Sunday, June 23, 2024

ഇന്നലെ പെയ്ത മഴ ( റീ പോസ്റ്റിംഗ്)

       ആകസ്മികമായി ഭാര്യ പിരിഞ്ഞ് പോയാൽ ഭർത്താവിന്റെ വേദന പറഞ്ഞറിയിക്കാനാവാത്തതാണ്. വർഷങ്ങൾക്ക് മുമ്പ് അപ്രകാരമൊരു ഭർത്താവിന്റെ വേദനക്ക്  ഞാൻ സാക്ഷിയാവുകയുണ്ടായി. അത് ഉൾക്കൊണ്ട് ഒരു കഥ എഴുതി. ആ കഥ 2011 ഒക്റ്റോബറിലോ നവംബറിലോ മാധ്യമം വാരാദ്യ പതിപ്പിലൂടെ  പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് “മാക്സിയും ബർമൂഡായും എന്ന പേരിലുള്ള എന്റെ ചെറുകഥാ സമാഹാരത്തിൽ ആ കഥ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഇപ്പോൾ  കഴിഞ്ഞ ദിവസം സമാനമായ  ഒരു ദുഖം ഞാൻ കാണാനിട വന്നപ്പോൾ  ആ കഥ ഒന്നു കൂടി പോസ്റ്റ് ചെയ്യണമെന്ന് തോന്നി.

 ഇന്നലെ പെയ്ത മഴ


വീട്ടില്‍ നിന്നും
 ഇറങ്ങുമ്പോള്‍ കുട എടുക്കാന്‍ മറന്നത് കാരണം പെട്ടെന്നുണ്ടായ മഴയില്‍ നനഞ്ഞു കുളിച്ചാണ് ഞാന്‍ ബാര്‍ബര്‍ഷാപ്പില്‍ ഓടിയെത്തിയത്.

അപ്പോഴേക്കും എനിക്കും മുമ്പേ ഒരാള്‍, പരമു എന്ന് ഞങ്ങള്‍ ഓമന പേരിട്ട് വിളിക്കുന്ന ബാര്‍ബര്‍ പരമേശ്വരന്റെ മുമ്പില്‍ സ്ഥലം പിടിച്ച് കഴിഞ്ഞിരുന്നു.

തലയില്‍ ഇനിയും അവശേഷിക്കുന്ന മുടിയിഴകള്‍ ക്രമം തെറ്റി കഴുത്തിലേക്ക് നീളുന്നത് മുറിച്ച് ഒതുക്കണംഷേവ് ചെയ്യണംകുളിക്കണംഅത്യാവശ്യമായി ഒരു മീറ്റിംഗില്‍ പങ്കെടുക്കണംഇങ്ങിനെ ഇന്ന് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി ക്ലിപ്തപ്പെടുത്തിയതിനാലാണ് ആദ്യത്തെ ഇനങ്ങള്‍ക്കായി രാവിലെ തന്നെ ബാര്‍ബര്‍ഷാപ്പില്‍ എത്തിയത്ഇനി ഇപ്പോള്‍ പരമു ചെയ്തു കൊണ്ടിരിക്കുന്ന തലയിലെ പണി പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കണ്ടപ്പോള്‍ മഴയോടും എനിക്ക് മുമ്പേ ബാര്‍ബര്‍ഷാപ്പില്‍ എത്തിയ  മനുഷ്യനോടുംആമ വേഗതയില്‍ നീങ്ങുന്ന പരമുവിനോടും അതിയായ ഈര്‍ഷ്യ തോന്നി.

ഒരു മീറ്റിംഗില്‍ സമയത്ത് തന്നെ എത്തണമല്ലോ പരമുവേയ്...” ഞാന്‍ പരമുവിനോട് ആവലാതി പറഞ്ഞു.

കസേരയില്‍ ഇരിക്കുന്ന ആളെ തുണി പുതപ്പിക്കുന്നതിനിടയില്‍ അയാളുടെ തലയിലേക്ക് തന്റെ തലതിരിച്ചു പരമു പ്രതിവചിച്ചു:- “ഇനി ഇത് തീരാതെങ്ങിനെ സാറേ...”

