കുറ്റാകുറ്റിരുട്ട്, തകർത്ത് പെയ്യുന്ന മഴയും. കരിംഭൂതം പോലെ കാണപ്പെട്ട ആ സത്വത്തെ അൽപ്പം പോലും ഭയമില്ലാതെ ഡിറ്റക്റ്റീ വ് ഭാസ്കർ പിന്തുടർന്നു. ഇടക്കിടക്ക് ഉണ്ടായിക്കൊണ്ടിരുന്ന കണ്ണഞ്ചിക്കുന്ന മിന്നൽ സത്വത്തിനെ പിൻ തുടരുവാൻ അദ്ദേഹത്തിന് സഹായകരമായി......
ചെറുപ്പത്തിൽ ഉദ്വേഗത്താൽ നെഞ്ചിടിപ്പ് കൂട്ടുന്ന ഈ തരം ഡിറ്റക്റ്റീവ് നോവലുകൾ ഇഷ്ടമായിരുന്നു. അത് കൊണ്ട് തന്നെ പരമാരയും, ബി.ജി. കുറുപ്പും മറ്റും ഏറെ ഇഷ്ടപ്പെട്ട രചയിതാക്കളായി മാറി.കുറ്റാന്വേഷണ നോവൽ വായന എന്നിൽ വായിക്കുക എന്നത് ശീലമുളവാക്കിയതിനാൽ തുടർന്ന് ബഷീറും തകഴിയും കേശവ ദേവും പൊറ്റക്കാടും എം.റ്റിയും മറ്റും എന്നിലേക്ക് കടന്ന് വന്നു. പുറകേ ഹ്യൂഗോയും, ടോൽസ്റ്റോയും മാക്സിം ഗോർക്കിയും ഡ്യൂമാ തുടങ്ങിയവരും പരിചിതരായി. എങ്കിലും ഡിറ്റക്ടീവ് നോവലുകൾ, സാഹസിക കഥകൾ അന്നും ഇന്നും ഹരം തന്നെ. അത് കൊണ്ട് തന്നെ തുലാ വർഷം ആഞ്ഞ് പിടിച്ച് പെയ്യാൻ തുടങ്ങിയപ്പോൾ മാനത്തെ കരിങ്കാറ് മനസ്സിലേക്കും തോരാത്ത മൂടിക്കെട്ട് സൃഷ്ടിച്ച് വല്ലാത്ത മൂകത ഉളവാക്കി. അത് തൂത്തെറിയാൻ വായനയെ പോലെ മറ്റൊരു മരുന്നില്ല, അതും ഡിറ്റക്ടീവ്/ സാഹസിക, കഥകളാണെങ്കിൽ ബലേ ഭേഷ്! ഫോണെടുത്തു വാട്ട്സ് അപ്പ് / ഫെയ്സ് ബുക്ക് പുസ്തക പരസ്യങ്ങൾ പരതി കുറച്ച് വാങ്ങി, അതെല്ലാം വായിച്ച് തീർത്തു. ഇത്രയും എണ്ണം വായിച്ച് തീർത്തില്ലേ, രണ്ട് വരി അഭിപ്രായവും പുറത്ത് വിടാമെന്ന് കരുതി.
