Tuesday, October 20, 2015

സഫാ ---കാക്കോത്തി

 ഞങ്ങളുടെ  സഫാ സ്കൂൾ കലാ മേളയിൽ കാക്കോത്തി  വേഷമിട്ടപ്പോൾ

Friday, October 16, 2015

ആരെ തോൽപ്പിക്കണം ?

ആരെ തോൽപ്പിക്കണം?

 ശ്രദ്ധിക്കുക, ആരെ ജയിപ്പിക്കണമെന്നാണ്  ഈ തെരഞ്ഞെടുപ്പ് കാലത്ത്    സർവ സാധാരണമായി ഉണ്ടാകേണ്ട ചിന്ത . തിന്മയെ എതിർക്കേണ്ടത് നമ്മുടെ കടമ ആയതിനാൽ  ആരെയാണ്  തോൽപ്പിക്കേണ്ടത് എന്ന് കൂടി നമ്മൾ  ചിന്തിക്കേണ്ടിയിരിക്കുന്നു.
 പൊതു നന്മയെ കരുതി വിരുദ്ധ ചേരിയിൽ നിൽക്കുന്നവർ
ചില പ്രത്യേക സന്ദർഭങ്ങളിൽ  ഒരുമിക്കേണ്ടതായി വരുന്നത് രാഷ്ട്രീയത്തിൽ  അനുവദനീയമാണ്. അതിനെ നമുക്ക് ന്യായീകരിക്കാൻ കഴിയും   പ ക്ഷേ  അധികാരം എന്ന അപ്പക്കഷണത്തിനായി യാതൊരു  ഉളുപ്പുമില്ലാതെ  ഇത് വരെ പ്രവർത്തിച്ചിരുന്ന  കക്ഷിയിൽ നിന്നും   മറുകണ്ടം ചാടി ഇന്നലെ വരെ തെറി പറഞ്ഞിരുന്നവരെ  പിന്തുണച്ചും  നാളിത് വരെ കൂട്ടുകാരായി നിന്നവരെ ശത്രുക്കളായി  കണ്ടും കളിക്കുന്ന ഈ കളി ഉണ്ടല്ലോ  അത്  ഒരു  തരം പിതൃ  ശൂന്യതാ തരമാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സർവ സാധാരണമായി  ഈ നാറി തരം  കാണപ്പെടുന്നു.   പൊതു ജനത്തെ സേവിക്കാഞ്ഞിട്ട് അവർക്കങ്ങ് ഉറക്കം വരാതെ വിഷമിക്കുകയാണ്. അത് കൊണ്ട്  സീറ്റ് നൽകാത്ത പാർട്ടിയെ വിട്ട് സീറ്റ് നൽകുന്ന പാർട്ടിയിലങ്ങ് ചേരുക, ഇന്നലെ വരെ പറഞ്ഞത്  വിഴുങ്ങുക എങ്ങിനെയെങ്കിലും ജയിച്ച്  ജനത്തെ സേവിച്ച് മുക്തി നേടുക. അത് അവരുടെ കാര്യമാണെന്നും അവർക്കതിന് ഈ ജനാധിപത്യ രാഷ്ട്രത്തിൽ  സ്വാതന്ത്രിയമുണ്ടെന്നുമൊക്കെ  ഗീർവാണം തട്ടി വിടാൻ വരട്ടെ. നമ്മളെ കഴുതയാക്കാൻ അവർക്കാര് സ്വാതന്ത്രിയം നൽകി എന്ന  ചോദ്യത്തിന് അവർ ഉത്തരം നൽകിയേ തീരൂ. അധികാരത്തിന്റെ രുചി അറിഞ്ഞ് കഴിഞ്ഞാൽ പിന്നെ അവിടെ നിന്നും മാറി തരാൻ ഒരുക്കമല്ലെന്നും  എങ്ങിനെയെങ്കിലും ഏത് നാറി തരത്തിലൂടെയ്എങ്കിലും എനിക്ക് വീണ്ടും ആ കസേരയിൽ കയറി ഇരുന്നേ പറ്റൂ   മെമ്പറേ! എന്ന വിളി കേട്ടാലേ സുഖം കിട്ടൂ എന്ന്  ശാഠ്യം  പിടിച്ച്  തരപ്പെടുത്തിയ  സീറ്റിൽ സ്ഥാനാർത്ഥിയായി നിൽക്കുമ്പോൾ  നിങ്ങൾ എന്താണ് ഞങ്ങളെ പറ്റി ചിന്തിക്കുന്നത്, നിങ്ങളുടെ ഈ കോമാളിതരം ഞങ്ങൾക്ക് മനസിലാക്കാതിരിക്കാൻ തക്ക വിധം ഞങ്ങൾ പൊതു ജനം വെറും     കഴുതകളാണെന്നോ? ഞങ്ങൾ ഓടി വന്ന് നിങ്ങൾക്ക് വോട്ട് ചെയ്യുമെന്നോ?

