Monday, August 28, 2023

ചന്ദ്രനിൽ ഹിന്ദു രാഷ്ട്രം വന്നാൽ.....

 ഏകാഗ്ര ചിത്തനായി ഞാൻ ഉരുവിട്ട് കൊണ്ടിരുന്നു...

“ന ബൈത്തു സൗമഗദിൻ അൻ അദായി........( ഈ വർഷത്തെ  റമദാൻ മാസത്തിലെ  നിർബന്ധമാക്കപ്പെട്ട    നാളത്തെ വൃതത്തെ  അല്ലാഹുവിന് വേണ്ടി പിടിച്ച് വീടുവാൻ ഞാൻ നിയ്യത്ത് (ശപഥം) ചെയ്യുന്നു....“ 

കേട്ട് കൊണ്ട് വന്ന എന്റെ ജീവിത പങ്കാളി ചോദിച്ചു 

“  വട്ടായി പോയോ? റമദാൻ മാസത്തിൽ നോമ്പ് കാലത്ത് പുലർച്ച ചൊല്ലേണ്ട നിയ്യത്ത് ഈ സഫർ മാസത്തിൽ  നട്ടുച്ചക്ക് എന്തിനാണ് ചൊല്ലുന്നത്... മറന്ന് പോയാൽ ആ ത്യാഗി ടീച്ചറമ്മ വന്ന്  പിള്ളാരെക്കൊണ്ട് കരണത്തടിക്കുമെന്ന് പേടിച്ചിട്ടാണോ?

ഞാൻ അവളെ രൂക്ഷമായി നോക്കി...“ നീ ഇതൊന്നും അറിയുന്നില്ലേടോ...? ഇനി  ഈ ചൊല്ലൽ തടയപ്പെട്ടാലോ?

“ആര് തടയുന്നു, എങ്ങിനെ തടയുന്നു....“

“പത്രം ഒന്നും വായിക്കാറില്ലേ..? സ്വാമി പറഞ്ഞു, ചന്ദ്രനിൽ നമ്മൾ പോയി ഇറങ്ങിയ സ്ഥലം  ഹിന്ദു രാഷ്ട്രമാക്കാൻ....?

ആയിക്കോട്ടേന്ന്....അതിന് നമുക്കെന്ത്?....“

“ബുദ്ദൂസ്സേ....നമ്മൾ നോമ്പ് പിടിക്കുന്നത്  എപ്പോഴാണ്...“

“റമദാൻ മാസത്തിൽ പുറ കണ്ടതിന് പിറ്റേന്ന് മുതൽ......“

“സ്വാമി ഹിന്ദു രാഷ്ട്രമാക്കിയതിന് ശേഷം ആ പുറ തന്നെ ഓഫാക്കി കളഞ്ഞാലോ....അല്ലെങ്കിൽ ഒരു അർജന്റ്  ഓർഡിനൻസ് ഇറക്കുന്നു ഈ രാഷ്ട്രത്തിലെ ഈ പുറ കണ്ട് ഒരുത്തനും ഭൂമിയിൽ നോമ്പ് പിടിക്കണ്ടാന്ന്....... സംഗതി കുഴഞ്ഞില്ലേന്ന്...“

“ശരിയാണല്ലോ റബ്ബേ!.....പിന്നെ  നമ്മളെന്ത് ചെയ്യും....കൊച്ച് വെളുപ്പാൻ കാലത്ത് ഈന്തപ്പഴവുംവെള്ളവും കുടിച്ച് നിയ്യത്ത് ചെയ്ത് നോമ്പ് പിടിക്കാൻ ഒക്കാതെ വരുമോ....“

“സന്ധ്യ സമയത്ത് തരിക്കഞ്ഞിയും നോമ്പ് കഞ്ഞിയും  കുടിക്കാൻ പറ്റ്വോ? അതെന്താടോ നീ പറയാത്തത്....“

“കുഴയുമല്ലോ റബ്ബേ......“

“ചക്ക കുഴയുന്നത് പോലെ കുഴയും....“

എന്ത് ചെയ്യും നമ്മള്???


