Wednesday, July 31, 2019

നഷ്ട പ്രണയ സ്മരണ

മുഗ്ദ രാഗമെൻ ജീവനേകിയ മുത്തുമാലയുമായിതാ,  എത്രമാത്രം കൊതിപ്പൂ ഞാനതിൽ ഒട്ടി ഒട്ടി പിടിക്കുവാൻ..
പ്രാണനായകാ! താവക  പ്രേമ പ്രാർത്ഥിനി ആയിരിപ്പൂ ഞാൻ.......
 കഴിഞ്ഞ  ദിവസം തിരുവനന്തപുരത്ത്  തമ്പാനൂർ ബസ് സ്റ്റാന്റിന്റെ മുൻ വശം നിൽക്കുമ്പോൾ  മുകളിൽ കാണിച്ച വരികൾ  മനസിലേക്ക് ശക്തിയായി ഇടിച്ച് കയറി വന്നു. അതിന് കാരണക്കാരി  എന്റെ തൊട്ട് മുമ്പിൽ നിൽക്കുന്നു. അവളെ ഞാൻ തിരിച്ചറിഞ്ഞു, അസാധാരണമായ നീളമുള്ള മുടിയായിരുന്നു അടയാളം. അതിലിപ്പോൾ അങ്ങിങ്ങ് നര കയറി പറ്റിയിരിക്കുന്നു.
ഞാൻ അടുത്ത് ചെന്ന് പേര് വിളിച്ചു.  ആളെ തിരിച്ചറിയാതെ  പകച്ച കണ്ണൂകൾ കൊണ്ട് അവൾ എന്നെ ഒന്നുഴിഞ്ഞു.   തിരിച്ചറിയാതിരിക്കാൻ തക്കവിധം  കുന്നു പോലെ  എന്റെ തലയുടെ മുൻ വശമുണ്ടായിരുന്ന മുടി മുഴുവൻ പോയിരുന്നല്ലോ. അടുത്ത നിമിഷം  ഗതകാലത്തിൽ നിന്നും അവൾ എന്നെ കണ്ടെത്തി.
മെട്രിക്കുലേഷൻ സെപ്റ്റമ്പർ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിനിടയിലായിരുന്നു അവളുമായുള്ള അൽപ്പ കാല പരിചയപ്പെടൽ. ആലപ്പുഴ തുമ്പോളി സ്വദേശിനിയാണ്. കൂടെയുണ്ടായിരുന്ന കൂട്ടുകാർ എന്റെ  സാഹിത്യവാസനയെ പറ്റി അവളോടും സഖികളോടും കഥിച്ചു.
ഞങ്ങളുടെ കൂട്ടത്തിലുമുണ്ട് ഒരു കലാ കൊലപാതകി എന്ന് അവരെല്ലാം കൂടി  അവളെ കാണീച്ചു  പരിചയപ്പെടുത്തി. അന്ന് സ്കൂൾ കയ്യെഴുത്ത് മാസികകളുടെ പുഷ്കര കാലമായിരുന്നല്ലോ.
അൽപ്പകാല സൗഹൃദത്തിന്റെ  ബലത്തിൽ അവസാന പരീക്ഷയുടെ  അന്ന് രാവിലെ ചങ്ങമ്പുഴയുടെ രമണൻ  എനിക്ക് തന്ന് വായിച്ചിട്ട് തിരികെ തരണേ എന്ന്  സാഹിത്യകാരി  പറഞ്ഞു, കൂട്ടത്തിൽ “അതിൽ ചുവന്ന വരി അടയാളപ്പെടുത്തിയതിന്റെ മറുപടിയും തരണേ!“ എന്നു പതുക്കെയും  മൊഴിഞ്ഞു. അന്ന് മനസിലുള്ളത് മറ്റുള്ളവരിലേക്ക് പകർന്ന് നൽകുന്നത് ഈ മാതൃകയിലായിരുന്നു ചിലപ്പോൾ സിനിമാ ഗാനത്തിന്റെ ഈരടികൾ ഉച്ചത്തിൽ മൂളും,അതായത് “അന്ന് നിന്നെ കണ്ടതിൽ പിന്നെ...എന്ന മട്ടിൽ. അവസാനത്തെ പ്രയോഗമായിരുന്നു കത്തെഴുത്ത്.

ഞാൻ പുസ്തകം തുറന്ന് നോക്കിയപ്പോൾ കണ്ട ചുവന്ന മഷി കൊണ്ട് അടിവരയിട്ട  വരികളാണ് ഈ കുറിപ്പിന്റെ ആദ്യം കാണിച്ചിരിക്കുന്നത്.
ഒട്ടും മടിച്ചില്ല, ചങ്ങമ്പുഴയുടെ തന്നെ രണ്ട് വരികൾ ചുവന്ന അടിവരയിട്ട് ഞാൻ  വൈകുന്നേരം  കൊടുത്തു.
“ചപല വ്യാമോഹങ്ങൾ ആനയിക്കും ചതിയിൽ പെടാൻ ഞാൻ ഒരുക്കമല്ല...“
പുസ്തകം തുറന്ന് വായിച്ച പെണ്ണിന്റെ മുഖം കറുത്തു. സൈക്കിളിൽ നിന്നും വീണിട്ട് എഴുന്നേറ്റ് വരുന്നവന്റെ ഇളിഞ്ഞ ചിരിയുമായി ഞാൻ നിന്നു.

