Sunday, August 9, 2015

ആരെ ഭയപ്പെടാനാണ് ?

ഇന്നലെ രാവിലെ നല്ല തിരക്കുള്ള സമയം കൊട്ടാരക്കര ബസ് സ്റ്റാന്റിൽ കണ്ട ദൃശ്യമാണിത്. അലട്ടലൊന്നുമില്ലാതെ തെരുവ് നായ യാത്രക്കാരുടെ പുറകിൽ ശയിക്കുന്നു .ഏതെങ്കിലും പേ നായ ഈ ജീവിയെ കടിച്ചിട്ടുണ്ടോ എന്ന്  ആർക്കും അറിയാൻ സാധിക്കാത്ത അവസ്ഥയിൽ  അങ്ങിനെ കടി  ഏറ്റിണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും അതിന് പേ ഇളകാം. അപ്പോൾ  ആ തിരക്കിൽ സംഭവിക്കുന്നത് എന്തെല്ലാമാണെന്ന് പറയുക അസാദ്ധ്യമാണ് . നൂറ് കണക്കിന് ജീവനക്കാർ  ജോലി ചെയ്യുന്ന ആ സ്ഥാപനത്തിൽ  ആരെങ്കിലും മുൻ കയ്യെടുത്ത്  അതിനെ  തുരത്താൻ സാധിക്കും. അഥവാ തിരക്കുള്ള  പൊതു സ്ഥലത്ത് ആ ജീവിയുടേ സാന്നിദ്ധ്യം ഒഴിവാക്കാനുള്ള നടപടികൾ എടുക്കാൻ കഴിയും    പക്ഷേ അവർക്ക് പട്ടിയെ  ഓടിക്കൽ അല്ല ജോലി. അവർക്ക് ഉണ്ണാൻ മാസം  ശമ്പളം കൊടുക്കുവാനുള്ള  ഉറവിടം  യാത്രക്കാരാണെന്നും അവന്റെ സുരക്ഷ തങ്ങളുടെ  കടമയാണുമെന്നുള്ള ബോധം എന്ന്  അവരിൽ ഉണ്ടാകുന്നുവോ അന്ന് ഈ നാട് രക്ഷപെടും.

