Saturday, January 25, 2020

ഉമ്മ എന്നെ ഒന്ന് കുളിപ്പിച്ചിരുന്നു എങ്കിൽ

 
  ചിത്രത്തിലുള്ളത്  എന്റെ ഉമ്മയും ഭാഗികമായി മാത്രം കാഴ്ച ശക്തിയുള്ള   അനുജനുമാണ്.
ഉമ്മ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നേക്ക് 16 വർഷം കഴിയുന്നു. ആ വേർപാട് ഇന്നലെ നടന്നത് പോലെയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.
 മകര മാസത്തിലെ  ശോഭയാർന്ന ഏതോ ഒരു സായാഹ്നത്തിൽ ഏഴ്  വയസ്സുകാരനായ എന്നെ ഉമ്മ കുളിപ്പിക്കുകയാണ്. അടുത്തുള്ള “അക്കായുടെ കുളം“ എന്ന് ഞങ്ങൾ ആലപ്പുഴ വട്ടപ്പള്ളിക്കാർ വിളിക്കുന്ന കുളത്തിലെ  തെങ്ങും തടികൾ മുറിച്ച് പടി കെട്ടിയ പടവുകൾ ആയാസപ്പെട്ട് കയറി വെള്ളം കുടത്തിൽ ചുമന്ന് കൊണ്ട് വന്ന്  വലിയ ഒരു കൊന്നത്തെങ്ങിന്റെ തടത്തിൽ വെച്ചിരിക്കുന്ന അലൂമിനിയം ചരുവത്തിലൊഴിച്ചാണ് എന്നെ  ഉമ്മ കുളിപ്പിക്കുന്നത്.  ശരീരത്തിൽ വെള്ളമൊഴിക്കുമ്പോൾ  തുള്ളി ചാടുന്ന,  അടങ്ങി നിൽക്കാത്ത എന്നെ  വഴക്ക് പറയുകയും നഗ്നനായ എന്റെ ചന്തിയിൽ  ചിലപ്പോൾ രണ്ട് പെട തന്നുമാണ് ഉമ്മ ആ കർമ്മം ചെയ്ത് കൊണ്ടിരുന്നത്. ആദ്യമായി റെക്സോണ സോപ്പ്  ഉപയോഗിച്ചത് അന്നാണെന്നാണ് എന്റെ ഓർമ്മ. കാരണം  ഇപ്പോഴും റെക്സോണാ സോപ്പിന്റെ മണം അനുഭവിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് ആ കുളി സീനാണല്ലോ.
 ചെറിയ കാറ്റ് അടിച്ച് കൊണ്ടിരുന്ന ആ സായാഹ്നത്തിൽ പോക്ക് വെയിലിന്റെ സ്വർണ ശോഭ  തെങ്ങോലകളെ  ചെമ്പ് നിറമാക്കിയിരുന്നു.
വളർന്ന് വലുതായതിന് ശേഷം പലപ്പോഴും  ആലപ്പുഴയിൽ വരുമ്പോൾ  ഞാൻ ആ സ്ഥലത്ത് പോകും, ആ തെങ്ങ് കാണാൻ, ആ കുളം കാണാൻ. ഇല്ലാ‍ാ...എല്ലാം കാലത്തിന്റെ കറക്കത്തിൽ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. 16 വർഷത്തിന് മുമ്പ് ഉമ്മായും ഈ ദിവസം  അക്കരക്ക് പോയി.  ഞാനെന്നെങ്കിലും അവിടെ ചെല്ലുമ്പോൾ എനിക്ക് ഇഷ്ടമുള്ള ആഹാരം തയാറാക്കി തരാൻ നേരത്തെ അവർ പോയതാവാം.