Tuesday, August 15, 2023

അതിക്രമിച്ച് കടന്നവർ


 വീടിന്റെ  മുൻ വശം നിൽക്കുന്ന  ക്രിസ്തുമസ് ട്രീയിൽ  രണ്ട് ഇരട്ട തലച്ചി കിളികൾ കൂട് വെക്കുന്നത് വരാന്തയിലെ ചാരു കസേരയിൽ കിടന്ന് ഞാൻ നിരീക്ഷിച്ച് കൊണ്ടിരുന്നു. അവരുടെ ചടുലമായ നീക്കങ്ങളും നാല് ഭാഗത്തേക്കുള്ള നിരീക്ഷണങ്ങളും ആണും പെണ്ണും മാറി മാറി  പറന്ന് വന്ന്  ഡ്യൂട്ടി കൃത്യമായി ചെയ്യുന്നതും  രസാവഹമായ കാഴ്ചകളായി എനിക്ക് അനുഭവപ്പെട്ടു. ഹാജർ ബുക്കുകൾ ഇല്ലാതെ പഞ്ചിംഗ് മെഷീൻ ഇല്ലാതെ കൃത്യമായി അവർ മരത്തിലേക്ക് വന്നും പോയുമിരുന്നു.

 ഇതിനിടയിൽ രണ്ട് അടക്കാ കുരുവികൾ  ആ മരത്തിൽ  വന്ന് ഒരു കൊമ്പിലിരുന്ന് ഇരട്ട തലച്ചികളുടെ കൂട് നിർമ്മാണം സസൂക്ഷ്മം വീക്ഷിക്കുന്നത് കണ്ടു, അടുത്ത നിമിഷം  ഇരട്ട തലച്ചികളിൽ ഒരെണ്ണം എവിടെ നിന്നോ പാറിവന്ന്  കുരുവികളെ പറ പറത്തിച്ചു. അവരെ തുരത്തി അപ്പുറത്ത് നിൽക്കുന്ന സപ്പോട്ടാ മരത്തിനും മുകളിലൂടെ  ഓടിച്ച് വിടുന്നത് എനിക്ക് കാണാമായിരുന്നു.

അടുത്ത ദിവസവും കുരുവികൾ  പറന്ന് വന്ന് മരക്കൊമ്പിൽ ഇരുന്നു. ഞാൻ അവരോട് പറഞ്ഞു “ എന്തിനാടെ , പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്, അവരല്ലേ ആദ്യം വന്ന് കൂട് പണി തുടങ്ങിയത്, നിങ്ങൾക്ക് വേണമെങ്കിൽ അപ്പുറത്ത് മാവുണ്ട് , ചാമ്പ ഉണ്ട് സപ്പോട്ടാ ഉണ്ട്, അവിടെ എവിടെയെങ്കിലും പോയി പണിഞ്ഞാ പോരേ? ഈ ക്രിസ്തുമസ് ട്രീയിൽ തന്നെ വേണോ?

അവരിൽ ഒരാൾക്ക് എന്റെ ഉപദേശം പിടിച്ചില്ലന്ന് തോന്നുന്നു, തിരിഞ്ഞ് എന്നെ രൂക്ഷമായി നോക്കി. ഞാൻ പറഞ്ഞു, നീ എന്നെ വിരട്ടണ്ടാ, ഇപ്പോൾ വരും ഇരട്ട തലച്ചി...പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ എവിടെന്നോ ഇരട്ട തലച്ചി കിളി പറന്ന് വന്ന് കുരുവികളെ തുരത്തി.  കുരുവികൾ  ശ്രേഷ്ട മലയാളത്തിൽ എന്തെല്ലാമോ വിളിച്ച് കൂവി  പാഞ്ഞ് പോയി.

