കേട്ടവർ കേട്ടവർ അതിശയം കാണാൻ ആലപ്പുഴ പടിഞ്ഞാറേ ജമാ അത്ത് പള്ളിയിലേക്ക് പാഞ്ഞ് പോയി. തളിർത്ത് നിൽക്കുന്ന ആൽ മരത്തിന്റെ മണ്ടയിൽ നിന്നും തീയും പുകയും വരുക അതിശയം തന്നെയാണല്ലോ!!!
ഒൻപത് വയസ്സ്കാരനായ ഞാനും പള്ളിക്കൂടത്തിൽ നിന്നുമിറങ്ങി അൽഭുത കാഴ്ച കാണാൻ പോയി. മണ്ണിട്ടാൽ നിലത്ത് വീഴാത്ത വിധം ജനക്കൂട്ടം അവിടെ കൂടിയിരിക്കുന്നു. മുത്തലിബ് തങ്ങളുടെ കബറിന് സമീപം നിൽക്കുന്ന ആൽ മരത്തിന്റെ മണ്ടയിൽ നിന്നുമാണ് തീയും പുകയും വരുന്നത്. ആ കാഴ്ച ജനം അന്തം വിട്ട് നോക്കി നിന്നു.
മുമ്പ് ഞാൻ ആ കബറും പരിസരവും കണ്ടിട്ടുണ്ട്. ജമാ അത്ത് പള്ളിയുടെ പടിഞ്ഞാറേ ഗേറ്റിന് സമീപമാണ് മുത്തലിബ് തങ്ങളുടെ കബർ സ്ഥിതി ചെയ്യുന്നത്.അന്ന് ഒരു ചെറിയ മതിൽക്കെട്ടിനാൽ വേർ തിരിച്ചിരുന്ന ഇടത്താണ് കബർ ഉണ്ടായിരുന്നത്. കബറിന് സമീപം കത്തിച്ച് നിർത്തിയിരുന്ന ചന്ദന തിരികളും പുകഞ്ഞ് കൊണ്ടിരുന്ന എണ്ണ തിരികളും കാണപ്പെട്ടിരുന്നു. വെള്ള മണൽ വിരിച്ച പള്ളി പറമ്പിൽ നിറയെ കബറുകളാണ്.തണൽ വിരിച്ച് നിൽക്കുന്ന പെരുമരത്തിന്റെയും മറ്റ് വൃക്ഷങ്ങളുടെയും തണലിൽ സ്ഥിതി ചെയ്യുന്ന കബറിടങ്ങളിൽ മനുഷ്യർ ഉറങ്ങുന്നു. അന്ത്യ കാഹളം മുഴങ്ങുമ്പോൾ നാഥന്റെ മുമ്പിൽ തിരക്കിട്ട് എത്താനായി അവർ കാത്ത് കിടക്കുകയാണ്.
പള്ളി പരിസരത്തിലേക്ക് കടക്കുമ്പോൾ ഞങ്ങൾ കുട്ടികൾ മുത്തലിബ് തങ്ങൾക്ക് ഉൾപ്പടെ ഉച്ചത്തിൽ സലാം ചെല്ലും.അസ്സലാമു അലൈക്കും....( അത്യുന്നതമായ സമാധാനം നിങ്ങളിൽ ഉണ്ടാകട്ടെ.) അവർ ആ സലാം കേൽക്കുമോ എന്ന് ഞാൻ ഒരിക്കൽ ഉമ്മായോട് ചോദിച്ചു. നമ്മൾ കേൾക്കുന്നതിനേക്കാളും അവർ അത് കേൾക്കുമെടാ“ എന്ന് ഉമ്മാ ഉത്തരം നൽകിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് തങ്ങളുപ്പുപ്പായുടെ കബറിന് സമീപം ആൽ മരം കൂടാതെ ഒരു മാവ് വൃക്ഷവും ഉണ്ടായിരുന്നത്രേ! കുല കുലയായുള്ള മധുരമുള്ള മാങ്ങാ അതിൽ നിറഞ്ഞ് നിന്നിരുന്നതിനാൽ കുട്ടികൾ മാവിൽ കല്ലെറിയൽ പതിവായിരുന്നു.
എന്റെ അപ്പച്ചി (പിതൃ സഹോദരി) ആ കഥ പറഞ്ഞ് തന്നു. തുരു തുരാ കല്ലുകൾ കബറിന് മേൽ വന്ന് വീണു കൊണ്ടിരുന്നതിനാൽ തങ്ങൾ ഉപ്പുപ്പാ പടച്ചവനോട് ഈ ഉപദ്രവത്തെ പറ്റി പ്രാർത്ഥിച്ചെന്നും തുടർന്ന് മാവ് ആലായി മാറിയെന്നുമായിരുന്നു ആ കഥ. കേട്ട് കൊണ്ടിരുന്ന എന്റെ കൊച്ചാപ്പാ പ്രതികരിച്ചു. “പിന്നേയ്! ആലിന് സമീപം ഏത് മരം നിന്നാലും ആലിന്റെ വേടുകൾ അതിനെ പൊതിയും... പിന്നെ ആ മരം കാണില്ല അത് സാധാരണമാണ്...“
കൊച്ചാപ്പാ വഹാബിയാണെന്ന് അപ്പച്ചി പ്രതികരിച്ചു. നവീനാശയങ്ങളുമായി വാദിക്കുന്നവരെല്ലാം അന്ന് വഹാബി ആയിരുന്നല്ലോ.
