Thursday, June 27, 2019

കമ്പി അടി....

 കൊല്ലം റെയിൽ വേ കോടതിയിലെ ആലപ്പുഴയിലെ  അന്നത്തെ ക്യാമ്പ് സിറ്റിംഗ് കഴിഞ്ഞ്  തിരികെ പോകാനുള്ള തിരക്കിൽ ഇനി വരുന്ന ട്രൈനിൽ കയറുവാനായി  പ്ളാറ്റ് ഫോമിലേക്ക് നടക്കുകയായിരുന്നു ഞാൻ. സഹപ്രവർത്തകർ  മുമ്പേ നടക്കുന്നുണ്ട്.
പ്ലാറ്റ് ഫോമിൽ  തണുത്ത വെള്ളം സൂക്ഷിക്കുന്ന  ഇടത്തിനടുത്ത് നിൽക്കുന്ന
  പ്രായമുള്ള സ്ത്രീ  എന്നെ കണ്ട് ഭവ്യതയോടെ ചിരിച്ച് ഒഴിഞ്ഞ് നിന്നു,
അനധികൃതമായി  പ്ലാറ്റ് ഫോമിൽ  പലഹാര കച്ചവടം ചെയ്തിരുന്ന അവരെ റെയിൽ വേ പോലീസ് പിടിച്ച് കൊണ്ട് വന്നതും കുറ്റം സമ്മതിച്ച അവർക്ക് പിഴ ശിക്ഷ കൊടുത്തതും ഞാൻ അപ്പോൾ ഓർമ്മിച്ചതിനാൽ അവരെ ശ്രദ്ധിക്കാതെ    മുമ്പോട്ട് പോയി.
ഞാൻ കടന്ന് മുമ്പോട്ട്  പോയപ്പോൾ അവർ പതുക്കെ വിളിച്ചു. “കൊച്ച് സായിപ്പേ.......“ വർഷങ്ങൾക്കപ്പുറത്തെ ഏതോ കാലത്ത് നിന്നുമുള്ള ആ വിളി എന്നെ  ഞെട്ടിച്ചു.
 ഇത് ആലപ്പുഴയാണ് ഞാൻ ജനിച്ച് വളർന്ന  നാട്. കഴിഞ്ഞ ഏതോ ഒരു ക്യാമ്പ് സിറ്റിംഗിൽ  എന്റെ ബാല്യകാല സുഹൃത്തിനെ ഞാൻ  തിരിച്ചറിയാതെ  കർശനമായി പെരുമാറിയതും അവൻ പ്രതികരിക്കാതെ ചിരിച്ച് കൊണ്ട് നിന്നതും അവൻ  പോയി കഴിഞ്ഞതിന് ശേഷം രസീത് ഒപ്പിടുമ്പോൾ  മേൽ വിലാസം  വായിച്ച് അവനെ ഞാൻ തിരിച്ചറിഞ്ഞ് അതിയായ വേദനയോടെ  അവനെ തിരക്കി ഓടിയതും  പക്ഷേ ആളെ കണ്ടെത്താനാവാത്തതും എന്റെ മനസ്സിൽ ഇപ്പോഴും അവശേഷിക്കുന്നതിനാൽ അതേ പോലെ അബദ്ധം ഇനി സംഭവിക്കരുതെന്ന വിചാരത്താൽ കൊച്ച് സായിപ്പേ എന്ന  ഈ വിളി കേട്ടപ്പോൾ ഞാൻ തിരിഞ്ഞ് നിന്നു.
“ഈ ജോലിയിൽ കമ്പി അടിക്കുമെന്ന് പേടിക്കേണ്ടല്ലോ....“ നിറഞ്ഞ ചിരിയോടെ അവർ പിന്നെയും പറഞ്ഞു. പെട്ടെന്ന് അങ്ങ് വിദൂരതയിലെവിടെയോ നിന്ന്  ഓർമ്മകൾ എന്റെ ഉള്ളിലേക്ക്  പാഞ്ഞെത്തി.ഞാൻ അവരെ തിരിച്ചറിഞ്ഞു.
