Sunday, March 27, 2016

നടൻ സ്ഥാനാർത്ഥി ആകുമ്പോൾ

എന്താണ് സ്ഥാനാർത്ഥിയുടെ  യോഗ്യത. അയാൾ  മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധി ആയിരിക്കാൻ  തക്കവിധം കഴിവുള്ളവനും കഠിന പ്രയത്നം  ചെയ്യാൻ മടിയില്ലാത്തവനുമായിരിക്കണം. സൽസ്വഭാവി  ആയിരിക്കണം. നിസ്വാർത്ഥനായിരിക്കണം. താൻ പ്രതിനിധീകരിക്കുന്ന ജനസമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ നിവർത്തിക്കാൻ താല്പര്യപ്പെടുന്നവനാകണം.  മണ്ഡലത്തിന്റെ ആവശ്യത്തിന് എപ്പോൾ വിളിച്ചാലും ഹാജരുള്ളവനാകണം. ഇങ്ങിനെ പലതരത്തിലുള്ള സ്വഭാവ ഗുണമുള്ളവനായിരിക്കണം സ്ഥാനാർത്ഥി.  മേൽകാണിച്ച  യോഗ്യതകളുള്ളവരെ ബോദ്ധ്യപ്പെട്ടാണ് രാഷ്ട്രീയ പാർട്ടികൾ  ഓരോ  സ്ഥാനാർത്ഥികളെ  നിയോഗിക്കുന്നത്. ചുരുക്കത്തിൽ അയാൾ തെരഞ്ഞെടുക്കപ്പെട്ടാൽ  അയാളുടെ സേവനം  തൃപ്തികരമായിരിക്കുമെന്നുള്ള ഉത്തമ വിശ്വാസത്തിൽ അയാളെ അവതരിക്കുമ്പോൾ അയാളുടെ മുൻ കാല സേവനം രാഷ്ട്രീയ പാർട്ടികൾക്ക്  സുപരിചിതമായിരിക്കും.
ഒരു സിനിമാ നടനെ രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുമ്പോൾ  അയാളുടെ ഏത് മുൻ ചെയ്തിയാണ് മേൽ പറഞ്ഞ യോഗ്യതകളായി കണക്കിലെടുക്കുന്നത്. സിനിമയിൽ അയാൾ അഭിനയിച്ച കഥാപാത്രങ്ങളുടെ ചെയ്തികളെ അടിസ്ഥാനപ്പെടുത്തിയാണോ? അല്ല, അതൊന്നുമല്ല അയാളുടെ  സിനിമാ താര പ്രഭാവം ജനങ്ങളിൽ സ്വാധീനം ചെലുത്തി വോട്ട് കൂടുതൽ കിട്ടി അയാളെ ജയിപ്പിച്ച് തങ്ങളുടെ പാർട്ടിയിൽ ഒരു എം.എൽ.എ. കൂടി കൂട്ടാനുള്ള താല്പര്യം മാത്രം. എം.ജി.ആറും മറ്റും രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് ഏഴൈ തോഴൻ ആയി ജനമനസിൽ ഇടം പിടിച്ച് ജനങ്ങളിൽ ആ ബോധം ഉറച്ചതിന് ശേഷമാണ്  രാഷ്ട്രീയത്തിൽ  ജയിച്ച് കയറിയത്.
വെറും താരപ്രഭാവം മാത്രം യോഗ്യതയായി കണക്കിലെടുത്ത് സിനിമാ നടനെ  സ്ഥാനാർത്ഥിയാക്കുമ്പോൾ  വോട്ടറന്മാരെ  വെറും കഴുതകളാക്കുന്നു  എന്ന മറ്റൊരു അർത്ഥം കൂടി അതിലുണ്ട്.  ഒരു യോഗ്യതയും വേണ്ടാ , താരപ്രഭാവം മാത്രം മതി സ്ഥാനാർത്ഥിക്കെന്ന അർത്ഥം. അത്രയും വിഡ്ഡികൂശ്മാണ്ഡമല്ലാ മലയാളികൾ.എന്ന് പണ്ട് മഹാ നടൻ മുരളിതെരഞ്ഞെടുപ്പിൽ തോറ്റതിൽ  നിന്നും വ്യക്തമായിട്ടും വീണ്ടും രാഷ്ട്രീയ പാർട്ടികൾ നടന്മാരെ തിരക്കി ഇറങ്ങിയിരിക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ കാണുന്നത്.