പരീക്ഷ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. പലപ്പോഴായി പലയിടങ്ങളിലായി  അവളെ ഞാൻ വീണ്ടും കണ്ടു. കാണുമ്പോൾ ശോകാകുലയായി ദുഖപുത്രിയുടെ നോട്ടവുമെറിഞ്ഞ് അവൾ മാറി പോകും. ജീവിതത്തിൽ ഏതെങ്കിലും കരയിലെത്തിച്ചേരാനുള്ള തത്രപ്പാടിൽ  എനിക്കിതൊന്നും ശ്രദ്ധിക്കാൻ സമയവുമില്ലായിരുന്നല്ലോ. മാത്രമല്ല മനസ്സിൽ ഒഴിവുമില്ലായിരുന്നു.

ഇപ്പോൾ ഈ സന്ധ്യാ നേരത്ത്  എന്നെ കണ്ടപ്പോൾ കഴിഞ്ഞ് പോയ കാലത്തിലെ  ആ നിമിഷങ്ങൾ ഓർമ്മിച്ചത് കൊണ്ടായിരിക്കാം ആ കണ്ണൂകൾ അൽപ്പം കൂമ്പിയത്. ഞാനും നിശ്ശബ്ദനായി നിന്നു.
പടിഞ്ഞാറൻ മാനം ചുവന്ന് തുടുത്തിരുന്നു. സന്ധ്യാരാഗം  ഞങ്ങളെ ചൂഴ്ന്ന് നിന്നു. നിരത്തിൽ വാഹനങ്ങളുടെ കുത്തൊഴുക്ക്.
 റോഡിൽ ഒരു ഇന്നോവാ കാർ കൊണ്ട് നിർത്തിയിട്ട് ഒരു യുവതി ഓടി വന്ന് “വാ! അമ്മേ, ഞങ്ങൾ ബ്ളോക്കിൽ പെട്ട് പോയി, അതാ തമസിച്ചത് എന്ന് പറഞ്ഞു. അവൾ പറഞ്ഞു, “ മകളാണ്“ എന്നിട്ട് ആ കുട്ടിയുടെ കൂടെ നടന്ന് പോയി. കാറിൽ കയറുന്നത് വരെ അവൾ എന്നെ തിരിഞ്ഞ് നോക്കിയില്ല.

നഗരത്തിന്റെ കുത്തൊഴുക്കിലേക്ക് അവളും കാറും പോയി മറഞ്ഞപ്പോൾ ഞാൻ കൊട്ടാരക്കര ബസ്സ് പിടിക്കാൻ സ്റ്റാന്റിനുള്ളിലേക്ക്  തത്രപ്പെട്ട് നടന്നു, വീട്ടിൽ എത്തിച്ചേരണം.  അവിടെ എന്നെ നോക്കി ഇരിക്കുന്നവർ ഉണ്ടല്ലോ. ഇപ്പോൾ മനസ്സിൽ  ആരാണ് മൂളിയത്.
ചലനം ചലനം ചലനം
 മാനവ ജീവിത പരിണാമത്തിൻ
മയൂര സന്ദേശം, ചലനം ചലനം ചലനം.

Tuesday, July 30, 2019

കവിയുടെ കാൽപ്പാടുകൾ.....

കവിയുടെ കാൽപ്പാടുകൾ. പി. കുഞ്ഞു രാമൻ നായരുടെ ആത്മകഥ.
1972ൽ പ്രസിദ്ധപ്പെടുത്തിയ  ഈ ആത്മകഥ തേടി  കേരളത്തിന്റെ  വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ വർഷങ്ങളോളം അലഞ്ഞതും  പിന്നീട് തിരുവനന്തപുരം പാളയത്ത് പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു വഴിയോരക്കടയിൽ നിന്നും അമൂല്യമായ ഈ പുസ്തകം കൈ വന്നതും മുമ്പ് ഞാനിവിടെ കുറിച്ചിരുന്നു.
വർഷങ്ങളോളം എങ്ങും കിട്ടാതിരുന്ന ഈ പുസ്തകം പിന്നീട്  ഡീസി. പ്രസിദ്ധീകരിച്ചു എന്നറിഞ്ഞ് ഉടൻ തന്നെ അത് വാങ്ങി വീണ്ടും വായന തുടങ്ങി. കവിയുടെ കാൽപ്പാടുകളോടൊപ്പം  “എന്നെ തിരയുന്ന ഞാനും“  “നിത്യ കന്യകയെ തേടി“ എന്നീ രണ്ട് പുസ്തകങ്ങളും കൂടി  ചേർത്ത് പി. കുഞ്ഞിരാമൻ നായരുടെ  മൂന്ന് ആത്മകഥകളും ഒറ്റ പുസ്തകമാക്കിയാണ് ഡീ.സി. ഈ തവണ പ്രസിദ്ധീകരിച്ചത്. പേജ് 710. വില 650 രൂപാ.
മുന്തിരിപ്പഴം  വായിലിട്ടാൽ  പെട്ടെന്ന് അലിഞ്ഞ് അതിന്റെ രുചി ആസ്വദിക്കാൻ കഴിയുമെങ്കിലും കൽക്കണ്ടം ആസ്വദിക്കണമെങ്കിൽ അത് വായിലിട്ട് കടിച്ച് പൊട്ടിച്ച്  കുറേ ശ്രമം നടത്തണം; പക്ഷേ ആ രുചി, ആ മധുരം  അത് വിവരണാതീതമാണ്. “കവിയുടെ കാൽപ്പാടുകൾ“ കൽക്കണ്ടമാണ്.

