Thursday, April 30, 2020

പ്രവാചകൻ അരുളി :

പ്രവാചകൻ അരുളി:-
വഴിയോരങ്ങളിൽ നിങ്ങൾ ഇരിക്കരുത്.
അപ്പോൾ അവിടത്തെ അനുചരന്മാർ പ്രതിബന്ധം ഉന്നയിച്ചു. “ഞങ്ങൾക്ക് അവിടെ ഇരിക്കാതെ നിവർത്തിയില്ല. വഴിയോരങ്ങൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം വർത്തമാനം പറഞ്ഞിരിക്കാനുള്ള ഇടങ്ങളാണ്.“ നബി പറഞ്ഞു. വഴിയോരങ്ങളിൽ ഇരുന്നേ പറ്റൂ  എങ്കിൽ വഴിക്ക് അതിന്റേതായ അവകാശങ്ങൾ നിങ്ങൾ നൽകണം.
അവർ ചോദിച്ചു “വഴിയുടെ അവകാശമെന്താണ്?“
നബി പറഞ്ഞു “കണ്ണ് താഴ്ത്തുക( അന്യസ്ത്രീകളെ നോക്കാതിരിക്കുക പോലുള്ളത്)  ഉപദ്രവം തടുക്കുക, സലാം (അഭിവാദ്യം) മടക്കുക, നന്മ കല്പിക്കുക, തിന്മ വിലക്കുക. ഇവയാണ് വഴിയുടെ അവകാശങ്ങൾ
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

പ്രവാചകൻ കൽപ്പിച്ചു.
ആളുകൾ  തമ്മിൽ വഴിത്തർക്കമുണ്ടായാൽ  ഏഴുമുഴം സ്ഥലം  വഴിക്കനുവദിക്കണം.

(ഏഴുമുഴം= ഏകദേശം പത്തര അടി)

സ്വഹീഹുൽ ബുഖാരി1070,  1071  ഹദീസുകൾ.

നാശ ഗർത്തത്തിലേക്ക് ഓടുന്നവൻ....(N.G.O.)

