Thursday, May 28, 2015

ഒരു പേരിലെന്തിരിക്കുന്നു

ഒരു  പേരിൽ  എന്തിരിക്കുന്നു  എന്ന് ചോദിച്ചത്  ആംഗലേയ കവി.
പേരിൽ  പലതുമുണ്ട്,  ചിരിക്കാനും ചിന്തിക്കാനും  എന്ന് അനുഭവങ്ങൾ  പറയുന്നു. ചിലരുടെ   പേര്  പറയുമ്പോൾ  അത്   കേൾക്കുന്നവരിൽ ചിരിക്കുന്നവരും  നെറ്റി ചുളിക്കുന്നവരും  ധാരാളം.
 പണ്ട്  മലയാള  പാഠാവലിയിൽ നിന്നും  പഠിച്ച ഒരു  ലേഖനത്ത്റ്റെ ആദ്യഭാഗം  ഇന്നും  മനസിൽ മായാതെ നിൽക്കുന്നു. " ക്ഷീരസാഗരൻ നായർ എന്ന് പേര്  എന്നാൽ  വീട്ടിൽ മോര്  പോലും  എടുക്കാനില്ല. ചക്രവർത്തിയുടെ  വീട്ടിൽ അടുപ്പിൽ  പൂച്ച  കയറി  കിടക്കുന്നു.  താമരാക്ഷിക്ക്  കോങ്കണ്ണുള്ളതിനാൽ  പെണ്ണ് കാണാൻ  വന്നവർ മടങ്ങി  പോയി.  എന്നിങ്ങനെ സരസമായി ആ  പാഠം   പറഞ്ഞ് തന്ന കുറുപ്പ്  സാർ  എവിടെയാണാവോ?!
കാലമേറെ  കടന്ന് പോയിട്ടാണ്  എന്റെ പേരിന്റെ അർത്ഥം  ഞാൻ  മനസിലാക്കുന്നത്.

എന്റെ ചെറുപ്പകാലത്ത് കൃഷ്ണനെ കിണ്ണൻ  എന്നും ഗോവിന്ദനെ കോന്നനെന്നും നീലകണ്ഠനെ    നീലാണ്ടനെന്നും   മാത്യുവിനെ മത്തായിയെന്നും ഗീവറീതിനെ കീ വറീച്ചനെന്നും  മുഹമ്മദിനെ മമ്മത്  എന്നും  അബൂബക്കറിനെ അവ്വക്കരെന്നും  ഫാത്തിമായെ  പാത്തു എന്നും ഖദീജായെ കയ്യുമ്മാ  എന്നും   വിളിക്കുന്നതിൽ ആ പേര് വഹിക്കുന്നവർക്ക്  ഒരു  പരാതിയുമില്ലായിരുന്നു.

