Monday, September 11, 2017

നടൻ ശ്രീ നിവാസനും കരിഓയിലും

നടൻ  ശ്രീനിവാസന്റെ  കൂത്ത്പറമ്പ് പൂക്കോട്ടെ വീടിന് നേരെ  കരി ഓയിൽ പ്രയോഗം.
നടൻ ദിലീപിനെ അനുകൂലിച്ച്  ശ്രീനിവാസൻ കഴിഞ്ഞ ദിവസം  പരാമർശം നടത്തിയിരുന്നു. അതിന്റെ പ്രതികരണമാകാം ഈ പ്രവർത്തിയെന്ന് സംശയിക്കുന്നു.
 ഇതും ഫാഷിസത്തിന്റെ  ഒരു വകഭേദമാണ്  . തന്റെ അഭിപ്രായം  സ്വതന്ത്രമായി പ്രകടിപ്പിച്ചാൽ  അതിന്റെ നേരെയുള്ള അസഹിഷ്ണതയും ഉപദ്രവവും.
ദിലീപ് പ്രശ്നം പലരും പലവിധത്തിൽ  പ്രതികരിച്ച് കഴിഞ്ഞിരിക്കുന്നു. ദിലീപ് കുറ്റം ചെയ്തിരിക്കാം ഇല്ലാതിരിക്കാം.  ഒരു രാജ്യത്തിന്റെ നിയമ വ്യവസ്ത പ്രകാരം പോലീസ്  ആരോപിക്കപ്പെട്ട കേസ് അന്വേഷിക്കുന്നു, അന്വേഷണം പൂർത്തിയായി കഴിഞ്ഞ് അവർ കോടതിയിൽ ചാർജ് ഷീറ്റ് നൽകുന്നു,  പിന്നീട് കോടതിയുടെ സമയവും കാലവും പ്രകാരം വിചാരണ എപ്പോഴെങ്കിലും നടത്തുന്നു.  കുറ്റക്കാരനെങ്കിൽ ശിക്ഷിക്കുന്നു, അല്ലായെങ്കിൽ വെറുതെ വിടുന്നു. ഇതാണ് സാധാരണ നടപടിക്രമം. ഈ നടപടി അനുസരിച്ച്  ദിവസവും  അനേക കോടതികളിൽ അനേകം കേസുകളിലെ വിചാരണ നടക്കുന്നു, വിധികൾ പുറപ്പെടുവിപ്പിക്കുന്നു.
ഇവിടെ കുറ്റാരോപിതൻ പ്രസിദ്ധി ഉള്ളവനാണ്, കേസിൽ ഇരയാക്കപ്പെട്ട വ്യക്തിയും പ്രസിദ്ധയാണ്. ഈ കോലാഹലങ്ങൾക്ക് പുറകിലെ കാരണം അത്  മാത്രമാണ്.
പുറത്ത് നിന്നും കേസിന് അനുകൂലമായോ പ്രതികൂലമായോ ഒരു പരാമർശവും ഉണ്ടാക്കുന്നത് ഒട്ടും അഭിലഷണീയമല്ല. പുറമേ നിന്നും മാധ്യമങ്ങളിലൂടെയും മറ്റും ഇപ്രകാരം അഭിപ്രായ പ്രകടനങ്ങളും മറ്റും നടത്തുന്നത് ശരിയല്ലാ എന്ന് ഉന്നത് കോടതികൾ പല തവണകളിലും അഭിപ്രായപ്പെട്ട് കഴിഞ്ഞിരിക്കുന്നു, എങ്കിലും ആ പ്രവർത്തി നിർബാധം തുടരുകയാണ്.
ഏറ്റവും രസാവഹകമായ വസ്തുത പ്രതിക്ക് ജാമ്യം ലഭിക്കാത്തത് പ്രതിയെ കുറ്റക്കാരനായി വിധി ഉണ്ടായത് പോലെയാണ് പല ബുദ്ധിജീവികളും അഭിപ്രായപ്പെടുന്നത്. ഫെയ്സ്ബുക്കിലെ  ചില മഹാരഥന്മാരുടെ ചോദ്യങ്ങൾ ചിരിപ്പിക്കുന്ന തരത്തിലുള്ളതാണ്. എപ്പോഴും കാണപ്പെടുന്ന ചോദ്യം ഇപ്രകാരമാണ് : മജിസ്ട്രേട്ടും  രണ്ട് തവണ ഹൈക്കോർട്ട് ജഡ്ജും ജാമ്യാപേക്ഷ തള്ളിയതെന്ത് കൊണ്ട്? ദിലീപ് കുറ്റക്കാരനാണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടത് കൊണ്ട് മാത്രമാണ് എന്ന് അവർ തന്നെ ഉത്തരം പറയുന്നു.
