Thursday, July 30, 2020

ഓർമ്മകൾ ഇപ്പോഴുമുണ്ട്.

നാളെ  വലിയ പെരുന്നാളാണ്.  ഇന്ന് പെരുന്നാൾ  രാവും. ഇപ്പോൾ ആലപ്പുഴയിലെ   സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും  പെരുന്നാൾ  രാവിന്റെ  ഘോഷങ്ങൾ  തകർത്ത് വാരുകയായിരിക്കും. കേരളത്തിലെന്നല്ല,    ഇന്ത്യയിലെവിടെയും  തന്നെ  പെരുന്നാളിന്റെ തലേ രാത്രിയിൽ ഇത്രയും  ഘോഷങ്ങൾ  കാണുകയില്ല.പക്ഷേ കോവിഡ് കാരണം അതെല്ലാം മാറ്റി വെക്കപ്പെട്ടിരിക്കാം.. 
വട്ടപ്പള്ളി എന്റെ പ്രിയ വട്ടപ്പള്ളീ. ഞാൻ ജനിച്ച് കൗമാരം വരെ കഴിഞ്ഞ എന്റെ ഓർമ്മകളിൽ എന്നും നിറഞ്ഞ് നിൽക്കുന്ന സ്ഥലം.
മനസ്സ് അവിടേക്ക് ഓടി പോയി ....     ഓർമ്മകൾ  വീണ്ടും  വീണ്ടും  ഉള്ളിൽ  തിരയടിച്ചെത്തുകയാണ്. കൗമാരത്തിൽ പെരുന്നാൾ രാവിന്റെ  മാസ്മര സ്വാധീനത്തിൽ  കൂട്ടുകാരുമായി  കറങ്ങി  നടന്ന  നിമിഷങ്ങൾ!  എല്ലാം  ഇങ്ങിനി  വരാതെ വണ്ണം  പോയി  കഴിഞ്ഞു. എല്ലാവരും  എവിടെല്ലാമോ  ചിതറി  പോയി. വട്ടപ്പള്ളിയിൽ  കൂട്ടുകാർ  ഇപ്പോൾ ഒന്നോ രണ്ടോ  പേർ മാത്രം, അവരെയും  കാണാനില്ല. ഇപ്പോൾ  ഞാൻ അവിടെ  അപരിചിതനാണ്. വട്ടപ്പള്ളിയിലൂടെ  ബാല്യവും  കൗമാരവും  ആവാഹിച്ച് ആ മധുര  സ്മരണകളിലൂടെ  നടക്കുമ്പോൾ പരിചിതമല്ലാത്ത  മുഖങ്ങൾ  എന്നോട്  ചോദിക്കുന്നു "നീ ആരാണ്? "  ഞാൻ  ഈ ദേശത്തിന്റെ  പുത്രൻ  ഇവിടെ  ഞാൻ ജനിച്ച് വളർന്നവനാണ്  എന്ന്  ഉറക്കെ  വിളിച്ച് കൂവാൻ  പലപ്പോഴും  തോന്നി  പോകും.  
 സായാഹ്നം,  സന്ധ്യയുമായി  ചേരുന്ന  മുഹൂർത്തത്തിൽ എത്രയോ കിലോ മീറ്ററുകൾ വിദൂരത്തിലായി സ്ഥിതിചെയ്യുന്ന  ഈ വീട്ടിൽ    വരാന്തയിലെ ചാരുകസേരയിൽ  മാനത്ത് കാണപ്പെടുന്ന കർക്കിടക ഇരുട്ടിനെയും നോക്കി ഏകനായി  ഇരിക്കുമ്പോൾ  മനസ്സ്  പെരുന്നാൾ  രാവും തേടി  വട്ടപ്പള്ളി യിലേക്ക്  പോകുകയാണ്.. പെരുന്നാളിന്റെ പകിട്ടിനേക്കാളും പെരുന്നാൾ  രാവ്ന്റെ ഓർമ്മകളാണല്ലോ മനസ്സിലേറെയും.
 പെരുന്നാൾ  രാത്രിയിൽ പുലർച്ച വരെ തുറന്ന് വെക്കുന്ന  കടകളും  പെരുന്നാൾ സാധനങ്ങൾ  വാങ്ങാൻ വരുന്നവരുടെ  തിരക്കുകളും. പെരുന്നാൾ രാവിനെ ഉൽസവ സമമാക്കുന്നു.
സക്കര്യാ ബസാർ ജംക്ഷനിൽ രണ്ട് പടക്ക കടകൾ. ഒന്ന്  അബ്ദു  ഇക്കായുടേത്, രണ്ടാമത്തേത്  കുപ്പായം  ഇടാത്ത കോയാ ഇക്കായുടേതും. കോയാ ഇക്കാ  ജീവിതത്തിൽ ഷർട്ട് ധരിച്ചിട്ടില്ല. അത് കൊണ്ടാണ് കുപ്പായം ഇടാത്ത കോയാ എന്ന്  അറിയപ്പെടുന്നത്. രണ്ട് പേരും ഇപ്പോൾ ഉണ്ടൊ എന്നറിയില്ല, പക്ഷേ പടക്കമില്ലെങ്കിൽ എന്ത് പെരുന്നാൽ. പുലരും വരെ ഓരോ വീട്ടിലും പടക്കം പൊട്ടുന്ന ശബ്ദം മുഴങ്ങി കൊണ്ടിരിക്കും
പിറ്റേ  ദിവസം  ഇറച്ചി കറിയും കൂട്ടി  ചോറു കഴിച്ചിട്ട്  കൈ കഴുകാതെ കയ്യിൽ  അവശേഷിക്കുന്ന കറിയുടെ മണത്തെ പിന്നെയും  പിന്നെയും ആസ്വദിച്ച്  നടന്നിരുന്ന  കഷ്ടപ്പാടിന്റെ  ബാല്യകാലം.  അന്ന് വയറ് നിറയെ  ചോറ് കിട്ടാൻ  പെരുന്നാൾ വരണമായിരുന്നല്ലോ! പക്ഷേ  ആ കഷ്ടപ്പാടിന്റെ കാലത്തെ ആഹാരത്തിന്റെ രുചി ഇന്നിനി  വരാതെ  എങ്ങോ  പോയി.  ഇന്നിപ്പോൾ  ഏത്  ആഹാരം  വേണമെന്ന്  തോന്നിയാലും  കഴിക്കാം,  പക്ഷേ  അന്നത്തെ രുചി  ഇന്നില്ലാ എന്ന്  മാത്രം.
എന്തിനാണ് നാം വലുതാകുന്നത്,എന്നുമെന്നും ബാല്യം നില നിന്നാൽ മതിയായിരുന്നു എന്ന് ആശിച്ച് പോകുന്നു.
കർക്കിടകത്തിലെ കാറ്റ് ഈ സന്ധ്യാ വേളയിൽ കലി തുള്ളി മരങ്ങളിൽ നൃത്തം വെക്കുമ്പോൾ വർഷങ്ങൾക്കപ്പുറത്തെ ചന്ദ്രികാർച്ചിത രാത്രിയിൽ നിന്നും മനസിനെ പിൻ വലിച്ച് ഇന്നത്തെ ദിവസത്തിൽ എത്തി ചേരാൻ മടി തോന്നുകയാണ്.
 വട്ടപ്പള്ളിയിൽ പോകാൻ സാധിച്ചിരുന്നെങ്കിൽ  മുണ്ടും മാടിക്കെട്ടി ആ നിരത്തിലൂടെ ഒഴുകുന്ന ജനക്കൂട്ടത്തിലൊരാളായി തീരാൻ സാധിച്ചിരുന്നെങ്കിൽ .....സഫലമാകാത്തെ ആഗ്രഹങ്ങളാണല്ലോ മനസിലെന്നും സജീവമായി നില നിൽക്കുന്നത്....