മുന്‍ വശത്തെ കണ്ണാടിയിലൂടെ അയാള്‍ എന്നെ നോക്കുന്നത് ഞാന്‍ കണ്ടു.
രാവിലെ തന്നെ കൊടുംകാട് വെട്ടിത്തെളിക്കണോഓരോന്ന് വന്ന് കയറിക്കൊള്ളും മനുഷ്യരെ ബുദ്ധിമുട്ടിപ്പിക്കാന്‍ ...”

എന്നിങ്ങനെ ഞാന്‍ മനസില്‍ വിചാരിച്ചതേയുള്ളൂ ; പക്ഷേ എന്നെ അതിശയിപ്പിച്ച് കൊണ്ട് എന്റെ മനസ് വായിച്ചത് പോലെ അയാള്‍ പ്രതിവചിച്ചു:-“മന:പൂര്‍വം ബുദ്ധിമുട്ടിപ്പിക്കണമെന്ന് കരുതി വന്നതല്ലസമയം വൈകിയാല്‍ വിടെ വരണമെന്നുള്ള തോന്നല്‍ ഇല്ലാതാകും......”

ചമ്മല്‍ മറക്കാനായി ഞാന്‍ അവിടെ കിടന്ന പത്രം വായിക്കാനായി കയ്യിലെടുത്തു.

അടുത്തകാലത്തെങ്ങും അയാള്‍ പരമുവിനെ സന്ദര്‍ശിച്ചിട്ടില്ലെന്ന് തെളിയിക്കും വിധം സമൃദ്ധമായി അയാളുടെ കറുപ്പും വെളുപ്പും കലര്‍ന്ന തലമുടിയും താടിയും വളര്‍ന്നിരുന്നല്ലോ!

പരമേശ്വരാ...” എന്ന അയാളുടെ വിളിയെ “ങൂം?” എന്ന മൂളല്‍ കൊണ്ട് പരമു എതിരേല്‍ക്കുകയും ഒരു കയ്യില്‍ കത്രികയും മറുകയ്യില്‍ ചീര്‍പ്പുമായി തിരക്കിട്ട് ജോലി തുടരുകയും ചെയ്തു.

എന്നാലും അവള്‍ എന്നോടിത് ചെയ്യേണ്ടായിരുന്നെടോ...”

അയാളുടെ  വാക്കുകള്‍ പത്രത്തിലൂടെ കണ്ണോടിച്ചിരുന്ന എന്റെ ശ്രദ്ധയെ തിരിച്ചുവിട്ടു.

പരമു കത്രിക നിശ്ചലമാക്കിയതിനു ശേഷം അയാളോടായി പറഞ്ഞു” എല്ലാം സഹിച്ചല്ലേ ഒക്കൂ ചേട്ടാ...”

എങ്ങിനെ സഹിക്കണമെന്നാടോ താന്‍ പറയുന്നത്...” അയാളുടെ ക്ഷോഭം പരമുവിനെ നിശ്ശബ്ദനാക്കി.

അത്രക്ക് എന്റെ ജീവനായിരുന്നു അവള്‍എന്നേക്കാളും എത്രയോ ഇളപ്പമായിരുന്നെങ്കിലും എന്റെകൂടെ കഴിഞ്ഞ കാലം അവളെ ഞാന്‍ പൊന്ന് പോലെ നോക്കീല്ലേടോ....എന്നിട്ടും എന്നെ ഉപേക്ഷിച്ച്പോകാന്‍ അവള്‍ക്ക് എങ്ങിനെ കഴിഞ്ഞെടോ...?!”

അതാണ് കാര്യംഞാന്‍ മനസില്‍ പറഞ്ഞുഅയാളുടെ പെമ്പ്രന്നോത്തി ചതിച്ച് കടന്ന് കളഞ്ഞുതാടിയും മുടിയും വളര്‍ത്തിയത്  നിരാശ കൊണ്ടായിരിക്കാംവീണ്ടും ഞാന്‍ പത്രത്തിലേക്ക് തിരിഞ്ഞു.

ഇപ്പോള്‍ പരമുവും അയാളും നിശ്ശബ്ദരാണ്.

