Sunday, February 26, 2023

പക്ഷാഘാതവും ഉറക്കവും..

 രാത്രി രണ്ട് മണി വരെ  ഉറക്കമിളച്ചിരുന്ന്  മൊബൈലിൽ കുത്തുന്നവരേ!  നിങ്ങൾ സൂക്ഷിക്കുക! തുടർച്ചയായുള്ള ഉറക്കമില്ലായ്മ നിങ്ങളെ പക്ഷാഘാതത്തിലേക്ക് നയിച്ചേക്കാം. തലയിണക്ക് സമീപം തന്നെ മൊബൈലിന്റെ വികിരണങ്ങൾ .ഏറ്റ് വാങ്ങി  ഉറങ്ങുന്നതും അത്ര നന്നല്ല. 

ഇത് ഞാൻ പറഞ്ഞതല്ല, സുനിൽഷാ പറഞ്ഞതാണ്. സുനിൽഷായെ അറിയില്ലേ? അദ്ദേഹം ബ്ളോഗിലും ഫെയ്സ്ബുക്കിലും  ശക്തമായ കുറിപ്പുകളെഴുതുന്ന വ്യക്തിയാണ്. അദ്ദേഹം മുമ്പ് ഒരു വാരിക നടത്തിയിരുന്നു “കൈരളി“. ബ്ളോഗ് നിവാസികൾ  എഴുതിയിരുന്ന  രചനകൾ പലതും ആ വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. നല്ലൊരു എഡിറ്ററാണ് സുനിൽഷാ, കൊല്ലം നഗരത്തിലെ  പൊതു പ്രവർത്തകനും  രാഷ്ട്രീയക്കാരനുമാണ്. ആൾ ഇപ്പോൾ ഒരു ചെറിയ പക്ഷാഘാതത്തെ അതിജീവിച്ച്  വീട്ടിൽ വിശ്രമത്തിലാണ്.

എന്ത് പറ്റി എന്ന എന്റെ ചോദ്യത്തിന് കാരണമായി അദ്ദേഹം പറഞ്ഞതാണ് മുകളിൽ സൂചിപ്പിച്ചത്. “ രാത്രി ഒരു മണി\ രണ്ട് മണിവരെ മൊബൈലിൽ വരുന്നതും പോകുന്നതും നോക്കിയും വന്നത് മറ്റുള്ളവർക്ക് ഫോർവാഡ് ചെയ്തും  കഴിച്ച് കൂട്ടും, എന്നിട്ട്  തലയിണക്ക് സമീപം  ഫോൺ വെച്ച് കിട്ടുന്ന സമയം ഉറങ്ങും . അതി രാവിലെ തന്നെ എഴുന്നേൽക്കുകയും ചെയ്യും. ഉറക്കമില്ലായ്മ രക്ത സമ്മർദ്ദം കൂട്ടി., അതൊട്ട് ശ്രദ്ധിച്ചുമില്ല. ഒരു വെളുപ്പാൻ കാലത്ത് ഇടത് ഭാഗം തണുത്ത് മരവിച്ചിരിക്കുന്നു. ജില്ലാ ആശുപത്രിയിൽ അഭയം തേടി.. സ്ട്രോക്കാണെന്ന് ഡോക്ടർ പറഞ്ഞു. 52 വയസ്സേ പ്രായമുള്ളൂ,  ബി.പി. അല്ലാതെ മറ്റ് കാരണങ്ങളൊന്നുമില്ല. ബി.പിക്ക് കാരണം ഉറക്ക കുറവു. ഉറക്ക കുറവിന് കാരണം ഉൽസാഹിച്ചിരുന്നു രാത്രി രണ്ട് മണിവരെ മൊബൈലിൽ കുത്തലും.  ഗുളിക കഴിക്കുന്നവരെ വഴക്ക് പറഞ്ഞ സുനിൽഷാ ഇപ്പോൾ 12 --13 ഗുളികകൾ വരെ കഴിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രോഗമുക്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

പ്രിയപ്പെട്ടവരേ!  നമുക്ക് ഉറങ്ങാൻ തന്ന സമയം ഉറങ്ങുക, ഏത് സമയത്തായാലും 8 മണികൂർ പ്രതിദിനം ഉറങ്ങണം..നമ്മുടെ കൊച്ച് തലച്ചോർ ആവശ്യത്തിലധികം  ഭാരമെടുക്കുന്നുണ്ടല്ലോ. അതിനും ഒരു വിശ്രമം വേണമല്ലോ. അതാണ് ഉറക്കം. ആ ഉറക്കം മുടങ്ങാതെ സൂക്ഷിക്കുക.