Monday, July 27, 2020

svaകാര്യ ആശുപത്രി ഫീസ് നിരക്ക്

കോവിഡ് പ്രതിരോധ ദൗത്യത്തിൽകൂടുതൽ സ്വകാര്യ ആശുപത്രികളെ കണ്ണി ചേർക്കുന്നതിന്റെ ഭാഗമായി  സർക്കാർ താൽക്കാലിക കരാറിൽ എത്തി.‘
നിലവിൽ 222 സ്വകാര്യ ആശുപത്രികൾക്ക് പുറമേ കൂടുതൽ കിടക്കകൾ സജ്ജമാക്കാനാണ് ഈ താൽക്കാലിക കരാർ. നിരക്കുകൾ എല്ലാ സ്വകാര്യ ആശുപത്രികളിലും ഒരു പോലെ ആയിരിക്കും. അവ ഇപ്രകാരമാണ്.
ജനറൽ വാർഡ് പ്രതിദിനം 2300 രൂപ.
എ.എച്.ഡി.യൂ    ,,,,               3300 രൂപ.
ഐ.സി.യൂ.             ,,,,,              6500 രൂപ
ഐ.സി.യൂ.വെന്റിലേറ്റർ  11500 രൂപ.
ഇതിനു പുറമേ പി.പി.ഇ. കിറ്റിനുള്ള ചാർജും ഈടാക്കാം.
ആന്റിജൻ ടെസ്റ്റ് മുതലായവക്ക് പ്രത്യേക ചാർജ് വേണം.
അപ്പോൾ ഈ നിരക്കിൽ ജനറൽ വാർഡിൽ 10 ദിവസം കിടന്നാൽ  തന്നെ ഇരുപത്തിമൂവായിരം രൂപയും ബാക്കി അനുസാരികളുടെ  ചാർജ് വേറെയും.
സർക്കാർ ആശുപത്രി വേണ്ടാ എന്ന് തോന്നുന്നവർക്ക് മാത്രമേ ഈ ബുദ്ധിമുട്ടുള്ളൂ. ചികിൽസയെല്ലാം രണ്ടിടത്തും ഒരു പോലെ തന്നെ,  സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ഉൽപ്പടെ ജീവനക്കാർക്ക് അൽപ്പം ഗമാലിറ്റി കൂടും, സ്വകാര്യത്തിൽ അത് കുറയും.
മറ്റൊരു വ്യത്യാസം സർക്കാർ ആശുപത്രിയിൽ രോഗം കുറച്ച് വാട്ടം കിട്ടിയാൽ ഉടനെ  “അപ്പോൾ പിന്നെ കാണാം..എന്നാൽ പോയാട്ടെ“ എന്ന് പറയും. സ്വകാര്യത്തിൽ നമ്മൾ ആവശ്യപ്പെട്ടാലും “ എന്താ ഇത്ര ധൃതി അസുഖം ഭേദമാകട്ടെ...ഞങ്ങൾ പറയാം....“ എന്നായിരിക്കും മറുപടി.
എന്തായാലും ആരും ഒരു ആശുപത്രിയിലും പോയി കിടക്കാനിട വരാതെ രോഗ ബാധ ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കുകയല്ലേ വഴിയുള്ളൂ.

Sunday, July 26, 2020

രക്ഷ കർത്താ ദിനം.

