Sunday, May 31, 2020

കാലചക്രം

കാലചക്രം
ഭാരതീയ ദർശന പ്രകാരം  കാലം ചക്രം പോലെയാണെന്ന് പറയപ്പെടുന്നു.അതിനാൽ ഓരോ സംഭവങ്ങളും ഒരു ചക്രപ്പാട് കറങ്ങി വരുമ്പോൾ  വീണ്ടും ആവർത്തിക്കപ്പെട്ടേക്കാം.
പണ്ട് സാഹിത്യത്തിനും സംഗീതത്തിനും സിനിമക്കും പ്രധാന വിഷയം പട്ടിണി ആയിരുന്നു. അന്നത്തെ കഥകളും  സിനിമകളും  പട്ടിണിയെയും ദാരിദ്രിയത്തെയും ആസ്പദമാക്കി ആയിരുന്നുവെന്ന് പഴയ ബ്ളാക്ക്  ആൻട് വൈറ്റ്  സിനിമകളും അന്നത്തെ  കഥകളും വെളിപ്പെടുത്തുന്നുവല്ലോ.
1970 കളുടെ മദ്ധ്യത്തിലൂടെ ആ അവസ്ഥ പതുക്കെ മാറി തുടങ്ങി. കാലചക്രം ഉരുണ്ടപ്പോൾ  ഗൾഫ് പണവും നിസ്വാർത്ഥമായ ഭരണകൂടങ്ങളും നാട്ടിലെ പട്ടിണി മാറ്റി. പുതിയ തലമുറക്ക്  ദാരിദ്രിയവും  പട്ടിണിയും വീട്ടിലെ മൂപ്പിൽസ് പറയുന്ന പഴങ്കഥകളായി മാറി. പഴയ കാലത്തെ റേഷനരി കഞ്ഞിവെള്ളവും മുളക് ചുട്ടതും അവർ കൗതുകത്തോടെ പഴമക്കാരിൽ നിന്ന് കേട്ടിരിക്കുകയും ന്യൂഡിൽസ്   കരണ്ടി കൊണ്ട് കോരി കഴിക്കുകയും പഴച്ചാർ ജ്യൂസ് എന്ന പേരിട്ട്  അകത്താക്കുകയും പുതിയ പുതിയ വിഭവങ്ങൾ വെച്ച് വിളമ്പുന്ന സ്റ്റാറ്റ് ഹോട്ടലുകളിൽ എത്തി ച്ചേരാൻ പുതിയ ബ്രാന്റ് മോട്ടോർ വാഹനങ്ങളിൽ എത്രയോ കിലോമീറ്ററുകൾ താണ്ടി പോവുകയും ചെയ്തു.
കാലചക്രം വീണ്ടും ഉരുണ്ടു. കൊറോണാ വൈറസ്  അവതരിച്ചു.
ഇപ്പോൾ സമ്പദ്ഘടന ആകെ താറുമാറായി.പിടിച്ച് നിൽക്കാൻ സർക്കാരുകൾ കഠിന ശ്രമം നടത്തുമ്പോഴും ജനങ്ങൾക്ക് രണ്ടറ്റവും  മുട്ടിക്കാൻ വരുമാനം തികയാതെ വന്ന് കൊണ്ടിരിക്കുന്നു. കിലോമീറ്ററുകൾ താണ്ടി പുതിയ പുതിയ ഹോട്ടൽ അന്വേഷണവും  ന്യൂഡിൽസ്  കഴിപ്പും ഇല്ലാതായി. സർക്കാർ വിഹിതം സൗജന്യം കിട്ടാൻ റേഷൻ കാർഡിന്റെ വർണ്ണം മാറ്റാനെന്ത്  പോംവഴി എന്ന് വെള്ളക്കാരന്മാരും നീലക്കാരന്മാരും ആലോചിക്കാൻ ആരംഭിച്ചിരിക്കുന്നു.
ദേവാലയങ്ങളെ ചുറ്റിപറ്റി  കഴിഞ്ഞ് കൂടുന്ന പരികർമ്മികൾ ഭക്തന്മാരുടെ അഭാവത്തിൽ അന്തം വിടുകയും   വിദ്യാലയങ്ങൾക്ക് മുമ്പിൽ നെല്ലിക്കയും അമ്മാച്ചൻ കോലും വിൽക്കുന്ന “ആമുട്ടി കാക്കാമാർ“  പാഠശാലകൾ പതിവ് പോലെ തുറക്കിലെന്നറിഞ്ഞ് സ്വയം തലക്കടിച്ച് പകച്ച്  നിൽക്കുകയും ചെയ്യുന്ന കാഴ്ചയാണിപ്പോൾ. മഴക്കോട്ട് ഉണ്ടാക്കുന്ന കമ്പനി മുതൽ കവലയിലെ കടത്തിണ്ണയിൽ കുട റിപ്പയർ ചെയ്യുന്ന “ചോയി“ വരെ ഇനിയെന്ത് വഴി എന്ന് സ്വയം ചോദിക്കുകയാണ്.ഷൂട്ടിംഗ് ഇല്ലാതെ സീരിയൽ നടിമാരുടെ പത്രാസ് എവിടെയോ പോയി മറഞ്ഞു, അവരും ആയിരത്തിൽ ഒന്നായി മാറി.
 ഒരു ദിവസം രാത്രി പെട്ടെന്ന് കയറി വന്ന ലോക് ഡൗൺ ആദ്യമാദ്യം  ആൾക്കാർ തമാശയോടെ കണ്ടു ആസ്വദിച്ചു എങ്കിലും,  പോകെ പോകെ കളി കാര്യമായി വരുന്നത് അവർക്ക് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ എന്നാണിനി ഈ മാരണം ഒഴിഞ്ഞ് പോവുന്നത് എന്നറിയാൻ  റ്റി.വി.യുടെ മുമ്പിലും അകാശവാണിയുടെ മുമ്പിലും “മൻ കീ ബാത്ത്“ കേൾക്കാൻ തപസ്സിരിക്കാൻ തുടങ്ങിയല്ലോ.
പണം കറങ്ങി നടക്കുമ്പോഴാണ് നാട്ടിൽ സമൃദ്ധി  വർദ്ധിക്കുന്നത്. കറങ്ങാനായി പണമില്ലെങ്കിൽ  സമൃദ്ധി  എവിടുന്നുണ്ടാകാനാണ്.
കാലചക്രം കറങ്ങി കറങ്ങി വന്ന് പഴയ റേഷനരി കഞ്ഞിയും മുളക് ചുട്ടതിലും വന്ന് നിൽക്കുമോ?!