അയഞ്ഞ് തൂങ്ങിയ  ജൂബായുടെ  ഒരു കീശയിൽ കപ്പലണ്ടിയും മറ്റേ കീശയിൽ കൽക്കണ്ട തുണ്ടുകളും പേറി  മലയാള നാട്ടിൽ  ഒരു അവധൂതനെ പോലെ അലഞ്ഞ് തിരിഞ്ഞ ഈ മനുഷ്യന്റെ  ആത്മകഥ ഒരു നോവൽ വായിക്കുന്നത് പോലെ  ആസ്വദിക്കാൻ കഴിയും. കവിത എഴുതുന്ന ആൾ ഗദ്യം എഴുതിയാൽ എങ്ങിനെ ഇരിക്കുമോ  അതാണ് ഈ പുസ്തകം. എന്തൊരു സൗന്ദര്യം വാക്കുകൾക്ക്.
സ്വന്തം അനുഭവങ്ങളാണ് വിഷയം.  അതിത്രക്ക് സത്യസന്ധമായി എഴുതിയ വേറൊരാൾ  ഉണ്ടാകുമോ എന്ന് സംശയം തോന്നി പോകുന്നു.
ആത്മ കഥ എന്നതിലുപരി ആത്മ വിമർശം എന്ന് പറയുന്നതാണ് ശരി.
തന്റെ  സ്വകാര്യതയെ പച്ചക്ക് വിവരിക്കുക, സുന്ദരമായ ഭാഷയിൽ.

സംബന്ധം ചെയ്തിട്ടില്ല എല്ലാം അസംബന്ധങ്ങളായിരുന്നു എന്ന് കവി പറയുന്നു, അതിന്റെ എണ്ണവും പറയുന്നു  .അങ്ങിനെഉള്ള ഒരാൾക്ക് പറ്റുന്ന അമളി എത്ര തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് നോക്കൂ....

” രാത്രി വണ്ടിയിറങ്ങി മുല്ലക്കലെത്തി....
ടീച്ചർ മണത്തറിഞ്ഞു, അചു എഴുത്തഛനെ തുണ കൂട്ടി  മുല്ലക്കലെത്തി..അകലെ നിന്ന് ആ വരവ് കണ്ട  രാജലക്ഷ്മി പറഞ്ഞു, ...ടീച്ചർ വരുന്നു.
ഓടിയിറങ്ങി  പടിക്കൽ പാടത്തെ പഴം പിടിച്ച നെല്ലിൽ  ഒളിച്ചിരുന്നു.മണ്ണട്ടകൾ കൂവി. കവി  നെല്ലറയിൽ....കവി നെല്ലറയിൽ...
ടീച്ചർ വീട്ടിൽക്കയറിയതക്കം നോക്കി  ...മംഗലത്ത് വീട്ടിലെത്തി  തിണ്ണയിൽ വേഷ്ടി മൂടി പുതച്ച്  കിടന്ന് കൂർക്കം വലിച്ചു.....
എട്ട് മാസം വയറ്റിലുള്ള ടീച്ചർ.....മഞ്ഞക്കിളിയായി പാറിക്കളിക്കുന്ന രാജലക്ഷ്മി...
അവർ കീരിയും പാമ്പുമായി ഒരുച്ച നേരത്ത്  പാടത്ത് വെച്ച് കടുത്ത വാക്സമരം  നടന്നു.
ടീച്ചർ താക്കീത് ചെയ്തു.ഇനി മുല്ലക്കൽ പടി കയറുന്ന  ദിവസം..ഇവിടെക്കേറി വരുമ്പോൾ  അമ്മുക്കുട്ടി ടീച്ചറുടെ ശവം  കാണാം.
പിന്നീട് മുല്ലക്കൽ  പടി കണ്ടില്ല....“

ആളറിയാതെ കവിയെ പോലീസ്  പിടിച്ച് സ്റ്റേഷനിൽ കൊണ്ട് പോയ അനുഭവം എത്ര രസകരമായി വർണിച്ച്  അവസാനം സബ് ഇൻസ്പക്ടർ  ആളെ മനസിലായി കഴിഞ്ഞപ്പോൾ  കവി എഴുതിയ പുസ്തകം പാഠ പുസ്തകമായി  പഠിച്ചാണ് താൻ ജയിച്ചത് എന്ന് പറഞ്ഞത് കേട്ട്  കവിയുടെ സ്വഗതം ഇങ്ങിനെ