Thursday, February 23, 2023

ആധുനിക മന്ത്രവാദികൾ

കഴിഞ്ഞ് പോയ കാലത്ത് ലോക്ളാസ് കാണികളെ  ആകർഷിക്കാൻ  തെലുങ്കിൽ മന്ത്രവാദികളുടെയും മായാജാലത്തിന്റെയും  സിനിമകൾ നിർമ്മിച്ച് അത് തമിഴിൽ ഡബ്ബ് ചെയ്ത്  പ്രദർശിപ്പിച്ച് വന്നിരുന്ന  സമ്പ്രദായം നില നിന്നിരുന്നു..വെള്ളി ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ  ആ സിനിമകൾ നല്ല കളക്ഷൻ തീയേറ്ററുകാർക്ക് നൽകുമായിരുന്നു എന്ന്  ഇന്നും ഓർമ്മിക്കുന്നു. അന്നത്തെ സെക്സ് ബോംബുകളായ  ജ്യോതി ലക്ഷിമിയും  ജയമാലിനിയും  വിജയ ലളിതയുമെല്ലാം അൽപ്പ മാത്ര വസ്ത്രധാരിണികളായി  നിന്നും ഇരുന്നും കിടന്നുമുള്ള പോസ്റ്ററുകളായിരുന്നു ഈ സിനിമകളുടെ  സവിശേഷത.

ആ സിനിമകളിലെല്ലാം മന്ത്ര വാദികളും  മായാ ജാലങ്ങളും നിറയെ ഉണ്ടായിരുന്നു. വലിയ ഒരു മാക്സിയും ധരിച്ച് ഉണ്ടക്കണ്ണൂകളും കപ്പടാ മീശയും താടിയുമുള്ള കാഴചയിൽ ഭീമാകാരന്മാരായ മന്ത്രവാദികൾ രംഗത്ത് വന്ന് കയ്യിലെ മായാ ദണ്ഡ് വീശി “ജയ് പാതാള ഭൈരവി“ എന്നോ ജയ് മൊട്ട ഗോപുര മുനി“ എന്നോ ജയ് ജംഭാ ജയ് ബിംഭാ“ “ജീ ഭൂം ഭാ  “ എന്നൊക്കെ അലറി പറയുമ്പോൾ  സുന്ദരികൾ വന്ന് നൃത്തം ചെയ്യുന്നതും  വിശിഷ്ട ഭോജ്യങ്ങൾ നിറച്ച താലങ്ങളും പാനീയങ്ങളും പറന്ന് വരുകയും ആവശ്യക്കാരുടെ മുമ്പിൽ നിരക്കുകയും ചെയ്യുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. ചിലപ്പോൾ മന്ത്ര വടി വീശി “അവളെവിടെ കാണിച്ച് തരൂ“ എന്ന് അലറുമ്പോൾ  ഏതെങ്കിലും  കണ്ണാടിയിലോ ഇന്നത്തെ റ്റി.വി. പോലുള്ള പെട്ടിയിലോ ഉദ്ദേശിക്കുന്ന ആളെ കാണിച്ച് തരും..അടിമയായ ഭൂതത്തൊട് മന്ത്ര വടി വീശി പ്രശ്യാം  മിലിഷ്യാം  ഇജിപ്ഷ്യാം “എന്നൊക്കെ പറയുമ്പോൾ ആവശ്യമുള്ള ആഹാരം കൊണ്ട് വരുന്നു  നമ്മളെ ഉദ്ദേശിച്ച സ്ഥലത്ത് കൊണ്ട് പോകുന്നു  അങ്ങിനെയൊക്കെയുള്ള വിഭ്രമാത്മകമായ അനുഭവങ്ങളെ ആ വക സിനിമകളിൽ നമ്മൾ കണ്ടിരുന്നു. അന്നതെല്ലാം കാണുമ്പോൾ  വട്ട് കേസെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്.

കാലം കുറേ ഇങ്ങ് കടന്ന് വന്നപ്പോൾ  ആ വട്ട് കേസെല്ലാം  കുറച്ചൊക്കെ യാത്ഥാർത്ഥ്യമായി  പരിണമിക്കു ന്നത് കണ്ട് ഇന്ന് അന്തം വിട്ട് പോവുകയാണ്.

