദ്ധിക്കുന്നു  എന്ന  തോന്നലും   നമ്മെ  കൊണ്ട്  പറയിപ്പിക്കുന്നു..."മതി" .
 ഇങ്ങിനെ  പല നമ്പറുകൾ  ഇറക്കി  ആദ്യ  തവണത്തെ  ചോറ്   അഥവാ  രണ്ടാമത് അൽപ്പം   മാത്രം  കൊടുത്ത്    ഊണ്  മതിയാക്കിച്ച്     സ്വാമി  നമ്മളെ   ഇല  ചുരുട്ടി  എടുത്ത്  കൈ  കഴുകാൻ   പ്രേരിപ്പിക്കുമായിരുന്നെങ്കിലും   രുചിയുള്ള  ആഹാരവും  വൃത്തിയും  സമീപത്തെ ക്ഷേത്രത്തിലെ ആൾക്കൂട്ടവും  ആ   ഹോട്ടലിൽ  എന്നും  തിരക്കിന്   കാരണമായി.
സ്വാമിയുടെ നമ്പറുകൾ   പലപ്പോഴും  ഞങ്ങളെ  കൂടുതൽ  ചോറ്  കഴിക്കുന്നതിൽ  നിന്നും തടഞ്ഞപ്പോൾ  ഞാനും  എന്റെ രണ്ട്  സ്നേഹിതന്മാരും- ജോസഫ്,  വിൻസെന്റ് - എന്നിവർ  ചേർന്ന് സ്വാമിയെ  നേരിടാൻ  തന്നെ   തീരുമാനമെടുത്തു.  സ്വാമിയുടെ  ഓരോ  നമ്പറും ഞങ്ങൾ  തുറുപ്പ് ഗുലാൻ  ഇറക്കി വെട്ടി.
  തിരക്ക് സമയം  ഞങ്ങൾ  ഒഴിവാക്കി ,  ഇലയിൽ  ചോറ്  ഇടുമ്പോൾ  മുഖത്ത് ചൂട്  ആവി തട്ടാതെ   ഞങ്ങൾ  തല പുറകോട്ട്  വലിച്ചു. രണ്ടാമത്  ചോറ്   ആവശ്യപ്പെടുമ്പോൾ   സ്വാമി    കേൾക്കാത്ത ഭാവത്തിൽ  നടന്നാൽ    ജോസഫ്  ഉച്ചത്തിൽ  വിളിക്കും  "സ്വാമീ...പൂയ്.... ചോറ്   വേണം...."  ജോസഫിന്   കൊമ്പൻ  മീശയും  ഒരു വില്ലൻ  ലുക്കുമുള്ളതിനാൽ   സ്വാമി  പെട്ടെന്ന്   ഞങ്ങളുടെ  മേശക്ക് സമീപം  എത്തും. കരണ്ടിയുടെ അറ്റത്ത് അൽപ്പം  ചോറ് ഫിറ്റ്  ചെയ്ത് ഇലയിൽ  തട്ടി ഇട്ട് സ്വാമി  "പോതുമാ...."  ചോദിക്കുമ്പോൾ  ജോസഫ്  ഉച്ചത്തിൽ  പറയും  "നോ..പോതും...ഇനിയും  വേണം..."
അങ്ങിനെ  ഞങ്ങൾ  രണ്ടും  മൂന്നും  ചിലപ്പോൾ  നാലാമതും  ചോറ് വാങ്ങി  ഇനി  അൽപ്പം  ഇടം  വയറിൽ  ഇല്ലാത്ത  അവസ്ഥ വരെ ചോറ് അകത്താക്കി  ചോറ് കൊണ്ട് വരുന്ന ചരുവം  കാലി ആക്കാൻ  തുടങ്ങിയപ്പോൾ  സ്വാമിയുടെ കണ്ണ്    തള്ളി പോയി.. മാത്രമല്ല  സ്വാമിയുടെ മറ്റൊരു വരുമാന  മാർഗമായ തൈര്   ഞങ്ങൾ  വാങ്ങുകയുമില്ല. ഇത്  കുറച്ച് ദിവസമായപ്പോൾ  സ്വാമി  സഹി കെട്ട്   എന്നെ  മാറ്റി  നിർത്തി  പറഞ്ഞ്  "    ദിവസവും  രണ്ടര  രൂപാ  ഞാൻ  അങ്ങോട്ട്  തരാം...ദയവ് ചെയ്ത്  ഇവിടെ ഉണ്ണാൻ  വരരുത്.  പൈസാ അങ്ങോട്ട് തന്നാലും  നിങ്ങൾ  ഉണ്ണുന്ന  ചോറിന്റെ  അളവ്  കണക്ക്  കൂട്ടിയാൽ   നിങ്ങൾക്ക്  അങ്ങോട്ട്  പൈസാ  തന്നാലും    എനിക്ക്  പിന്നെയും  ലാഭം  തന്നെ.....  ഇനി  ഇവിടെ  ഉണ്ണാൻ വരല്ലേ..."  സ്വാമി  കൈ  കൂപ്പി.
കാലം  കടന്ന്  പോയി.  സ്വാമിമരിച്ചു; ജോസഫും  വിൻസന്റും  പിൽക്കാലത്ത്  മരിച്ചു. ആ ഹോട്ടലും വിറ്റു. സ്വാമിയുടെ മകൻ  അടുത്ത  ഒരു പീടികയിൽ  ഇപ്പോൾ  ഹോട്ടൽ  നടത്തുന്നു  എങ്കിലും  പഴയ ആ തിരക്ക്  അവിടില്ല.
 അമിത ആഹാരത്തിന്റെ ദൂഷ്യങ്ങൾ  വായിച്ചും അനുഭവിച്ചും പിന്നീട്  ഞാൻ   മനസിലാക്കി.  അര വയറ്  ആഹാരവും  കാൽ  വയറ് വെള്ളവും  കാൾ വയറ് ശൂന്യവും  എന്ന  പ്രവാചക വചനം അന്വർത്ഥമാണെന്ന്    എപ്പോഴോ  തിരിച്ചറിഞ്ഞു.
ഇപ്പോൾ ഞാൻ ഉണ്ണുമ്പോൾ  രണ്ട് സ്പൂണിൽ  കൂടുതൽ  ചോറ്  പാത്രത്തിൽ   ഇട്ടാൽ  എനിക്ക്  ഭയമാണ്  .   വിളമ്പുന്ന  വളയിട്ട കയ്യോട്     അപ്പോൾ  ഞാൻ    പറയും   പോതും... പോതും...

Sunday, May 11, 2014

101 പവനും കാറും പിന്നെ പത്ത് ലക്ഷവും.....


101  പവനും  കാറും  പിന്നെ  പത്ത് ലക്ഷവും.....