”ഈ നാട്ടിലെ എഴുത്ത്കാരന്റെ നഗ്ന ചിത്രം കണ്ടില്ലേ..പുസ്തകം പഠിച്ച് ഉദ്യോഗത്തിൽ കയറിയവൻ  അധികാരക്കസേരയിൽ ഞെളിഞ്ഞിരിക്കുന്നു, ആ പുസ്തകം എഴുതിയവൻ  പുറത്ത് പൊട്ടിയ വെട്ടു കല്ലില്പറ്റിയിരിക്കുന്നു....“

പുസ്തകത്തിലുടനീളം പ്രകൃതി വർണന തന്നെയാണ്,  അതാണല്ലോ കവിയുടെ സവിശേഷതയും. ഒരു ചെറിയ ഉദാഹരണം.
“ദൂരെ  മരങ്ങൾക്കിടയിൽ അമിട്ട് പൊട്ടിത്തെറിച്ച വൃശ്ചിക മാസ സന്ധ്യ, പറക്കുന്ന വെള്ള കൊറ്റികൾ..വെണ്മേഘങ്ങൾ....താഴെ പച്ച വയൽ...തുരുത്തിൽ പഴയന്നൂർ അന്നപൂർണേശ്വരീ ക്ഷേത്രദീപം.....“

വായിച്ച് കഴിയുമ്പോൾ  മനസ്സ് നിറയെ വിവരിക്കാനാവാത്ത വികാര വിചാരങ്ങൾ....
ഈ പുസ്തകം  അമൂല്യമാണ് തീർച്ച.....