മനസ്സിലുള്ളത് പലപ്പോഴും വെട്ടി തുറന്ന് പറയാൻ ആഗ്രഹിക്കുമ്പോൾ സ്നേഹമുള്ള മുഖങ്ങളെ ഓർമ്മ വരും. പിന്നെ അങ്ങ് മടിക്കും. പക്ഷേ ഇപ്പോൾ......പറയാതിരിക്കാൻ വയ്യ.
സർക്കാർ ജീവനക്കാരെ പറ്റിയാണ്.
ശമ്പളത്തിൽ നിന്നും ഒരു വിഹിതം കൊറോണാ ദുരന്ത നിവാരണ സഹായത്തിന് വേണ്ടി സർക്കാർ പിടിക്കാൻ ഉത്തരവായപ്പോൾ ചിലർ അതിന് വിസമ്മതിച്ച് മാറി നിന്നു. അതവരുടെ കാര്യമെന്ന് പറയുന്നതിലുപരി ആ വിഷയത്തിൽ ഒരു അഭിപ്രായവും അനുകൂലമോ പ്രതികൂലമോ ആയി ഈ കുറിപ്പുകാരനില്ല. കാരണം ഒരുപാട് ഒരുപാട് വർഷങ്ങളിലെ സർക്കാർ ജീവനത്തിനിടയിൽ പലതും കാണുകയും കേൾക്കുകയും ഇപ്പോഴും അതെല്ലാം ഓർമ്മയിൽ സൂക്ഷിക്കുന്നവനും അതേ കഴിയൂ.
അതിനാൽ തന്നെ സാലറി കട്ടിൽ അനുകൂലമോ പ്രതികൂലമോ എന്ന വാദവിഷയം മാറ്റി വെക്കുന്നു, അതും പറഞ്ഞ് ആരും മെക്കിട്ട് കയറി വരുകയും വേണ്ടാ.
ഇവിടെ മറ്റൊന്നാണ് വിഷയം. ശമ്പളം പിടിക്കുന്നതിനെതിരെ കോടതിയിൽ പോയവരെയും ശമ്പളം പിടിക്കാൻ അനുവദിക്കാത്തവരെയും വിമർശിക്കാൻ അഹമഹമികയാ പലരും മുന്നോട്ട് വന്നു. അതിൽ എല്ലാ വിഭാഗ്ക്കാരുമുണ്ട്. അവരുടെ വിമർശനങ്ങളിൽ സാംഗത്യവുമുണ്ട്.
പക്ഷേ വിമർശിച്ച് വിമർശിച്ച് അങ്ങ് മുന്നേറുമ്പോൾ സർക്കാർ ജീവനക്കാരനെ സംബന്ധിച്ച് ഒരു ചിത്രം സാധാരണക്കാരന്റെ ഉള്ളിൽ ഉരുത്തിരിഞ്ഞ് തെളിഞ്ഞ് വരുന്നുണ്ട് എന്ന് കാണാതിരിക്കാൻ വയ്യ.. അതെന്തെന്നാൽ ഈ സർക്കാർ ജീവനക്കാരൻ കനത്ത ശമ്പളം പ്രതിമാസം വാങ്ങി അങ്ങ് അർമാദിച്ച് ജീവിക്കുകയാണ്. അവന് എന്ത് ബുദ്ധിമുട്ട്? ഈ നാട്ടിലെ പട്ടിണി പാവങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ അവൻ എന്ത് കഷ്ടപ്പാട്? മാസം പത്ത് നാല്പതിനായിരം എണ്ണി വാങ്ങുന്നില്ലേ? ഇവിടെയുള്ള ദരിദ്രരെ നോക്കുക, അവരുടെ പട്ടിണി മാറ്റണ്ടേ? റവന്യൂ വരുമാനത്തിന്റെ സിംഹ ഭാഗം ജീവനക്കാരന് ശമ്പളത്തിന് ചെലവാകുന്നു. (ചിലർ വരവും ചെലവും കണക്കും കൊടുത്തിട്ടുണ്ട്) ചുരുക്കത്തിൽ ഒരു അന്യഗ്രഹ ജീവിയാണ് സർക്കാർ ജീവനക്കാരൻ.