പരമു കാട് വെട്ടി ഇറക്കി തീര്‍ന്നുപുതച്ചിരുന്ന തുണി അഴിച്ചെടുത്ത് കുടഞ്ഞതിനു ശേഷം അത് കൊണ്ട്
 അയാളുടെ പുറത്ത് വീണിരുന്ന മുടികളെല്ലാം തട്ടിക്കളഞ്ഞു.എന്നിട്ട് മറ്റൊരു ചെറിയ തുണി എടുത്ത് അയാളുടെ കഴുത്തില്‍ ചുറ്റിക്കെട്ടി ഷേവ് ചെയ്യാനുള്ള ഒരുക്കത്തിലായി.

പാതി ഉറക്കത്തില്‍ ഞാന്‍ അവള്‍ അടുത്ത് കിടപ്പുണ്ടെന്ന് കരുതി പതിവ് പോലെ  ശരീരത്തില്‍ എവിടെയെങ്കിലും പിടിക്കാന്‍ കൈ നീട്ടും , ശ്ശേ ഇതെന്തൊരു കൂത്തെന്നും പറഞ്ഞുള്ള അവളുടെ ചിണുങ്ങല്‍ കേല്‍ക്കാതെ വരുമ്പോള്‍ ഞെട്ടി ഉണരുംചിണുങ്ങാനായി അവള്‍ അടുത്തില്ലെന്നും എന്നെ ഉപേക്ഷിച്ച് പോയി എന്നുള്ള ബോധം തലയിലേക്കരിച്ച് കയറുമ്പോള്‍ എനിക്കുണ്ടാകുന്ന വേദനയുംഅവള്‍ എന്നെ തനിച്ചാക്കിയതിലുള്ള അരിശവും....അത് പറഞ്ഞാല്‍ തനിക്ക് മനസിലാകില്ലെടോ....”

അയാള്‍ തന്റെ പരിദേവനം തുടരട്ടെ എന്ന് കരുതി മുഖത്തെ സോപ്പ് പുരട്ടല്‍ നിര്‍ത്തി വെച്ച് ,സോപ്പ്പത നിറഞ്ഞ ബ്രഷ് അയാളുടെ മുഖത്തിന് അല്‍പ്പ ദൂരത്തില്‍ ഉയര്‍ത്തി പിടിച്ച് പരമു നിശ്ചലനായിനിന്നു.എന്നിട്ട് അന്തരീക്ഷത്തിലെ മൂകത മാറ്റാന്‍ എന്നവണ്ണം ഇങ്ങിനെ ചോദിച്ചു :

"ചേച്ചിയോട് ചേട്ടന്‍ 
പിണങ്ങുമായിരുന്നോ"?

"എടോ ഭാര്യാ ഭര്‍ത്താക്കന്മാരുടെ പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് ചൂട് കൂടുതലാണ്. ആ ചൂട് കിട്ടാന്‍ ഞാന്‍ അവളോട് പലപ്പോഴും പിണങ്ങും, അത് അവള്‍ക്കുമറിയാമായിരുന്നു”

കട്ടിംഗും ഷേവിംഗും നടത്തി പെട്ടെന്ന് അവിടം വിട്ട് പോകണമെന്നുള്ള എന്റെ തിടുക്കംഇല്ലാതാകത്തക്കവിധം അയാളിലുള്ള താല്പര്യം എന്നില്‍ വളര്‍ന്നിരുന്നല്ലോപത്രത്തിലായിരുന്നു എന്റെകണ്ണെങ്കിലും ശ്രദ്ധ മുഴുവന്‍ അയാളുടെ വാക്കുകളിലായിരുന്നു.

ആരെല്ലാം കൂടെ ഉണ്ടെങ്കിലും ഇണ അടുത്തില്ലെങ്കില്‍ ജീവിതം നരകം തന്നേടോ.. ഒരു മുറിയില്‍ ഉറക്കത്തിനായി ദാഹിച്ച് ഒറ്റക്ക് ഇരുട്ടിലേക്ക് നോക്കി കിടക്കുക.....എങ്ങിനെയെങ്കിലും നേരം വെളുപ്പിക്കുകപിന്നെയും ഇരുട്ടാവുക....ഇത് വല്ലതും എന്നെ ഉപേക്ഷിച്ച് പോകുമ്പോള്‍ അവള്‍ ചിന്തിച്ചിരുന്നോ....“  ശബ്ദത്തിന് നേരിയ ചിലമ്പല്‍ വന്നുവെന്ന് എനിക്ക് തോന്നിയതിനാല്‍ ഞാന്‍ തല ഉയര്‍ത്തി കണ്ണാടിയിലേക്ക് നോക്കിഅയാളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞ് മുഖത്തെ സോപ്പ് പതയിലൂടെ ഒഴുകിയ ഭാഗത്ത് പത അലിഞ്ഞ് പോയതിനാല്‍ അവിടം ഒരു വര പോലെ കാണപ്പെട്ടു.