ഇന്ന് രക്ഷകർത്താ ദിനമാണ്. (പാരന്റ് ഡേ )
ജീവിതത്തിൽ കഴിഞ്ഞ് പോയ കാലഘട്ടത്തിലെ പല സംഭവങ്ങളും മനസ്സിൽ നിന്നും മറവിയുടെ പൊടി തട്ടി ഇറങ്ങി വരാറുണ്ട്.ഇന്നത്തെ രക്ഷകർത്താ ദിനത്തിൽ അതിലൊരെണ്ണം ഓർമ്മയിലെത്തിയത് കുറിച്ചിടുന്നു.
വളരെ  വർഷങ്ങൾക്ക് മുമ്പ് ഒരു സ്ത്രീ തന്റെ രണ്ട് കുഞ്ഞുങ്ങളുമായി കൊട്ടാരക്കരയിലെ തെരുവീഥിയിലൂടെ അലഞ്ഞ് നടന്നിരുന്നു. മൂത്തത് പെണ്ണും ഇളയത് ആണും. മഴയും വെയിലും മഞ്ഞും ഒന്നും അവർക്ക് പ്രശ്നമല്ലായിരുന്നു. സ്വബോധം എന്നോ മറഞ്ഞ് പോയ ആ സ്ത്രീ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടതോ അതോ അവർ ഭർത്താവിനെ ഉപേക്ഷിച്ചതോ എന്തെന്ന് അറിയില്ല. കുഞ്ഞുങ്ങളെ അവർക്ക് ജീവനായിരുന്നു.ഇളയതിനെ ഒക്കത്ത് വെച്ച് മൂത്തതിനെ കയ്യിലും പിടിച്ച്
റോഡിന്റെ വശങ്ങളിലുള്ള വീട് വാതിൽക്കലോ ചായക്കടയുടെ മുമ്പിലോ കുഞ്ഞുങ്ങളുമായി വന്ന് നിൽക്കും കിട്ടുന്നത് കഴിക്കും, രാത്രി കടത്തിണ്ണകളിൽ കുട്ടികളെയും കെട്ടി പിടിച്ച് ഉറങ്ങും. ഇതൊരു സ്ഥിര കാഴ്ചയായതിനാൽ       അതിൽ പുതുമ ഇല്ലാതായി.
കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അവർ ആൾക്കാരെ  പ്രത്യേകിച്ച് പുരുഷന്മാരെ നോക്കി വല്ലാതെ ചീത്ത വിളിക്കാൻ തുടങ്ങി ഭ്രാന്ത് ഇല്ലാത്ത. ആരോ രാത്രിയുടെ മറവിൽ ആ ഭ്രാന്തിയെ ഉപദ്രവിച്ചിരുന്നു എന്ന്  പിന്നീട് അവരുടെ ഉദരം  വളർന്ന് വരുന്നത് കണ്ടപ്പോൾ ജനങ്ങൾക്ക് മനസിലായി. അങ്ങിനെ കട തിണ്ണയിൽ തന്നെ മൂന്നാമതൊരു കുഞ്ഞിന് ജന്മമായി. പിഞ്ച് കുഞ്ഞിനെ അമ്മ തോളിലും രണ്ടാമത്തതിനെ മൂത്തത് നയിച്ചും റോഡിലൂടെ ആ കുടുംബം പിന്നീടും അലഞ്ഞ് നടന്നു.
  ഒരു ദിവസം രാവിലെ ആ അമ്മ  കട തിണ്ണയിൽ മരിച്ച് കിടക്കുന്നതായി കാണപ്പെട്ടു. മൂന്ന് നാല് ദിവസമായി അവർക്ക് സുഖമില്ലായിരുന്നു എന്ന് ആൾക്കാർ പറഞ്ഞു. ആ കുഞ്ഞുങ്ങൾ അമ്മയുടെ ശവത്തിനു ചുറ്റുമിരുന്നു കരഞ്ഞ് കൊണ്ടിരുന്നു.ആരോ  അവർക്ക്  ഭക്ഷണം    നൽകി.അമ്മയുടെ മൃതദേഹം പഞ്ചായത്ത്കാർ സംസ്കരിച്ചു.
പിറ്റേ ദിവസത്തെ മലയാള മനോരമ ദിനപ്പത്രത്തിൽ “ ഭ്രാന്തില്ലാത്ത ലോകം ഈ കുഞ്ഞുങ്ങളെ  സംരക്ഷിക്കട്ടെ എന്നോ മറ്റോ തലക്കെട്ടോടെ  ഈ വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത കണ്ട് അടൂരുള്ള ഒരു അനാഥാലായം കുട്ടികളെ ഏറ്റെടുത്തു. കുട്ടികൾ അവിടെ വളർന്നു. പിന്നീട് അമേരിക്കയിലെ ഒരു ബിസ്സിനസ്സ്കാരൻ  ഈ കുഞ്ഞുങ്ങളെ മൂന്നു പേരെയും ഒരുമിച്ച് ദത്തെടുത്ത് അമേരിക്കയിൽ കൊണ്ട് പോയി എന്നും കാലം ചെന്നപ്പോൾ മൂത്ത രണ്ട് പേർ രക്ഷകർത്താവിന്റെ ബിസ്സിനസ്സിൽ സഹായികളായി എന്നും ഇളയ ആൾ വിദ്യാഭ്യാസം ചെയ്യുന്നു എന്നും മനോരമയിൽ തന്നെ വാർത്ത പിന്നീട് അച്ചടിച്ച് വന്നു.
വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു, ആ കുട്ടികൾ  ഇപ്പോൾ കുടുംബമായി കഴിയുക ആയിരിക്കാം.  പെറ്റമ്മയെയും റോഡിൽ അലഞ്ഞ് നടന്നിരുന്ന ആ കഷ്ടകാലത്തെയും അവർ ഇപ്പോൾ ഓർമ്മിക്കുന്നുണ്ടാകുമോ എന്ന് അറിയില്ല. ആ രക്ഷകർത്താക്കൾ സ്വന്തം കുഞ്ഞുങ്ങളെ പോലെ അവരെ വളർത്തുന്നു എന്നാണ് പത്രവാർത്തയിൽ ഉണ്ടായിരുന്നത്.
ഇവിടെ ചിന്തനീയ വിഷയം ആ അമ്മ മരിച്ചില്ലായിരുന്നു എങ്കിൽ ആ കുട്ടികളുടെ ഗതി എന്തായിരിക്കും എന്നതാണ്. തെരുവിലെ കാട്ട് പൂക്കളായി മാറ്റപ്പെട്ട് ഇരുളടഞ്ഞ ലോകത്തെവിടെയോ അവർ കൊഴിഞ്ഞ് വീഴും. സ്വന്തം മരണത്തിലൂടെ അമ്മ ആ കുഞ്ഞുങ്ങൾക്ക് ശോഭനമായ ഭാവി കൊടുക്കണമെന്ന്   മുകളിലിരിക്കുന്നവൻ വിധി എഴുതി വെച്ചിരുന്നോ ആവോ!
ഇന്ന് രക്ഷ കർത്താ ദിനത്തിൽ  കർക്കിടക മാസത്തിലെ ഇരുൾ മൂടിയ സന്ധ്യയിൽ  നീണ്ട വർഷങ്ങൾക്കപ്പുറത്ത് നിന്ന് ആ അമ്മ മൂത്ത മകളെ ഉച്ചത്തിൽ വിളിക്കുന്നതും “എന്താ അമ്മേ“ എന്ന് ആ കുഞ്ഞ് പെൺകുട്ടി  വിളി കേൾക്കുന്നതുമായ  ശബ്ദം ഓർമ്മകളിലേക്ക്  കടന്ന് വരുമ്പോൾ ഈ ദിനത്തിന് നിറയെ ആശംസകൾ നേരുന്നു.

