Saturday, May 28, 2022

വിസ്മയ കേസിന്റെ സന്ദേശം

 വിസ്മയ കേസിന്റെ അലയൊലികൾ തീർന്നു കഴിഞ്ഞു. മാധ്യമ പ്രവർത്തകർ ആശ്വാസ പൂർവം നെടുവീർപ്പിട്ടു. കാരണം അവരാണല്ലോ ഏതൊരു കേസിന്റെയും വിധി കോടതിക്ക് മുമ്പ് തീരുമാനിക്കേണ്ട വിധം പൊതു ബോധം സൃഷ്ടിച്ചെടുക്കാനായി പുറകിൽ നിന്ന് പ്രവർത്തിക്കുന്നത്. അവർക്ക് ഇനി അടുത്ത കേസിന് പുറകേ പോകാം.

വിസ്മയ കേസിലെ വിധി സമൂഹത്തിന് ഒരു പാഠമാണെന്ന സന്ദേശം  നൽകുന്നു എന്ന് നിയമ വൃത്തങ്ങൾ പറയുന്നതായി പത്രങ്ങളും ചാനലുകളും ഘോഷിക്കുന്നു. ഈ വിധി വന്നതിന് ശേഷം  സ്ത്രീധന പീഡനം അവസാനിക്കുകയും  സ്ത്രീ വർഗത്തിൽ തന്നെ പെട്ട അമ്മായി അമ്മമാർ  മകന് വേണ്ടി കോടികൾ ആവശ്യപ്പെടുന്നതും പെണ്ണിന്റെ മെയ്യാഭരണങ്ങളും കുടുംബ ഓഹരിയും അളന്ന്  നോക്കൽ അവസാനിപ്പിക്കുകയും ചെയുന്നു എങ്കിൽ ആ സന്ദേശം നൽകുന്ന വിധി എത്ര  പ്രയോജനകരമാണ് അത്.അങ്ങിനെ തന്നെ ഭവിക്കട്ടെ എന്ന് നമുക്ക് ആശംസിക്കുകയും ആഗ്രഹിക്കുകയും ചെയ്യാം.

എന്നാൽ ഈ വിധിയിൽ മറ്റൊരു സന്ദേശം അടങ്ങിയിരിക്കുന്നു എന്ന് എല്ലാവരും  മനപൂവം വിസ്മരിക്കുന്നു. കേസിലെ നാൾവഴി ആദ്യം മുതൽ നിരീക്ഷിക്കുന്ന ഏതൊൾക്കും ആ സത്യം തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല. ആ സത്യം മനസിലാക്കിയിരുന്നെങ്കിൽ  പാവം ആ പെൺകുട്ടി ഇന്നും ജീവിച്ചിരുന്നേനെ. പരസ്പര ആശയ വിനിമയം  മുമ്പത്തേക്കാളും എളുപ്പത്തിൽ നടത്താൻ കഴിയുന്ന ഈ ആധുനിക കാലത്ത്  ദുഷ്ടനും ധനാർത്തി മൂത്തവനുമായ ആ ഭർത്താവിന്റെ  നിരന്തരമായ പീഡനം  ആ കുട്ടിക്ക് സ്വന്തം രക്ഷിതാക്കളുമായി പങ്ക് വെച്ച്  ആ കശ്മലന്റെ  പീഡനത്തിൽ നിന്നും  രക്ഷപെടാൻ എത്രയോ എളുപ്പം സാധിക്കുമായിരുന്നു. മാത്രമല്ല  ആ കുട്ടി വിദ്യാ സമ്പന്നയാണ്, വെറും പൊട്ടിപ്പെണ്ണുമല്ല. പിതാവ് നൽകിയ മൊഴിയിൽ കുട്ടി പീഡന വിവരം നിരന്തരം ഫോൺ ചെയ്തു പറഞ്ഞിരുന്നു എന്ന് പറഞ്ഞതാണല്ലോ കേസിന്റെ പ്രധാന തെളിവായി  കണക്കിലെടുത്തത്. കുട്ടിയെ ഉപദ്രവിക്കുന്നതിന് ഒരു കാരണം തന്നെ വീട്ടിലേക്ക് എപ്പോഴും ഫോൺ ചെയ്യുന്നു എന്നതുമായിരുന്നല്ലോ.