അവസാ‍ന സമയം എന്റെ കൈ പിടിച്ച് നെഞ്ചത്ത് വെച്ച് ഞാന്‍ പോയാല്‍ കരയതരുതുട്ടാ....എന്ന് പറഞ്ഞിട്ടാടോ അവള്‍ കണ്ണടച്ചത്....”

അപ്പോള്‍ അയാള്‍ മാത്രമല്ല അവിടെ വിങ്ങിയത്.യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോഴുള്ള ഞെട്ടലോടെ എന്റെയും ഉള്ളില്‍ ശക്തിയായി ഒരു വിങ്ങല്‍ അനുഭവപ്പെട്ടുവെന്ന് എനിക്ക് ഉറപ്പുണ്ട്.
കയ്യുടെ
 പുറംഭാഗം കൊണ്ട് കണ്ണീര്‍ തുടച്ച് നേരിയ പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു.
ഇന്നലെ രാത്രി അവള്‍ എന്റടുത്ത് വന്നുനെഞ്ചിലും തലയിലും മുഖത്തും തടകിയിട്ട് ചോദിക്ക്വാ , എന്ത് ഭാവിച്ചിട്ടാ മുടിയും താടിയും വളര്‍ത്തുന്നേ...നാളെ രാവിലെ ബാര്‍ബര്‍ഷാപ്പില്‍ പോയി മുടിയും കളഞ്ഞു ഷേവും ചെയ്ത് സുന്ദരക്കുട്ടപ്പനായി കഴിയണംഇനി ഞാന്‍ വരുമ്പം  മുഖം എനിക്ക് നന്നായി കാണണം......ഞാന്‍ ഉണര്‍ന്നപ്പോള്‍ സത്യമായിട്ടും അവളുടെ ചൂട് എന്റെ ശരീരത്തിലുണ്ടായിരുന്നു...അതാടോ നേരം വെളുക്കുന്നതിനു മുമ്പ് തന്നെ തേടി ഞാന്‍ വന്നത്......”

കണ്ണാടിയില്‍ അയാളുടെ നിറഞ്ഞ കണ്ണുകള്‍ അവ്യക്തമായേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളൂകാരണം എന്റെ കണ്ണുകളും നിറഞ്ഞിരുന്നല്ലോ!!!

എല്ലാ കഥകളും അറിയാമെന്നതിനാലായിരിക്കാം പരമു തല കുനിച്ച് നിന്നത്.

പുറത്ത് മഴ ശക്തിയായി കോരി ചൊരിഞ്ഞ് കൊണ്ടിരുന്നുമാനത്ത് ഇരുന്നും ആരോ കരയുന്നത് പോലെ...

Sunday, June 16, 2024

പെരുന്നാൾ സ്വപ്നങ്ങൾ

 മഴ ചെറുതായി ചാറുന്നുണ്ട്. ആലപ്പുഴ വട്ടപ്പള്ളിയിലൂടെ സക്കര്യാ ബസാറിലേക്ക് ഞാൻ നടക്കുകയാണ്.

നാളെ വലിയ പെരുന്നാളാണ്. ഇന്ന് പെരുന്നാൾ രാവും. ആലപ്പുഴയിൽ  പെരുന്നാളിനെക്കാളും   തലേ ദിവസം പെരുന്നാൾ രാവിനാണ് ആഘോഷം കൂടുതൽ. അത് കൊണ്ടാണ് ഇന്ന് തന്നെ ഞാൻ  ഇവിടെ എത്തിയത്.