Thursday, July 23, 2020

ഒരു കോവിഡ് ടെസ്റ്റ് അനുഭവം

ഉൽക്കണ്ഠ നിറഞ്ഞ മണിക്കൂറുകളാണ് കഴിഞ്ഞ് പോയത്.
ഇന്നലെ നടന്ന  കോവിഡ് ടെസ്റ്റിൽ പോസറ്റീവായ എന്റെ ആത്മ സ്നേഹിതന്റെ വീട്ടിൽ  കഴിഞ്ഞ ആഴ്ച ഞാൻ പോയിരുന്നു; അത് കൊണ്ട് തന്നെ  അദ്ദേഹത്തിന്റെ സമ്പർക്ക ലിസ്റ്റിൽ ഞാൻ പെട്ടു. ഈ കോവിഡ് കാലത്ത് ഏറ്റവും സൂക്ഷ്മത പാലിച്ചാണ് ദിവസങ്ങൾ കഴിച്ച് കൂട്ടിയത്. ഇപ്പോൾ പോസറ്റീവ് ആയ സ്നേഹിതൻ എന്നെക്കാളും സൂക്ഷ്മത പാലിക്കുന്ന ആളായത് കൊണ്ടാണ് അദ്ദേഹത്തിന്റെ വീട്ടിൽ ഒരാഴ്ച മുമ്പ് പോയി അഞ്ച് മിനിട്ട് ആ വീട്ടിന്റെ വരാന്തയിൽ സംസാരിച്ചിരുന്നത്. ഏതോ സംശയത്താൽ ഇന്നലെ നടത്തിയ കോവിഡ് ടെസ്റ്റിൽ അദ്ദേഹവും  കൊച്ച് മകനും പോസറ്റീവായി കാണപ്പെട്ടു.
ഞങ്ങൾ താമസിക്കുന്ന മുസ്ലിം സ്ട്രീറ്റെന്ന ഈ ഭാഗത്ത് താമസിക്കുന്ന ചിലർ ചടയമംഗലമെന്ന സ്ഥലത്ത് മൽസ്യ മൊത്ത വ്യാപാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പോയിരുന്നുവെന്നും  വ്യാപാരത്തോടൊപ്പം അവർ അറിയാതെ  കൊറോണായും കൊണ്ട് വന്നുവെന്നും പലരും ആശുപത്രിയിലായെന്നും കഴിഞ്ഞ ദിവസങ്ങളിൽ അറിഞ്ഞിരുന്നു. ഈ ചെറിയ സ്ഥലത്ത് നിന്നു മാത്രം മൂന്നു ദിവസത്തിനുള്ളിൽ നാൽപ്പതിനു മുകളിൽ ആൾക്കാർ പോസറ്റീവ് ആയി ആശുപത്രിയിലായി. ആംബുലൻസുകൾ മനസ്സിൽ ഭീതി പരത്തി  സ്ട്രീറ്റിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. വഴികളെല്ലാം അടച്ചു, കടകൾ പൂട്ടിക്കിടന്നു, നിരത്തുകൾ ശ്മശാന ഭീതി വളർത്തി ജന ശൂന്യമായി.
ഈ സന്ദർഭത്തിലാണ് ടെസ്റ്റിൽ പോസറ്റീവായ സ്നേഹിതന്റെ സമ്പർക്ക ലിസ്റ്റിൽ പെട്ട  ഞാൻ കോവിഡ് ടെസ്റ്റ് നടത്താൻ നിർബന്ധിതനായത്.
ഉൽക്കണ്ഠയാൽ ആകെ വിറച്ചു. രക്ത സമ്മർദ്ദം ഉച്ചസ്ഥായിയിലായി. രോഗ ഭീതിയല്ല, എന്നെ ഭയപ്പെടുത്തിയത്, ഞാൻ പോസറ്റീവായാൽ ദിവസവും സമ്പർക്കം പുലർത്തിയിരുന്ന, ഇനിയും നടക്കാൻ കഴിയാത്ത വർത്തമാനം പറയാത്ത എന്റെ സിനാൻ, മറ്റ് കുഞ്ഞുങ്ങളായ സഫാ, സൽമാൻ, സ അദ്,  അപ്പു, പൊന്നു, അയിഷു, ബാക്കി കുടുംബാംഗങ്ങൾ എല്ലാവരെയും ടെസ്റ്റ് നടത്താൻ ആശുപത്രിയിൽ കൊണ്ട് പോകണം. പോസറ്റീവായാൽ ഏതെങ്കിലും കോവിഡ് സെന്ററിൽ ഒറ്റപ്പെട്ട് കഴിയണം. തുടർന്നുള്ള ബുദ്ധിമുട്ടുകൾ സഹിച്ചേ പറ്റൂ. അപ്പോൾ മനസ്സിൽ ചിന്ത വന്നു, ഇതല്ലേ ഇപ്പോൾ ആശുപത്രിയിലായ എന്റെ സ്നേഹിതനും മറ്റ്  എല്ലാ കുടുംബാംഗങ്ങളും ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ആലോചിച്ചു. “ദൈവമേ! നാളെ ഈ സമയം ഞാൻ എവിടെയായിരിക്കും കിടക്കുന്നത്?“