Thursday, May 28, 2020

പുറത്ത് നിന്നും വരുന്നവർ

ഇറ്റലിയിൽ കൊറോണായുടെ വിളയാട്ടം മൂർദ്ധന്യ ദശയിൽ എത്തിയപ്പോൾ പ്രായമായവരെ  ചികിൽസിക്കുന്ന പരിപാടി നിർത്തിയെന്നും ചികിൽസ ഇനിയും ആയുസ്സ് ധാരാളമുള്ളവരിലേക്ക് പരിമിതിപ്പെടുത്തിയെന്നും വാർത്ത ഉണ്ടായിരുന്നു.
 ഗൾഫിൽ കൊറോണാ രോഗിയെ  ആശുപത്രിയിൽ  എത്തിക്കാൻ ആംബുലൻസിന് തന്നെ  അൻപതിനായിരത്തിൽ പരം ചെലവ് വന്നിരുന്നു എന്നും വാർത്തകൾ. ചികിൽസാ ചെലവ് വേറെ.
അമേരിക്കയിൽ പൈസാ ഉണ്ടെങ്കിൽ  പോലും ആളുകൾ രക്ഷപെടുന്ന കാര്യം ബുദ്ധിമുട്ടിലായി.
ഈ അവസ്തയിലാണ് കൊച്ച് കേരളത്തിൽ എൺപത് വയസ്സിന് മുകളിലുള്ളവരെ പോലും കൊറോണായിൽ നിന്നും രക്ഷപെടുത്തുന്നതും രോഗം ഭേദമാകുന്നവരെ ആശുപത്രി ജീവനക്കാർ  യാത്ര അയപ്പ് നൽകി സന്തോഷത്തോടെ യാത്ര അയക്കുന്നതുമായ കാഴ്ചകൾ പത്രങ്ങളിലും നവ മാധ്യമങ്ങളിലും പരക്കെ വന്നത്. മാത്രമല്ല, ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ  ആഷ് പോഷ് ജീവിതം സർക്കാർ ചെലവിൽ  നടക്കുന്നതും “ഇവിടെ പരമ സുഖം“ എന്ന അവരുടെ പ്രതികരണങ്ങളും മുഖ പുസ്തകത്തിലും ഇതര നവ മാധ്യമങ്ങളിലും  ചാനലുകളിലും  പാണന്മാർ പാടി നടന്നു.
മറുനാടൻ മലയാളികൾ ഈ മണ്ണിന്റെ മക്കളാണെന്നും  അവർക്ക് എന്നും എപ്പോഴും സ്വാഗതമെന്നും ഭരണ തലവൻ  തന്റെ ദൈനം ദിന  വാർത്താവതരണത്തിൽ  വെട്ടി തുറന്ന് വെളിപ്പെടുത്തി. അവർ തിരിച്ച് വന്നാൽ  രാപ്പാർക്കാനായി  സർക്കാർ വക സ്ഥാപനങ്ങളും സ്വകാര്യ സംവിധാനങ്ങളും തയാറാണെന്നും അദ്ദേഹം അസന്നിഗ്ദമായി  പറഞ്ഞു വെച്ചു. മത സ്ഥാപനങ്ങളും ദേവാലയങ്ങളും  തങ്ങളുടെ വക പാഠശാലകളും മറുനാടനെ വരവേൽക്കാൻ ഒരുങ്ങി ഇരിക്കുകയാണെന്ന പ്രസ്താവനയുമായി മത സാംസ്കാരിക  മേലാളന്മാർ  അഹമഹമികയാ മുന്നോട്ട് വന്നു.
ഇനിയെന്ത് വേണം മലയാളിക്ക്. നാട്ടിലേക്ക് തിരിച്ചെത്താനുള്ള രജിസ്ട്രേഷൻ ലക്ഷങ്ങൾ കവിഞ്ഞു. അന്യ നാട്ടിൽ കിടന്ന് ചികിൽസ ഇല്ലാതെ മരിക്കുവാനും അവിടെ തന്നെ മറമാടാനും ഇടയാക്കാതെ  സ്വന്തം മണ്ണിൽ എല്ലാ സൗകര്യവും ലഭ്യമാകുന്ന സർക്കാരും  സമൂഹവും  സ്വാഗതമോതുമ്പോൾ  വിദേശിയും  ഇതര സംസ്ഥാനത്തിൽ പെട്ടവരുമായ മലയാളികൾ  എന്തിന് മടിക്കണം.
തുടർന്ന്   തൊണ്ണൂറ്റി ഒൻപതിലെയോ 2018 ലെയോ  വെള്ളപ്പൊക്കം പോലെ എല്ലാം കൂടി പൊട്ടി ഒലിച്ച്  വരാൻ തുടങ്ങി. ആദ്യ വിമാനം പൂറപ്പെട്ടത് മുതൽ  നാട്ടിലെത്തുന്നത് വരെയുള്ള  കമന്ററികൾ  ചാനലുകളിലൂടെ ഒഴുകി.“ ഇതാ വിമാനത്തിന്റെ വീലുകൾ ഈ പുണ്യ മണ്ണിൽ തൊട്ടു, തൊട്ടില്ലാ എന്ന മട്ടിലാണിപ്പോൾ“ എന്നൊക്കെ പ്രത്യേക ചാനൽ അവതാരകർ വിളീച്ച് കൂവിയപ്പോൾ  പിറ്റേന്നത്തെ പത്രങ്ങൾ  വെണ്ടക്കാ നിരത്തി.   ഭരണതലവന്റെ കക്ഷിയുടെ ജിഹ്വ  “കേറി വാ മക്കളേ“  എന്ന മത്തങ്ങാ നിരത്തി.
ഇതെല്ലാം കണ്ടും കേട്ടും മറുനാടൻ മലയാളികൾക്കും  ഇതര സംസ്ഥാനത്തിൽ ഉള്ളവർക്കും ആവേശം കയറി എയർ പോർട്ടിലും സംസ്ഥാന അതിർത്തികളിലും വന്ന്  തിരക്ക് കൂട്ടി.  എല്ലാവർക്കും സ്വന്തം കാര്യം മാത്രം. എങ്ങിനെയെങ്കിലും അകത്ത് കടക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രം. രോഗമുള്ളവനും രോഗമില്ലാത്തവനും  തമ്മിൽ ഇടകലർന്നപ്പോൾ  എല്ലാ നിയന്ത്രണങ്ങളും പാളി. കൊറോണാ കേസുകൾ ഒറ്റ അക്കത്തിൽ നിന്നും മൂന്നക്കത്തിലേക്കുള്ള കുതിപ്പിലാണ്. ഇതിൽ ഏറ്റവും പരിതാപകരം അസുഖമാണെന്നറിഞ്ഞിട്ടും അത് മറച്ച് വെച്ച് സംസ്ഥാനത്തിനകത്തേക്കെത്താനുള്ള  ഇതര സംസ്ഥാനക്കാരുടെ  പെരുമാറ്റങ്ങളാണ്.
ബ്രേക്ക് ചവിട്ടിയിട്ട് കിട്ടുന്നില്ല. സർക്കാർ വാഹനം പതറാൻ തുടങ്ങി. മനുഷ്യരാണല്ലോ ഇതെല്ലാം നിയന്ത്രിക്കുന്നത്, എത്രയെന്നും പറഞ്ഞാണ് നിയന്ത്രണം നടത്തുന്നത്. വാഗ്ദാനങ്ങൾ നിറയെ നൽകിയപ്പോൾ ഇങ്ങിനെ മലവെള്ള പാച്ചിൽ ഉണ്ടാകുമെന്ന് ആര് കരുതി. എങ്കിലും സർക്കാർ മെഷീനറി ആവുന്ന വിധത്തിൽ പിടിച്ച് നിൽക്കുന്നുണ്ട് എന്നുള്ളത് പറയാതെ  വയ്യ.
അപ്പോഴാണ് ക്വാറന്റൈൻ  ചെലവിന്റെ കാര്യം പഴയ വാഗ്ദാനം  പരണത്ത് വെച്ച് ആ ചെലവ് വരുന്നവർ  വഹിക്കണമെന്ന പുതിയ ന്യായവുമായി സർക്കാർ വന്നത്.
സാഹചര്യ തെളിവ് വെച്ച് നോക്കിയിട്ട് അതിന്റെ പുറകിൽ മുഖ്യ മന്ത്രി ആണെന്ന് തോന്നുന്നില്ല, ആലപ്പുഴക്കാരൻ  ജൂബാ തെറുത്ത് കയറ്റുന്ന ആ ധനമന്ത്രിയായിരിക്കാനാണ് സാദ്ധ്യത. മാസ്ക് ധരിക്കാത്ത വകയിലും ലോക് ഡൗൺ ലംഘനവുമായി  പത്ത് പുത്തൻ പിഴ ഇനത്തിൽ ഉണ്ടാക്കാമെന്ന്    അദ്ദേഹം കരുതിയപ്പോൾ ജനം നിയമങ്ങൾ അതേപടി അനുസരിക്കാൻ തുടങ്ങി പിഴയുമില്ല, കേസും കുറവ്.. അല്ലെങ്കിലും പണ്ട് മുതൽക്കേ മലയാളി ഇരിക്കാൻ പറഞ്ഞാൽ  കിടന്ന് കളയുന്ന സ്വഭാവമാണല്ലോ.
എന്തായാലും ഉടനെ തന്നെ  ക്വാറന്റൈൻ നിയമത്തിൽ മുഖ്യമന്ത്രി അവസരോചിതമായി തിരുത്തൽ വരുത്തി. പൈസാ ഇല്ലാത്തവരുടെ പക്കൽ നിന്നും ചെലവ് ഈടാക്കരുത് എന്ന്  അദ്ദേഹം ഭേദഗതി വരുത്തി തടി സലാമത്താക്കി.
ഈ തിരുത്തലിന് കട്ട സപ്പോർട്ട് തന്നെ അദ്ദേഹത്തിന് നൽകണം. ഉള്ളവൻ കൊടുക്കട്ടെ, ഇല്ലാത്തവനെ പരിഗണിക്കാമല്ലോ. പൈസാ കൊടുക്കേണ്ടി വരുമെന്ന് ശങ്കിച്ച് പലരും  ഇങ്ങോട്ടുള്ള എടുത്ത് ചാട്ടത്തിന് മുടക്കം വരുത്തുകയും ചെയ്യും. പൈസാ കൊടുക്കാനാണെങ്കിൽ അവിടെ നിന്നാൽ മതിയല്ലോ  ഇവിടേക്ക് വിമാനം കയറുന്നത് എന്തി ന് എന്ന ചിന്ത പലർക്കും ഉണ്ടായി കൂടെന്നില്ല.