Friday, August 7, 2015

തെങ്ങിൻ മേൽ കെട്ടിയും വടി വിളക്കും

 ബാല്യ കാലസ്മരണകളിലൂടെ     ഊളിയിട്ടപ്പോൾ ആ കാലഘട്ടത്തിലെ    കല്യാണങ്ങൾ കെങ്കേമമാക്കുന്നത്, തെങ്ങിൻ മേൽ കെട്ടിയും വടി വിളക്കുമായിരുന്നു  എന്ന്  ഞാൻ തിരിച്ചറിയുന്നു.  കല്യാണത്തിന് തെങ്ങിന്മേൽ കെട്ടിയും വടി വിളക്കും ഉണ്ടെന്ന് പറയുന്നത്   അന്നത്തെ  ആൾക്കാർക്ക് ഒരു  അന്തസായിരുന്നു. തെങ്ങിൻ മേൽ കെട്ടി എന്നാൽ ലൗഡ്  സ്പീക്കർ. വടി വിളക്കെന്നാൽ  റ്റ്യൂബ് ലൈറ്റും. നിറയെ തെങ്ങുകൾ നിറഞ്ഞ് നിന്നിരുന്ന ആലപ്പുഴയിൽ ലൗഡ് സ്പീക്കർ ഉയരത്തിൽ സ്ഥാപിക്കാൻ  തെങ്ങുകൾ ഉപയോഗിച്ചതിലൂടെയാണ്  പ്രസ്തുത സാധനത്തിന്  ഗ്രാമങ്ങളിൽ ആ പേര് വീണത്. പിൽക്കാലത്ത് ലൗഡ് സ്പീക്കർ  ജീവിതത്തിന്റെ ഭാഗമായി തീർന്നു, അടുത്ത കാലം വരെ  അത് തുടർന്നു   .വിവാഹ തലേന്ന്  മൈക്ക് എന്ന് പിന്നീട് അറിയപ്പെട്ട ഈ സാധനം പ്രവർത്തനനിരതമാകുന്നതോടെയാണ്  വിവാഹാഘോഷങ്ങൾ  ആരംഭിക്കുന്നത്. ഞങ്ങൾ കൊച്ച് കുട്ടികൾക്ക്  മൈക്ക് ഓപറേറ്റർ ഒരു അതിശയ പുരുഷനായി  മാറി. ഗ്രാമഫോൺ റിക്കാർഡും അതിന്മേൽ ആലേഖനം ചെയ്യപ്പെട്ട  "സ്പീക്കറിലേക്ക്  ഒരു നായ പാടി കൊടുക്കുന്ന" ചിത്രവും ഞങ്ങളെ ഹരം കൊള്ളിച്ചു.
സരസനായ ഓപറേറ്ററുടെ മനോധർമ്മം അനുസരിച്ചാണ്  ഗ്രാംഫോൺ റിക്കാർഡുകൾ വെക്കുന്നത്. ആദ്യം ഏതെങ്കിലും സിനിമയിലെ ഭക്തിഗാനത്തിൽ തുടങ്ങി പെണ്ണൊരുങ്ങുമ്പോൾ "പുത്തൻ മണവാട്ടീ  പുന്നാര മണവാട്ടിയും"  വരൻ വരുമ്പോൾ "വരണൊണ്ട് വരണോണ്ട് മണവാളനും" പെണ്ണിനെ പുകഴ്ത്തി "മൈലാഞ്ചി തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തിയും" ഗാനങ്ങൾ അലയടിക്കും. പെണ്ണിന്റ്െ  പിതാശ്രീ പിശുക്കനെങ്കിൽ "നാഴൂരി പാൽ കൊണ്ട് നാടാകെ കല്യാണം" ആയിരിക്കും കേൽക്കുക. " മായാ മയനുടെ ലീല, അത് മാനവനറിയും ലീലാ"  എന്നാണ് ഗാനമെങ്കിൽ  ആഹാരത്തിലെന്തോകൃത്രിമം വീട്ട്കാർ കാണിച്ചത് ഓപറേറ്റർക്ക് പിടി കിട്ടിക്കാണുമെന്ന് ഉറപ്പ്.  മട്ടൻ ബിരിയാണി എന്ന് അനൗൺസ് ചെയ്തിട്ട്   പശുവിന്റെ ഹസ് ബന്റിന്റെ ഇറച്ചിയിൽ  ആട്ടിറച്ചിയുടെ  എല്ല്  മാത്രം  ഇട്ട് മട്ടനാക്കുന്ന    വേലയോ മറ്റോ കാണിച്ച് കാണും.മണവാട്ടിക്ക് ഒരു പൂർവാനുരാഗ കഥ ഉണ്ടായിരുന്നത് ഓപറേറ്റർക്ക് അറിവുണ്ടെങ്കിൽ പെണ്ണും ചെറുക്കനും വരന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ് നടക്കുമ്പോൾ ""അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നു"  എന്ന പാട്ട് നല്ല മൂളിച്ച് ഇടുമെന്ന് ഉറപ്പ്.