പരിഷ്കാരം  ഏറി വന്നപ്പോൾ  ഭാര്യാ ഭർത്താക്കന്മാരുടെ  പേര് സമന്വയിപ്പിച്ച്  അർത്ഥമുള്ളതോ  ഇല്ലാത്തതോ  ആയ  പേരുകൾ കുട്ടികൾക്ക്  നൽകി  തുടങ്ങി. ആ പേരുകളിൽ    ഭൂരിഭാഗവും രണ്ടോ മൂന്നോ  വാക്കുകളിൽ  ഒതുങ്ങി  നിന്നു. അതിൽ  ചില  പേരുകൾ  നമ്മുടെ  ഭാഷയിൽ അർത്ഥ രഹിതമായിരുന്നെങ്കിലും  അന്യ ഭാഷയിൽ  പച്ച  തെറിയായിരുന്നു  എന്ന്  പാവങ്ങൾ  അറിഞ്ഞിരുന്നില്ലല്ലോ.പേര് കൊണ്ട്  ജാതി  തിരിച്ചറിഞ്ഞിരുന്ന കാലത്തിൽ പുതിയ  പേരുകൾ  ജാതി രഹിതമായി  തീർന്നു. ഷിബുവും ബിജുവും ബീനയും ജമീലയും സുലേഖയും  എല്ലാ ജാതിക്കാരും  എടുത്തണിഞ്ഞു.
ഭർത്താക്കന്മാരുടെ  പേരുകൾ  പറയുന്നത്  തന്നെ പാപമാണെന്ന് കരുതി "കൊച്ചിന്റച്ചൻ" "വീട്ടുകാരൻ"   "ഇവിടത്തെ ആൾ "  എന്ന  സംജ്ഞാനാമത്തിലൂടെ  ഭർത്താവിനെ സൂചിപ്പിച്ചിരുന്ന  കാലത്ത് നിന്നും  "എടാ--പോടാ" എന്ന് വി ളിക്കുന്ന  കാലത്തേക്ക്  നാം  മാറിയെങ്കിലും ഇന്നും  ഭർത്താവിന്റെ പേര്  പറയാൻ  മടിക്കുന്നവർ  ജീവിച്ചിരിക്കുന്നുണ്ട്.. നൂറ് മുഹമ്മദ്  എന്ന ഭർത്താവിന്റെ പേര്    കനേഷുമാരി  കണക്കെടുക്കാൻ  വന്നവരോട്  പറയാനുള്ള  മടി  കാരണം     മുത്ത് നബിയുടെ  പേരും  മുമ്പിലൊരു  നൂറും എന്ന്  പറഞ്ഞ്  കൊടുക്കുന്ന  പതിവൃതകൾ  ഇന്നുമുണ്ട്.
പേരുകൾ  ഉണ്ടാകുന്നതെങ്ങിനെയെന്ന്  സരസമായ കഥകൾ  പലതും  പഴകി വളിച്ച്  പോയെങ്കിലും  പുതിയ  തലമുറക്ക് അജ്ഞാതമായ  ആ തമാശകൾ  ആവർത്തിക്കുന്നത്   ക്ഷന്തവ്യമാണെന്ന് കരുതുന്നു
 സഭകൾക്ക്  പേര്  വന്നതിന്റെ  തമാശ രൂപം  ഞങ്ങളുടെ മത്തായിച്ചൻ ഒരു വെടി വട്ടത്തിൽ പറഞ്ഞ് തന്നത്   ആവർത്തിച്ചാൽ  ഇപ്രകാരമാണ്.
ഒരു കല്യാണ വീട്ടിൽ വെച്ച്  എല്ലാവരും കൂടിയിരുന്ന്  കായ് കറികൾ നുറുക്കുന്നതിനിടയിൽ   സഭാ തർക്കം  സംഭാഷണ വിഷയമായ സമയം  കൂട്ട അടി നടന്നപ്പോൾ  ഭയങ്കര ബഹളം ഉണ്ടാക്കി  കൊണ്ടിരുന്ന  തോമായോട് "മാറ്  തോമാ,  എന്ന്  മദ്ധ്യസ്ഥർ പറഞ്ഞത്  കേട്ട് മാറി  നിന്ന  തോമായും  കൂട്ടരും  മാർത്തോമാ സഭയായി  തീർന്നെന്നും  ശല്യം  ഉണ്ടാക്കി  നിന്ന ചാക്കോയെ "ചാക്കോ വാ " എന്ന്  പറഞ്ഞ്  അവിടെ  നിന്നും  മാറ്റിയപ്പോൾ  ചാക്കോയും കൂട്ടരും ചാക്കോ വാ  അഥവാ   യാക്കോബാ  എന്നു  അറിയപ്പെട്ടെന്നും  ബാക്കി  ഉള്ളവർ ഇരുന്ന് " കാ തൊലി"  എന്ന് പറഞ്ഞത്  അനുസരിച്ചവർ കാത്തലിക്ക്  ആയി  തീർന്നെന്നും  സരസമായി  മത്തായിച്ചൻ പറഞ്ഞത്  പിള്ളാര്  കഥകളായി  കൂട്ടാമെങ്കിലും  സഭാ തർക്കത്തിന്റെ അർത്ഥരാഹിത്യത്തെ  ആ  കഥ സൂച്ചിപ്പിച്ചിരുന്നുവല്ലോ.

പിൽക്കാലത്ത് പണ്ഡിതനായി  തീർന്നപ്പോൾ  ഉമ്മയും ബാപ്പയും ഇട്ടിരുന്ന പേരുകൾ  തന്റെ പാണ്ഡിത്യത്തിന് ചേർന്നതല്ലെന്ന തിരിച്ചറിവിനാൽ  ഗസറ്റ് മുഖേനെ പേര് മാറ്റിയ ഇമാമുമാർ/ ഉസ്താദ്മാർ  ധാരാളം. പുതിയ   പേരുകൾ  വായിൽ കൊള്ളാത്ത വിധം  മുഴച്ച് നിന്നു. അൽ-മുർദാദ് , അൽ-വാസിരി-ഖാസിരി-അൽ-ഹാക്കിമത്ത്...അങ്ങിനെ പോയി ആ പേരുകൾ.  കൂട്ടത്തിൽ പേരിൻ  പിറകെ അവരുടെ ബിരുദവും  കൂട്ടി  ചേർത്തപ്പോൾ അൽ-ഖൗസിരി-സുറുമി-സലോമി-   സാക്കിഫി -അൽ-ബുദൂസ്  എന്നിങ്ങനെ  ബിരുദത്താൽ പേരിന്  ഒരു  ഗൗരവം വന്ന് ചേരുകയും  ആ ഗൗരവ പേരുകളും  വഹിച്ച് സന്ധ്യ സമയത്തു കൂളിംഗ്ലാസ്സും  ധരിച്ച് മുസലിയാര്  കുഞ്ഞുങ്ങൾ  ബൈക്കിൽ   തലപ്പാവും കനത്ത  താടിയുമായി  ചെത്തി  പറന്ന്  നടക്കുകയും  ചെയ്തപ്പോൾ  അതൊരു  കാഴ്ചയായി  തന്നെ  മാറി.  പരോഹിത്യത്തിലെത്തപ്പെടുമ്പോൾ  പേര് മാറുന്ന വിദ്യ  ഇതര  മതസ്തരിൽ നിന്നും  അവർ പഠിച്ച്  വെച്ചിരുന്നു. പള്ളീലച്ചൻ  സ്ഥാന കയറ്റം കിട്ടി  തിരുമേനി       ആയാൽ  കൂന്താലിയോസ് മാർ   തൂമ്പാ ഓസ്  എന്നും സന്യാസം സ്വീകരിച്ച് കഴിഞ്ഞാൽ  പരമു  ആശാൻ  ഏതെങ്കിലും "ആനന്ദ  തിരുവടികൾ  ആയി  പേര് മാറ്റുന്നതും ഇവർ  മാതൃക  ആക്കിയതാകാം.