നിരത്തിലൂടെ നടക്കുമ്പോൾ പഴയ മുഖങ്ങളെ കാണാൻ എന്റെ കണ്ണ്  ഉഴറി പാഞ്ഞു.  ഒന്ന് സൊറ പറയാൻ വിശേഷങ്ങൾ ആരായാൻ  മനസ്സിന് തിടുക്കമായി.  കളിച്ച് വളർന്ന വീടും പരിസരവും  കൂട്ടുകാരുമായി കളിച്ച് മറിഞ്ഞ മണൽ മൈതാനവും പിന്നെ പണ്ടത്തെ ആളെയും ആ വേലിക്കെട്ടും കാണുവാൻ കുറച്ച് സമയം മുമ്പ് ഞാൻ പോയിരുന്നു. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ എത്തുന്നത്. വീട് നിന്നിടത്ത് ഇരു നില കെട്ടിടം, വേലി നിന്നിടം മതിൽ. പിന്നെ ആ ആൾ ഹോ! അവരെല്ലാം  ഏതോ സ്ഥലത്ത് എന്നെ ഓർക്കുകയോ ഓർക്കാതിരിക്കുകയോ ചെയ്ത് ഭാര്യയുടെ ഉമ്മയുടെ അല്ലെങ്കിൽ ഉമ്മുമ്മയുടെ  റോൾ നിർവഹിച്ച് ജീവിക്കുകയായിരിക്കാം. ഇപ്പോൾ എന്റേതല്ലാത്ത പണ്ട് എന്റെ സ്വന്തമായിരുന്ന വീടിനെ അപരിചിതനെ പോലെ ഞാൻ നോക്കി നിന്നു.

മഴക്കാലത്ത് ഉമ്മയുടെ വഴക്ക് അവഗണിച്ച് ചൂണ്ടയും എടുത്ത് പാഞ്ഞ് ചെന്നിരുന്ന കുളങ്ങൾ ഞാൻ തിരക്കി . ആ കുളങ്ങളെല്ലാം  നികത്തി അവിടെയെല്ലാം വലിയ കെട്ടിടങ്ങൾ....മണൽ നിറഞ്ഞ മൈതാനം നിറയെ വീടുകൾ. ബാല്യത്തിൽ കബഡി കളിച്ചിരുന്ന മാടനും പ്രാവും കളിച്ചിരുന്ന  സ്ഥലമാണെന്ന് തിരിച്ചറിയാത്ത വിധം ആസ്ഥലം മാറിയിരിക്കുന്നല്ലോ

മനസ്സിന് വിങ്ങൽ അനുഭവപ്പെട്ടു പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടത് പോലെ.

സക്കര്യാ ബസാറിലെത്തി പടക്ക കടകൾ തിരക്കി. പെരുന്നാളിന് ഇറച്ചി പോലെ ഒഴിച്ച് കൂടാത്തതാണല്ലോ പടക്കവും. അബ്ദുക്കായും കുപ്പായം ഇടാത്ത കോയാ ഇക്കായും ഉണ്ടോ? അവരെല്ലാം പടക്ക വിൽപ്പനയുടെ തിരക്കിലായിരിക്കാം.

എല്ലാവരും എന്നെ സൂക്ഷിച്ച് നോക്കുന്നു . ഇത് ആരാ ഒരു പുതിയ കക്ഷി. ഞാൻ ഒരു പഴയ ആലപ്പുഴക്കാരനാണേ എന്ന് വിളിച്ച് കൂവി.

“ആര് പറഞ്ഞ് അല്ലാ എന്ന്...“.ജീവിത പങ്കാളിയുടെ സ്വരം കേട്ട് ഞാൻ ഞെട്ടി ഉണർന്നു. പകലുറക്ക സ്വപ്നം  എന്നെ വല്ലാതെ തരളിതനാക്കി. കാര്യങ്ങൾ മനസ്സിലാക്കിയത് പോലെ അവൾ ചിരിച്ചു.

.ആലപ്പുഴയുമില്ല സക്കര്യാ ബസാറുമില്ല. പെരുന്നാൽ രാവ് തിരക്കുമില്ല. ഇവിടെ കൊട്ടാരക്കരയിൽ മിഥുന മാസത്തിലെ  മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഈ പെരുന്നാൾ രാവിൽ വിരസതയുടെ വീർപ്പ് മുട്ടലുമായി ഞാൻ ഉറങ്ങി ഉണർന്നു.