( ഈ നാട്ടിൽ പട്ടിണിയും പരിവട്ടവുമുണ്ടോ ഒരു മെയ്സണ് എന്ത് ശമ്പളം മൈക്കാടിന് എന്ത് ശമ്പളം അതെല്ലാം പിന്നെ നമുക്ക് ചർച്ചിക്കാം) ഇപ്പോൾ വിഷയത്തിലേക്ക് വരാം
ഒരു ഹെഡ്ക്ളർക്ക് പോസ്റ്റിന് താഴെ ഉള്ള സർക്കാർ ഗുമസ്തന് അവന്റെ പിടുത്തങ്ങളെല്ലാം കഴിഞ്ഞ് മിച്ച ശമ്പളം ഒപ്പിട്ട് വാങ്ങുന്നത് എത്രയെന്ന് ആർക്കെങ്കിലും അറിയാമോ? അപ്പോൾ ശമ്പളത്തിൽ നിന്ന് പിടിക്കുന്നത് സമ്പാദ്യമല്ലേ എന്ന് ചോദിച്ചേക്കാം. അതേ! സുഹൃത്തേ! ആ സമ്പാദ്യം ഇന്ന് 100 രൂപാ പിടിച്ചാൽ കുറച്ച് ഗ്യാസ് ട്രബിളും പൈൽസും അസാരം പ്രമേഹവും പിന്നെ അൽപ്പം ഹൃദ്രോഗവും ബാധിച്ച് പെൻഷൻ സമയമാകുമ്പോൾ ആ നൂറിന്റെ കൂടെ കുറച്ച് പലിശയും കൂടി ചേർത്ത് ഒരു തുക കിട്ടും. പക്ഷേ ഇന്ന് ആ 100 രൂപക്ക് ഒരുകോഴികുഞ്ഞിനെ കിട്ടുമെങ്കിൽ അന്ന് പെൻഷൻ സമയത്ത് ആ നൂറും പലിശയും ചേർത്താലും ഒരു കോഴിമുട്ട വാങ്ങാൻ ആ പൈസായ്ക്ക് വില കാണില്ല. മാത്രമല്ല, പെൻഷൻ പറ്റാൻ നോക്കിയിരിക്കും ഹൃദ്രോഗവും മറ്റും രംഗത്തെത്താൻ.
കൈക്കൂലി വാങ്ങാതെ സത്യ സന്ധമായി ജോലി നോക്കുന്ന (ഇപ്പോൾ ബഹുഭൂരിപക്ഷവും അപ്രകാരം തന്നെ ഉള്ളവരാണ്) ഏത് സർക്കാർ ജീവനക്കാരനാൺ` കട ബാദ്ധ്യത ഇല്ലാത്തത്. പെൺകുട്ടികൾ ഉള്ളവർക്ക് വിവാഹ പ്രായം ആകുമ്പോൾ സ്ത്രീ ധനം കൊടുക്കേണ്ട, അൽപ്പം സ്വർണം എങ്കിലും വാങ്ങി ഇട്ട് കല്യാണ ചെലവും ലഘുവായെങ്കിലും നടത്തി കഴിയുമ്പോൾ അവൻ പി.എഫ്. ലോൺ കഴിഞ്ഞാലും ബാക്കി ഒരു നല്ല തുക കടക്കാരനായിരിക്കും. മറ്റ് വരുമാനമില്ലാത്ത നെല്ലും തേങ്ങായും ആദായം ഇല്ലാത്ത ഒരു സാധാരണക്കാരനായ ജീവനക്കാരന്റെ കാര്യമാണ് ഈ പറയുന്നത്. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടേ? അമ്പല പിരിവും പള്ളി പിരിവും കൊടുക്കേണ്ടേ? വീട്ടിന് മുമ്പിൽ ഭിക്ഷക്കാരൻ വന്നാൽ അവന് കൊടുക്കേണ്ടേ> 10 രൂപായിൽ കുറഞ്ഞ് കൊടുത്താൽ അവൻ തിരിച്ച് മുഖത്തെറിയും. അതും എല്ലാ ചെലവും ഈ എണ്ണി തിട്ടപ്പെടുത്തി കിട്ടുന്നതിൽ നിന്നുമാണ് ഈ കിട്ടുന്ന ശമ്പളത്തിൽ നിന്നാണ്.