Monday, May 25, 2020

ഓർമ്മകൾ മരിക്കില്ല.

ഓർമ്മകൾ മരിക്കില്ല..
വിരസമായ നിമിഷങ്ങൾ തള്ളി നീക്കാൻ ഈ അടുത്ത കാലത്ത് കയ്യിലെത്തിയ പഴയ സിനിമാ ഗാന ശേഖരത്തിലെ പാട്ടുകൾ കേൾക്കാൻ തീരുമാനിച്ചു.
ആദ്യം കയ്യിൽ കിട്ടിയത് ഭാസ്കരൻ മാഷ് എഴുതി രാഘവൻ മാഷ് സംഗീത സംവിധാനം ചെയ്ത് എ.എം. രാജയും പി. സുശീലയും കൂടി പാടിയ ഉണ്ണിയാർച്ച എന്ന സിനിമയിലെ “അന്ന് നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു....അതിനുള്ള വേദന ഞാനറിഞ്ഞു“ എന്ന ഗാനമാണ്.
മൂന്ന് മിനിട്ട് മാത്രം ദൈർഘ്യം ഉള്ള ഈ ഗാനം എത്രയോ ദൈർഘ്യം ഉള്ള പഴയ കാലത്തെ മനസ്സിലേക്ക് കൊണ്ട് വന്നിരിക്കുന്നു. അന്നത്തെ ഓരോ ദിവസവും തുരു തുരാ ഉള്ളിലേക്ക് കടന്ന് വന്നപ്പോൾ അനിർവചനീയമായ അനുഭൂതി അനുഭവപ്പെടുന്നുവല്ലോ.
ഇനി ഒരിക്കലും മടങ്ങി വരാത്ത സുവർണ സുന്ദരമായ ആ നല്ല നാളുകൾ.
ഏതൊരു പാട്ടും അത് ആദ്യം കേട്ട രംഗം മനസ്സിലേക്ക് എത്തിക്കും, എല്ലാവരിലും.
ഇപ്പോൾ ഈ വർഷകാല രാത്രിയിൽ ചിനു ചിനാ പെയ്യുന്ന മഴയല്ല എന്റെ മനസ്സിൽ കഴിഞ്ഞ പോയ കാലത്തിലെ ഏതോ ഒരു ദിനത്തിലെ നീലാകാശത്ത് വെട്ടി തിളങ്ങി നിന്നിരുന്ന ചന്ദ്രനും കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളുമാണ്.
ഓർമ്മകളേ! നിങ്ങൾ എന്നുമെന്നും നില നിൽക്കട്ടെ.
Anoob Aziz

Sunday, May 24, 2020

മനസ്സിൽ തട്ടിയ സന്തോഷം

ചിലപ്പോൾ ചിലരുടെ സന്തോഷം അവരേക്കാളും നമ്മളെ സന്തോഷിപ്പിക്കും.
ഇന്നലെ  ശനിയാഴ്ച  പെരുന്നാളിന്റെ തലേ ദിവസം  അപ്രകാരം ഒരു സന്തോഷം എന്റെ കണ്ണിനെ ഈറനണിയിച്ചു. റമദാൻ വൃതം അവസാനിച്ച് നാളെ പെരുന്നാൾ  വരുന്നതിന്റെ സന്തോഷത്തിനേക്കാളും വലുതായിരുന്നു  ഇന്നലെ എനിക്കനുഭവപ്പെട്ട  മുകളിൽ പറഞ്ഞ സന്തോഷം.
യാതൊരു തെറ്റും ചെയ്യാതെ  ഭർതൃ വീട്ടിൽ നിന്നും ഭർത്താവിനാലും അയാളുടെ മാതാപിതാക്കളാലും  നിഷ്ക്കരുണം പുറത്താക്കപ്പെട്ട  ഒരു പെൺകുട്ടി . അവൾക്ക് ഇപ്പോൾ 32 വയസ്സുണ്ട്. ഏഴ് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. അവളുടെ കുറ്റം  ഭർത്താവിനേക്കാളും  അവൾക്ക് ഉയർന്ന വിദ്യാഭ്യാസം ഉണ്ടായി പോയി എന്നുള്ളതാണ്. ഭർത്താവ് വിദേശത്താണ്. മാതാപിതാക്കൾ പറയുന്നതിനപ്പുറം  ഈ ലോകത്ത് യാതൊന്നുമില്ലാത്ത അയാൾക്ക്  സ്വന്തം വീട്ടിൽ നിന്നും ഭാര്യയും കുഞ്ഞും ഏഴ് വർഷമായി വിട്ട് നിൽക്കുന്നതിൽ യാതൊരു ഖേദവുമില്ല. ഇതിനിടയിൽ  തന്റെ കുഞ്ഞിനും തനിക്കും ചെലവ് ലഭിക്കാനായി  അവൾ കൊടുത്ത കേസ്        ഒരു അന്ത്യവുമില്ലാതെ  വർഷങ്ങളായി ഇഴഞ്ഞ് നീങ്ങുന്നു. പിച്ചക്കാശ് എറിഞ്ഞ് കൊടുക്കുന്നത് പോലെ  വല്ലപ്പോഴും അൽപ്പം തുക കോടതിയിൽ  കെട്ടി വെക്കും, ബാക്കിക്ക് അപേക്ഷിച്ചാൽ  എതിർഭാഗത്തിന്റെ ആക്ഷേപത്തിനും വാദം കേൾക്കാനും കോടതിയിൽ ഒരു പത്ത് അവധിക്ക് വെയ്പ്പ് ഉണ്ടാകും. പിന്നെയും നക്കാ പിച്ച കെട്ടി വെക്കും . വീണ്ടും അപേക്ഷ കൊടുക്കും, അതും പഴയ പോലെ നടപടികൾക്കായി മാറ്റും. അവസാനം ആ പെൺകുട്ടി സഹികെട്ട് ഒരു ദിവസം എന്നോട് ചോദിച്ചു, “സാറേ!  എന്നാണിതെല്ലാം ഒന്ന് അവസാനിക്കുക“ ഈ കേസിന്റെ ആരംഭം മുതൽ ഞാൻ അവളുടെ കൂടെ ഉണ്ട്. ധാരാളം കേസുകൾ കാണാനിടയായിട്ടുള്ള എനിക്ക്  ആ പെൺകുട്ടിയുടെ നിരപരാധിത്വവും നിസ്സഹായതയും ശരിക്കും അറിയാമായിരുന്നല്ലോ. അത് കൊണ്ടായിരുന്നു എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ എപ്പോഴും അവൾ എന്നെ തിരക്കി വന്നിരുന്നത്, ഒരിക്കൽ അവൾ എന്നോട് ചോദിച്ചു, “ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ സാറേ! അവർ എന്നെ ഉപേക്ഷിച്ചത്“ ഹൃദയത്തിൽ തട്ടിയ ഒരു ചോദ്യമായിരുന്നു അത്.
നിർദ്ധനനായ അവളുടെ പിതാവിനെ ആശ്രയിച്ചാണ് അവളും കുഞ്ഞും ഇപ്പോൾ കഴിയുന്നത്.
ഇന്നലെ അവൾ എന്നെ കാണാൻ വന്നു. പ്രകാശിക്കുന്ന മുഖത്തോടെ അവൾ എന്നോട് പറഞ്ഞു “ സാറേ! എനിക്ക്  സർക്കാർ ജോലി കിട്ടി.“ അത് കേട്ടപ്പോൽ എന്റെ ഉള്ളിൽ ഉണ്ടായ സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ഞാൻ അറിയാതെ മുകളിലേക്ക് കണ്ണുയർത്തി. ദൈവമേ! നിനക്ക് അനേകമനേകം നന്ദി“ ഇനി ആരെയും ആശ്രയിക്കാതെ  അവൾക്കും കുഞ്ഞിനും കഴിയാം.
 നിയമന ഉത്തരവ് കയ്യിൽ വന്നതോടെ അവൾ എന്നെ കാണാൻ ഓടി വരുകയായിരുന്നു. അവളുടെ എല്ലാ ചരിത്രങ്ങളും അറിയാവുന്ന എനിക്ക്  ഈ ജോലിയിലൂടെ അവളുടെ ജീവിതത്തിൽ  ഉണ്ടാകാൻ പോകുന്ന  കാരുണ്യ വർഷം എത്രമാത്രമായിരിക്കുമെന്ന് കാണാൻ കഴിയുന്നു. അവൾക്ക് ലഭിക്കാൻ പോകുന്ന ആത്മവിശ്വാസമായിരിക്കും അതിൽ ഏറ്റവും വലുത്.
അവളെ യാത്രയാക്കിയതിന് ശേഷം ഞാൻ  മാനത്തേക്ക് നോക്കി.
കനത്ത മഴക്ക് ശേഷം  മാനം നന്നായി തെളിഞ്ഞിരിക്കുന്നു. അകാശത്തിൽ വിദൂരത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ  അൽപ്പം മേഘം മാത്രം.
 ഇന്ന് വൃതം അവസാനിക്കുന്നു, നാളെ പെരുന്നാൾ.!
 മനസിനാകെ ഒരു നിർവൃതി. പെരുന്നാളിന്റെയും ഇപ്പോൾ കേട്ട വാർത്തയുടെയും.