കൊല്ലം റെയിൽ വേ കോടതിയിൽ ജോലിയിലിരിക്കവേ പുനലൂർ ക്യാമ്പ് സിറ്റിംഗിന് പോയിരുന്ന  എനിക്ക് ഒരു ഉൾവിളി ഉണ്ടായി.  ഉമ്മായെ കാണണം. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലായിരുന്ന അവരെ കണ്ട്    തിരിച്ച് വന്നതായിരുന്നല്ലോ ഞാൻ. എങ്കിലും ആ ഉൾവിളി കേട്ടപ്പോൾ ഒട്ടും താമസിച്ചില്ല, എങ്ങിനെയോ കൊല്ലത്തെത്തി അവിടെ നിന്ന് ട്രൈനിൽ ആലപ്പുഴ ആശുപത്രിയിലെത്തിയപ്പോൾ ഉമ്മ ഊർദ്ധൻ  വലിക്കുന്നു, ആരോ പറഞ്ഞു, “ദേ ശരീഫ് വന്നു“  ശ്വാസം കിട്ടാനായി കഷ്ടപ്പെട്ട് പിടയുന്ന ആ സമയത്തും  ഞാൻ വന്നുവെന്ന് കേട്ടപ്പോൾ ആ മുഖത്തുണ്ടായ  പ്രകാശവും  സന്തോഷവും ഒരിക്കലും മറക്കാൻ കഴിയുന്നില്ല. എല്ലാം കഴിഞ്ഞു അൽപ്പ നിമിഷങ്ങൾക്ക് ശേഷം ആൾ പോയി. യാത്ര പോകുന്നതിന് മുമ്പ് എന്നെ കാണാനുള്ള ആഗ്രഹമായിരിക്കാം ഉൾ വിളിയായി എനിക്കനുഭവപ്പെട്ടത്. ആലപ്പുഴ പടിഞ്ഞാറേ ജമാത്ത് പള്ളിയുടെ പഞ്ചാര മണൽ പോലെ കിടക്കുന്ന പറമ്പിൽ അവരെ കബറടക്കി. കുറച്ച് മാറി വാപ്പായെ മറമാടിയ സ്ഥലമാണ്. രണ്ട് പേരും നിത്യ നിദ്രയിലാണെങ്കിലും  ആ ഉറക്കത്തിലും അവർ മക്കളുടെ നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവാം. ജീവിച്ചിരുന്നപ്പോൾ അവർ എപ്പോഴും  അതാണല്ലോ ചെയ്തു കൊണ്ടിരുന്നത്.
മകര മാസത്തിലെ  മഞ്ഞ വെയിലിൽ തെങ്ങോലകൾ കാറ്റിൽ തലയാട്ടി  നിൽക്കുമ്പോൾ ഏഴു വയസ്സിലെ ആ കുളിയും ഉമ്മായും മനസ്സിലേക്ക് ഓടിയെത്തുന്നു, എന്റെ ഉമ്മ ഉണ്ടായിരുന്നെങ്കിൽ  എന്നെ പിടിച്ച് നിർത്തി കുളിപ്പിച്ചിരുന്നെങ്കിൽ രണ്ട് വഴക്ക് പറഞ്ഞിരുന്നെങ്കിൽ. .ഇപ്പോൾ ഈ പ്രായത്തിലും അങ്ങിനെ .അതിയായി ആഗ്രഹിച്ച് പോകുന്നു.....കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ലല്ലോ....