Friday, March 25, 2016

ഒരു വലിയ വലിയ മനുഷ്യൻ

 ആ ചെറുപ്പക്കാരൻ എന്റെ മുമ്പിൽ തല കുമ്പിട്ടിരുന്നു. ശരീര ഭാവങ്ങളിൽ നിന്നും അയാളുടെ  ദു:ഖത്തിന്റെ ആഴം  ആർക്കും മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. ഭാര്യയെ വിവാഹ മോചനം നടത്തുന്നതിന്റെ  പ്രാഥമിക നടപടികളുടെ ചർച്ചകൾക്കായി  മുസ്ലിം സമുദായത്തിൽപ്പെട്ട  അയാളും ബന്ധുക്കളും  ഞങ്ങളെ സമീപിച്ചിരിക്കുകയാണ്. എന്റെ പഴയ പരിചയക്കാരനായ മഹല്ല് ജമാത്ത് സെക്രട്ടറി നിദ്ദേശിച്ചതിൻ പ്രകാരമാണ്  ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും അവർ എത്തിയിരിക്കുന്നത്.
ഭാര്യ വാട്ട്സ് അപ്പ് പ്രണയത്തിൽ പെട്ടു എന്ന വിവരം തെളിവ് സഹിതം ലഭിച്ചതിനാൽ ഗൾഫിലെ ജോലി സ്ഥലത്തു് നിന്നും അയാൾ പാഞ്ഞെത്തുകയായിരുന്നു. മറ്റൊരു യുവാവിന്റെ തോളിൽ അവൾ കയ്യിട്ടിരിക്കുന്ന ഫോട്ടോയും  ശരിയല്ലാത്ത കുറേ ടെക്സ്റ്റുകളിലെ  വാക്കുകളുമായിരുന്നു തെളിവ്. മാത്രമല്ല ബന്ധുക്കൾ ചോദ്യം ചെയ്തപ്പോൾ ഈ തെളിവുകൾ അവൾ നിഷേധിച്ചുമില്ല. വയനാട്കാരൻ ഒരു ക്രിസ്ത്യൻ യുവാവായിരുന്നു  സുഹൃത്ത്. പി.എസ്.സി. കോച്ചിംഗ് ക്ലാസ്സിൽ  പങ്കെടുക്കാൻ പോയ (പുറത്ത് അലഞ്ഞ് തിരിയാൻ മിക്ക ഗ്രാമങ്ങളിലും പെൺകുട്ടികൾ കണ്ടെത്തുന്ന ഒരു മാർഗമായി തീർന്നിരിക്കുന്നു, പി.എസ്.സി. കോച്ചിംഗ് സെന്ററുകൾ) അവളെ കാണാൻ സെന്ററിൽ എത്തിയ അയാൾ നിർബന്ധിച്ചതിൻ പ്രകാരമാണ് ഫോട്ടോ എടുത്തതെന്നും പിന്നീട് വാട്ട്സ് അപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും  സൗഹൃദം പൂത്തുലഞ്ഞുവെന്നും അത് ഇത്രത്തോളം ഗുരുതരമായ അവസ്ഥയിലെത്തി ചേരുമെന്ന് കരുതിയില്ലെന്നും അവൾ പറഞ്ഞുവത്രേ! എട്ടു വയസ്സ് പ്രായമുള്ള  ആൺകുട്ടിയുടെയും  അഞ്ചു വയസുള്ള ഒരു പെൺ കുട്ടിയുടെയും മാതാവാണ്  ഇരുപത്തെട്ടാം   വയസ്സിൽ പ്രണയത്തിൽ ചെന്ന് പെട്ടത്.