Sunday, July 28, 2019

ഒരു രാത്രി യാത്ര

കൊട്ടാരക്കരയിൽ നിന്നും ആറ്റിങ്ങൽ പോകുന്നതിനായി  കഴിഞ്ഞ ദിവസം  ഓയൂർ, നാവായിക്കുളം  റോഡ് തെരഞ്ഞെടുത്ത്  കാറിൽ യാത്ര ചെയ്യുകയായിരുന്നു.  നാഷണൽ ഹൈ വേയിലെ നാവായിക്കുളത്ത് എത്തുന്നതിന് മുമ്പ്  നിരത്തിന്റെ ഇരു വശങ്ങളും ഞാൻ  കൗതുകത്തോടെ ശ്രദ്ധിച്ചു. ബഹു നില കെട്ടിടങ്ങൾ, കടകൾ എപ്പോഴും വാഹനം കടന്ന് പോകുന്ന നിരത്ത് തുടങ്ങിയവ ആ ഗ്രാമ പ്രദേശത്തെ  നഗരത്തിന്റെ രൂപത്തിലാക്കി തീർത്തിരിക്കുന്നു.  ഒരു കാലത്ത് ആ നിരത്തും അതിന്റെ ഇരുവശങ്ങളും  വൃക്ഷങ്ങളാലും ചെറിയ കാട്ട് പൊന്തകളാലും പടർന്ന് പന്തലിച്ച് നിന്നിരുന്ന   പറങ്കിമാവിൻ കൂട്ടങ്ങളാലും  തീർത്തും വിജനമായിരുന്നു.  കടന്ന് പോയ കാലത്തിന്റെ  ഒരു രാത്രിയിൽ      ആ സ്ഥലത്ത് വെച്ച് എനിക്കുണ്ടായ അമളിയുടെ സ്മരണ എന്നിലേക്ക് ഒഴുകിയെത്തി.
ഉപജീവനത്തിനായി  അന്ന് ഞാൻ ആ പ്രദേശത്തുള്ള ഞാറയിൽക്കോണം എന്ന  ഭാഗത്ത്  ഒരു ഡിസ്പൻസറിയിൽ ജോചെയ്യുകയായിരുന്നുവല്ലോ.കുടവൂരിൽ ബന്ധു വീട്ടിൽ താമസവും.
 ഏതോ ആവശ്യത്തിനായി  കൊല്ലത്ത് പോയി തിരികെ വരുമ്പോൾ രാത്രി ഏറെ ആയി. പാരിപ്പള്ളിയും നാവായിക്കുളവും മറ്റും അന്ന്  അക്രമങ്ങൾക്കും  പിടിച്ച് പറിക്കും കുപ്രസിദ്ധി  നേടിയിരുന്ന കാലമായിരുന്നത്. രാത്രി നാഷണൽ ഹൈ വേയിൽ ബസ്സിറങ്ങി ഇട റോഡിലേക്ക് തിരിഞ്ഞ്, ഞാറയിൽ കോണം, പള്ളീക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടന്ന് തന്നെ പോകണം, ബസ്സ് ഉൾപ്പടെ വാഹനങ്ങളൊന്നുമില്ല. രാത്രിയിൽ അന്ധകാരത്തിന്റെ മറവിൽ പലപ്പോഴും പലരും ആക്രമണങ്ങൾക്ക് ഇരയായി എന്ന കഥകൾ ധാരാളം കേട്ടിരുന്നു.
കൊല്ലത്ത് നിന്നും ഞാൻ ഒരു എവറഡി  രണ്ട് ബാറ്ററിയുടെ  ടോർച്ച് വാങ്ങിയിരുന്നു.കനത്ത ഇരുട്ടിൽ വെട്ടമില്ലാതെ ഒരടി മുന്നിലേക്ക് പോകാൻ ആവില്ലാ എന്ന് എനിക്കറിയാം.
നാവായിക്കുളത്ത് ബസ്സിറങ്ങി ടോർച്ചും മിന്നിച്ച് ഇട റോഡിലേക്ക് തിരിഞ്ഞ് നടപ്പ് തുടങ്ങി. ഇന്ന് മണിമാളികകൾ നിൽക്കുന്ന സ്ഥലങ്ങളിൽ  അന്ന് തഴച്ച് വളർന്ന് നിന്നിരുന്ന  പറങ്കിമാവിന്റെ നിഴലുകൾ  ഇരുട്ടിൽ  വല്ലാതെ ഭയം ജനിപ്പിച്ചു. അന്തരീക്ഷത്തിലെ മൂകത  ഈ രാത്രിയിൽ  വരേണ്ടിയിരുന്നില്ല എന്ന് വരെ എന്റെ ഉള്ളിൽ തോന്നിച്ചു. പരിസരം എങ്ങും നിശ്ശബ്ദത! ദൂരെ    വിദൂരതയിൽ നായ്ക്കളുടെ ഓരിയിടൽ. എന്റെ കാലടികളുടെ ശബ്ദം വരെ എന്നെ  ഭയപ്പെടുത്തിക്കൊണ്ടിരുന്നു. എന്റെ നടപ്പിന് വേഗമേറി. അപ്പോൾ എനിക്ക് തോന്നി എന്റെ പുറകിൽ ആരോ നടന്ന് വരുന്നു എന്ന്. ടോർച്ച് മിന്നിക്കാതെ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ  ദൂരെ ഇരുട്ടത്ത് ഒരു കറുത്ത രൂപം  എന്റെ സമീപത്തേക്ക് വരുന്നു. ഞാൻ വേഗം കൂട്ടിയപ്പോൾ രൂപവും വേഗം കൂട്ടി. ഞാൻ ഓടിയപ്പോൾ രൂപവും ഓടി. ഞാൻ  പതുക്കെ ആയപ്പോൾ രൂപവും പതുക്കെ ആയി. എന്നെ കൊന്ന് കയ്യിലുള്ളത് തട്ടി എടുക്കാൻ വരുന്ന അക്രമിയാണ് അതെന്ന സംശയം ബലപ്പെട്ടപ്പോൾ ആ  സംശയം യഥാർത്ഥമായി തന്നെ അനുഭവപ്പെട്ട് തുടങ്ങി. ഭയം അധികരിക്കുമ്പോൾ മനുഷ്യൻ രണ്ടും കൽപ്പിച്ച്  പെരുമാറും. ഞാനും അത് തന്നെ ചെയ്തു. രൂപത്തിന്റെ നേരെ പാഞ്ഞ് ചെന്ന് ടോർച്ച് മിന്നിച്ചു അലറി.
“അ..ഹാരെടാ...അദ്ദ്....“
   മുഷിഞ്ഞ വേഷം ധരിച്ച കറുത്ത് മദ്ധ്യവയസ്കനായ ഒരാൾ. അയാൾ  ഭവ്യതയോടെ പറഞ്ഞു.
“ഒരു പാവം കുറവനാണേ സാറേ...കല്ലമ്പലത്ത് ജോലിക്ക് പോയി മടങ്ങിയപ്പോൾ നേരമിരുട്ടി...അപ്പോളാ സാറ് ടോർച്ചും മിന്നിച്ച് ഇരുട്ടത്തൂടെ വരുന്നത് കണ്ടത്.. കൂട്ടത്തിൽ പുറകേ നടന്നാൽ വെട്ടം കണ്ട് ഇഴജന്തുക്കളെ പേടിക്കാതെ കൂരയിൽ പോയിപറ്റാമെന്ന് കരുതി..സാറ് ഞാറയിൽക്കോണം ആശുപത്രിയിലെ സാറല്ലിയോ.....എനിക്കറിയാം സാറിനെ....“
ഞാൻ അയ്യടാ എന്നായി. ചളിപ്പ് മാറാനായി  ഞാൻ ചോദിച്ചു, “എന്നാൽ  പിന്നെ എന്റെ ഒപ്പം നടന്നൂ ടായിരുന്നോ “
“അയ്യോ! അത് വേണ്ടേ...ഞാൻ പുറകേ നടന്നോളാമേ......“ അയാളുടെ ശബ്ദത്തിൽ ബഹുമാനം നിറഞ്ഞ് നിന്നു.
ഏറെ വർഷങ്ങൾക്ക് ശേഷം അന്നത്തേതിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ച   ഈ വഴിയിലൂടെ കാറിൽ പൊയ്ക്കൊണ്ടിരുന്നപ്പോൾ   ആ രാത്രിയിലെ ഇരുട്ടിലെ യാത്രയും ഭയം കൊണ്ട് വിറച്ച ഞാൻ  ആ പാവം മനുഷ്യന്റെ നേരെ പാഞ്ഞ് ചെന്ന് അയാളെ വിരട്ടിയതും ഓർത്തപ്പോൾ  ഇപ്പോഴും എന്റെ ഉള്ളിൽ  ചിരി  പതഞ്ഞ് പൊന്തി.

