Sunday, August 18, 2013

അന്ധനെ അവഗണിച്ചു



 പതിവ് പോലെ നോമ്പ് കാലത്തിന്റെ  അവസാനദിവസം ആ  വൃദ്ധയുടെ വീട്ടിൽ ഒരു  കവർ അരിയുമായി  ഞാൻ  പോയി. പെരുന്നാളിന്റെ  തലേ  ദിവസം  ഫിത്റു സക്കാത്ത്  നൽകൽ  നിർബന്ധമാണ്.  എന്റെ  സ്നേഹിതന്മാരും  കുടുംബാംഗങ്ങളും  എന്നെ  ഏൽപ്പിക്കുന്നതും  സ്വന്തം വകയും   ജമാത്തെ  ഇസ്ലാമി  കേന്ദ്രത്തിൽ നിന്നും നൽകുന്നതും ആയ അരി ശേഖരിച്ച് ഒരു വീട്ടിലേക്ക് അഞ്ച് കിലോ എന്ന രീതിയിൽ തരം തിരിച്ച് 
പാക്കറ്റുകളാക്കി  അർഹതയുള്ളവരുടെ വീട്ടിൽ  എത്തിച്ച്  നൽകൽ വർഷങ്ങളായി ഞാൻ  ചെയ്ത്  വരുന്ന ജോലിയാണ്.  
  അങ്ങിനെയാണ് ആ വൃദ്ധയെ  ഞാൻ  പരിചയപ്പെട്ടത്.
 ഇപ്പോൾ  അപൂർവമായി  കാണപ്പെടുന്ന  ഓല  മേഞ്ഞ ഒരു കുടിലിൽ ആണ് അവർ താമസം. ഞാൻ  കാണുമ്പോഴെല്ലാം എന്തെങ്കിലും ജോലിയിൽ  അവർ  വ്യാപ്ർതയായിരിക്കും. ചിലപ്പോൾ  തെങ്ങോല  മെടയുകയായിരിക്കും. മറ്റ്  ചിലപ്പോൾ എന്തെങ്കിലും  വസ്ത്രങ്ങളുടെ  കീറൽ  തുന്നി  കൊണ്ടിരിക്കും.  ഈ  എഴുപതാം  വയസിലും  അവർ വെറുതെ  ഇരിക്കുന്നത്  ഞാൻ  കണ്ടിട്ടില്ല.  എന്നെ  കാണുമ്പോൾ വെളുക്കെ  ചിരിച്ച്  കൊണ്ട് നീട്ടി വിളിച്ച് പറയും;
"മോനേ ഈ വർഷവും ഞാൻ  ജീവിച്ചിരിപ്പുണ്ട് അല്ലേ” 
തുടർന്ന്  അവരുടെ രണ്ട്  ആൺ മക്കളും  അവരെ  കാണാൻ  ചെല്ലാത്തതും മക്കളെയും  പേരക്കുട്ടികളെയും കാണാനുള്ള ആഗ്രഹവും എന്നോട്   നിർത്താതെ  പറഞ്ഞ്  കൊണ്ടിരിക്കും.ആരോടെങ്കിലും  ഈ ദു:ഖങ്ങൾ പറഞ്ഞാൽ  അവരുടെ മനസിന്റെ  വിഷമം  മാറുമായിരിക്കാം. സ്വന്തം കുട്ടികളോടൊപ്പം  പോയി താമസിക്കാൻ പലപ്പോഴും ഞാൻ അവരെ ഉപദേശിക്കാറുണ്ട്. കുട്ടികൾ രണ്ട് പേരെയും  ഇവിടെ പ്രസവിച്ചതാണെന്നും  ഈ മുറ്റത്ത് അവർ ഓടികളിച്ചതാണെന്നും ഈ വീട്ടിലാണ് ഭർത്താവിനോടൊപ്പം ജീവിതത്തിന്റെ നല്ല നാളുകൾ കഴിച്ച് കൂട്ടിയതെന്നും മൂപ്പർ ഇവിടെ കിടന്നാണ് മരിച്ചതെന്നും അവർക്കും ഇവിടെ കിടന്ന് തന്നെ മരിക്കാനാണ് ആഗ്രഹമെന്നും വൃദ്ധരുടെ പതിവ് ശാഠ്യം അവർ പ്രകടിപ്പിക്കുമ്പോൾ അതിനെ എതിർത്ത് അവരുടെ മനസിന് പ്രയാസം ഉണ്ടാക്കരുതെന്ന് കരുതി ഞാൻ നിശ്ശബ്ദനാകും.  പതിവായി അൽപ്പ  നേരം  അവരുടെ പരിദേവനങ്ങൾ കേൾക്കാനായി  ഞാൻ  ചിലവഴിക്കുമെങ്കിലും ഈ  തവണ എനിക്ക്  പോകാൻ  ധൃതിയുണ്ടായിരുന്നതിനാൽ ഞാൻ തിടുക്കം  കൂട്ടി.
 ഞങ്ങൾ  താമസിക്കുന്ന  പ്രദേശത്തെ ഒരു പ്രധാന സംഘടന റമദാൻ  മാസത്തിൽ  അവസാന ദിവസം  ഇഫ്താർ  പാർട്ടിക്ക് എന്നെ  പ്രത്യേകം  ക്ഷണിക്കുകയും ഇതര മതസ്ഥർ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന  ആ ചടങ്ങിൽ പ്രഭാഷണം നടത്തുന്നവരിൽ ഒരാളായി  എന്നെ  തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. മതസൗഹാർദ്ദവും പരസ്പര സഹകരണവും വിഷയമായി ഉൾക്കൊള്ളിക്കുവാനാണ് സംഘടനയുടെ പ്രധാന  ഭാരവാഹിയായ എന്റെ സ്നേഹിതൻ  എന്നോട് ആവശ്യപ്പെട്ടിരുന്നത്.
. എനിക്ക്  ഇഷ്ടമുള്ള വിഷയമാകയാൽ തീർച്ചയായും പ്രഭാഷണത്തിനായി എത്തിക്കൊള്ളാമെന്ന് ഞാൻ ഉറപ്പ് നൽകുകയും ചെയ്തു.
 അരി വിതരണം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ഇഫ്ത്താറിന് പങ്കെടുക്കാൻ പോകുവാനുള്ളതിനാലാണ് ഈ തവണ വൃദ്ധയുടെ പരിദേവനങ്ങൾക്ക്  ഞാൻ  ചെവി  കൊടുക്കാതിരുന്നത്. പക്ഷേ അവർ വീണ്ടും എന്തോ പറയാനായി വെമ്പിയപ്പോൾ ഞാൻ  തിരിഞ്ഞ് നിന്നു.