നമുക്ക് ഇഷ്ടമുള്ള ആഹാരം  വസ്ത്രം ആഭരണം ചെരുപ്പ്, വാച്ച് മൊബൈൽ    തുടങ്ങി എല്ലാ ലൊട്ട് ലൊടുക്ക് സാധനങ്ങളും  നമ്മൾ “ജയ് പാതാള ഭൈരവി ഭൂം ഭാ“ എന്ന ഓൺ ലൈൻ കച്ചവട മന്ത്രം ഉരുവിട്ടാൽ  ഭൂതം വീട്ട് പടിക്കൽ കൊണ്ട് വരുന്നു. കള്ളൻ ആര് കുറ്റം ചെയ്തവൻ ആര് എന്ന ചോദ്യം “ജയ് മൊട്ട ഗോപുര മുനി എന്ന മന്ത്രം സി.സി. റ്റി. വിയോട ഉരുവിടുമ്പോൾ ആള് ഇതാണ് എന്ന് മറുപടി  മണി മണിയായി ആ ഭൂതം കാണിച്ച് തരുന്നു. ഏത് അവളുടെ സെക്സ് നൃത്തം കാണണോ വീഡിയോ എന്ന ഭൂതത്തൊട് ജയ് ജംഭാ ജയ് ബിംഭാ...ജീ ഭൂം ഭാ.. എന്ന മന്ത്രം ചൊല്ലി ബട്ടണിൽ ക്ളിക്കിയാൽ ദാ വരുന്നു  സംഗതി  പട പടാന്ന്....... 

ചുരുക്കി പറഞ്ഞാൽ  പണ്ട്  സിനിമാക്കാർ പടമെടുത്ത് കാണിച്ച  മന്ത്രവാദ അതിശയങ്ങളെല്ലാം ഇന്ന്  ഒരു അതിശയവുമില്ലാതെ നമ്മൾ അനുഭവിച്ച് കൊണ്ടേ ഇരിക്കുന്നുവല്ലോ

Tuesday, February 14, 2023

വാലന്റൈൻ ഡേ....

വാലന്റൈൻ ഡെ ഇല്ലതിരുന്ന കാലത്തും ഇവിടെ പ്രേമം നിലവിലുണ്ടായിരുന്നു. പ്ക്ഷേ അന്ന് പ്രേമം ഇത് പോലെ കച്ചവടത്കരിച്ചിരുന്നില്ല. പ്രാധാന്യം കൊടുത്ത് ഈ ദിവസം ഇപ്പോൾ  ആഘോഷിക്കുന്നത് കാണുമ്പോൾ മുമ്പ് ഭൂമിയിൽ പ്രേമം ഒട്ടും തന്നെ ഇല്ലാതിരുന്നു എന്നും ഇത് ഏതോ പുതിയ ഇടപാടാണെന്നുമൊക്കെ കരുതി പോകുന്നു. സ്നേഹമാണഖില സാരമൂഴിയിൽ  എന്നൊക്കെ ചൊല്ലി പഠിച്ചിരുന്ന അന്നത്തെ തലമുറക്ക്  എന്ത് വാലന്റൈൻ ഡേ..

അന്ന് പരസ്പരം കണ്ടും  പുഞ്ചിരിച്ചും  അത്യാവശ്യം കത്തുകൾ കൈ മാറിയും  നിലാവിനെ നോക്കി മൂളിപ്പാട്ട് പാടിയും  സ്വപ്നങ്ങൾ കണ്ടും  എന്നും ഞങ്ങൾ വാ‍ാലന്റൈഅൻ ഡേ ആഘോഷിച്ചു. അത് കൊണ്ട് തന്നെ ഞങ്ങളുടെ സ്നേഹം കച്ചവടവത് കരിക്കാൻ കമ്പോളത്തിന് കഴിഞ്ഞിരുന്നില്ല. അതായിരുന്നു ആഘോഷമില്ലാത്ത എന്നാൽ എല്ലാ ആഘോഷവും നിറഞ്ഞ് നിന്നിരുന്ന സ്നേഹത്തിന്റെ ദിവസങ്ങൾ...

Wednesday, February 1, 2023

സ്കൂൾ ബാഗും എലി വിഷവും.