   ബ്രാഹ്മണരിലേക്ക്   ചെല്ലുമ്പോൽ   പേരിടൽ  കർമം ലഘു കർമമായി  മാറപ്പെടുന്നതായി      ഞങ്ങളുടെ  ഫെയർ കോപ്പി സൂപ്രണ്ട്     അനന്തരാമക്രിഷ്ണയ്യർ  സ്വാമി  പറഞ്ഞ്  തന്നതു  കുറച്ച്  പഴകിയതാണെങ്കിലും വിട്ട് കളയരുതല്ലോ!.

  ആദ്യമാദ്യം  അയ്യർമാർക്ക്  ലഘു ആയ  അതായത്   സിമ്പിൾ ആയ പേര് നൽകപ്പെട്ടതായി  കാണപ്പെട്ടു. രാമയ്യർ--ക്രിഷ്ണയ്യർ--എന്നിങ്ങനെയുള്ള  രൂപത്തിൽ   ആയിരുന്നു  ലഘു നാമങ്ങൾ.  പിന്നീടതിന് ഘനം  പോരാതെ വന്നപ്പോൾ  രണ്ട്  പേര്  ഒരുമിച്ചിട്ടു.ഉദാഹരണത്തിന് രാമക്രിഷ്ണയ്യർ, അനന്തപത്മനാഭയ്യർ...എന്നിങ്ങനെ  പോയി  ആ പേരുകൾ. അതിലും ഘനം  പോരാ  എന്ന്  കണ്ടപ്പോൾ  മൂന്ന്  പേര്കൾ  ഒരുമിച്ച്  ചേർത്ത് ഘനം കൂട്ടി. ഹരിരാമക്രിഷ്ണയ്യർ--അനന്ത രാമക്രിഷ്ണയ്യർ.... ഇനിയും   പേരുകൾ  എണ്ണം  കൂട്ടിയാൽ  വായിൽ  കൊള്ളാതാകും  എന്ന്  കണ്ടപ്പോൾ ആ രീതിയിലുള്ള  പേരുകൾ  മാറ്റി അവയവങ്ങളുടെ  പേരുകൾ നൽകി  തുടങ്ങി  ഉദാഹരണത്തിന്    "ഭൂതലിംഗം-"--   "ചൊക്കലിംഗം.."..   മതി...മതി...  ഇവിടെ  ഈ കുറിപ്പ്  നിർത്തി   ബാക്കി അവയവങ്ങളുടെ  പേര്  പറയാതെ  ഞാൻ  ഓടുന്നു....

Sunday, May 17, 2015

വെറുതെ മോഹിക്കുവാൻ മോഹം...