 സ്വകാര്യ വാഹനത്തിലെ സഞ്ചാരം നമ്മിലും നമ്മുടെ കുടുംബാംഗങ്ങളിലുമായി    ലോകത്തെ    ചുരുക്കുമ്പോൾ   ട്രെയ്ൻ,  ബസ്സ്  മുതലായവയിലെ  സഞ്ചാരം സമൂഹത്തിലെ  വ്യത്യസ്ഥ    ഭാവങ്ങൾ  നമ്മുടെമുമ്പിൽ പ്രത്യക്ഷപ്പെടുന്നത്  നാം  കാണുവാൻ   ഇടയാക്കുന്നു .  വിവിധ  പെരുമാറ്റശീലങ്ങൾ    പൊങ്ങച്ചം,  തട്ടിപ്പ്, ദയനീയത,  പരോപകാരം , മനസ്സിന്റെ വിശാലതയും  ഇടുക്കവും  തുടങ്ങി  എല്ലാ സ്വഭാവങ്ങളും    പൊതു വാഹനമെന്ന  അരങ്ങിൽ  നമ്മുടെമുമ്പിൽ ആടി തിമിർക്കുന്നത്  നാം  നേരിൽ അനുഭവിക്കുമ്പോൾ  ആ അനുഭങ്ങൾ  നമ്മെ   അനുഭവ സമ്പന്നരും  പ്രതികരണ ശേഷി ഉള്ളവരുമാക്കി  തീർക്കുകയും  ചെയ്യും. കഴിഞ്ഞ ദിവസം  പുനലൂർ  പോകുന്നതിനായി   സ്റ്റോപ്പിൽ   ബസ്  കാത്ത് നിൽക്കുമ്പോൾ  യാത്രക്കാരായ   രണ്ട്  പേരുടെ സംഭാഷണം  ശ്രദ്ധിക്കാൻ  ഇടയായി.  അവരിൽ ഒരാൾ പുരുഷനും മറ്റേത് സ്ത്രീയുമായിരുന്നു.  അവർ പരിചയക്കാരായിരുന്നുവെന്നും  കുറച്ച് നാളുകൾ  കൂടി ഇപ്പോഴാണ്   കാണുന്നതെന്നും അവരുടെ സംഭാഷണത്തിൽ  നിന്നും  എനിക്ക്  മനസ്സിലാക്കാൻ  കഴിഞ്ഞു.  രണ്ട്  പേരും  അവരുടെ കുട്ടികളുടെ വിവാഹക്കാര്യമാണ്  സംസാരിച്ച്   കൊണ്ടിരുന്നത് .
"മോന്റെ അന്നത്തെ ആലോചനയെന്തായി  ചേട്ടാ?  ...."അത് നടക്കുമോ?  സ്ത്രീ  ചോദിച്ചു.
"ഹേയ്!  അതെങ്ങിനാ നടക്കുന്നത്,  ഇരപ്പാളി കൂട്ടങ്ങൾ.....75  പവന്റെ സ്വർണവും,  പത്ത്  ലക്ഷം  രൂപാ സ്ത്രീധനവും  മാത്രം.... കാർ    തരൂല്ലാ. ..വസ്തു  ഇല്ലാ...ഞാൻ  ഒരുപാട്  പറഞ്ഞ്  നോക്കി,  എന്റെ മോൻ  രജിസ്റ്റർ ആഫീസിലെ   ക്ലാർക്കാണ്  സർക്കാർ ഉദ്യോഗമാണ്  ...അവന്റെ ഉദ്യോഗവും  എന്റെ  കുടുംബ നിലവാരവും   കണക്കിലെടുത്താൽ  101  പവൻ സ്വർണവും  പത്ത് ലക്ഷം രൂപായും  ഒരു  കാറും  കുറഞ്ഞത്  ഒരു  പത്ത് സെന്റ്  വസ്തു  കുടുംബ  ഓഹരിയുമായി  കിട്ടിയാൽ    പണ്ട്  അവരുമായി  ഞാൻ  ഉണ്ടാക്കിയ   വാക്ക്    പാലിക്കാം   എന്ന്  ,,ഊങൂഹും   അവരുടെ  കയ്യിൽ   പണ്ട്  പറഞ്ഞ   അത്രയും  ഉലുവായേ   ഉള്ളൂ  പോലും, ....ഞാൻ  പറഞ്ഞ്  ഒരു  ആട്ടോഡ്രൈവറെ  ആ മുതലിന്  കിട്ടും       പോയി  പണി  നോക്കാനെന്ന്.....പണ്ടത്തെ  ഒരു  വാക്കിന്റെ  പേരിൽ  എന്റെ  മോന്റെ  ഭാവി  തുലക്കണോ?  നീ പറ...."  അടുത്തത്  സ്ത്രീയുടെ ഊഴമായിരുന്നു;

"  അത്  വേണ്ടാ...വേണ്ടാ.... അങ്ങിനെ നമ്മുടെ  കുഞ്ഞുങ്ങളെ  ഭാവി  നശിപ്പിക്കരുത്.......  കഷ്ടപ്പെട്ട്  വളർത്തി  ഇത്രേ  ആക്കി,  ഉദ്യോഗവും  വാങ്ങി  കൊടുത്തിട്ട്  75  പവൻ  ഉലുത്താനൊന്നും  ചേട്ടൻ  സമ്മതിക്കരുത്.....  എന്റെ  മോൻ  ഇപ്പോൾ  ഗൾഫിലാ....അമേരിക്കൻ  കമ്പനീലാ  ജോലി...അറബി    അവനെ  കാണാതെ  ഒരു  നിമിഷം  കഴിയില്ല,  അവനെ  ഞാൻ  ചുമ്മാ ധർമ്മ  കല്യാണത്തിന്  വിടില്ലാ...ഏത്...ആ പഴയ  പെണ്ണില്ലേ...നമ്മുടെ അയല്പക്കം.....അവളുമായി      ഇവനൊരു  ചെറിയ  അടുപ്പം  ഉള്ളത്  നേരാ....പക്ഷേ   അത്  വെച്ച്  മുതലാക്കാനൊന്നും    നോക്കണ്ടാ കുഞ്ഞേ  എന്ന്  ആ പെണ്ണിനെ  വിളിച്ച്   ഞാൻ  പറഞ്ഞിട്ടുണ്ട്...... അപ്പോ  ആ പെണ്ണിന്റെ  മുഖം  പോയ  പോക്ക്.............