 എന്റെ നെഞ്ചിൽ ഞാൻ സ്വയം  ഇടിക്കുകയും വാവിട്ട് നിലവിളിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇടക്കിടക്ക് ചാരി ഇരുന്ന മുരിങ്ങ മരത്തിൽ തല കൊണ്ടിടിക്കുകയും ചെയ്തു.  ഇടിയുടെ ആഘാതത്താൽ മുരിങ്ങ മരം കുലുങ്ങുകയും പൊഴിഞ്ഞ് വീഴാൻ തയാറായി നിന്ന ചെറിയ മഞ്ഞ ഇലകൾ  എന്റെ തലയിലേക്കും ശരീരത്തിലേക്കും  തുരു തുരാ വീഴുകയും ചെയ്തപ്പോൾ .സായാഹ്നത്തിലെ മഞ്ഞ വെയിൽ തട്ടി  ആ ഇലകൾ  സ്വർണ പൊട്ടുകൾ പോലെ തോന്നിച്ചു. എന്റെ അപ്പച്ചി (പിതൃ സഹോദരി) ഓടി വന്ന് എന്നെ തടയാൻ ശ്രമിച്ചു, പക്ഷേ 12 വയസ്സ്കാരനായ ഞാൻ ഒട്ടും തന്നെ  വഴങ്ങിയില്ല. എന്റെ മനസ്സിൽ അത്രത്തൊളം ദുഖം തളം കെട്ടി നിന്നിരുന്നല്ലോ. എന്തൊരു ചതിയാണ് എന്നോട് എന്റെ വീട്ടുകാർ കാണിച്ചത്..മാസങ്ങളായി ഞാൻ കണ്ട സ്വപ്നമാണ് തകർന്ന് പോയിരിക്കുന്നത്.

ഈ സംഭവം നടക്കുമ്പോൾ എന്റെ ഉമ്മ നിശ്ശബ്ദയായി കട്ടിള പടിയും ചാരി  ഇരിക്കുകയായിരുന്നു. എന്നെ തടയാനോ "പോട്ടേ മോനേ! നമുക്ക് പരിഹാരം കാണാമെന്നോ" ഒന്നും പറയാതെ  വിദൂരതയിലേക്ക് നോക്കിയായിരുന്നു ആ ഇരിപ്പ്.. എന്റെ ദുഖത്തിന്റെ ആഴം ഉമ്മക്കറിയാം. അതാണ് അവർ അനങ്ങാതിരുന്നത്.

ഞങ്ങൾ താമസിക്കുന്ന ആലപ്പുഴ വട്ടപ്പള്ളിയിൽ സഹോദരന്മാരായ രണ്ട് എലിവിഷ വ്യാപാരികളുണ്ട്.അതിൽ അനിയൻ വ്യാപാരി  താമസിക്കുന്നത് വീടിനടുത്താണ്. അയാൾ എലിവിഷം പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന കൂട് നിർമ്മിക്കുവാനായി ഹാർഡ് ബോർഡ് പാകത്തിൽ  മുറിച്ച് കൊണ്ട് വരും. തുരിശ് ചേർത്ത പച്ച നിറത്തിലുള്ള മാവ് പശ  ഉപയോഗിച്ച് ഞങ്ങൾ കുട്ടികൾ  മുറിച്ച ഹാർഡ് ബോർഡ് മടക്കി പശ തേച്ച് കൂട് ഉണ്ടാക്കി ഒരു ചെറിയ പൊതി എലി വിഷം അതിൽ ഉള്ളടക്കം ചെയ്ത് പണി പൂർത്തിയാക്കി കൊടുക്കുന്നു. ഒരു നിശ്ചിത എണ്ണത്തിന് ക്ളിപ്തപ്പെടുത്തിയ പൈസ്സാ ലഭിക്കും. സ്കൂൾ വിട്ട് വന്നാലുള്ള സമയത്ത് ഞാൻ ഈ ജോലി ചെയ്തത് ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടിയായിരുന്നു.