ജാമ്യം നൽകുന്നത് ഒരു പ്രത്യേക നടപടിയാണെന്നും വിചാരണ അതല്ലെന്നും നിയമാധിഷ്ഠിതമായ  നടപടികൾ പൂർത്തിയാക്കിയാലേ ജാമ്യം പരിഗണിക്കാൻ മിക്ക കേസുകളിലും സാധിക്കൂ എന്നും ഈ നിയമ വിശാരദന്മാർക്ക് എത്ര  പറഞ്ഞ് കൊടുത്താലും മനസിലാകില്ല.  നിരപരാധിയെന്ന്  പിന്നീട് വിധിക്കപ്പെട്ട നമ്പി നാരായണൻ എത്ര കാലം ജാമ്യം ലഭിക്കാതെ ജയിലിൽ കിടന്നു എന്ന് നിരീക്ഷിക്കുക.
  ദിലീപ് കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം.  അത് വ്യവസ്താപിതമായ രീതിയിൽ  രാജ്യത്ത് സ്ഥാപിക്കപ്പെട്ട നീതി ന്യായ വ്യവസ്തയുടെ നടപടികളുടെ ഭാഗമായിട്ട് തന്നെ വേണം. അല്ലാതെ  അനുകൂലമായും പ്രതികൂലമായും ബാഹ്യമായ സമ്മർദ്ദ തന്ത്രങ്ങൾ ഉപയോഗിക്കുന്നത് അയാൾ എത്ര വലിയവനോ ചെറിയവനോ ആകട്ടെ ഒട്ടും അഭിലഷണീയമല്ല.
ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. ഇരയായ സ്ത്രീയുടെ വേദന അത് നമ്മൾ കാണുന്നില്ലേ എന്ന്..ഇത് സംബന്ധിച്ച് ഒരു മാന്യ സ്നേഹിത പോസ്റ്റിട്ടിരുന്നു, ആര് ശിക്ഷിക്കപ്പെടണമെന്നല്ല ഇരയായ സ്ത്രീ അനുഭവിച്ച പീഡനം അതാണ് നമ്മുടെ മുമ്പിലെ  ഏറ്റവും വലിയ ദുഖമെന്ന്. 100  ശതമാനം പിന്തുണ ഈ അഭിപ്രായത്തിന് ഇവിടെ നൽകുന്നു, ഒരു ചെറിയ ഭേദഗതിയോടെ.  ഈ ദു:ഖം ദൈനംദിനം രാജ്യത്ത് പീഡിക്കപ്പെടുന്ന നമ്മുടെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും കൂടി വേണം. പ്രധാനപ്പെട്ട നടിക്കും അത് പോലെ വരേണ്യ വർഗത്തിലെ  ഇരകൾക്കും മാത്രമായല്ല, അധസ്തിത സമുദായത്തിലെ ഇരകൾക്കും വേണ്ടി കൂടി ആകണം ഈ ദു:ഖം. താഴ്ന്ന ജാതിയിൽ ജനിച്ച് പോയി എന്ന ഒരേ ഒരു കുറ്റത്താൽ മഹാരാഷ്ട്രയിലെ  ദളിത് സ്ത്രീയായ സുരേ ബോധ്മംഗെയെയും പെണ്മക്കളെയും അവരുടെ പുത്രന്മാരെക്കൊണ്ട് ബലാൽസംഗം ചെയ്യിപ്പിക്കാൻ ശ്രമിക്കുകയും  വിസമ്മതിച്ചതിനാൽ അവരുടെ ലിംഗം ഛേദിക്കുകയും പിന്നീട് തല്ലിക്കൊല്ലുകയും ചെയ്ത സംഭവങ്ങളിലും നമ്മൾ ഖേദിക്കണം, പോലീസ് ഇപ്പോൾ നടത്തുന്നത് പോലുള്ള ഉഷാറായ അന്വേഷണം അത് പോലുള്ള കേസുകളിലും നടത്തണം, എങ്കിൽ മാത്രമേ നമ്മുടെ രാജ്യത്തെ യഥാർത്ഥ ജനാധിപത്യ രാഷ്ട്രം എന്ന് വിളിക്കാനാകൂ.

