Sunday, April 28, 2024

കാലാവസ്ഥ മാറ്റം

 ഒരു തോർത്ത് കൊണ്ട് വീശിയാൽ തീരുന്ന ചൂടും ഒരു തോർത്ത് പുതച്ചാൽ മാറുന്ന  തണുപ്പുമാണ് കേരളത്തിലെ  കാലാവസ്ഥ എന്ന് പ്രസിദ്ധ സാഹിത്യകാരൻ സി.രാധാക്രിഷ്ണൻ  പറഞ്ഞ് വെച്ചിട്ടുണ്ട്. ശരിയാണ്. അത്  ആയിരത്തി തൊള്ളായിരത്തി അന്ന്. ഇന്ന് ഒരു തോർത്തിന് പകരം  ഒരു എ.സി. കൊണ്ട് വീശിയാലേ ചൂട് തീരുകയുള്ളൂ എന്ന  മട്ടിലായി. അപൂർവമായി  കണ്ട് വന്നിരുന്ന ആഡംബര  വസ്തുവായ എയർ കണ്ടീഷണർ  ഇന്ന് സാധാരണക്കാരന്റെ  വീട്ടിലെ നിത്യ കാഴ്ചയായി മാറിയിരിക്കുന്നു.  അതിൻ പ്രകാരം കൊടുക്കേണ്ട കറന്റ് ചാർജ് ദുസ്സഹമായി തീർന്നു കഴിഞ്ഞു. ഇനി എത്ര രൂപാ ചെലവായാലും സാരമില്ല ഈ ചൂട് സഹിക്കാൻ വയ്യാ എന്ന അവസ്ഥയിൽ മനുഷ്യന് എന്ത് ചെയ്യാൻ കഴിയും. കൊച്ച് കുഞ്ഞുങ്ങൾ വെന്തുരുകുന്ന ചൂട് കാലാവസ്ഥ  വല്ലാതെ അസ്വസ്തപ്പെടുത്തുന്നു.

വലിയ രീതിയിൽ മാറ്റമില്ലാതെ കേരളത്തിലെ കാലാവസ്ഥ നില നിന്ന് വരികയായിരുന്നു. അത് കൊണ്ട് തന്നെ അന്യ സംസ്ഥാനക്കാർക്ക് കേരളം സ്വർഗമായി മാറി. മദിരാശിയിലെ തിളച്ച് മറിയുന്ന ചൂടിൽ നിന്നും  ചെങ്കോട്ട തുരങ്കം കടന്ന് തെന്മല എത്തുമ്പോഴുള്ള ആ കുളിർമയുണ്ടല്ലോ അതിന്ന് പഴംകഥയായി മാറിയിരിക്കുന്നു. എന്ത് പറ്റി നമ്മുടെ നാടിന് ?

പണ്ട് മലയാളികൾ കടൽ കടന്ന് ഗൾഫിലെത്തി അവിടെ നമ്മുടെ പ്രഭാവം കാണിച്ചു. ഇതാ ഇപ്പോൾ  മലയാളിയുടെ പുറകേ അവന്റെ  സ്വന്തം മഴയും കടൽ കടന്ന് ഗൾഫിൽ ചെന്ന്  തകർത്ത് പെയ്യുന്നു. മഴ അക്കരെ തകർത്ത് പെയ്യുമ്പോൾ  ഇക്കരെ മലയാളി  മഴ എവിടെ പൊയി മക്കളെ എന്ന് ആർത്ത് വിളിച്ച് കാലാവസ്ഥാ പ്രവചനവും പ്രതീക്ഷിച്ച് കഴിയുകയാണ്.

മറ്റെല്ലാ പ്രശ്നങ്ങളും മാറ്റി വെച്ച് കാലാവസ്ഥ വ്യതിയാനത്തെ പറ്റി പഠിക്കേണ്ട സമയം അതിക്രമിച്ചില്ലേ?

Thursday, April 18, 2024

മന്തി....

 മന്തി...

കേരളത്തിലങ്ങോളമിങ്ങോളം ഹോട്ടലുകൾക്ക് മുൻ വശം  കാണുന്ന ബോർഡിൽ കാണുന്ന ഒരു പേര് ആണ് മന്തി... എന്ന് വെച്ചാൽ  കുഴിമന്തി. ബിരിയാണിക്ക് സമം ഉള്ള ഒരു ആഹാര പദാർത്ഥം. ഈ ആഹാരം യുവ ജനതയിൽ നല്ലൊരു ശതമാനം വളരെ ഇഷ്ടപ്പെടുന്നു.