Wednesday, July 24, 2019

സത്യസന്ധത

ഭാരതീയ സംസ്കാരം സത്യത്തിന്  അതി മഹനീയമായ സ്ഥാനമാണ് നൽകിയിരിക്കുന്നതെന്ന് ചരിത്രങ്ങളും പുരാണങ്ങളും പറയുന്നു.
ഭീഷ്മർ തന്റെ പിതാവിനോട് ചെയ്ത സത്യം പാലിക്കാൻ ജീവിതകാലം മുഴുവൻ വിഭാര്യനായി കഴിഞ്ഞ് കൂടി.
ഹരിഛന്ദ്ര മഹാരാജാവ്  സത്യപാലനത്തിനായി അവസാനം  ചുടുകാട് കാവൽക്കാരൻ വരെ ആയി.
സത്യപാലനം ജീവിത വൃതമായി കണക്കാക്കുന്നവരായിരുന്നു ഭരണാധിപന്മാർ. അതായിരുന്നു ഭാരത സംസ്കാരം. സത്യം ചെയ്താൽ അത് പാലിക്കുക എന്നത്  അവരുടെ കടമ ആയിരുന്നു.
രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി  ജീവിതം തന്നെ സത്യാന്വേഷണമായി കണക്കിലെടുത്ത് ജീവിച്ചു.
ആധുനിക കാലത്ത് കോടതിയിൽ സാക്ഷി മൊഴികൾ  ആരംഭിക്കുന്നത്, സാക്ഷിയെ കൊണ്ട് സത്യം ചെയ്യിച്ചതിന് ശേഷം മാത്രമാണ്
കൂട്ടിൽ നിൽക്കുന്ന സാക്ഷിയെ  “ ദൈവം സാക്ഷിയായി കോടതി മുമ്പാകെ സത്യം ബോധിപ്പിച്ച് കൊള്ളാം സത്യമല്ലാതെ മറ്റൊന്നും ബോധിപ്പിക്കില്ല. സത്യം സത്യ സത്യം“ എന്നിങ്ങനെ സത്യം ചെയ്യിപ്പിക്കുന്നു.
അധികാര സ്ഥാപനങ്ങളിൽ  സത്യവാങ്മൂലം(അഫിഡവിറ്റ്)  തയാറാക്കി  നൽകുമ്പോൾ അതിന്റെ അവസാനഭാഗം മുകളിലെഴുതിയതെല്ലാം എന്റെ അറിവിലും വിശ്വാസത്തിലും സത്യമെന്ന് ഉറപ്പ് വരുത്തുന്നു, സത്യം സത്യം സത്യം എന്ന്  രേഖപ്പെടുത്തുകയും ആ സത്യം അധികാരപ്പെട്ടവർ സാക്ഷ്യപ്പെടുത്തുകയും വേണം.
സത്യപാലനത്തിന്റെയും സത്യം ചെയ്യലിന്റെയും പ്രാമുഖ്യവും  ആദരവും      ഭാരതീയ സംസ്കാരത്തിൽ എത്രത്തോളം ഉയർന്ന് നിൽക്കുന്നു എന്ന് കാണീക്കാനാണ് ഈ ഉദാഹരണങ്ങൾ  എടുത്ത് പറഞ്ഞത്.
നാട് പരിപാലിക്കാനായി  ഭരണത്തിലേറുന്ന  മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്താണ്  അവരുടെ  ചുമതല ഏൽക്കുന്നത്. പ്രജകളെ  സമന്മാരായി കണ്ട്  സ്വജനപക്ഷം കാണിക്കാതെ അഴിമതി കാട്ടാതെ ഇന്ത്യൻ ഭരണഘടന അനുസരിച്ച്  ഭരണം നടത്തിക്കൊള്ളാമെന്ന് അവർ സത്യം ചെയ്യുന്നു.
ജനപ്രതിനിധികളും സത്യം ചെയ്യുന്നു.
ആ സത്യത്തിന് എന്തെങ്കിലും വില കൽപ്പിക്കുന്നെങ്കിൽ  തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളുടെ  അഭീഷ്ടത്തിനെതിരായി കോടികൾ വാങ്ങി  എതിർഭാഗത്തേക്ക് കാല് മാറുന്നത്  ഏത് സംസ്കാരത്തിന്റെ ഭാഗമായിട്ടാണ്. അവരെ ചാക്കിട്ട് പിടിച്ച് ഭരണത്തിലേറാൻ ശ്രമിക്കുന്നവർ ഏത് സംസ്കാരത്തെപറ്റി ഉദ്ഘോഷിച്ചാണ് തങ്ങളുടെ രാഷ്ട്രീയ പാർട്ടിയെ പറ്റി മാലോകരെ  പരിചയപ്പെടുത്തുന്നത്.
 അസത്യത്തിന്റെ കൂരിരുട്ട് ഭാരതത്തിൽ നിറഞ്ഞിരിക്കുന്ന ഈ ദിവസങ്ങളിൽ സത്യത്തെ കൊന്ന് കുഴിച്ച് മൂടിക്കഴിഞ്ഞിരിക്കുന്നു.