സ്വാഭാവികമായി ഒരു ചോദ്യം ഉയർന്നേക്കാം. ഈ നാട്ടിലെ പാവപ്പെട്ടവന്റെ സ്ഥിതിയും അത് തന്നെയാണെന്ന്. അതേടോ......സമ്മതിച്ചു, പിന്നെ എന്തിന് സർക്കാർ ജീവനക്കാരൻ സുഖിച്ച് മദിച്ച് കഴിയുന്നെന്ന കണ്ട് പിടുത്തം. ഇനിയുമുണ്ട്. വിവാഹ സംഭാവന സാധാരണക്കാരന് ഒരു നിയന്ത്രണമുണ്ട്. കാരണം അവൻ ദരിദ്രനും പട്ടിണിക്കരനുമാണ് സർക്കാർ ജീവനക്കാരനോ ഓ! അവൻ ഇന്ന...ആഫീസിൽ ഉദ്യോഗസ്ഥനാണ്...ഒട്ടും കുറക്കാനൊക്കില്ല.
ചുരുക്കത്തിൽ N.G.O. എന്ന വാക്കിന്റെ അർത്ഥം നോൺ ഗസറ്റഡ് ഓഫീസർ എന്നല്ല, നാശ ഗർത്തത്തിലേക്ക് ഓടുന്നവൻ എന്നാണെന്ന് തിരിച്ചറിയുക.
ഞങ്ങളുടെ ഗണപതി അമ്പലത്തിന് സമീപം പണ്ട്അലഞ്ഞ് തിരിയുന്ന ഒരു വൃദ്ധൻ ഉണ്ടായിരുന്നു. അയാളോട് വല്ലതും ആരെങ്കിലും തരുന്നുണ്ടോ എന്ന് ചോദിച്ചാൽ “തരുന്ന തായോ....യും തരാത്ത തായോ...യും ഉണ്ട് എന്ന് പറയുമായിരുന്നു.
ഇവിടെ സർക്കാർ ദുരിത നിവാരണത്തിനായി തരുന്നവനും തരാത്തവനും കണ്ടേക്കാം പക്ഷേ ഫണ്ട് തരാത്തവനെ പറ്റി വിമർശിക്കുമ്പോൾ അത് മൊത്തമായി സർക്കാർ ജീവനക്കാരനെ പറ്റിയുള്ള വിമർശനമാകല്ലേ മക്കളേ! സത്യ സന്ധനായ ഒരു എൻ.ജി.ഒ. യുടെ അതായത് സർക്കാർ ജീവനക്കാരന്റെ
അവസ്ത സത്യസന്ധമായി പറഞ്ഞതാണ് എവിടെയെങ്കിലും ഉള്ള കഞ്ഞിയും കുടിച്ച് കിടന്നോട്ടെ. അലക്കി ഇസ്തിരിയിട്ട വേഷത്തിനുള്ളീൽ ഉരുകുന്ന മനസായിരിക്കും പലർക്കുമെന്ന് ഓർമ്മിക്കണേ!