അതേ! നിങ്ങളെയാണ് ആദ്യം തോൽപ്പിക്കേണ്ടതെന്ന  തിരിച്ചറിവ് ഇപ്പോൾ  ഞങ്ങൾക്കുണ്ടല്ലോ!!!

Thursday, October 1, 2015

സിനാന് വേണ്ടി...

   
         സിനാനും അവന്റെ ബാപ്പയുടെ മൂത്ത സഹോദരൻ  സൈലുവും.

സിനാൻ  നാല് വയസ്സായപ്പോൾ  ആൾക്കാരെ തിരിച്ചറിയാൻ  തുടങ്ങിയിരിക്കുന്നു.  മുഖത്തെ നിർവികാരത മാറ്റി , ദേഷ്യം സങ്കടം     സന്തോഷം തുടങ്ങിയ വികാരങ്ങൾ  അവൻ  പ്രകടിപ്പിക്കാൻ തുടങ്ങിയ്ട്ടുണ്ട്.  ഇനി അവൻ സംസാരിക്കണം, പരസഹായമില്ലാതെ നടക്കണം, കൊതുകോ മറ്റ് പ്രാണികളോ കടിക്കുമ്പോൾ വേദന  പ്രകടിപ്പിച്ച്    കാണിക്കാൻ  അറിയാതെ  അതും സഹിച്ചിരിക്കുന്നതിന് പകരം      അതിനെ ഓടിച്ച് കളയണം .ഞങ്ങൾ അതിനായി പ്രാർത്ഥിക്കുന്നു, ആ പ്രാർത്ഥന സഫലാകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം അവന്റെ പഴയ സ്ഥിതിയിൽ നിന്നും ഇത്രയുമാക്കി തന്ന  അവിടന്ന് കരുണാസാഗരമാണല്ലോ. പ്രാർത്ഥിക്കുന്നു, പ്രാർത്ഥനക്ക് വേണ്ടി അപേക്ഷിക്കുന്നു.

Monday, September 28, 2015

ഇവളാണ് പെണ്ണ്..