ആദ്യം തൊട്ടത് വിഷ്ണു എം.സി.യുടെ കാന്തമല ചരിതം രണ്ടാം അദ്ധ്യായം. ഒന്നാം അദ്ധ്യായത്തിനേക്കാളും മെച്ചമെന്ന് തോന്നി. ചരിത്രവും നോവലും തമ്മിൽ ഇഴ ചേർത്ത് രചന നടത്തുന്ന ആ വൈഭവമുണ്ടല്ലോ അത് സമ്മതിച്ച് കൊടുത്തേ പറ്റൂ. ഈജിപ്റ്റിലെ ഫറോവായും ശബരിമല മണി കണ്ഠനും തമ്മിൽ ലിങ്ക് ഉണ്ടാക്കുന്ന ആ വിദ്യ അപാരം തന്നെ. ഏതായാലും മൂന്നാം അദ്ധ്യായത്തിനായി നമ്മെ കാത്തിരുത്തുന്ന ആ മിടുക്ക് അപാരം തന്നെ.പ്രസാധകർ“ ലോഗോസ് ബുക്ക്സ്
മോഡസ് ഓപ്പറാണ്ടി എന്ന അതിശയ നോവൽ വായിച്ച് പൂർത്തിയാക്കി രാത്രി ഏറെ ചെന്നിട്ടും മനസ്സിലെ സന്തോഷത്താൽ നോവലിസ്റ്റായ റിഹാൻ റഷീദിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ കാഴ്ചപ്പാടിലൂടെയാണ് അദ്ദേഹത്തിന്റെ വകയായ “ ഡോൾസ് കയ്യിലെടുത്തത്. പക്ഷേ നമ്മളെ നിരാശപ്പെടുത്തിക്കളഞ്ഞു . തിരശീലയും വിളക്കും, മറ്റും കഥ പറയുന്നത് വിക്രമാദിത്യൻ കഥയിലാണ് അനിയാ. അത് ഡിറ്റക്ടീവ് നോവലിലേക്ക് കൊണ്ട് വന്ന് സമയത്തിനെയും രാത്രിയെയും പകലിനെയും കൊണ്ട് കഥ പറയിച്ചാൽ ആൾക്കാർക്ക് ദഹിക്കില്ല മോനേ! നല്ലൊരു കഥയായിരുന്നു അത് അങ്ങിനെ ഇങ്ങിനെ ഉഴപ്പി നശിപ്പിച്ചു, സാരമില്ല മോഡസ് ഓപ്പറാണ്ടി സൈസ് ഇനിയും പ്രതീക്ഷിക്കുന്നു. പുസ്തകം പ്രകാശനം നടത്തിയത് ഡിസീ ബുക്ക്സ്
“അടുത്തത് ന്യൂറോ ഏരിയാ“ എഴുതിയ ആൾ ശിവൻ ഏടമന. എന്റെ ശിവനേ! സംഗതി കലക്കീട്ടാ....അവസാനം വരെ ഉദ്വേഗത്താൽ ശ്വാസം പിടിച്ചിരുന്നു. പുതിയ ആശയങ്ങൾ..അവ മനസ്സിനെ മറ്റൊരു ലോകത്തേക്ക് അതും നമുക്കപരിചിതമായ മേഖലയിലേക്ക് കടത്തി വിട്ടു. 299 രൂപക്ക് പുസ്തകം മുതലാകും, ഒന്നുകൂടി വായിക്കാൻ തോന്നലും ഉണ്ടാക്കി, ഡിസിയാണ് ഇതും പുറത്തിറക്കിയത്.
“പോയട്രി കില്ലർ“ രചന ശ്രീ പാർവതി..ങാ...ഒരുമാതിരി കടന്ന് പോയി വായന. കില്ലർ എന്നൊക്കെ കേട്ട് വായിക്കാൻ എടുക്കുന്നവരെ കില്ലാതെ കടത്തി വിടുന്നുണ്ട്. ഈ മേഖലയിൽ ആണുങ്ങളേക്കാളും ഒട്ടും മോശമല്ല പെണ്ണുങ്ങളെന്നും തീർത്തും പറയാവുന്ന രചന. ഈ ക്രൈം തില്ലറും പുറത്ത് വന്നത് ഡിസിയിലൂടെ.
ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന കുറ്റാന്വേഷണ നോവൽ എഴുതിയത് രജത്. ആർ ആണ്. ലക്ഷണമൊത്ത ഒരു ഡിറ്റക്ടീവ് നോവൽ. അവസാനം വരെ സൂചന തരാതെ നോവലിസ്റ്റ് നമ്മെ വായനയിലൂടെ കടത്തി വിട്ടു അവസാനം രഹസ്യം വെളിവാക്കുന്ന ആ പഴയ ശൈലിക്ക് ഇപ്പോഴും മാർക്കറ്റുണ്ടെന്ന് നോവൽ തെളിയിക്കുന്നു. ഗ്രീൻ ബുക്ക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.
