ആസിഫ് അലി vers രമേശ് നാരായണൻ
ആവർത്തന വിരസമായ ഈ വിഷയത്തിൽ ഇനി ഒന്നും പ്രതികരിക്കാനില്ല. പക്ഷേ ഇപ്പോൾ പുതുതായി എന്തോ സംഭവിച്ചത് പോലെയാണ് ആൾക്കാർ പ്രതികരിക്കുന്നത്. മൂത്ത് പോയാൽ ഏത് കലാകാരനും പുറത്തെടുക്കുന്ന ഒന്നാണീ ഗർവ് ഈ സത്യം നാല് ചുറ്റും നോക്കിയാൽ നമുക്ക് ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ. വലിയ കലാകാരന്മാരിൽ ഈ അസുഖം കുറവുള്ളവർ ചുരുക്കമാണ്.
മഹാ നടൻ ജയന്റെ അപകടമരണത്തെ തുടർന്ന് ക്ളച്ച് പിടിച്ച സിനിമാ “ കോളിളക്കം“ അൻപതാം ദിവസം ആഘോഷത്തിൽകൊട്ടാരക്കരയിലെ സിനിമാ തീയേറ്ററിൽ മുഖ്യാതിഥിയായി നടൻ മധുവും അതിൽ അഭിനയിച്ച മറ്റ് നടന്മാരായ , കുഞ്ചൻ ,സിലോൺ മനോഹർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. അതുവരെ ഈയുള്ളവൻ ധരിച്ച് വെച്ചിരുന്നത് സിനിമയിൽ കാണുന്നത് പോലെ അഭിനേതാക്കൾ വ്യക്തി ജീവിതത്തിലും ഇടപെട്ട് ജീവിക്കുമെന്നായിരുന്നു. പക്ഷേ ഉയർന്ന നടന്മാരും ഇതര അഭിനേതാക്കളും തമ്മിലുള്ള ഇടപെടൽ കണ്ട ഞാൻ അന്ന് അന്തം വിട്ട് പോയി. കുഞ്ചനും മനോഹറും മധുവിന്റെ മുമ്പിൽ കസേരയിൽ ഇരുന്നത് പോലുമില്ല. അവസാനം മധു നിർബന്ധിച്ചപ്പോഴാണ് അവർ ഇരുന്നത്. തിരികെ പോരാൻ നേരം മധുവിന്റെ കാറിൽ അദ്ദേഹം മാത്രമുണ്ടായിട്ടും അതേ റൂട്ടിൽ പോകേണ്ടിയിരുന്ന അവർ മറ്റൊരു കാറിലാണ് പോയത്.
മലയാളത്തിലെ ഇപ്പോഴത്തെ മെഗാ സ്റ്റാർ കടന്ന് വരുമ്പോൾ ഇരിക്കുന്നവർ എഴുന്നേറ്റ് നിന്നില്ലെങ്കിൽ അദ്ദേഹത്തിന് അതിയായ കോപം വരുമത്രേ. മറ്റൊരു മെഗാ സ്റ്റാറിനെ എയർ പോർട്ടിൽ വെച്ച് കണ്ടപ്പോൾ ആവേശം മൂത്ത ആരാധകൻ കയ്യിൽ ഒന്ന് തൊട്ടപ്പോൽ മെഗാ സ്റ്റാർ ആരാധകനെ കൈ വീശി ഒന്ന് കൊടുത്തത് പരസ്യമായ വസ്തുതയാണ്. എന്തിനേറെ മലയാളത്തിലെ ഗാന ഗന്ധർവന്റെ അടുത്ത് നിന്നിരുന്ന ഒരു ആരാധകൻ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സെൽഫി എടുത്തതിൽ രോഷം പൂണ്ട ഗന്ധർവൻ ആരാധകന്റെ മൊബൈൽ ബലമായി വാങ്ങി അതിലെ ദൃശ്യം ഡിലറ്റ് ചെയ്തത് നാം കണ്ടതാണല്ലോ.
സിനിമയിൽ മാത്രമല്ല സാഹിത്യ രംഗത്തുമുണ്ട് ഈ തരം ഉച്ച നീചത്വം. മലയാളത്തിലെ കുലപതിയെ കൊണ്ട് അവതാരിക എഴുതിപ്പിക്കാൻ ചെന്ന ചിന്ന സാഹിത്യകാരനെ കുലപതി ഭയങ്കര കോപത്തോടെ ആട്ടി പായിച്ചത് ഏതോ ഒരു ബ്ളോഗ് മീറ്റിൽ വെച്ച് എന്റെ ഒരു സ്നേഹിതൻ പറഞ്ഞത് ഓർത്ത് പോകുന്നു. കുലപതി സുഖമില്ലാതെ കിടകുകയായിരുന്നു എന്നത് എന്ത് കൊണ്ട് മനസ്സിലാക്കിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം,.
എല്ലാ രംഗത്തും ഉണ്ട് ഈ സൂപ്പർ ഈഗോ. താഴ്ന്ന നിലയിൽ നിന്നും “മൂത്താശാരി “ ആയി കഴിയുമ്പോൾ ഉണ്ടാകുന്ന ഹുങ്ക്. അപ്പോൾ അതേ ഫീൽഡിലുള്ളവരോടൂം ആരാധകരോടം ഈ ഗർവ് കാണിക്കും. ഒപ്പത്തിനൊപ്പം ഉള്ളവരെ മാത്രം പരിഗണിക്കും. അല്ലാത്തവരോട് അയിത്തവും. ഇത് സർവ സാധാരണമായ പതിവാണ്. പുതുതായിട്ടുള്ളതൊന്നുമല്ല.
അത് കൊണ്ടാണ് ഒപ്പത്തിനൊപ്പം എന്ന് രമേശ് ജി കരുതുന്ന ജയരാജനെ വിളിച്ചതും ആസിഫ് അലിയോട് ഗൊ റ്റു ദി ക്ളാസെന്ന് പറയാതെ പറഞ്ഞതും.