“തങ്കമണി ചേച്ചി...“  ഞാൻ അറിയാതെ  വിളിച്ച് പോയി.
“അപ്പോൾ എന്നെ മറന്നില്ല  അല്ലേ...?  അവരെ ഞാൻ തിരിച്ചറിഞ്ഞ സന്തോഷത്തിലാവാം അവരുടെ കണ്ണുകൾ നിറഞ്ഞത്.
മുമ്പേ പോയ സഹപ്രവർത്തകർ തിരിഞ്ഞ് നിന്നപ്പോൾ അവർ പൊയ്ക്കൊള്ളാൻ ഞാൻ ആംഗ്യം കാണിച്ചിട്ട്  ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു. “എനിക്ക് ആളെ മനസിലായില്ല ചേച്ചീ....“ എന്റെ സ്വരത്തിലെ കുറ്റബോധത്തിന്റെ നിഴൽ തിരിച്ചറിഞ്ഞതിനാൽ  അവർ എന്നെ സമാശ്വസിപ്പിച്ചു...
“ ഓ! അത് സാരമില്ല....ഉയർന്ന നിലയിലെത്തിയത് കാണാൻ എനിക്ക് ഭാഗ്യമുണ്ടായി...എന്തായാലും കഷ്ടപ്പെട്ട് പഠിച്ചതിന് ഫലമുണ്ടായല്ലോ...“ ആ വാക്കുകളിലെ സന്തോഷം ഞാൻ തിരിച്ചറിഞ്ഞു.
 എന്നെ വീണ്ടും വീണ്ടും നോക്കി നിന്നിട്ടും അവർക്ക് മതിയായില്ലെന്ന് തോന്നി. എന്റെ ഉള്ളിലും സന്തോഷം അലതല്ലുകയായിരുന്നു.

നീണ്ട വർഷങ്ങൾക്കപ്പുറത്ത്  ആലപ്പുഴ കണ്ണൻ വർക്കി പാലത്തിന് സമീപമുള്ള ആശാന്റെ കയർ മാടൽ ഫാക്ടറി  എന്റെ ഉള്ളിലേക്ക് പാഞ്ഞ് വന്നു.
അന്ന് മുഹമ്മദൻ  സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു. ഉച്ചക്ക് മുമ്പോ ഉച്ചക്ക് ശേഷമോ ഏതെങ്കിലും  ഒരു നേരമായിരുന്നു ക്ളാസ്സുകൾ. ഒഴിവ് ലഭിച്ചിരുന്ന  സമയത്ത് ആശാന്റെ കയറ് ഫാക്ടറിയിൽ 15 വയസ്സ്കാരനായിരുന്ന ഞാൻ കയർ മാടാൻ പോയിരുന്നു. ആ കാലങ്ങൾ കേരളത്തിലെ പട്ടിണി കാലമാണ്. എന്ത് ജോലി ചെയ്തും വിശപ്പ് മാറ്റുക,കൂട്ടത്തിൽ പഠനം തുടരുക, ഇതായിരുന്നു അന്ന് ആലപ്പുഴയിലെ രീതി.
ഉച്ച കഴിഞ്ഞുള്ള  എസ്.എസ്.എൽ.സി.സി പരീക്ഷ  ദിവസങ്ങളിലും  ഉച്ചക്ക് മുമ്പ് ഞാൻ കയർ മാടാൻ പോയിട്ടുണ്ട്.