സമൂഹത്തിലെ  ചില കാഴ്ചപ്പാടുകളാണ് ഇവിടെ പ്രതിബന്ധം  സൃഷ്ടിക്കുന്നത്. കെട്ടിച്ചയച്ച പെണ്ണ് ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നു എന്നത്  ഏതോ വലിയ നാണക്കേടായി  സമൂഹം കാണുന്നു. മനുഷ്യൻ ചന്ദ്രനിൽ താമസിക്കാൻ തയാറെടുക്കുന്ന ഈ കാലത്തും ഇ പ്രകാരം പൊള്ളയായ  ചില കാഴ്ചപ്പാടിൽ അഭിരമിക്കുന്ന രക്ഷിതാക്കൾ  കെട്ടിച്ചയക്കുന്ന വീട്ടിലെ പീഡനം  അറിയിക്കുന്ന  പെൺകുട്ടിയൊട് “ക്ഷമിക്ക് മോളേ!...ക്ഷമിക്ക്..“ എന്ന് ഗുണദോഷിക്കുന്നതിനെ  തീർച്ചയായും പിൻ താങ്ങുന്ന ഒരു വ്യക്തിയാണ് ഈ കുറിപ്പ്കാരൻ. പക്ഷേ അത്  പെൺകുട്ടിയുടെ  പരാതിയുടെ അടിസ്ഥാനവും ആഴവും മനസിലാക്കി വേണമെന്ന് മാത്രം. തുമ്മുന്നതിനും തുടക്കുന്നതിനും പരാതി പറയുന്നത് പോലല്ല, ധനാർത്തി മൂത്ത്  ശാരീരികവും മാനസികവുമായ പീഡനത്തെ കാണേണ്ടത്. ഇവിടെ രക്ഷിതാക്കൾ കുട്ടിയുടെ പരാതിയുടെ ആഴം തീരിച്ചറിഞ്ഞ് സത്യാവസ്ഥ ബോദ്ധ്യപ്പെട്ട് യുക്തമായ നടപടികൾ എടുക്കുക തന്നെ ചെയ്യണം. പരാതി കേൾക്കാനും എന്നെ സഹായിക്കാനും ആരുമില്ലാ എന്ന തിരിച്ചറിവ് പെൺകുട്ടിക്കുണ്ടായാൽ അത് പല ദുരന്തത്തിന് കാരണമായി തീരുമെന്ന സന്ദേശവും വിസ്മയ കേസ് നമുക്ക് തരുന്നു.

ഇപ്പോൾ നാട്ടിൽ നിറയെ  കുടുംബ കോടതികളും  സ്ത്രീധന പീഡന കേസുകൾ കൈകാര്യം ചെയ്യുന്ന ക്രിമിനൽ കോടതികളും നിലവിലുണ്ടായിരിക്കെ  പണക്കൊതി മൂത്ത  ആ ഭർത്താവിൽ നിന്നും  നേരിട്ട പീഡനം അയാളുടെ വീട് വിട്ട് സ്വന്തം വീട്ടിൽ താമസമാക്കി ആ കുട്ടി തന്നെ  നേരിൽ കോടതിയിൽ മൊഴി നൽകിയാൽ തീർച്ചയായും ആ കേസ് വിജയിക്കും അപ്പോഴും    കേസാന്ത്യത്തിൽ ഇപ്പോൾ കിട്ടിയ പത്ത് വർഷം (ആത്മഹത്യാ പ്രേരണ ഒഴികെ) പല വകുപ്പുകളിലായി തടവ് അയാൾക്ക് കിട്ടുകയും സർക്കാർ ജോലി നഷ്ടപ്പെടുകയും ചെയ്യും. പകരം “ഓ! കോടതി കയറി  വർഷങ്ങൾ തള്ളി നീക്കാനും നാണക്കേടാകാനും വയ്യ  എന്ന ചിന്ത രക്ഷിതാക്കൾക്ക് ഉണ്ടായാൽ ഈ  വക ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കും.