Friday, January 24, 2020

കീഴാളൻ----പെരുമാൾ മുരുകൻ

തമിഴ് നാടിലൂടെ സഞ്ചരിക്കുമ്പോൾ  വിശാലമായ മൈതാനങ്ങളും അതിൽ സഞ്ചരിക്കുന്ന ആട്ടിൻ കൂട്ടങ്ങളും  അതിനെ മേയ്ക്കുന്ന കൗപീനധാരി കളായ അല്ലെങ്കിൽ തോർത്ത് മാതം  ധരിച്ച കാലി പിള്ളാരെയും പലപ്പോഴും കാണാറുണ്ട്. അവർ മനുഷ്യരാണെന്നും  അവർക്കും ഒരു ജീവിതമുണ്ടെന്നും  എല്ലാവിധ വിചാര വികാരങ്ങൾ നമ്മെ പോലെ അവർക്കുമുണ്ടെന്നും ഉള്ള തിരിച്ചറിവ് നമ്മളിലേക്ക്   ഒഴുക്കി തരുന്ന  നോവലാണ് തമിഴ് സാഹിത്യകാരനായ പെരുമാൾ മുരുകന്റെ കീഴാളൻ എന്ന  പുസ്തകം. അദ്ദേഹത്തിന്റെ കൃതികൾ തമിഴ് സാഹിത്യത്തിൽ ഉണ്ടാക്കിയ  വിപ്ളവങ്ങൾ  നമുക്ക് സുപരിചിതമാണ്. സവർണരുടെ പടയൊരുക്കത്തിൽ  വലിയ കലഹങ്ങളാണ്  തമിഴ് ലോകത്തിലുണ്ടായത്.
ഈ പുസ്തകത്തിൽ  ഗൗണ്ടർമാരുടെ കൃഷി ഇടങ്ങളിൽ  രാപകലെന്നില്ലാതെ മാടുകളെ പോലെ പണീ എടുക്കുകയും അവരുടെ  ആട് മാടുകളെ തീറ്റി പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ  ദുരിതം നിറഞ്ഞ ജീവിതം  വരച്ചിടുന്നു പെരുമാൾ മുരുകൻ.   കന്നുകാലികൾക്ക് മീതെ മനുഷ്യന് താഴെ അതാണ് നോവലിൽ ചക്കിലിയന്റെ  ജീവിതം. ഗൗണ്ടറുടെ ആട്ടും തുപ്പും തൊഴിയും ഏറ്റ് വാങ്ങി ചൂഷകരായ യജമാനന്മാരുടെ അടിമത്വം സാമ്പത്തിക ബാദ്ധ്യതയാൽ തലയിലേറ്റ് വാങ്ങി  കൊച്ച് കുട്ടികളെ പോലും  കന്ന് കാലികളെ    പോലെ വേലക്ക് വിടുന്ന ചക്കിലിയന്മാർ. അവരും ഈ ലോകത്തിൽ നമ്മോടൊപ്പം ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ് നോവൽ നമുക്ക് തരുന്നുണ്ടല്ലോ.
നോവലിലെ നായകനായ കുലയ്യന്റെ ഓരോ ചിന്താ ധാരകളും യാതനകളും രണ്ട് തേങ്ങാ വിശപ്പിനാൽ കട്ടെടുത്തത് കണ്ട് പിടിക്കപ്പെട്ടപ്പോൾ ഗൗണ്ടർ കൊടുത്ത ശിക്ഷയും അവസാന പേജിലെ ദുരന്തവും  മനസ്സിനെ വല്ലാതെ ഉലച്ചു.