Sunday, September 10, 2017

പശുവും സ്ത്രീയാണ്

കോടതിയിലെ  ബെഞ്ച് ക്ലർക്കുമാരുടെ ജീവിതം  തിരക്ക് നിറഞ്ഞതാണ്. എല്ലാവർക്കും ഒരു ദിവസം 24 മണിക്കൂർ മതിയെങ്കിലും  അവർക്ക് 48 മണിക്കൂർ ലഭിച്ചാലും ബെഞ്ചിലെ ജോലി ചെയ്ത് തീർക്കാൻ  സാവകാശം ലഭിക്കാറില്ല.  വീട്ടിൽ ചെന്നാലും  കോടതിയിലെ കാര്യങ്ങളായിരിക്കും മനസിൽ.   നിൽക്കുമ്പോഴും നടക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും  ഏത് സമയത്തും ആ കേസ് എന്ത് ചെയ്യണം ഈ കേസിൽ എന്താ അടുത്ത നടപടി ഇങ്ങിനെ ചിന്തിച് ചിന്തിച്ച്  ജീവിതം ഒരു പരുവത്തിലാകും.
 രാത്രിയിൽ ഉറക്കത്തിൽ2001 സെഷൻസ് 234 നമ്പർ പ്രതി ഹാജരുണ്ടോ എന്ന് ഒരു ബെഞ്ച് ക്ളർക്ക്  കേസ് വിളിച്ചെന്നും അടുത്ത് കിടന്ന ഭാര്യ പ്രതി ഇവിടെ തന്നെ കൂടെ കിടപ്പുണ്ട് മനുഷ്യാ...കിട്ന്നുറങ്ങ് എന്ന് ഭർത്താവിനോട് പറഞ്ഞതായും കഥ ഉണ്ട്. കേസ് നംബറും കക്ഷികളുടെ പേരും വിളിക്കുന്ന     ബെഞ്ച് ക്ലർക്കുമാരും ഉണ്ടെന്നാണ് പറയപ്പെടുന്നത്.

രാഘവൻ പിള്ളയും (പേര് യഥാർത്ഥമല്ല)  അപ്രകാരമൊരു ബെഞ്ച് ക്ലാർക്കായിരുന്നു. താമസിക്കുന്ന ഗ്രാമത്തിൽ നിന്നും നഗരത്തിലെ കോടതിയിൽ പൊതിയും കെട്ടി  രാവിലെ എത്തി ചേരുന്ന ശ്രീമാൻ പിന്നെ വീടെത്തുന്നത് സന്ധ്യയോടടുത്ത സമയത്താണ്. പേനയും താക്കോലും ചോറ് പൊതിയും  വാച്ചും വീട്ടിലിരുന്ന് രാത്രി ജോലി ചെയ്യേണ്ട കേസ് കെട്ടടങ്ങിയ ബാഗും ഭാര്യയാണ് മറക്കാതെ രാവിലെ അദ്ദേഹത്തെ ഏൽപ്പിച്ച് യാത്രയാക്കുന്നത്.
ഒരു ദിവസം രാവിലെ  ബസിലെ ജനകീയ വടിയിൽ തൂങ്ങി നിന്ന് കോടതിയിലെത്തി രാഘവൻ പിള്ള  ക്ഷീണം തീർക്കാൻ തന്റെ കസേരയിൽ ഇരുന്നപ്പോൾ  അരക്ക് താഴെ ഒരു തണുപ്പ് അനുഭവപ്പെട്ടു. മൂലയിൽ മാറി നിന്ന് പരിശോധിച്ചതിൽ  കുളി മുറിയിൽ നിന്നും തോർത്തുമുടുത്ത് വന്ന്  മുണ്ടുടുത്തപ്പോൾ  കുളി മുറിയിൽ ധരിച്ചിരുന്ന തോർത്ത്  ഉരിഞ്ഞ് കളയാൻ മറന്നതാണെന്ന് മനസിലായി.