ഉഭയ സമ്മത പ്രകാരം വിവാഹമോചിതരാകുന്നതിന്  ഉപദേശം ആരായുന്നതിന്    വേണ്ടിയാണ് ഭാര്യയും ഭർത്താവും ഞങ്ങളുടെ മുമ്പിൽ വന്നത്. കൗമാര പ്രായത്തിലുള്ള അവരുടെ രണ്ട് പെൺകുട്ടികളെ കൂടെ കൂട്ടിയിട്ടുമുണ്ട്. ഭാര്യയ്ക്ക്  അയാളെ വേണ്ടാ എന്നും   രണ്ട് മൂന്ന്  വർഷമായി കൂടെ ജോലി ചെയ്യുന്ന മറ്റൊരു പുരുഷനുമായി അവൾക്ക് ബന്ധമുണ്ട്   എന്നും അയാളോടൊപ്പം ജീവിക്കാനാണ് അവൾക്ക് താല്പര്യമെന്ന് തന്നോട് ഭാര്യ തുറന്ന് പറഞ്ഞെന്നും  എങ്കിൽ  പിന്നെ കുരിശായി  താനെന്തിന് അവളുടെ ജീവിതത്തിൽ  തൂങ്ങി കിടക്കുന്നതെന്നുമാണ്  ഭർത്താവിന്റെ ചോദ്യം.  ആദ്യം മൗനം അവലംബിച്ച  ഭാര്യ പിന്നീട്  സഹപ്രവർത്തകനുമായുള്ള  ബന്ധം സമ്മതിച്ചതിന് ശേഷം ഇത്രയും കൂട്ടിചേർത്തു. " എനിക്ക് വേണ്ടി അയാളുടെ  കുടുംബത്തെയും മറ്റും ഉപേക്ഷിക്കാൻ  തയാറായ ആ മനുഷ്യനോട്   വിശ്വാസ വഞ്ചന നടത്താൻ എനിക്കാവില്ല, അല്ലാതെ ഇദ്ദേഹത്തോട്  സ്നേഹമില്ലാഞ്ഞിട്ടല്ല."
"അപ്പോൾ എന്നോട്  വിശ്വാസ വഞ്ചന കാട്ടുന്നതിൽ  കുഴപ്പമൊന്നുമില്ലാ അല്ലേ?" ഭർത്താവ് ഇത് ചോദിച്ചപ്പോൾ  തൊണ്ട ഇടറിയിരുന്നു എന്ന്   ഞങ്ങൾ തിരിച്ചറിഞ്ഞു . അപ്പോഴാണ് മൂത്ത കുട്ടിയെ ഞാൻ ശ്രദ്ധിച്ചത്.   അഛന്റെ വിമ്മൽ തിരിച്ചറിഞ്ഞ  അവൾ രൂക്ഷമായി അയാളെ നോക്കുകയാണ്. കേസിന്റെ ദിശ തന്നെ മാറ്റുന്ന  എന്തോ ചിലത് ആ കുട്ടിയുടെ തലയിലുണ്ട് എന്ന്  മനസിലാക്കിയ ഞാൻ    ആ കുട്ടിയെ മാറ്റി നിർത്തി    ചോദിച്ചു.
"   എന്തിനാണെന്നറിയാതെയാണ് കുട്ടി  അഛനും അമ്മയുമൊപ്പം  ഇവിടെ വന്നതല്ലേ?      ഈ വിവാഹ  മോചനത്തിന്  കുട്ടി എതിരാണ് അല്ലേ?"

"ഏത് കുട്ടികളാണ്  അഛനും അമ്മയും വേർ പിരിഞ്ഞ്  താമസിക്കുന്നത് കാണാൻ   ഇഷ്ടപ്പെടുക?"  എന്ന് അവൾ എന്നോട്  തിരിച്ച് ചോദിച്ചപ്പോൾ  എനിക്ക് മിണ്ടാട്ടമില്ലാതായി.

"അമ്മയുടെ കരണത്ത്  അഛൻ കൈ നിവർത്തി  രണ്ട്  പൊട്ടിച്ചാൽ ഈ പ്രശ്നം ഇവിടെ തീരും, എന്റഛൻ  അവിടെ ഇരുന്ന് വിമ്മിയത്  കണ്ടില്ലേ? അതിന് പകരം നല്ല രണ്ട്  തെറി  അമ്മയെ വിളിച്ചിരുന്നെങ്കിലോ? അമ്മ പറഞ്ഞത്  കേട്ടോണ്ട്  ഇങ്ങോട്ട്  അമ്മയെയും ഞങ്ങളെയും കെട്ടി വലിച്ചോണ്ട്  വരുന്നതിന് പകരം  നീ പോയി കേസ് കൊട്,  അത് ഞാൻ നേരിട്ടോളാം, ഞാൻ നിന്നെ  ഒഴിച്ച് വിടാൻ  ഒരുക്കമില്ല, എന്ന് പറഞ്ഞിരുന്നെങ്കിലോ ? അമ്മ സർക്കാർ ഉദ്യോഗസ്ഥ ആണ്, മറ്റൊരാളുമായി അവിഹതമായി മാറി  താമസിച്ചാൽ വിവരം അറിയുമെന്ന് അഛന്  അറിയില്ലേ?, ഈ വിവരം  സാർ അച്ചനെ ഒന്ന് പറഞ്ഞ് മനസിലാക്കാമോ? ഞങ്ങളുടെ ഭാവിയെ പറ്റി ഇവർ ചിന്തിച്ചോ...ഞങ്ങളുടെ ജീവിതം എന്തായി  തീരും, ഇങ്ങിനെ അച്ചനെ ഒഴിവാക്കി   മറ്റൊരുത്തനുമായി കഴിയുന്നവളുടെ മക്കളെ  മാന്യമായി കെട്ടിച്ചയക്കാൻ കഴിയുമോ എല്ലാവരും അവരവരുടെ സ്വസ്ഥത ആഗ്രഹിക്കുമ്പോൾ  ഞങ്ങളുടെ ഭാവി ആരും  കണക്കിലെടുക്കാത്തതെന്ത്? " തുരു തുരാ ആ കുട്ടി നിറ ഒഴിച്ചപ്പോൾ  ഞാൻ മിഴിച്ച് നിന്ന് പോയി.

