അദ്ധ്യാപക ദിനത്തിൽ മാതമല്ല എന്നും ഓർമ്മിക്കുന്ന ഒരു അധ്യാപകൻ എനിക്കുണ്ടായിരുന്നു.
ആലപ്പുഴ മുഹമ്മദൻ സ്കൂളിൽ എട്ട് ജെയിൽ പഠിച്ചിരുന്ന ഞാൻ അന്ന് റഷീദ് സാറിനെ നിർവികാരനായി ശ്രദ്ധിച്ച് കൊണ്ടിരുന്നു. ക്രിസ്തുമസ് പരീക്ഷയിലെ കണക്ക് വിഷയത്തിന്റെ മാർക്കുകൾ ഉത്തര പേപ്പർ നോക്കി സാർ വായിക്കുകയായിരുന്നു., ആകെ ഒരു ഷീറ്റ് പേപ്പർ മാത്രമാണ് ഞാൻ പരീക്ഷക്ക് ഉപയോഗിച്ചിരുന്നത് എന്ന്. എനിക്ക് നല്ല ഓർമ്മയുണ്ടായിരുന്നു ആ ഒരു ഷീറ്റിൽ എഴുതിയ ഉത്തരത്തിന് എത്ര മാർക്ക് ലഭിക്കാനാണ്?!
സാറിന്റെ ശകാരമോ അടിയോ അതോ രണ്ടും കൂടിയോ ഉറപ്പായി കിട്ടും. അതാണ്` സാർ മാർക്കുകൾ വായിച്ച് കൊണ്ടിരുന്നപ്പോൾ ഞാൻ നിസ്സംഗനായിരുന്നത്.
മനപ്പൂർവമല്ല, അപ്രകാരം ഒരു പേപ്പർ മാത്രം ഉപയോഗിച്ചത്. രാവിലത്തെ അറബിക്കും ഉച്ചക്കുള്ള കണക്കിനും കൂടി പേപ്പർ വാങ്ങാൻ വീട്ടിൽ നിന്നും 10 പൈസാ മാത്രമാണ് ലഭിച്ചത്..അതിന് നാല് ഫുൾസ്കേപ്പ് പേപ്പർ കിട്ടും. പക്ഷേ പരീക്ഷ എഴുതുന്നതിനേക്കാളും എന്നെ അലട്ടിയത് കത്തിക്കാളുന്ന വിശപ്പായിരുന്നു. അത് കൊണ്ട് ഉച്ചക്ക് അഞ്ച് പൈസാക്ക് ഒരു ഗോതമ്പ് ഉണ്ട വാങ്ങി തിന്നാം എന്ന പ്രത്യാശയാൽ അഞ്ച് പൈസാ ഉണ്ടക്ക് മാറ്റി വെച്ച് ബാക്കി അഞ്ച് പൈസാക്ക് രണ്ട് പേപ്പർ മാത്രം വാങ്ങുകയും അതിൽ ഒരെണ്ണം രാവിലെ അറബി പരീക്ഷക്ക് ഉപയോഗിക്കുകയും ഒരെണ്ണം ഉച്ച കഴിഞ്ഞ് കണക്ക് പരീക്ഷക്കായി മാറ്റി വെക്കുകയും ചെയ്തിരുന്നല്ലോ. ആ ഒരു പേപ്പറിലാണ് കണക്ക് പരീക്ഷയുടെ ഉത്തരങ്ങൾ എതത്തോളം കുനുകുനാ എഴുതാമോ അത്രക്കും ചെറുതായി എഴുതിയത്. എന്നിട്ടും ഒന്ന് രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ സ്ഥലം ഉണ്ടായിരുന്നില്ല.