ഇതര കോടതികളേക്കാളും കുടുംബ കോടതികളിലെ തിരക്കും കേസിന്റെ ബാഹുല്യവും  സമൂഹത്തിലെ  പെൺകുട്ടികൾ   നിയമ ബോധം  ഉള്ളവരായി തീരുന്നു  എന്ന ലക്ഷണം പ്രകടിപ്പിക്കുന്നത്  ആശ്വാസകരമായി  അനുഭവപ്പെടുന്നു. ഒരു കാര്യം  മാത്രം  കേസുകളുടെ ബാഹുല്യവും കോടതികളുടെ  എണ്ണക്കുറവും ഉണ്ടാക്കുന്ന കാലതാമസം ക്ഷ്മിക്കാൻ കഴിവുണ്ടായിരിക്കണമെന്ന് മാത്രം.

Thursday, May 19, 2022

ജെ.സി ഡാനിയലും റ്റി.കെ. പരീക്കുട്ടിയും

 1928--29 കാലത്ത് ജെ.സി. ഡാനിയൽ വിഗത കുമാരൻ സിനിമ എടുത്തു. 1954 വർഷത്തിൽ ചന്ദ്ര താരാ പ്രോഡക്ഷന്റെ ഉടമസ്ഥൻ റ്റി.കെ.പരീക്കുട്ടി “നീലക്കുയിൽ സിനിമായും  നിർമ്മിച്ചു. 26 വർഷങ്ങളിലെ വ്യത്യാസത്തിൽ നിർമ്മിച്ച ഈ ചലച്ചിത്രങ്ങളിൽ രണ്ടിലും ദലിത് സാന്നിദ്ധ്യമുണ്ടായിരുന്നു. ആദ്യത്തേതിൽ  ദലിത് സ്ത്രീയായ നടി റോസി സവർണയായി വേഷമിട്ടു. രണ്ടാമത്തേതിൽ സവർണയായ (ക്രിസ്ത്യാനി) സ്ത്രീ മിസ് കുമാരിയെന്ന ത്രേസ്യ ദലിത് വേഷമിട്ടു. ആദത്തെ സിനിമ പ്രദർശിപ്പിച്ച തിരുഅനന്തപുരത്തെ  ജൂപിറ്റർ സിനിമാ കൊട്ടക ജന രോഷത്താൽ തല്ലി പൊളിക്കപ്പെട്ടു. റോസി   വീട് അഗ്നിക്കിരയാക്കപ്പെട്ടതിനാൽ നന്ദൻ കോട് നിന്നും നാഗർ കോവിൽ വരെ ജീവനും കൊണ്ട് ഒരു ലോറി ഡ്രൈവറുടെ സഹായത്താൽ രക്ഷപ്പെട്ടു. അവരുടെ ശിഷ്ട കാലം എന്തായെന്നു ഇന്നും  ശരിയായ അറിവുകളില്ല അഭ്യൂഹങ്ങൾ മാത്രം. സിനിമാ നിർമ്മിച്ച ഡാനിയൽ പ്രമാണിമാരുടെ വധഭീഷണിയിൽ നിന്നും രക്ഷ പെട്ടത്  അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് എൽ.എം.എസ്. ജംഗ്ഷനിലെ ബുക്ക് സ്റ്റാൾ ഉടമസ്ഥന്റെ ഇംഗ്ളീഷ് റസിഡന്റുമായുള്ള അടുപ്പത്താൽ മാത്രം. എല്ലാ സ്വത്തുക്കളും നഷ്ടപ്പെട്ട് അവസാന കാലം സ്വദേശമായ അഗസ്തീശ്വരത്തിൽ ദുരിതത്തിൽ കഴിച്ച് കൂട്ടിയ അദ്ദേഹത്തിന്റെ പേർ മാത്രം മരണ ശേഷം മലയാളികൾ അവാർഡിനുപയോഗിച്ചു.