 “മോനേ! ഇന്ന് നോമ്പ് തുറക്കാൻ മോൻ എന്നോടൊപ്പം കൂടുമോ?” അവർ മടിച്ച് മടിച്ചാണ് ആവശ്യം  എന്നോട് അവതരിപ്പിച്ചത്.  
 “ഈ തവണ നോമ്പ് തുറക്ക് എന്റെ കുഞ്ഞുങ്ങൾക്ക് വരാൻ സാധിച്ചില്ല, അവർക്ക് തെരക്കാണെന്ന് എന്നോട് പറഞ്ഞു. ഇനി  അടുത്ത കൊല്ലം  നോമ്പിന് ഞാൻ   ജീവിച്ചിരിക്കുമോ എന്നാരറിഞ്ഞു, അത്  കൊണ്ട്  മോനോട് ചോദിച്ചതാ… ഇന്നത്തെ നോമ്പ് തുറ ഈ ഉമ്മായോടൊപ്പം കൂടാമോ?...ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ടാ……"
അവർ തലകുനിച്ച് നിന്നു.  
 ഞാൻ  അവരോട്  എനിക്ക്  ഇഫ്ത്താറിന് പോകേണ്ട കാര്യം  പറയുകയും  എനിക്ക് അവിടെ  പ്രഭാഷണം  നടത്തേണ്ട നിർബന്ധ സാഹചര്യം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
 ഇഫ്ത്താർ പാർട്ടിക്ക് വിവിധ മതസ്തരായ ധാരാളം ആൾക്കാർ കൂടുമെന്നും അതിനാൽ  തന്നെ റമദാന്റെ മഹത്വവും അയൽ വാസിയോടുള്ള കടമയും മത സൗഹാർദ്ദവും  സമൂഹത്തിലെ വിവിധ തരക്കാരായ ആൾക്കാർ ഒത്തൊരുമയോടെ കഴിയേണ്ട ആവശ്യകതയും പറ്റി ഇത് പോലുള്ള വേദികളിൽ സംഭാഷണം നടത്തുന്നത് ഗുണപ്രദമാണെന്നും  തിരിച്ചറിഞ്ഞിരുന്ന എനിക്ക് വൃദ്ധയുടെ ആവശ്യം   നിരസിക്കാൻ ഒരു മടിയുമില്ലായിരുന്നു.
 അവരുടെ മുഖത്തെ ദയനീയതയിലേക്ക് നോക്കാതെ  പെട്ടെന്ന് തന്നെ അവിടം വിട്ട് പോന്നു. അരി വിതരണം പൂർത്തിയാക്കി   വീട്ടിലെത്തി ചേർന്ന ഞാൻ  പ്രഭാഷണം നടത്തേണ്ടതിലേക്കുള്ള നോട്ടുകൾ തയാറാക്കുമ്പോഴേക്കും വൃദ്ധ എന്റെ മനസിൽ നിന്നും പാടേ  അപ്രത്യക്ഷമായി കഴിഞ്ഞിരുന്നുവല്ലോ. 
ഇഫ്ത്താർ പാർട്ടി നടക്കുന്ന ആഡിറ്റോറിയം ഞാൻ അവിടെ എത്തുമ്പോഴേക്ക് നിറഞ്ഞ് കഴിഞ്ഞിരുന്നു.വിഭവ സമൃദ്ധമായ നോമ്പ് തുറയാണ് അവിടെ നടക്കാൻ പോകുന്നതെന്ന് എന്റെ കൂട്ടുകാരൻ അറിയിച്ചു.റമദാനെ പറ്റി വിവരിക്കുമ്പോൾ നോമ്പ് തുറ ഇപ്രകാരം തീറ്റ ക്യാമ്പായി നിറം മാറ്റുന്നത് ആശാസ്യമല്ല എന്ന്  പ്രസംഗത്തിനിടയിൽ കടത്തി വിടണമെന്ന് ഞാൻ ഉള്ളിൽ കരുതി.
 കാര്യ പരിപാടിയുടെ ആദ്യ ഇനമായ ഈശ്വര പ്രാർത്ഥനക്കായി സ്ഥലം മത പാഠശാലയിലെ ഒരു വിദ്യാർത്ഥിയെ അദ്ധ്യക്ഷൻ ക്ഷണിച്ചപ്പോൾ ചുറുചുറുക്കുള്ള ഒരു പന്ത്രണ്ട് വയസ്സ്കാരൻ സ്റ്റേജിലേക്ക് കയറി വന്ന് മൈക്കിന് മുമ്പിൽ നിന്ന് ഈണത്തിൽ ഖുർ ആൻ പാരായണം ആരംഭിച്ചു. "അബസ വതവല്ലാ......" 
വിശുദ്ധ ഖുർ ആനിലെ എൺപതാം അദ്ധ്യായം വിദ്യാർത്ഥിയുടെ കണ്ഠത്തിലൂടെ പുറത്തേക്ക് സ്വര മാധുരിയായി വന്ന്  എന്റെ മനസിലേക്ക്  തേൻ കണങ്ങൾ ഒഴുക്കി വിട്ടപ്പോൾ ആ വരികളുടെ അർത്ഥവും അതിന്റെ സന്ദർഭവും മനസിലെ തിരശ്ശീലയിൽ തെളിയാൻ തുടങ്ങി."ആ അന്ധൻ തന്നെ സമീപിച്ചപ്പോൾ പ്രവാചകൻ മുഖം ചുളിക്കുകയും തിരിഞ്ഞ് കളയുകയും ചെയ്തു...   .സ്വയം പോന്നവനായി ചമയുന്നവനാരോ അവനെ താങ്കൾ ശ്രദ്ധിക്കുന്നു, അവൻ നന്നായില്ലെങ്കിൽ താങ്കൾക്കെന്ത്?............."(മക്കയിലെ പ്രധാന വ്യക്തികൾക്ക്പ്രവാചകൻ ഇസ്ലാമിനെ പരിചയപ്പെടുത്തി കൊണ്ടിരുന്ന വേദിയിലേക്ക്  അബ്ദുല്ലാ ഇബിനു ഉമ്മിമക്തൂം എന്ന അന്ധനായ അനുയായി കടന്ന് വന്ന് പ്രവാചകനോട് എന്തോ സംശയം ചോദിക്കാൻ ഒരുമ്പെട്ടപ്പോൾ താൻ ചെയ്ത് കൊണ്ടിരുന്ന പ്രവർത്തിയുടെ പ്രാധാന്യം കണക്കിലെടുത്ത് പ്രവാചകൻ അസഹിഷ്ണത പ്രകടിപ്പിച്ച് അന്ധന് നേരെ മുഖം തിരിച്ച് കളഞ്ഞു.പ്രവാചകന്റെ ഈ പ്രവർത്തി തിരുത്തേണ്ടതിലേക്ക് അല്ലാഹു അവതരിപിച്ച് കൊടുത്ത സൂക്തങ്ങളാണ് ഈ അദ്ധ്യായത്തിൽ പ്രാരംഭത്തിലുള്ളത്)