 സംഭാഷണം  ഇത്രേം  ആയപ്പോൾ  പുനലൂർ  ബസ്  വരുന്നെന്ന്   കൂടെ  ഉണ്ടായിരുന്ന എന്റെ   ഇടത്  ഭാഗം  ഓർമ്മിപ്പിച്ചു.  ബസ്സിന്  നേരെ  ഓടുന്നതിനിടയിൽ   ഞാൻ  പെട്ടെന്ന്  തിരിഞ്ഞ്  നിന്ന്   സംഭാഷണത്തിൽ  ഏർപ്പെട്ടിരുന്ന  രണ്ട്  പേരോടുമായി  ചോദിച്ചു

"  നിങ്ങളുടെ  മക്കൾ  രാവിലെ  കക്കൂസിൽ  പോകുമ്പോൾ  സ്വർണമാണോ  വിസർജ്ജിക്കുന്നത്.....രണ്ട്  പേരുടെയും  മക്കളുടെ  സ്ത്രീധന  നിലവാരം  കേട്ടപ്പോൾ  ചോദിച്ച്  പോയതാണേ....ക്ഷമിക്കണേ....."
"ഇങ്ങോട്ട്  വരുന്നുണ്ടോ...ദാ! ബസ്  വിടാൻ  പോകുന്നു....."    കലഹം  കണ്ടാൽ  കളം  വിട്ടോടുന്ന  എന്റെ  കളത്രം     എന്നെ   പിടിച്ച്  വലിച്ച്  ബസ്സിന്  നേരെ  ഓടിക്കൊണ്ടിരുന്നപ്പോഴും  അത്രയും  പറയാൻ  കഴിഞ്ഞല്ലോ  എന്ന  സംത്ർപ്തിയായിരുന്നു  മനസ്സിൽ.

 സംഭവിക്കാവുന്ന  പിൻ കഥ:  (1)  100  പവൻ  സ്വർണവും  കാറും  മറ്റ്  അനുസാരികളും  വാങ്ങി  കല്യാണം  കഴിച്ച്  കൊണ്ട്  വന്ന  വധുവിനെ  ആദ്യ  രാത്രിയിൽ  വരൻ   ഒരു  കൈ  കൊണ്ട്  ആലിംഗനം  ചെയ്ത്   "പ്രിയേ"  എന്ന് വിളിച്ച്  സംഭാഷണം ആരംഭിച്ചപ്പോൾ   വധു  തല  ഉയത്തി  ഗൗരവത്തിൽ  പ്രതിവചിച്ചു  " 100 പവന്റെ  സ്വർണവും  പതിനഞ്ച്  ലക്ഷവും   കാറും  മറ്റ്  കോപ്പുകളും  തന്നാ എന്റെ അഛൻ എന്നെ  ഇയാൽക്ക്  കെട്ടിച്ച്  തന്നത്..പിന്നെന്താ  ഒരു  കൈ  കൊണ്ട്  കെട്ടി പിടിച്ചത്...  രണ്ട്  കയ്യും  കൊണ്ട്  കെട്ടി  പിടിയെടോ............  ഭർത്താവേ!!!............"

കഥ(2)  വിവാഹം  കഴിഞ്ഞ് ഒരു മാസത്തിന്  ശേഷമുള്ള  രംഗം :  ഉമ്മറത്ത് കസേരയിൽ  വിശാലമായിരുന്ന്   പത്രവായന നടത്തുന്ന   മരുമകളുടെ  മുമ്പിൽ  കാപ്പിയുമായി  അമ്മായി  അമ്മ  നിൽക്കുന്നു. കാപ്പി രുചിച്ച്  നോക്കിയതിന്  ശേഷം  മരുമകൾ  ഉവാച: കുറച്ച് കൂടി  പാൽ  ചേർക്കണം  തള്ളേ! കാപ്പിയിൽ...രൂപാ  പതിനഞ്ച് ലക്ഷമാ  അഛൻ എണ്ണി തന്നത് 100 പവൻ  സ്വർണവും.....പിന്നെന്താ കുറച്ച് കൂടി   പാല് ... കാപ്പിയിൽ....മോളേ  ദിനേശീ......

വക്കീലേ!    തയാറായിരുന്നോ, ഒരു കുടുംബ കോടതി കേസ്  ഉറപ്പ്....

Sunday, May 4, 2014

വീണ്ടും മദ്യം തന്നെ വിഷയം

ബഹുമാനപ്പെട്ട  ഹൈ കോടതി  മദ്യ വിൽപ്പന ശാലകളുടെ ശോചനീയാവസ്ഥ  പരിഹരിക്കാൻ നടപടികളെടുക്കുവാൻ  സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു.  കേസിന്റെ വശങ്ങൾ  പരിശോധിക്കുമ്പോൾ  ഇരു കക്ഷികളുടെയും വാദങ്ങൾക്കൊടുവിൽ   സാന്ദർഭികമായി  ഇപ്രകാരമുള്ള അഭിപ്രായങ്ങൾ കോടതിയിൽ നിന്നും  ഉണ്ടാവുക സ്വാഭാവികമാണെന്ന്  ന്യായീകരിക്കാമെങ്കിലും  മദ്യപാനത്തിന്റെ ദുരന്ത ഫലങ്ങളിലേക്ക്  തുറന്ന കണ്ണുകളോടെ നോക്കി  നിൽക്കുന്ന ഒരു പൗരന്  തന്റെ രാജ്യത്തിലെ  ഓരോ ഭാര്യയും , ഓരോ കുട്ടിയും  കുടിയന്റെ മാതാപിതാക്കളും  മറ്റ് കുടുംബാംഗങ്ങളും   അനുഭവിക്കുന്ന ദുരിതത്തെ സംബന്ധിച്ച് പ്രതികരിക്കാനാവാതെ  നിശ്ശബ്ദനായിരിക്കുവാൻ  കഴിയില്ല. മദ്യപിച്ച് വരുന്നവൻ  84വയസുകാരിയെയും   അഞ്ച് വയസുകാരിയെയും  തന്റെ ലഹരിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തുമ്പോൾ  പൊതു സമൂഹം കാഴ്ച കാണുന്ന/ കേൾക്കുന്ന   ബൊമ്മകളായി  മാറുന്നതിനെതിരെ  പ്രതികരിച്ചില്ലെങ്കിൽ  ആ സമൂഹം  നാശത്തിന്റെ  വക്കിലേക്ക് തന്നെയാണ്  യാത്രചെയ്യുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും.  രണ്ട് വർഷങ്ങൾക്ക്  മുമ്പ്  ഇത് സംബന്ധമായി  ഒരു സ്നേഹിതനുമായി ചേർന്ന്  നിരീക്ഷണത്തിന് മുതിർന്നപ്പോൾ  അനുഭവിച്ച വസ്തുതകൾ  ഞാൻ ഒരു പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു .  അന്ന്   ഉണ്ടായിരുന്നവരും  ഇന്നും സജീവമായി ഫെയ്സ്ബുക്കിൽ  സജീവമായി  പ്രതികരിക്കുന്നവരുമായ  എല്ലാ  പ്രമുഖരും  ആ ബ്ലോഗ് പോസ്റ്റിൽ  പ്രതികരിക്കുകയും ചെയ്തു.  പോസ്റ്റിലെ പ്രസക്തമായ  ചില  നിരീക്ഷണങ്ങൾക്ക്  ഇപ്പോഴാണ്  പ്രസക്തി എന്ന് തോന്നുന്നതിനാൽ  അത്   ഇവിടെ ആവർത്തിക്കട്ടെ.
.ഇവനെല്ലാം കുടിച്ചേച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ ഭാര്യയുടെയും കുട്ടികളുടെയുംപ്രതികരണങ്ങള്‍ എങ്ങിനെ ആയിരിക്കും, അവര്‍ക്ക് സന്തോഷമായിരിക്കില്ല, തീര്‍ച്ച, അവരുടെപ്രതിഷേധം പുറത്തെടുക്കുന്ന രീതി എങ്ങിനെ ആയിരിക്കും. അതോ അവര്‍ക്ക് ഭയമായിരിക്കുമോ?...ഒരു മദ്യപാനി ഭര്‍ത്താവ്/ അഛന്‍ /മകന്‍ വീട്ടില്‍  മദ്യപിച്ച്  ചെല്ലുമ്പോൾ   എന്തായിരിക്കും അവരുടെ മുഖഭാവം.... വിഷയം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” .......................................................................................