വർഷങ്ങൾക്ക് മുമ്പ് മന്തി എന്ന വാക്കിനർഥം  കാലിൽ മന്ത് രോഗം ഉള്ളവൾ എന്നായിരുന്നു. മന്തന്റെ സ്ത്രീ ലിംഗം ആയിരുന്നു മന്തി. അമ്പഴപ്പുഴ ചേർത്തല, പൊന്നാനി താലൂക്കുകളുടെ ട്രേഡ് മാർക്കായിരുന്നു ഒരു കാലത്ത് മന്ത് രോഗം. രാത്രി അസമയത്ത് ഏറുണാകുളത്ത് നിരത്തിൽ കണ്ടവ്നെ പോലീസ് പിടിച്ച് ചോദ്യം ചെയ്തപ്പോൾ നാട് ഏതെന്ന ചോദ്യത്തിന് ചേർത്തല എന്ന് ഉത്തരം കിട്ടിയ ഉടൻ ഏമാൻ ടോർച്ച് അടിച്ച് കാല് പരിശോധിച്ചതിൽ “ കള്ളം പറയുന്നോടാ..ചേർത്തലക്കാരന്  മന്തില്ലല്ലോടാ.....മോനേ..എന്ന് ആക്രോശിച്ച കഥയിൽ അതിശയോക്തി ഇല്ല.

ആലപ്പുഴക്ക് വടക്ക് മണ്ണഞ്ചേരിയിലെ ഒരു വിവാഹ സദ്യയിൽ  (അന്ന് നിലത്ത് നിരന്നിരുന്ന് ആഹാരം കഴിക്കുന്ന രീതിയാണ്) ലൈനിന്റെ അറ്റത്തിരുന്ന് ഒരു വിരുതൻ ആ ലൈനിന്റെ അവസാനം ഇരുന്ന് ഉണ്ണൂന്ന ഒരു മൂപ്പിലാന്റെ കൈ നോക്കി “ ആരാടാ കാല് കൊണ്ട് ഉണ്ണുന്നേ“ എന്ന് ചോദിച്ചതും കല്യാണ ചെക്കന്റെ അമ്മാവനെ അപമാനിച്ചു എന്ന കാരണത്താൽ പൊരിഞ്ഞ തല്ല് നടന്നതുമായ ചരിത്രം വട്ടപ്പള്ളിയിൽ പ്രചാരത്തിലുണ്ടായിരുന്നു. ആ മൂപ്പിലാന്റെ കയ്യിലായിരുന്നു മന്ത്.

മന്തിയെ പെണ്ണ് കാണാൻ ചെക്കൻ വരുമ്പോൾ  പെണ്ണ് കുളത്തിൽ വെള്ളം കോരാൻ പോകുന്ന നേരം മന്ത് കാൽ കുളത്തിൽ താഴ്ന്ന് നിൽക്കുന്ന സമയത്താണ് പെൺ വീട്ടുകാരുടെ ദല്ലാൾ പെണ്ണിനെ കാണിച്ചിരുന്നത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്

ആദ്യ രാത്രിയിൽ മണവാളന് മന്തുണ്ടെന്ന് കണ്ട് പരവശയായ പെണ്ണിനോട് കവിയായ പയ്യൻ വടക്കൻ പാട്ട് താളത്തിൽ പാടിയത്രേ  മന്താനാണെന്ന് ചിന്തിക്ക വേണ്ടെടീ മന്തെനിക്കീശ്വരൻ തന്നതാടീ “

എന്റെ ഉമ്മുമ്മാക്കും അവരുടെ രണ്ട് സഹോദരിമാർക്കും നാട്ടിൽ ഭൂരിഭാഗം പേർക്കും ആ കാലത്ത് രണ്ട് കാലിലും മന്തുണ്ടായിരുന്നു. ഉമ്മായുടെ കാലമെത്തിയപ്പോൾ ആ തലമുറയിലേക്ക് വ്യാപനം ഉണ്ടായില്ല.അങ്ങിനെ മന്തും മന്തനും മന്തിയും നിറഞ്ഞ കാലം കടന്ന് പോയി. ഇന്നത്തെ തലമുറക്ക് ആ കഥകളറിയില്ല. 

ഇന്നത്തെ ചെക്കൻ മന്തി വേണം മന്തി വേണം എന്ന് നിർബന്ധം പിടിച്ച് കരയുമ്പോൾ പഴയ മന്തികളെ പറ്റി ഓർത്ത് പോയി.

Sunday, April 7, 2024

കച്ചവട തന്ത്രം

 അടുത്ത ദിവസം കണ്ടൊരു വീഡിയോ രസാവഹമായിരുന്നു, അത് ചിന്തിപ്പിക്കുന്നതുമായിരുന്നു.