എന്ത്കൊണ്ടെന്നറിയില്ല എന്റെ മനസിലേക്ക് വൃദ്ധയുടെ രൂപം കടന്ന് വന്നു.അവരുടെ ശബ്ദം മനസിൽ ഉയർന്ന് മുഴങ്ങി"അടുത്ത കൊല്ലം നോമ്പിന് ഞാൻ .ജീവിച്ചിരിക്കുമെന്ന് ആര് കണ്ടു?" മനസിൽ നീറ്റൽ അനുഭവപ്പെട്ടതിനാൽ  അദ്ധ്യക്ഷന്റെ ചോദ്യം നിറഞ്ഞ നോട്ടത്തെ അവഗണിച്ച് സ്റ്റേജിൽ നിന്നും പതുക്കെ ഇറങ്ങി  ഞാൻ ആഡിറ്റോറിയത്തിന് വെളിയിലെത്തി.
 എന്തിനാണ് ആ  കുട്ടി,  ഖുർ ആനിലെ ഈ അദ്ധ്യയം തന്നെ തെരഞ്ഞെടുത്ത് പരായണം ചെയ്തത്. വൃദ്ധയുടെ ആവശ്യം നിരാകരിച്ച്  പകരം  ഇവിടെ ഉള്ളവരോട് പ്രഭാഷണം നടത്താൻ ഞാൻ മുതിർന്നത് അവരെ ഉദ്ബുദ്ധാരാക്കുന്നതിലുപരി പ്രഭാഷകനായി  എനിക്ക് പൊങ്ങച്ചം കാണിക്കാൻ വേണ്ടിയും കൂടിയല്ലേ?ആൾക്കൂട്ടവും സദസ്സിന്റെ പ്രൗഡിയും  എന്നെ ആകർഷിച്ചതിനാലല്ലേ  വൃദ്ധയുടെ ആവശ്യം ഞാൻ നിരസിച്ചത്?ഈ ഒരൊറ്റ പ്രവർത്തി മൂലം എന്റെ മുഴുവൻ നോമ്പും പാഴായി പോയില്ലേ? എന്നിൽ ഈ തിരിച്ചറിവുകൾ ഉണരാൻ വേണ്ടിയല്ലേ  ഏതോ നിമിത്തം പോലെ ആ പയ്യൻ അബസ വതവല്ലാ എന്ന സൂക്തം ഉരുവിട്ടത്.
 ഞാൻ മാനത്തേക്ക് നോക്കി  ആരോ അവിടെ ഇരുന്ന്  കരയുന്നത് പോലെമഴ ചാറി കൊണ്ടിരുന്നു. എനിക്ക്  കൂടുതലൊന്നും  ചിന്തിക്കേണ്ടി വന്നില്ല. 
ആ സായാഹ്നാന്ത്യത്തിൽ മഴയത്ത് നിരത്തിലൂടെ നടക്കുമ്പോൾ എന്റെ ലക്ഷ്യം നാല് മൈൽ അകലെയുള്ള വൃദ്ധയുടെ വസതി തന്നെയാണെന്ന് എനിക്ക് തീർച്ചയുണ്ടായിരുന്നു.




        

Sunday, July 21, 2013

പീഡനങ്ങളും തട്ടിപ്പുകളും.

പലതരം  സീസണുകൾ  നമുക്ക്  സുപരിചിതമാണ് .  ചക്ക-മാങ്ങാ  ധാരാളം  കിട്ടുമ്പോൾ  അത്  ചക്ക-മാങ്ങാ സീസൺ. ആപ്പിൾ   കൂടുതൽ  ലഭ്യമാകുമ്പോൾ  ആപ്പിൾ  സീസൺ.  ചിക്കൻ ഗുനിയ  ധാരാളം  റിപ്പോർട്ട്  ചെയ്യപ്പെടുമ്പോൾ  ഡോക്റ്ററന്മാർക്കും  മെഡിക്കൽ  ഷാപ്പുകൾക്കും  ചിക്കൻ ഗുനിയാ സീസൺ. അങ്ങിനെ  പോകുന്നു സീസണുകൾ.

