Thursday, March 17, 2016

പാരസറ്റാ മോൾ ഔട്ട്.

 ക്രോസിൻ ഔട്ട് .
 പനി അയലത്തുകൂടി എത്തി നോക്കിയാൽ ക്രോസിൻ രണ്ടെണ്ണം വിഴുങ്ങി  ഒരു പുതപ്പ് എടുത്ത് മൂടി കിടക്കുകയായിരുന്നല്ലോ നമ്മുടെ  സാധാരണ നടപടിക്രമം.
 ഡോളോ, ചുമക്കും ജലദോഷത്തിനുമുള്ള ഡികോൾഡ്  ഡോട്ടൽ,  മൂക്കടപ്പിനുള്ള തുള്ളി മരുന്ന് നാസിയവോൺ,  പുറം വേദനക്കുള്ള സുമോ,   ഗസ്ട്രോജിൽ, കുട്ടികൾക്കുള്ള സിറപ്പ്ടി98    കഫ് സിറപ്പ്   ഷെറികഫ്, കാഫ്നിൽ വേദന സംഹാരി നിമുലിഡ്,  തുടങ്ങി  ഒരു ബറ്റാലിയൻ മരുന്നുകളാണ് ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പോളത്തിൽ നിന്നും  ഔട്ടായത്.  നമ്മുടെ പ്രിയപ്പെട്ട മോളായ പാരസെറ്റാമോൾ മിശ്രിതവും ഇന്നലെയേ ഔട്ടായി.  ഇതെല്ലാം ആരോഗ്യത്തിന് ഹാനി വരുത്തുമത്രേ!. ഈ ഔട്ടാക്കൽ  മരുന്നു മമ്പനികൾക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുമത്രേ! 3049 കോടി രൂപായുടെ വാർഷിക നഷ്ടമാണ് ഇവർക്ക് ഉണ്ടാകുന്നത്. കമ്പനികൾ മരുന്നുകൾ വിപണിയിൽ നിന്ന് പിൻ വലിക്കാൻ തുടങ്ങിയ ഈ അസുലഭ സന്ദർഭത്തിൽ.  രണ്ട് മൂന്ന് ചോദ്യങ്ങൾ മനസിൽ പൊന്തി വരുന്നു.
പിൻ വലിച്ച ഈ മരുന്നുകളുടെ വാർഷിക നഷ്ടം മാത്രം3049 കോടി രൂപായെങ്കിൽ  ഈ 120 കോടി ജനങ്ങൾ എല്ലാവരും കൂടി  എത്ര രൂപായുടെ മരുന്നാണ് ഒരു വർഷത്തിൽ  വിഴുങ്ങി തീർക്കുന്നത്.
ഈ മരുന്നുകൾ എല്ലാം ആരോഗ്യത്തിന് ഹാനികരമെങ്കിൽ ഇത്രയും കാലം നമ്മൾ  വിഴുങ്ങി കൊണ്ടിരുന്നത്  വിഷങ്ങളായിരുന്നല്ലോ?
 ഈ മരുന്നുകൾ കമ്പോളത്തിൽ വിറ്റഴിക്കുന്നതിന് മുമ്പ്  ഇത് വിഴുങ്ങിയാൽ കുഴപ്പമുണ്ടോ എന്ന് പരിശോധിച്ചില്ലായിരുന്നോ?
വൃക്ക രോഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറാൻ  ഈ  ഹാനികരമായ മരുന്ന് വിഴുങ്ങൽ  കാരണമായിരുന്നോ?
അടുത്ത കാലത്തെ കണക്കെടുപ്പിൽ കേരളത്തിൽ വൃക്ക രോഗവും ക്യാൻസർ  രോഗവും കുട്ടികളിലെ   വൃക്ക രോഗവും  വർദ്ധിക്കാൻ  ഒരു കാരണം ഈ വക മരുന്ന് വിഴങ്ങലാ യിരുന്നോ?
 പിൻ വലിക്കുന്ന മരുന്നുകൾ തന്നെ പുതിയ ലേബിളിൽ പുറത്തിറങ്ങി വരുമോ?
ബഹുമാനപ്പെട്ട കോടതി ഇടപെട്ട് വിലക്ക് നീക്കുമോ?
 3049 കോടിയിൽ  49 കോടി ഇങ്ങ് തരുക നിരോധം ഏതെങ്കിലും തുക്കടാ ന്യായം കണ്ടെത്തി  ഞങ്ങൾ പിൻ വലിപ്പിച്ച് തരാം എന്ന്  പറഞ്ഞ്   ആരെങ്കിലും  അണിയറയിൽ ചരട് വലിക്കുമോ?
 ഉത്തരം വരും കാലം തരും.