കയറ് മാടുമ്പോൾ സംഭവിക്കുന്ന ഒരു പണിക്കുറ്റമാണ് കമ്പി അടിക്കൽ. റാട്ട് കറക്കി കയറ് ചുറ്റി വരുമ്പോൾ  നിശ്ചിത  ഇടങ്ങളിൽ ചുറ്റാതെ തെറ്റി ചുറ്റുന്നതാണ്  കമ്പി അടി. ഇത് കണ്ടാൽ  കമ്പനി മൂപ്പനായ ആശാൻ പുളിച്ച തെറി വിളിക്കും. ആരും പ്രതികരിക്കില്ല, പ്രതികരിച്ചാൽ താൽക്കാലിക ജോലിക്കാരനായ തൊഴിലാളി കമ്പനിക്ക് പുറത്ത് ആകുമെന്ന് തീർച്ച. അതിനാൽ  ആശാൻ അടുത്തേക്ക് വരുമ്പോൾ  എന്റെ കൈ വിറക്കാൻ തുടങ്ങും അബദ്ധം സംഭവിക്കുകയും  തുടർന്ന് ആശാൻ തെറി വിളിക്കുകയും ചെയ്യും. ഒരു ദിവസം  അസഹനീയമായ രീതിയിൽ മൂപ്പൻ തെറി അഭിഷേകം നടത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് ഒഴുകി. അടുത്ത് കയർ മാടിക്കൊണ്ടിരുന്ന  തങ്കമണി ചേച്ചി  ആശാന്റെ നേരെ  ചാടി വീണു.
“ എടോ മുതു കിളവാ!, മെട്രിക്കുലേഷന് പഠിക്കുന്ന ഒരു കുഞ്ഞാണത്,  നിവർത്തികേട് കൊണ്ട് തന്റെ കോപ്പിൽ വന്ന് ജോലി ചെയ്യാൻ വന്നെന്നും പറഞ്ഞ് താൻ  അങ്ങ് നാറ്റുന്നോ... നിർത്തെടോ തന്റെ   ചീത്ത വിളി.....
എന്നെ ഫാക്ടറിയിൽ കയറ് മാടാൻ പഠിപ്പിച്ചത് തങ്കമണി ചേച്ചിയാണ്. ചേച്ചി കുഞ്ഞായിരുന്നപ്പോൾ അഛൻ  പുന്നപ്രയിൽ വെടി കൊണ്ട് മരിച്ചു  വളരെ കഷ്ടപ്പെട്ടാണ് അവ്ർ കഴിഞ്ഞ് വന്നത്. എങ്കിലും ഞാൻ പഠിക്കുന്ന ആളാണെന്നറിഞ്ഞപ്പോൾ  അവർ  ചോറ്റ് പാത്രത്തിൽ  എനിക്ക് കൂടി ചോറ്  കൊണ്ട് വരും. എന്നെ കൊണ്ട് നിർബന്ധിച്ച് തീറ്റിക്കും. എന്നെ കൊച്ച് സായിപ്പേ! എന്നാണ് വിളിച്ചിരുന്നത്. അത് കേട്ട് കമ്പനിയിലെ ഞങ്ങളുടെ സെക്ഷനിലെ മറ്റ് തൊഴിലാളികളും ആ പേര് ചൊല്ലി എന്നെ വിളിച്ചു. പഠിക്കുവാൻ  താല്പര്യമുണ്ടായിരുന്ന എന്നെ അവർക്കെല്ലാം ഇഷ്ടമായിരുന്നു.
തങ്കമണി ചേച്ചിയുടെ  പ്രതിഷേധം  ആശാനെ ഞെട്ടിച്ചു.  ഞാൻ എസ്.എസ്.എൽ.സി.ക്ക് പഠിക്കുന്നവനാണെന്നു അറിഞ്ഞപ്പോൾ  ആശാൻ പിൻ വാങ്ങി. കുറേ കഴിഞ്ഞ് എന്നെ ആഫീസിലേക്ക് വിളിപ്പിച്ചു അയാൾ കാര്യങ്ങൾ തിരക്കി. എന്റെ വാപ്പയുടെയും  ആശാന്റെ തലമുറക്ക് സുപരിചിതനായ എന്റെ ഉപ്പുപ്പായുടെയും പേര് കേട്ട്  ആശാൻ  ആശ്ചര്യപ്പെട്ടു.. ( ഒരു കാലത്ത് എന്റെ ഉപ്പുപ്പായുടെ കീഴിൽ അയാൾ ജോലി ചെയ്തിരുന്നു  എന്ന് ഞാൻ പിന്നീട് അറിഞ്ഞു.)