  ഞാനിവിടെ  പറയാൻ  പോകുന്നത്  പത്രങ്ങളുടെ    വാർത്താ സീസണുകളെ  പറ്റിയാണ്.  .  അടുത്ത കാലം  വരെ  സ്ത്രീ പീഡനങ്ങളുടെ   വാർത്താ  സീസണായിരുന്നു.
ഡെൽഹി  പീഡനം,  ബംഗ്ലൂർ  പീഡനം,  വിതുര  പീഡനം  സൂര്യനെല്ലി  പീഡനം പരവൂർ  പീഡനം,  അങ്ങിനെ  സ്ഥല നാമങ്ങളാൽ  അറിയപെട്ടിരുന്ന  പീഡനങ്ങളും,  അഛൻ  മകളെ  പീഡിപ്പിച്ചു,  അഛനും  മകനും  പീഡിപ്പിച്ചു,  അമ്മയുടെ  സഹായത്തോടെ  രണ്ടാനഛൻ പീഡിപ്പിച്ചു, അടുത്ത  ബന്ധു   പീഡിപ്പിച്ചു, എന്നിങ്ങനെ  ബന്ധങ്ങളുടെ  പേരിൽ  അറിയപ്പെട്ടിരുന്ന  പീഡനങ്ങളും, അഞ്ച്  വയസുകാരിയെ  പീഡിപ്പിച്ചു, അൻപത്  വയസുകാരിയെ  പീഡിപ്പിച്ചു,  പതിനാലുകാരിയെ  പീഡിപ്പിച്ചു,  എട്ടാം ക്ലാസ് കാരിയെ   പീഡിപ്പിച്ചു,  പ്ലസ് വൺ കാരിയെ  പീഡിപ്പിച്ചു,  എന്നിങ്ങനെ  വയസിനു  പ്രാധാന്യ കൊടുത്ത   പീഡനങ്ങളും,  വാർത്തകളായി  വന്നുകൊണ്ടിരുന്നപ്പോൾ  പുട്ടിന് തേങ്ങാ ഇടുന്നത്  പോലെ  വിവാഹ  വാഗ്ദാനം ചെയ്തു  പീഡിപ്പിച്ചു,  എന്ന  തരത്തിലുള്ള  പീഡന വാർത്തകളും  ഇടക്കിടക്ക്  പീഡന വാർത്താ സീസണിൽ  മുഖം  കാണിച്ച്  കൊണ്ടിരുന്നു.( വിവാഹ  വാഗ്ദാനം  ചെയ്ത്  പീഡനം  ആദികാലം  മുതലുള്ള  വാർത്തയാണ്  .  കാര്യം  സാധിക്കാൻ  കെട്ടിക്കോളാമെന്ന്  പറയുക. ഗർഭിണി  ആകുമ്പോൾ    കാലുമാറുക  എന്നത്  ദുഷ്യന്തന്റെ  കാലം  മുതൽ  ആണുങ്ങളുടെ  പണിയാണ് )
ഇപ്പോൾ  പീഡന  സീസൺ  കഴിഞ്ഞെന്ന്  തോന്നുന്നു.  പൊട്ടാതെ  കിടന്ന  ഓലപ്പടക്കം  അൽപ്പം  വൈകി  പൊട്ടുന്നത്  പോലെ  ഇപ്പോൾ  അപൂർവമായേ ആ വാർത്തകൾ  കാണുന്നുള്ളൂ. 

ഇപ്പോൾ തട്ടിപ്പിന്റെ  സീസണാണ്.  സോളാർ തട്ടിപ്പ്,  ടോട്ടൽ ഫോർ യു  തട്ടിപ്പ്,  ശാലു  തട്ടിപ്പ്,  സരിത തട്ടിപ്പ്, പോഷക  തൈല  തട്ടിപ്പ് , ചാരിറ്റബിൽ  സൊസൈറ്റി തട്ടിപ്പ്,  ലീ കാപിറ്റൽ  തട്ടിപ്പ്, ഷെയർ മാർകെറ്റ്  തട്ടിപ്പ്, മനുഷ്യാവകാശ സംഘടനാ തട്ടിപ്പ്, ഫോറക്സ്  ട്രേഡിംഗ്  തട്ടിപ്പ്, ഇന്റഗ്രേഡ്  ഫിനാൻസ്  തട്ടിപ്പ്,  പത്രങ്ങളിൽ  ഇപ്പോൾ  ഈ വക  തട്ടിപ്പുകളുടെ  സീസൺ  കത്തിജ്വലിച്ച്  നിൽക്കുന്നു.  ഇനി  ഇപ്പോൾ പിഞ്ച്കുട്ടികൾക്കെതിരെ  പീഡന  സീസൺ  തുടങ്ങി  കഴിഞ്ഞു. കുമളി  ഷഫീക്കിന്റെ  കേസ്  പത്രത്തിൽ  വന്നതിനെ  തുടർന്ന്  ആ  മാതിരി  ധാരാളം  കേസുകൾ  വാർത്തകളായി കഴിഞ്ഞു.
പത്രം  വായിച്ച്  കഴിയുമ്പോൾ  തല മരവിക്കുകയാണിപ്പോൾ.  പീഡനത്തിരയാകാനായി  വിധിക്കപ്പെട്ട  ഇത്രയധികം  സ്ത്രീ ജന്മങ്ങളും പീഡിപ്പിക്കാനായി  ഒരു  ഭയവും  മടിയുമില്ലാതെ  ഇത്ര  അധികം  വേട്ടക്കാരും. ധാരാളം വാർത്തകൾ  തട്ടിപ്പിനെ  സംബന്ധിച്ച്  പുറത്ത്  വന്നിട്ടും   ധനാർത്തിയാൽ  പിന്നെയും  പിന്നെയും  ഓരോ  വെട്ടിപ്പിൽ  ചെന്ന്  ചാടി  കോടികൾ  തുലക്കുന്ന  വിദ്യാഭ്യാസവും  വിവരവുമുള്ള  വിഡ്ഡി കൂശ്മാണ്ഡങ്ങൾ. അവരെ  കുപ്പിയിലിറക്കി  കോടികൾ  തട്ടുന്ന  സ്ത്രീകൾ ഉൾപ്പടെയുള്ള  തട്ടിപ്പ്  സംഘങ്ങൾ.(ഇത്രയധികം  കോടികൾ  പുല്ല്  പോലെ  എടുത്ത്  ചെലവഴിക്കാൻ  തക്ക  വിധം  ആസ്തികൾ   ഉള്ളവർ  ഈ ദരിദ്ര കേരളത്തിലുണ്ടെന്നും  വെളിവാകുന്നു)  സ്വന്തം  രക്തത്തിൽ  ജനിച്ച  കുഞ്ഞുങ്ങളെ  കാട്ടാളന്മാർ  പോലും  ചെയ്യാൻ  അറക്കുന്ന  വിധം  ക്രൂരതക്ക്  ഇരയാക്കുന്ന  പിശാച് രൂപികൾ.
മനുഷ്യന്റെ  മനസ്സിൽ  ഇത്രയും  അന്ധകാരം നിറഞ്ഞ്  നിൽക്കുന്നു  എന്നും  അവർ  നമ്മുടെ  നാലുചുറ്റും  തന്നെ  ഉണ്ടെന്നും   അറിയുമ്പോൾ  തല  ചുറ്റ്  അനുഭവപ്പെടുക  തന്നെ  ചെയ്യും.