   മഴ ! കനത്ത മഴ! ഇന്നലെ രാത്രി മുതൽ മഴയുടെ  ചടുല നൃത്തം  തുടർന്ന് വരുകയാണല്ലോ.  അന്തരീക്ഷമാകെ ഇരുണ്ട്  കറുത്ത് മനസിനുള്ളിലേക്ക്  എന്തെല്ലാമോ  വികാരങ്ങൾ  കടത്തി വിടുന്നു  ഈ മഴ.
 കഴിഞ്ഞ്  പോയ  ഇന്നലെകൾ  അവയിലെ ഓർമ്മകളുമായി  വീണ്ടും  എന്നിലേക്ക്  കടന്ന് വരുമ്പോൾ  എന്റെ ബാല്യത്തിലേക്ക്  ഞാൻ  തിരികെ  പായുകയാണ്  അവയെല്ലാം  ഒന്ന് കൂടി  അനുഭവിക്കുവാൻ.
ആലപ്പുഴ വട്ടപ്പള്ളിയിലെ  എന്റെ ബാല്യം  ഈ മഴയത്ത് അസുമാ താത്തായുടെ  പറമ്പിലെ കുളത്തിൽ   കൂട്ടുകാരുമൊത്ത്  കുതിച്ച്  ചാടുവാൻ  എന്നെ പ്രേരിപ്പിക്കുന്നല്ലോ. കമഴ്ന്നും  മലർന്നും കിടന്ന്  നീന്താൻ  എന്റെ കൈകാലുകൾ   ഇപ്പോൾ തരിച്ച്  കയറുന്നു. മറ്റൊരു കേളീ സ്ഥലമായ   മീരാമ്മാ താത്തായുടെ പറമ്പിലെ കുളത്തിൽ  നിന്നും  അവർ കാണാതെ ചൂണ്ട്  ഇട്ട്   പള്ളത്തിയും  വരാലും വട്ടാനെയും  പിടിക്കുവാൻ  ചൂണ്ട കമ്പുമായി   ഇറങ്ങി  തിരിക്കാൻ  കാലുകൾ  വെമ്പുന്നു.
 ശക്തമായ മഴയിൽ ഓടി കിതച്ച്     ബാല്യകാല സഖിയുടെ       വീടിന്റെ ഇറമ്പത്ത് കയറി  നിൽക്കാനും  തല തുവർത്തൂ  എന്നും  പറഞ്ഞ്   അവൾ നീട്ടി  തന്ന തോർത്ത്  വാങ്ങി  തല തുവർത്തുവാനും   ഇടക്കിടെ  അവളെ നോക്കി  പുഞ്ചിരിക്കാനും കൊതിയാവുന്നല്ലോ. "ശ്ശോ!  കഴുത്തിൽ  വെള്ളമിരിക്കുന്നു "  എന്നും  പറഞ്ഞ്  തോർത്ത്  തിരികെ വാങ്ങി  അവൾ  തന്നെ  വെള്ളം  തുടച്ച് തന്നതും  ആ കരസ്പർശം  ഏറ്റ്  നിന്നപ്പോൾ  ശരീരത്തിലെ രോമം  എഴ്നേറ്റ്  നിന്നത്  മഴയുടെ  തണുപ്പ്  കൊണ്ടല്ല  അവളുടെ  നിശ്വാസമേറ്റിട്ടാണെന്ന്  അന്നും  ഇന്നും  തീർച്ചയുണ്ടല്ലോ! എവിടെയെന്നറിയാതെ എവിടേക്കോ  എന്നിൽ  നിന്നും  പിരിഞ്ഞ്  പോയ,   ഇപ്പോൾ    അമ്മയായി  അമ്മൂമ്മയായി  മാറിയ പ്രിയ  സഖിയെ   ഇനി  ഒരിക്കലും  കാണാൻ  കഴിയില്ല  എന്ന ചിന്തയാണ്   നാലു ചുറ്റും  കരയുന്ന  മഴയോടൊപ്പം  എന്റെ മനസിനെയും  കരയിക്കുന്നത്  എന്ന്  ഞാൻ  തിരിച്ചറിയുന്നല്ലോ!
എങ്കിലും  എന്റെ ബാല്യമേ!  നീ എന്നിലേക്ക്  തിരിച്ച്  വന്നിരുന്നെങ്കിലെന്ന്  എത്രമാത്രം  ഞാൻ  മോഹിക്കുന്നുവെന്നോ!
വെറുതെയല്ല     കവി  പാടിയത്  "വെറുതെ ഈ മോഹങ്ങളെന്നറിയുമ്പോഴും  വെറുതെ  മോഹിക്കുവാൻ  മോഹം..."  എന്ന്.