"ആ സ്ത്രീയും പെണ്‍കുട്ടിയും കൂടി അയാളെ ഒരു വിധം വലിച്ച് പുറത്താക്കിയ നിമിഷം അയാള്‍ അവരെ ഛര്‍ദ്ദിലില്‍ കുളിപ്പിച്ചു. ഭയങ്കരമായ നാറ്റം അവിടെ പരന്നു. ഞാനും സുരേഷും മൂക്ക് പൊത്തി. അയാളെ അവര്‍ പിടിച്ച് നേരെ നിര്‍ത്തിയെങ്കിലുംഅവരുടെ പിടിയില്‍ നില്‍ക്കാതെ അയാള്‍ നിലത്തേക്ക് മറിഞ്ഞു. ക്രൂശില്‍ തറച്ചത് പോലെ കൈ രണ്ടും വിരിച്ച് അയാള്‍ നിലത്ത് കിടന്നു"...................................................................................
 
“ഈ സ്ത്രീകള്‍ മദ്യപാനിയായ ഭര്‍ത്താവിനെ എന്ത് കൊണ്ട് സഹിക്കുന്നു” വണ്ടി ഓടിച്ച് കൊണ്ട് പോകുമ്പോള്‍ സുരേഷ് എന്നോട് ചോദിച്ചു.
“മദ്യപാനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ഥിരം മദ്യപിക്കുന്നു എന്ന കാരണത്താല്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുക എന്ന നയം സ്വീകരിച്ചാല്‍ എത്ര ഭാര്യമാര്‍ക്ക്
ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും. നമ്മള്‍ കണ്ട ആ പെണ്‍കുട്ടിയെ പോലെയുള്ള എത്ര കുട്ടികള്‍ക്ക് അഛന്‍ കൂടെ ഉണ്ടാകും, ആ പെണ്‍കുട്ടിക്ക് ഒരു കല്യാണാലോചന വരുമ്പോള്‍ അഛനില്ലാ എന്ന നാണക്കേട് ഒഴിവാക്കാന്‍ ഈ അഛനെയും തിരക്കി അന്ന് ഓടേണ്ടി വരില്ലേ? ഭര്‍ത്താവില്ലാത്ത സ്ത്രീയെ സമൂഹം ഏത് രീതിയില്‍ കാണുമെന്നറിയാമല്ലോ, ഇങ്ങിനെ പല കാരണങ്ങളാലാണ് നമ്മള്‍ ഇന്ന് കണ്ടത് പോലുള്ള കുരിശ് പെണ്ണുങ്ങള്‍ ചുമക്കുന്നത്. ബോധവത്ക്കരണം കൊണ്ടൊന്നും മദ്യപാന സ്വഭാവം മാറാന്‍ പോകുന്നില്ല. ഈ ശാപം എന്നും സ്ത്രീകള്‍ അനുഭവിച്ചേ പറ്റൂ....” 

അന്ന് ഈ പോസ്റ്റ് വായിക്കാത്ത എന്റെ  ഫെയ്സ്ബുക്ക് സഹജീവികൾക്കായി  ഈ  ലിങ്ക് നൽകുന്നതിൽ ക്ഷമിക്കുമല്ലോ.
http://sheriffkottarakara.blogspot.in/2014/05/blog-post_4.html

ഈ സാധനം എന്റേതല്ല

    Re-postimg-എന്റെ ഒരു ത്മാര്‍ത്ഥ സുഹൃത്തിനു മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ചില സ്വഭാവങ്ങളുണ്ട്. എന്നെക്കാളും വളരെ ചെറുപ്പമാണെങ്കിലും അവന്റെ പ്രത്യേകതകള്‍ അവനുമായി എന്നെ വളരെ അടുപ്പത്തിലാക്കി. ഉന്നത ബിരുദധാരിയായ അവന്‍ ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്നവനും ജീവിതം എല്ലാ നിലയില്‍ നിന്നും വീക്ഷിക്കുവാന്‍ തല്‍പ്പരനും അത് കൊണ്ട് തന്നെ ഒരിടത്തും സ്ഥിരമാകാത്തവനുമാണ്കഴിഞ്ഞ വര്‍ഷം അവന്‍ ഗല്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയിലായിരുന്നെങ്കില്‍  വര്‍ഷം നാട്ടില്‍ കര്‍ഷക തൊഴിലാളിയായാണ് അവനെകാണപ്പെട്ടത്. ചിലപ്പോള്‍ ആട്ടോ റിക്ഷ ഡ്രൈവറായാണവന്‍ പ്രത്യക്ഷപ്പെടുകകൊട്ടാരക്കരക്ക്    സമീപമുള്ള ഒരു  ഗ്രാമത്തില്‍ സാമാന്യം കഴിഞ്ഞ് പോകാന്‍ ഭൂസ്വത്തുള്ള വീട്ടില്‍ താമസിക്കുന്ന അവനെ നമുക്ക് സുരേഷ് എന്ന് വിളിക്കാം. സന്ധ്യ കഴിഞ്ഞ സമയത്താണ് അവനു ആട്ടോ സാരഥിയാകാന്‍ കൂടുതല്‍ താല്പര്യം. 