രണ്ടാമത്തെ സിനിമ നീലക്കുയിൽ പ്രസിഡന്റിന്റെ അവാർഡ് വരെ വാങ്ങിക്കൂട്ടി. അത് വരെയുള്ള കളക്ഷൻ റിക്കാർഡ്കൾ തിരുത്തി. തീയേറ്ററുകൾ കാണികളാൽ പ്രത്യേകിച്ച് സ്ത്രീകളുടെ  പ്രവാഹത്താൽ  നിറഞ്ഞൊഴുകി. നിർമ്മാതാവിന് കനത്ത ലാഭം കിട്ടി. രണ്ട് സംവിധായകന്മാർ ഒരുമിച്ച് സംവിധാനം ചെയ്ത പടമെന്ന ഖ്യാതിയും നേടി ( രാമു കാര്യാട്ട്, പി.ഭാസ്കരൻ) ഗാനങ്ങൾ 68 കൊല്ലത്തിനു ശേഷവും ജനത്തിന്റെ നാവുകളിലുണ്ട്. ( കായലരികത്ത് വലയെറിഞ്ഞപ്പോൾ, എല്ലാരും ചൊല്ലണ്, മാനെന്നും വിളിക്കില്ല,  തുടങ്ങിയവ) ) 

ആദ്യത്തെ പടത്തിൽ നടിയുടെ തലയിലെ പൂവ് നായകൻ പരസ്യമായി എടുക്കുന്ന സീനുള്ളതാണ് പ്രകോപനത്തിനു കാരണമായി പറയുന്നത്.“ എന്നാൽ പിന്നെ ആണും പെണ്ണുമായുള്ള എല്ലാ കാര്യങ്ങളും അങ്ങ് കാണീച്ചൂടേ?“ എന്ന് പ്രമാണിമാർ ചോദ്യം ചെയ്തു.  മാത്രമല്ല ഒരു ദളിത് സ്ത്രീ, മേൽ ജാതിക്കാരി ആയി വേഷമിട്ടു എന്ന ഘോര അപരാധവും സിനിമയിൽ. ചെയ്തു.

രണ്ടാമത്തെ പടത്തിൽ ഗാന രംഗങ്ങളിലും അല്ലാതെയും സ്ത്രീ പുരുഷ സ്പർശവും കെട്ടിപ്പിടുത്തവും ഗർഭം ധരിപ്പിക്കലും ഉപേക്ഷിക്കലും പരസ്യമായ പ്രേമ രംഗങ്ങളും സുലഭം. ജനം അതങ്ങ് ശരിക്കും ആസ്വദിച്ചു.

 മുകളിൽ കാണിച്ച യാഥാർത്ഥ്യങ്ങളുടെ  വെളിച്ചത്തിൽ  ഇരുപത്തി ആറ് വർഷത്തിനിടയിൽ കേരള സമൂഹത്തിൽ ആദ്യത്തെ സിനിമാ യും   രണ്ടാമത്തെ സിനിമയും പുറത്ത് വന്നപ്പോൾ പ്രേക്ഷകരിൽ ചുരുങ്ങിയ കാലയളവിൽ ഇത്രയും മാറ്റം സംഭവിക്കാൻ ഇടയാക്കിയ ഘടകങ്ങൾ രാഷ്ട്രീയമായും സാമൂഹ്യമായും ഭരണപരമായും എന്തൊക്കെയാണ് ഉണ്ടായത് എന്ന് ശരിക്കും ഒരു പഠന വിഷയമാക്കേണ്ടതല്ലേ?  അതിന് വേണ്ടിയാണ് ഈ കുറിപ്പുകൾ...







Thursday, May 12, 2022

ജന സമുദ്രം

 ഉൽസവങ്ങൾ., പൂരങ്ങൾ, പെരുന്നാൾ നമസ്കാരങ്ങൾ , പള്ളിപ്പെരുന്നാളുകൾ, തുടങ്ങിയ ചടങ്ങുകൾക്ക് ജന സമുദ്രമാണ് അലയടിച്ചെത്തുന്നത്. രണ്ട് വർഷം ഒന്നിനും കഴിയാതെ വീടകങ്ങളിൽ  ജയിൽപ്പുള്ളികളെ പോലെ കഴിഞ്ഞിരുന്ന ജനം ഇപ്പോൾ സ്വാതന്ത്രിയം കിട്ടിയപ്പോൾ അതങ്ങ് ആഘോഷിക്കുകയാണ്. എവിടെയും ജനക്കൂട്ടങ്ങൾ. സിനിമാ തീയേറ്ററുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും  ഇത് തന്നെ അവസ്ഥ.