Tuesday, March 15, 2016

ചരിത്രപരമായ വിഡ്ഡിത്തം

 മാർക്സ്സിറ്റ് പാർട്ടി  ചില സന്ദർഭങ്ങളിൽ  എടുക്കുന്ന തീരുമാനം ഫലത്തിൽ വരട്ട് തത്വ വാദമായി തന്നെ  കാണേണ്ടി വരുന്നു.  പാർട്ടിക്കും രാജ്യത്തിനും യാതൊരു ഗുണവും ചെയ്യാത്ത  ഈ തീരുമാനങ്ങൾ ദോഷമായി  ഭവിച്ചത് മുൻ അനുഭവങ്ങളിലൂടെ  വെളിപ്പെട്ടിട്ടും പാർട്ടി ഇപ്പോഴും  ആ വക തീരുമാനങ്ങളെ  "അത് പാർട്ടി എടുത്ത തീരുമാനമാണ്, അത് കൊണ്ട് തന്നെ അത് ശരിയായ തീരുമാനമാണ്" എന്ന  കേമത്തം വിളമ്പി അണികളെ  തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പാർട്ടി ചെയ്യുന്നതെന്തിനെയും ഹലേലുയാ പാടുന്ന അണികൾ  ഉള്ളിലെന്തെങ്കിലും അതൃപ്തി  ഉണ്ടെങ്കിലും  അത് പുറമേ കാണീക്കാതെ " അത് പാർട്ടി തീരുമാനം" എന്ന് ചിന്താശൂന്യരായി    ഉരുവിടുകയും ചെയ്യുന്നു. ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ  ജ്യോതി ബസുവിനെ  ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക്  പ്രവേശിക്കാൻ  സാധ്യത എല്ലാമുണ്ടായിട്ടും "ചരിത്രപരമായ  വിഡ്ഡിത്തം" കാട്ടി തടഞ്ഞത് ഉദാഹരണം.
 വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് തവണ ഒരു സ്ഥലത്ത്   മൽസരിച്ചവരിൽ ചിലരൊഴികെ  മറ്റുള്ളവരെ മൽസര രംഗത്ത് നിന്നും മാറ്റി  പകരം  പുതു മുഖങ്ങളെ  മൽസരിപ്പിക്കാൻ പാർട്ടി എടുത്ത തീരുമാനത്തിലെ അപാകത ചൂണ്ടിക്കാണിക്കാനാണ് ഇപ്പോൾ  ഈ വിഷയം ഇവിടെ  കുറിച്ചത്.
കൊട്ടാരക്കരയെന്നാൽ  ശ്രീ . ആർ.ബാലക്രിഷ്ണപിള്ള എന്ന  സമവാക്യത്തെ മാറ്റി മറിച്ചാണ്. ഐഷാപോറ്റി എന്ന അഭിഭാഷക  ഇവിടെ  2006ലും 2011ലും  ജയിച്ചത്. കേരളാ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ പിള്ളയുടെ  തുടർച്ചയായുള്ള  വിജയ പരമ്പരക്ക്  തടസ്സമിട്ടത്  കൊട്ടാരക്കരയിൽ ബഹു ഭൂരിപക്ഷം സമ്മതിദായകരും  ഇടത് വശത്തേക്ക് ചരിഞ്ഞത് കൊണ്ടൊന്നുമല്ല.   