കിളികളുടെ കൂട് പണി പുരോഗമിക്കവേ ഒരു കിളി വായിൽ  ചകിരി നാരുമായി പറന്ന് വരുന്നത് കണ്ടു. കൂടിന്റെ മിനുക്ക് പണികൾക്കാവാമത്. പിന്നീട് ഒരാൾ മരത്തിനകത്തെ കൂടിലും അപരൻ തൊട്ടടുത്ത് പൂമരത്തിലും ആവാസമുറപ്പിച്ചപ്പോളാണ് ഉപ്പന്റെ വരവ് സംഭവിച്ചത്. എവിടെ നിന്നോ മൂപ്പര് പറന്ന് വന്ന് ആരോ പറഞ്ഞ് വെച്ച പോലെ  മുറ്റത്ത് കൂടെ  ക്രിസ്ത്മസ് ട്രീയുടെ സമീപത്ത് കൂടി നടന്ന് വന്നു.  അദ്ദേഹത്തെ കണ്ടപ്പോൽ എനിക്ക് വലിയ സന്തോഷമായി. കഴിഞ്ഞ ദിവസം പുരയിടത്തിലൂടെ എന്തോ ഒരെണ്ണം ഇഴഞ്ഞ് പോകുന്നത് ഞാൻ കണ്ടതാണ്. ഉപ്പനോ കീരിയോ ഉണ്ടെങ്കിൽ  ഇഴയുന്ന പാർട്ടികൾ ഈ അയലത്തൊന്നും വരില്ല. അതിനാൽ ഞാൻ പറഞ്ഞു, സ്വാഗതം ഉപ്പനാരേ...സുഖം തന്നെ അല്ലേ? ..അദ്ദേഹം ചുവന്ന കണ്ണൂകൾ കൊണ്ട് എന്നെ ഒന്നുഴിഞ്ഞിട്ട് നമ്മൾ അവിടിരിക്കുന്നെന്ന ഒരു  മൈൻടും  കൂടാതെ പറന്ന് നേരെ ക്രിസ്തുമസ് ട്രീയിലേക്ക് കയറി ഇരട്ട തലച്ചിയുടെ കൂട്ടിലേക്ക് ചെന്നു.

പിന്നെ അവിടെ നടന്നത് ഭയങ്കര  ബഹളമാണ്. കൂട്ടിലിരിക്കുന്ന കിളിയും പൂമരത്തിൽ ക്യാമ്പ് ചെയ്ത ഇണക്കിളിയും കൂടി ഉപ്പനെ എതിർത്തു. കൂട്ടിലെ മുട്ട അടിച്ച് മാറ്റാനാണ് ഉപ്പന്റെ വരവെന്ന് അവർക്ക് മനസ്സിലായതിനാലാവാം അവരുടെ  എതിർപ്പ് ശക്തമായത്. കൂട്ട ബഹളം കേട്ട് കാക്കകളും വന്നു അവരും ബഹളം വെച്ചു. എവിടെ നിന്നോ ആ സമയത്ത് അടക്കാ കുരുവികളും ആഗതരായി. അവർ പൂമരത്തിലിരുന്ന് രംഗം നിരീക്ഷിക്കുന്നു. ഞാൻ അവരെ  വഴക്ക് പറഞ്ഞ് ഓടിച്ചു, “തെണ്ടി  കുരുവികളേ! നിങ്ങളായിരിക്കും ഉപ്പന് ന്യൂസ് കൊടുത്തത്, കടന്നോ അവിടെന്ന് ഇവിടെങ്ങും കണ്ട് പോകരുത്.

ഞാൻ ഇട്പെടുന്നതിനു മുമ്പ് ഉപ്പൻ കിളിക്കൂട്ടിൽ കയറി മുട്ട കൊത്തി താഴെ ഇട്ടു. ദുഷ്ടൻ പരമ പോക്രി. കല്ലെടുത്ത് ഞാൻ എറിഞ്ഞു, ഈ ഏരിയായിൽ ഇനി കണ്ട് പോകരുത്...അയൾ ചുവന്ന കണ്ണ് കൊണ്ട് എന്നെ പുസ്കെന്ന് ഒരു നോട്ടവും നോക്കി  പറന്ന് പോയി.