ആ കാലം നാടൊട്ടുക്ക് പട്ടിണിയാണ്. റേഷൻ കാർഡ് സാധാരണക്കാർക്ക് നിധിയുമാണ്.കാർഡിലൂടെ ലഭിക്കുന്ന റേഷൻ അരിയാണ് നേരത്തോട് നേരമാകുമ്പോളൂള്ള ഭക്ഷണത്തിനുള്ള  ഏക ഉപാധി. അത് കൊണ്ട് തന്നെ റേഷൻ  കാർഡിലെ യൂണിറ്റുകൾക്ക് വിലയേറെയാണ്. അംഗ സംഖ്യ കൂടുതലുള്ള കുടുംബത്തിന്റെ റേഷൻ കാർഡിൽ  യൂണിറ്റ് അധികം കാണും. എങ്കിലും  പെട്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ  കാർഡിലെ കുറേ യൂണിറ്റുകൾ  അരി ആവശ്യമുള്ളവർക്കോ അരി വിൽപ്പനക്കാർക്കോ പണയം കൊടുത്ത് പൈസാ വാങ്ങും. എപ്പോഴെങ്കിലും പൈസ്സാ കിട്ടുമ്പോൾ തിരികെ കൊടുത്ത് യൂണിറ്റ് തിരികെ വാങ്ങും. അത് വരെ പണയപ്പെടുത്തിയ യൂണിറ്റിലെ അരി പണയക്കാരൻ വാങ്ങി എടുക്കും പരസ്പര വിശ്വാസം ഉപയോഗപ്പെടുത്തിയുള്ള ഒരു തരം പണമിടപാടായിരുന്നു ഈ യൂണിറ്റ് പണയം വെയ്പ് പരിപാടി.. ഞങ്ങളുടെ കാർഡിലെ അൽപ്പം യൂണിറ്റുകൾ ഇപ്രകാരം പണയത്തിലായിരുന്നു, അത് കൊണ്ട് തന്നെ  പതിവായി കിട്ടുന്ന അരിയുടെ അളവ് കുറയുകയും വീട്ടിൽ അരവയർ ഭക്ഷണം പിന്നെയും കുറയുകയും ചെയ്തുവല്ലോ.

ഞാനന്ന് ആറാം സ്റ്റാൻഡാർഡിൽ പഠിക്കുകയായിരുന്നെന്നാണെന്റെ ഓർമ്മ

സ്കൂൾ ബാഗ് ആ കാലത്ത് പാവപ്പെട്ടവർക്ക് അപൂർവ വസ്തുവാണ്. ഞങ്ങളുടെ ക്ളാസ്സിൽ മിക്കവർക്കും ബാഗുണ്ട്.എനിക്കൊരു ബാഗ് സ്വന്തമാക്കാൻ അതിയായ കൊതി തോന്നി

. വീട്ടിലെ ദാരിദ്രാവസ്ഥയിൽ മിണ്ടാൻ പറ്റില്ല എങ്കിലും ഉമ്മായോട് എന്റെ ആഗ്രഹം  ഞാൻ പറഞ്ഞു. ഉമ്മായാണ് എലി പാഷാണ കൂട് നിർമ്മാണത്തിനായി  എന്നെ പറഞ്ഞ് വിട്ടത്. ആറ്  രൂപായാണ് ബാഗിന്റെ വില എന്ന് ഞാൻ  അറിഞ്ഞു. ആലപ്പുഴ കോൺ വെന്റ് ജംഗ്ഷനിലെ എസ്.റ്റി. റെഡിയാർ ആന്റ് സൺസിൽ പോയി ഞാൻ ബാഗ് നോക്കി  വെച്ചു. ചുവന്ന കളറിൽ മദ്ധ്യ ഭാഗത്ത് രണ്ട് കറുത്ത വരയുള്ള ഒരു ബാഗ്. എന്റെ പൊന്നോമന ബാഗ്. ദിവസവും അതിനെ ഞാൻ സ്വപ്നം കണ്ടു. കൂട്ടുകാരെ ആ ബാഗ് കാണിക്കുന്നത് ഭാവനയിൽ കണ്ടു ഞാൻ പുളകം കൊണ്ടു. ആറ് രൂപാ തികയുന്നത് വരെ  ഞാൻ എലിവിഷ കൂട് നിർമ്മാണത്തിൽ മുഴുകി. ഉമ്മായും എന്നെ സഹായിച്ചു. അങ്ങിനെ ആറ് രൂപാ ടാർജറ്റിലെത്തി. ഇനി  മുതലാളി പാഷാണം വിറ്റ് വരുന്നത് വരെ കൂലിക്കായി കാത്തിരിക്കണം, . ഓരോ ദിവസവും അയാൾ വരുന്നത് കണ്ണിൽ എണ്ണയൊഴിച്ച് ഞാൻ നോക്കിയിരുന്നു. അവസാനം അയാൾ വന്നുവെന്നറിഞ്ഞപ്പോൾ ഞാൻ എസ്.റ്റി.റെഡിയാർ കടയിലേക്ക് പാഞ്ഞു പോയി ബാഗ് അവിടെ ഉണ്ടോ എന്നുറപ്പ് വരുത്തണമല്ലോ.. അത് അവിടെ തന്നെ തൂങ്ങി കിടപ്പുണ്ട്. ഉടനെ ഞാൻ തിരികെ വീട്ടിലേക്ക് പാഞ്ഞു. അന്ന് വൈകുന്നേരം മുതലാളി വീട്ടിൽ പൈസാ കൊണ്ട് തരും. അതുമായി നാളെ രാവിലെ ബാഗ് വാങ്ങണം. എന്തെല്ലാം മനക്കോട്ടകൾ.!!