Sunday, July 14, 2013

വീണ്ടും അമ്പലനടയിൽ

കഴിഞ്ഞ  വർഷം  ഒരു  പ്രത്യേക  സാഹചര്യത്തിൽ  ഒരു  ദിവസത്തെ  നോമ്പ്  തുറ  ഹിന്ദു  മതത്തിലെ  ചില  സഹോദരന്മാരുടെ  സഹായത്താൽ  നടത്തിയ  അനുഭവം  "അമ്പല നടയിൽ  നോമ്പ്തുറ"  എന്ന  പേരിൽ   ഞാൻ  പോസ്റ്റ് ചെയ്തത്  നിങ്ങൾക്ക്  ഇവിടെ  വായിക്കാം.http://sheriffkottarakara.blogspot.in/2012/08/blog-post.html  

ഒരു  വർഷം  കഴിഞ്ഞ്  പോയി.
അന്ന്  ഞാൻ  കാണാൻ  പോയിരുന്ന   എന്റെ  സ്നേഹിതൻ  കുറച്ച്  മാസങ്ങൾക്ക്  മുമ്പ്  മരിച്ച്  പോയി.  അവന്റെ   ബന്ധുക്കളെ  സന്ദർശിക്കണം.  പഴയ  നോമ്പ് തുറ   ചായക്കടയിലൊന്ന്  കയറണം  എന്ന  ഉദ്ദേശത്തോടെ  കഴിഞ്ഞ  ദിവസം   ആ സ്ഥലങ്ങൾ  ഞാൻ  സന്ദർശിച്ചു.  അമ്പലത്തിനു  സമീപമുള്ള  ആ  ചായക്കടക്ക്  സമീപം  എത്തി  ആ  കട  അന്വേഷിച്ചപ്പോൾ  അത്  പൂട്ടിയ  നിലയിൽ  കാണപ്പെട്ടു.  അതിനു  പുറകിലുള്ള  ചായക്കടക്കാരൻ  താമസിക്കുന്ന  വീടിലെത്തിയപ്പോൾ  അവിടെ  താമസിക്കുന്നവർ  അപരിചിതരാണെന്ന്  കണ്ട്    ചായക്കടക്കാരനെ  പറ്റി  അന്വേഷിച്ചതിൽ   അദ്ദേഹം  ചായക്കടയും  വീടും  വിറ്റ്   മറ്റൊരു  സ്ഥലത്ത്  മകന്റെ കൂടെയാണ്  താമസമെന്ന്  അറിയാൻ  കഴിഞ്ഞു.    എന്തിനാണ്  അവരെ  തിരക്കുന്നതെന്ന  വീട്ടുകാരുടെ  ചോദ്യത്തിനു  മറുപടി  പറയാനാവാതെ  നിശ്ശബ്ദനായി  നിരാശയോടെ   റോഡിൽ  വന്നപ്പോൾ  അന്നത്തെ  ചെറുപ്പക്കാരനെ  കാണാൻ  സാധിച്ചു.  എന്നെ  കണ്ട്  അയാൾ അതിശയത്തോടെ  ഓടി  വന്നു. 
"സാറ്  ഈ  തവണയും  നോമ്പ്  തുറക്കാൻ  ഇവിടെ  വന്നോ?"  അയാൾ  ചിരിച്ച് കൊണ്ട്  എന്നോട്  ചോദിച്ചു.  അയാളുടെ  തോളിൽ  കയ്യിട്ട്  അണച്ച്    പിടിച്ച്  ഹൃദയം  നിറഞ്ഞ  സന്തോഷത്തോടെ  ഞാൻ  ചോദിച്ചു.
"സുഖമാണോ  അനിയാ?  നമ്മുടെ  കാർന്നോരെവിടെയാണ് "  അന്നത്തെ  ആ  പ്രായമുള്ള  കാരണവരെയാണ്  ഞാൻ  തിരക്കിയത്.
"അങ്ങേര്  വിസാ  അടിച്ച്  മുകളിലേക്ക്  പോയി. ഒരു ദിവസത്തെ  അസുഖം. ആൾ  ക്ലോസായി.  നല്ലോരു  മനുഷ്യനായിരുന്നു.  ചായക്കടക്കാരൻ  വീട്  മാറി  പോയി.   ചായക്കട  അടച്ചപ്പോൾ  ഞങ്ങളുടെ  കമ്പനി  പൊളിഞ്ഞു.  അതിരിക്കട്ടെ,  സാറെന്തിനാണ്  വന്നത്  /" അയാൾ  തിരക്കി.
  എല്ലാവരെയും   കാണാൻ  വന്നതാണെന്ന്  പറഞ്ഞപ്പോൾ    ചെറുപ്പക്കാരന്റെ    മുഖത്ത് അതിശയം  പടർന്ന്  കയറുന്നത്  ഞാൻ കണ്ടു.
"ഇതെല്ലമല്ലേ  അനിയാ  ജീവിതത്തിൽ  ബാക്കി നിൽക്കൂ"  എന്ന്   പതുക്കെ  പറയുമ്പോഴും  എന്റെ  മനസ്  മ്ലാനമായിരുന്നു. ആ  ചെറുപ്പക്കാരനോട്  യാത്ര  പറഞ്ഞ്   അവിടെ നിന്നും തിരിക്കുമ്പോൾ  എന്ത്കൊണ്ടോ    ഉള്ളിൽ  വിഷമം  അനുഭവപ്പെട്ടു. .   കഴിഞ്ഞ  വർഷം   ഞാൻ  കണ്ട്  സംസാരിച്ചിരുന്ന  എന്റെ  സ്നേഹിതൻ,  ആ  കാർന്നോര്,  അവരെ  ഇനി  ഒരിക്കലും  കാണാൻ  കഴിയില്ല.    ഗൗരവക്കാരനും  എന്നാൽ   ഉള്ള്  നിറയെ  മധുരം സൂക്ഷിക്കുന്നവരുമായ  ആ ചായക്കടക്കാരനും  ഭാര്യയും , അവരെ  ഇനി  എവിടെയെങ്കിലും  വെച്ച്   കാണാൻ  കഴിയുമോ ആവോ? കഴിഞ്ഞ  വർഷം  അവരുമായി  ഒരു  ദിവസം  കൊണ്ട്  ഞാൻ   സ്ഥാപിച്ച  സൗഹൃദം  ഇനി  പുതുക്കാനാവില്ലല്ലോ  എന്ന  വേദനയോടെ   വാഹനത്തിലിരുന്ന്    കണ്ണിൽ  നിന്നും  മറയുന്നത്  വരെ വീണ്ടും  വീണ്ടും ഞാൻ   ആ സ്ഥലം  നോക്കി കൊണ്ടിരുന്നു.

