101 പവനും കാറും പിന്നെ പത്ത് ലക്ഷവും.....
സ്വകാര്യ വാഹനത്തിലെ സഞ്ചാരം നമ്മിലും നമ്മുടെ കുടുംബാംഗങ്ങളിലുമായി ലോകത്തെ ചുരുക്കുമ്പോൾ ട്രെയ്ൻ, ബസ്സ് മുതലായവയിലെ സഞ്ചാരം സമൂഹത്തിലെ വ്യത്യസ്ഥ ഭാവങ്ങൾ നമ്മുടെമുമ്പിൽ പ്രത്യക്ഷപ്പെടുന്നത് നാം കാണുവാൻ ഇടയാക്കുന്നു . വിവിധ പെരുമാറ്റശീലങ്ങൾ പൊങ്ങച്ചം, തട്ടിപ്പ്, ദയനീയത, പരോപകാരം , മനസ്സിന്റെ വിശാലതയും ഇടുക്കവും തുടങ്ങി എല്ലാ സ്വഭാവങ്ങളും പൊതു വാഹനമെന്ന അരങ്ങിൽ നമ്മുടെമുമ്പിൽ ആടി തിമിർക്കുന്നത് നാം നേരിൽ അനുഭവിക്കുമ്പോൾ ആ അനുഭങ്ങൾ നമ്മെ അനുഭവ സമ്പന്നരും പ്രതികരണ ശേഷി ഉള്ളവരുമാക്കി തീർക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം പുനലൂർ പോകുന്നതിനായി സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുമ്പോൾ യാത്രക്കാരായ രണ്ട് പേരുടെ സംഭാഷണം ശ്രദ്ധിക്കാൻ ഇടയായി. അവരിൽ ഒരാൾ പുരുഷനും മറ്റേത് സ്ത്രീയുമായിരുന്നു. അവർ പരിചയക്കാരായിരുന്നുവെന്നും കുറച്ച് നാളുകൾ കൂടി ഇപ്പോഴാണ് കാണുന്നതെന്നും അവരുടെ സംഭാഷണത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ട് പേരും അവരുടെ കുട്ടികളുടെ വിവാഹക്കാര്യമാണ് സംസാരിച്ച് കൊണ്ടിരുന്നത് .
"മോന്റെ അന്നത്തെ ആലോചനയെന്തായി ചേട്ടാ? ...."അത് നടക്കുമോ? സ്ത്രീ ചോദിച്ചു.
"ഹേയ്! അതെങ്ങിനാ നടക്കുന്നത്, ഇരപ്പാളി കൂട്ടങ്ങൾ.....75 പവന്റെ സ്വർണവും, പത്ത് ലക്ഷം രൂപാ സ്ത്രീധനവും മാത്രം.... കാർ തരൂല്ലാ. ..വസ്തു ഇല്ലാ...ഞാൻ ഒരുപാട് പറഞ്ഞ് നോക്കി, എന്റെ മോൻ രജിസ്റ്റർ ആഫീസിലെ ക്ലാർക്കാണ് സർക്കാർ ഉദ്യോഗമാണ് ...അവന്റെ ഉദ്യോഗവും എന്റെ കുടുംബ നിലവാരവും കണക്കിലെടുത്താൽ 101 പവൻ സ്വർണവും പത്ത് ലക്ഷം രൂപായും ഒരു കാറും കുറഞ്ഞത് ഒരു പത്ത് സെന്റ് വസ്തു കുടുംബ ഓഹരിയുമായി കിട്ടിയാൽ പണ്ട് അവരുമായി ഞാൻ ഉണ്ടാക്കിയ വാക്ക് പാലിക്കാം എന്ന് ,,ഊങൂഹും അവരുടെ കയ്യിൽ പണ്ട് പറഞ്ഞ അത്രയും ഉലുവായേ ഉള്ളൂ പോലും, ....ഞാൻ പറഞ്ഞ് ഒരു ആട്ടോഡ്രൈവറെ ആ മുതലിന് കിട്ടും പോയി പണി നോക്കാനെന്ന്.....പണ്ടത്തെ ഒരു വാക്കിന്റെ പേരിൽ എന്റെ മോന്റെ ഭാവി തുലക്കണോ? നീ പറ...." അടുത്തത് സ്ത്രീയുടെ ഊഴമായിരുന്നു;
" അത് വേണ്ടാ...വേണ്ടാ.... അങ്ങിനെ നമ്മുടെ കുഞ്ഞുങ്ങളെ ഭാവി നശിപ്പിക്കരുത്....... കഷ്ടപ്പെട്ട് വളർത്തി ഇത്രേ ആക്കി, ഉദ്യോഗവും വാങ്ങി കൊടുത്തിട്ട് 75 പവൻ ഉലുത്താനൊന്നും ചേട്ടൻ സമ്മതിക്കരുത്..... എന്റെ മോൻ ഇപ്പോൾ ഗൾഫിലാ....അമേരിക്കൻ കമ്പനീലാ ജോലി...അറബി അവനെ കാണാതെ ഒരു നിമിഷം കഴിയില്ല, അവനെ ഞാൻ ചുമ്മാ ധർമ്മ കല്യാണത്തിന് വിടില്ലാ...ഏത്...ആ പഴയ പെണ്ണില്ലേ...നമ്മുടെ അയല്പക്കം.....അവളുമായി ഇവനൊരു ചെറിയ അടുപ്പം ഉള്ളത് നേരാ....പക്ഷേ അത് വെച്ച് മുതലാക്കാനൊന്നും നോക്കണ്ടാ കുഞ്ഞേ എന്ന് ആ പെണ്ണിനെ വിളിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്...... അപ്പോ ആ പെണ്ണിന്റെ മുഖം പോയ പോക്ക്.............