ക്ളോക്കിന്റെ സൂചി പോലെ കൃത്യമായി നീങ്ങുന്ന എല്ലാ ജീവിത ചര്യകളും മാറ്റി മറിക്കപ്പെടും എല്ലാം സഹിച്ചല്ലേ പറ്റൂ എന്ന് ഉള്ളിൽ ആരോ പറഞ്ഞു. ശരിയാണ് എല്ലാവരെയും ഒപ്പം ഞാനും, വരുന്നിടത്ത് വെച്ച് കാണാം.
 രോഗികളായി ബുദ്ധിമുട്ട് അനുഭവിക്കുന്ന  എല്ലാവർക്കും ഭേദമാകാനും അവർക്ക് സമാധാനം ലഭിക്കാനും മനസ്സുരുകി പ്രാർത്ഥിച്ചു. ശാന്തമായി ഉറങ്ങി.
രാവിലെ കൗൺസിലർ ഷാജുവിന്റെ സഹായത്തോടെ ആശുപത്രിയിൽ ചെന്നു ടോക്കണെടുത്തു. നെടും നീളത്തിൽ ക്യൂ.
  ജനം പ്രബുദ്ധമാണ് അവർ കോവിഡ് പരിശോധനക്കായി പാഞ്ഞെത്തിയിരിക്കുകയാണ്  എല്ലാവരുടെയും മുഖത്ത് ഉൽക്കണ്ഠ.
ഷാജുവിന്റെ സഹായത്താൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല.
 ചെറുപ്പം മുതലേ കണ്ട് വരുന്ന പരിചയക്കാരി ഒരു പെൺകുട്ടിയെ അവിടെ കണ്ടു . അതും സഹായകരമായി.
 ടെസ്റ്റിനായി അകത്ത് കയറി.ഘനം കുറഞ്ഞ ഈർക്കിൽ പോലെ ഒരു സാധനം മൂക്കിന്റെ ദ്വാരത്തിൽ കൂടി അകത്ത് കയറ്റി തിരിച്ചു.ഒരു ഇക്കിളി പോലെ തോന്നി. തുമ്മാൻ വന്ന പ്രവണത അടക്കി. ടെസ്റ്റ് കഴിഞ്ഞു. പുറത്തിറങ്ങി.
പിന്നെയാണ് ഉൽക്കണ്ഠയുടെ നിമിഷങ്ങൾ. റിസൽറ്റ് ഫോണിൽ കൂടി മണിക്കൂറിനുള്ളിൽ വരും. കാത്തിരുന്നു. ഓരോ ഫോൺ ബെല്ലും ഉൽക്കണ്ഠ വളർത്തി; സ്നേഹമുള്ളവരുടെ കാൾ വന്നപ്പോഴും ഈർഷ്യ തോന്നിയ സമയം!. അവസാനം ഷാജു വിളിച്ചു. “റിസൽറ്റ് നെഗറ്റീവ്“ ഹോ! ഷാജുവിനോട് ഇത്രയും സ്നേഹം തോന്നിയ സന്ദർഭം ഉണ്ടായിട്ടില്ല.
കുറേ കഴിഞ്ഞപ്പോൾ മകൻ സൈലുവിന്റെ റിസൽറ്റും വന്നു, അതും നെഗറ്റീവ്.
പക്ഷേ അപ്പോഴും സ്റ്റ്രീറ്റിലൂടെ ആംബുലസ്സിന്റെ സൈറൺ മുഴങ്ങി കേട്ടു കൊണ്ടിരുന്നു. ആർക്കോ എല്ലാം രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. അവർക്കെല്ലാം സമാധനം കിട്ടാൻ മനസ്സുരുകി പ്രാർത്ഥിച്ചു. അവരും എന്നെ പോലെ ഉള്ളവരാണല്ലോ.
എന്നാണ് മനുഷ്യ രാശി ഈ മഹാ മാരിയുടെ ഭീതിയിൽ നിന്നും രക്ഷപെടുക. പ്രാർത്ഥന! നിരന്തരം പ്രാർത്ഥന!അതല്ലേ വഴിയുള്ളൂ.