  സിനിമാ ടാക്കീസിൽ ഷോ തുടങ്ങുന്നതിന് മുമ്പ് ലൗഡ്സ്പീക്കർ പുറത്ത് കേൾക്കുന്ന വിധം  പ്രവർത്തിപ്പിക്കുക എന്നത് സിനിമാ തുടങ്ങിയിട്ടില്ലാ എന്ന് പ്രേക്ഷകരെ ധരിപ്പിക്കുന്ന ഒരു സിഗ്നൽ ആയിരുന്നു. അത് നിശ്ശബ്ദമാക്കി അകത്ത് സ്ക്രീനിന്റെ പുറകിലേക്ക് മാറ്റിയാൽ  ഷോ തുടങ്ങുന്നു  എന്ന അടയാളമായി മാറും.സിനിമാ ഓപറേറ്റർ മാനേജരുടെ മനസ് അറിഞ്ഞ് പാട്ടുകൾ പുറത്ത്  കേൽപ്പിക്കുന്നതാണ്   പണ്ടത്തെ ഓല കൊട്ടകയിലെ രീതി.  "ഗതിയേതുമില്ലാ തായേ" എന്ന തമിഴ് പാട്ട്ദയനീയമായി മൂളിച്ചാൽ  അകത്ത് കാണികൾ കുറവാണെന്ന്  കരുതാം.  "കണ്ണ് തുറക്കാത്ത   ദൈവങ്ങളേ"  എന്ന പാട്ടാണെങ്കിൽ   പടം കാണാൻ ആരും  കൊട്ടകക്ക് അകത്തില്ല  എന്ന് ഉറപ്പ്.  ഹൗസ് ഫുൾ ആയി  ടിക്കറ്റ്  കിട്ടാതെ  ആൾക്കാർ  മടങ്ങി പോകുമ്പോൾ "പോനാൽ പോകട്ടും പോടാ " എന്ന ഗാനമായിരിക്കും കേൽക്കുക.
ലൗഡ്സ്പീക്കറിന്റെ  സജീവപ്രവർത്തനം  രസകരമായി അനുഭവപ്പെടുന്നത്  സുന്നത്ത് കല്യാണ വേളയിലായിരുന്നു. സുന്നത്ത് കല്യാണം ആഘോഷമായിരുന്ന ആ കാലഘട്ടത്തിൽ തലേന്ന് തന്നെ തെങ്ങിന്മേൽ കെട്ടി  ഉച്ചത്തിൽ പാടി തുടങ്ങിയിരിക്കും. കുട്ടികളെ ഓടിച്ചിട്ട് പിടിച്ച് കൊണ്ട് വരുന്നത് മൗലൂദ് പാരായണം  (പ്രവാചക ചരിതം) ആരംഭിക്കുമ്പോഴാണ്.  ആലപ്പുഴയിൽ അന്ന്  മൗലൂദ് പാരായണത്തിലെ അശറഖാക്ക് എഴുന്നേൽപ്പ് സമയത്താണ് സുന്നത്ത് കർമ്മം നടത്തുന്നത്. എല്ലാവരും എഴുന്നേറ്റ് നിന്ന് "യാ നബീ സലാം അലൈക്കും യാ റസൂൽ സലാം അലൈക്കും"  എന്ന ഈരടികൽ ശ്രവണ സുന്ദരമായി  ഉച്ചത്തിൽ ആലപിക്കുന്നതാണ് അശറഖാ.( പ്രവാചകനെ മദീനാ വാസികൾ തങ്ങളുടെ  നാട്ടിലേക്ക് സ്വാഗതം ചെയതപ്പോൾ പാടിയ ഈ  അർത്ഥ സമ്പുഷ്ടമായ ഗാനം  കുട്ടികളെ സുന്നത്ത് കർമ്മം നടത്തുന്ന കൃത്യം സന്ദർഭത്തിൽ ഉച്ചത്തിൽ ആലപിക്കുന്നതിന്റെ ഗുട്ടൻസ് ഇന്നും എനിക്ക് പിടി കിട്ടിയിട്ടില്ല) ആ സമയം മൈക്ക്   തുറന്ന് വെച്ചാണ്   അഷറഖാ പരിപാടി നടത്തുന്നത്. അടുത്ത  മുറിയിൽ  നിന്നും പയ്യൻസിന്റെ കരച്ചിൽ ലൗഡ്സ്പീക്കറിലൂടെ  പുറത്ത് തൽസമയം കിട്ടിക്കൊണ്ടിരിക്കും. "ഹള്ളോ! പടച്ചോനേ! എന്നെ വിട് മാമാ  ഞാൻ പോട്ടേ  മാമാ...എടാ ഒസ്സാനേ! എന്റെ പുഞ്ഞാണീന്ന് ബിടെടാ ഹമുക്കേ!പന്നി ബലാലേ!""   ഒസ്സാൻ (സുന്നത്ത് നടത്തുന്ന ആൾ) ഇതെത്ര കണ്ടതാ. അയാളുണ്ടോ  ഇതെല്ലാം ശ്രദ്ധിക്കുന്നു. ഉച്ചത്തിലെ നിലവിളിക്ക് ശേഷം പെട്ടെന്ന് നിശ്ശബ്ദത അനുഭവപ്പെട്ടാൽ  ഒരാളുടെ  കണ്ടിപ്പ് കഴിഞ്ഞു എന്ന് മനസിലാകും. അപ്പോൾ കേൽക്കാം "അടുത്തവനെ  പിടി" എന്ന ശബ്ദം.വീണ്ടും ആദ്യ പരിപാടി പുന:പ്രക്ഷേപണം തുടങ്ങും. അങ്ങിനെ മൂന്നും നാലും  പേരുടെ പരിപാടിയായിരിക്കും ഒരേ ദിവസം   നടക്കുക. ഇതെല്ലാംലൗഡ് സ്പീക്കറിലൂടെ  പുറത്ത് കേട്ടാലും ആൾക്കാർക്ക്  അതൊരു    സാധരണ സംഭവമായി അനുഭവപ്പെട്ടിരുന്നു    .  ലൗഡ് സ്പീക്കാർ അത്രക്കും ജനകീയമായി കഴിഞ്ഞിരുന്നല്ലോ!.