Saturday, May 9, 2015

നിരത്തുകൾ മൂക സാക്ഷികൾ

 രാവിലെ നടക്കാനിറങ്ങുമ്പോൾ ഈ നിരത്ത് വഴി എന്നും  ഞാൻ പോകാറുണ്ട്. കൊട്ടാരക്കര നിന്നും പള്ളിക്കൽ വഴി മണ്ണടിയിലേക്കുള്ള  നിരത്ത്.
 ഓരോ  നിരത്തിനും അതിന്റേതായ പൂർവ കഥകൾ കാണും. അഥവാ പല  ചരിത്ര സംഭവങ്ങൾക്കും  നിരത്തുകൾ മൂക സാക്ഷികളായിരുന്നിരിക്കാം.  ഈ നിരത്തിൽ കൂടി  എത്രയോ പേർ   മുൻ ചരിത്രങ്ങളൊന്നും  അറിയാതെ  കടന്ന്  പോകുന്നു. പക്ഷേ  നൂറ്റാണ്ടുകൾക്ക് മുമ്പ്  ഇതിലൂടെ ഒരു ശവം കെട്ടി വലിച്ച് കൊണ്ടു  വന്നിരുന്നു  എന്ന് ഇവിടത്തെ പഴമക്കാർ  പറയുന്നു. അന്ന് കല്ലും  മുള്ളും  നിറഞ്ഞ  ഒരു  വഴിയായിരുന്നുവത്രേ ഇപ്പോൾ  ടാറിട്ട് മനോഹരമായിരിക്കുന്ന ഈ വഴി.  സമീപത്തുണ്ടായിരുന്ന കൊച്ച് കുന്നുകളെല്ലാം  ഇപ്പോൾ  ഇടിച്ച് നിരപ്പാക്കി വഴി സുഗമമാക്കിയിരിക്കുന്നു. മണ്ണടിയിൽ നിന്നും ഈ  എളുപ്പവഴിയിലൂടെ   കൊട്ടാരക്കര  എത്തി   പിന്നീട്   അനന്തപുരിയിലേക്ക്   പോകാൻ  സാധിക്കുമായിരുന്നു.   ഇന്നലെ വരെ  അഴിമതിക്കെതിരെ കർശന ശിക്ഷ നടപ്പാക്കിയ ആ   സ്വാതന്ത്രിയ പോരാളിയുടെ      മൃതദേഹം  ഇംഗ്ലീഷ് പട്ടാളക്കാരുടെ സഹായത്തോടെ  നാട്  വാണിരുന്ന പൊന്ന് തമ്പുരാന്റെ കൂലിപ്പട്ടാളം  മണ്ണടിയിൽ നിന്നും ഇതിലെയാണ് വലിച്ച് കൊണ്ട് പോയതെന്ന്   പഴയ  തലമുറയിൽ പ്പെട്ട ഒരു വൃദ്ധൻ അദ്ദേഹം ബാല്യത്തിൽ കേട്ട കഥകളിൽ നിന്നും  ഞങ്ങൾക്ക്  പറഞ്ഞ്  തന്നു.  ഒരു നിമിഷം  പഴയ കാലത്തേക്ക്  മനസ് ഊളിയിട്ടപ്പോൾ  അന്ന്  നടന്നിരുന്ന സംഭവങ്ങളും  ഇന്നലെ  വരെ ആദരവുകൾക്ക് പാത്രീഭൂതനായി  നാടിനെയും സായിപ്പിനെയും  കിടു കിടെ  വിറപ്പിച്ച   ആ  ഭരണാധികാരിയുടെ    ശവം യാതൊരു മാന്യതയും നൽകാതെ     കെട്ടി വലിച്ച് കൊണ്ട്  പോകുന്നത്  കാണാൻ  സമീപസ്ഥമായ കുന്നും പുറങ്ങളിൽ ഗ്രാമ വാസികൾ  നിരന്ന്  നിന്നതും  തലക്കുളത്ത് അദ്ദേഹത്തിന്റെ തറവാട്  ഇടിച്ച്  നിരപ്പാക്കിയതും    അദ്ദേഹത്തിന്റെ  മൃതദേഹം   ദിവസങ്ങളോളം കഴുവിൽ  കിടന്നാടിയതും  ആ തറവാട്ടിലെ   പിൻ താവഴി ആരെന്നറിയാത്ത വിധത്തിൽ  ഇല്ലാതാക്കിയതും  സിനിമയിലെന്ന വണ്ണം  എനിക്ക്  കാണാൻ സാധിച്ചു.
 അതേ!  ഓരോ  നിരത്തുകൾക്കും  അതിന്റേതായ  ഓരോ  കഥകളുണ്ട്.

Monday, April 27, 2015

പരസ്യം ചെയ്താലും ഫലമില്ല.