  ഈ മറവി മിക്കവർക്കും ഉണ്ടാകുന്നതാണെന്ന് അനുഭവസ്തർ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും മറ്റൊരു സംഭവം രാഘവൻ പിള്ളയുടേതെന്ന് പറഞ്ഞ് രേഖപ്പെടുത്തിയിട്ടുള്ളത് അൽപ്പം അതിശയോക്തി നിറഞ്ഞതാകയാൽ  അത് കൂടി പറഞ്ഞാലേ ബെഞ്ച് ക്ലാർക്കുമാരുടെ ജീവിതത്തെ പറ്റി സാധാരണക്കാർക്ക് മനസിലാകൂ.
  രാഘവൻ പിള്ള തന്റെ ഗ്രാമീണ വസതിയിൽ തിരികെ വരുമ്പോൾ ആദ്യം ചെയ്യുന്ന പ്രവർത്തി  എരുത്തിലിലെ പശുവിന് ഒരു പിടി വൈക്കോൽ കൊണ്ടിടുക  എന്നതാണ്. പിള്ള പടി വാതിൽ കടക്കുമ്പോൾ പശു ഒന്നമറും. അപ്പോൾ വീട്ടുകാരി മനസിലാക്കും  ശ്രീമാൻ വന്നിട്ടുണ്ടെന്ന്.   അന്നൊരു പ്രമാദപ്പെട്ട കേസിന്റെ വിസ്താരമായതിനാൽ നല്ല തിരക്ക് പിടിച്ച ദിവസമായിരുന്നു. തലയിൽ തീയുമായി വന്ന പിള്ള വീട്ടിൽ കയറി ബാഗ് വലിച്ചെറിഞ്ഞ്  വസ്ത്രങ്ങൾ അഴിച്ച് കളഞ്ഞപ്പോഴേക്കും  പശുവിന്റെ അമറൽ വർദ്ധിച്ചു.
"ഞാൻ വരുന്നു  മോളേ..." എന്ന് പറഞ്ഞ് കൊണ്ട് പിള്ള എരുത്തിലിലേക്ക് ഓടി പോയി.
ജനലിൽ കൂടി നോക്കി നിന്ന ഭാര്യ അപ്പോഴേക്കും വിളിച്ച് കൂവി.
"ആ  പശുവും  ഒരു സ്ത്രീയാണ്..  അതിനും നാണം വരും.നിങ്ങൾ തുണി  ഉടുത്തേച്ച് പോ  മനുഷ്യാ...."

 രാഘവൻ പിള്ള കുനിഞ്ഞ് നോക്കിയപ്പോഴാണ് ആഫീസ് വസ്ത്രം ഉരിഞ്ഞ് കളഞ്ഞപ്പോൾ പകരം കൈലിയോ തോർത്തോ ധരിച്ചിട്ടില്ലെന്നും താൻ നിർവാണ അവസ്ഥയിലാണെന്നും മനസിലായത്.
ഒരു ബെഞ്ച് ക്ലാർക്കിന്റെ ജീവിതം  ഇങ്ങിനെയൊക്കെയാണെന്ന്  ഇപ്പോൾ മനസിലായി കാണുമല്ലോ! മറ്റുള്ളവർ  കാണുമ്പോൾ എന്തൊരു  ഗമ ഉള്ള ഉദ്യോഗം!!! പക്ഷേ  അയാൾ അനുഭവിക്കുന്ന ബുദ്ധിമുട്ട്  മറ്റാർക്കും അറിയില്ലല്ലോ.