രംഗാവിഷ്കരണം  അപാരമെന്നേ   പറയേണ്ടൂ. ഓരോ ചെറിയ ജീവിയുടെ ചലനം പോലും എടുത്ത് കാട്ടി നമ്മെ ആ  ഭൂമിയിൽ നിരീക്ഷകനായി നിർത്താൻ തക്ക വിധം കഴിവുറ്റതാണ് പെരുമാൾ മുരുകന്റെ തൂലിക.
പ്രകൃതി ഭംഗി ആവിഷ്കരിക്കുന്നിടങ്ങളിൽ  രാത്രിയുടെ അതും നിലാവ് നിറഞ്ഞ രാത്രികളുടെ വർണന വായന കഴിഞ്ഞാലും ആ രാത്രികൾ നമ്മിൽ  നിറഞ്ഞ് നിൽക്കാൻ ഇടയാക്കും.
“അവൻ ആകാശത്തേക്ക് നോക്കി. ചന്ദ്രന്റെ പ്രകാശ വലയത്തോട് തൊട്ടുരുമ്മി കൊണ്ട് ഏതാനും മേഘങ്ങൾ  അവിടെയുണ്ട്. എല്ലാത്തിനെയും തൊടുന്ന ചന്ദ്രന്റെ തണുത്ത പ്രകാശത്തെ ശല്യപ്പെടുത്താൻ ധൈര്യമില്ലാതെ ആ മേഘങ്ങൾ ഗൂഡമായി നീങ്ങുകയാണ്. ഉയരമുള്ള  പനകളുടെ ഇലകൾ ലോഹ നിറത്തിൽ തിളങ്ങുന്നു.....“ പേജ് 128. ഇതേ പോലെ ധാരാളം രാത്രി വർണനകൾ   പുസ്തകത്തിൽ  ഉണ്ട്.
മലയാള തർജ്ജിമ  കുറച്ച് കൂടി  മെച്ചമാക്കാമായിരുന്നു. മലയാളത്തിൽ ചക്കിലിയന്മാരുടെ സംഭാഷണം ഭാഷാന്തരപ്പെടുത്തിയപ്പോൾ  അതിൽ പദാനുപദ തർജ്ജിമയെക്കാളും അൽപ്പം നീട്ടുകയും കുറുക്കുകയും  ചെയ്യുന്ന പ്രയോഗം അൽപ്പം കൂട്ടി ചേത്തിരുന്നുവെങ്കിൽ അത് അധികപറ്റാവില്ലായിരുന്നു. അതേ പോലെ ചില വാക്കുകൾ  അതേ പടി പ്രയോഗിച്ചിരുന്നുവെങ്കിൽ ഒന്നുകൂടെ ഫലവത്തായേനെ. ഉദാഹരണത്തിന് സിനിമയിലെ പാട്ട്. “ഉറങ്ങാതെ അനിയാ ഉറങ്ങാതെ“  എന്ന് തർജ്ജുമ. പകരം “തൂങ്കാതെ തമ്പി തൂങ്കാതെ എന്ന്  അസൽ പ്രയോഗമായിരുന്നെങ്കിൽ വായനക്കാരന്  ആ പാട്ടിന്റെ ശരിക്കുമുള്ള അനുഭൂതി ലഭ്യമായേനെ. കാരണം മിക്ക തമിഴ് പാട്ടുകളും മലയാളിക്ക് സുപരിചിതമാണല്ലോ.
287 പേജിൽ ഡിസി. പ്രസിദ്ധീകരണമായി കീഴാളൻ  നമുക്ക് 280 രൂപക്ക് ലഭ്യമാകുമ്പോൾ  കൊടുക്കുന്ന പൈസാ മുതലാകുന്ന പുസ്തകം തന്നെയാണിത് എന്ന് ധൈര്യമായി പറയാം.