           
ഞങ്ങൾ വസിക്കുന്ന  നഗരത്തിന്റെ തിരക്ക്  നിറഞ്ഞ  വീഥിക്ക് സമീപം നിത്യവും  കണ്ട് കൊണ്ടിരിക്കുന്ന കാഴ്ചയാണിത്.  എത്ര ശക്തമായ താക്കീത്   പരസ്യത്തിലൂടെ നൽകിയാലും പോ പുല്ലേ  എന്ന മട്ടിൽ  ജനം ആ പരസ്യത്തിന് താഴെ ദിനവും മാലിന്യങ്ങൾ  നിക്ഷേപിച്ച് കൊണ്ടിരിക്കുന്നു. ഇരു ചക്ര വാഹനത്തിലോ കാറിലോ  രാത്രി  വരുക,  മാലിന്യം അടങ്ങിയ പ്ലാസ്റ്റിക്  സഞ്ചി തൂക്കി  എറിയുക,  വാഹനം വിട്ട് പോവുക  ഇതാണ്  പതിവ് . തദ്ദേശ   സ്വയം ഭരണ  ഉദ്യോഗസ്തർ വിചാരിച്ചാൽ  ഒരു  ദിവസം കൊണ്ട്  ഇത്  നിർത്താം. പക്ഷേ അവർ അതിന് മുതിരാറില്ല.
പട്ടിണീ കൊടി കുത്തി വാണ പഴയ കാലത്ത്  ഇത്രത്തോളം മാലിന്യങ്ങൾ  മലയാളക്കരയിൽ ഇല്ലായിരുന്നു.ഈ മാലിന്യങ്ങളിൽ ഭൂരി ഭാഗവും ഭക്ഷണാവശിഷ്ടങ്ങളാണ് .  പണ്ട് തിന്നാനൊട്ടും ഇല്ലാതിരുന്ന കാലത്ത്  ഭക്ഷണ   അവശിഷ്ടം അപൂർവമായിരുന്നു    . മൽസ്യം വാങ്ങിയാൽ   പണ്ട് അതിന്റെ തല വരെ ഉപയോഗിക്കും.  മാംസാഹാരം വിശേഷ ദിവസങ്ങളിൽ മാത്രം. പിന്നെങ്ങിനെ ആഹാരസാധനങ്ങൾ ബാക്കി വരും. ഇന്ന്  ആ   അവസ്ത മാറി. തിന്നാലും തിന്നാലും  ആഹാരം ബാക്കി വരുന്ന അവസ്ത. അഥവാ  ആർത്തി ഇല്ലാത്ത അവസ്ത. ആഹാരം  ബാക്കി വരുന്നു..പൊതിയുന്നു..വലിച്ചെറിയുന്നു.
  മറ്റൊരു കാരണം: പണ്ട് 25, 50 , 15, സെന്റ് സ്ഥലത്ത് ഒരു വീട്  സ്ഥിതി ചെയ്യുന്നിടത്ത്  ഇന്ന് രണ്ടും മൂന്നും  സെന്റിലാണ്  നഗരങ്ങളിൽ വീട്  നിർമ്മിക്കുന്നത്.  പരമാവധി അഞ്ച് സെന്റ് സ്ഥലം വരെ   ആയേക്കാം. ഇവിടെ  എവിടെയാണ്  മാലിന്യം നിക്ഷേപിക്കാൻ  സൗകര്യം?  രാത്രി വരെ കാത്തിരിക്കുക, പ്ലാസ്റ്റിക് സഞ്ചി  നിറച്ചത്  എടുക്കുക,  വാഹനം സ്റ്റാർട്ട് ചെയ്യുക  വഴിയിൽ വലിച്ചെറിയുക,  ഇത്  നിത്യവും  നടത്തേണ്ട കർമ്മമായി  മാറിയിരിക്കുന്നു.
ഈ  വലിച്ചെറിയൽ പരിപാടി  പഞ്ചായത്ത്കാർക്ക് / മുനിസിപ്പാലിറ്റിക്കാർക്ക്  ഒരു പൈസാ പോലും ചെലവില്ലാതെ     നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളൂ.  വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കാൻ സ്വകാര്യ കമ്പനികളെ  അനുവദിച്ചാൽ  അവർ തൊഴിലാളികളെ നിയമിച്ച്  വീടുകളിൽ നിന്നും മാലിന്യങ്ങൾ  ശേഖരിക്കും. ഇതിന് പ്രതിഫലമായി    പ്രതിമാസം വീട്ടുകാരിൽ  നിന്നും ഒരു നിശ്ചിത തുക  സർവീസ് ചാർജായി  വാങ്ങി  എടുക്കാൻ അവർക്ക്  അധികാരം നൽകുകയും   വേണം  .  ഇപ്രകാരം ചെയ്താൽ  രാത്രി ഒളിച്ചും പാത്തും  പ്ലാസ്റ്റിക് ബാഗ്   ഏറിൽ നിന്നും  മുക്തരാകാൻ സാധിക്കുമെന്നതിനാൽ  എല്ലാ വീട്ടുകാരും ഇതിൽ സഹകരിച്ച് ഒരു ചെറിയ ഫീസ്  പ്രതിമാസം നൽകുമെന്ന് ഉറപ്പ്.  മാലിന്യം ശേഖരിക്കുന്നവർ  അത് പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചാൽ മതിയാകുമല്ലോ. ഈ പദ്ധതി  നിലവിൽ  വന്നതിന്  ശേഷം പിന്നെയും  വലിച്ചെറിയൽ പരിപാടി  നടത്തുന്നവരെ കയ്യോടെ പിടികൂടി  അവർക്കെതിരെ കർശനമായ നടപടികളിലൂടെ   ക്രിമിനൽ കേസ്  ഫയൽ ചെയ്യാൻ  അമാന്തിക്കുകയും അരുത്.      ഈ പദ്ധതി വടക്കൻ  നഗരങ്ങളിൽ വിജയകരമായി ഇപ്പോൾ പ്രാവർത്തികമാക്കി  വരുന്നു എന്നും  മനസിലാക്കുക.

Saturday, April 25, 2015

അവൾ ചാറ്റ് ചെയ്തിരുന്നു.....