കോരിച്ചൊരിയുന്ന കർക്കിടക പേമാരിയിൽ ഇരുട്ടിലേക്ക് നോക്കി ഇരുന്നപ്പോൾ കോടതിയും ജഡ്ജിയും ബെഞ്ച് ക്ളർക്കുമെല്ലാം കഴിഞ്ഞ കാലത്ത് നിന്നും ഉയിർത്തെഴുന്നൃറ്റ് വന്ന് എന്റെ മുമ്പിൽ നിൽക്കുന്നത് പോലെ അനുഭവപ്പെട്ടു. 

ഇനിയൊരിക്കലും ആ കാലം തിരികെ വരില്ലല്ലോ.

Friday, September 8, 2017

വില്ലേജാഫീസിൽ ആത്മഹത്യ ഉണ്ടാകുന്നതെങ്ങിനെ?

ആര് ഭരിച്ചാലും  ഒരിക്കലും ശരിയാവാത്ത  ചിലരുണ്ട്, സർക്കാർ സർവീസിലെ ചില  ജീവനക്കാർ പ്രത്യേകിച്ചും വില്ലേജാഫീസിലെ  ചിലർ. (എല്ലാവരും അങ്ങിനെയല്ല)
വില്ലേജാഫീസറെ സമീപിച്ച് കാര്യം നടക്കാതെ വന്ന് തൂങ്ങി മരിക്കുന്നത് എന്ത് കൊണ്ടാണെന്ന് ഇപ്പോൾ എനിക്കറിയാം.
സമൂഹത്തിന്റെ നന്മക്കായി  ശമ്പളം നൽകി  ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്  പൊതു ജനങ്ങളെ  നിയമ വിധേയമായി സഹായിക്കാൻ മാത്രമാണ്. ആ നിയമ ത്തിനെ സംബന്ധിച്ച് മേലധികാരികളോട് സംശയം ചോദിക്കാനെന്ന ഭാവേനെയും നിയമത്തിൽ അജ്ഞത നടിച്ചും   ഫയലുകൾ വെച്ച് താമസിപ്പിച്ച് പൗരനെ ദ്രോഹിക്കുക എന്നത് സ്ഥിരം സ്വഭാവമാക്കിയ ചില ജീവനക്കാരുണ്ട്. അവരെ  മേലധികാരികൾക്ക് ഒരു  പുല്ലും ചെയ്യാൻ കഴിയില്ല.
അനസ് (പേര് യഥാർത്ഥമല്ല) വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും തിരികെ വന്നത്  രോഗിയായതിനാലായിരുന്നു. ഇപ്പോൾ  നിത്യചെലവുകൾക്ക് വക കണ്ടെത്താൻ പോലും  കഴിയാത്ത അവസ്ഥയിലാണ്.
 മാതാ പിതാക്കളുടെ പേരിലുണ്ടായിരുന്ന സ്വത്തിന്മേൽ അനസിനും സഹോദരങ്ങൾക്കും അവകാശമുണ്ട്. ഒരു സഹോദരിയുടേതൊഴികെ  ബാക്കി സഹോദരങ്ങളുടെ ഓഹരികൾ ഗൾഫിൽ ജോലി ഉണ്ടായിരുന്ന കാലത്ത് അനസ് വിലയായി എഴുതി വാങ്ങി. സഹോദരി വസ്തു ഓഹരി ചെയ്യാൻ സമ്മതിക്കുകയുമില്ല, വിട്ടു തരികയുമില്ല. ഗതി കെട്ടപ്പോൾ അനസ് സ്ഥലം മുൻസിഫ്ഫ് കോടതിയിൽ വസ്തു വീതം വെച്ച് കിട്ടുന്നതിന് കേസ് ഫയൽ ചെയ്തു. അയാൾ ഗൾഫിലായിരുന്നപ്പോൾ ലീവിന് വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. നീണ്ട വർഷങ്ങളുടെ വ്യവഹാര നടത്തിപ്പിന് ശേഷം തന്റെ അവകാശം സ്ഥാപിച്ച്   ആദ്യം പ്രാരംഭ വിധിയും  പിന്നീട് ഫൈനൽ വിധിയും സമ്പാദിച്ച്  വിധി നടത്തി കിട്ടാൻ വീണ്ടും കോടതിയിൽ നിന്നും  ഉത്തരവ് വാങ്ങി. ഈ കാലമത്രയും സഹോദരി വക്കീലിനെ വെച്ച്  അനസിന്റെ കേസ് പരാജയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും നിരീക്ഷിക്കുക. അവസാനം കോടതിയിൽ നിന്നും മുൻസിഫ് അധികാരപ്പെടുത്തിയ ആമീൻ വസ്തു അളവുകാരനുമായി  സ്ഥലത്തെത്തി കോടതി ഉത്തരവിൻ പ്രകാരം വസ്തു അളന്ന് തിരിച്ച് അനസിന്റെ ഭാഗം വസ്തു വേർ തിരിച്ച് ആ വസ്തുവിൽ അനസിന്റെ നിയമാനുസരണമായ അവകാശം കൂട്ടായ വസ്തുവിൽ നിന്നും വേർപെടുത്തി വിട്ടൊഴിപ്പിച്ച്  കൈവശപ്പെടുത്തി കൊടുത്തു. ഇതിനായി  ആമീൻ റിപ്പോർട്ടും പ്ലാനും തയാറാക്കി കോടതിയിൽ സമർപ്പിച്ചപ്പോൾ കേസ് തീർന്നു എല്ലാം ശരിയായി. പക്ഷേ ഇനിയാണ് അനസിന്റെ നിർഭാഗ്യം ആരംഭിക്കുന്നത്.