Sunday, May 17, 2020

പെറ്റി കേസുകൾ

എന്റെ ബന്ധു എന്നോട് പറഞ്ഞ സംഭവമാണ്.
പരമേശ്വരൻ ( പേര് സാങ്കൽപ്പികം) കോൺക്രീറ്റ് ജോലി തട്ടടിക്കാരനാണ്. ദിവസം 900 രൂപാ ശമ്പളം കിട്ടും.ലോക് ഡൗൺ കാരണം ജോലികളൊന്നും കഴിഞ്ഞ ദിവസങ്ങളിൽ ഇല്ലായിരുന്നു. സൗജന്യ റേഷനും  കിറ്റും കയ്യിൽ അവശേഷിച്ചിരുന്ന അൽപ്പം തുകയും ഒക്കെയായി എങ്ങിനെയെങ്കിലും പിടിച്ച് നിന്ന സമയം  ലോക്ക് ഡൗണിൽ അൽപ്പം ഇളവ് ഉണ്ടായതിനെ തുടർന്ന്  ജോലിക്ക് പോയി തുടങ്ങി.
 അങ്ങിനെയിരിക്കെ കഴിഞ്ഞ ദിവസം ജോലിക്ക് പോയി കിട്ടിയ ശമ്പളവുമായി  തന്റെ വക പഴയ ബൈക്കിൽ വീട്ടിലേക്ക് പോകാൻ നേരം കൂടെ ജോലി ചെയ്യുന്ന  ഒരാൾ പുറകിൽ ലിഫ്റ്റ് ചോദിച്ചു കയറി .  ജങ്ഷൻ കഴിഞ്ഞപ്പോൾ പോലീസ് കൈ കാണിക്കുന്നു. ഹെൽമറ്റ് ഉണ്ട് മുഖം മൂടി ഉണ്ട്.  വണ്ടിയുടെ പേപ്പർ എല്ലാം ശരി. പേടിക്കാനൊന്നുമില്ല ധൈര്യമായി വണ്ടി നിർത്തി. അപ്പോൾ ചോദ്യം വന്നു. പുറകിൽ ഇരിക്കുന്ന ആൾ  ആര്?  സത്യം പറഞ്ഞു, എന്റെ കൂട്ടുകാരൻ, കൂടെ ജോലി ചെയ്യുന്നവൻ.
നിങ്ങളുറെ ബന്ധുവാണോ? തുടർ ചോദ്യം.
 അല്ല സാറേ, ഇതെന്റെ കൂട്ടുകാരൻ...
പത്രമൊന്നും വായിക്കാറില്ലേ? ലോക് ഡൗൺ നിയമ പ്രകാരം അടുത്ത ബന്ധുക്കൾക്കേ  ബൈക്കിന് പുറകിൽ ഇരിക്കാൻ അനുവാദമുള്ളൂ.  പോലീസ് പറഞ്ഞു.
നേരം വെളുത്താൽ ജോലിക്ക് പോകാനൊരുക്കമാ സാറേ! പത്രം വായിക്കാൻ  സമയമെവിടാ....
1000 രൂപാ പിഴ....പെറ്റി കേസ്.....
ശമ്പളം കിട്ടിയ 900 ത്തിന്റെ കൂടെ 100 രൂപാ കൂടി ഇട്ടു കൊടുക്കാൻ കയ്യിലൊന്നുമില്ല , വീട്ട് ചെലവിന് വേറെ വേണം. എന്റെ ബന്ധുവിനെ ഫോണിൽ വിളിച്ചു.ആവശ്യമുള്ള   രൂപാ കടം വാങ്ങി ആയിരം തികച്ച്    പിഴ കൊടുത്തു, രസീതും വാങ്ങി  സ്ഥലം കാലിയാക്കി.
ബന്ധുവിനോട് പരമേശ്വരൻ ചോദിച്ചു ,“ അങ്ങിനെ ഒരു നിയമം ഉണ്ടോ എന്ന്....“ അയാൾക്കുമറിയില്ല.
ബന്ധു എന്നോട് വന്നു ചോദിച്ചു. അങ്ങിനെ ഒരു നിയമം വന്നോ എന്ന്. പത്രത്തിൽ വായിച്ചിരുന്നു എന്ന കാര്യം അയാളോട് പറഞ്ഞു. എന്നിട്ട് ഞാൻ അനുഭവത്തിൽ നിന്നും ഒരു കാര്യം കൂടി പറഞ്ഞു.
“അയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു, മുഖത്ത് മാസ്ക് ഉണ്ടായിരുന്നു, വണ്ടിക്ക് രേഖകൾ ഉണ്ടായിരുന്നു. ഇത്രത്തോളം കൃത്യമായി പോകാതെ ഏതെങ്കിലും ഒന്നിന് വീഴ്ച വരുത്തിയിരുന്നെങ്കിൽ  അതിനായേനെ പെറ്റി വരുന്നത്. ഏതെങ്കിലും ഒരു കുറ്റം കണ്ട് പിടിക്കാൻ വിരുതനായിരിക്കും ആ പോലീസ്.“
മർമ്മ വിദഗ്ദൻ കാണുന്നതെല്ലാം മർമ്മമാണ്.
നിയമം അറിയാവുന്നവൻ ഒന്ന് നോക്കിയാൽ ലംഘനം കണ്ടെത്താൻ കഴിയും.
പെറ്റി എണ്ണം തികക്കുന്നത്  ഭൂഷണമായി കരുതുന്നവൻ അവന്റെ സ്വഭാവം കാണിക്കും. എന്നാൽ അവരിൽ തന്നെ  മനുഷ്യത്വം ഉള്ളവരും ഉണ്ട്, അവർ താക്കീത് ചെയ്ത് വിടും. അവർ കക്ഷിയുടെ സാധുത്വം, നിയമത്തെ പറ്റി അറിവില്ലായ്ക തുടങ്ങിയവ പരിഗണിക്കും, താക്കീത് നൽകും, പറഞ്ഞയക്കും
.
പോലീസ് നിയമങ്ങൾ പരിഷ്കരിച്ച് നടപ്പിൽ വരുത്താൻ ബഹുമാനപ്പെട്ട ഡി.ജി.പി. ഒരുങ്ങുന്ന ഈ സമയം കോവിഡിന്റെ ഭീഷണി പരിഗണിച്ച്  കർശനത കുറക്കാൻ പറയുന്നില്ല, പക്ഷേ അൽപ്പം മനുഷ്യത്വം പോലീസുകാരിൽ ചിലർക്ക് ഉണ്ടാകേണ്ട ആവശ്യകത ഒന്നു ചൂണ്ടിക്കാണിച്ച് കൊള്ളട്ടെ.