Wednesday, July 10, 2013

ഈ കായൽ കടത്തണേ!

അരൂർ  നിന്നും  കുമ്പളങ്ങിയിലേക്കുള്ള  യാത്ര.
 ജംകാർ  തന്നെ  ശരണം.

(മകൻ  സൈഫുവിന്റെ  രണ്ട്  വയസുള്ള   കുട്ടി  സിനാൻ   കുമ്പളങ്ങിയിൽ  ഒരു  ന്യൂറോ  ഫിസിയോ  തെറാപ്പി   സെന്ററിൽ  പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.  ജനന  സമയം    പ്രൈവറ്റ്  ആശുപത്രിയിലെ  ഒരു  പീഡിയാട്രീഷന്റെ   നിർബന്ധ  ബുദ്ധിയാൽ   ഇങ്കുബേറ്ററിൽ  വൈക്കപ്പെട്ട  സിനാന്  അവിടെ  വെച്ച്  എങ്ങിനെയോ  തലയിൽ  വെയിൻ  പൊട്ടി   ബ്ലീഡിംഗിനെ  തുടർന്ന്   രണ്ട്  വയസ്സായിട്ടും  ഇരിക്കാനും  നിൽക്കാനും  താമസം  നേരിടുന്നതിനെ  തുടർന്ന്  അന്ന്  മുതൽ  ചികിൽസയിലാണ്.    ദിവസവും  ഫിസിയോ  തെറാപ്പി  വേണമെന്ന  വിദഗ്ദ  ഉപദേശത്താൽ    ഇവിടെ  എത്തി  ചേർന്നു. 
 സിനാന്  വേണ്ടി  പ്രാർത്ഥിക്കുക  അവന്റെ  അസുഖത്താൽ  ദു:ഖിതരായ  ഞങ്ങളോടൊപ്പം.)

Sunday, July 7, 2013

ജന്നത്തുൽ ബഖിയായും ചില ചിന്തകളും

         2005ൽ ഡിസമ്പർ മാസത്തിലെ ഒരു പുലർ കാലത്ത് ജന്നത്തുൽ ബഖിയായുടെ പടികൾ ഞാൻ കയറി കൊണ്ടിരുന്നു. മദീന പള്ളിയിൽ നിന്നും നോക്കിയാൽ കാണുന്ന ഈ സ്ഥലം പരിസര പ്രദേശത്തേക്കാൾ ഉയർന്ന ഭാഗമായതിനാലാണ് അവിടേക്ക് പടികൾ കാണപ്പെട്ടത്.പ്രവാചക പത്നിമാരിൽ പലരും അദ്ദേഹത്തിന്റെ സഹചരരിൽ ചിലരും ഇസ്ലാമിക ചരിത്രത്തിലെ മഹദ് വ്യക്തിത്വങ്ങളും ഈ ശ്മശാനത്തിൽ മറമാടപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞിരുന്നതിനാൽ  അവിടെ സന്ദർശിക്കണമെന്ന് എനിക്ക്  മദീനയിൽ വന്ന അന്ന് തന്നെ ആഗ്രഹം ഉണ്ടായിരുന്നു. ചില സമയങ്ങളിൽ മാത്രം സന്ദർശകർക്കായി വാതിൽ തുറക്കപ്പെടാറുള്ള  ഈ മൈതാനം പുലരിയുടെ അരണ്ട വെളിച്ചത്തിൽ ഒരു പ്രത്യേക പരിവേഷം പൂണ്ട് നിൽക്കുന്നത് ഞാൻ കണ്ടു. നൂറ്റാണ്ടുകളായി മഹാന്മാരും മഹതികളും ഇവിടെ നിത്യ ഉറക്കത്തിലാണ്, സൂർ എന്ന കാഹളം ഊതുന്നത് വരെ.

   മയ്യത്തുകൾ മറമാടുന്ന ഈ സ്ഥലത്തൊരു ദിവസം രാത്രി പ്രവാചകൻ (സ അ) ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ചെന്ന് അവിടെ വെച്ച്  പിൽക്കാലത്ത് പ്രസിദ്ധമായ ആ പ്രാർത്ഥന ഉരുവിട്ടു.(ഖബറിൽ കഴിയുന്നവരേ! നിങ്ങൾ ഞങ്ങൾക്ക് മുമ്പേ ഇവിടെ വന്നു. അല്ലാഹു ഇച്ഛിക്കുമ്പോൾ ഞങ്ങളും നിങ്ങളോടൊപ്പം വരും……എന്ന് തുടങ്ങുന്ന പ്രാർത്ഥന) അതിനു മുമ്പ് അദ്ദേഹം ഖബർ സന്ദർശനം നിരോധിച്ചിരുന്നു. നമ്മളും ഒരു നാൾ കുഴി മാടത്തിലേക്ക് ചെല്ലും എന്നുള്ള ബോധം വിശ്വാസികളിലുണ്ടാകാൻ വേണ്ടി അദ്ദേഹം ഖബർ സന്ദർശനം പുന:സ്ഥാപിക്കുമ്പോൾ സന്ദർശന സ്ഥലത്ത്  ഈ പ്രാർത്ഥന മാത്രം ഉരുവിടാൻ നിർദ്ദേശിച്ചും മറ്റ് വൈകാരികമായ പ്രകടനങ്ങൾ തടയുകയും ചെയ്തു.