ഉത്തര പേപ്പർ നോക്കാൻ എടുക്കുന്ന അദ്ധ്യാപകൻ ഒരു മാർക്കും ആ പേപ്പറിന് നൽകാൻ മനസ്സ് വരാത്ത വിധമായിരുന്നു എന്റെ ഉത്തര പേപ്പറിന്റെ അവസ്ഥയെന്നതിനാൽ ഞാൻ സഹപാഠികൾക്ക് ലഭിക്കുന്ന മാർക്കുകൾ വായിക്കുന്നതും കേട്ടിരുന്നപ്പോൾ സാർ എന്റെ പേർ വായിച്ചു. എന്റെ ഉത്തര പേപ്പർ തള്ള വിരലും ചൂണ്ട് വിരലും ഉപയോഗിച്ച് നുള്ളിയെടുത്ത് അദ്ദേഹം ആ കടലാസ് വീശിക്കാണിച്ചു എന്നിട്ട് പറഞ്ഞു, “ഇതാ! ഒരു ഉത്തര കടലാസ്സ് ഒരു ഷീറ്റ് മാത്രം.“
ഞാൻ തല കുമ്പിട്ട് നിന്നു. ക്ളാസ്സിൽ കൂട്ട ച്ചിരി. പക്ഷേ അദ്ദേഹം എന്റെ മാർക്ക് വായിച്ചില്ല.ആ പേപ്പർ മാറ്റി വെച്ചു, എന്നിട്ട് എന്നോട് പറഞ്ഞു, “നീ അവിടെ നിൽക്ക്....“
എല്ലാവരുടെയും മാർക്കുകൾ വായിച്ചതിന് ശേഷം അദ്ദേഹം എന്റെ ഉത്തരക്കടലാസ്സ് നേരത്തെ പോലെ രണ്ട് വിരൽ കൊണ്ടെടുത്തു ,വീണ്ടും പറഞ്ഞു. ഒരു ഷീറ്റ് മാത്രം...“മാർക്ക്....“ എന്നിട്ട് ഒന്നും പറയാതെ എന്നെ സൂക്ഷിച്ച് നോക്കി പിന്നീട് പറഞ്ഞു, “അൻപതിൽ നാൽപ്പത്തി എട്ട്. “
ഞാൻ ഞെട്ടി.ക്ളാസ് ആകെ ഞെട്ടി. സാർ എന്നെ കളിയാക്കുകയാണോ? ഞാൻ ശങ്കിച്ചു.
“എന്താടാ രണ്ട് ഉത്തരങ്ങൾ കൂടി എഴുതാതിരുന്നത്...“ സാർ ചോദിച്ചു.
“പേപ്പർ തികഞ്ഞില്ല, “ഞാൻ വിക്കി വിക്കി പറഞ്ഞു.
“സാറേ!, അവൻ പേപ്പറിന്റെ പൈസാക്ക് ഗോതമ്പ് ഉണ്ട വാങ്ങി തിന്നു...“ എന്റെ സഹപാഠിയായ അബൂ ബക്കറാണ്` ആ സത്യം വിളിച്ച് പറഞ്ഞത്. ക്ളാസ്സിലെ കൂട്ടച്ചിരിക്കിടയിൽ സാർ എന്റെ സമീപം വന്ന് വിവരങ്ങൾ തിരക്കി. ചെറിയ വിമ്മലോടെ ഞാൻ സത്യം വെളിപ്പെടുത്തി. ശരിയാണ് വയറ് കത്തിക്കാളിയപ്പോൾ പരീക്ഷ വലുതായി കണ്ടില്ല.
“ഉച്ചക്ക് ക്ളാസ്സ് വിടുമ്പോൾ നീ എന്നെ വന്ന് കാണണം....“ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു. ഞാൻ റ്റീച്ചേഴ്സ് റൂമിൽ ചെന്നപ്പോൾ സാർ എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അദ്ദേഹം ആലപ്പുഴ കണ്ണൻ വർക്കി പാലത്തിന് വടക്ക് വശം കോൺ വെന്റ് റോഡിലെ ഒരു ഹോട്ടലിൽഎന്നെയും കൂട്ടി പോയി ഊണ് വാങ്ങി തന്നു.
ഇലയിൽ വിളമ്പി വെച്ച ചോറും കറികളും കണ്ടപ്പോൾ എന്തോ എനിക്ക് കരച്ചിൽ വന്നു. ആ ചോറിന്റെ മുമ്പിലിരുന്ന് ഞാൻ വിമ്മി വിമ്മി കരഞ്ഞു. സാർ എന്റെ അടുത്ത് വന്നിരുന്നു തലയിൽ തടവി, “നീ കരയരുത്, നല്ലവണ്ണം പഠിക്കുക, നീ വലിയ ആളാകും....“
ആ പ്രവചനം സഫലമായി എന്നെനിക്ക് ഉറപ്പുണ്ട്. ജീവിതത്തിന്റെ ഓരോ പടികളും ഞാൻ കയറി, എന്റെ പരിധിയിൽ എനിക്ക് എത്താവുന്നിടത്തോളം ഞാൻ പോയി. ഇന്നെനിക്ക് ദൈവ കാരുണ്യത്താൽ വിശപ്പില്ല, ഇഷ്ടമുള്ള ആഹാരം കഴിക്കാം...ജീവിതം ഇവിടം വരെയെത്തി.
ഈ ദിനത്തിൽ ആ അദ്ധ്യാപകനെയല്ലാതെ മറ്റാരെ സ്മരിക്കാനാണ്. സാർ ഇന്നുണ്ടോ എന്നറിയില്ല, എങ്കിലും അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.
No comments:
Post a Comment