Thursday, May 14, 2020

നമസ്കാരത്തിന് വരിക

ഹയ്യ അല സലാ‍ാ.....(നമസ്കാരത്തിനായി വരുക)
ശക്തമായ വേനൽ മഴ പെയ്ത് തോർന്ന ശാന്തമായ അന്തരീക്ഷത്തിലൂടെ  സായാഹ്ന നമസ്കാരത്തിനായി  ദൂരെയുള്ള പള്ളിയിലെ  ലൗഡ് സ്പീക്കറിൽ  കൂടി  ക്ഷണം ഒഴുകി വന്നു.
അത് കേട്ടപ്പോൾ മനസ്സിൽ വല്ലാതെ പ്രയാസം ഉണ്ടായി.
പകർച്ച രോഗ ബാധ ഭയന്ന് ആരും പള്ളിയിൽ  പോകില്ലെങ്കിലും  വാങ്ക് വിളിക്കുന്ന ആൾ അയാളുടെ കർത്തവ്യം നിറവേറ്റിക്കൊണ്ടിരിക്കുന്നു.
ഭക്തി നിർഭരമായ മനസ്സോടെ  ദേവാലയത്തിൽ  പതിവായി പോയിക്കൊണ്ടിരുന്ന  ആ നല്ല നാളുകളിൽ  പ്രാർത്ഥനകൾക്ക് ശേഷം  പരിചയക്കാരെ കാണുന്നു, , തോളിൽ കയ്യിട്ട്  പരസ്പരം സുഖാന്വേഷണങ്ങൾ നടത്തുന്നു ലോക വിശേഷങ്ങൾ സംസാരിക്കുന്നു, ദേവാലയത്തിൽ നിന്നും ലഭിച്ച ശാന്തിയും സൗഹൃദങ്ങളിൽ നിന്നും ലഭിക്കുന്ന സന്തോഷവുമായി  സമാധാനം നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് മടങ്ങുന്നു.
ഇപ്പോൾ അതൊന്നുമില്ല,
പുറത്തിറങ്ങാൻ കഴിയില്ല, കൂട്ടുകൂടാൻ സാധിക്കില്ല, ഹിതാനുസരണം  എവിടെയും യാത്ര പോകാൻ പറ്റില്ല
കഴിഞ്ഞ് പോയ ആ നല്ല നാളുകളുടെ വില അന്നറിഞ്ഞിരുന്നില്ല, ഇന്ന് അറിയുന്നു.
മനസ്സിന്റെ അന്തരാളാളത്തിൽ നിന്നും വേദന നിറഞ്ഞ ആ ചോദ്യം ഉയർന്ന് വരുകയാണ്.
  എന്നാണ്ആ പഴയ നല്ല നാളുകൾ  തിരിച്ച് വരിക?