കാലം കടന്ന് പോയപ്പോൾ  കല്യാണത്തിന് ആരും മൈക്ക് ഉപയോഗിക്കാതായി. ഗ്രാമഫോൺ റിക്കാർഡുകൾക്ക് പകരം സീ.ഡി. കാസറ്റുകൾ  വന്നു. പാട്ടുകൾക്ക് പകരം കല്യാണ വീടുകളിൽ മരങ്ങളിൽ   എല്യൂമിനേഷൻ ലൈറ്റ് തൂങ്ങി, ഡിസ്കോ ഡാൻസുകൾ അരങ്ങേറി. ഓലക്കൊട്ടകകളും പാട്ട് വെപ്പും എങ്ങോ പോയി. സുന്നത്ത് ഡോക്റ്ററന്മാർ ആശുപത്രികളിൽ നടത്തി. കുട്ടികളെ വേദന അറിയിക്കാതിരിക്കാൻ കുത്തിവെപ്പുകൾ  പ്രയോഗിച്ച് തുടങ്ങി.
   തെങ്ങിൻ മേൽ കെട്ടികൾ  കാലത്തിന്റെ കുത്തൊഴുക്കിൽ  എങ്ങോ പോയി മറഞ്ഞിരിക്കുന്നു.

Tuesday, July 28, 2015

മന്ത് പുരാണം

                                    വളരെ കാലം മുമ്പ്  നടന്ന സംഭവമാണ്  
       രാത്രി ഏറെ ചെന്ന സമയം സംശയാസ്പദമായ രീതിയിൽ വഴിയിൽ കണ്ട  യാത്രക്കാരനെ  പോലീസ് പിടി കൂടി  ചോദ്യം ചെയ്തു. "എവിടെയാടാ  നിന്റെ  വീട്? "

 "ചേർത്തലയാണേ!  ഏമാനേ!"