Wednesday, January 22, 2020

ഓപ്പറേഷൻ കുബേരാ.....

കൊള്ള പലിശ വാങ്ങി ജനങ്ങളെ കഷ്ടത്തിലാക്കുന്ന  പണമിടപാടുകാർക്കെതിരെ നടപടികളെടുത്ത് അവരെ തകർക്കാൻ സർക്കാർ എടുത്ത ദ്രുത കർമ്മ പദ്ധതിയായിരുന്നു, ഓപ്പറേഷൻ കുബേര.
സംഗതി  കലക്കി. പലരും  അകത്തായി.  പലരും പലിശ വെട്ടിക്കുറച്ച് ഇടപാട്കൾ തീർക്കാൻ സന്നദ്ധരായി. ബ്ളാങ്ക് ചെക്കും പ്രോ നോട്ടും വാങ്ങി വെച്ച് ജനങ്ങളെ  ചൂഷണം ചെയ്തിരുന്ന പലരും വല്ലാതെ ഭയപ്പെട്ട് നെട്ടോട്ടം ഓടിയെന്നത് തികച്ചും സത്യം.
എന്നാൽ ഒരു നിയമത്തെയും ഭയക്കാതെ ഒരു കുലുക്കവും  ഇല്ലാതെ  കടക്കാരോട് ഒരു ദാക്ഷണ്യവും ഇല്ലാത്ത ഒരു സ്ഥാപനം  നില നിന്നു. അവർ കടക്കാരോട് ഒരു  ദാക്ഷണ്യവും കാണിച്ചില്ല, ഇപ്പോഴും കാണിക്കുന്നില്ല. തവണകൾക്ക് വീഴ്ച പറ്റിയാൽ  ഈട് വെച്ച വസ്തു   കൈ വിട്ട് പോകുമെന്നതാണ് അവരുമായുള്ള ഇടപാടിന്റെ  പ്രത്യേകത. ബാങ്ക്കാരെ പോലും സമരമോ ആത്മഹത്യാ ഭീഷണിയോ മുഴക്കി ജപ്തിയെയും കുടി ഇറക്കിനെയും  നേരിടാൻ കഴിയും.  പക്ഷേ ഈ സ്ഥാപനത്തിന് എതിരായി ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം അതിന്റെ ഉടമസ്തൻ സർക്കാർ തന്നെ. കേരളാ  ഫൈനാൻഷ്യൽ എന്റർ പ്രൈസ്.
കൈ പറ്റിയ ചിട്ടിയുടെ ഏതെങ്കിലും തവണ കുടിശിഖ വരുത്തിയാൽ  അറുത്ത് മുറിക്കുന്ന പലിശ സഹിതം അവർ ഈടാക്കും. മറ്റ് ചിട്ടി സ്ഥാപനങ്ങളോ  ബാങ്കോ  അൽപ്പസ്വൽപ്പം ഇളവുകൾ  തരും പലിശ കുറച്ച് തരും, പക്ഷേ സർക്കാർ  വക ചിട്ടികൾക്ക്  ആ കാര്യത്തിൽ ഒരു ദയവുമില്ല. ഇളവും വിട്ട് വീഴ്ചയും കാണീച്ചാൽ സ്ഥാപനം തകർന്ന് പോകും എന്നാണ്  ഭാഷ്യമെങ്കിൽ ഇത് തന്നെയല്ലേ സ്വകാര്യ സ്ഥാപനങ്ങൾക്കും സംഭവിക്കുന്നത് എന്ന ചോദ്യം നമുക്ക് ഉന്നയിക്കാം  അദാലത്തിലും ഒറ്റ തവണ തീർപ്പിലും സ്വകാര്യ പണമിടപാടുകാർ എത്രയോ വിട്ട് വീഴ്ചകൾ   കാണിച്ചിട്ടും അവർ തകരുന്നില്ലല്ലോ ഇപ്പോഴും നില നിൽക്കുന്നല്ലോ എന്നും ചൂണ്ടി കാണിക്കാം.
തൃപ്തികരമായി  അൻപത് വർഷം പൂർത്തിയാക്കിയ  സന്തോഷത്തിലാണ് സർക്കാർ വിലാസം ചിട്ടി. പക്ഷേ ഓപ്പറേഷൻ കുബേരാ, ഉപയോഗിക്കേണ്ടത് ആദ്യം അവർക്ക് നേരെയാണെന്നുള്ളതാണ് കൗതുകകരം.

Sunday, January 19, 2020

പ്രതി പൂവൻ കോഴി...ഒരു ആസ്വാദനം.