വിവാഹം കഴിഞ്ഞ്  ആദ്യ വർഷം ഭർത്താവ് പറയുന്നത് ഭാര്യ കേൾക്കുമെന്നും  രണ്ടാം വർഷം ഭാര്യ പറയുന്നത്  ഭർത്താവ് കേൾക്കുമെന്നും  മൂന്നാം വർഷം  രണ്ട് പേരും കൂടി  പറയുന്നത്  നാട്ട്കാർ കേൾക്കുമെന്നും പറഞ്ഞിരുന്ന  പഴയ ഫലിതം ഇപ്പോൾ   വ്യത്യസ്തപ്പെടുത്തി  വർഷം എന്നതിന് പകരം   മാസം എന്നാക്കി മാറ്റണമെന്ന  നിലയിൽ    സമൂഹത്തിൽ   കുടുംബ കലഹം വർദ്ധിച്ച് വരുന്നതായി കാണപ്പെടുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം മാസം അടിച്ച് പിരിയുക  എന്നത്   എത്ര ദയനീയമാണ്, അതും നിസാര കാരണങ്ങളാൽ.     വിട്ട് വീഴ്ച അൽപ്പം  പോലും  കാണിക്കാതെ താൻ പിടിച്ച  മുയലിന് മൂന്ന്  കൊമ്പ് എന്ന  മട്ടിലുള്ള ആ നിൽപ്പ്  ചില കേസുകളിൽ  കാണേണ്ടത്  തന്നെയാണ്. എന്നിട്ട് താൻ  പറഞ്ഞതിനെ സാധൂകരിക്കാൻ  എന്ത്  തോന്ന്യവാസവും ആരോപിക്കാൻ  ഒരു മടിയും  ഇന്നത്തെ തലമുറക്ക് ഇല്ല.
  കലഹത്തെ തുടർന്ന്   പരസ്പരം   വേർപിരിഞ്ഞ് കഴിയുന്ന ഒരു ദാമ്പത്യ ബന്ധ കേസിൽ മദ്ധ്യസ്തത പറയാൻ  ചെന്ന     ഞങ്ങൾ ഇപ്രകാരമൊരു  അനുഭവത്തിന് സാക്ഷികളാകേണ്ടി    വന്നു. ഭർത്താവിനെയും അയാളുടെ   കുടുംബത്തെയും വയറ് നിറയെ  അസഭ്യങ്ങൾ പറഞ്ഞ്  കഴിഞ്ഞ്   ജയിച്ച മട്ടിൽ നിന്ന   ഭാര്യയെ എങ്ങിനെ തോൽപ്പിക്കാം  എന്ന വാശിയിൽ ഭർത്താവ്  പരതുമ്പോൾ  കിട്ടിയ പിടി വള്ളി  ഉയർത്തി  കാട്ടി അയാൾ ഇപ്രകാരം കൂവി.
 "സാറേ! ഇവൾ കല്യാണത്തിന് മുമ്പ് എന്നെ രാത്രി മുഴുവൻ ചാറ്റ് ചെയ്തിരുന്നു. അവൾ അന്ന് പ്രയോഗിച്ച വാക്കുകൾ  നല്ല പയറ്റി തെളിഞ്ഞ ഒരു  പെണ്ണിന്റേതായിരുന്നു.  ഇവൾ ഒരു   പോക്ക് കേസാണെന്ന് അന്നേ  ഞാൻ  കരുതിയതാ..പിന്നെ  അങ്ങ്  ഞാൻ ക്ഷമിച്ച് കല്യാണം  നടത്തി  ഈ കുരിശ്  എന്റെ തലയിൽ കയറ്റി വെച്ചു...   ദാ ഇപ്പോ  കിടന്ന്  അനുഭവിക്കുന്നു...അനുഭവി രാജാ..അനുഭവി...".  ആ കൂവൽ കേട്ട  ഭാര്യ ഒട്ടും വിട്ട് കൊടുത്തില്ല...
" ഈ പരനാറി അന്ന് എന്നോട്   ചാറ്റിൽ  പറഞ്ഞ  വാക്കുകൾ  കേട്ടാൽ  നനച്ചാലും കുളിച്ചാലും അഴുക്ക് മാറില്ല...ഒരു പെണ്ണിന്റടുത്ത് പറയാൻ കൊള്ളാവുന്ന  വാക്കുകളാണോ  ചാറ്റ് ചെയ്ത് കൂട്ടിയത്... പിന്നെ  ഞാനങ്ങ് കരുതി എന്നെ കെട്ടാൻ പോകുന്നവനല്ലേ  എന്ന്...."'  ഭാര്യ  ഉടനേ മറു വെടി  പൊട്ടിച്ചു.