Monday, July 20, 2020

ചാകരയും മൽസ്യ ലഭ്യതയും

പണ്ട് മദ്ധ്യ തിരുവിതാംകൂറിൽ മൽസ്യത്തിന്റെ ലഭ്യത ആലപ്പുഴ തീരങ്ങളിൽ അടിഞ്ഞ് കൂടുന്ന പ്രകൃതിയുടെ അൽഭുത പ്രതിഭാസമായ ചാകര എന്ന ഭാഗങ്ങളായിരുന്നു. അത് ഒരിടം എന്ന് കൃത്യമില്ല. ചേർത്തല മുതൽ തോട്ടപ്പള്ളി വരെയുള്ള കടൽ ഭാഗത്ത്
പുന്നപ്ര, അമ്പലപ്പുഴ, വളഞ്ഞ വഴി, കാക്കാഴം തുടങ്ങി എവിടെയെങ്കിലും ഏകദേശം ഇടവപ്പാതിയോടെയും തുടർന്നും കടലിൽ ഒരു പ്രത്യേക ഭാഗത്ത് ചെളി അടിഞ്ഞ് കൂടി അത്രയും ഭാഗം കടൽ ശാന്തമാകും. നാല് ചുറ്റും തിരകൾ ഉയർന്ന് പൊങ്ങുമ്പോൾ ഈ ഭാഗം വലിയ തിരകളില്ലാതെ അവസ്ഥയിലായിരിക്കും. വള്ളങ്ങൾ ഉന്ത് വണ്ടിയിലും ചെറിയ ലോറിയിലും വെച്ച് ചാകരപ്പാട് നോക്കി പോകുന്ന കാഴ്ച ഇന്നും മനസിലുണ്ട്. തുടർന്ന് കുറേ നാളുകളിൽ അവിടം ഉൽസവ സ്ഥലമാകും. ഓരോ വള്ളങ്ങളും കടലിൽ നിന്നും മീനുമായി വരുമ്പോഴുള്ള തിരക്കും, മീൻ വാങ്ങാനും വണ്ടിയിൽ കയറ്റാനുള്ള ബഹളവും, ചെറിയ തട്ട് കടകളും സർബത്ത്, നാരങ്ങാ വെള്ള കച്ചവടവും കൂടക്കാരുടെ ( കടപ്പുറത്ത് മീൻ വാങ്ങി ശേഖരിക്കാനുള്ള താൽക്കാലിക ഷേഡുകൾ) വില പേശലും എല്ലാം മറന്ന് നോക്കി നിന്നു പോകും.
പിടിക്കുന്ന മൽസ്യം മദ്ധ്യ തിരുവിതാംകൂറിന് ആവശ്യത്തിന് മിതമായ വിലക്ക് കിട്ടുമായിരുന്നു. ഐസില്ല, കേടാകാതിരിക്കാനുള്ള മരുന്നടി ഇല്ല, നല്ല പച്ച മീൻ. ദാ! പിടക്കുന്ന അയല, പിടക്കുന്ന പച്ച മത്തി എന്നൊക്കെയുള്ള വിളിച്ച് കൂവൽ എപ്പോഴും കേൾക്കാം.
കാലം കടന്ന് പോയപ്പോൽ ചാകരക്കും ഒരു മാറ്റമായി, പിന്നീട് ബോട്ടുകൾ വന്നു, കൂടങ്ങളും പരീക്കുട്ടിമാരും, ചെമ്പൻ കുഞ്ഞും, പ്ഴനിയുമെല്ലാം കടന്ന് പോയി. ഇപ്പോൾ ബോട്ട് അടുക്കുന്നു, ഇടയാളുകൾ കച്ചവടം ചെയ്യുന്നു, ഐസ് അടുക്കുന്നു ദൂരം കുറേ ഉണ്ടെങ്കിൽ കേടാകാതിരിക്കാൻ മരുന്നടിക്കുന്നു.
പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കി. ഈ ഭാഗത്തെ മീൻ എല്ലാം എവിടെ പോയി? നീണ്ടകര ഭാഗത്തെ മീൻ പിടിക്കുന്നതു ആ ഭാഗത്തും പരിസരങ്ങളിലും പൂന്തുറയും വിഴിഞ്ഞവും തിരുവനന്ത പുരം ജില്ലയിലും മീന്റെ ആവശ്യകത നിറവേറ്റിയിരുന്നു. അന്ന് ആന്ധ്രാ മീനില്ല, തൂത്തുക്കുടി മീനില്ല, നമുക്കാവശ്യമുള്ള മൽസ്യം ഇവിടെ കിട്ടിയിരുന്നത് ജനസംഖ്യ കൂടിയാലും മതിയായ തോതിയിൽ കിട്ടിയിരുന്നല്ലോ, ആ മൽസ്യമെല്ലാം എവിടെ പോയി.
ഇപ്പോൾ ചാകരയുമില്ല, വള്ളങ്ങളുമില്ല, സത്യസന്ധരായ കച്ചവടക്കാരുമില്ല, ജനം ചത്ത് മലച്ചാലും രോഗം വന്ന് നശിച്ചാലും എനിക്ക് പൈസാ കിട്ടണമെന്ന ചിന്തയുള്ള ആർത്തി പണ്ടാരങ്ങളാണ് ഇപ്പോൾ ഉള്ളത്. അതിന്റെ പ്രതിഫലനങ്ങളാണ് കൊറോണായിലും തെളിഞ്ഞത്.
mments

Tam Sheriff
 shared a memory.