കെട്ടിഘോഷിക്കുന്ന  തരത്തിൽ ഒന്നുമില്ലാത്ത ഒരു ചെറു നോവൽ. ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു. നോവൽ അത്രത്തോളം ആസ്വാദ്യകരമായത് കൊണ്ടല്ല, ആകെ കൂടി 85 പേജേ ഉള്ളൂ. പിന്നത്തേക്ക് വെക്കാതെ അതങ്ങ് വായിച്ചു തീർത്തേക്കാമെന്ന് കരുതി.
ഒരു ചെറുകഥ എഴുത്ത്കാരൻ ആദ്യമായി നോവൽ എഴുതുമ്പോഴുള്ള എല്ലാ അസ്കിതകളും   ഉണ്ണി. ആർ. ന്റെ ഈ ചെറു നോവലിൽ ഉണ്ട്. പല ഇടങ്ങളിലും ആശയം അവ്യക്തതയിൽ കലാശിക്കുന്നു, അഥവാ വായനക്കാരൻ അവന്റെ ഹിതാനുസരണം   അർത്ഥം പൂർണമാക്കി കൊള്ളണമെന്ന  ചെറുകഥാ എഴുത്തുകാരന്റെ രീതി.
“മതവും ജാതിയും രാഷ്ട്രീയവും മാധ്യമങ്ങളും  മനുഷ്യ സ്വാതന്ത്രിയങ്ങളെ  ചവിട്ടി താഴ്ത്തുമ്പോൾ ഉണ്ണിയുടെ പൂവൻ കോഴി നമ്മെ പിടിച്ചിരുത്തി വായിച്ച് കൊണ്ട്  നമുക്കെല്ലാം വേണ്ടി  ഒരു പുതിയ സ്വാതന്ത്രിയം പ്രഖ്യാപിക്കുന്നു“ എന്ന് സക്കരിയായുടെ അഭിപ്രായവും ഇതിലുണ്ട്. സാഹിത്യ കുലപതിയുടെ പട്ടം കിട്ടിയ അദ്ദേഹത്തിന്റെ അഭിപ്രായം നമ്മൾ അങ്ങ് വിഴുങ്ങുക, എന്നിട്ട് ഈ നോവലിൽ അതെല്ലാം ഉണ്ടെന്ന് അങ്ങ് കരുതിയേക്കുക, ഒരു വായനക്കാരന് മറ്റെന്താണ് ചെയ്യാൻ കഴിയുക.
ഒരു ചെറുകഥാകൃത്തിന്റെ എല്ലാ രചനാ വൈഭവവും ഈ പുസ്തകത്തിലുണ്ട്. പാത്ര നിർമ്മിതിയും രംഗസജ്ജീകരണവുമെല്ലാമെല്ലാം. പക്ഷേ അത് ഒരു നോവലിലേക്ക് മാറ്റപ്പെടുമ്പോൾ  ശീലിച്ച് വന്ന ചില  രുചികളുണ്ട്. അത് ഈ യുള്ളവന്റെ നാക്കിന് പിടിക്കാത്തത് കൊണ്ടായിരിക്കാം ഇങ്ങിനെയൊക്കെ തോന്നുന്നത്. വായിച്ച് കഴിഞ്ഞ നിങ്ങൾക്ക് എന്ത് തോന്നിയോ ആവോ?