തിരിച്ച് ചെന്നപ്പോൾ തങ്കമണി ചേച്ചി തിരക്കി “ അയാൾ പിന്നെ തെറി പറഞ്ഞോ കൊച്ച് സായിപ്പേ!?“  ഞാൻ വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ അവർ പറഞ്ഞു “ഇനി അയാൾ ചീത്ത വിളിക്കില്ല.“
  അവിടെ ജോലി നിർത്തി പോകുന്നത് വരെ പലപ്പോഴും കമ്പി അടിച്ചിട്ടും  ആശാൻ എന്നെ പിന്നീട്  ചീത്ത വിളിച്ചിട്ടില്ല.
എസ്.എസ്.എൽ.സി. പരീക്ഷ ഫലം  വന്ന് കഴിഞ്ഞ് എന്നോ എപ്പോഴോ ഞാൻ ആ കമ്പനിയെയും തങ്കമണി ചേച്ചിയെയും വിട്ട്  പിരിഞ്ഞു. പിന്നീട് ജീവിതത്തിലെ പല വേഷങ്ങളിൽ പല സ്ഥലങ്ങളിലായി നിറഞ്ഞാടാനായിരുന്നു എനിക്ക് യോഗം. ആ തിരക്കിനിടയിൽ ആശാന്റെ കയറാഫീസും തങ്കമണി ചേച്ചിയും അപ്രധാനമാകുകയും അവരെല്ലാം  ഓർമ്മയിൽ നിന്നും മറഞ്ഞ് പോവുകയും ചെയ്തു.
പിൽ കാലത്ത് ചേച്ചിയെ തിരക്കിയെങ്കിലും ആളെ എനിക്ക് കാണാൻ സാധിച്ചില്ല. ഇതാ ! ഇപ്പോൾ ചേച്ചി  എന്റെ മുമ്പിൽ നിൽക്കുന്നു, അവരെ എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല, പക്ഷേ അവർ എന്നെ തിരിച്ചറിഞ്ഞു.
  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനായി   ഇപ്പോഴും അവർ ജോലി ചെയ്തു ജീവിക്കുന്നു.
ട്രൈൻ വരുന്നത് വരെ ഞങ്ങൾ സംസാരിച്ച് നിന്നു.പിന്നെയും പിന്നെയും സംസാരിക്കാനുള്ള കൊതിയോടെ.
കൊല്ലത്തേക്ക് പോകുന്ന വണ്ടിയുടെ വാതിലിൽ  നിന്ന് അവരെ നേരെ കൈ വീശി കാണിക്കുമ്പോൾ  എന്റെ മനസ്സ് ഇനിയും അവരെ കാണാൻ സാധിക്കണേ! എന്ന പ്രാർത്ഥനയിലായിരുന്നു.
ഇപ്പോൾ  ആ കയർ ഫാക്ടറി ഇല്ല. ആശാനും ഇല്ല. പലപ്പോഴും ആലപ്പുഴ വന്നെങ്കിലും പിന്നീട് തങ്കമണി ചേച്ചി എന്റെ മുമ്പിൽ വന്നിട്ടില്ല. കുറച്ച് കാലത്തിന് ശേഷം  ഒരു റെയിൽ വേ പോലീസുകാരനിൽ നിന്നും  നാട്ടിൽ പടർന്ന് പിടിച്ച വൈറൽ ഫീവർ ബാധിച്ച് അവർ ഈ ലോകത്ത് നിന്നും കടന്ന് പോയി എന്ന ദുഖ വാർത്ത ഞാനറിഞ്ഞു.
മിഥുന മാസത്തിലെ  ഈ  സായാഹ്നത്തിൽ മാനത്ത് നിറഞ്ഞ് നിന്ന ഇരുണ്ട കാർ മേഘങ്ങളെ നോക്കി ഈ വരാന്തയിൽ മൂകനായി ഇരുന്നപ്പോൾ എന്ത് കൊണ്ടോ ഈ ഓർമ്മകൾ എന്റെ മനസിലേക്ക് കടന്ന് വരുന്നല്ലോ!.

No comments:

Post a Comment