Saturday, July 20, 2019

അസുമാ താത്തായുടെ പറമ്പിലെ കുളം

 
ആ വർഷകാലത്തെ ദിവസങ്ങളിലെല്ലാം  കനത്ത മഴയായിരുന്നു. കർക്കിടകം തകർത്ത് പെയ്തു. കരിമേഘം കൊണ്ട്  പകൽ കറുത്തിരുണ്ടപ്പോൾ  രാത്രി കുറ്റാകുറ്റിരുട്ടായി.
ഗതകാലത്തിലെ  ആ കറുത്ത രാത്രിയിൽ ഞങ്ങളുടെ വീടിന് സമീപം നിന്ന് അസുമാ താത്തായുടെ വിളി ഉയർന്നു.. 
“സുഹറായേ!  എടീ സുഹറായേ.....“
 രാത്രിയിലെ ആ വിളി കേട്ട് എന്റെ ഉമ്മാ സുഹറാ പുറത്തിറങ്ങി. മൂന്ന്  നാല് വീട് അപ്പുറത്ത് താമസിക്കുന്ന  അസുമാ താത്താ ഞങ്ങളുടെ ബന്ധുവും കൂടിയാണ്.
“നിന്റെ മോന് എന്തിന്റെ സൂക്കേടാ,  അവനെ പിടിച്ച് നീ പെണ്ണ് കെട്ടിക്ക് “
അസുമാ താത്താ  ഉറക്കെ പറഞ്ഞു.
“എന്താ താത്താ  അവൻ എന്ത് ചെയ്തു...?“
പന്ത്രണ്ട് വയസ്സ്കാരനായ എന്നെ പിടിച്ച്   പെണ്ണ് കെട്ടിക്കാൻ ഈ രാത്രിയിൽ ശുപാർശ ചെയ്യുന്നതിന്റെ ഗുട്ടൻസ് അറിയാതെ ഉമ്മ പരുങ്ങിയപ്പോൾ അസുമാ താത്താ പറഞ്ഞു.
“ ഈ രാത്രിയിൽ  മനുഷേര് ഏതെങ്കിലും മൂലയിൽ ചുരുണ്ട് കൂടിക്കിടന്ന്  ഉറങ്ങാൻ തരം നോക്കുന്ന നേരം  അവനും കൂട്ടുകാരും കൂടി കുളത്തിൽ ചാടി കുളിക്കുന്നത് എന്ത് സൂക്കേടാടീ.. വെള്ളത്തിലെ ബഹളം കേട്ട് ഞങ്ങളെല്ലാം പേടിച്ച് ഹലാക്കായി ചെന്ന് നോക്കിയപ്പോൾ എല്ലാവനും കൂടി കുളത്തിൽ തകർത്ത് വാരുന്നു....“
ഇതെല്ലാം കേട്ട്  ഞാൻ  വീടിനടുത്ത പൂവരശ് മരത്തിന്റെ ചുവട്ടിൽ ഒളിച്ച് നിൽക്കുകയായിരുന്നു. അസുമാ താത്താ  പോയതിന് ശേഷം വീട്ടിൽ കടന്ന് ചെന്ന എനിക്ക് വാപ്പായുടെ വക   അടി ശരിക്ക് കിട്ടിയത് ബാക്കി ചരിത്രം.
എന്തിനാണ് ഞങ്ങൾ കുളത്തിൽ ചാടിയത്.
പകൽ ആ കുളത്തിൽ ചാടാനോ  തകർത്ത് വാരാനോ അസുമാ താത്താ സമ്മതിക്കില്ല. കുളം കാണുമ്പോൾ ആവേശം പൊന്തി വരും, ചാടാൻ, നീന്തി തുടിക്കാൻ പക്ഷേ ആ സ്ത്രീ സമ്മതിക്കില്ല. എങ്കിൽ രാത്രി ആരുമറിയാതെ  കുളത്തിൽ ഇറങ്ങി തകർത്ത് വാരാമെന്ന് കരുതി. കൂട്ടുകാരും ബന്ധുക്കളുമായ റഷീദും ഗഫൂറും അബ്ദുൽ സലാമും കൂടി ആലോചിച്ചു എടുത്ത തീരുമാനമായിരുന്നു ഈ രാത്രി കുളി. പക്ഷേ വെള്ളത്തിൽ ഇറങ്ങി കഴിഞ്ഞപ്പോൾ  ആവേശം  അതിര് വിട്ടു. പിന്നെ ബഹളമായി. കുളത്തിന്റെ നാല് പക്കത്തുള്ളവർ വിരണ്ടു. കുളത്തിൽ രാത്രി കുട്ടിച്ചാത്തൻ ഇറങ്ങിയോ?!