Wednesday, May 13, 2020

ഇടത്തരക്കാരാണ് പാവപ്പെട്ടവർ

പറഞ്ഞത് തന്നെ  പിന്നെയും പറയുകയാണ്. പാവപ്പെട്ടവനും പണക്കാരനുമല്ല,  ലോക് ഡൗൺ സാമ്പത്തിക ദുരന്തത്തിന് ഇരയായത്., ഇടത്തരക്കാർ മാത്രമാണ്.
ഇന്ന് ഒരു പരിചയക്കാരിയിൽ നിന്നും  ലോക് ഡൗൺ കാല സാമ്പത്തിക  അനുഭവങ്ങളെ പറ്റി നേരിട്ട് കേൾക്കേണ്ടി വന്നു. ഹൃദയത്തിൽ  തൊട്ട  വാചകങ്ങളായിരുന്നു അത്.
ഭർത്താവും, വിദ്യാർത്ഥികളായ മൂന്നു കുട്ടികളും അവരും ചേർന്ന കുടുംബം. ആകെ വരുമാനം  കെട്ടിട വാടക മാത്രം. ചിട്ടി പിടിച്ചും ബാങ്ക് ലോണെടുത്തും ഒരു കെട്ടിടം പണിതു. അഞ്ച് മുറികളുണ്ട്. കെട്ടിടം നിർമ്മിച്ചപ്പോൾ തന്നെ അത് വാടകക്ക് കൊടുക്കാനാണെന്ന മുൻ ധാരണയുള്ളതിനാൽ ലൈൻ കെട്ടിടമായി തന്നെ പണിതു. ഉള്ളത് പറയണമല്ലോ.   നാട്ടിൽ നിറയെ ബംഗാളികൾ ഉള്ളതിനാൽ പണി  തീർന്നപ്പോൾ തന്നെ  മുറികളെല്ലാം വാടകക്ക് പോയി. മര്യാദക്കാരായ ബംഗാളികൾ, കൃത്യ സമയത്ത് തന്നെ  വാടക കൊടുത്തിരുന്നു. ആ വാടകയിൽ നിന്നും ബാങ്ക് ലോണും  കുട്ടികളുടെ വിദ്യാഭ്യാസ ചെലവും  വീട്ട് ചിലവും നടന്നു. ഭർത്താവിനും ഒരു ചെറിയ വരുമാനം ലഭിക്കുന്ന പണിയുണ്ട്. അങ്ങിനെ ആ കുടുംബം ഒരു വിധം സുഭിക്ഷമായി കഴിഞ്ഞ് വരുമ്പോഴാണ് ലോക് ഡൗൺ  വന്നെത്തിയതും എല്ലാം തകിടം മറിഞ്ഞതും. തഹസിൽദാറും  പോലീസും വന്ന് പറഞ്ഞു, മുറി വാടക വാങ്ങരുത്.  രണ്ട് അക്ക, എണ്ണത്തിലുള്ള ബംഗാളികൾ  ആ മുറിയിൽ താമസിക്കുന്നുണ്ട്. എല്ലാം മര്യാദക്കാർ. ജോലി ഇല്ലാത്തതിനാൽ അവർ പട്ടിണിയിലായി. പൊതു അടുക്കളയിലെ ആഹാരം  അവർക്ക് പിടിക്കുന്നില്ല. തഹസിൽദാർ പറഞ്ഞു, ഇത്രയും കാലം നിങ്ങളുടെ കെട്ടിടത്തിൽ കഴിഞ്ഞവരല്ലേ, ഒരു സഹായം ചെയ്യൂ, അൽപ്പം അരിയും കുറച്ച് സവാളയും കിഴങ്ങും അൽപ്പം ഗോതമ്പും  വാങ്ങി കൊടുത്താൽ അവരുടെ കാര്യം സുഭിക്ഷം.
കുടുംബം കൂടി ആലോചിച്ചു, ശരിയാണ് എത്രയോ നാളുകളായി കാണുന്നു    അവർ പട്ടിണി കിടക്കരുതല്ലോ, നമുക്കത് ചെയ്യാം.
 ലോക് ഡൗണിന്റെ ആരംഭത്തിലായിരുന്നത്. അൽപ്പം പൈസാ കയ്യിൽ ഉണ്ടായിരുന്നത് ചെലവഴിച്ച്  കുറച്ച് സാധനങ്ങൾ വാങ്ങി കൊടുത്തു. പിന്നീട് അവർ ഒരു എളുപ്പ വഴി കണ്ട് പിടിച്ചു. അടുത്തുള്ള കോളനിയിൽ സൗജന്യ റേഷൻ ലഭിച്ചവരിൽ നിന്നും  ആ അരി അവർ വിൽക്കും എന്നറിഞ്ഞ് അത് വില കൊടുത്ത് വാങ്ങി.  സൗജന്യം കിട്ടിയവർ കിലോക്ക് 10 രൂപാക്കല്ല, അത്യാവശ്യം തിരിച്ചറിഞ്ഞ് 15 രൂപ വില വെച്ച് തന്നെ ഈടാക്കി.
അവരുടെ വീടിന്റെ മുമ്പിൽ കൂടി കോളനിയിലേക്ക്, മറ്റ് സംഘടനകൾ ഡി.വൈ.എഫ്.എ കാരും , കോൺഗ്രസ്കാരും, മറ്റ് സന്നദ്ധ സംഘടനകളും  അരിയും മറ്റ് സാധനങ്ങളും അടങ്ങിയ കിറ്റുകൾ ഘോഷയാത്രയായി ചുമന്ന് കൊണ്ട് പോകുന്നത്  അവർ എപ്പോഴും കാണുന്നുണ്ടായിരുന്നു. എന്നാൽ അവരോട് ഇതാ, ഒരു പാക്കറ്റ് നിങ്ങൾ എടുത്തോളൂ, എന്ന് ആരും പറഞ്ഞില്ല, കാരണം അവർ പാവപ്പെട്ടവർ എന്ന  ലിസ്റ്റിൽ ഇല്ലായിരുന്നു. അവർ പണക്കാരുമല്ലായിരുന്നു. അവരുടെ ആകെ വരുമാനം ആയ വാടക നിലച്ചിരുന്നു. ലോക് ഡൗൺ ആയതിനാൽ ഭർത്താവിന് ജോലിയും ഇല്ലായിരുന്നു, ആരോടും കൈ നീട്ടാൻ അഭിമാനം അനുവദിക്കുകയുമില്ല.ദിവസവും ചമ്മന്തിയും രസവുമായി കുട്ടികളെ അവർ ഊട്ടി. കഴിഞ്ഞ ദിവസം  തഹസിൽദാർ വന്ന് പറഞ്ഞു, സൗജന്യ ഭക്ഷണം ഇനി ബംഗാളികൾക്കുള്ളത് കൊടുക്കേണ്ടാ എന്ന്. അത്രയും ആശ്വാസം.
എങ്കിലും  എല്ലാ സംഘടനകളും സർക്കാരും  “പാവപ്പെട്ടവരുണ്ടോ പാവപ്പെട്ടവർ“  എന്ന് വിളിച്ച് തെരക്കി നടക്കുമ്പോൾ പുറത്ത് പറയാൻ വയ്യാത്ത പ്രയാസവുമായി ആരോടും കൈ നീട്ടാനും വിഷമങ്ങൾ പറയാനും വയ്യാതെ  ഇടത്തരം കുടുംബങ്ങൾ ഞങ്ങളെ പോലെ ഉള്ളവർ നാല് ചുറ്റും ഉണ്ടെന്നുള്ളത്  ആരെങ്കിലും ഓർക്കുമോഎന്ന് അവർ ചോദിച്ചപ്പോൾ എനിക്ക് മറുപടി ഇല്ലായിരുന്നു.
ഇനിയിപ്പോൾ 20 ലക്ഷം കോടിയുടെ കേന്ദ്ര സഹായം വന്നിട്ടുണ്ട്. അത് പണക്കാരൻ പറ്റിച്ചെടുത്ത ബാങ്ക് കടങ്ങൾ വീട്ടാനും  പാവപ്പെട്ട വിഭാഗത്തിനു നൽകാനും തരം തിരിക്കും. അപ്പോഴും ഇടത്തരക്കാർക്ക് ഗോവിന്ദാ....ഗോോവിന്ദാ‍ാ!!!

Tuesday, May 12, 2020

കാലം മാറി വരും

കുറച്ച് നാളുകൾക്ക് മുമ്പ്  ഒരു ദിവസം നാട് മുഴുവൻ  കർഫ്യൂ പ്രഖ്യാപിച്ചു. ആദ്യ അനുഭവമായതിനാൽ ജനം അത് അതേപടി അനുസരിച്ചു.  എല്ലാം അങ്ങിനെയാണല്ലോ, പുതുമയുള്ളതിനെ,   അപരിചിതമായതിനെ,  സമ്മതത്തോടെയും അല്ലാതെയും ഉൾക്കൊള്ളും. കുറച്ച് നാളുകൾക്ക് ശേഷം മൂന്ന് ആഴ്ചത്തെ  ലോക്  ഡൗൺ. ജനം അതും ഉൾക്കൊണ്ടു. കാരണം അപ്പോഴേക്കും പകർച്ച വ്യാധി അയല്പക്കത്ത് വന്ന് നിന്നു കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ആകെ സംഭ്രമത്താൽ ജനം  അനുസരണകാട്ടാൻ തയാറായി. എല്ലാം പുതുമയുള്ളതാണല്ലോ.
 പകലുകളിലും സന്ധ്യകളിലും നാം കോവിഡ് വാർത്തകൾക്കായി റ്റി.വിയെ ആശ്രയിക്കുകയും കേൾക്കുന്ന വാർത്തകൾ  മനസ്സിലെ സംഭ്രമത്തെ വർദ്ധിപ്പിക്കുകയും ചെയ്തു. പിന്നെ പിന്നെ  എല്ലാം പരിചിതമായി.    വീണ്ടും വീണ്ടും ലോക്ക് ഡൗണുകൾ നീട്ടിക്കൊണ്ടിരുന്നു കുടുംബാംഗങ്ങൾ തമ്മിൽ തമ്മിൽ ചോദ്യമായി. ഇന്നെത്ര?, എവിടെന്ന് വന്നു,  സമ്പർക്കമോ, വിദേശമോ അയൽ സംസ്ഥാനമോ?
എല്ലാം സുപരിചിതമായി കഴിഞ്ഞപ്പോൾ പുതുമ നശിക്കാൻ തുടങ്ങി. പിന്നെ പിന്നെ കർമ്മങ്ങളെല്ലാം നമുക്ക് വേണ്ടി എന്നിടത്ത് നിന്നും  നിയമത്തിന് വേണ്ടി എന്നായി.  അത് കൊണ്ട് തന്നെ തക്കം കിട്ടുന്നിടത്ത് നിയമ ലംഘനത്തിന് വെമ്പൽ കൂടി. നമ്മൾ എന്നിടത്ത് ഞാനും എന്റെ കുടുംബവും  എന്നായി. ലോക് ഡൗണും, മുഖം മൂടിയും  കൈ കഴുകലും  നിയമ ലംഘനവും പതിവ് കാഴ്ചകൾ.
ഇതിനിടയിൽ എവിടെയെല്ലാമോ നിലവിളികൾ! കണ്ണെത്താത്ത ദൂരത്ത് നിന്നും രോദനങ്ങൾ അപേക്ഷകൾ, ചത്താലും വേണ്ടില്ല, സ്വന്തം മണ്ണീൽ കിടന്ന് ചാകണം. പലരും മരിച്ചു, ഉറ്റവരെ കാണാതെ,  ശരീരമെങ്കിലും ഉറ്റവർക്ക് കാണാനാവാതെ, ദൂരെ ദൂരെ എവിടെയോ മറമാടപ്പെട്ടു.
ഇതെല്ലാമായിട്ടും രോഗം ലോകമാകെ അശ്വമേധം തുടർന്നു, എന്നെ പിടിച്ച് കെട്ടാനാരുണ്ട്? എന്ന മട്ടിൽ.
പക്ഷേ എന്നും ഇങ്ങിനെ ഒരു രോഗത്തിന് ജൈത്ര യാത്ര തുടരാനാവില്ലല്ലോ. കാലം കടന്ന് പോകുമ്പോൾ അണച്ച് കിതച്ച് ഓടി തളർന്ന് രോഗത്തിന് രംഗം കാലിയാക്കാതെ വയ്യ, , അങ്ങിനെയാണല്ലോ ചരിത്രം പറയുന്നത്.
അത് വരെ ലോകത്തിന് കാത്തിരിക്കുകയേ തരമുള്ളൂ.
 നല്ലൊരു പുലരിക്കായി.
കാലം ഒരുപാടൊരുപാട് കഴിയുമ്പോൾ  നമ്മുടെ മക്കളുടെ മക്കളുടെ  പിന്നെയും  മക്കളുടെ തലമുറ ഇങ്ങിനെ പറയും:
“പണ്ട് പണ്ട്...രണ്ടായിരത്തി അന്ന്.....വെറും ഒരു നിസ്സാരം വൈറസ് ലോകത്തെ വിരട്ടിയിരുന്നു, അന്ന് നമ്മുടെ പൂർവ പിതാക്കൾ ഒരുപാടെണ്ണം ചത്തോടുങ്ങി, ജനം വിരണ്ട് പോയി......“
ഈ അവസ്ഥ  മുന്നിൽ കണ്ടത് കൊണ്ടാണോ പണ്ട് ഒരു കവി സിനിമയിൽ ഇങ്ങിനെ കുറിച്ചിട്ടത്.
  കാലം മാറിവരും,കാറ്റിൻ ഗതി മാറും
കടൽ പൊട്ടി കരയാകും,കര പിന്നെ കടലാകും
കഥ ഇത് തുടർന്ന് വരും
ജീവിത കഥ ഇത് തുടർന്ന് വരും.