രണ്ട് വർഷം  അണു നാശിനി ഉപയോഗിച്ച് കൈ കഴുകി നടന്നതും മൂക്ക് പട്ട കെട്ടി നടന്നതും വീടകങ്ങളിൽ  വിരസമായ മണിക്കൂറുകൾ തള്ളി നീക്കിയതും വിദ്യാലയങ്ങൾ അടച്ച് പൂട്ടപ്പെട്ടതും  ആംബുലൻസുകൾ ചീറിപ്പാഞ്ഞിരുന്നതും  തൊഴിലുകൾ നഷ്ടപ്പെട്ടതും കിറ്റുകൾക്കായി കാത്തിരുന്നതുമെല്ലാം എന്നോ എവിടെയോ  നടന്ന ഭാവമാണെല്ലാവർക്കും.

എന്ത് കാരണത്താൽ മേൽപ്പറഞ്ഞതെല്ലാം നടത്തിക്കൂട്ടിയോ ആ കാരണം പരിപൂർണമായി ഒഴിഞ്ഞ് പോയിയെന്ന് ഒരു  റിപ്പോർട്ടുമില്ല. നാലുചുറ്റും പമ്മി നടക്കുകയാണ് ആ കാരണം. തരം കിട്ടുമ്പോൾ ചാടി വീഴാനാണ് അവന്റെ പമ്മി നടപ്പ് എന്നുള്ളത് എല്ലാവരും മറക്കുന്നു.

 ഭരണ പക്ഷവും പ്രതിപക്ഷവും ഇടക്കാല തെരഞ്ഞെടുപ്പ് വരെ ഈ വിഷയ സംബന്ധമായി നിശ്ശബ്ദത പാലിക്കുമെന്നും  വൻ ജനക്കൂട്ടം സഘടിപ്പിക്കുമെന്നും  ഉറപ്പായ കാര്യം മാത്രം.

അജീർണം വന്ന് ചർദ്ദിയും  അതിസാരവും വന്ന് അവശനായവൻ അൽപ്പം ശാന്തി കിട്ടിയപ്പോൾ വയറ് നിറയെ ബിരിയാണീ വാരി വിഴുങ്ങുന്ന കാഴ്ചയാണ്` എവിടെയും.

അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം. വന്ന് കഴിഞ്ഞ് പരിതപിക്കുന്നതിനേക്കാളും വരാതെസൂക്ഷിക്കുന്നത് നന്ന്. പൂർണമായി വൈരസ് നാട്ടിൽ നിന്നും വിട്ട് പോകുന്നത് വരെ ജാഗ്രത പാലിക്കേണ്ടത്  ഏവർക്കും നന്ന്.

Monday, May 9, 2022

പതിനേഴാം ജന്മദിനം

 

സച്ചു എന്ന് ഞങ്ങൾ വിളിക്കുന്ന സ അദ്  ഇന്ന് പതിനേഴിലെത്തി.  പഴയ ഫയൽവാൻ മോഡൽ എല്ലാം മാറിയെങ്കിലും ചേനക്ക് വേരിറങ്ങിയത് പോലെ മുഖത്ത് വന്ന രോമങ്ങളാൽ  ഒരു ചെറിയ ഊശാൻ താടി   അവൻ ഫിറ്റ് ചെയ്തിട്ടുണ്ട്. ഊശാന്താടി ബുദ്ധിജീവി ലക്ഷണമാണെന്ന് അവൻ സമർത്ഥിച്ചപ്പോൾ  അയല്പക്കത്തെ മുട്ടനാടിനും ഊശാന്താടി ഉണ്ടെന്നും ആടും ബൂജിയാണോ എന്ന ചോദ്യത്തിന് പുതിയ തമാശ വല്ലതും കൊണ്ട് വാ എന്നും പറഞ്ഞ് അവൻ സ്കൂട്ടാക്കി.

ഞങ്ങളുടെ സ അദിന്  ആരോഗ്യവും ദീർഘായുസ്സും നേർമാർഗവും സമാധാനവും  പ്രദാനം ചെയ്യുവാൻ കരുണാമയനോട് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനക്കും അപേക്ഷിക്കുന്നു.