 "ഫ!!! കള്ളം പറയുന്നോടാ റാസ്കൽ"  യാത്രക്കാരന്റെ  കാലിലേക്ക് ടോർച്ച് ലൈറ്റ്  അടിച്ച് നോക്കിക്കൊണ്ട്  പോലീസ്  അലറി. "ചേർത്തലക്കാരന്റെ കാലിൽ എന്തേടാ മന്തില്ലാത്തത്.."
അന്ന് അതായിരുന്നു  അവസ്ഥ. ചേർത്തല, ആലപ്പുഴ, പൊന്നാനി, തുടങ്ങിയ സ്ഥലങ്ങളിലെ നിവാസികൾക്ക്  ആംഗ്രേസ്സി ഭാഷയിൽ പറഞ്ഞാൽ മന്ത്  മസ്റ്റ് ആയിരുന്നു. കാലിൽ അല്ലെങ്കിൽ കയ്യിൽ  അഥവാ വൃഷണത്തിൽ  ഇതിലേതെങ്കിലും ഒന്നിൽ മന്ത് ഉണ്ടായിരിക്കും.അവസാനം പറഞ്ഞ ഇനം അവയവത്തിൽ മന്ത് പിടിച്ചവർ (ഹയ്ഡ്രോസൽ) സൈക്കിളിൽ ഇരിക്കുന്നതിന് വലിയ സീറ്റ് വേണമായിരുന്നു.
 എന്റെ ഉമ്മുമ്മാക്ക് മന്തുണ്ടായിരുന്നു അവരുടെ അനിയത്തിമാർക്കെല്ലാം രണ്ട് കാലിലും മന്തുണ്ടായിരുന്നു.  എന്റെ ഒരു ഇളയമ്മക്കും ഉണ്ടായിരുന്നു മന്ത്. ഞാൻ പറഞ്ഞുവല്ലോ മന്ത് പഴയ തലമുറയിൽ വ്യാപകമായിരുന്നു. ഞങ്ങളുടെ തലമുറ  ആയപ്പോഴേക്കും മന്ത് അപൂർവമായി.
       മന്തിനെ  ഞങ്ങൾ വട്ടപ്പള്ളിക്കാർ  "പാലാ  സെൻട്രൽ ബാങ്ക് " എന്ന് വട്ടപ്പേരിട്ട് വിളിച്ചു. ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിക്കാർക്ക് ഏതിനും വട്ടപ്പേരുണ്ടായിരുന്നല്ലോ!.എന്ത് കൊണ്ടാണ് ആ പേരിൽ മന്തിനെ വിളിക്കുന്നതെന്നറിയില്ല.   പൊട്ടി പോയ ഒരു ബാങ്കാണ് പാലാ സെൻട്രൽ  ബാങ്ക് എന്ന് മാത്രം അറിയാം  .  സ്ത്രീ പുരുഷ ഭേദമില്ലാതെ ഭൂരി പക്ഷം പേരിലും  പണ്ട് മന്തുണ്ടായിരുന്നതിനാൽ മന്തിനെ സംബന്ധിച്ച് പല കഥകളും പഴഞ്ചൊല്ലുകളും പുറത്ത് വന്നിരുന്നു.  പുതു മണവാളന്റെ കാലിൽ മന്തുണ്ടായിരുന്നു  എന്നറിഞ്ഞ്  മന്ദാക്രാന്താ വൃത്തത്തിൽ  വിമ്മിക്കൊണ്ടിരുന്ന മണവാട്ടിയുടെ മുമ്പിൽ നിമിഷ കവിയായിരുന്ന  വരൻ കളകാഞ്ചി  വൃത്തത്തിൽ നീട്ടി പാടിയത്രേ!
"മന്തനാണെന്ന്  ചിന്തിക്ക വേണ്ടെടീ
മന്തെനിക്കീശ്വരൻ തന്നതാടീ!"