തന്റെ പേരിൽ കോടതിയിൽ നിന്നും  കൈവശപ്പെടുത്തി തന്ന വസ്തു  പോക്ക് വരവ്  ചെയ്യാൻ  (മ്യൂട്ടേഷൻ) വില്ലേജാഫീസിൽ ചെന്ന അനസിനോട്  സഹോദരി കൂടി വന്നാലേ പോക്ക് വരവ് ചെയ്തു കൊടുക്കൂ എന്നും  ( വർഷങ്ങൾ കേസ്  നടത്തി എതിർത്ത സഹോദരിയുടെ കാര്യമാണ് പറയുന്നത്) അല്ലെങ്കിൽ പോക്ക് വരവ് ചെയ്ത് കൊടുക്കണമെന്ന് കോടതിയിൽ നിന്നും ഉത്തരവ് വാങ്ങി ചെല്ലണമെന്നും, അതുമല്ലെകിൽ  കോടതിയിൽ നിന്നും വില്ലേജാഫീസറെ അറിയിക്കണമെന്നും  ഇങ്ങിനെ ഓരോ കുതർക്കങ്ങളാണ്  നേരിട്ടത്.  ഇതിനിടയിൽ ഒരു ജീവനക്കാരി പറഞ്ഞുവത്രേ! അഥവാ പോക്ക് വരവ് ചെയ്താലും ഈ വസ്തു വെച്ച്  ലോൺ തരാൻ ബാങ്ക്കാർ മടിക്കുമെന്ന്. അതായത് കോടതി വിധിക്ക് പുല്ല് വിലയെന്ന്.
 അയാൾ ദിവസങ്ങൾ ആഴ്ചകൾ വില്ലേജാഫീസിൽ കയറി ഇറങ്ങി നടന്നു. കേസിന്റെ പ്രാരംഭ വിധിയും അവസാന വിധിയും  ആമീന്റെ  റിപ്പോർട്ടും സർട്ടിഫൈഡ് കോപ്പി അനസ് ഹാജരാക്കിയിരുന്നത്  വായിച്ച വില്ലേജാഫീസർ  തനിക്ക് കുരുക്കുണ്ടാകാതിരിക്കാൻ ആവശ്യത്തിന് സംശയങ്ങൾ കുത്തിക്കുറിച്ച് ഫയൽ താലൂക്കാഫീസിലേക് അയച്ചു. താലൂക്ക് ആഫീസിൽ സംശയം ദൂരീകരിക്കാൻ സർകാർ വക്കീലിന്റെ അഭിപ്രായത്തിനായി ഫയൽ അവിടെക്ക് അയച്ചു. ഫയൽ ഇപ്പോൾ സർക്കാർ വക്കീലാഫീസിൽ ഉറക്കത്തിലാണ്. നീണ്ട വർഷങ്ങളുടെ അനുഭവത്തിൽ നിന്നും എനിക്കറിയാവുന്ന ഒരു വസ്തുതയുണ്ട്. വസ്തു ഒഴിപ്പിച്ച് കൊടുത്ത  ആമീന്റെ റിപ്പോർട്ടും ബന്ധപ്പെട്ട വിധി ന്യായവും ഉണ്ടെങ്കിൽ ആ വസ്തു പോക്ക് വരവ് ചെയ്തു കൊടുക്കാം.  ഇതിനു മുമ്പ് ഏറെ കേസുകളിൽ ഞാൻ അത് കണ്ടിട്ടുണ്ട് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. എല്ലാ വില്ലേജാഫീസറന്മാരും ഇതറിയുന്നുമുണ്ട്.
ഫയൽ തള്ളി തന്നാൽ അടുത്ത നടപടിയിലേക്ക് കടക്കാം, അത് തള്ളി തരുകയുമില്ല.  ഇതിന് വേണ്ടി ഒരു പൈസാ  അവിഹിതമായി നൽകരുതെന്ന് ഞാൻ അനസിനോട് കർശനമായി പറഞ്ഞിട്ടുണ്ട്.
  വില്ലേജാഫീസിൽ ന്യായമായ കാര്യം നടക്കാതിരുന്നപ്പോൾ മുമ്പ് നടന്നത് ഒന്നുകിൽ ആത്മഹത്യ ചെയ്യുകയോ  അല്ലെങ്കിൽ വില്ലേജ്  ആഫീസിന് തന്നെ പടക്കം വെക്കുകയോ അതുമല്ലെങ്കിൽ ആ വില്ലേജാഫീസറുടെ ചെകിട്ടിൽ പടക്കം പൊട്ടിക്കുകയോ തുടങ്ങിയ കാര്യ പരിപാടികളാണ്.
അനസ് ഇതൊന്നും ചെയ്യാതെ കാത്തിരിക്കുകയാണ്. അവസാനം  എന്താകും ഫയലിന്റെ തീർപ്പ്  എന്നറിയാൻ.