Friday, April 17, 2020

സ്വാതന്ത്രിയത്തിന്റെ വില

എന്റെ വാഹനം  എനിക്കിഷ്ടമുള്ളപ്പോൾ  നിരത്തിലിറക്കി  എനിക്കിഷ്ടമുള്ളിടത്ത്  പോകാൻ സാധിച്ചിരുന്നപ്പോൾ  അപ്രകാരം എനിക്ക് പോകാൻ സാധിക്കാത്ത  അവസ്ഥയെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. ഇപ്പോൾ അപ്രകാരം ഞാൻ ഒരുമ്പെട്ട് നിരത്തിലറക്കിയാൽ  ഞാൻ കുറ്റവാളിയായി പിടിക്കപ്പെടുകയും എന്റെ വാഹനം പൊടിയാലും കാക്ക കാഷ്ഠത്താലും അലങ്കരിക്കപ്പെട്ട് അനാഥമായി  ഉപേക്ഷിക്കപ്പെടുകയും  ചെയ്യുമ്പോഴാണ് എന്റെ പഴയ സ്വാതന്ത്രിയത്തിന്റെ വില ഞാനറിയുന്നത്..
കയ്യിൽ പൈസാ ഉണ്ടെങ്കിൽ  എത്ര ദൂരമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഭക്ഷണ ശാലയിലും പോയി എന്റെ നാവിന് രുചിയുള്ള ആഹാരം  കഴിക്കാൻ എനിക്ക് സാധിച്ചിരുന്നപ്പോൾ  ആ സ്വാതന്ത്രിയത്തിന്റെ വിലയെന്തെന്ന് എനിക്കറിയില്ലായിരുന്നു.. ഇപ്പോൾ ഒരു ചാക്ക് കറൻസി നോട്ടുകൾ എന്റെ കൈവശം ഉണ്ടായിരുന്നാലും  എനിക്ക് അവിടെ പോയിരുന്നു ആഹാരം കഴിക്കാൻ  സാധിക്കാതെ വന്നപ്പോഴാണ്  എന്റെ വ്യക്തി സ്വാതന്ത്രിയത്തിന്റെ വില ഞാൻ മനസിലാക്കിയത്.
ഇഷ്ടമുള്ള വിഭവങ്ങൾ ഇഷ്ടപ്രകാരം വീടുകളിരുന്ന് സമയാ സമയങ്ങളിൽ ചെലുത്തിക്കൊണ്ടിരുന്നപ്പോൾ എന്റെ താല്പര്യ സംരക്ഷണത്തിന്റെ മൂല്യം  എന്തെന്ന്  ഞാൻ മനസിലാക്കിയിരുന്നില്ല. ഇപ്പോൾ കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെട്ട് ഭക്ഷണം കഴിക്കുമ്പോൾ  ഇഷ്ട വിഭവങ്ങൾ ഉപയോഗിക്കാനും  ആസ്വദിക്കാനുമുണ്ടായിരുന്ന പഴയ  സ്വാതന്ത്രിയത്തിന്റെ വില എന്തെന്ന് എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നു.
  ദേവാലയങ്ങളിൽ നിന്നും മണി നാദത്താലും  ശംഖ് ധ്വനിയാലും വാങ്ക് വിളിയാലും ക്ഷണം ഉണ്ടാകുമ്പോൾ പണ്ട് പോയിരുന്നത് പോലെ  പ്രാർത്ഥനക്കായി പോകാനുള്ള സ്വാതന്ത്രിയം  നിഷേധിക്കപ്പെട്ടപ്പോഴാണ്  മുൻ കാലത്ത്അനുഭവിച്ചിരുന്നതും     ഇപ്പോൾ അനുഭവിക്കാൻ സാധിക്കാത്തതിന്റെയും വിലയും വ്യത്യാസവും   മനസ്സിലാക്കാൻ കഴിയുന്നത്.
സമൂഹ നന്മയെ കരുതി  വ്യക്തിസ്വാതന്ത്രിയം  തടയപ്പെടേണ്ടത്  രാഷ്ട്രത്തിന്റെ ഭദ്രതക്ക് അനിവാര്യമാണെന്നുള്ളതിന്  ഒരു തർക്കവുമില്ല. പക്ഷേ  അനുഭവിച്ച് കൊണ്ടിരുന്നപ്പോൾ അന്ന് അനുഭവിച്ചിരുന്നതിന്റെ വിലയെന്തെന്ന് കൂടി പൗരൻ മനസ്സിലാക്കിയിരിക്കണം. 


