Monday, May 25, 2026

ഒരു ഇടവപ്പാതി സന്ധ്യയിൽ

 അസമയത്ത് കയറി വന്ന അതിഥിയെ  കണ്ട ഗൃഹനായികയുടെ മുഖം പോലെ  ആകാശം കറുത്ത് ഇരുണ്ടിരിക്കുന്നു. ഈ സായാഹ്നത്തിലെ  അന്തരീക്ഷവും ആകെ ഇരുണ്ടിരിക്കുന്നു.

 മാനത്തേക്ക് നോക്കി ചാരുകസേരയിൽ കിടന്ന  എന്റെ മനസ്സും വ്യാകുലമായിരുന്നു. എന്തിനെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വ്യാകുലത.

 പണ്ട് ജോലി ചെയ്ത ഓഫീസിൽ പകൽ പോയിരുന്നു. അപരിചിതനായ എന്നെ അവർ തുറിച്ച് നോക്കി.പഴയ ആൾക്കാർ ആരുമിപ്പോൾ അവിടില്ല. പണ്ട് ഞാനിരുന്ന ഇടം, തൊട്ടടുത്ത  ശിരസ്തദാരുടെ  കസേര, എല്ലാം ഞാൻ ഇമ വെട്ടാതെ നോക്കി നിന്നപ്പോൾ  ഒരു ജീവനക്കാരൻ ചോദിച്ചു, “എന്താണ്“

ഒന്നുമില്ല എന്ന ആംഗ്യമായ തോൾ ഉയർത്തി  കാട്ടൽ നടത്തി ഞാൻ തിരിച്ച് നടന്നപ്പോൾ  മനസ്സിലൊരാഗ്രഹം. ഒരു ദിവസമെങ്കിലും ആ കസേരയിലിരുന്ന് ജോലി ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ . ഒരിക്കലും നടക്കാത്ത ആ ആഗ്രഹത്തിന്റെ നിരർത്ഥകതയെ പറ്റി ചിന്തിച്ചപ്പോൾ ചിരി വന്നു.

ഇപ്പോൾ വീട്ടിൽ ഈ കസേരയിൽ കിടന്ന് പണ്ടത്തെ ഓഫീസ് ജീവിതത്തെ പറ്റിയും  അതിലും അതിലും  പഴയതായ ഓർമ്മകളിലൂടെയും കടന്ന് പോയപ്പോൾ ഇത് പോലൊരു  ഇരുണ്ട സായാഹ്നത്തിൽ ചാറ്റൽ മഴയിലൂടെ ഓടി വന്ന കൗമാരക്കാരനെ ഞാൻ കണ്ടു., കയ്യിലിരുന്ന തട്ടം  കൊണ്ട്  തല തുവർത്തി തരുന്ന കൗമാരക്കാരിയെയും.

ആ ചാറ്റൽ മഴയത്തും എന്റെ വരവിനെ പ്രതീക്ഷിച്ച് അവൾ വേലിക്കരികിൽ നോക്കി നിൽക്കുകയായിരുന്നല്ലോ.

ആരെങ്കിലും കാണുമോ എന്ന പരിഭ്രമത്താൽ  അവൾ നാലു ചുറ്റും നോക്കി കൊണ്ടിരുന്നു.

മഴ നനഞ്ഞ് പനി പിടിച്ച് കിടന്നാൽ എനിക്കൊന്ന് കാണാനും പറ്റില്ല, തല തുവർത്തിനിടയിൽ അവൾ പറഞ്ഞു.

കാണാൻ പറ്റിയില്ലെങ്കിൽ  എന്തുണ്ടാകും എന്ന അവന്റെ ചോദ്യത്തിന് “ഞാൻ ചത്ത് പോകും എന്നായിരുന്നു അവളുടെ മറുപടി.

എന്നിട്ടവൾ ചത്തോ...ഇല്ലല്ലോ..ഇപ്പോഴും ഭൂമിയിലെവിടെയോ ജീവിക്കുന്നു. എന്നെ ഓർമ്മിച്ചോ ഓർമ്മിക്കാതെയോ?...

“ആര് ചത്ത കാര്യമാണ് ഈ സന്ധ്യാ നേരത്ത്  കിടന്ന് പിറു പിറുക്കുന്നത്.“ ഭാര്യയുടെ ചോദ്യം   ഇരുണ്ട സന്ധ്യയിലേക്ക് എന്നെ ഉണർത്തി

പള്ളിയിൽ നിന്നും ബാങ്ക് വിളി  കേൾക്കുന്നു. മനസ്സ് നിറയെ എന്തിനെന്നറിയാത്ത  നൊമ്പരവുമായി ഞാൻ കസേരയിൽ കിടക്കുന്നു.

അന്തരീക്ഷം മനസ്സിനെ സ്വാധീനിക്കും. പ്രകൃതിയുടെ  കരച്ചിൽ  നമ്മളെയും കരയിക്കും.

എന്നാലും മനസ്സിലെ ആഗ്രഹങ്ങൾ നശിക്കുന്നില്ല, കാലചക്രം ഒന്ന് തിരിഞ്ഞ് കറങ്ങിയെങ്കിൽ.

വെറുതെയല്ല  കവി പാടിയത് ....“

വെറുതെയീ മോഹങ്ങൾ  എന്നറിയുമ്പോഴും

വെറുതെ മോഹിക്കുവൻ മോഹം....


No comments:

Post a Comment