18 വർഷം കൂടെ താമസിച്ചവനേക്കാളും ഇന്നലെ കണ്ട ഒരുത്തനെ  വലുതായി കാണുന്ന  പത്രാസ് കാരിയായ  ആ ഭാര്യയെ  ആദ്യമായി കണ്ടപ്പോൾ തന്നെ എന്റെ ഉള്ളിലുണ്ടായ അവജ്ഞ ഇപ്പോൾ 10ഇരട്ടിയായി. ഇവൾക്കൊരു പണി കൊടുക്കണമെന്ന് തന്നെ ഉള്ളിൽ കരുതി.

 എങ്ങിനെ ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് ആ കുട്ടിക്ക് വേണ്ട നിർദ്ദേശങ്ങൾ ഞാൻ പറഞ്ഞ് കൊടുത്തതിന് ശേഷം ഭർത്താവിനെ  അരികിലേക്ക് വിളിച്ചു, മകൾ പറഞ്ഞത് അതേ പടി ധരിപ്പിച്ചു. "  എന്റെ മോളേ.....! " അഛൻ വീണ്ടും വിമ്മാൻ തുടങ്ങിയപ്പോൾ മകൾ ചീറി "അഛൻ കരച്ചിലൊന്ന് നിർത്തി  ഒരു ആണായിട്ട് പെരുമാറാമോ? എനിക്കിപ്പോൾ ഒഴിഞ്ഞ് തരാൻ മനസില്ലാ എന്ന് അമ്മയോട് പറയുക, ബാക്കി  ഞങ്ങൾ കൈകാര്യം ചെയ്തോളാം. ' ആ 16 വയസ്സ്കാരി പറഞ്ഞു. പിന്നീട്    കാര്യങ്ങൾ എളുപ്പമായിരുന്നു .   പെൺകുട്ടികൾ രണ്ട് പേരും കൂടി അഛനെയും കൊണ്ട് വീട്ടിലേക്ക്  പോയി. ഇറങ്ങാൻ നേരം  മൂത്ത കുട്ടി അമ്മയോട് പറഞ്ഞു  " അഛന് ഒഴിഞ്ഞ് തരാൻ മനസില്ല,  അമ്മക്ക് വേണമെങ്കിൽ പോയി കേസ് കൊട് , പിന്നെ സമയത്തും കാലത്തും വീട്ടിൽ വന്നോളണം, കണ്ടവനുമായി  ജീവിക്കാൻ പോയാൽ,  ഞങ്ങൾ പരാതിയുമായി ഓഫീസ് മേധാവിയെ കാണും,  ശേഷം ജീവിതം .കട്ട പൊഹ ആകുമേ തള്ളേ..."

ഭാര്യയുടെ മുഖത്തെ അപ്പോഴുണ്ടായ പകപ്പ്  വിവരിക്കാൻ എന്റെ പേനയിൽ മഷി  മതിയാവില്ല കീ ബോർഡിൽ കട്ടയും  ഇല്ല.