വീട്ടിൽ ഉമ്മാ കട്ടിള പടിയും ചാരി ഇരിപ്പുണ്ട്. മുഖത്ത് വല്ലാത്ത മ്ളാനത

. “ഉമ്മാ മുതലാളി പൈസാ കൊണ്ട് തന്നില്ലേ?“ ഞാൻ  തിടുക്കപ്പെട്ട് ചോദിച്ചു.

“തന്നു മോനേ!“ ഉമ്മായുടെ മറുപടിയിലും ഒരു പന്തിയില്ലായ്മ.

“പിന്നെന്താണ്.......“ ഞാൻ  വെപാളപ്പെട്ടു കൊണ്ടിരുന്നു.

“ അത്....നമ്മുടെ കാർഡിലെ യൂണിറ്റ് പണയം വെച്ചത് തിരിച്ചെടുക്കാൻ വാപ്പാ പറഞ്ഞു, ഞാൻ അതിന് കൊടുത്തു. ഇന്നലെയും നമുക്ക് അരി തികഞ്ഞില്ലല്ലോ മോനേ.. ആ യൂണിറ്റും കൂടി ഉണ്ടായിരുന്നെങ്കിൽ.....എല്ലാവർക്കും കാൽ വയറെങ്കിലും ചോറ് കണ്ടേനെ...“

ഉമ്മാ പൂർത്തീകരിച്ചില്ല. “ഹെന്റള്ളോോ....“ ഞാൻ ആഞ്ഞ് എന്റെ നെഞ്ചിലിടിച്ചു. പിന്നെയും പിന്നെയും അടിച്ചു , ഞാൻ കരഞ്ഞു, പൊട്ടിപൊട്ടിക്കരഞ്ഞു. എത്രയോ നാളുകളിലെ സ്വപ്നമാണ് തകർന്ന് വീണത്. അത് വിവരിക്കാൻ എനിക്ക് വാക്കുകളില്ല.

ഉമ്മാ അനങ്ങിയില്ല. ഇടിച്ചിടിച്ച് തളർന്ന് കുറേ കഴിഞ്ഞ് ഞാൻ  ഉമ്മായെ നോക്കിയപ്പോൾ ഉമ്മായുടെ കണ്ണീൽ നിന്നും കണ്ണീർ കവിളിലൂടെ ഒഴുകുന്നു.. ഞാൻ ഇടി നിർത്തി ഉമ്മായുടെ അടുത്ത് പോയിരുന്നു.കരച്ചിൽ നിർത്തി കഴിഞ്ഞുള്ള ശക്തിയായ ഏങ്ങലടി എന്നിൽ നിന്നും വന്ന് കൊണ്ടിരുന്നു. ഉമ്മാ എന്റെ തലയിൽ തലോടി. എനിക്ക് എല്ലാം മനസിലായി ഞാൻ വിങ്ങൽ അടക്കാൻ പാട് പെട്ടു.. വീട്ടിലെ പട്ടിണിയേക്കാളും വലുതാല്ലല്ലോ സ്കൂൾ ബാഗ്. അത് കൊണ്ടായിരിക്കാം വാപ്പാ അങ്ങിനെ തീരുമാനമെടുത്തത്.

വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു. എന്റെ സ്കൂൾ ജീവിതത്തിൽ ബാഗ് വാങ്ങിയില്ല. ഇപ്പോൾ വീട്ടിലെ കുട്ടികൾക്ക് 600----700...രൂപക്ക് ബാഗ് വാങ്ങുന്നത് കാണുമ്പോൾ  പണ്ട് 6 രൂപാക്ക് ബാഗ് വാങ്ങാൻ കഴിയാതിരുന്ന ആ പന്ത്രണ്ട് വയസ്സുകാരന്റെ ദുഖം ഓർമ്മയിലേക്ക് വരും....എന്റെ ഉമ്മായും വാപ്പായും ലോകം വിട്ട് പോയി എന്നാലും എവിടെയെങ്കിലും മാറി ഇരുന്ന് ചുമ്മാ ഒന്ന് നെഞ്ചത്തിടിച്ച് കരയാൻ ഇപ്പോൾ തോന്നിപ്പോകുന്നു......