Sunday, May 10, 2020

ലോക് ഡൗണും വിവിധ മനുഷ്യരും....

അസം ഷില്ലോംഗ്  മലനിരകളിൽ വസിക്കുന്ന  മനുഷ്യരുടെ  പ്രതികരണ  ശേഷിയും സഞ്ചാരവും  ന്യൂ ഡെൽഹി  നഗരത്തിൽ വസിക്കുന്ന  മനുഷ്യരുടെ  പ്രതികരണങ്ങളും സഞ്ചാര പെരുമാറ്റങ്ങളും  സമാനമാകുമോ? മുംബൈ സിറ്റിയിൽ കഴിയുന്ന  കുടുംബത്തിന്റെ ജീവിത ചര്യകളും പെരുമാറ്റങ്ങളും  ചുറ്റുപാടുകളും കേരളത്തിലെ ഒരു ഉൾ നാടൻ ഗ്രാമത്തിലെ കുടുംബത്തിന്റെ  പെരുമാറ്റങ്ങളും  പ്രതികരണവും താരതമ്യം ചെയ്താൽ വ്യത്യസ്തമാവില്ലേ?
  അതാത് സംസ്ഥാനങ്ങളിലെ മനുഷ്യ പ്രകൃതിയും പെരുമാറ്റങ്ങളും സഞ്ചാര രീതികളും  ജീവിത ചര്യകളും നിയന്ത്രിച്ച് കൊണ്ട്  രോഗ പ്രതിരോധത്തിനായി  ഒരു നിയമം   ഒരു രാത്രിയിൽ  പെട്ടെന്ന്  വിദൂരത്തിൽ ഇരുന്ന്  ഇന്ത്യ ആസകലം ബാധിക്കുന്ന വിധം പടച്ച് വിടുമ്പോൾ പ്രായോഗികമായി അത്   നൂറ്  ശതമാനം  ശരിയായി വരണമെന്നില്ല. മാത്രമല്ല അത് തിരിച്ചറിയാനും മനസിലാക്കാനുമുള്ള മതിയായ സമയം  തരാതെയാണ് നടപ്പിൽ വരുത്തുകയും ചെയ്യുന്നത്.
  ജനങ്ങളുടെ എല്ലാ പെരുമാറ്റ രീതികളും വികാരങ്ങളും ആചാരാനുഷ്ഠാനങ്ങളും ഗതാഗത ഉപാധികളും പ്രതികരണ ശേഷിയും  മനസിലാക്കി പ്രവർത്തിക്കുന്ന  അതാത് സ്ഥലത്തെ ഭരണ കർത്താക്കൾക്കും  പൊതു പ്രവർത്തകർക്കും  സമൂഹ നേതാക്കൾക്കും  മാത്രമേ ഇത് സംബന്ധമായി നിർദ്ദേശം സമർപ്പിക്കാൻ കഴിയൂ.  അല്ലാതെ വ്യത്യസ്ത  ജീവിത രീതികളും പെരുമാറ്റങ്ങളുമായി കഴിയുന്ന 130 കോടി ജനങ്ങളെ  മൊത്തമായി ബാധിക്കുന്ന വിധം ഒരു നിയമം  നടപ്പിൽ വരുത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് നാം കണ്ട് കൊണ്ടിരിക്കുന്നു.
രോഗ പകർച്ച പോലും പല സ്ഥലങ്ങളിലും വ്യത്യസ്തമാണ്. രോഗത്തിന്റെ കാഠിന്യം പോലും വ്യത്യസ്തമാണ്. ഇത് ആധികാരമായി പറയാനും ചർച്ച ചെയ്യാനും കഴിയുന്നത് അതാത് സ്ഥലങ്ങളിലെ ഭരണ നേതാക്കൾക്ക് മാത്രമാണ്

ഇനിയും ലോക് ഡൗൺ  നീട്ടുകയാണെങ്കിൽ  അതാത് സംസ്ഥാനങ്ങളിലെ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം അനുസരിച്ച് അതാത് സ്ഥലങ്ങളിൽ നടപ്പിൽ വരുത്തുന്നതാണ് ഉത്തമം. അല്ലാതെ മഹാരാഷ്ട്രയിലെ രോഗവ്യാപനം കണ്ട് കൊണ്ട്  ഉണ്ടാക്കുന്ന നിയമം തന്നെ  അത്രയും വ്യാപനം ഇല്ലാത്ത കേരളത്തിലും നടത്തിൽ വരുത്തുന്നത് നീതിയല്ലല്ലോ.