  വിട്ട് വീഴ്ചയുടെ  മഹിമയും മാപ്പ് കൊടുക്കുന്നതിലൂടെ കൈ വരുന്ന  നന്മകളെ പറ്റിയും കുട്ടികൾ അനാഥരാകുകയും അവരുടെ കസ്റ്റഡിക്കായി കോടതി കയറി ഇറങ്ങലുമായി ജീവിതം തുലക്കുന്നതിനെ പറ്റിയും  (കുട്ടികളെ വിട്ട് കൊടുക്കില്ലാ എന്ന് അവൾ കട്ടായം പറഞ്ഞിരുന്നു)ഞാൻ അയാളോട്  അര മണിക്കൂറോളം  സംസാരിച്ചതിന് ശേഷം മടിച്ച് മടിച്ച് അവരോട് ചോദിച്ചു.
  " ഒരു തവണ ഭാര്യക്ക് മാപ്പ് കൊടൂത്തൂടേ"
  " അഞ്ച് കൊല്ലത്തിന് മുമ്പ് ഇതേ പോലെ  ഒന്നിൽ പെട്ടപ്പോൾ  ഇവൻ അവൾക്ക് പൊറുത്ത് കൊടുക്കുകയും മേലിൽ ആവർത്തിക്കില്ലാ എന്ന്  അവൾ വാക്ക് തന്നതുമാണ്.
"ഇനി മാപ്പില്ലാ സാറേ" അയാളുടെ സഹോദരങ്ങൾ ഉറപ്പിച്ച് പറഞ്ഞു. അയാൾ നിശ്ഡ്ശബ്ദനായി അപ്പോഴും  തല കുമ്പിട്ടിരുന്നു
 ഇതിൽ ഒത്ത് തീർപ്പിനായി എനിക്കൊന്നും  ചെയ്യാനില്ലാ എന്ന് തോന്നിയതിനാൽ  രണ്ടാം ദിവസം മഹല്ല് കമ്മിറ്റി ആഫീസിൽ വന്ന് കൊള്ളാമെന്ന് ഉറപ്പ്  നൽകി  അവരെ പറഞ്ഞയച്ചു.
പിറ്റേ ദിവസം സായാഹ്നത്തിൽ എനിക്ക് ചെറുപ്പക്കാരന്റെ ഫോൺ വന്നു. " സാറിനെ അത്യാവശ്യമായി കാണണം." ഈ സമയത്ത്  എന്ത് അത്യാവശ്യം എന്ന് അൽഭുതപ്പെട്ട ഞാൻ വരാനായി അയാളോട് പറഞ്ഞു.ഏഴര മണി ആയപ്പോൾ  വീടിനെ മുൻ വശം വന്ന് നിന്ന  ആട്ടോയിൽ നിന്നും അയാൾ ഇറങ്ങി വരുന്നത്,  ലൈറ്റിന്റെ വെട്ടത്തിൽ  ഞാൻ കണ്ടു. പുറകെ ഇറങ്ങി വന്നത്  ഒരു യുവതിയും രണ്ട്  ചെറിയ കുട്ടികളുമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ അന്തം വിട്ട് നിന്നു . കൂടെ വന്നവർ  അയാളുടെ  ഭാര്യയും കുട്ടികളുമായിരിക്കുമെന്ന് ആ നിമിഷം എനിക്ക് മനസിലായി.വീടിനുള്ളിൽ കയറാതെ  ജാള്യതയോടെ അയാൾ നിന്നു. ഭാര്യ  കുറ്റ ബോധത്തോടെ അയാളുടെ പുറകിൽ പതുങ്ങി. കുട്ടികൾ പകപ്പോടെ എന്നെയും മാതാപിതാക്കളെയും മാറി മാറി നോക്കി. നിറഞ്ഞ ചിരിയോടെ ഞാൻ രണ്ട് കയ്യും നീട്ടി പറഞ്ഞു  "കയറി വാടോ"  മനസിൽ ലഡു പൊട്ടി എന്ന് സിനിമാ ഭാഷയിൽ പറയുന്നത് ഈ സമയത്തായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു.