അന്ന് ആലിന് തീ പിടിച്ചപ്പോൾ കൂടിയ ജനത്തോട് കബർ വെട്ടി (കബർ കുഴിക്കുന്ന ആൾ) കയ്യും കലാശവും കാട്ടി പറഞ്ഞു. “തീയെങ്ങിനെ വരുന്നെന്ന് നോക്കാൻ ഞാൻ ആലിൽ കയറി . അപ്പോൾ ദാണ്ടെ! അവിടെ ഒരുത്തൻ പത്തിയും പൊക്കി നിൽക്കുന്നു. ഞാൻ ജീവനും കൊണ്ടോടി....തങ്ങൾ ഉപ്പാപ്പായുടെ കറാമത്തുകളേ.....“
“ വെടി വെക്കല്ലേ മോനേ.....“ കൂട്ടത്തിൽ ആരോ വിളിച്ച് പറഞ്ഞു.
“കളിയാക്കിക്കോ കളിയാക്കിക്കോ.....തീക്കൊള്ളി കൊണ്ട് തല ചൊറിയല്ലേ മോനേ....ഇത് തങ്ങൾ ഉപ്പാപ്പയാണ്..വിവരം അറിയും....“
പിന്നീട് ഫയർ എഞ്ചിൻ വന്നു. ആൽ മരത്തിന്റെ മണ്ടയിലേക്ക് വെള്ളം ചീറ്റി. തീ അണഞ്ഞു. അതിലൊരു ഫയർ മാൻ ഏണി വെച്ച് ആൽ മരത്തിന്റെ കവരത്തിൽ വരെ എത്തി നോക്കിയിട്ട് തിരികെ ഇറങ്ങി പറഞ്ഞു :പഴയ മാവിന്റെ അവശിഷ്ടം ഇപ്പോഴും ആലിനകത്ത് ജീർണിച്ച് നിൽപ്പുണ്ട്. താഴെ നിന്ന് കാക്കയോ എലിയോ എണ്ണ തിരി കൊത്തി എടുത്ത് ആലിന്റെ മണ്ടയിൽ വെച്ചു..ചൂട് കാലമല്ലേ ... ജീർണിച്ച മാവിൽ ആ തീ പടർന്ന് പിടിക്കാൻ വലിയ സമയമൊന്നും വേണ്ടി വന്നില്ല.....“
കാലങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു...ഇന്ന് മുത്തലിബ് തങ്ങളുടെ കബർ ചുറ്റു മതിൽ കെട്ടി തറയിൽ ഗ്രാനൈറ്റ് പാകി മനോഹരമാക്കിയിട്ടുണ്ട്. സ്ത്രീകളാണ്അവിടെ കൂടുതലും തങ്ങൾ ഉപ്പാപ്പായോട് പ്രാർഥിക്കാനായി വരുന്നതും തിരി കത്തിക്കുന്നതും.എല്ലാ വെള്ളിയാഴ്ച തിങ്കളാഴ്ച രാവുകളിൽ അവിടെ തിരക്കാണ് പരികർമ്മികളായി രണ്ട് മൂന്നു പേർ അവിടെ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നിൽപ്പുണ്ടാകും, കൂട്ടത്തിൽ കൈ മടക്ക് വാങ്ങിക്കാനും.
പണ്ട് പട്ടിണിയും ദാരിദ്രിയവും മുറ്റി നിന്ന കാലത്ത് നേരത്തോട് നേരമാകുമ്പോൾ കത്തിച്ചേക്കാവുന്ന അടുപ്പിൽ കലം കേറ്റാനായി ഓട്ടത്തിലായിരുന്നല്ലോ ജനം. കലത്തിൽ വേവുന്നത് എല്ലാ ചട്ടിയിലുമെത്തിക്കാൻ അശ്രാന്ത പരിശ്രമത്തിലായിരുന്നു സ്ത്രീകൾ. ആ തിരക്കിനിടയിൽ ഭക്തി വലിയ രീതിയിൽ ഇല്ലായിരുന്നു. പട്ടിണി മാറി പത്ത് പുത്തൻ കയ്യിൽ വന്നപ്പോൾ ഭക്തി വർദ്ധിച്ചു, തീർത്ഥാടനം കൂടി.ദർഗകളിൽ ക്യൂ ആയി. തങ്ങൾ ഉപ്പുപ്പായുടെ മുമ്പിൽ പ്രാർത്ഥനകൾ വർദ്ധിച്ചു, കാണിക്കകൾ ധാരാളമായി. അദ്ദേഹം ജീവനോടിരിക്കുമ്പോൾ അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ അദ്ദേഹം സമ്മതിക്കില്ലായെന്ന് ഉറപ്പ്.
തങ്ങൾ ഉപ്പുപ്പായുടെ ദർഗക്ക് കുറച്ച് അപ്പുറത്ത് മാറി സ്ഥിതി ചെയ്യുന്ന ജമാ അത്ത് പള്ളിയുടെ മിനാരങ്ങളിലൂടെ ഓരോ നമസ്കാരത്തിനും ക്ഷണിച്ച് കൊണ്ട് ബാങ്കിന്റെ കർണാനന്ദമായ ഒലികൾ കാറ്റിലൂടെ കടന്ന് വരാറുണ്ട്.
അശ് ഹദ് അൻ ലാ ഇലാഹ ഇല്ലല്ലാ....( ഞാൻ സാക്ഷ്യപ്പെടുത്തുന്നു മറ്റ് ഒരു ദൈവവുമില്ലാ...ഏകനായ ദൈവമല്ലാതെ..)