നാലഞ്ച് ചെറുപ്പക്കാർ വലിയ ഒരു ചാക്ക് കെട്ട് ചുമന്ന് കൊണ്ട് വന്ന് ഉയരത്തിൽ നിന്നും താഴ്ചയിലേക് പൊക്കി എറിഞ്ഞു. അതിലൊരുത്തൻ സ്വഗതം എന്നവണ്ണം പറഞ്ഞു.  

“മറ്റൊരു നിവർത്തിയുമില്ല മൊബൈൽ തുറക്കാൻ  പറ്റുന്നില്ല, അപ്പോഴേക്കും തുടങ്ങും.....“  പറഞ്ഞ് തീരുന്നതിന് മുമ്പ്  ചാക്ക് കെട്ടിന് അനക്കം വെച്ചു അതിൽ നിന്നും അമ്മേ വിളിയും പെരിയോനേ റഹുമാനേ....എന്ന് ഉച്ചത്തിൽ പാട്ടും തുടങ്ങി. ഉടൻ ചെറുപ്പക്കാർ വലിയ കമ്പുകളുമെടുത്ത് ഓടി വന്ന് ചാക്ക് കെട്ടിൽ അച്ചാലും മുച്ചാലും തല്ലി അനക്കമില്ലാതാക്കി. എന്നിട്ട് അവരെല്ലാം  താഴെ നിന്നും വലിഞ്ഞ്  മുകളിലെത്താൻ ശ്രമം നടത്തുമ്പോൾ ദാ വീണ്ടും ചാക്ക് കെട്ടിൽ നിന്നും പെരിയോനേ...പാട്ട്. ചെറുപ്പക്കാർ വൈരാഗ്യത്തൊടെ ഒടി വന്ന് ചാക്ക് കെട്ട് കുഴിയിലാക്കി ഒരു മൺകൂന ഉണ്ടാക്കി അതിനു മുകളിൽ ഭാരവും എടുത്ത് വെച്ച് ഇതോടെ തീരുമല്ലോ ശല്യം എന്ന ആശ്വാസത്തോടെ മുകളിലെത്തിയപ്പോഴേക്കും  കുഴി തുറന്ന് ഒരുത്തൻ  കൂപ്പ് കയ്യോടെ മുകളിലേക്ക് വന്ന് ആകാശത്ത് നോക്കി പിന്നെയും പാട്ടുമായി വിളിക്കുമ്പോൾ ചെറുപ്പക്കാർ എല്ലാവരും  ഞങ്ങൾ തോറ്റു എന്ന മട്ടിൽ തലക്ക് കയ്യും കൊടുത്തിരിക്കുന്ന ഒരു വീഡിയോ ആയിരുന്നത്.

ശരിയാണ്...മൊബൈലും കമ്പ്യൂട്ടറും  തുറന്നാൽ അപ്പോൾ തുടങ്ങും ആരെങ്കിലും പെരിയോനേ റഹുമാനേ...... ഗീതം. ആ പാട്ട് നല്ലൊരു ഈണത്തിലാണ് സമ്മതിച്ചു. എന്നാലും എല്ലാറ്റിനും ഇല്ലേ ഒരു ലിമിറ്റ്. നല്ല പായസം എന്ന് കണ്ട് മുച്ചൂടും പത്ത് നേരം ചെലുത്തിയാൽ എന്താകും  ഗതി. മാത്രമല്ല ഏത് നേരവും  ആട് ജീവിതവും  നജീബും കാട്ടറബിയും കുഞ്ഞിക്കായും സജീവമായി  നില നിർത്താൻ വിവിധ തരത്തിലുള്ള  ചോദ്യോത്തരങ്ങളും ആസ്വാദ രീതികളും  നിറഞ്ഞ് നിൽക്കുകയാണ് ഇപ്പോൾ ഓൺ ലൈൻ ഇടങ്ങൾ.

നജീബ് മൃഗ രതി നടത്തിയോ ?അത് സിനിമായിൽ ഷൂട്ട് ചെയ്ത് പിന്നെ സെൻസറിൽ ഇല്ലാതായതാണൊ  ഹേയ്! അങ്ങിനെ ഒന്ന് സംഭവിച്ചിട്ടേ ഇല്ലാ...ഷൂട്ടും ചെയ്തില്ല,  ഒന്നുമില്ല“  സംവിധായകൻ ഒരു തരത്തിൽ പറയുന്നു, കഥാ പാത്രം നിഷേധിക്കുന്നു, ആകെ ജഗ പൊക..എന്തൊരു ബഹളം!!!