"സർ  കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം നല്ലവണ്ണം  ആലോചിച്ചു. ഞാൻ ഇവളെ ഉപേക്ഷിച്ചാൽ  വയനാടുകാരനൊന്നും ഇവളെ സ്വീകരിക്കില്ല, എന്റെ കുഞ്ഞുങ്ങളെ അവൾ വിട്ട് തരുകയുമില്ല, മൂന്നു നാല് കൊല്ലം കുടുംബ കോടതി വരാന്തയിൽ ഞാൻ ആ കുഞ്ഞുങ്ങളെ കാണാൻ കയറി ഇറങ്ങണം, ഇനി അഥവാ എനിക്ക്  കുട്ടികളെ  വിട്ട് കിട്ടിയാൽ തന്നെയും   അവരുടെ ഉമ്മായുടെ കഥ കറുത്ത നിഴലായി   ഭാവിയിൽ  പടർന്ന് കാണപ്പെടും. ഒരു വൈവാഹിക ബന്ധം ഭാവിയിൽ കുഞ്ഞുങ്ങൾക്ക് വരുമ്പോൾ  തന്നെ ഈ കഥ വില്ലനായി തീരും. ഇപ്പോൾ ഞാൻ ഒന്ന് ക്ഷമിച്ചാൽ, ഭാര്യക്ക് പൊറുത്ത് കൊടുത്താൽ എന്റെ കുഞ്ഞുങ്ങൾക്ക്   ആ ദുരവസ്ഥ ഉണ്ടാവില്ല. ഞാൻ ഭാര്യയുടെ വീട്ടിൽ പോയി അവളുമായി സംസാരിച്ചു. മേലിൽ ഇനി ഒരിക്കലും ഈ വക തെറ്റുകൾ ചെയ്യില്ലാ എന്ന് കുഞ്ഞുങ്ങളുടെ തലയിൽ തൊട്ട് അവൾ സത്യം ചെയ്തു. മൊബൈൽ ഫോൺ  എറിഞ്ഞ് പൊട്ടിച്ചു , ഇനി അവൾക്ക് ഒരു ഫോണും  വേണ്ടാ എന്നും  പറഞ്ഞു. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ സർ ഞാൻ മരുഭൂമിയിൽ  പോയി കഷ്ടപ്പെടുന്നത്. അവരുടെ സന്തോഷമാണ് എന്റെ സന്തോഷം. ദാ നോക്കൂ അവളുടെ ചിരി നോക്കൂ...."
ഞാൻ നോക്കിയപ്പോൾ കുഞ്ഞരി പല്ല് കാട്ടി ആ കൊച്ച് മിടുക്കി  എന്നെ നോക്കി ചിരിക്കുന്നു. ഓമനത്തമുള്ള ഒരു കുഞ്ഞ്. ആൺകുട്ടിയും അത് പോലെ തന്നെ.
സംഭവം കേട്ട് കൊണ്ടിരുന്ന എന്റെ ഇടത് ഭാഗം പെട്ടെന്ന് തന്നെ സർബത്ത് തയാറാക്കി അവർക്ക് കൊടുത്തത്  കൂടാതെ കടയിൽ ആളെ അയച്ച് മധുര പലഹാരം വാങ്ങി ആ കുടുംബത്തിന് കൊടുത്തു. അവളുടെ മനസിലും സന്തോഷം നിറഞ്ഞിരിക്കണം, ആർക്കാണ് സന്തോഷം ഉണ്ടാകാതിരിക്കുക.