ജില്ലാ പഞ്ചായത്ത് അംഗമായി ഐഷാപോറ്റിയുടെ ജനങ്ങളോടുള്ള ഇടപഴകലും അന്നത്തെ പ്രത്യേക സാഹചര്യത്തിൽ പിള്ള സാർ ഒന്ന് മാറി നിൽക്കട്ടെ  എന്ന് ജനം വിചാരിച്ചത് കൊണ്ടുമായിരുന്നു ആ വിജയം. പിന്നീട് ചിത്രമാകെ മാറി മറിഞ്ഞു; രാഷ്ട്രീയ ഭേദമന്യേ വക്കീലിന്റെ ഇടപഴകൽ  സാധാരണക്കാരെ കയ്യിലെടുത്ത് കൊണ്ടായിരുന്നതിനാൽ  രണ്ടാം തവണ പിള്ള സാറിന്റെ നോമിനി ഡോക്റ്റർ മുരളിയെ പുഷ്പം പോലെ വക്കീലമ്മ മറിച്ചിട്ടു. ഇപ്പോൾ അഡ്വൊക്കേറ്റ്.ഐഷാപോറ്റി കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിന്റെ അവിഭാജ്യ ഘടകമാണ്. വിധി വിചിത്രമെന്ന് പറയട്ടെ പിള്ള സാർ  ഇടത് പാളയത്തിലും. ഈ സന്ദർഭത്തിലാണ്  ഐഷാപോറ്റി രണ്ട് തവണ മൽസരിച്ചു എന്ന കാരണം പറഞ്ഞ്  അവരെ മാറ്റി ഏതോ ഇട്ടുണ്ണൻ കോദണ്ണ കുറുപ്പിനെ പാർട്ടി  കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം പുറത്ത് വരുന്നത്. പാർട്ടി തീരുമാനത്തിൽ കുഴപ്പമൊന്നുമില്ല, പക്ഷേ അത് എല്ലായിടത്തും ചേരുമെന്ന് തോന്നുന്നില്ല. പാർട്ടിക്ക് സീറ്റ് ഉറപ്പ് എന്നുള്ളിടത്ത് ഏത് മങ്കയർ തിലകത്തെ വേണമെങ്കിലും കൊണ്ട് നിർത്തിക്കോട്ടെ. പാർട്ടി പറയുന്നവർക്ക് അണികൾ കുത്തിക്കോളും. പക്ഷേ അനിശ്ചിതത്വം നില നിൽക്കുന്നിടത്ത് വരട്ട് തത്വ വാദം ചെലവായെന്ന് വരില്ല.  അവിടെ മറ്റ് പല സാദ്ധ്യതകളും ആരായണം. സർവ സമ്മതനായ വ്യക്തി,  ആദരണീയനായ വ്യക്തി,  സിനിമാ താരം  എന്നൊക്കെയുള്ള ജയ സാദ്ധ്യതയുള്ള വ്യക്തികളെ അവിടെ പരീക്ഷിക്കാമെങ്കിലും    ജനസമ്മതിയുള്ള പഴയ ആൾ തന്നെയാണ്   എല്ലാംകൊണ്ടും  അഭികാമ്യം. കൊട്ടാരക്കരക്കാരുടെ  പിള്ളേച്ചൻ  ഇടത് പാളയത്തിലാണെന്നും അതിനാൽ കൊട്ടാരക്കര പാർട്ടിക്ക്  ഉറപ്പ് സീറ്റ് എന്നൊക്കെ കരുതിയാൽ അത് പോലെ പമ്പര വിഡ്ഡിത്തം വേറെയില്ല. ഒരു കാലത്ത് കൊട്ടാരക്കരക്കാരുടെ എല്ലാമെല്ലാമായ പുള്ളേച്ചന്റെ  മനസ്സ് കണ്ടത്  ഉടയ തമ്പുരാൻ മാത്രമേ ഉള്ളൂ  ആദ്യം പാർട്ടി  തിരിച്ചറിയണം.
അത്കൊണ്ട് സുനിശ്ചിതമായ ഒരു സീറ്റ് ഇല്ലാതാക്കല്ലേ  തലപ്പത്തിരിക്കുന്ന  സഖാവേ! കക്ഷത്തിലിരിക്കുന്ന ഐഷാപോറ്റിയെ കളഞ്ഞ് ഉത്തരത്തിലിരിക്കുന്ന പുതുമുഖത്തെ എടുക്കാൻ തുനിഞ്ഞാൽ വീണ്ടുമൊരു ചരിത്രപരമായ വിഡ്ഡിത്തമായിരിക്കും ഫലം.