അസുമാ താത്താ മണ്ണെണ്ണ വിളക്കും കത്തിച്ച് കുളത്തിലേക്ക് വന്നപ്പോൾ ഞങ്ങൾ പാഞ്ഞൊളിച്ചു. എന്നെ അവർ തിരിച്ചറിഞ്ഞിരുന്നു, അതാണ് രാത്രിയിൽ തന്നെ ഉമ്മായെ വിളിച്ച്പരാതി പറഞ്ഞതിന്റെയും ഈ പന്ത്രണ്ട് വയസ്സുകാരനെ  പെണ്ണ് കെട്ടിക്കാൻ ശുപാർശ ചെയ്തതിന്റെയും കാരണം.
മഴക്കാലം അത്രക്ക്  സന്തോഷമാണ് ഞങ്ങൾക്ക് തന്നിരുന്നത്. ആലപ്പുഴയിൽ  വട്ടപ്പള്ളി ഭാഗത്ത് ഓരോ പറമ്പിലും അന്ന്  ഓരോ കുളമുണ്ടായിരുന്നു. ആ കുളങ്ങളെല്ലാം  പറമ്പിന്റെ ഉടമസ്ഥരുടെ പേരിൽ അറിയപ്പെട്ടു. അസുമാത്തായുടെ കുളം, മീരാമ്മാത്തായുടെ കുളം, അക്കായുടെ കുളം, ചൊന്നാര് മാമായുടെ കുളം, കാർത്യായിനിയുടെ കുളം..അങ്ങിനെ പോകുന്നു, കുളങ്ങളുടെ പേരുകൾ.  മഴ വരുമ്പോൾ ഈ കുളങ്ങൾ നിറയും . ഉടമസ്ഥർ കാണാതെ അതിൽ ഇറങ്ങി  പതച്ച് നീന്തുക, ചൂണ്ട ഇട്ട് മീൻ പിടിക്കുക, ഉടമസ്ഥർ  പാഞ്ഞ് വരുമ്പോൾ അവരെ കളിയാക്കി ഓടുക, ഇതെല്ലാം വർഷകാലത്തെ ഞങ്ങളുടെ സ്പഷ്യൽ പരിപാടികളായിരുന്നല്ലോ. മഴക്കാർ  മാനത്ത് കാണുമ്പോൾ  മയിലുകൾ മാത്രമല്ല ഞങ്ങളും ആനന്ദ നൃത്തം ചെയ്തിരുന്നു.
കാലം ചെന്നപ്പോൾ കുളങ്ങളെല്ലാം മണ്ണിട്ട് നികത്തി  വീടുകളായി. വർഷങ്ങൾക്ക് മുമ്പ്  ഒരിക്കൽ വട്ടപ്പള്ളിയിൽ പോയപ്പോൾ  അന്നത്തെ രാത്രിയുടെ ഓർമ്മക്ക്  അസുമാ താത്തായുടെ കുളം കാണാൻ ഞാൻ പോയി. അവിടെ ഒരു പുതിയ കെട്ടിടം നിൽക്കുന്നു. പണ്ടവിടെ  ഒരു കുളം ഉണ്ടായിരുന്നെന്നും ഈയുള്ളവനും കൂട്ടുകാരും കൂടി രാത്രി സമയത്ത് കുളത്തിലിറങ്ങി ആൾക്കാരെ വിരട്ടിയെന്നും ഉള്ള കഥകൾ   ഒന്നുമറിയാതെ ആ വീട്ടിൽ അടുത്ത തലമുറ സുഖമായി കഴിയുന്നു. എല്ലാ കുളങ്ങളും  മണ്ണിട്ട് നികത്തി വീടുകളായി  പരിണമിച്ചിരിക്കുന്നു.
 ഇന്ന് അസുമാ താത്തയുമില്ല, അന്നത്തെ  ബാല്യകാല സുഹൃത്തുക്കൾ ആരുമില്ല., ഇന്നത്തെ തലമുറക്ക്  ചൂണ്ടയുമില്ല, ബാല്യകാല സൗഹൃദങ്ങളും കുസൃതികളും ഇല്ല, എല്ലാം മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മൊബൈലിൽ തലകുനിച്ചിരുന്നു തോണ്ടുന്ന ഇന്നത്തെ കുട്ടിക്ക് എന്ത് കർക്കിടകം എന്ത് ഇടവപ്പാതി.
പകൽ വെളിച്ചം അൽപ്പം പോലുമില്ലാതെ കറുത്തിരുണ്ട ഇന്നത്തെ ഈ കർക്കിടക സായാഹ്നത്തിൽ ദൂരെ കുന്നുകൾക്ക് മീതെ മഴ ആർത്ത് പെയ്തു കൊണ്ടിരിക്കുന്നത് നോക്കി ഇരുന്നപ്പോൾ ഒരു ചൂണ്ട കിട്ടിയിരുന്നെങ്കിൽ  ഏതെങ്കിലും കുളത്തിലോ തോടിലോ ചാടി പതച്ച് നീന്താൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.