കോടതി മുറിയിലെ നാലു ചുമരുകള്‍ തീര്‍ത്ത തടങ്കല്‍ പാളയത്തില്‍ നിന്നും രക്ഷപെട്ട്പത്ത്മാലോകരുമായി ബന്ധം പുലര്‍ത്തി ഒരു സാധാരണ മനുഷ്യനായി ജീവിക്കാന്‍ കൊതിച്ച് നടക്കുന്ന കാലത്താണ് സുരേഷുമായി ഞാന്‍ ബന്ധപ്പെട്ടത് ലോകവും അതിലെ മനുഷ്യരെയും എല്ലാ കോണുകളില്‍ നിന്നും വീക്ഷിക്കുവാന്‍ ഹരം കൊണ്ട് നടക്കുന്ന ഞാനും സുരേഷും വളരെ പെട്ടെന്ന് അടുത്തുഒരു ആട്ടോ ഡ്രൈവറായാല്‍ പല സ്വഭാവക്കാരെയും അടുത്ത് നിന്ന് വീക്ഷിക്കാം എന്ന അവന്റെ അഭിപ്രായത്തില്‍ ആകര്‍ഷിക്കപ്പെട്ട് കുറച്ച് സമയം അവന്റെ ആട്ടോയുടെ മുന്‍സീറ്റില്‍ രാത്രി അവനോടൊപ്പം കൂടാന്‍ ഞാന്‍ അവനോട് അനുവാദം ചോദിച്ചു. രാത്രി കാലങ്ങളില്‍ അപ്രകാരം ആട്ടോ ഡ്രൈവറുടെ കൂട്ടിനു മുന്‍സീറ്റില്‍ സഹായികള്‍ ഇരിക്കുന്നത് പതിവ് കാഴ്ച ആയതിനാല്‍ ആരും മുന്‍ സീറ്റുകാരനെ ശ്രദ്ധിക്കുകയില്ലെന്നും എന്റെ വേഷം കൈലിയും ഷര്‍ട്ടും പിന്നെ ചെവി മൂടിക്കെട്ടി ഒരു തോര്‍ത്തും കൂടിയായാല്‍ യാത്രക്കാരുടെ മുമ്പില്‍ ഞാന്‍ തിരിച്ചറിയപ്പെടില്ലെന്നും ഒക്കെ അവനോട് പറഞ്ഞിട്ടും, “അവനവന്റെ വിലക്കും നിലക്കും ഒത്ത രീതിയില്‍ ജീവിച്ചാല്‍ മതിയെന്നും ആവശ്യമില്ലാത്ത പണിക്കൊന്നും പോകേണ്ടാ“ എന്നും പറഞ്ഞ് എന്റെ അപേക്ഷ നിഷ്ക്കരുണം അവന്‍ നിരസിച്ചെങ്കിലും എപ്പോഴെങ്കിലും അവന്‍ എന്നെ പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
 

കഴിഞ്ഞ ഓണത്തിനു തലേന്ന് ഉത്രാട നാളില്‍ ഒരു മഴക്ക് ശേഷമുള്ള രാത്രിയിലെ വിളറിയ നിലാവില്‍ സുരേഷ് എന്നെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു.
“ 
റോഡ് നിറയെ പാമ്പുകള്‍ , കാണണമെങ്കില്‍ ഉടനേ വാ മദ്യം ഓണവില്പനയില്‍  വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ കരുനാഗപ്പള്ളിയില്‍ നിന്നും 38കിലോമീറ്ററോളം ദൂരം മാത്രമേ ഉള്ളൂകൊട്ടാരക്കരക്ക് എന്നു കൂടി ഓര്‍ക്കുക
ഞാന്‍
 കൈലി വേഷം ധരിച്ച് , എന്റെ വീടിനു സമീപമുള്ള റെയില്‍ വേ മേല്‍പ്പാലത്തിനു സമീപംതോര്‍ത്ത് കൊണ്ട് മുഖം മറച്ച് തയാറായി നിന്നപ്പോള്‍ ഒരു ആട്ടോ പാഞ്ഞ് വന്ന് എന്റെ അടുത്ത് നിര്‍ത്തിസുരേഷ് തല പുറത്തേക്ക് നീട്ടി പറഞ്ഞു;
പെട്ടെന്ന് കയറ്ഇന്ന് നല്ല തിരക്കാണ്നിരത്തില്‍ ജനം ഒഴുകി കൊണ്ടിരുന്നുപിറ്റേന്ന് ഓണമാണ്.ആട്ടോയില്‍ പലരും കയറി ഇറങ്ങി കൊണ്ടിരിക്കേ സുരേഷ് എന്നോട് ചോദിച്ചു;
“ 
സാറുശ്രദ്ധിച്ചോഒരുത്തെനെങ്കിലും മദ്യപിക്കാത്തവനുണ്ടോ?“
എടോ കയ്യില്‍ പൈസ്സാ ഉണ്ടായത് കൊണ്ടല്ലേ അവര്‍ കുടിക്കുന്നത്ബോണസ്സായും അഡ്വാന്‍സ്സായും കുറേ തുക കയ്യില്‍ വരുമ്പോള്‍ ഒന്ന് മിനുങ്ങാമെന്ന് അവര്‍ കരുതുന്നു,നമ്മളെന്തിന് ഇതെല്ലാം ശ്രദ്ധിക്കുന്നുവിട്ട് കള” ഞാന്‍ മറുപടി പറഞ്ഞു.
“ സാറ് 
പിന്നെന്തിനു ഇങ്ങോട്ട് വേഷോം കെട്ടി വന്നു, , ഇതെല്ലാം ഒന്ന് നിരീക്ഷിക്കാനും എന്റെ ചില സംശയങ്ങള്‍ പങ്ക് വെക്കാനും വിളിച്ചപ്പോള്‍ കുറേ മഞ്ഞ കോണവതിയാരം പറയാന്‍ വന്നിരിക്കുന്നു, അതെല്ലാം വിട്ട് കളയണമത്രേ!” സുരേഷ് ചൂടായിഅവന്‍ അതങ്ങിനെയാണ്പെട്ടെന്ന് ചൂടാകും അതേ പോലെ തണുക്കും.

ഇതില്‍ നമുക്കെന്താണ് ചര്‍ച്ച ചെയ്യാനുള്ളത്?” അവന്റെ ദേഷ്യം അവഗണിച്ച് ഞാന്‍ ചോദിച്ചു.

ഇവനെല്ലാം കുടിച്ചേച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ ഭാര്യയുടെയും കുട്ടികളുടെയുംപ്രതികരണങ്ങള്‍ എങ്ങിനെ ആയിരിക്കുംഅവര്‍ക്ക് സന്തോഷമായിരിക്കില്ലതീര്‍ച്ചഅവരുടെ പ്രതിഷേധം പുറത്തെടുക്കുന്ന രീതി എങ്ങിനെ ആയിരിക്കുംഅതോ അവര്‍ക്ക് ഭയമായിരിക്കുമോ?... ഒരു മദ്യപാനി ഭര്‍ത്താവ്/ അഛന്‍ /മകന്‍ വീട്ടില്‍ വന്ന് കയറുമ്പോള്‍ എന്തായിരിക്കും അവരുടെ മുഖ ഭാവം.... വിഷയം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” 
ഒരു ഗാന്ധിയന്റെ മകനായ അവന്റെ വീട്ടില്‍ അപ്രകാരമുള്ള രംഗം ഉണ്ടായിട്ടില്ലാത്തതിനാല്‍ വിഷയത്തില്‍ അവന്റെ ജിഞാസയുടെ ആഴം എത്രമാത്രം ഉണ്ടെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു.
എടോപലരും പല രീതിയില്‍ പ്രതികരിക്കും.... ചില സ്ത്രീകള്‍....”