2h 
Shared with Public
Public

Sunday, July 19, 2020

കോവിഡും മൽസ്യ വ്യാപാരവും

ഏത് പരിശോധനയും കർശന നിയമവും ആവർത്തന വിരസത കൊണ്ട് വെള്ളം ചേർക്കപ്പെടും അതാണിപ്പോൾ കേരളത്തിൽ സംഭവിച്ചത്. കോവിഡിന്റെ ആരംഭ കാലത്ത് തമിഴ് നാട്ടിൽ നിന്നും ആര്യൻ കാവ് വഴി വരുന്ന ചെക് പോസ്റ്റുകളിൽ കർശന പരിശോധനകളും അതീവ ജാഗ്രതയുമായിരുന്നു. അതേ പോലെ കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വഴിയിലും.
കാലം കടന്ന് പോയപ്പോൾ ചെക്കിംഗ് എല്ലാം വഴിപാട് പോലെയായി. തൂത്തുക്കുടിയിൽ നിന്നുള്ള മീൻ വണ്ടികൾ സുഖമായി ആര്യങ്കാവ് വഴി കടന്ന് വന്നു. കന്യാകുമാരിയിൽ നിന്നുള്ള മീനും തഥൈവ.
തമിഴ് നാട്ടിൽ തീവ്ര കോവിഡ് ബാധയാണ്.മനപൂർവമല്ലെങ്കിലും അയൽ പക്കത്ത് അത് വ്യാപിക്കുന്നതിൽ അവർക്ക് കുണ്ഠിതമൊന്നുമില്ല. പക്ഷേ സൂക്ഷിക്കേണ്ടത് ഇവിടെ വ്യാപാരം ചെയ്യുന്നവർ ആയിരുന്നു. ഞാനും എന്റെ കുടുംബവും എന്ന ചിന്ത കുറേ കാലത്തേക്കെങ്കിലും മാറ്റി വെച്ചിരുന്നെങ്കിൽ അവിടെ നിന്നുള്ള മൽസ്യ ഇറക്ക് മതിയിലും അതുമായി ബന്ധപ്പെട്ട ഇടപഴകിലും നിയന്ത്രണം പാലിച്ചേനെ, അങ്ങിനെ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അനുഭവപ്പെടുന്ന ഈ പൂർണ നിരോധനത്തിൽ നിന്നും രക്ഷപെട്ടേനെ.
ഓ! ഒന്നും സംഭവിക്കില്ല, എന്ന മൂഡമായ വിശ്വാസം എല്ലാം തകർത്തു. ആ അന്ധ വിശ്വാസം കാരണം ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ മൊത്ത വ്യാപാരികൾ മൽസ്യ വ്യാപാരികളായി മാറുന്ന കാഴ്ചയാണ് ഈ നാട്ടിൽ കാണുന്നത്. മൽസ്യ വ്യാപാരത്തിലെ അന്നന്ന് ജോലി ചെയ്ത് ഉപജീവനം കഴിച്ച് കൂട്ടുന്ന സാധു തൊഴിലാളികളും കോവിഡിന് ഇരയായി തീരുന്ന പരിതാപകരമായ കാഴ്ചയും കാണേണ്ടി വരുന്നു.
വ്യാപാരത്തിലെ എന്ത് ചെയ്തും ലാഭം കൊയ്യുക എന്ന പ്രവണത പൊതുജനങ്ങൾക്കുള്ള ജലസംഭരണിയിൽ വിഷം കലക്കുന്നതിന് തുല്യമാണെന്ന് ഇതിന് കാരണക്കാരായവർ തിരിച്ചറിയുക. .
Shamim Khalid