ചരിത്രം ഉറങ്ങുന്ന ഈ ഭൂമിയിൽ നിൽക്കുമ്പോൾ മനസ് തരളിതമായി. ഇവിടെ ഇതാ തിരുമേനിയുടെ പ്രിയ പത്നിമാരും വിശ്വാസികളുടെ മാതാക്കളുമായ ആയിഷാ, ജുബൈരിയാ, സഫിയാ തുടങ്ങിയ എല്ലാവരുമുണ്ട്.ഇവിടെ ജഅഫർ ഉണ്ട്.  മൂന്നാം ഖലീഫാ ഉതുമാനിബ്നു അഫ്ഫാനുണ്ട്. പ്രവാചകന്റെ പ്രാധാന സഹചരർ പലരും ഉണ്ട്.പ്രിയ മകൾ ഫാത്തിമ, ഓമന പൗത്രൻ ഹസൻ തുടങ്ങിയവരുമുണ്ട്.(എല്ലാവരിലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ).  ആരുടെതെന്ന്  നമുക്ക്  തിരിച്ചറിയാൻ  കഴിയാത്ത  കുഴിമാടങ്ങളിൽ അവർ ഉറങ്ങുന്നു. മയ്യത്ത് മറമാടിയ ഇടമാണെന്ന് സൂചിപ്പിക്കുന്ന്തിനായി വെറും കാട്ട്കല്ലുകൾ നാട്ടിയിരിക്കുന്ന ആ  കുഴി മാടങ്ങളിൽ മാർബിൾ ഫലകങ്ങളില്ല, പേരുകൾ അടയാളപ്പെടുത്തിയിട്ടില്ല,  അവിടെ ഗോപുരം കെട്ടി പൊക്കിയിട്ടില്ല, എല്ലാ കബറിടങ്ങളും ഒരേ പോലെ കാണപ്പെട്ടു. 

നബി തിരുമേനിയുടെ പ്രിയ പത്നിമാരെ  മറമാടിയിരിക്കുന്നത് നാലഞ്ച് കല്ലുകൾ അടുത്തടുത്തായി നാട്ടിയിരിക്കുന്ന സ്ഥലത്താണെന്ന് ഒരു വൃദ്ധൻ പറഞ്ഞ് തന്നു. മുമ്പ് ഈ ഖബറുകൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവത്രേ! സന്ദർശകരിൽ ചിലരുടെ കൈ വശം കണ്ട പ്ലാനുകളിൽ ആ കബറുകൾ ആരുടേതാണെന്ന്  അടയാളപ്പെടുത്തിയിരിക്കുന്നത് ഞാൻ നേരിൽ കാണുകയുണ്ടായി. അത് ശരിയായിരിക്കാം തെറ്റായിരിക്കാം.

 അപ്പോൾ അവിടെ സാന്നിദ്ധ്യമുള്ള സഊദി സർക്കാർ മത വകുപ്പ് പണ്ഡിതരോട് കബറുകൾ  ആരുടേതെല്ലാമാണെന്ന് ചോദിച്ചപ്പോൾ അത് അവർക്കറിയില്ലെന്നും ആരുടേതായാലും മതത്തിന്റെ കാഴ്ചപ്പാടിൽ ആ വിഷയം പ്രസക്തമല്ലെന്നും അവിടെ സന്ദർശകരുടെ കയ്യിൽ കാണപ്പെട്ട പ്ലാനുകൾ ശരിയല്ലെന്നും കബർ ആരാധന തെറ്റാണെന്നും പ്രവാചകൻ പഠിപ്പിച്ച് തന്ന പ്രാർത്ഥന ഉരുവിട്ടാൽ മാത്രം മതിയെന്നും കബറിൽ തടവുകയോ അവിടെ നിന്നും മണ്ണെടുത്ത് കൊണ്ട് പോകുകയോ ചെയ്യുന്നത് തെറ്റാണെന്നും അവർ പറഞ്ഞു.

അവർ പറയുന്നത് ശരിയാണ്. ഏക ദൈവ വിശ്വസത്തിലധിഷ്ഠിതമായ ഒരു സിദ്ധാന്തത്തിന് അതിൽ നിന്നും  മാറി ചിന്തിക്കാൻ കഴിയില്ല. ബഹുദൈവ ആരാധനയിലേക്ക് വഴിമാറ്റപ്പെട്ടേക്കാവുന്ന കബർ പൂജയിലേക്ക് നയിക്കുന്ന എല്ലാ സാദ്ധ്യതകളും ഇല്ലാതാക്കേണ്ടത് സിദ്ധാന്ത സംരക്ഷണത്തിന്റെ ഭാഗം തന്നെയാണ്. ഉദാഹരണത്തിന് പ്രവാചകന്റെ പ്രിയ പത്നി ആയിശ( അല്ലാഹു അവരിൽ കാരുണ്യം ചൊരിയട്ടെ)യുടെ ശരീരം മറമാടിയ സ്ഥലം തിരിച്ചറിയപ്പെട്ടാൽ  ആഴത്തിൽ മതം  പഠിക്കാത്ത  ഒരു സാധാരണ സ്ത്രീ ആ മഹതിയോടുള്ള പ്രിയം കാരണം  ആ കബറിന്റെ മുമ്പിൽ പ്രണാമം ചെയ്തേക്കാം. നാട്ടിലെ ബീമാ പള്ളിയും നാഗൂരും അജ്മീരും തട്ടാമലയും ഗ്രാമങ്ങൾ തോറും അലങ്കരിച്ച് സൂക്ഷിക്കുന്ന ദിവ്യന്മാരുടെ  ജാറങ്ങളും  അവിടെ നടക്കുന്ന ആഘോഷങ്ങളും നമ്മുടെ മുമ്പിൽ  ഉദാഹരണങ്ങളായുണ്ട്.ഇസ്ലാമിന്റെ അന്തസത്തയിൽ  ആ വക ആഘോഷങ്ങളും ഉൾക്കൊള്ളുന്നു   . എന്ന  തെറ്റായ സന്ദേശം  ഇതര മതസ്തർക്ക്  നൽകാൻ   അവ ഇട വരുത്തുകയും ചെയ്യുന്നു. ഈ  കാഴ്ചപ്പാടിൽ  സഊദി  സർക്കാർ  ഈ കബറിടങ്ങൾ  തിരിച്ചറിയപ്പെടാതെ  സൂക്ഷിച്ചിരിക്കുന്നതിൽ  ന്യായം   ഉണ്ട്.