അങ്ങ് ദൂരെ ദൂരെ സക്കര്യാ ബസാറിൽ പെരുന്നാൾ രാവ്  തിമിർത്ത് ആഘോഷിക്കുകയായിരിക്കും. എപ്പോഴും ഈ ദിവസത്തിൽ അവിടെ പോകാൻ ആഗ്രഹിക്കുന്ന എന്നാൽ ആ ആഗ്രഹം നിറവേറ്റാൻ കഴിയാത്ത  ഈയുള്ളവന്റെ എല്ലാ ആശംസകളും നിങ്ങൾക്ക് അർപ്പിക്കുന്നു ചങ്ങാതിമാരേ!

ഈദ് മുബാരക്ക്.

ഷരീഫ് കൊട്ടാരക്കര.

Friday, June 7, 2024

സിനാന് 13 വയസ്സ്

 ഇന്ന് ജൂൺ ഏഴ് തീയതി.

ഞങ്ങളുടെ സിനാൻ ഇന്ന് 13 വയസ്സിലെത്തി. എല്ലാ വർഷവും ജൂൺ ഏഴിന് അവന്റെ ജന്മ ദിനത്തിൽ  അവന്റെ ഏതെങ്കിലും ഫോട്ടോയുമായെത്തി  നിങ്ങളോട് അവന്റെ വിശേഷങ്ങൾ ഞാൻ പങ്ക് വെക്കാറുണ്ട്.. ഇന്നും അത് ചെയ്യുന്നു. അവ്ന്റെ ഫോട്ടോകളിൽ എനിക്കിഷ്ടപ്പെട്ട ഒരു ഫോട്ടോ ഇവിടെ ചേർക്കുകയും ചെയ്യുന്നു.

ഇപ്പോഴും സിനാൻ സ്വയമേ നടക്കാറില്ല. വർത്തമാനം പറയുകയുമില്ല. പക്ഷേ കഴിഞ്ഞ വർഷത്തേക്കാളും മോൻ  മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാര്യങ്ങൾ  സാവധാനത്തിൽ നിറുത്തി നിറുത്തി പറഞ്ഞാൽ  അവന് മനസ്സിലാകും, അതനുസരിച്ച് ചലനങ്ങളിൽ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ അവനെ കൊതുക് കടിച്ച് പിടിച്ച് ഇരുന്നാലും അവൻ അനങ്ങുകയില്ല. ജീവിതത്തിലെ പല വേദനകളോടൊപ്പമുള്ളതായിരിക്കും ഈ ഉപദ്രവവും എന്ന് അവൻ കരുതിക്കാണും. എന്നാൽ ഇപ്പോൾ കൊതുക് കടിച്ചാൽ അവൻ ചൊറിയുന്നുണ്ട്. അതായത് പ്രതികരണ ശേഷി ഉണ്ടാകുന്നുണ്ട്.എന്നതിന്റെ അടയാളമാകാമത്.

മറ്റ് ചില കാര്യങ്ങളിൽ   അവന് മുമ്പുള്ള  സ്വഭാവം ഇപ്പോഴും തുടരുന്നു. അതായത് ഇപ്പോഴും അവന് പാട്ട് കേൾക്കുന്നത് ഹരം തന്നെയാണ് ശാസ്ത്രീയ സംഗീതവും   പഴയ പാട്ടുകളുമാണ് താല്പര്യം. തലയാട്ടി രസിച്ച്കൊണ്ടിരിക്കും..  റാഫിയുടെ ദുനിയാ കെ രക് വാലേ പോലുള്ള പാട്ടുകളും, മലയാളത്തിലെ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ പോലുള്ള പാട്ടുകളും  പുതിയ പാട്ടുകളിൽ ആട് ജീവിതത്തിലെ “പെരിയോനേ“  പാട്ടും  ക്ഷ  ഇഷ്ടായിട്ടുണ്ട് എന്ന് ഭാവങ്ങളിൽ നിന്നും വ്യക്തമാകുന്നു.

 ആഹാരത്തിൽ ഇഡിലും സാമ്പാറും അതിപ്രിയമാണല്ലോ.