Friday, May 6, 2022

ഭക്ഷ്യ സുരക്ഷ

 വർഷങ്ങൾക്ക് മുമ്പ്  തിരുവനന്തപുരത്തെ  ഹോട്ടൽ പരിശോധനയിൽ  അധികാരികൾ  കണ്ടെത്തിയ  മാംസം  പട്ടി മാംസമായിരുന്നു. ഇപ്പോൾ  ആ ജില്ലയിൽ തന്നെ ഒരു പരാതി  കഴിഞ്ഞ ദിവസം ആഹാരത്തിൽ  മറ്റൊരു ജീവിയുടെ തോൽ കണ്ടെത്തി  എന്നായിരുന്നു.

ഇന്ന് കേരളത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ  110 കടകളാണ് പൂട്ടിയത്. അതിൽ 61 എണ്ണത്തിന് കട നടത്തുന്നതിനാവശ്യമായ അനുമതി പത്രമോ മറ്റ് ആധികാരിക രേഖകളോ ഇല്ലായിരുന്നു.

എന്റെ  വീട്ടിലെ കുട്ടികൾ  നേരിട്ടനുഭവിച്ച ഒരു ബുദ്ധിമുട്ടിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയ വിവരം ആസ്പദമാക്കി മൽസ്യത്തിൽ മായം ചേർത്ത് വിൽപ്പന നടത്തുന്ന വിവരം സൂചിപ്പിച്ച് ഞാനിട്ട പോസ്റ്റിന്` ശേഷം മായം ചേർത്ത  മൽസ്യം കഴിച്ച് നാട്ടിൽ പലരും ആശുപത്രിയിലായെന്നും മീൻ കഴിച്ച ഒരു പൂച്ച ചത്തെന്നും മറ്റും പത്ര വാർത്തകൾ വരുകയും പിന്നീട് ഭക്ഷ്യ സുരക്ഷക്കാർ പരിശോധന കർശനമാക്കിയപ്പോൾ ചന്തയിൽ മീനിന്റെ ദൗർലഭ്യവും വില വ്ർദ്ധനയും ഉണ്ടായി,എന്നും  അതിപ്പോഴും തുടരുന്നു.എന്നും അറിയാൻ കഴിഞ്ഞു.

കഴിഞ്ഞ ദിവസം കാസർഗോഡ് ഷവർമ കഴ്ച്ച് 16 വയസ്സുള്ള ഒരു പെൺകുട്ടി  മരണമടഞ്ഞു. ആ വക ദുരന്തങ്ങൾ ഷവർമ എന്ന ആധുനിക ആഹാര പദാർത്ഥം രംഗത്തെത്തിയപ്പോൾ മുതൽ ഈ നാട്ടിൽ സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്. എന്തെങ്കിലും ദുരന്തം ഉണ്ടായി കഴിഞ്ഞ് ബന്ധപ്പെട്ട വകുപ്പ് ഉടൻ തന്നെ പിടിയെടാ കെട്ടെടാ എന്നും പറഞ്ഞ് കാടിളക്കാൻ ഇറങ്ങി , കുറച്ച് പുക പടലം സൃഷ്ടിക്കും, അത് കഴിഞ്ഞ് എല്ലാം ശാന്തമാകും, അവർ അവരുടെ ആഫീസിൽ ഫാന് കീഴിൽ സുഖമായി ചാരി ഇരുന്ന് മൊബൈലിൽ ചാറ്റും മറ്റും നടത്തി സമയം തള്ളി നീക്കും. മരിച്ച കുഞ്ഞിന്റെ രക്ഷിതാക്കൾക്ക് തന്റെ കുട്ടി പോയി എന്നത് മാത്രം  മിച്ചമായി ഭവിക്കും.

ഇപ്പോഴത്തെ ബഹളത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട് എന്ന  പ്രത്യേകത ഉള്ളത് ആശ്വാസകരമാണ്.