വേണ്ടാവിവരണങ്ങള്‍ വേണ്ടാഇന്ന് നമുക്ക് അത് പോലുള്ള ഒരു കേസെങ്കിലും ലൈവായി കാണണംഇന്നു ധാരാളം പേര്‍ പാമ്പായി പമ്പരം കുത്തി നടക്കുന്നതിനാല്‍ ഏതെങ്കിലും സന്ദര്‍ഭം നമുക്ക് കിട്ടുംഅതിനാ ഞാന്‍ കൂട്ടിനു വിളിച്ചേഇപ്പോഴാണ് എനിക്ക് അവന്റെ ഉദ്ദേശം മനസിലായത്.ഞങ്ങള്‍ക്ക് കൂടുതല്‍ നേരം കാത്തിരിക്കേണ്ടി വന്നില്ലദാ ഒരെണ്ണം റോഡില്‍ ആടിയാടി നിന്ന് കൈ കാണിക്കുന്നു.
എവിടെ പോണം” സുരേഷ് ചോദിച്ചു.
വീട്ടില്‍ പോണമെടാ കൂവേ
വീടെവിടാ കൂവേ” സുരേഷ് വിട്ടു കൊടുക്കുന്ന ജാതിയല്ലല്ലോ.യാത്രക്കാരന്‍ പാതി അടഞ്ഞകണ്ണ് കൊണ്ട് സുരേഷിനെ സൂക്ഷിച്ച് നോക്കിഎന്നിട്ട് മൊഴിഞ്ഞു;
ഹായ്നീ നമ്മടെ പാര്‍ട്ടി തന്നെഅങ്ങിനെ വേണംഅങ്ങിനെ വേണംഎനിക്ക്   (ഗ്രാമത്തിന്റെ പേര്  പറഞ്ഞു) പോണോടാ മോനേ...”
വണ്ടീലോട്ട് കയറ് അച്ഛാ....” സുരേഷ് പ്രതികരിച്ചുയാത്രക്കാരന്‍ ആട്ടോയില്‍ കയറി ഇരുന്നതിനു ശേഷം സുരേഷിനോട് ഇഴഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“ 
ഞാനേത് വഴിയിലൂടെയാടാ നിന്റഫനായത്
എന്നെ മോനേന്ന് വിളിച്ചപ്പോള്‍ ഞാന്‍ അച്ഛാ എന്ന് വിളിച്ച് അത്രയേയുള്ളൂ” സുരേഷിന്റെ മറുപടി ഉടനുടനെയാണ്അവന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ലിവര്‍ വലിച്ചു വിട്ടു.
മോനേഎന്ന വാക്കിന്റെ മുമ്പീ ഞാന്‍ വേറെ ഒരു കൊച്ച് വാക്ക് ചേര്‍ത്തിരുന്നല്ലോടാനീയ് അത് കേട്ടില്ലേടാ...” യാത്രക്കാരന്റെ മറുപടി സുരേഷിന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങിന്റ്റേത്പോലെ മാറ്റിയതായി കണ്ടപ്പോള്‍ എനിക്ക് ചിരി പൊട്ടി.പുറക് സീറ്റില്‍ നിന്നും ചില മുക്കലുംഞരങ്ങലും മൂളലുകളും പിന്നെ ചില തെറി പാട്ടുകളും കേട്ട് കൊണ്ടിരുന്നു...പിന്നെ കൂര്‍ക്കം വലിയാണ് കേട്ടത്.
നാശമായോഎവന്റെ വീട് വിടാന്ന് ചോദിക്കുന്നതെങ്ങിനെയാണ്...ശവം കൂര്‍ക്കം വലിച്ചുറങ്ങുകയാണ്...”സുരേഷിന്റെ സ്ഥലവും   കഴിഞ്ഞ്  വണ്ടി  ഒട്ട് ദൂരം  വണ്ടി മുന്നോട്ട്  പാഞ്ഞു.ഞാന്‍ പുറകിലേക്ക് എത്തി കൈ നീട്ടിഉറങ്ങുന്ന പാമ്പിനെ തട്ടി വിളിച്ചു.പുറകില്‍ നിന്നും ചീറ്റലും മൂളലും തുമ്മലും ചുണ്ടിനടിയിലെ പിറുപിറുക്കലും ഉയര്‍ന്നു.
“.......
 എവിടെയാ വീട്?“ സുരേഷ് ഉച്ചത്തില്‍ ചോദിച്ചു.
കവലേന്ന് ടത്തോട്ടുള്ള വഴിയിലൂടെ പോടാ , അവിടെ ചെല്ലട്ട് ഞാന്‍ പറഞ്ഞ് തരാം.” പാമ്പ്പിന്‍ സീറ്റില്‍ ചരിഞ്ഞ് കിടന്നു.ആട്ടോ ഇടവഴിയിലൂടെ മുന്നോട്ട് പോയിപെട്ടെന്ന് പാമ്പ് വിളിച്ച് പറഞ്ഞു.
 വലിയ മരം നിക്കുന്ന വീട്ടിന്റെ മുമ്പില്‍ നിര്‍ത്തെടാഇരുളടഞ്ഞ വീടും തൊടിയുംപാമ്പ് ഇറങ്ങാതെ വണ്ടിയില്‍ തന്നെ കിടന്നുസുരേഷ് അയാളെ കുലുക്കി വിളിച്ചു.ങൂഹുംഒരു അനക്കവുമില്ല.
നാശം . മാരണംവീടെത്തിയെടോഇറങ്ങെടോ” സുരേഷിന്റെ ശബ്ദം വളരെ ഉച്ചത്തിലായതിനാലായിരിക്കാം വീട്ടില്‍ വിളക്ക് തെളിഞ്ഞുമുന്‍ വശം വാതില്‍ തുറക്കപ്പെട്ടുമദ്ധ്യ വയസ്കയായ തടിച്ച ഒരു സ്ത്രീ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
 ഇത് ഇവിടത്തെ സാധനമാണ്ഒന്ന് പിടിച്ചിറക്ക് എനിക്ക് പോകണം” 
എന്റെ
 സ്നേഹിതന്റെ ആവലാതി കേട്ടു സ്ത്രീ ആകാശത്തേക്ക് നോക്കി മൊഴിഞ്ഞു:-
” 
ഇന്ന് നേരത്തെ കെട്ടി എടുത്തോനാളെ മാവേലി യോടൊപ്പം വെളുപ്പാന്‍ കാലത്ത്വരൂള്ളുവെന്നാ ഞങ്ങ കരുതിയേ’ അവര്‍ അടുത്ത് വന്ന് ആട്ടോയിലേക്ക് നോക്കി.ആട്ടോയ്ക്കുള്ളിലെ ബള്‍ബിന്റെ പ്രകാശത്തില്‍ പാമ്പിനെ കണ്ടപ്പോള്‍ അവര്‍ വിളീച്ച് കൂവി:-
 സാധനം ഇവിടെത്തേതല്ലാഇതിനെ നാല് വീടപ്പുറം കൊണ്ടിറക്ക് , അവിടെ ഒരു വലിയമരം നില്‍പ്പുണ്ട് വീട്ടിലേതാ ഇത്” സ്ത്രീ യാതൊരു കുലുക്കവുമില്ലാതെ വീട്ടിലേക്ക് കയറിയപ്പോള്‍ സുരേഷ് ചോദിച്ചു:-
 വാര്‍ഡിലെ സാധനങ്ങളെല്ലാം  മോഡലില്‍ തന്നെയാണോ?” സ്ത്രീ മുന്‍ വശത്തെ കതക്ഞങ്ങളുടെ നേരെ കൊട്ടി അടച്ച് ശബ്ദം ഉണ്ടാക്കിയതോടെ സുരേഷിന്റെ ചോദ്യത്തിന്റെഉത്തരമായി.
എടോ അണ്‍ വാന്റഡ് ഹെയറേ!(ആവശ്യമില്ലാത്ത രോമമേ എന്ന് മലയാളംഎഴുന്നേരെടോതന്റെ വീട് കാണിച്ച് താടോ” യാത്രക്കാരനെ നോക്കി എന്റെ സ്നേഹിതന്‍ അലറിയപ്പോള്‍ ഞാന്‍ അവനെ ശാന്തനാക്കാന്‍ ശ്രമിച്ചു.അപ്പോള്‍ പാമ്പ് എഴുന്നേറ്റിരുന്നു സുരേഷിനെ നോക്കി പതുക്കെ പറഞ്ഞു:-
തെറി പറയാതെടാ ....#### മോനേ!!! എടാകണ്ട പെണ്ണുങ്ങക്ക് എന്നെ കൊണ്ട് കൊടുക്കാന്‍ നീ എന്റെ ആരാടാഎന്റെ പെണ്ണുമ്പിള്ള ഇത് വല്ലതും കണ്ടിരുന്നെങ്കില്‍ ഇവിടെ കുരുതിക്കളമായേനെ..വിടെടാ വണ്ടി എന്റെ വീട്ടിലേക്ക്....”ഒന്നും മിണ്ടാതെ സുരേഷ് ലിവര്‍ വലിച്ചടിച്ചുവണ്ടി മുന്നോട്ട് നീങ്ങി ഒരു വലിയ മരം മുന്‍ വശം നില്‍ക്കുന്ന വീടിന്റെ മുമ്പില്‍എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു
ഇതായിരിക്കും വീട്” 
പുറകില്‍
 നിന്നും ഉടന്‍ കമന്‍റ് വന്നു. “തലേക്കെട്ട് ഒള്ളവനു വെവരോണ്ട്” ഞാന്‍ തോര്‍ത്ത്തലയില്‍ കെട്ടിയതാണ് അയാള്‍ സൂചിപ്പിച്ചത്.വണ്ടി വീട്ടിന്റെ മുമ്പില്‍ നിന്നു. വീട്ടില്‍ വെളിച്ചവും ആളനക്കവുമുണ്ടായിരുന്നുവണ്ടി വന്ന് നിന്ന ശബ്ദം കേട്ട് കതക് തുറക്കപ്പെട്ടു. മുന്‍ വശത്തെ ലൈറ്റ് അവിടമെല്ലാം പ്രകാശഭരിതമാക്കി.ഒരു സ്ത്രീയും 16വയസുള്ള പെണ്‍കുട്ടിയുംപുറകില്‍ ഒരു വല്യമ്മയും പ്രത്യക്ഷപ്പെട്ടു.