ഇവിടെ നിന്നും 8 കിലോ മീറ്റർ ദൂരത്തിൽ കലയപുരം എന്ന സ്ഥലത്ത്  സിനാനെ പോലുള്ള കുട്ടികൾക്കായുള്ള സ്കൂളിൽ അവനെ കഴിഞ്ഞ വർഷം ചേർത്തു. രാവിലെ അവന്റെ മാതാപിതാക്കൾ സൈഫുവും ഷൈനിയും കോടതിയിൽ പോകുന്നതിനു മുമ്പ്   അവനെ വാഹനത്തിൽ സ്കൂളിൽ കൊണ്ട് വന്ന് വിടും. വൈകുന്നേരം സ്ഥാപനത്തിലെ ബസ്സിൽ അവിടത്തെ ജീവനക്കാർ മറ്റ് കുട്ടികളോടൊപ്പം അവനെ വീട്ടിൽ കൊണ്ട്  എത്തിക്കുകയും ചെയ്യും. സ്കൂളിൽ അവൻ കൂട്ടുകാരുമായി ഇടപെടുന്നുണ്ട്. അവരെ അവനും അവർക്ക് അവനെയും  വലിയ കാര്യമാണ്.  സിനാനോട് വീട്ടിൽ വെച്ച് കൂട്ടുകാരുടെ പേര് പറഞ്ഞ് സംസാരിച്ചാൽ അവൻ കണ്ണുകൾ വിടർത്തി മുഖത്ത് ഭാവങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അവന്റെ കൂട്ടുകാരെ പറ്റി പറയാൻ അവന്റെ ഉള്ളകം ത്രസിക്കുന്നുണ്ടായിരിക്കാം. അവന് അതിന് കഴിയുന്നില്ലല്ലോ. എങ്കിലും ആ ഭാവമാറ്റം  ശുഭകരമായി എനിക്ക് അനുഭവപ്പെടുന്നു. വികാരങ്ങൾ പ്രതിഫലിപ്പിക്കാനുള്ള ശ്രമം എപ്പോഴും നാളെയെ പറ്റി നമുക്ക് പ്രതീക്ഷ നൽകുമല്ലോ

പ്രസവ സമയം 10 ദിവസം മുമ്പേ ആയിരുന്നു എന്ന കാരണത്താൽ ശ്വാസം മുട്ട് പ്രതിരോധിക്കാൻ  സ്വകാര്യ ആശുപത്രിക്കാർ ഇങ്ക്വിബേറ്ററിൽ മോനെ വെക്കുകയും തുടർന്നു ബന്ധപ്പെട്ട  ഡോക്ടറുടെ അനാസ്ഥയാൽ അവന് വിപത്ത് സംഭവിക്കുകയും ചെയ്തെന്നാണ് അറിയാൻ സാധിച്ചത്. പിന്നീട് സുപ്രസിദ്ധ ന്യൂറോ ച്കിൽസകൻ ഡോക്ടർ  മാർത്താണ്ഡൻ പിള്ളയുടെ ചികിൽസയിലാവുകയും ചെയ്തു. ഇപ്പോഴും മരുന്നുകൾ കഴിക്കുന്നുണ്ട്. ഇടക്കിടക്ക് ഫിസിയോ തെറാപ്പിയും, ഉണ്ട്.പിന്നെ മുകളിൽ ഇരിക്കുന്ന വലിയ ഡോക്ടറോട് ഹൃദയത്തിൽ തട്ടി പ്രാർഥിക്കാറുമുണ്ട്. അത് കൊണ്ട് തന്നെ  അവൻ നടക്കുമെന്നും സംസാരിക്കുമെന്നും സാധാരണ ജീവിതം കഴിച്ച് കൂട്ടുമെന്നും ഞങ്ങൾക്കെല്ലാം


ശുഭ പ്രതീക്ഷയുമുണ്ട്.

അതിനാലാണ്  ഞങ്ങളുടെ സിനാന് വേണ്ടി നിങ്ങളും പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നതു. പ്രാർത്ഥിക്കുമല്ലോ.


ഷരീഫ് കൊട്ടാരക്കര

Monday, May 27, 2024

അഞ്ച് മാർക്ക്

 ഇന്ന് മെയ് 27...