Friday, September 1, 2017

പ്രതീക്ഷ അതാണല്ലോ എല്ലാം

4000 കൊല്ലങ്ങൾക്കപ്പുറം ഒരു കറുത്ത പെണ്ണ് തന്റെ  പിഞ്ച് കുഞ്ഞിന് അൽപ്പം ജലത്തിനായി  ചുട്ട് പ്ഴുത്ത മണലാരണ്യത്തിലെ  രണ്ട് മലകളിൽ പലവട്ടം  ഓടിക്കയറി നിരീക്ഷണം നടത്തി.  അവൾ അടിമയായിരുന്നു, കറുത്തവളായിരുന്നു.    ഭർത്താവ് ഏകാന്തമായ ഒരിടത്ത് ദൈവ നിശ്ചയത്താൽ കൊണ്ട് വന്ന് താമസിപ്പിച്ചവളായിരുന്നു. അന്ന് ആ കറുത്ത അടിമ പെണ്ണ് ഓടിയ സ്ഥലത്ത്  ഇന്ന് രാഷ്ട്രങ്ങളുടെ തലവന്മാരുൾപ്പടെ  ധനവാനും ദരിദ്രനും ആര്യനും അനാര്യനും പണ്ഡിതനും പാമരനുമായ ജനങ്ങൾ അവൾ അന്ന് ചെയ്ത പ്രവർത്തികൾ അനുകരിക്കുന്നു. ആ രണ്ട് മലകളിൽ നിശ്ചിത എണ്ണം ഓട്ടം പൂർത്തിയാക്കുന്നു. വേഗത കുറച്ചിടത്ത് അങ്ങിനെ കൂടിയ വേഗതയുള്ളിടത്ത് അങ്ങിനെ . പ്രതീക്ഷയാണ് മനുഷ്യനെ നയിക്കുന്നത്, കൂട്ടത്തിൽ സർവശക്തനിലുള്ള വിശ്വാസവും. അതാണ് ഹജ്ജ് കർമ്മങ്ങളിൽ ആർജ്ജിക്കുന്ന പല നന്മകളിൽ ഒന്ന്.