Saturday, March 12, 2016

നമുക്ക് അവരുടെ നേരെ കൊഞ്ഞനം കുത്താം

 "അള്ളാ മാപ്ലയും മമ്മത് മാപ്ലയും ഒത്ത് ചേർന്നാൽ അബൂജാഹിൽ തമ്പ്രാൻ എന്ത് ചെയ്യും."
ബദർ പടപ്പാട്ട് കേൾക്കാൻ പോയ  ചെറുമൻ താമിയോട് "എങ്ങിനെയുണ്ടെടാ ഞങ്ങടെ ബദർ യുദ്ധം" എന്ന് ഹാജിയാർ ചോദിച്ചപ്പോൾ താമി കൊടുത്ത ഉത്തരമാണ് മുകളിൽ കാണിച്ചത്. താമിക്ക്  ഹാജിയാരോടും അത് വഴി ഹാജിയാരുടെ  മതത്തോടും ഉള്ളിൽ പണ്ടേ  കിറു കിറുപ്പ്  ഉണ്ടായിരുന്നതിനാൽ  ഖുറൈശിപ്പട നയിച്ച് വന്ന അബൂജാഹിലിനെ തമ്പ്രാനായും അല്ലാഹുവും പ്രവാചകനും മാപ്ലാരായും  കാണാനേ കഴിഞ്ഞിരുന്നുള്ളൂ.ഹാജിയാരോടുള്ള പുശ്ചം വേറൊരു തരത്തിൽ പ്രകടിപ്പിച്ചെന്ന് മാത്രം.
മാത്രുഭൂമി പത്രത്തിൽ പ്രവാചക നിന്ദ നിറഞ്ഞ വാചകങ്ങൾ അച്ചടിച്ച് വന്നതിനെതിരെ  ഉയർന്ന രോഷം നിരീക്ഷിച്ചപ്പോൾ  ഓർമ്മ വന്നത് പണ്ട് കേട്ട  ഈ കഥയാണ്.
മാത്രുഭൂമിയിൽ  നിന്നും പിന്നെന്താണ് പ്രതീക്ഷിക്കേണ്ടത്. മതേതരത്വത്തിന്റെ  പേരും പറഞ്ഞ് മത നിരാസം വിളമ്പുന്ന  ബഹുമാന ശ്രീ ശ്രീ. ഹമീദ്  ചേന്നമങ്ങല്ലൂരാദി പ്രഭ്രുതികൾ    മേയുന്ന മാത്രുഭൂമി പത്രത്തിലെ അന്തേവാസികളുടെ മനസിൽ പണ്ട് താമിയുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്ന  പുശ്ചം തന്നെയാണ് എപ്പോഴും കാണപ്പെടുന്നത്. ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ഒരു രോഷത്തിനും  കാരണമില്ല. പട്ടി ബൗ ബൗ എന്നും പൂച്ച മ്യാവൂ മ്യാവൂ എന്നുമേ ശബ്ദിക്കുള്ളൂ. പൂച്ചയോട് എന്ത് കൊണ്ട് ബൗ ബൗ എന്ന് കുരക്കാത്തതെന്നും പട്ടിയോട്   എന്ത് കൊണ്ട് മ്യാവൂമ്യാവൂ എന്ന് കരയാത്തതെന്നും ആരും പ്രതിഷേധിക്കാറില്ല. അവരുടെ വഴിയേ അവർ  പോകട്ടെ. നമുക്ക് നമ്മുടെ വഴിയേയും. പള്ളിക്കൂൂടത്തിൽ നമ്മുടെ അടുത്തിരുന്ന സഹപാഠി  ഏത് മതക്കാരനാണെന്ന് നാം നോക്കാതെയല്ലേ പരസ്പര സ്നേഹത്തിൽ കഴിഞ്ഞത്. ഓഫീസിൽ സഹപ്രവർത്തകൻ ഏത് ജാതിയെന്ന് നോക്കാതെയല്ലേ  അയാളുടെ സുഖ ദു:ഖങ്ങൾ  നമ്മുടെതെന്നത് പോലെ നമ്മൾ പെരുമാറിയിരുന്നത്, അയൽ വാസികളായ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും  അവരുടെതായ ഓണത്തിനും പെരുന്നാളിനും  ഈസ്റ്ററിനും ആഹാരം പങ്കിട്ട് കഴിച്ചിരുന്നു.  ഈ മലയാള മണ്ണിന്റെ മഹിമ നൂറ്റാണ്ട്കളായി  അങ്ങിനെ തന്നെയാണ്. അത് കലക്കി മീൻ പിടിക്കാൻ വരുന്ന പത്രമായാലും നവ മാധ്യമങ്ങളായാലും അവരെ ഒഴിവാക്കി നമുക്ക് ഒരുമിച്ചിരുന്ന് അവരെ കൊഞ്ഞനം കുത്തി കാണിക്കാം. അതായിരിക്കട്ടെ അവരുടെ നേരെയുള്ള പ്രതിഷേധം.