Saturday, January 18, 2020

കോൺഗ്രസ്സിന്റെ അപചയം

സ്വാതന്ത്രിയാനന്തരം  1976 വരെ  ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസ്സായിരുന്നു. അതിന് ശേഷം  അൽപ്പ കാലമൊഴികെ 2014 വരെ പല അവസരത്തിലും  അധികാരത്തിൽ കോൺഗ്രസ്സിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. 1947 മുതൽ 1976 വരെയുള്ള കാലഘട്ടത്തിന് ഒരു പ്രത്യേകത ഉണ്ട്. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തിന് ശേഷം  പാക്കിസ്ഥാന്റെ  കൈവശം കിട്ടിയ സ്ഥലത്ത് നിന്ന് ലക്ഷങ്ങൾ  ഭാരതത്തിലേക്ക് ഒഴുകി. ഇവിടെ നിന്നും അങ്ങോട്ടും  ലക്ഷങ്ങൾ പലായനം ചെയ്തു. ഭാരതത്തിലേക്ക് ഒഴുകിയെത്തിയ ജന ലക്ഷങ്ങൾ ഭൂരിപക്ഷവും  ഉത്തരേന്ത്യയിൽ വ്യാപിച്ചു താമസമുറപ്പിക്കാൻ തുടങ്ങി. ഇന്ത്യ റിപ്പബ്ളിക്കായതിന് ശേഷമുണ്ടായ പൊതു തെരഞ്ഞെടുപ്പുകളിൽ ഈ ജനം വോട്ട് ചെയ്തു. പലായനം ചെയ്തു ഒടിയെത്തിയ ഈ ജനം അനുഭവിച്ച  കൊടിയ ദുരിതങ്ങൾ  വിവരണാതീതമാണ്. എല്ലാം ഇട്ടെറിയാൻ ഇട വരുകയും അതിയായ ദുരന്തങ്ങൾക്ക് സാക്ഷിയാവുകയും ചെയ്തിട്ടും ദുരന്തങ്ങൾ മനസ്സിൽ  മായാതെ കിടന്നിട്ടും   തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിലെ ജനം കോൺഗ്രസ്സിനെയാണ്  അധികാരത്തിലെത്തിച്ചത് എന്നത് ചരിത്ര സത്യമാണ്. അവർ ഗാന്ധിജിയെ ഇഷ്ടപ്പെട്ടു. ജവഹർലാൽ നെഹുറുവിനെ ഇഷ്ടപ്പെട്ടു. മൗലാനാ അബ്ദുൽ കലാം ആസാദിനെ ഇഷ്ടപ്പെട്ടു. സർദാർ വല്ലഭഭായി പട്ടേലിനെയും ഇഷ്ടപ്പെട്ടു. അത് പോലെ അനേകം അനേകം കോൺഗ്രസ്സ് നേതാക്കളെയും.  കാരണം അവരുടെയെല്ലാം ജീവിതം  തുറന്ന പുസ്തകമായിരുന്നു. രാജേന്ദ്ര പ്രസാദ്, സർവേപ്പള്ളി രാധാക്രിഷ്ണൻ, സക്കീർ ഹുസ്സൈൻ, തുടങ്ങിയവർ  ഇന്ത്യൻ രാഷ്ട്രപതികളാവുകയും ചെയ്തു. അപ്പോഴൊന്നും എത്രത്തോളം അനുകൂല സാഹചര്യമുണ്ടായിട്ടും ഹിന്ദുത്വ  കക്ഷികൾ  അധികാരത്തിന്റെ അയലത്തൊന്നും എത്തിചേർന്നില്ല. കാരണം ജനം കോൺഗ്രസ്സിനെയും അതിനെ നയിക്കുന്നവരെയും  അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു, വിശ്വസിച്ചിരുന്നു. കോൺഗ്രസ്സിന്റെ നേതാക്കൾ  അധികാരം കൊതിക്കാത്തവരും നിസ്വാർത്ഥരും  ജനസേവകരും ആയിരുന്നല്ലോ. പിൽ കാലത്ത് കാമരാജ് നാടാർ  നേതാക്കൾ  സ്ഥാനങ്ങൾ രാജിവെച്ച് ജന സേവനത്തിന് ഇറങ്ങണം എന്ന് പറഞ്ഞപ്പോൾ  ഒരു മടിയും കൂടാതെ സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞവർ ആയിരുന്നു കോൺഗ്രസ്സ് നേതാക്കൾ
.
ഇപ്പോൾ 2020ൽ എടുത്താൽ പൊങ്ങാത്ത ജംബോ ലിസ്റ്റുമായി  മൂത്ത നേതാക്കൾ പോയിരിക്കുന്നു ഹൈക്കമാന്റിനെ തേടി. തമ്മിലടിക്കാതിരിക്കാൻ  എല്ലാത്തിനെയും നേതാവാക്കണം. എല്ലാവരും ദിവാസ്വപ്നത്തിലാണല്ലോ അടുത്ത അഞ്ച് വർഷം നമുക്കാണല്ലോ ഭരണം. അപ്പോൾ ഒരു മുഴം നീട്ടിയെറിഞ്ഞ് നേതാവായേ പറ്റൂ. അവർക്ക് നാടിനെ ഭീഷണിയിലാക്കുന്ന ഒരു പ്രശ്നത്തിലും താല്പര്യമില്ല. ജംബോ ലിസ്റ്റ് !!അത് പാസ്സാക്കി കഴിഞ്ഞേ എന്തിനുമുള്ളൂ.
വിഭജന കാലത്തെ ജനത്തിന്റെ വോട്ടു പോലും കിട്ടാത്തവർക്ക് ആ ദുരന്ത സ്മരണകൾ കഴിഞ്ഞ് രണ്ട് മൂന്ന് തലമുറ കഴിഞ്ഞതിന് ശേഷം അധികാരത്തിൽ എത്താൻ കഴിഞ്ഞെങ്കിൽ അതിന് കാരണം നിങ്ങൾ തന്നെ കോൺഗ്രസ്സേ!