Monday, September 14, 2015

മനുഷ്യ ജീവനേക്കാൾ വലുതാണോ തെരുവ് നായ്

അനന്തിരവളുമായി  കുറേ നേരം  സർക്കാർ ആശുപത്രിയിൽ  കഴിഞ്ഞ ദിവസം  നിൽക്കേണ്ടി വന്നു. അത്രയും സമയത്തിനുള്ളിൽ 14 പേർ തെരുവ് നായ് കടിച്ചതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പിനായി അവിടെ വന്നു. അതിൽ 4 വയസുള്ള ബാലൻ മുതൽ 70 വയസുള്ള വൃദ്ധ വരെ  നായയുടെ കടി ഏറ്റിരുന്നു. ഇത് ഒരു ദിവസത്തെ കണക്ക് ആണ്. പത്ര വാർത്തകളിൽ ദിവസവും തെരുവ് നായ്ക്കൾ മനുഷ്യരെ കടിച്ച് കീറിയ  സംഭവങ്ങൾ നിറഞ്ഞ് നിൽക്കുന്നു. നായ്ക്കളുടെ  ശല്യം ഇത്രയും വർദ്ധിക്കാൻ കാരണം  ആഹാര ഉഛിഷ്ടങ്ങൾ വലിച്ചെറിയുന്നത് കൊണ്ടാണത്രേ! കാരണങ്ങൾ പറയുന്നതല്ലാതെ പരിഹാരങ്ങൾ  നടപ്പിലാക്കാൻ അധികാര വർഗം മുതിരുന്നതേയില്ല. മനുഷ്യ   ജീവന് നേരെ ഇത്രയും ഭീഷണി ഉണ്ടായിട്ടും  നിസ്സംഗരായി   സർക്കാർ നിൽക്കുമ്പോൾ സ്വരക്ഷക്കായി പൊതുജനങ്ങൾ സംഘടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പണ്ട് മലബാർ പ്രദേശത്ത് കാടനെ (കുറുക്കനെ)  വേട്ടയാടുന്ന ഒരു  വിനോദ പരിപാടി നിലവിലുണ്ടായിരുന്നു. കാടൻ നാട്ടിലിറങ്ങി കോഴിയെയും മറ്റും ശാപ്പിട്ട് ഉപദ്രവകാരിയായി   മാറുമ്പോൾ കുറച്ച് പേർ സംഘം ചേർന്ന് കാടൻ വേട്ടക്ക് ഇറങ്ങും അതിൽ ചിലർ   പകൽ സമയം കാടന്മാർ ഒളിച്ചിരിക്കുന്ന കാട് ഇളക്കി അവനെ പുറത്ത്   ചാടിക്കും തോക്കുകാർ വെടി വെച്ച്  കൊല്ലും. കുറേ കാലത്തേക്ക് കാടന്മാരുടെ ശല്യം ഉണ്ടാവുകയേ ഇല്ല.
 തെരുവ് നായ്ക്കളുടെ ശല്യം അതിക്രമിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ  ലൈസൻസുള്ള തോക്കുകാരെ യും  കൂട്ടി നാം തന്നെ  നായ് വേട്ടക്ക് ഇറങ്ങേണ്ടിയിരിക്കുന്നു. മനുഷ്യ ജീവന് പുല്ല് വില കൽപ്പിച്ച് കൊണ്ട് തെരുവ് നായെന്ന് പറഞ്ഞാൽ എന്തെന്ന് പോലും അറിയാത്ത  വിഡ്ഡികൂശ്മാണ്ഡങ്ങൾ  നിമ്മിച്ച് വിട്ട   ഏതോ ഉത്തരവും പൊക്കി പിടിച്ച് നിൽക്കുന്ന തദ്ദേശ  സ്വയംഭരണ വർഗത്തേയും ത ലസ്ഥാനത്ത് കോട്ടകൊത്തളങ്ങളിൽ സുരക്ഷിതരായി ഇരുന്ന്  പട്ടിക്ക് സന്താനനിയന്ത്രണം നടത്താനെന്ന വ്യാജേനെ സർക്കാർ പണം ചെലവഴിക്കുന്ന  വെള്ളക്കോളറുകാരെയും  അവഗണിച്ച് നമ്മുടെ ജീവനെ നാം തന്നെ കാത്ത് രക്ഷിക്കാൻ മുന്നിട്ടിറങ്ങുക.