Saturday, May 2, 2020

കട ഉടമസ്ഥന്റെ രോദനങ്ങൾ

അപ്പുക്കുട്ടന്  നഗര പ്രാന്തത്തിൽ മൂന്ന് മുറി കടകളുണ്ട്. മൂന്നും വാടകക്ക് കൊടുത്തിട്ടുള്ളതും  ഒരെണ്ണം ഹോട്ടലും  മറ്റൊരെണ്ണം  പലചരക്കും ഇനി ഒരെണ്ണം  പഴക്കടയുമാണ്. അപ്പുക്കുട്ടൻ ഗൾഫിൽ  പ്രവാസിയായി കഴിഞ്ഞിരുന്ന കാലത്ത് മുണ്ട് മുറുക്കി  സമ്പാദിച്ച  തുകയിൽ നിന്നുമാണ്  ഈ കട മുറികൾ വിലക്ക് വാങ്ങിയത്.
വിദേശത്ത് നിന്നും തിരികെ  വന്നപ്പോൾ  അൽപ്പം പ്രമേഹം  കുറച്ച് രക്തസമ്മർദ്ദം എന്നിവ  ശരീരത്തിലും  ലേശം ബാങ്ക് ബാലൻസ്  പാസ്സ് ബുക്കിലുമായാണ് തിരികെ വന്നതെങ്കിലും  കുറേ കാലത്തിനുള്ളിൽ ക്യാഷ് ബാലൻസ്  പൂജ്യത്തിലെത്തുകയും ശരീരത്തിലെ അസുഖങ്ങൾ  നില നിൽക്കുകയും ചെയ്തിരുന്നു.
എന്നാലും അപ്പുക്കുട്ടന്റെയും ഭാര്യയുടെയും വിദ്യാർത്ഥികളായ രണ്ട് കുട്ടികളുടെയും ദൈനംദിന  ചെലവുകൾ  മുമ്പേ പറഞ്ഞ മൂന്ന് മുറി കടകളുടെ വാടക കൊണ്ട് സുഭിക്ഷമായി കഴിഞ്ഞ് വന്നു. കട വാടക എല്ലാ പത്താം  തീയതിയും  വാടകക്കാർ  അപ്പുക്കുട്ടന് നൽകി വന്നിരുന്നു. തീയതി തെറ്റിയാൽ  സാധുസ്വഭാവക്കാരനായ  അപ്പുക്കുട്ടൻ ചൂടാകും നിത്യ കൂട്ടുകാരായ പ്രമേഹവും രക്തസമ്മർദ്ദവും  ആ ചൂടിനെ നിമിഷ നേരം കൊണ്ട് വർദ്ധിപ്പിക്കുകയും തുടർന്ന് മുഖം ചുവന്ന് ശരീരം വിറച്ച്, ചുണ്ടിൽ നിന്നും അസ്പ്ഷ്ട സ്വരത്തിലും  അനുനാസികമായും മലയാളത്തിലെ ചില വാക്കുകൾ ഇറങ്ങി വരുകയും  വാടകക്കാരൻ അന്ന് വൈകുന്നേരം അല്ലെങ്കിൽ പിറ്റേന്ന് രാവിലെ വാടക വീട്ടിൽ എത്തിക്കുകയും ചെയ്ത് വന്നുവല്ലോ. എന്നാലും  അബൂബേക്കർ എന്ന് മുഴുവൻ പേരും അവ്വക്കര് എന്ന് ചെല്ലപ്പേരുമുള്ള ഹോട്ടലുകാരൻ അയാളുടെ വക “ഹറാം പിറപ്പ്“ പലപ്പോഴും എടുത്തു വന്നിരുന്നു, അപ്പോഴൊക്കെ അവ്വക്കരോട് അപ്പുക്കുട്ടൻ  കട ഒഴിഞ്ഞ് തന്നേരേ അൺ വാന്റഡ് ഹെയറേ!  ഞാൻ കച്ചവടം ചെയ്തോളാം എന്ന് പറയുമെങ്കിലും  അവ്വക്കര് കൊക്കെത്ര കുളം കണ്ടു എന്ന മട്ടിൽ പുസ്കെന്ന്  അപ്പുക്കുട്ടന് നേരെ ചു്ണ്ട് പിളർത്തി കാട്ടുകയും ചെയ്തു എന്നതും ഇവിടെ പറയാതെ വയ്യ.
അങ്ങിനെ കാലം ശാന്ത സുന്ദരമായി പൊയിക്കൊണ്ടിരിക്കെ  കൊറോണാ എന്ന പകർച്ചവ്യാധി  മറ്റ് പല ചൈനാമെയ്ക്ക് സാധനങ്ങളോടൊപ്പം നാട്ടിൽ ഇറക്ക്മതി ചെയ്തെത്തുകയും  മൊത്തം നാടും ലോക്കിലാവുകയും ചെയ്തെങ്കിലും അപ്പുക്കുട്ടന്റെ വാടക മുറികളിൽ ഇരുമ്പ് കട ഒഴികെ  ബാക്കി രണ്ട് കടകളും  5 മണിവരെ പ്രവർത്തിച്ച് വന്നിരുന്നു.
പക്ഷേ കട വാടക വാങ്ങാൻ അപ്പുക്കുട്ടൻ  പതിവ് പോലെ പത്താം തീയതി  കടയുടെ മുമ്പിൽ ചെന്നപ്പോൾ അവ്വക്കര് ചുണ്ട് പിളർത്തി കാട്ടുന്നതിന് പകരം  അപ്പുക്കുട്ടന് നേരെ  തന്റെ കൈമുട്ട് മടക്കി ഇന്നാ കടിച്ചോ എന്ന മട്ടിൽ നീട്ടിക്കാണീച്ചു എന്നിട്ട് ഒരു ചോദ്യവും എറിഞ്ഞു .“ റ്റി.വി.യൊന്നും കാണീല്ലേ പിള്ളേ!!“
അപ്പുക്കുട്ടനാണെങ്കിൽ  കൃത്യം ആറ് മണിക്ക്  തന്റെ ആരാദ്ധ്യ പുരുഷനായ മുഖ്യ മന്ത്രിയുടെ റ്റി.വി. പ്രോഗ്രാം  കാണുന്ന ആളും കടുത്ത ഇടത് പക്ഷ ചിന്താഗതിക്കാരനുമാണ് . കാര്യം പിടി കിട്ടാതെ മിഴിച്ച് നിന്ന  അപ്പുക്കുട്ടന് നേരെ  അവ്വക്കര് ഒരു കരയുന്ന പരിഹാസ സ്വരത്തിൽ പറഞ്ഞു രണ്ട് മാസത്തേക്ക് വാടക കൊടുക്കേണ്ടാന്ന് സർക്കാര് പ്രഞ്ഞു.
“ അതിന്  സർക്കാരിന്റെയല്ല, എന്റെയാണ് കടമുറിയെന്ന അപ്പുക്കുട്ടന്റെ ദയനീയ മറുപടിക്ക്  അവ്വക്കര് പഴയ പുസ്ക് പ്രയോഗം അവലംബിച്ചു.
വീട്ടിൽ തിരിച്ചെത്തിയ അപ്പുക്കുട്ടൻ ഭാര്യയോട് ചോദിച്ചു, എടീ, നമ്മുടെ റേഷൻ കാർഡ്  വെള്ളയോ മഞ്ഞയോ?
ങേ അത് ഗൾഫ്കാരന്റെ  കാർഡ് വെള്ളയല്ലേ? എന്തേയിപ്പോൾ കാര്യം.
“എടീ സർക്കാർ തരുന്ന 15 കിലോ സൗജന്യ അരി പോയി കൃത്യം വാങ്ങണം  എന്നിട്ടത് റേഷനായി കുറേശെ എടുത്ത് ഉപയോഗിക്കണം നാടേ ഓടുമ്പോൾ  നടുവേ ഓടണം, ഇനി അടുത്ത സൗജന്യ കിറ്റ് വന്നോ എന്ന് റേഷൻ കടക്കാരനോട്  വന്നോ വന്നോ എന്ന് ചോദിക്കണം,  നമ്മൾ മഞ്ഞ കാർഡ്കാരനല്ല, അത് കൊണ്ട് നമുക്ക് ആരോടും ഒന്നും കൈ നീട്ടാനുമൊക്കില്ല, നമുക്കൊട്ട് ആരും തരുകയുമില്ല, ങാ, നാടൊട്ടുക്ക് ഇതല്ലേ ഗതി,  നീയാ റ്റിവി. ഇട് വാർത്തക്ക് സമയമായി വരുന്നു,  ഇന്നെത്ര കോവിഡ് എന്നറിയണമല്ലോ.......ആ കള്ള അവ്വക്കരിനിട്ട് രണ്ട് കൊടുക്കാൻ ഒരു വഴിയുമില്ലല്ലോ ദൈവമേ! “