 മന്തനും മന്തിയും കാലിലെ മന്ത് കാണാതിരിക്കാൻ മുണ്ട് താഴ്ത്തി ഉടുക്കും. പണ്ട്  ബെൽ ബോട്ടം പാന്റ് വന്നപ്പോൾ മന്തന്മാർ പലരും അത് ധരിക്കാൻ കാരണം  മന്ത് മറക്കാൻ  സാധിക്കുമെന്നതിനാലാണെന്ന്   പൊതുവേ സംസാരം ഉണ്ടായി. അത് കൊണ്ട് തന്നെ ബെൽ ബോട്ടം പാന്റിനെ 1970 കളിൽ ആനക്കാലൻ പാന്റ് എന്നും വിളിച്ചിരുന്നു.
രണ്ട് കാലിലും മന്തുള്ളവൻ ഒറ്റക്കാലിൽ മന്തുള്ളവനെ  കളിയാക്കുന്നത് പോലെയാണ് സ്വന്തം കുറ്റം മറച്ച് വെച്ച് അപരന്റെ കുറ്റം ചൂണ്ടിക്കാണിക്കുന്നതെന്ന പരിഹാസം നിയമ സഭയിലും പഴംചൊല്ലായപ്പോൾ  മന്തെന്നറിയാത്ത ഇളം തലമുറ  എന്താണ്  മന്തെന്ന്  പകച്ചു.പെണ്ണ് കാണാൻ വരുമ്പോൾ സുന്ദരിയായ  പെണ്ണ് മന്തിയാണെങ്കിൽ അവൾ കുളത്തിൽ വെള്ളം കോരാൻ പോകുമ്പോഴാണ് ചെക്കനെ കാണിച്ചിരുന്നത്  എന്ന് പറയപ്പെടുന്നു.  കാലിലെ  മന്ത് വെള്ളത്തിൽ താഴ്ത്തി അവൾക്ക് തന്റെ ന്യൂനത മറച്ച് വെക്കാൻ സാധിച്ചുവത്രേ!
ആലപ്പുഴക്ക് വടക്ക് മണ്ണഞ്ചേരി എന്ന ഗ്രാമത്തിലെ  ഒരു കല്യാണ പന്തലാണ് രംഗം. മേശ കല്യാണ വീട്ടിൽ  എത്തുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ  നിലത്ത് വരി വരിയായി പായിലിരുന്ന് സദ്യ കഴിക്കുകയാണ് പതിവ്.  അങ്ങിനെ നീളമുള്ള ഒരു വരിയുടെ ഇങ്ങേ അറ്റത്തിരുന്ന  വരന്റെ കൂട്ടത്തിലെ ഒരു സരസൻ അങ്ങേ അറ്റത്ത് നോക്കിയപ്പോൾ കയ്യിൽ മന്തു ബാധിച്ച ഒരാൾ ഇലയിൽ നിന്ന്   ആഹാരം വാരികഴിക്കുന്ന  കാഴ്ച കണ്ട്  മുമ്പോട്ട് ആഞ്ഞ്    " ആരാടാ ! കാല് കൊണ്ട് ചോറ് ഉണ്ണുന്നത്?"  എന്ന് ഉച്ചത്തിൽ ചോദിച്ചിട്ട് പുറകോട്ട് വലിഞ്ഞിരുന്നു. പെൺ വീട്ടുകാരും ചെക്കൻ വീട്ടുകാരും തമ്മിൽ കൂട്ട അടിയായിരുന്നു  ബാക്കി പത്രം. കാരണം കയ്യിൽ മന്തുണ്ടായിരുന്ന ആൾ  പെണ്ണിന്റെ അമ്മാവനായിരുന്നു. പെണ്ണിന്റെ അമ്മാവനെ പരിഹസിച്ചു എന്നതായിരുന്നു  വഴക്കിന് കാരണം.
കാലം എത്രയോ കഴിഞ്ഞു. ഇന്ന് ആലപ്പുഴയിലും ചേർത്തലയിലും പൊന്നാനിയിലും മന്തില്ല.  മന്തിനെ ഓടിച്ച് കളയാൻ നമ്മുടെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിരിക്കുന്നു.