Wednesday, April 15, 2020

കോവിഡ് ചിന്തകൾ

 കോവിഡ് മഹാ മാരി പ്രതിരോധത്തിൽ കേരളം ലോകോത്തര നിലവാരത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. ജനങ്ങളുടെ അവബോധ മികവും  ആരോഗ്യ രംഗത്തെ പ്രവർത്തകരുടെ നിസ്വാർത്ഥമായ  പ്രവർത്തനവും ഇതെല്ലാം ഏകോപിച്ച്  മേൽ നോട്ടം നടത്തുന്ന ഭരണ മികവും എടുത്ത് പറയേണ്ടത് തന്നെയാണ്.
ഓരോ അനുഭവവും  നിരീക്ഷിച്ച്  ആ അനുഭവജ്ഞാനം ഭാവിയിലേക്ക് മുതൽ കൂട്ടാക്കേണ്ടത് മനുഷ്യരുടെ  ആവശ്യമാണല്ലോ. ഈ കോവിഡ് വിഷയം നിരീക്ഷിക്കുമ്പോൾ  പലരും അവഗണിക്കുന്ന ഒരു  വസ്തുത ഉണ്ട്. കോവിഡ് രോഗ ശമന നിരക്ക് രാജ്യത്തെ  ഏറ്റവും മികച്ചതാണ് കേരളത്തിൽ.  ലോക നിരവാലത്തിലും  അത് തന്നെ.
ഇവിടെ ചിന്തിക്കേണ്ട ഒരു  വസ്തുത രോഗം വന്നതിനു ശേഷമുള്ള ചികിൽസ  കേരളത്തിലും മറ്റിടങ്ങളിലും വ്യത്യസ്തമാണോ? രോഗ പ്രതിരോധത്തിന്റെ മികവും രോഗവ്യാപനവുമല്ല ഇവിടെ സൂചിപ്പിക്കുന്നത്. രോഗം വന്നതിന് ശേഷമുള്ള ചികിൽസയെ പറ്റിയാണ്.
മോഡേൺ മെഡിസിനിൽ  ഒരു രോഗത്തിന്റെ ചികിൽസക്കുള്ള  മരുന്ന് സമാനമായിരിക്കും. രോഗത്തിന്റെ ലക്ഷണങ്ങളും അപ്രകാരം തന്നെ. പിന്നീടെന്ത് കൊണ്ട് മറ്റിടങ്ങളിൽ രോഗം ബാധിച്ച് കഴിഞ്ഞ് ചികിൽസിച്ചിട്ടും  ഈയാം പാറ്റകളെ പോലെ മനുഷ്യൻ മരിച്ച് വീഴുന്നു. ആദ്യമാദ്യമെല്ലാം രോഗത്തെ അവഗണിക്കുകയും ഗുരുതരാവസ്തയിൽ എത്തിയിട്ട് മാത്രം ചികിൽസ തേടിയത് കൊണ്ടായിരിക്കാം എന്ന് നമുക്ക് ന്യായീകരിക്കാമായിരുന്നു.  ആ അവസ്ത മാറി രോഗ ലക്ഷണം കാണുമ്പോൾ ത്ന്നെ ചികിൽസ തുടങ്ങിയാലും അമേരിക്ക  , ഇറ്റലി സ്പൈൻ, തുടങ്ങിയ സ്ഥലങ്ങളിൽ രോഗ ശമനം കുറയുകയും മരണ നിരക്ക് കൂടുകയും ചെയ്യുന്നത് എന്ത് കൊണ്ട്?. അതേ സമയം കേരളത്തിൽ മരണം കഷ്ടിച്ച് 4ൽ എത്തി നിൽക്കുന്നു. അതും മരണപ്പെട്ടവർ  കിഡ്നി, പ്രമേഹം, ഹൃദ്രോഗം തുടങ്ങി ഇതര രോഗ പീഡകളാൽ അവശരായിരുന്നു, വൃദ്ധരുമായിരുന്നു. മറ്റ് സ്ഥലങ്ങളിൽ യുവാക്കളും വൃദ്ധരല്ലാത്തവരും കൂടുതലുണ്ടായിരുന്നു. 90 കഴിഞ്ഞവരെയും കേരളത്തിൽ ചികിൽസിച്ച് ഭേദമാക്കിയ റിപ്പോർട്ട്  ഉണ്ട്.
രോഗ ശമനത്തിൽ  കേരളം ഇപ്രകാരം മെച്ചപ്പെട്ട് നിൽക്കാൻ കാരണമെന്ത്?
ഡോക്ടറന്മാരുടെ ചികിൽസാ നൈപുണ്യവും  മറ്റ് ശുശ്രൂകരുടെ ആത്മാർത്ഥമായ  സേവനം കൊണ്ടാണ് എന്നാണ് ഉത്തരമെങ്കിൽ അമേരിക്കയിലും മറ്റിടങ്ങളിലും അതില്ലാത്തത് കൊണ്ടാണ് മരണ നിരക്ക് കൂടിയതെന്ന് പറയേണ്ടി വരും.  മറ്റ് രോഗങ്ങൾക്ക് വിദഗ്ദ ചികിൽസക്ക് അമേരിക്കയിലേക്കാണ് ആൾക്കാർ പായുന്നത്. അപ്പോൾ അവിടെ ചികിൽസ ശരിയല്ലാ എന്ന് എങ്ങിനെ പറയാൻ കഴിയും?
കാലാവസ്ഥാ വ്യത്യാസം ഒരു കാരണമാണോ?
മരുന്ന് ആഗീരണം ചെയ്യാനുള്ള  മനുഷ്യന്റെ കഴിവ് ഇവിടെയും അവിടെയും വ്യത്യസ്തമാണോ?
ഭക്ഷണ രീതി ഒരു ഘടകമാണോ?
ഇതൊന്നുമല്ല, വൈറസിന്റെ  ഘടനക്ക് അവിടെയും ഇവിടെയും വ്യത്യാസമുണ്ടോ? (രോഗങ്ങൾക്ക് തന്നെ  മൂപ്പിളവ് ഉണ്ട്. എട്ടിന് തട്ടുന്ന മസൂരിയും, 12ന് തട്ടി പോകുന്നതും  രോഗം ഭേദമാകുന്ന തരവും പണ്ട് ഉണ്ടായിരുന്നു)
 മനുഷ്യ രാശിയുടെ ഭാവി നന്മക്ക് വേണ്ടി കേരളത്തിലെയും  ഇതര നാടുകളിലെയും ചികിൽസ സംബന്ധിച്ച് ഒരു താരതമ്യ പഠനം വേണ്ടതല്ലേ?