പക്ഷേ  മതത്തെ  ശരിക്കും  തിരിച്ചറിഞ്ഞ  ഒരു ചരിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം  ഈ   കബറുകൾ  സ്വയം സംസാരിക്കുന്ന ചരിത്ര രേഖകളാണ്. ഈ കബറിടങ്ങൾ  ആരുടേതെന്ന്  തിരിച്ചറിഞ്ഞിരുന്നെങ്കിൽ  അതാത് സ്ഥലത്ത് നിൽക്കുമ്പോൾ   അവിടെ  ശയിക്കുന്ന വ്യക്തിയും  അവരുടെ ജീവിതവും  ഒരു ചലചിത്രമെന്ന വണ്ണം മനസിലൂടെ കടന്ന് പോകുമായിരുന്നു. മണ്ണിനു മുകളിൽ കെട്ടപ്പൊക്കിയ കബറുകൾ  തട്ടി നിരപ്പാക്കുന്നതിനു മുമ്പ്   ഒരു പ്ലാൻ വരച്ച്  കബറുകളുടെ സ്ഥാനവും  പേരും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നെങ്കിൽ അത് ചരിത്രത്തോട് ചെയ്യുന്ന നീതി  ആയിരുന്നേനെ. അപ്രകാരം ഒരു പ്ലാൻ രേഖപ്പെട്ത്തി സൂക്ഷിച്ചിട്ടുണ്ടോ എന്നും  ആരറിഞ്ഞു?!

സൂര്യൻ ഉദിച്ചുയരുന്ന  ഈ  അന്തരീക്ഷത്തിൽ ജന്നത്തുൽ ബഖിയ മനസിൽ ഒരു പ്രത്യേക അനുഭൂതി സൃഷ്ടിച്ചു. ഉദയ സൂര്യന്റെ കിരണങ്ങൾ തട്ടി  ചുവന്ന നിറത്തിൽ തിളങ്ങിയ ആ സ്ഥലം  പതിനാല് നൂറ്റാണ്ടിനു മുമ്പുള്ള  കാലഘട്ടം  മനസിലേക്ക് കടത്തി വിട്ട് കൊണ്ടിരുന്നു. അതാ വളരെ ദൂരെ ഒറ്റപ്പെട്ടതായി  കാണുന്ന ഒരു കുഴി മാടം- അത് മൂന്നാം ഖലീഫാ ഉസ്മാന്റേതാണെന്ന് പറയപ്പെടുന്നു- അദ്ദേഹത്തിന്റെ അന്ത്യ രംഗങ്ങൾ മനസിലേക്ക് കടന്ന് വന്നപ്പോൾ  അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.

 മഹാനായ പ്രവാചക തിരുമേനി  നടപ്പിലാക്കിയ    ഇസ്ലാംമതം പ്രവാചകന്റെ  കാലത്ത് എത്ര സുന്ദരമായിരുന്നു. സമത്വ സുന്ദര ശാന്തമായ കാലഘട്ടം. യൂപ്രട്ടീസിന്റെ തീരത്ത് ഒരു  ആട്ടിൻ കുട്ടി വിശന്ന് കരഞ്ഞാൽ താൻ അതിനു കുറ്റക്കാരനായേക്കുമോ എന്ന് ഭയന്ന്  സൂക്ഷമതയോടെ  ഭരണം കയ്യാളിയ  അനുയായികളുടെ  കാലഘട്ടം. അതിനു ശേഷം ഇസ്ലാമിക ലോകത്തിൽ സംഭവിച്ചതും ഇപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്നതും  എന്തെന്ന് നിരീക്ഷിക്കുമ്പോൾ  എന്തോ ഒന്ന് എവിടെയോ വെച്ച് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു  എന്ന് എളുപ്പത്തിൽ തിരിച്ചറിയുന്നു. 

ഇവിടെ ചെയ്യുന്നതിന്റെ ഒരു അണു തൂക്കത്തിന് പോലും പിന്നീട് ഒരാളുടെ മുമ്പിൽ   അവിടെ  ഉത്തരം പറയേണ്ടി വരുമെന്നുള്ള  ബോധമാണ്  നമുക്ക് നഷ്ടപ്പെട്ടതെന്ന്  ജനത്തുൽ ബഖിയയോട് വിട പറയുമ്പോൾ മനസിൽ ആരോ പറഞ്ഞ് കൊണ്ടിരുന്നു.

 (  ഇന്ന്  ഇസ്ലാമിക  രാഷ്ട്രങ്ങളിൽ നടക്കുന്നതും   പണത്തിന്റെയും  മറ്റ്  സമ്പത്തിന്റെയും  അഹങ്കാരത്താൽ   കാട്ടിക്കൂട്ടുന്ന അധർമ്മങ്ങളും പത്ര  താളുകളിലൂടെ  വായിച്ചറിയുമ്പോൾ   അന്ന്  ജന്നത്തുൽ ബഖിയായിൽ  പോയ  കാര്യം  എന്ത്  കൊണ്ടോ  എന്റെ  മനസിൽ  കയറി  വന്നു.  അന്നത്തെ  ഡയറിയുടെ  പഴയ  താളുകളിൽ  ഉറങ്ങുന്ന ഈ  കുറിപ്പുകൾ  കുറച്ച് നാളുകൾക്ക്  മുമ്പ്  യാദൃശ്ചികമായി  കണ്ടിരുന്നു.പരിശുദ്ധ വൃതാനുഷ്ടാനം  സമാഗതമായ  ഈ വേളയിൽ  ആ  കുറിപ്പുകൾ  പ്രസിദ്ധീകരിക്കണമെന്ന്  തോന്നി.)