"നോക്കൂ...ഞാൻ യുവതിയുടെ നേരെ തിരിഞ്ഞു" മേലിൽ......" ഞാൻ പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ അവൾ  പറഞ്ഞ് " ഇല്ലാ സാർ ഇനി ഒരിക്കലും ഇല്ല,  ഇത് വരെ ഇദ്ദേഹത്തിന്റെ ഈ സ്നേഹം ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ എന്നതാണ് എന്റെ ഇപ്പോഴത്തെ സങ്കടം...." അവൾ വിങ്ങി.
"സാർ, എന്റെ ബന്ധുക്കളെ വിളിച്ച് സമാധാനപ്പെടുത്തണം,  ഞാൻ ഇവളെ  തിരികെ വിളിച്ചതിൽ അവർവൈരാഗ്യത്തിലാണ്....." അത് ഞാൻ പറഞ്ഞ് ശരിയാക്കാമെന്ന്  ഉറപ്പ് നൽകുമ്പോഴും ആ യുവാവിനോടുള്ള ആദരവ്  എന്റെ ഉള്ളിൽ  ഒന്നിനൊന്ന് വർദ്ധിക്കുകയായിരുന്നു.
 രാത്രി ഏറെ ആയതിനാലും  ഈ കുഞ്ഞുങ്ങളെയും കൊണ്ട് വളരെ ദൂരം സഞ്ചരിക്കാനുമുള്ളതിനാലും  ഞങ്ങൾ അവരെ യാത്ര ആക്കി.
തെളിഞ്ഞ് കാണപ്പെട്ട  നിലാവിൽ റോഡിലൂടെ  ആ കുടുംബം നടന്ന് നീങ്ങുമ്പോൾ എന്റെ മനസിലും പൂനിലാവ് നിറയുകയായിരുന്നു.

Tuesday, March 22, 2016

കണ്ണീരിൽ മുങ്ങിയ ജപ്തി

സ്വന്തം കുഞ്ഞിന്റെ ശരീരം തലോടുന്നത് പോലെ അയാൾ  ആ ബസ്സിനെ തടവുന്നത്  എനിക്ക്  കോടതിക്കകത്ത് നിന്ന് കാണാമായിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ സംഭവം.അന്നത്തെ ദിവസം ആ ബസ്സ് ജപ്തി ചെയ്തു കൊണ്ട് വരുന്നതിനുള്ള വാറന്റ്  കോടതി ആമീനെ  രാവിലെ തന്നെ ഏൽപ്പിച്ച് ഉത്തരവ് കർശനമായി പാലിക്കണമെന്നുള്ള നിർദ്ദേശവും നൽകി  അയച്ചിരുന്നു. വാദി   ഒരു ദേശവൽകൃത ബാങ്കും   പ്രതി  ഇപ്പോൾ ആ ബസ്സിനെ തടവിക്കൊണ്ടിരിക്കുന്ന  മനുഷ്യനുമായിരുന്നു. സർവീസ് നടത്തിക്കൊണ്ടിരുന്ന  ബസ്സിനെ ആമീനെ  ക്കൊണ്ട് ജപ്തി ചെയ്യിച്ച് കോടതിയിലെത്തിക്കാൻ ബാങ്ക് അധികാരികൾ എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. കൊല്ലം കോടതിയിൽ  നടന്നു വന്ന  ആ കേസിൽ  കൊട്ടാരക്കര  കോടതി അധികാര പരിധിയിൽ സർവീസ് നടത്തുകയായിരുന്ന ബസ്സിനെ ജപ്തി ചെയ്ത്  കൊല്ലത്തെത്തിക്കുക എന്ന ജോലി മാത്രമായിരുന്നു കൊട്ടാരക്കര കോടതിക്കാർ ചെയ്തത്.. ബാങ്ക് അധികാരികൾ  ഓരോ നടപടിക്കും ശുശ്ക്കാന്തിയോടെ കൂടെ നിന്നതിനാൽ ജപ്തി ചെയ്യലും  ഹാജരാക്കലും കൊണ്ട് പോകലുമെല്ലാം  ക്ലീൻ ക്ലീനായി നടന്നു.