Sunday, April 12, 2020

കോവിഡ് സമൂഹവ്യാപനം

മനുഷ്യ ശക്തിക്കതീതമായ പ്രകൃതിക്ഷോഭത്താലാണ് പ്രളയദുരന്തം സംഭവിച്ചത്.പക്ഷേ കോവി
ഇന്നത്തെ മാത്രം ലോക്ക്ഡൗൺ നിരോധ ലംഘന കേസ് 2342. അറസ്റ്റ് 22ഡ് മഹാമാരിയുടെ സമൂഹ വ്യാപനത്തിന് കാരണം മനുഷ്യൻ മാത്രം36

Wednesday, April 8, 2020

ഗുസ്തിയുടെ മർമ്മം

 ഒരു ഗുസ്തി മൽസരത്തിന്റെ  ഓർമ്മയാണ് ഈ കുറിപ്പുകൾ.
വർഷങ്ങൾക്ക് മുമ്പ് വരെ,  ഗുസ്തി മലയാളികൾക്ക്  പ്രത്യേകിച്ച് കൊച്ചി, ആലപ്പുഴ , കായംകുളം, കൊല്ലം പ്രദേശങ്ങളിലുള്ളവർക്ക്  ഹരമായിരുന്നു. പ്രതിമാസം ഒരു മൽസരമെങ്കിലും  പ്രധാന നഗരങ്ങളിൽ ഉണ്ടായിരുന്നു. വാതു വെപ്പും കുറവല്ല.
പോളച്ചിറ രാമചന്ദ്രൻ,  ആസാം ബഷീർ, നെട്ടൂർ വിശ്വംഭരൻ, ഇലക്ട്രിക്ക് മൈതീൻ കുഞ്ഞു, വല്ലാടൻ മമ്മൂഞ്ഞ്, കൽക്കത്ത അബ്ദുൽ റസാക്ക്, ഗാമ, മുതലായ പ്രസിദ്ധ  ഫയൽ വാന്മാരുടെ പേരുകൾ ഞങ്ങൾ കുട്ടികൾക്ക് കാണാ പാഠമായിരുന്നു. ധാരാസിംഗും കിംകോങ്ങുമായുള്ള  മൽസരം ആലപ്പുഴ ബീച്ചിൽ വെച്ച് നടന്നതിന് ശേഷം  ഞങ്ങൾ കുട്ടികൾ  വല്ലപ്പോഴും റിലീസ് ചെയ്യുന്ന  മലയാളം  സിനിമകളുടെ പുറകേ  പോകാതെ ഗുസ്തികളുടെ  ആകർഷണ വലയത്തിൽ പെട്ടു.
 ആയിടെ ശ്രദ്ധ ആകർഷിച്ച ഒരു മൽസരമായിരുന്നു, ആസാം ബഷീറും നെട്ടൂർ വിശ്വംഭരനുമായുള്ള ഗുസ്തി.
ആസാം ബഷീർ തയാറെടുപ്പ് നടത്തിയത് ആലപ്പുഴ വട്ടപ്പള്ളിയിലുള്ള ഹംസാ ഇക്കായുടെ വിറക് ചാപ്രായിൽ താമസിച്ച് കൊണ്ടായിരുന്നു. തയാറെടുപ്പ് എന്ന് പറഞ്ഞാൽ  ഗുസ്തിക്ക് മുമ്പുള്ള ദിവസങ്ങളിൽ ആഹാരം കഴിച്ച് ശരീരം പുഷ്ടിപ്പെടുത്തലും വ്യായാമം ചെയ്യലുമായിരുന്നു. ഞങ്ങൾ വിറക് ചാപ്രായുടെ  പുറകിൽ നിന്ന് വ്യായാമ  മുറകൾ  നിരീക്ഷിച്ച് കൊണ്ടിരുന്നു. അങ്ങിനെ ഇരിക്കവേ  ഫയൽ വാൻ  ഞങ്ങളിൽ മുതിർന്നവരെ പരിശീലനത്തിന് പങ്കാളികളാകാൻ വിളിച്ചു. കുട്ടികളായ ഞങ്ങളെ      അയാൾ അവഗണിച്ചുവെങ്കിലും ഞങ്ങൾ ഏകലവ്യൻ മോഡലിൽ  ദ്രോണാചാര്യർ പഠിപ്പിക്കുന്നത് കണ്ട് ഗുസ്തി മുറകൾ ഹൃദിസ്തമാക്കാൻ  ശ്രമം തുടങ്ങി.      മുണ്ടിന് താഴെ കൗപീനം മാതൃകയിൽ ലങ്കോട്ടിയും അതിന് മുകളിൽഷഡ്ഡിയുമാണ് ഫയൽ വാന്മാരുടെ യൂണി ഫോം.
 ഇടത് കൈ ഇംഗ്ളീഷ് അക്ഷരം വി. മാതൃകയിൽ  മാറിൽ ചേർത്ത് വെച്ച് വലത് കൈ കൊണ്ട് അതിന് മുകളിൽ അടിച്ചു ശബ്ദമുണ്ടാക്കുവാനും  രണ്ട് തുടയിലും കൈ പത്തി വെച്ചടിച്ച് അലറുവാനും   ചില പൂട്ടുകളും കോരി അടിയും ഒഴിഞ്ഞ് മാറലുമായ ഗുസ്തി മുറകളും  എല്ലാം കണ്ട് ഏകലവ്യന്മാർ പഠിക്കുകയും  പള്ളിയുടെ തെക്ക് വശത്തുള്ള അരയന്റെ പറമ്പിലെ പൂഴി മണലിൽ കണ്ട് പഠിച്ചത്  പരസ്പരം പ്രയോഗിക്കുകയും ചെയ്തു.