ഇപ്പോൾ രംഗത്ത് വന്ന കുഞ്ഞിക്കാ ആണൊ മറ്റേ കുഞ്ഞിക്ക..ഹേയ്! ഈ കുഞ്ഞിക്കാ ഡ്യൂപ്പാണെന്ന് നോവലിസ്റ്റ്..അല്ല അദ്ദേഹം തന്നെ ഇദ്ദേഹം  എന്ന് സാക്ഷികൾ അനവധി രംഗത്ത് നിറഞ്ഞാടുന്നു.

അങ്ങിനെ പല തരത്തിലുള്ള പ്രശ്നോത്തരികൾ  സജീവമായി നില നിർത്തി  രംഗം കൊഴുപ്പിക്കുമ്പോൾ അതായത് സിനിമാ കാണാത്തവരും കാണാനായി രംഗത്തിറങ്ങാൻ പ്രേരകമാകുമ്പോൾ  ഇതൊന്നും ഇവിടെ പുതിയതല്ലാ എന്നും  സിനിമാ ലോകത്തെ പഴയ താപ്പാനകൾ ഇതിലും വലിയ  അടവുകൾ പയറ്റിയുണ്ട് എന്നതും മറക്കേണ്ടാ. 

പണ്ട് എന്റെ കുഞ്ഞ്ന്നാളിൽ  ഉമ്മാ എന്ന കുഞ്ചാക്കോ പടത്തിന്  വേണ്ടി ഇറക്കിയ വേല പറഞ്ഞ് കേട്ടത് ഓർമ്മ വരുന്നു. തന്ത്രം മെനയാൻ വിദഗ്ദനായ നിർമ്മാതാവ് കുഞ്ചാക്കോ ഉമ്മാ പടമെടുക്കുന്നു. ഒരു മുസ്ലിം കഥയാണ് ഉമ്മ.. ഉദയാ സ്റ്റുഡിയോവിൽ നിന്നും പടം പുറത്ത് വരുന്നതിനു മുപ് തന്നെ കുഞ്ചാക്കോ മുതലാളി  ആർക്കോ  പൈസാ കൊടുത്ത്   “മുസ്ലിങ്ങളെ അപാമാനിക്കാനാണ് ഈ പടമെന്ന് പറഞ്ഞ് കുഞ്ചാക്കോയെ തന്നെ തെറി വിളിക്കാൻ ഏർപ്പാടാക്കി. പൈസാ വാങ്ങിയ കക്ഷി ആലപ്പുഴ പടിഞ്ഞാറേ മുസ്ലിം ജമാത്ത് പള്ളി വാതിൽക്കൽ ഒരു ജുമാ നമസ്കാരം കഴിഞ്ഞ് ആൾക്കാർ ഇറങ്ങി വരുന്ന നേരം നോക്കി വെടി പൊട്ടിച്ചു. പലരുടെയും രക്തം തിളച്ചു. ആകെ ബഹളം. ആ സമയം തന്നെ ചാക്കോച്ചൻ പ്രമുഖ മുസ്ലിം പ്രമാണിമാരെ കൊണ്ട്  ഹേയ്! പടത്തിന് ഒരു കുഴപ്പവുമില്ല എന്ന് പ്രസ്താവനയും ഇറക്കിച്ചു. ശരാശരി  പടമായിരുന്ന ഉമ്മ അന്ന് 100 ദിവസം ഓടിയെന്നത് പിന്നീടുള്ള ചരിത്രം.  പലരും ഇപ്രകാരംപിന്നീടും വിവാദങ്ങളിലൂടെ സിനിമകൾക്ക് റേഞ്ച് കൂട്ടിയിട്ടുണ്ട്.

ഇപ്പോൾ  ആന ജീവിതവും ആ വഴി പിൻ തുടരുന്നതാണോ എന്ന് സംശയിച്ച് പോകുന്നു. പടം സജീവമായി നില നിർത്തണം അതിന് ഇങ്ങിനെ വിവാദങ്ങൾ  സൃഷ്ട്ടിച്ചാലല്ലേ പറ്റൂ.

തിരഞ്ഞെടുപ്പ്  എങ്ങിനെ അവസാനിക്കും ഭാരത്തിന്റെ ഭാവി എന്ത് എന്ന് തല പുകക്കുമ്പോഴാണ് അർബാബിന്റേതും ആട് ജീവിതമല്ലേ അയാളുടേതും നജീബിനോടൊപ്പമല്ലേ അയാളും കഴിഞ്ഞത്  എന്ന് അടുത്ത ചോദ്യവും പൊക്കി കൊണ്ട്  വിദഗ്ദന്മാർ വന്ന് അടുത്ത വിവാദമുണ്ടാക്കാനുള്ള തയാറെടുപ്പെന്നാണ് അറിവ്.