വർഷങ്ങൾക്കപ്പുറത്ത് ഒരു മെയ് 27 നാണ് പട്ടാ പകലിൽ എന്റെ ജീവിതത്തിൽ ഇരുട്ട് വന്ന് വീണത്. അന്നാണ് എസ്.എസ്.എൽ.സി. ഫലം പുറത്ത് വന്നത്. പത്രത്തിലെ കുനുകുനാ അക്കങ്ങളിൽ കൂടി അതി സൂക്ഷ്മതയോടെ  പരതി നടന്നിട്ടും എന്റെ നമ്പർ കാണാൻ കഴിഞ്ഞില്ല. കയർ ഫാക്ടറിയിൽ  ഉച്ചവരെ ജോലി  ചെയ്ത് കഴിഞ്ഞാണ് ഉച്ച കഴിഞ്ഞുള്ള  പരീക്ഷ എഴുതിയതെങ്കിലും ജയിക്കുമെന്ന ആത്മ വിശ്വാസം  വളരെ വലുതായിരുന്നു. ഞാൻ ജയിക്കുമെന്ന് ആലപ്പുഴ വട്ടപ്പള്ളിയിൽ ഉള്ള എല്ലാവരും വിശ്വസിച്ചു.  കാരണം കിട്ടുന്ന എല്ലാ പേപ്പറും നോട്ടീ3സും പത്രങ്ങളും വായിക്കുന്ന എനിക്ക് പരീക്ഷ  ഒരു പരീക്ഷണമേ അല്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അദ്ധ്യാപകർക്കും  ആ വിശ്വാസമുണ്ടായിരുന്നു. എല്ലാ കണക്ക് കൂട്ടലും തെറ്റി. ഞാൻ തോറ്റു. 

പക്ഷേ ഞാൻ കരഞ്ഞില്ല. കരഞ്ഞത് എസ്.എസ്.എൽ.സി. ബുക്ക് കയ്യിൽ കിട്ടിയപ്പോഴായിരുന്നു. ഏറെ കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികൾക്ക് കിട്ടുന്ന ഫസ്റ്റ് ക്ളാസിന്റെ മാർക്ക് എനിക്കുണ്ട്. അന്ന് അത് അപൂർവമായിരുന്നല്ലോ. പക്ഷേ ഇംഗ്ളീഷിന് മാത്രം 100ൽ 35 മാർക്ക്.  അന്ന് ആ വിഷയത്തിന് 100ൽ 40 മാർക്ക് വേണമായിരുന്നു . 5 മാർക്കിന്റെ  കുറവിൽ  ഫസ്റ്റ് ക്ളാസിന്റെ മാർക്കുള്ള ഞാൻ തോറ്റു. വെറുതെ കരഞ്ഞു എന്ന് പറഞ്ഞാൽ ശരിയാവില്ല, വിങ്ങി വിങ്ങി കരഞ്ഞു.

സെപ്റ്റംബറിൽ വീണ്ടും എഴുതി ആദ്യ പരീക്ഷയേക്കാളും കുറവ് മാർക്കായാലും ഞാൻ  എസ്.എസ്.എൽ.സി. എന്ന കടമ്പ കടന്നു. പക്ഷേ എന്റെ ഒരു വർഷം നഷ്ടപ്പെട്ടു. ആ നഷ്ടം എന്റെ ജീവിതത്തിന്റെ  ഗതി മാറ്റി.  ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത കടവിലേക്കായിരുന്നു എന്റെ യാത്ര. അടുത്ത അദ്ധ്യയന  വർഷം വരെ  വെറുതെ ഇരിക്കേണ്ടാ എന്ന് കരുതി  ഹോമിയോപ്പതി പഠിക്കാൻ ഞാൻ പൊന്നാനിക്ക് സമീപം എടപ്പാളിലേക്ക് യാത്ര ചെയ്തു. ആ യാത്ര  ജീവിതത്തിന്റെ ഗതി മാറ്റി വിട്ടു .  ഏന്തെല്ലാമെന്തെല്ലാം  അനുഭവത്തിലൂടെ ഇന്ന് ഇവിടെയെത്തി.

സായിപ്പിന്റെ ഭാഷക്ക് 5 മാർക്ക് കുറഞ്ഞ് പോയതിന്റെ  കഥ ആയി മാറി എന്റെ ജീവിതം.

Wednesday, May 15, 2024

സഫായുടെ വര

ഞങ്ങളുടെ സഫായുടെ  പെൻസിൽ ഡ്രായിംഗ്.  സഫാ മോഡേൺ ആർട്ട് ഒട്ടും പഠിച്ചിട്ടില്ലെന്നും പറഞ്ഞ് വെക്കട്ടെ.