  ബസ്സ് കൊല്ലത്തേക്ക് കൊണ്ട് പോയതിന് ശേഷം  ആ മനുഷ്യൻ എന്റെ സമീപം വന്ന് ചോദിച്ചു "സർ, എന്തെങ്കിലും മാർഗമുണ്ടോ  ബസ്സ് തിരികെ കിട്ടാൻ .." അത്രയും സംസാരിച്ചപ്പോൾ തന്നെ    അയാളുടെ കണ്ണ് നിറഞ്ഞ്  വിതുമ്പിയിരുന്നു എന്ന് ഇപ്പോഴും എനിക്ക് തീർച്ചയുണ്ട്.
  എവറസ്റ്റ് കീഴടക്കിയ സാഹസികനെ പോലെ     അപ്പോഴും അവിടെ നിന്ന് വാചകമടിച്ചിരുന്ന      എന്റെ പരിചയക്കാരനായ ബാങ്ക്      അധികാരിയെ ഞാൻ കൈ കാണീച്ച് വിളിച്ച് ചോദിച്ചു." നിങ്ങളുടെ ദൗത്യം വിജയിച്ചു, എങ്കിലും ഞാൻ ചോദിക്കുകയാണ് , വിധിക്കടം  തവണകളായി കെട്ടി വെക്കാൻ  അയാൾ ഒരു അപേക്ഷ തന്നാൽ  നിങ്ങൾ അതിൻ മേൽ ആക്ഷേപം ഫയൽ ചെയ്യാതെ  ബസ്സ് തിരികെ കൊടുക്കുമോ? കച്ചേരി പരിസരത്ത് കിടന്ന് തുരുമ്പെടുപ്പിക്കുന്നതെന്തിനെന്ന് കരുതി ചോദിക്കുന്നതാണ്...."
"   വിധിക്കടം പൂർണമായി കിട്ടാതെ ബസ്സ് തിരികെ കൊടുക്കുമോ എന്നോ?!  സാർ ബാങ്ക് കളിക്കാൻ ഇരിക്കുകയില്ല, ഞങ്ങൾ എത്ര നോട്ടീസ് ഇയാൾക്ക് അയച്ചുവെന്നറിയാമോ? എത്ര തവണ ഞാൻ അയാളെ തിരക്കി വീട്ടിൽ പോയെന്നറിയാമോ, ബാങ്കിൽ നിന്നുംലോണെടുത്ത് ബസ്സ് വാങ്ങിയിട്ട്   മുതലാളി ആയി കളിക്കുകയായിരുന്നു അയാൾ.  ബാങ്കിന്റെ ഒരു പൈസാ ബാങ്ക് ആർക്കും വിട്ട് കൊടുക്കില്ല . അത് കർശന നിയമം ആണെന്ന് സാറിനറിയാമല്ലോ?...ഞാൻ മൂകനായി . കോടതിക്കാർ നിക്ഷ്പക്ഷത പാലിക്കേണ്ടവരാണ്. അയാളുടെ കരച്ചിലും വൈകാരികമായി അയാൾ ആ ബസ്സിനോട് കാണിക്കുന്ന വികാര  പ്രകടനവും കണ്ട് പരിചയക്കാരനായ ബാങ്ക് അധികാരിയോട് ഒന്ന് ചോദിച്ച് നോക്കിയെന്ന് മാത്രം.