Tuesday, March 8, 2016

വരുമൊരു പൊൻ പുലരി

 
       ഒറ്റക്ക് പാടുന്ന പൂങ്കുയിലേ  നിന്റെ പട്ടിളം പോലുള്ള
           പാട്ടിനുള്ളിൽ എന്തിത്ര സങ്കടം   ചൊല്ലാമോ....
      .എന്താണ് സിനാൻ ആലോചിക്കുന്നത്. അവന്റെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ പോലെ ഓടി നടക്കാൻ  സാധിക്കാത്തതെന്ത് കൊണ്ടാണെന്നാണോ?
അവന്റെ ഉള്ളിലുള്ള വിചാരധാരകൾ  എന്തെന്ന് അവന് പ്രകടിപ്പിക്കാൻ സാധിക്കാത്തതിനാലാണോ? അവന്റെ ആവശ്യങ്ങൾ  എന്തെന്ന് പറയാൻ  സാധിക്കാത്തതിനെ പറ്റിയാണോ?അവൻ ഇത് വരെ  വർത്തമാനം പറഞ്ഞ് തുടങ്ങിയില്ലല്ലോ... ആ ദു:ഖമാണോ?
പരിശുദ്ധവും  പരിപാവനവുമായ ആതുര സേവന  രംഗം ധന ലാഭത്തിന് വേണ്ടി  വ്യവസായമാക്കി മാറ്റിയ  ആധുനിക ആശുപത്രികളിലെ  പണക്കൊതിക്ക്  ഇരയായി മാറിയവനാണ് അവൻ.
എങ്കിലും    സംഗീതം കേൾക്കാനും  അത് ശ്രവിച്ച് വിദൂരതയിലേക്ക് നോക്കി  ഇരിക്കാനുമുള്ള  കഴിവ്  മുകളിലിരിക്കുന്നവൻ അവന് നൽകിയ കാരുണ്യമാണല്ലോ. അവന്റെ എല്ലാ നിലവിളിയും വേദനയും സംഗീതം കേൾക്കുമ്പോൾ   അതും മുകളിൽ കാണിച്ചത് പോലുള്ള   പഴയ ഈണങ്ങൾ കേൾക്കുമ്പോൾ  ഇല്ലാതാകുന്നു  ആ ഗാനങ്ങൾ അവന്   ഏറ്റവും പ്രിയംകരവുമാണല്ലോ.
വരും മോനേ! നമ്മളിലേക്ക്  ഒരു നല്ല പുലരി..പ്രകാശം നിറഞ്ഞ പ്രതീക്ഷ നൽകുന്ന ഒരു പൊൻ പുലരി.  അന്ന് നീ നടക്കും സംസാരിക്കും  പൊട്ടി ചിരിക്കും.  കാരണം ദൈവം മഹാനാണ്.

Tuesday, March 1, 2016

പത്രമുതലാളിമാരോട് ഒരു അപേക്ഷ.