നെട്ടൂർ വിശ്വംഭരൻ ആസാം ബഷീറിനെ ആ  മൽസരത്തിൽ കോരി എടുത്ത് മലർത്തി അടിച്ചെങ്കിലും ഞങ്ങൾ കണ്ട് പടിച്ച മുറകൾ പിന്നെയും അരയന്റെ പറമ്പിൽ കുട്ടികൾ അരങ്ങേറി കൊണ്ടിരുന്ന ഒരു ദിവസം മമ്മാനി എന്ന് ഞങ്ങൾ വിളിക്കുന്ന മുഹമ്മദ് ഹനീഫ  അവന്റെ തുടയിൽ കൈ കൊണ്ടടിച്ച്  എന്നെ ഗുസ്തിക്കായി വെല്ല് വിളിച്ചു. “വാടാ ചുണയുണ്ടെങ്കിൽ “ എന്ന്...
തടിയൻ ഷുക്കൂറും കാലിപ്പാട്ട ഖാലിദും  കൂടി എന്നെ ചൂടാക്കി വെല്ല് വിളി  ഏറ്റെടുക്കാൻ  നിർബന്ധിതനാക്കി. മൽസരം പിറ്റേ ദിവസം  അരയന്റെ  പറമ്പിൽ വെച്ച് എന്ന് തീരുമാനമായി. റഫറി തടിയൻ ഷുക്കൂർ എന്നും  എല്ലാവരും സമ്മതിച്ചു. പന്തയ തുക ജയിക്കുന്നവന് അൻപത് പൈസാ തോറ്റവൻ കൊടുക്കണം. ഞങ്ങൾ കുട്ടികൾക്ക് ആ അൻപത് പൈസാ ചെറുതല്ലാത്ത തുകയായിരുന്നു അന്ന്.
വാശിക്ക് മൽസരത്തിന് സമ്മതിച്ചെങ്കിലും  എന്റെ ഉള്ളിൽ ഭയമുണ്ടായിരുന്നു. അത് ഞാൻ തടിയൻ ഷുക്കൂറിനോട് രഹസ്യമായി പറഞ്ഞു.
“എടാ തടിയാ! ആ കാലമാടൻ എന്നെ തൂക്കി എടുത്ത് എറിയുമെടാ.... എനിക്ക് ലങ്കോട്ടി ഇല്ലാ എന്ന് പറഞ്ഞ് മൽസരത്തിൽ നിന്നും ഒഴിഞ്ഞാലോ?“
“ എടാ! പന്നീ......മൽസരത്തിൽ നിന്നും ഒഴിഞ്ഞാൽ നിന്നെ ഞങ്ങൾ എടുത്ത് കോരി എറിയും ഞങ്ങളുടെ അഭിമാന പ്രശ്നമാണിത്  “ എന്നായി ഷുക്കൂർ.
എന്നിട്ട് ഷുക്കൂർ രഹസ്യമായി ഒരു മുറ ഉപദേശിച്ച് തന്നു.“ നീ അത്  ചെയ്താൽ മതി മമ്മാനി തോറ്റ് തുന്നം പാടും ഞാനല്ലേ റഫറി , നീ പേടിക്കാതെടാ  ഹമുക്കേ! ഷുക്കൂർ ധൈര്യം തന്നു.
മൽസര സമയമായി. അരയന്റെ പറമ്പിൽ ചെന്നപ്പോൾ മമ്മാനി ലങ്കോട്ടിയും ഷഡ്ഡിയും കെട്ടി  ഉഷാറായി നിൽക്കുന്നു. നാല് ചുറ്റും കുറേ പിള്ളേരും  കൂടിയിട്ടുണ്ട്. ഞാനും  ഉടുത്തിരുന്ന കൈലി കോണകം മാതൃകയിൽ ഉടുത്ത് തയാറായി.
 റഫറി വിസിലടിച്ചപ്പോൾ  ഞങ്ങൾ  ചുറ്റും കറങ്ങാൻ തുടങ്ങി. മമ്മാനി അവന്റെ തടിച്ച തുടയിലടിച്ച്  ഹോ! ഹോ! എന്ന് അലറി വിളിച്ചു. അശുവായ  ഞാനും വിട്ടില്ല  വണ്ണമില്ലാത്ത തുടയായത് കൊണ്ട് അതിലിട്ടടിക്കാതെ ടാർസൻ മോഡലിൽ മാനത്തേക്ക് നോക്കി അലറി കൂവി വിളിച്ചു.
പെട്ടെന്ന് മമ്മാനി  ഓടി വന്ന് എന്നെ മുഖാമുഖം കെട്ടി പിടിച്ച് വരിഞ്ഞ് മുറുക്കി മലർത്തി അടിക്കാൻ നോക്കി. എനിക്ക് ശ്വാസം കിട്ടാതായി. അപ്പോൾ ഞാൻ ഷുക്കൂർ പറഞ്ഞ് തന്ന മുറ പ്രയോഗിച്ചു.ഒരു കൈ എങ്ങിനെയോ സ്വതന്ത്രനാക്കി  അവന്റെ സുനാപ്പി ആസകലം ഒരു പിടി പിടിച്ച്  ഞെക്കി. മമ്മാനിക്ക് ഹൈഡ്രോസെൽ രോഗം (വൃഷണ വീക്കം) ഉണ്ടായിരുന്നത് കൊണ്ട് ലങ്കോട്ടി കൊണ്ട് കെട്ടി മുറുക്കിയിരുന്നെങ്കിലും സംഗതി  ഭാഗികമായി പുറത്തുണ്ടായിരുന്നു. അവൻ “ ഹെന്റള്ളോ !! പുഞ്ഞാണീന്ന് വിടെടാ പന്നീീ....“ എന്ന് കൂവി.
നിമിഷ നേരം കൊണ്ട് ഞാനെന്റെ കാൽ  അവന്റെ കാലിന് പുറകിൽ പിടിച്ച് അവനെ തള്ളി മലർത്തി ഇട്ടു. നെഞ്ചത്ത് കയറി ഇരുന്ന് മാനത്ത് നോക്കി അലറി കൂവി .
“അവനെന്റെ പുഞ്ഞാണീ പിടിച്ച് ഞെക്കിയാ കളി ജയിച്ചത്“ എന്ന് മമ്മാനി  കൂവിയാർത്തു..
അത് താൻ കണ്ടില്ലെന്ന് ട്രഫറി മൊഴി പറഞ്ഞു. എന്നിട്ട്  ഞാൻ ജയിച്ചതായി ഫത് വായും. പുറപ്പെടുവിച്ചു.  തടിയനെ പേടി ഉള്ളതിനാൽ മമ്മാനി പന്തയ തുക തന്നു. ഞങ്ങൾ ആ പൈസാ കൊണ്ട്  പലചരക്ക്  മമ്മദിക്കായുടെ കടയിൽ നിന്നും ഉണ്ട ശർക്കരയും  തേങ്ങാ പൂളും വാങ്ങി തിന്നു. ഞങ്ങൾ കുട്ടികളുടെ ആ കാലത്തെ വിശിഷ്ട ഭോജ്യമായിരുന്നു അത്..
കാലം കടന്ന് പോയി. വർഷങ്ങൾക്ക് ശേഷം  ഞാൻ ആലപ്പുഴ വട്ടപ്പള്ളിയിൽ പോയപ്പോഴൊക്കെ  പഴയ കൂട്ടുകാരെ തിരക്കുമ്പോൾ  മമ്മാനിയെയും തിരക്കും. പക്ഷേ അവനെ കാണാൻ പറ്റിയില്ല. ആലപ്പുഴയിലെ ജന പ്രവാഹത്തിൽ അവൻ എവിടെയോ മറഞ്ഞ്  പോയി.