തന്റെ മനസ്സിലെ ആശയത്തെ/ സിദ്ധാന്തത്തെ ഒരു ക്രൈം ഫിക്ഷനിലൂടെ അവതരിപ്പിക്കാനുള്ള ജയപ്രകാശ് പാനൂർ എന്ന നോവലിസ്റ്റിന്റെ ശ്രമത്തെ അഭിനന്ദിക്കുന്നു. കിഷ്ക്കന്തിയുടെ മൗനം എന്ന ഈ പുസ്തകത്തിൽ ഭാരത സംസ്കാരവും അതിൽ നിന്നുടലെടുത്തിരുന്ന പരീക്ഷണ നിരീക്ഷണ സിദ്ധാന്തങ്ങളും ഫലങ്ങളും ലളിത ഭാഷയിലൂടെ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കാനുള്ള ശ്രമം വിജയിച്ചെന്ന് തന്നെ പറയാം. ഈ ശ്രമത്തിനിടയിൽ സംഭ്രമജനകമായ ഒരു കുറ്റാന്വേഷണ പരിപാടിയും ഇടകലർന്ന് മുമ്പോട്ട് കൊണ്ട് പോയതിനാൽ രണ്ട് വിഷയവും ബോറടിക്കാതെ പൂർത്തിയാക്കി. ലക്ഷണ യുക്തമായ ഒരു ക്രൈം ത്രില്ലറെന്ന് തീർത്തും പറയാൻ കഴിയില്ലെങ്കിലും ഒരുശരാശരിയിൽ നിൽക്കുന്നു സൂചി. “കിഷ്കിന്തിയുടെ മൗനം“ എന്ന ഈ പുസ്തകത്തിന്റെ രചയിതാവ് ജയപ്രകാശ് പാനൂർ പ്രസാധകർ ഡിസി.ബുക്ക്സ്
നിഖിലേഷ് മേനോന്റെ “അഗോചരമാണ് അടുത്തതായി വായിക്കാനെടുത്തത്. കാണാതായ നാല് യുവതികളെ തേടിയുള്ള കുറ്റാന്വേഷകന്റെയും കൂട്ടത്തിൽ ഒരു സ്ത്രീ എ.എസ്.പിയുടെയും അന്വേഷണത്തിന് നമ്മളും ഒപ്പം കൂടി പോകുമ്പോൾ വലിയ രീതിയിൽ ത്രില്ലടിച്ചില്ലെങ്കിലും ങാ...കുഴപ്പമില്ല, വണ്ടി പോകട്ടെ മുന്നോട്ട് എന്ന് പറയാൻ കഴിഞ്ഞു. ഗ്രീൻ ബുക്ക്സ് ആണ് പ്രസാധകർ.
“ഡിറ്റക്ടീവ് പ്രഭാകർ“ കോട്ടും സൂട്ടും ഇടാത്ത തൊപ്പി വെക്കാത്ത ഒരു ഡിറ്റക്ടീവിനെ മലയാളത്തിലിറക്കി തന്നു നോവലിസ്റ്റ് ജി.ആർ. ഇന്ദുഗോപൻ. സുന്ദരനായ ഇന്ദുഗോപന്റെ മൊട്ടത്തലയിൽ നിന്ന് മാത്രമേ ഈ തരത്തിലുള്ള കുറ്റാന്വേഷകൻ പുറത്ത് വരുകയുള്ളൂ. ഐസ് 0ഡിഗ്രീ എന്ന സയൻസ് നോവലിന്റെ ആ ഭാഷാ ശൈലിയുണ്ടല്ലോ , ആ ഒഴുക്ക്, അതൊരു ഉഗ്രൻ ശൈലിയാണപ്പാ...അത് ഈ പുസ്തകത്തിലും ഇന്ദുഗോപൻ ഉട നീളമെടുത്ത് കാച്ചി. പല കഥകളും സംഭവങ്ങളുമാണ് ഈ നാടൻ ഡിറ്റക്ടീവ് പുറത്ത് കൊണ്ട് വരുന്നത്. വായിച്ച് അനുഭവിക്കുക, അത്രത്തോളം രസാവഹമെന്ന് സാക്ഷ്യപ്പെടുത്തുന്നു. പ്രസാധകർ ഡി.സി.
ഒരു പുസ്തകത്തിന്റെ അഭിപ്രായം കൂടി പറയാനുണ്ട്. റാം/ കെയർ ഓഫ് ആനന്ദി. കുറ്റാന്വേഷണ ഇനത്തിൽ പെടുന്നില്ലെങ്കിലും മനസിനെ സ്പർശിച്ച ഒരു പുസ്തകം. രചന വൈഭവം ഒട്ടുമില്ലെങ്കിലും ഈ പുസ്തകം കയ്യിലെടുത്താൽ താഴെവെക്കില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. അവസാന പേജുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു എന്ന് പറയാതെ തരമില്ല. അറിയുന്നതും എന്നാൽ ഒട്ടും അറിയാൻ കഴിയാത്തതുമായ ചില വിഷയങ്ങൾ ഉൾക്കൊണ്ടതാണ്` ഈ പുസ്തകം. രചയിതാവ് അഖിൽ പി. ധർമജൻ. ഡിസി. തന്നെ പ്രസാധകർ.