മലയാള ദിനപ്പത്രങ്ങൾക്ക് പ്രതിമാസം 182 രൂപാ വീതം നൽകിയാണ് ഞാൻ വാർത്തകൾ  വായിക്കുന്നത്. പത്ര മുതലാളി ലാഭം ഉണ്ടാക്കണമെന്നൊന്നും എനിക്ക് താല്പര്യമില്ല. 182 രൂപാ പ്രതിമാസം നൽകുമ്പോൾ  വാർത്തകൾ  അച്ചടിച്ച ദിനപ്പത്രം എന്റെ കയ്യിൽ അവർ എത്തിച്ച് തരണം.  പത്ര വായനക്കാരനും  പത്ര മുതലാളിയുമായുള്ള ഒരു അലിഖിത  ഉടമ്പടി ആണിത്. പത്ര മുതലാളി ഈ 182 രൂപാ കൊണ്ട്  ലാഭത്തിൽ തന്റെ വ്യവസായം  നടത്തിക്കൊണ്ട് പോകാൻ കഴിയുമോ എന്നൊന്നും വായനക്കാരൻ അന്വേഷിക്കേണ്ട  കാര്യമൊന്നുമില്ല. എന്നിട്ടും 182 രൂപാ  മുടക്കി  ഞാൻ  വാങ്ങുന്ന പത്രത്തിൽ  പത്രമുതലാളിയുടെ താല്പര്യത്തിൽ  പരസ്യങ്ങൾ കുത്തി തിരുകുന്നത്  ഞാൻ സഹിക്കുന്നത്  "പോട്ടെ അയാൾ  എങ്ങിനെയും ജീവിച്ച് പോകട്ടെ, നമുക്ക് നഷ്ടമൊന്നുമില്ലല്ലോ"  എന്ന എന്റെ ഔദാര്യം കൊണ്ട് മാത്രമാണ്.  കാരണം വാർത്തകൾക്ക് വേണ്ടിയാണ്  ഞാൻ പൈസാ ചെലവഴിക്കുന്നത്. അല്ലാതെ ആടലോടകത്തിന്റെയും ഉണക്കമീനിന്റെയും  ഷഡ്ഡിയുടെയും പരസ്യം വായിക്കാനല്ലാ.
 പത്രം പുറത്തിറങ്ങണമെങ്കിൽ സർക്കാർ വക പരസ്യങ്ങൾ നൽകുന്നത് പത്രത്തിൽ അച്ചടിക്കണമെന്ന നിബന്ധന  പത്രമുതലാളിയും സർക്കാരുമായുള്ള ഇടപാട് മാത്രമാണ്. 182 രൂപാ നൽകുന്ന ഞാനുമായി ഒരു ഇടപാടും സർക്കാരിനില്ല. മാത്രമല്ല സർക്കാർ വക പരസ്യങ്ങളും അറിയിപ്പുകളും  പൊതു ജനങ്ങളെ അറിയിക്കുന്നത്  സർക്കാർ അതിനായി അച്ചടിക്കുന്ന ഗസറ്റിലൂടെയാണ് താനും. അല്ലെങ്കിൽ വില്ലേജ് ആഫീസ് മുഖപ്പിലും പഞ്ചായത്ത് വക നോട്ടീസ് ബോർഡിലും പരസ്യപ്പെടുത്തട്ടെ. അല്ലാതെ ഞാൻ 182 രൂപാ കൊടുത്ത് വാങ്ങുന്ന പത്രത്തിൽ കുത്തി നിറച്ച്  എന്നെ അടിച്ചേൽപ്പിക്കരുത്.
  ഇതിത്രയും  എഴുതിയത്  മൂന്ന് നാല് ദിവസങ്ങളായി പത്രത്തിൽ  സർക്കാർ വക ഭരണ നേട്ടങ്ങൾ  ഒന്നും രണ്ടും  പേജുകളിൽ കുത്തി നിറച്ച്   " വായിക്കടാ പൊതുജന മരപ്പട്ടീ " എന്ന മട്ടിൽ ഞങ്ങൾക്ക് വലിച്ചെറിഞ്ഞ്  തരുന്ന  പ്രവണത കണ്ടത് കൊണ്ടാണ്. ഞങ്ങൾക്ക് വാർത്തകൾ നിറച്ച് തരേണ്ട ഇടത്തിൽ  നിങ്ങൾക്ക് ലാഭത്തിനായി   സർക്കാരുകളുടെ സുവർണ ഭരണ നേട്ടങ്ങൾ കുത്തി നിറക്കാനാണെങ്കിൽ ഞങ്ങളെന്തിന് 182 രൂപാ വില കൊടുക്കണം.  
   അത് കൊണ്ട് സർക്കാർ വക ഈ കേമത്തങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് പത്രമുതലാളിമാർ   പ്രത്യേക പേജിലാക്കി  പത്രത്തിൽ ഉള്ളടക്കം ചെയ്യുക, അല്ലാ എങ്കിൽ  പരസ്യം കഴിഞ്ഞുള്ള പെജുകൾക്ക് മാത്രം  ഞങ്ങളിൽ നിന്നും വില വാങ്ങുക.