“ഇത് ഇവിടെത്തെ സാധനമാണോ”? സുരേഷ് ആട്ടോക്കകത്തേക്ക് കൈ ചൂണ്ടി.

ആ സ്ത്രീയുടെ മുഖത്ത് ലജ്ജയും അപമാന ഭാവവും കാണപ്പെട്ടു; പെണ്‍കുട്ടിയുടെ മുഖത്ത് ഭയവും.വല്യമ്മ കണ്ണിനു മുകളില്‍ കൈ വെച്ച് രംഗം ആകെ വീക്ഷിച്ചു.

“ചേട്ടാ വീടെത്തി” സുരേഷ് പറഞ്ഞു.

“ഓണത്തിനു സാധനങ്ങള്‍ വാങ്ങാന്‍ പോയതാണോടാ രാമകൃഷ്ണാ.. നീ...?“ വല്യമ്മ ആയിരുന്നു അത് ചോദിച്ചത്.

മറുപടിയായി ആട്ടോയില്‍ നിന്നും നിന്നും ഒരു ഓക്കാനത്തിന്റെ ശബ്ദം പുറത്ത് വന്നു.

“ആട്ടോയില്‍ ഛര്‍ദ്ദിച്ചാല്‍ എന്റെ വിധം മാറുമേ...“സുരേഷ് താക്കീത് നല്‍കി.പെണ്‍കുട്ടി ഇപ്പോള്‍ കരച്ചിലിന്റെ വക്കത്താണ്. സ്ത്രീ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലും.