പാവം ഇരട്ട തലച്ചികൾ  , അവർ എന്തോ എല്ലാം കരഞ്ഞ് വിളിച്ച് കൂവി  പറന്ന് പോയി. അവരുടെ കൂടിന്റെ അവശിഷ്ടങ്ങൾ ക്രിസ്തുമസ് ട്രീയിൽ ത്തൂങ്ങി കിടന്നു. . മരം എല്ലാത്തിനും സാക്ഷിയായി അപ്പോഴും നിശ്ചലമായി നിൽക്കുകയായിരുന്നു.

Friday, August 4, 2023

പാർപ്പിടം അതൊരു സ്വർഗമാണ്

 ഞങ്ങൾ താമസിക്കുന്നതിന് സമീപം റെയിൽ വേ ലൈനാണ്, ആ റൈൽ വേ സ്ഥലത്ത് ഒരു വലിയ മഹാഗണി വൃക്ഷം പടർന്ന് പന്തലിച്ച് നിന്നിരുന്നു. സന്ധ്യാ  സമയം വിവിധ തരം പക്ഷികൾ എവിടെ നിന്നെല്ലാമോ വന്ന് ആ മരത്തിൽ ചേക്കേറുന്നത് നിത്യ കാഴ്ചയായിരുന്നു. എന്തോരു ബഹളമാണെന്നോ ആ സമയം. പൗർണമി ദിവസത്തിൽ പൂർണ ചന്ദ്രൻ  ആ മരത്തിനിടയിലൂടെ  തന്റെ കിരണങ്ങൾ വിതറുന്നത് അപ്പോഴും ശമിച്ചിട്ടില്ലാത്ത പക്ഷികളുടെ ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ  കാണുന്നത് മനസ്സിനുള്ളിൽ വല്ലാത്ത അനുഭൂതി സൃഷ്ടിക്കുമായിരുന്നു.

അൽപ്പ ദിവസങ്ങൾക്ക് മുമ്പ്  റൈൽ വേ ഉദ്യോഗസ്തർ ആ മരം മറ്റ് പല മരങ്ങളുടെ കൂട്ടത്തിൽ  വിറ്റതിനെ തുടർന്ന് മരം വെട്ടുകാർ  ഒരു ദിവസം കൊണ്ട് തന്നെ  ആ മഹാ ഗണിമരം ഈ ഭൂമിയിൽ നിന്നും തുടച്ച് മാറ്റി. അന്ന് സായാഹ്നത്തിൽ പതിവ് പോലെ പക്ഷികൾ ചേക്കാറാനായി  ആ മരം നിന്നിടത്ത് വട്ടം ചുറ്റി അവരുടെ ഭാഷയിൽ ദയനീയമായി എന്തെല്ലാമോ വിളിച്ച് പറഞ്ഞു പറന്ന് നടന്നു. പലരും ഞങ്ങളുടെ പുരയിടത്തിലെ മാവിലും സപ്പോർട്ടായിലും പ്ളാവിലും വന്ന് താമസമാക്കി, മറ്റ് ചിലർ അക്കരെ കുന്നും പുറത്തെ തേക്കിലും മറ്റു മരങ്ങളും തേടി പോയി . 

അവരുടെ താമസ സ്ഥലം നഷ്ടപ്പെട്ടപ്പോൾ ആ ദുഖം റിപ്പോർട്ട് ചെയ്യാനോ ദുരിതങ്ങൾ വിവരിക്കാനോ ആരുമുണ്ടായിരുന്നില്ലല്ലോ. ഇന്നലെ വരെ ഉണ്ടായിരുന്ന പാർപ്പിടം നഷ്ടപെട്ടപ്പോൾ അവരുടെ മനസ്സിനുള്ളിലെ പ്രയാസങ്ങൾ എത്ര  മാത്രമായിരിക്കുമെന്ന് ആര് കണ്ടു.