Friday, July 17, 2015

നാലിൽ നിന്ന് നാലിലേക്ക്

 കാലമെത്ര പെട്ടെന്നാണ്  ഓടി  പോകുന്നത്  നാല് മാസം പ്രായത്തിലെ    ചിരിയിൽ  നിന്നും നാല്  വയസ്സ്കാരി നഴ്സറി വിദ്യാർത്ഥിനിയുടെ ചിരിയിലേക്ക് ഞങ്ങളുടെ സഫാ  വന്നിരിക്കുന്നു.

Sunday, July 5, 2015

ഇമ്മിണി വല്യ ഒന്നിന്റെ ഓർമ്മക്ക്......

അനന്തമായ കാലത്തിന്റെ  ഏതോ ഇടത്തിലേക്ക്   മലയാളത്തിന്റെ  ഇമ്മിണി ബല്യ  ഒന്ന്   മരണത്തിന്റെ ചിറകിലേറി  പറന്ന് പോയ ദിനമാണിന്ന്.  ജൂലയ്  5 .

എത്രയോ കത്തുകൾ ഞാൻ അദ്ദേഹത്തിനയച്ചു. അതിനെല്ലാം മടക്ക തപാലിൽ തന്നെ ആ പുണ്യവാൻ  എനിക്ക് മറുപടി  അയച്ചിരുന്നു.  പലപ്പോഴും ബേപ്പൂരിലെ വയ്യാലിൽ വീട്ടിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു.ആദ്യമാദ്യമെല്ലാം   ഭയപ്പാടോടെ ആ കത്തിലെ ക്ഷണം   ഞാൻ  കണ്ടില്ലാ എന്ന് ഭാവിച്ചു. അവസാനം ഒരു കോടതി വെക്കേഷനിൽ എന്തും വരട്ടേയെന്ന് വിചാരിച്ച്  ബേപ്പൂരിലേക്ക് പുറപ്പെട്ട ഞാൻ രോഗത്തിന്റെ അവശതയിൽ തളർന്ന മഹാ സാഹിത്യകാരനെയാണ്  അവിടെ  കണ്ടത്.    ലോകം മുഴുവൻ എന്റെ കാൽക്കൽ എന്ന് അഹങ്കരിച്ചിരുന്ന  ഒരു  പൊങ്ങച്ചക്കാരൻ ഞാൻ  അവിടെ ചെന്ന് അൽപ്പ നേരം കഴിഞ്ഞ്    വയ്യാലിൽ വീട്ടിൽ  വന്നു.ഞാൻ ബഷീറിനെ കാണാൻ ചെന്നതിൽ   അയാൾ  എന്നെ കണക്കറ്റ് ശകാരിച്ചു,     .  എനിക്കറിയില്ലല്ലോ  ബഷീ ർ രോഗത്തിന്റെ അവശതയിലായിരുന്നെന്ന്.  എഴുതുന്ന കത്തുകളിലെല്ലാം രോഗത്തിന്റെ എണ്ണങ്ങൾ അദ്ദേഹം പറഞ്ഞ് കൊണ്ടിരുന്നതിനാൽ    അതൊരു സാധാരണ സംഭവമാണെന്ന്  ഞാൻ കരുതി പോയി.  ചാരുകസേരയിൽ കിടന്നിരുന്ന അവശനായ ബഷീർ   എന്നെ വഴക്ക്  പറഞ്ഞ അയാളെ കൈ കൊണ്ട്  വിലക്കി. പുനലൂർ രാഘവനെന്ന  ആ വിദ്വാൻ ബഷീർ സ്മരണകളെന്ന പേരിൽ  ബഷീറിന്റെ കുടുംബാംഗങ്ങളെ പോലും കുറ്റപ്പെടുത്തി ഒരു ലേഖന പരമ്പര  മാധ്യമം ആഴ്ച്ചപ്പതിപ്പിൽ  ബഷീറിന്റെ മരണത്തിന് ശേഷം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അഭിപ്രായമെന്ന നിലയിൽ ഞാൻ മേൽപ്പറഞ്ഞ സംഭവം ആ ആഴ്ചപ്പതിപ്പിൽ തന്നെ ബഷീർ---വേറിട്ടൊരു അനുഭവം എന്ന  പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.  ഞാൻ അവിടെ നിന്ന് തിരികെ പോന്നതിന്   ശേഷവും ബഷീർ എനിക്കെഴുതിയിരുന്നു. എന്റെ മകനെഴുതിയ കത്തിൽ  "ബാപ്പാ ഇവിടെ  വന്നപ്പോൾ ഇവിടെ  ഉണ്ടായിരുന്ന ആൾ ഒരു ഭ്രാന്തനായിരുന്നു " എന്നെഴുതി.

വർഷങ്ങൾ എത്രയോ കടന്ന് പോയി.   അദ്ദേഹം ഇപ്പോഴും അവിടെ ഉണ്ടെന്ന തോന്നലാണ്  ഇപ്പോഴും  മനസ്സിൽ. അത്  കൊണ്ട് തന്നെ ആ നല്ല മനുഷ്യന്റെ കാൽപ്പാടുകൾ പതിഞ്ഞ  ആ മണ്ണിൽ ഒന്ന് കൂടി  പോകണമെന്ന് തോന്നി  പോകുന്നു.