“എഴീ, ഞാന്‍ നെന്നെ ഷെണിക്കണോ എന്നെ പിടിച്ചെറക്കാന്‍ ...” ആട്ടോക്കകത്ത് നിന്നും പാമ്പ് ചീറി.ആ സ്ത്രീയും പെണ്‍കുട്ടിയും കൂടി അയാളെ ഒരു വിധം വലിച്ച് പുറത്താക്കിയ നിമിഷം അയാള്‍ അവരെ ഛര്‍ദ്ദിലില്‍ കുളിപ്പിച്ചു. ഭയങ്കരമായ നാറ്റം അവിടെ പരന്നു. ഞാനും സുരേഷും മൂക്ക് പൊത്തി. അയാളെ അവര്‍ പിടിച്ച് നേരെ നിര്‍ത്തിയെങ്കിലും അവരുടെ പിടിയില്‍ നില്‍ക്കാതെ അയാള്‍ നിലത്തേക്ക് മറിഞ്ഞു. ക്രൂശില്‍ തറച്ചത് പോലെ കൈ രണ്ടും വിരിച്ച് അയാള്‍ നിലത്ത് കിടന്നു.
“ഞങ്ങള്‍ക്ക് പോകണം , ആട്ടോ ചാര്‍ജ് താ” സുരേഷിന്റെ ആവശ്യം കേട്ടപ്പോള്‍ ആ സ്ത്രീയുടെ മുഖത്തെ നിസ്സഹായത ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അവനെ തോണ്ടിയപ്പോള്‍ അവനു കാര്യം മനസിലായതിനാല്‍ താഴെ വീണ് കിടക്കുന്ന ക്രൂശിത രൂപത്തോട് അവന്‍ ചോദിച്ചു:-
“എടോ പൈസ്സാ എവിടെ”?
“തുണീടെ താഴെയാണടാ പൈസ്സാ ഇരിക്കുന്നത്“ ഈ മറുപടി കേട്ടതോടെ എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിനു മുമ്പേ സുരേഷ് ചാടിച്ചെന്ന് അയാളുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് വലിച്ച് പൊക്കി. “അനാവശ്യം പറയുന്നോടാ നായേ” അവന്‍ വല്ലാതെ ചീറി. സുരേഷിന്റെ ആകാരവും ദേഷ്യവും കണ്ട് പെണ്‍കുട്ടി കരഞ്ഞു”എന്റെ അഛനെ തല്ലല്ലേ”
അടുത്ത വീടുകളില്‍ വിളക്ക് തെളിഞ്ഞു.രംഗം പന്തിയല്ലാതായി വരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
“തുണിയുടെ താഴെ എന്റെ നിക്കറിലാ പൈസ്സാ ഇരിക്കുന്നത്, എടീ ഒന്നെടുത്ത് കൊടുക്കെടീ...”താഴെ കിടന്ന മനുഷ്യന്‍ സാവധാനത്തില്‍ പറഞ്ഞു. അപ്പോഴും അയാള്‍ കൈകള്‍ രണ്ടും വിരിച്ച് മലര്‍ന്ന് കിടന്നതല്ലാതെ പൈസ്സാ നിക്കറില്‍ നിന്നും എടുത്തില്ല.
“ഛെ,‘ കാര്യം മനസിലാകാതെ അയാളെ കൈകാര്യം ചെയ്തതില്‍ കുറ്റ ബോധത്തോടെ സുരേഷ് സ്വയമേ തലക്കടിച്ചു. എനിക്ക് ചിരി പൊട്ടി. സ്ത്രീ അയാളുടെ മുണ്ട് മാറ്റിയപ്പോള്‍ പാണ്ടികള്‍ ധരിക്കുന്ന പാളക്കരയന്‍ നിക്കര്‍ കാണപ്പെട്ടു. അതിന്റെ ഉള്ളില്‍ നിന്ന് അവര്‍ ഒരു കെട്ട് നോട്ട് പുറത്തെക്കെടുത്തു. അതില്‍ നിന്നും സുരേഷിന്റെ ആട്ടോ ചാര്‍ജ് കൊടുത്തപ്പോള്‍ താഴെ നിന്നും വീണ്ടും കല്‍പ്പന വന്നു.
“ബാക്കി പൈസ്സാ നിക്കറില്‍ തന്നെ വെക്കെടീ നാളെ തിരുവോണമാ, എനിക്ക് ഒന്ന് ശരിക്ക് മിനുങ്ങണം”
പെട്ടെന്ന് ഞാന്‍ മുമ്പോട്ട് ചെന്നു. ആ പൈസ്സാ സ്ത്രീയില്‍ നിന്നും പിടിച്ച് വാങ്ങി പെണ്‍കുട്ടിയുടെ കയ്യില്‍ വെച്ച് കൊടുത്തിട്ട് പറഞ്ഞു “ കുട്ടി ഇത് സൂക്ഷിക്ക്, നാളെ ഈ പൈസ്സാ കൊണ്ട് ഓണം കൊള്ളണം . പൈസ്സാ അഛനു കൊടുക്കരുത്.
“തലേക്കെട്ടിനു വെവരം ഒണ്ട്” താഴെ നിന്നും വന്ന കമന്റ് അവഗണിച്ച് ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പോകവേ ആദ്യം ഞങ്ങള്‍ ചെന്ന് നിന്ന വീടിനു മുമ്പില്‍ മറ്റൊരു ആട്ടോ നില്‍ക്കുന്നതും അതില്‍ നിന്നും ഒരാളെ ആട്ടോക്കാരനും ആ തടിച്ച സ്ത്രീയും കൂടി പിടിച്ചിറക്കാന്‍ പാട് പെടുന്നതും കണ്ട് സുരേഷ് പറഞ്ഞു “അത് അവിടത്തെ സാധനം തന്നെയാണ്”

“ഈ സ്ത്രീകള്‍ മദ്യപാനിയായ ഭര്‍ത്താവിനെ എന്ത് കൊണ്ട് സഹിക്കുന്നു” വണ്ടി ഓടിച്ച് കൊണ്ട് പോകുമ്പോള്‍ സുരേഷ് എന്നോട് ചോദിച്ചു.
“മദ്യപാനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ഥിരം മദ്യപിക്കുന്നു എന്ന കാരണത്താല്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുക എന്ന നയം സ്വീകരിച്ചാല്‍ എത്ര ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും. നമ്മള്‍ കണ്ട ആ പെണ്‍കുട്ടിയെ പോലെയുള്ള എത്ര കുട്ടികള്‍ക്ക് അഛന്‍ കൂടെ ഉണ്ടാകും, ആ പെണ്‍കുട്ടിക്ക് ഒരു കല്യാണാലോചന വരുമ്പോള്‍ അഛനില്ലാ എന്ന നാണക്കേട് ഒഴിവാക്കാന്‍ ഈ അഛനെയും തിരക്കി അന്ന് ഓടേണ്ടി വരില്ലേ? ഭര്‍ത്താവില്ലാത്ത സ്ത്രീയെ സമൂഹം ഏത് രീതിയില്‍ കാണുമെന്നറിയാമല്ലോ, ഇങ്ങിനെ പല കാരണങ്ങളാലാണ് നമ്മള്‍ ഇന്ന് കണ്ടത് പോലുള്ള കുരിശ് പെണ്ണുങ്ങള്‍ ചുമക്കുന്നത്. ബോധവത്ക്കരണം കൊണ്ടൊന്നും മദ്യപാന സ്വഭാവം മാറാന്‍ പോകുന്നില്ല. ഈ ശാപം എന്നും സ്ത്രീകള്‍ അനുഭവിച്ചേ പറ്റൂ....” ഞാന്‍ ഇത് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ “ഛേ..ഛേ” എന്ന് പറഞ്ഞ് സുരേഷ് തലകുടഞ്ഞ് കൊണ്ടേ ഇരുന്നു. അവന് ഞാന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലാ എന്ന് വ്യക്തം.
ദാ, വഴിയില്‍ ആടിയാടി നിന്ന് ഒരു പാമ്പ് കൈ കാണിക്കുന്നു.ഞാന്‍ പറഞ്ഞു “സുരേഷേ......
 വിട്ടോടാ....”