കാലങ്ങൾക്ക് മുമ്പ് എറുണാകുളം കായൽ തീരത്തെ ഒന്ന് രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങൾ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെ അതി ശുശ്കാ‍ന്തിയുള്ള ഒരു ന്യായാധിപന്റെ കർശന വിധിയാൽ അടിയോടെ പൊടിച്ച് തകർത്ത് കായലിൽ കലക്കിയപ്പോൾ ജനം അതിശയത്തോടെ പൊളിപ്പ് പ്രക്രിയ നോക്കി നിന്നു, മറ്റുള്ളവർ ടി.വി.യിലൂടെ കണ്ട് അതിശയം കൂറി. പക്ഷേ അതിൽ ഇന്നലെ വരെ അന്തി ഉറങ്ങിയ ഒരു പറ്റം മനുഷ്യ ജീവികൾ ഇന്ന് അവർക്ക് ഉറങ്ങാൻ പാർപ്പിടം തേടിയുള്ള പരക്കം പാച്ചിലും കഷ്ടപ്പാടും എത്രമാത്രം അനുഭവിച്ചു എന്നത് ആർക്കും വിവരിക്കാൻ കഴിഞ്ഞില്ല. നേരത്തെ തന്നെ നോട്ടീസ് കിട്ടിയിരുന്നെങ്കിലും അവസാന നിമിഷം വരെ അവർ പ്രതീക്ഷിച്ചു എന്തെങ്കിലും അതിശയങ്ങൾ സംഭവിച്ച്  പൊളിപ്പ് മാറ്റി വെച്ചേക്കാം എന്ന്. ഒന്നും നടന്നില്ല. കെട്ടിടങ്ങൾ പൊളിക്കപ്പെട്ടു.താമസക്കാർ വേദനയോടെ നോക്കി നിന്നു.അവരുടെ ജീവിതത്തിലെ എത്രയോ നല്ലതും ചീത്തയുമായ കാലങ്ങൾ ആ ചുവർകൾക്കുള്ളിൽ കഴിച്ച് കൂട്ടിയിരുന്നു.  അതെല്ലാം ഇപ്പോൾ മൺകട്ടകളും സിമിന്റ് അവശിഷ്ടവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അന്ന് രാത്രി അവർ എവിടെയെല്ലാമോ അന്തി ഉറങ്ങുമ്പോൾ  തലേ ദിവസം അവർ കിടന്നിരുന്നതും  ഇന്ന് ഈ ഭൂമുഖത്ത് ഇല്ലാത്തതുമായ തങ്ങളുടെ പഴയ പാർപ്പിടത്തെ കുറിച്ച് ഓർത്ത് കണ്ണീർ ഒഴുക്കിയിരിക്കാം.

പാർപ്പിടം എപ്പോഴും ഒരു വികാരമാണ്. പകലന്തിയോളം ജോലി ചെയ്ത് സന്ധ്യക്ക് പാർപ്പിടത്തിലേക്കുള്ള ആ പ്രയാണമുണ്ടല്ലോ, അപ്പോൾ മനസ്സിൽ എനിക്ക് അന്തി ഉറങ്ങാൻ ഒരിടമുണ്ടെന്ന വിശ്വാസം അതെത്ര വലുതാണെന്നറിയാമോ?. അത് സ്വന്തമായാലും വാടകക്കായാലും  അത് വലിയ വീടായാലും ചെറിയ കുടിലായാലും അന്തിക്ക് തങ്ങാൻ ഒരു പാർപ്പിടം എപ്പോഴും  ഒരു വികാരം തന്നെയാണ്. അത് കൊണ്ട് തന്നെ പലപ്പോഴും ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കാറുണ്ട്, ഒരിക്കലും പാർപ്പിടം നഷ്ടപ്പെട്ട അവസ്ഥ  ആർക്കും ഉണ്ടാകല്ലേ കരുണാമയനേ എന്ന്......