ബാക്കി ചരിത്രം എനിക്കറിയില്ല. പക്ഷേ വർഷങ്ങൾക്ക് ശേഷം ആ ബാങ്ക് അധികാരിയെ എനിക്കൊന്ന്  ഇപ്പോൾ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്
  മല്യാ 9000 കോടിയുമായി മുങ്ങിയപ്പോൾ  ബാങ്ക് കളിക്കുകകായിരുന്നോ, അതോഉറങ്ങുകയായിരുന്നോ?  ഒരു പൈസാ പോലും ബാങ്ക്കാർ വിട്ട് കൊടുക്കാത്തത് സാധുക്കൾ എടുത്ത ലോണിനെ സംബന്ധിച്ച് മാത്രമാണല്ലേ?  പണക്കാർ കോടികളുമായി മുങ്ങിയാൽ കുഴപ്പമൊന്നുമില്ലാ അല്ലേ ? എന്ന് ചോദിക്കനൊരു ആഗ്രഹം..അത്രമാത്രം.

Saturday, March 19, 2016

കഞ്ചാവ്കാരിയേഴ്സ്

 അയ്യായിരം രൂപാ ദിനവും ബാറ്റാ, ന്യൂ ജനറേഷൻ ബൈക്ക് യാത്രയ്ക്കായി ലഭിക്കുക,  സാഹസികമായ ജോലി, ഇത്രയും നൽകി ചെറുപ്പക്കാരെ  വ്യാമോഹിപ്പിച്ചാണ്  കഞ്ചാവ് ലോബി ഇപ്പോൾ വ്യാപാരം വിപുലമാക്കിയിരിക്കുന്നത്. യുവാക്കൾ ഈ പ്രതിഫലത്താൽ  വശീകരിക്കപ്പെട്ട് ഈ തൊഴിലിൽ  ഏർപ്പെട്ടിരിക്കുന്നതിനെ തുടർന്ന്  ഇപ്പോൾ പത്ര വാർത്തകൾ കഞ്ചാവ്  കാരിയേഴ്സിനെ  പിടിച്ചെന്ന വാർത്തയാൽ  നിറയപ്പെട്ടിരിക്കുന്നു മുമ്പ് പേജുകൾ മുഴുവൻ  പീഡന വാർത്തയാലാണ് നിറഞ്ഞിരുന്നത്.  പ്രായമാകാത്ത പീഡനം, മുത്തശ്ശന്റെ പീഡനം , കൂട്ട പീഡനം  അങ്ങിനെ  ഇന്ത്യ ഒട്ടാകെ പീഡനം ആയിരുന്നു  . പീഡിപ്പിക്കുന്ന ആണുങ്ങൾ ഇപ്പോൾ കഞ്ചാവ് കചവടത്തിലേർപ്പെട്ടിരിക്കുന്നതിനാൽ അവർക്ക് പീഡനത്തിന് സമയം കിട്ടുന്നില്ല.
പറഞ്ഞ സ്ഥലത്ത്  കഞ്ചാവ് കൊണ്ട് പോയി  കച്ചവടക്കാരനെ ഏൾപ്പിച്ചാൽ ജോലി തീർന്നു. ഇടക്ക് എപ്പോഴെങ്കിലും  പുക(പൊഹ എന്ന് നാട്ട് ഭാഷ്യം) ഒന്ന് പിടിച്ച് രുചി അനുഭവപ്പെട്ട് പോയാൽ കാര്യം  ജീവിതമേ കട്ട പൊഹ ആകും. പിന്നെ അവന് പൊഹ  ഇല്ലാതെ ജീവിതമില്ല, അതിന് വേണ്ടി അവൻ എന്തും ചെയ്യും,  ആ അവസ്ഥയിലായി തീരും അവന്റെ  ജീവിതം.. അങ്ങിനെ തകർന്ന എത്രയെത്ര ജീവിതങ്ങൾ.
ബോധവത്കരണം കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല, വലിക്കേണ്ടവൻ വലിക്കും, വിൽക്കേണ്ടവൻ വിൽക്കും, കൊടുക്കേണ്ടവൻ കൊണ്ട് കൊടുക്കും, കഞ്ചാവ്   കൃഷി ചെയ്യുന്നവൻ  കൃഷി ചെയ്ത്കൊണ്ടേ ഇരിക്കും.പിന്നെ പരീക്ഷിക്കേണ്ടത് ഗൾഫിലെ ശിക്ഷയാണ്. മയക്ക് മരുന്നിന്  കഴുത്ത് വെട്ട് . പൂ ർണമായി  ഫലിക്കില്ലെങ്കിലും സാരമായ മാറ്റം ഉറപ്പ്.