പ്രസക്തമായ ഒരു വിഷയം  അബദ്ധത്തിൽ ഒരാളെ കൊല്ലുന്നതും മനപ്പൂർവം കൊല്ലുന്നതും  രണ്ടും രണ്ടാണ് എന്നതാണ്. മൽസ്യത്തിൽ കച്ചവട ലാഭത്തിനായി  മരുന്ന് ചേർക്കുമ്പോൾ, ഷവർമ്മാ പാകം ചെയ്യാനായി ഒരു വാരം കഴിഞ്ഞ കോഴി മാംസം ചേർക്കുമ്പോൾ  അത് നിർമ്മിക്കുന്നവൻ അറിഞ്ഞ് കൊണ്ടാണ് ഇത് ചെയ്യുന്നത്; അതായത് ഇത് കഴിക്കുന്നവന്  ഹാനികരമായി ഈ ഭക്ഷണം ഭവിക്കും എന്ന അറിവോടെയാണ്` ആ കൃത്യം ചെയ്യുന്നത്.അവന് തന്റെ ലാഭം മാത്രമാണ്  ലക്ഷ്യം.  ആര് ചത്താലും എനിക്ക് ലാഭം കിട്ടണം എന്ന കാഴ്ചപ്പാട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മറ്റുള്ളവർക്ക് എന്ത് സംഭവിക്കും എന്ന ചിന്ത അൽപ്പം പോലും കച്ചവടക്കാർക്കില്ല. ലാഭേച്ഛ മാത്രം.

 മൊത്തക്കച്ചവടക്കാരനിൽ നിന്നും പാക്റ്റിലാക്കി വാങ്ങി ചില്ലറയായി വിൽക്കുന്ന ചില്ലറ വിൽപ്പനക്കാരൻ മനപ്പൂർവമല്ല ചെയ്യുന്നത്,അവനറിയില്ലല്ലോ പാക്കറ്റിൽ എന്തെലാം ഉള്ളടക്കമാണെന്ന്...

ഈ കുറിപ്പുകൾ അവസാനിക്കുമ്പോൾ പറയാനുള്ളത് മനപ്പൂർവം ചെയ്യുന്ന കേസിൽ  ശിക്ഷ കർശനമാക്കുക എന്നതാണ്  കാരണം അവനറിയാമല്ലോ ഞാൻ ഇത് വിൽക്കുമ്പോൾ അത് വാങ്ങുന്ന ആളിന്റെ ശരീരത്തിൽ ഞാൻ കൊടുക്കുന്ന വിഷാംശം ദോഷമായി തീരുമെന്ന്. അതേ പോലെ തന്നെ അവനറിയാമല്ലോ എന്റെ സൂക്ഷ്മതക്കുറവ് കൊണ്ട് അപരന് ആപത്ത് സംഭവിക്കുമെന്ന് ആ മനോഭാവം ഭീകരമാണ്` അതിന് അർഹിക്കുന്ന ശിക്ഷ തന്നെ വേണം.

Monday, May 2, 2022

പെരുന്നാൾ രാവ്

സയ്യിദ് പൂക്കോയാ തങ്ങലുടെ മഖാമിൽ നിന്നും കതിനാ വെടിയുടെ ശബ്ദം കേൾക്കാൻ ഞങ്ങൾ കുട്ടികൾ കാതോർത്ത് കാത്തിരുന്ന കാലം. 

നോമ്പ് തുറക്ക്  രണ്ട് വെടിയാണ്. പെരുന്നാൾ അറിയിക്കാൻ ഒരു വെടിയും. മൊയ്തീൻ എന്നൊരാളാണ്` ഈ കതിനാക്ക്   തീ കൊടുക്കുന്നത്. നോമ്പ് സമയങ്ങളിൽ ചിലപ്പോൾ ഞങ്ങൾ  മഖാമിന്റെ വാതിൽക്കൽ പോയി നിന്ന് മെയ്തീന്റെ ചലനങ്ങളെ സശ്രദ്ധം വീക്ഷിക്കും.  അയാൾ  ഇടക്കിടെ പള്ളിക്കകത്തെ വാച്ചിലേക്ക് എത്തി നോക്കും. തൂങ്ങിക്കിടന്ന് ആടുന്ന പെൻഡുലമുള്ള ഒരു പഴയ വാൾ ക്ളോക്ക്  ഭിത്തിയിലുണ്ട്, അതിലാണ്` അയാളുടെ നോട്ടം. ചിലപ്പോൾ അയാൾ അനങ്ങാതെ  ഇരിക്കുമ്പോൾ ഞങ്ങൾ പറയും “ പോയി നോക്ക് മൊയ്തീനിക്കാ....“