"നിങ്ങളുടെ  ഇ മെയിൽ  മേൽ വിലാസവും  ഫെയ്സ് ബുക്ക് ഡീറ്റൈലും അയാൾക്കെങ്ങിനെ കിട്ടി... "  സ്വാഭാവികമായ      സംശയം ഞങ്ങൾ  ഭാര്യയോട് ഉന്നയിച്ചപ്പോൾ     മറുപടി പറഞ്ഞത്  ഭർത്താവായിരുന്നു.
" സാറേ! ആ വക സാധനങ്ങൾ  അവൾക്കുണ്ടോ എന്ന്   പെണ്ണ് കാണാൻ ചെന്നപ്പോൾ  ഞാൻ ചോദിച്ച ഉടൻ  അവളുടെ  തന്തപ്പടി  പറഞ്ഞു, ' കൊള്ളാം  എന്റെ മോൾ അതിന്റെയെല്ലാം  ആശാട്ടി അല്ലിയോ അവൾക്കറിയാത്ത കാര്യങ്ങൾ  ചുരുക്കമാ.... അതെല്ലാം   സ്വന്തമായിട്ട്  ഉണ്ട്  എന്ന് പറ  മോളേ     എന്ന്.     ഉടനെ തന്നെ     അവളുടെ  മൊബൈൽ നമ്പറും  ഇ മെയിലും മറ്റെല്ലാ കുന്ത്രാണ്ടവും  എനിക്ക്  തന്തയും  മോളും  കൂടി തന്നു  അങ്ങിനെയാ എനിക്ക്   അതെല്ലാം  കിട്ടിയത് "
അപ്പോൾ  അതാണ്  കാര്യം. പെണ്ണ് കാണൽ  ചടങ്ങിന്  മറ്റ് നടപടി ക്രമങ്ങളോടൊപ്പം  ഇ മെയിലും പെണ്ണിന്റെ മൊബൈൽ   നമ്പറും  ഫെയ്സ് ബുക്ക് അക്കൗണ്ടും    കൈമാറുന്നു. പിന്നീട് കല്യാണം കഴിയുന്നത് വരെ ചാറ്റിംഗും  ഫോൺ വിളിയും ഇപ്പോൾ പതിവ് സംഭവമായിരിക്കുന്നു.   ആന കരിമ്പിൻ  തോട്ടത്തിൽ കയറിയത്  പോലെ  രണ്ട് പേരും     ആവേശത്തോടെ     വായിൽ തോന്നിയത് കോതക്ക് പാട്ട്   എന്ന മട്ടിൽ  വാചകങ്ങൾ   ഫിറ്റ് ചെയ്ത്  സംസാരിക്കുകയോ ചാറ്റുകയോ ഒക്കെ  വിവാഹത്തിന്  മുമ്പ്  ചെയ്യുന്നു   ആധുനിക  ലോകത്തിൽ  ഇതിൽ പുതുമ ദർശിക്കാനോ  കുറ്റം പറയാനോ സാദ്ധ്യമല്ല  . പക്ഷേ ആധുനികത  യന്ത്രങ്ങളിൽ  മാത്രമാണെന്നും    മനസ്സ്  ഇപ്പോഴും  പഴയ പട്ടിക്കാട്ട് സംസ്കാരത്തിൽ  തന്നെ  ആണെന്നും  സാധാരണക്കാർക്ക്  തിരിച്ചറിയാൻ  കഴിയാതെ  പോകുന്നു.. സ്നേഹത്തിലിരിക്കുമ്പോൾ   രഹസ്യത്തിൽ പറഞ്ഞതും  പ്രവർത്തിച്ചതും   പിണങ്ങുമ്പോൾ വിളിച്ച് പറയുന്ന സംസ്കാരം ഇന്നും മലയാളികളിൽ അവശേഷിക്കുന്നുണ്ട്. അത്  കൊണ്ട്  വിവാഹ നിശ്ചയമോ പെണ്ണ് കാണലോ  കഴിഞ്ഞ ഉടനേ എത്ര പരിഷ്കാരമാണെങ്കിൽ തന്നെയും  ഈ വക സാധനങ്ങൾ  കൈ മാറ്റം  നടത്തുന്നത്   അൽപ്പം   കുറക്കുന്നത്  ഭാവിക്ക്  നല്ലതാണെന്ന്  തോന്നുന്നു .
 ഒരു വാക്ക് പോലും വിവാഹത്തിന്  മുമ്പ് സംസാരിച്ചിട്ടില്ലാത്ത  യാതൊരു  മുൻ പരിചയവും ഇല്ലാത്ത   മുൻ  തലമുറയിലെ  പെണ്ണും  ചെക്കനും  വിവാഹം കഴിഞ്ഞ്   ജീവിതകാലം  മുഴുവൻ  എനിക്ക് നീയും   നിനക്ക് ഞാനും എന്ന രീതിയിൽ ജീവിച്ച്   കാണിച്ച്  വിദേശികളിൽ അൽഭുതം  സൃഷ്ടിച്ച    നാടായിരുന്നല്ലോ  നമ്മുടേത്....
പിൻ കുറി:  മുകളിൽ പറഞ്ഞ കേസ് ഇപ്പോഴും പിണങ്ങി തന്നെ കഴിയുന്നു.