സംഭാഷണം ഇത്രേം ആയപ്പോൾ പുനലൂർ ബസ് വരുന്നെന്ന് കൂടെ ഉണ്ടായിരുന്ന എന്റെ ഇടത് ഭാഗം ഓർമ്മിപ്പിച്ചു. ബസ്സിന് നേരെ ഓടുന്നതിനിടയിൽ ഞാൻ പെട്ടെന്ന് തിരിഞ്ഞ് നിന്ന് സംഭാഷണത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് പേരോടുമായി ചോദിച്ചു
" നിങ്ങളുടെ മക്കൾ രാവിലെ കക്കൂസിൽ പോകുമ്പോൾ സ്വർണമാണോ വിസർജ്ജിക്കുന്നത്.....രണ്ട് പേരുടെയും മക്കളുടെ സ്ത്രീധന നിലവാരം കേട്ടപ്പോൾ ചോദിച്ച് പോയതാണേ....ക്ഷമിക്കണേ....."
"ഇങ്ങോട്ട് വരുന്നുണ്ടോ...ദാ! ബസ് വിടാൻ പോകുന്നു....." കലഹം കണ്ടാൽ കളം വിട്ടോടുന്ന എന്റെ കളത്രം എന്നെ പിടിച്ച് വലിച്ച് ബസ്സിന് നേരെ ഓടിക്കൊണ്ടിരുന്നപ്പോഴും അത്രയും പറയാൻ കഴിഞ്ഞല്ലോ എന്ന സംത്ർപ്തിയായിരുന്നു മനസ്സിൽ.
സംഭവിക്കാവുന്ന പിൻ കഥ: (1) 100 പവൻ സ്വർണവും കാറും മറ്റ് അനുസാരികളും വാങ്ങി കല്യാണം കഴിച്ച് കൊണ്ട് വന്ന വധുവിനെ ആദ്യ രാത്രിയിൽ വരൻ ഒരു കൈ കൊണ്ട് ആലിംഗനം ചെയ്ത് "പ്രിയേ" എന്ന് വിളിച്ച് സംഭാഷണം ആരംഭിച്ചപ്പോൾ വധു തല ഉയത്തി ഗൗരവത്തിൽ പ്രതിവചിച്ചു " 100 പവന്റെ സ്വർണവും പതിനഞ്ച് ലക്ഷവും കാറും മറ്റ് കോപ്പുകളും തന്നാ എന്റെ അഛൻ എന്നെ ഇയാൽക്ക് കെട്ടിച്ച് തന്നത്..പിന്നെന്താ ഒരു കൈ കൊണ്ട് കെട്ടി പിടിച്ചത്... രണ്ട് കയ്യും കൊണ്ട് കെട്ടി പിടിയെടോ............ ഭർത്താവേ!!!............"
കഥ(2) വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമുള്ള രംഗം : ഉമ്മറത്ത് കസേരയിൽ വിശാലമായിരുന്ന് പത്രവായന നടത്തുന്ന മരുമകളുടെ മുമ്പിൽ കാപ്പിയുമായി അമ്മായി അമ്മ നിൽക്കുന്നു. കാപ്പി രുചിച്ച് നോക്കിയതിന് ശേഷം മരുമകൾ ഉവാച: കുറച്ച് കൂടി പാൽ ചേർക്കണം തള്ളേ! കാപ്പിയിൽ...രൂപാ പതിനഞ്ച് ലക്ഷമാ അഛൻ എണ്ണി തന്നത് 100 പവൻ സ്വർണവും.....പിന്നെന്താ കുറച്ച് കൂടി പാല് ... കാപ്പിയിൽ....മോളേ ദിനേശീ......
വക്കീലേ! തയാറായിരുന്നോ, ഒരു കുടുംബ കോടതി കേസ് ഉറപ്പ്....
"കഷ്ട്ടം!“ വാങ്ങുന്നതോ ; അതോ കൊടുക്കുന്നതോ ? കണക്ക് പറഞ്ഞ് ‘മേടിച്ച്“ കെട്ടുന്നതോ ? കെട്ടിയിട്ട് ചുരണ്ടുന്നതും ചുരണ്ടിയിട്ട് കെട്ടുന്നതും സർവ്വസാധാരണം. എങ്കിലും,എഴുത്ത് തുടരട്ടെ................ ആശംസകൾ................
ReplyDelete" നിങ്ങളുടെ മക്കൾ രാവിലെ കക്കൂസിൽ പോകുമ്പോൾ സ്വർണമാണോ വിസർജ്ജിക്കുന്നത്.....രണ്ട് പേരുടെയും മക്കളുടെ സ്ത്രീധന നിലവാരം കേട്ടപ്പോൾ ചോദിച്ച് പോയതാണേ....ക്ഷമിക്കണേ....."
ReplyDeleteഇങ്ങനെ ചോദിയ്ക്കാൻ തോന്നിയ താങ്കൾക്കു അഭിനന്ദനങ്ങൾ....!!
പലതും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ചിലയിടങ്ങളില്‍ പ്രതികരിക്കാന്‍ തോന്നും. താങ്കള്‍ അത് ധൈര്യപൂര്‍വ്വം ചെയ്തു..
ReplyDeleteതുടരുക..
ha ha sathyam
ReplyDelete