“നിങ്ങളെ കാണുമ്പോൾ വാച്ചിന് പേടിയാവത്തില്ലാ മക്കളേ. സമയമാകുമ്പോൾ ഞാൻ നോക്കും എനിക്കറിയാം വാച്ച് നോക്കാൻ എന്നെ നീയൊന്നും   പടിപ്പിക്കണ്ടാ.....“ അയാൾ പറയും.  വാച്ചിൽ നോക്കി അവസാനം അയാൾ ഓടിച്ചെന്ന് കതിനാക്ക് തീ കൊടുക്കും, ഞങ്ങൾ ചെവിയിൽ വിരൽ തിരുകുകയും പിന്നെ പൈപ്പിന് സമീപത്തേക്ക്  വെള്ളം കുടിക്കാനും തുടർന്ന് കഞ്ഞിക്ക് ചട്ടിയന്വേഷിച്ചും ഓടുകയും ചെയ്യുമായിരുന്നല്ലോ.

പെരുന്നാളിനുള്ള  കതിനാ വെടിക്ക് കുട്ടികൾ മാത്രമല്ല, എല്ലാ ആൾക്കാരും കാതോർത്തിരിക്കും. മാടിനെ അറുക്കുന്ന ഇബ്രായീനിക്കാ മുതൽ പടക്കം വിൽക്കുന്ന അബ്ദുക്കാ വരെയും  തയ്യൽക്കാരൻ വർഗീസ് ചേട്ടൻ മുതൽ മില്ലുകാരൻ അദ്രയീക്കാ വരെ ആ ശബ്ദത്തിനാണ് കാത്തിരിക്കുന്നത്.

 പെരുന്നാൾ രാവിന് രാത്രി ആരും ഉറങ്ങാറില്ല. കടകൾ പുലർച്ച വരെ തുറന്നിരിക്കും. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. ഇന്ന് ആൾക്കാരുടെ  കയ്യിൽ പൈസ്സാ  ആയി പട്ടിണി പോയി. കതിനാ വെടിയും പോയെന്നാണ്` അറിവ്. ഒരു കാലം മുമ്പ് വരെ റേഡിയോയും പിന്നീട് റ്റിവിയും കതിനാ വെടിയുടെ പകരക്കാരായി വന്നു   അതിനാൽ കതിനാ വെടിക്ക് പ്രസക്തി ഇല്ലാതായി    

ഞാൻ ആലപ്പുഴ വിട്ടിട്ട് കാലങ്ങളേറെയായല്ലോ.  കുറച്ച് കാലം മുമ്പ്    വരെ എന്ത് തിരക്കുണ്ടെങ്കിലും പെരുന്നാളിന്റെ തലേ രാവ് ആലപ്പുഴ വട്ടപ്പള്ളിയിൽ പോകുമായിരുന്നു.  കാരണം  കേരളത്തിൽ കോഴിക്കോടും ആലപ്പുഴയിൽ സക്കര്യാ ബസാറിലുമുള്ളത് പോലെ പെരുന്നാളിന്റെ തലെ രാവ് ആഘോഷം മറ്റെങ്ങുമില്ലാത്തതിനാൽ ഞാൻ ജനിച്ച് വളർന്ന സ്ഥലത്തെ  പെരുന്നാൾ രാവ് എങ്ങിനെ ഒഴിവാക്കാനാണ്.

ഇന്ന് ഈ രാത്രിയിൽ വിദൂരമായ കൊട്ടാരക്കരയിലിരുന്ന് ആലപ്പുഴ സക്കര്യാ ബസാറിലെയും വട്ടപ്പളിയിലെയും പെരുന്നാൾ രാവ് ആഘോഷം ഞാൻ ഭാവനയിൽ കാണുകയാണ്. 

എനിക്ക് അവിടെ പോകാനും ആ ആഘോഷങ്ങളിൽ പങ്കെടുക്കാനും സാധിക്കാത്ത നിസ്സഹായാവസ്ഥയെ പറ്റി വേദനയോടെ ചിന്തിക്കുകയും ചെയ്യുന്നു