Wednesday, July 15, 2020

കോവിലനും മമ്മൂട്ടിയും

സാഹിത്യ രംഗത്ത് “തട്ടകം“ തുടങ്ങിയ  അത്യപൂർവമായ  രചനകൾ നൽകിയ  വ്യക്തിയാണ്  വി.വി.അയ്യപ്പൻ എന്ന     ശ്രീ കോവിലൻ. വയലാർ അവാർഡും മുട്ടത്ത് വർക്കി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സിനിമാ ലോകത്ത് അതുല്യ സ്ഥാനം വഹിക്കുന്ന  നടനാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി.ഭരത് അവാർഡ് ഉൾപ്പടെ അനേകം അംഗീകാരങ്ങൾ അദ്ദേഹത്തിനെ തേടി എത്തിയിട്ടുണ്ട്. അദ്ദേഹം അഭിഭാഷകനുമായിരുന്നു.
കോവിലനും മമ്മൂട്ടിയുമായി  എന്ത് ബന്ധം  എന്ന ചോദ്യത്തിന് ബന്ധം ഉണ്ട് എന്നാണ് പറയേണ്ടി വരുന്നത്.
കോഴിക്കോട് യൂണിവേഴ്സിറ്റി രണ്ട് പേർക്കും ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി. ബിരുദ പ്രഖ്യാപനത്തിന് ശേഷം യൂണിവേഴ്സിറ്റി  ആ ബിരുദം നൽകാൻ ഒരുപാട് സമയം എടുത്തു. അപ്പോഴേക്കും കോവിലൻ  പോയിക്കഴിഞ്ഞിരുന്നു. ഇതിൽ ദുഖമയമായ വിഷയം ബിരുദ പ്രഖ്യാപനത്തിൽ കോവിലൻ വളരെ ഏറെ സന്തോഷിച്ചിരുന്നു  എന്നും ബിരുദ ദാനത്തിനുള്ള ക്ഷണം പ്രതീക്ഷിച്ച് അദ്ദേഹം  ഏറെ നാൾ കാത്തിരുന്നു എന്നുമുള്ളതുമാണ്. ഈ പരമാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു എന്ന് പത്ര വാർത്ത. എങ്കിൽ അതൊരു തെറ്റായ നടപടി ആയി പോയി. പക്ഷേ ഈ കാല താമസത്തിന് മമ്മൂട്ടി  അദ്ദേഹം അറിയാതെ ഭാഗഭാക്കായി എന്ന് അറിയുന്നു.
മമ്മൂട്ടിയുടെ സമയം പ്രതീക്ഷിച്ചാണ് യൂണിവേഴ്സിറ്റി അവാർഡ് ദാന ചടങ്ങ് നീട്ടി വെച്ചതെന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. അദ്ദേഹം അറിഞ്ഞ് കൊണ്ടല്ല ഈ സംഭവം. അത് വാസ്തവമല്ലെങ്കിൽ  എന്ത് കൊണ്ട് അവാർഡ് ദാന ചടങ്ങ് ഇത്രയും കാലം നീട്ടി വെച്ചതെന്ന് വിശദീകരിക്കേണ്ടി വരും.
സമൂഹത്തിൽ സിനിമയുടെ സ്വാധീനം ഏറ്റവും ഉന്നതിയിലാണ്. സിനിമാ കണ്ട് പിടിക്കുമ്പോൾ  അത് മനുഷ്യ സമൂഹത്തെ ഇത്രത്തോളം സ്വാധീനിക്കുമെന്ന് അന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. സിനിമയും അതിലെ അഭിനേതാക്കളും ഇപ്പോൾ സമൂഹത്തിൽ അത്യുന്നത ശ്രേണിയിലാണ്. രാജ്യ ഭരണം നിർവഹിക്കുന്ന ഉന്നത രാഷ്ട്രീയക്കാർ പോലും ആ സ്ഥാനത്തിന് താഴെയാണെന്നുള്ളതാണ് പരമാർത്ഥം.
സോപ്പ് മുതൽ ഉണക്ക മൽസ്യത്തിന് വരെ സിനിമാ അഭിനേതാക്കളുടെ ചിത്രം പരസ്യമായി ഉണ്ടായേ മതിയാകൂ. എന്ത് ധർമ്മ ച്യുതിയും സിനിമാ അഭിനേതാക്കൾക്കുണ്ടായാലും ജനത്തിന് അത് പ്രശ്നമല്ല. എത്ര വേണമെങ്കിലും വിവാഹം കഴിക്കാം വിവാഹ മോചനം നടത്താം, മദ്യപിച്ച് തലയും കുത്തി നടക്കാം അതൊരു തെറ്റായി ആരും കാണുകയേ ഇല്ല. ആ സ്ഥാനത്ത് ഒരു രാഷ്ട്രീയക്കാരൻ അത്തരത്തിലുള്ള പ്രവർത്തിയിൽ ഏർപ്പെട്ടാൽ  അയാൾ സമൂഹ ഭൃഷ്ട് നേരിടേണ്ടി വരുമെന്നത് ഉറപ്പ്.
ഭർത്താവ് മമ്മൂട്ടിയെ  പോലെ ഇരിക്കുന്നെന്ന് ഭാര്യമാർ പറയും പക്ഷേ മമ്മൂട്ടി ഭർത്താവിനെ പോലെ ഇരിക്കുന്നെന്ന് ഒരു ഭാര്യയും പറയില്ല. അതേ പോലെ ഭാര്യ ഐശ്വര്യ റായിയെ പോലിരിക്കുന്നു എന്ന് പറയും ഐശ്വര്യ റായി ഭാര്യയെ പോലിരിക്കുന്നു എന്നാരും പറയാറില്ല.
സുപ്രസിദ്ധ നടി  സോഫിയാ ലോറൻ അടുക്കളയിൽ നിൽക്കുമ്പോൾ അടിവസ്ത്രം ധരിക്കാറുണ്ട് എന്ന് ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തി കഴിഞ്ഞതിന് ശേഷം  അടുത്ത ദിവസങ്ങളിൽ അടിവസ്ത്രത്തിന് കമ്പോളത്തിൽ  വലിയ വിറ്റഴിവ് ഉണ്ടായി എന്ന് പണ്ട് വായിച്ചത് ഓർമ്മ വരുന്നു.
അതേ! പിടിച്ച് കെട്ടാനാകാത്ത വിധം സിനിമയും അഭിനേതാക്കളും  സമൂഹത്തിന്റെ ഉന്നത ഇടങ്ങളിൽ ആയി കഴിഞ്ഞിരിക്കുന്നു.
ഒരു കലയായി സിനിമയെ അംഗീകരിച്ച് അത് കാണുകയല്ലാതെ താരാരാധന എന്ന കോമാളിത്തത്തിന് മുതിരുമ്പോൾ മനുഷ്യൻ ഒന്നുമല്ലാതാകും.
യാതൊരു സത്യവുമില്ലാത്ത വെറും ഭാവനയിൽ നിന്നുരുത്തിരിഞ്ഞ കഥകളും സജ്ജീകരണങ്ങളും അതിൽ  സ്വന്തമായ ഭാവമല്ലാത്ത മറ്റൊരാൾ കാണിക്കുന്ന ഭാവം  കുരങ്ങിനെ പോലെ അനുകരിക്കുന്ന  ആൾക്കാർക്കാണ് സമൂഹത്തിൽ ഇന്ന് വിലയെങ്കിൽ മനുഷ്യന്റെ തലച്ചോറിന് എവിടെയോ വെച്ച്  എന്തോ സംഭവിച്ചിട്ടുണ്ട്.