Friday, March 18, 2016

ഒരു സഹായം ആവശ്യമുണ്ട്....

എന്നെ ആരെങ്കിലുമൊന്ന് സഹായിക്കാമോ?
ഞാനിപ്പോൾ കുറച്ച് ദിവസത്തേക്ക്  നിർബന്ധിത വിശ്രമത്തിലാണ്. അമിതമായ ജോലിഭാരം കാരണമുള്ള ശാരീരികാസ്വാസ്ഥ്യം വിശ്രമിച്ചേ മതിയാകൂ എന്ന അവസ്ഥ സംജാതമാക്കി.
സഹായം ആവശ്യമുള്ളത്  എന്തെന്നാൽ " എന്റെ പ്രൊഫൈൽ  വായിച്ച് ആകർഷിക്കപ്പെട്ട ഒരു അപരിചൻ എന്റെ ഇൻബോക്സിൽ വന്ന്  ഇന്നലെ ഒരു കുറിപ്പിട്ടു. ടിയാന്റെ പേര് കാറൽ തോമസ്. സ്കോട്ട്ലണ്ട്കാരനാണ്. അദ്ദേഹത്തിന് ലോകത്തിൽ വിശ്വാസം അച്ചായന്മാരെയും മാപ്ലാരേയും (മേത്തന്മാരെയും) മാത്രമേ ഉള്ളൂ. വയസ് 74. ഇപ്പോൾ ക്യാൻസർ ബാധിതനാണ്. ബന്ധുക്കൾ ക്രൂരമായി പെരുമാറുന്നു. അതിനാൽ മൂപ്പരുടെ കയ്യിൽ ഉള്ള സ്വത്ത് ചാരിറ്റി പ്രവർത്തനത്തിന് കൊടുക്കാൻ കരുതി സൂക്ഷിച്ചിരിക്കുകയാണ്. അത് നമ്മളെ ഏൾപ്പിക്കാൻ തയാർ.എന്റെ മറുപടി കിട്ടിയിട്ട് വേണം അയാളുടെ വക്കീലിനെ അറിയിച്ച് വേണ്ടത് ചെയ്യാൻ" ഇതാണ് കുറിപ്പിന്റെ ഉള്ളടക്കം.  
നമ്മുടെ മറുപടി കിട്ടിയാല് സായിപ്പ് വക്കീൽ ഫീസിനും സർവീസ് ചാർജിനുമായി ഒരു ചെറിയ തുക ആവശ്യപ്പെടും. ഒരു അമ്പതിനായിരം രൂപാ. അത്രയേ ഉള്ളൂ. അത് നിങ്ങൾ കൊടുത്താലെന്താ?! കിട്ടാൻ പോകുന്നത് കോടികളല്ലേ!
എനിക്കിപ്പോൾ വിശ്രമവേള ആയതിനാൽ നമ്മുടെ ചങ്ങാതിമാർ ആരെങ്കിലും ഈ ദൗത്യം ഏറ്റെടുത്ത് എന്നെ ഒന്ന് സഹായിക്കുമോ? പുണ്യം കിട്ടുന്ന കാര്യമാണ്. കൂട്ടത്തിൽ ഒരു വൻ തുക കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്രിയവും. സായിപ്പല്ലേ ആള്. നിങ്ങളെ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ ഭയങ്കര വിശ്വാസവുമാണ്. ഞാൻ വേണമെങ്കിൽ ശുപാർശ ചെയ്യാം. ഒന്ന് സഹായിക്കൂന്നേ! ബ്ലീസ്.