Thursday, January 21, 2016

വറീതെന്ന പെമ്പിള

 വറീത്  തേഡ് ഫോമിൽ ( ഇന്നത്തെ ഏഴാം ക്ലാസ്) എന്റെ സഹപാഠിയായിരുന്നു. നല്ല വെളുത്ത മുഖവും  ചുരുളൻ മുടിയും കൂട്ടത്തിൽ ഒരു സ്ത്രൈണ ഭാവവും  വറീതിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നല്ലോ. പെമ്പിള  എന്ന കളി പേരിലായിരുന്നു വറീത്  അറിയപ്പെട്ടിരുന്നത്.അവന്റെ നടപ്പ് അങ്ങിനെയായിരുന്നു. സ്ഥാനത്തും അസ്ഥാനത്തും പെമ്പിള എന്ന് വിളിച്ച്  ഞാൻ അവനെ മക്കാറാക്കി. ഉച്ച ഭക്ഷണത്തിന് പത്ത്  പൈസക്ക് രണ്ടെണ്ണം കിട്ടുന്ന ഗോതമ്പ് ഉണ്ടയാൽ പശി അടക്കിയിരുന്ന ഞാൻ  കുസൃതി കാട്ടുന്നതിൽ ഒട്ടും പുറകില്ലായിരുന്നു. എവിടെയും ആരെയും കളിയാക്കുക, ആകെ മെലിഞ്ഞിട്ടായിരുന്നെങ്കിലും പെൺ കുട്ടികളുടെ മുമ്പിൽ ഷൈൻ ചെയ്യുക, ക്ലാസിൽ കാണിക്കാവുന്നതിന്റെ പരമാവധി വിളച്ചിൽ കാട്ടി ആളാകുക  ഇതെല്ലാം എന്റെ നിത്യ അഭ്യാസമായിരുന്നു.  മറ്റ് വിദ്യാർത്ഥികളുടെ പരാതി എന്നെ സംബന്ധിച്ച് അദ്ധ്യാപകരുടെ മുമ്പിൽ   എത്തുമ്പോൾ എല്ലാ വിഷയത്തിലും പ്രത്യേകിച്ച് കണക്കിലും സയൻസിലും  ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയിരുന്ന എന്നെ അദ്ധ്യാപകർ ഒഴിഞ്ഞ് വിട്ടിരുന്നത്  എന്റെ അഹങ്കാരം വർദ്ധിപ്പിച്ചു.
ഒരു ദിവസം ഉച്ച ഭക്ഷണത്തിന് പതിവ് രണ്ട് ഉണ്ടയും പച്ച വെള്ളവും തട്ടിയതിന് ശേഷം ഇന്ന് ആരാണ്  എന്റെ ഇര എന്ന് നോക്കി നിൽക്കുമ്പോഴാണ്  വറീതിന്റെ വരവ്. " എന്താണെടാ പെമ്പിളേ,  എവിടെ പോണെന്റെ പെമ്പിളേ? " ഞാൻ വറീതിനെ കളിയാക്കി. ഒന്നും മിണ്ടാതെ വറീത് ഒഴിഞ്ഞ് കിടന്ന ക്ലാസ് മുറിയിലേക്ക് കയറി.  കൂടെ  ഞാനും കയറി. വറീത്  സാവകാശം തിരിഞ്ഞ് നിന്ന് എന്റെ രണ്ട്  കയ്യും  അവന്റെ ഇടത് കയ്യാൽ  പിടിച്ച് അവന്റെ വലത് കൈ കൊണ്ട്  എന്റെ വയറ്റിൽ ഭും  ഭും  ഭും  എന്ന് രണ്ട് മൂന്ന് ഇടി  പാസ്സാക്കി. "ഹെന്റെ പടച്ചോനേ!  എന്ന് നിലവിളിച്ച്  ഞാൻ കുനിഞ്ഞിരുന്ന് പോയി.  ഒന്നും സംഭവിക്കാത്തത്  പോലെ വറീത് പുസ്ക് എന്ന മട്ടിൽ കടന്ന് പോയി. ഞാൻ ഉച്ചക്ക് കഴിച്ചിരുന്ന ഗോതമ്പ് ഉണ്ട ആവിയായത് പോലെ തോന്നി.  പ്രയാസപ്പെട്ട് എഴുന്നേറ്റ് നിന്ന നിന്ന ഞാൻ   വാതിൽക്കൽ  നിൽക്കുന്ന വറീതിനെ കണ്ടു. അവൻ ചൂണ്ട്  വിരൽ  എന്റെ നേരെ നോക്കി  താക്കീത്  മട്ടിൽ വിറപ്പിച്ച്  കാണിക്കുകയാണ്. അതായത്  മേലിൽ  അവനെ കളിയാക്കുകയാണെങ്കിൽ........ എന്നായിരുന്നു  ആ ഭാവത്തിന്റെ പൊരുൾ.
 ആ വർഷം തീരുന്നത്  വരെ വറീതിന്റെ മുമ്പിൽ നിന്നും  ഞാൻ ഒഴിഞ്ഞ് മാറി  നടന്നു. മറ്റുള്ളവരെ പരിഹസിക്കുന്നതും നിർത്തി. മര്യാദക്കാരനായി പോയിരുന്നു  ഞാൻ.
 ഇന്ന്  വറീത്  എവിടെയാണാവോ? ഈ പോസ്റ്റ് അവൻ കാണുമോ?  ആർക്കറിയാം.
 അണ്ണാച്ചി ശൊല്ലണത്  രൊമ്പ കറക്റ്റ് തമ്പീ.... "അടിയോളം  അണ്ണൻ  തമ്പി  ഉതകാത്....."

Wednesday, January 13, 2016

മർഡോക്കിന്റെ മുൻ ഭാര്യമാരേ! നിങ്ങൾക്ക് സതുതി.

"റൂപർട്ട് മർഡോക്ക്  84 വയസ്സിൽ വിവാഹിതനായി"  എന്റെ നല്ല പാതി കേൾക്കെ പത്രത്തിലെ തലക്കെട്ട് ഞാൻ ഉറക്കെ വായിച്ചു. ആധുനിക രീതിയിൽ ഉഴുന്നു വടക്ക് ഊട്ടയിടുന്നതെങ്ങിനെ എന്ന  വിഷയം ഏതോ വനിതാ മസികയിൽ പരതുന്ന അവൾ  എന്റെ വാക്കുകൾ ശ്രദ്ധിച്ചതേയില്ല.
"എടോ കേട്ടോ  മർഡോക്ക്....."
വാചകം പൂർത്തീകരിക്കാൻ സമ്മതിക്കാതെയും മാസികയിൽ നിന്നും തല പൊക്കാതെയും അവൾ  ആരാഞ്ഞു.
"അതിന് നമ്മളെൾക്കെന്താ...അയാൾ കെട്ടുകയോ വാഴിക്കുകയോ എന്തോ ചെയ്യട്ടെ...അതിന് ഓരോരുത്തർ ഇവിടെ കിടന്ന് കയർ പൊട്ടീക്കുന്നതെന്തിന്?
"എടോ  അയാൾക്ക് 84 വയസ്സുണ്ട്. അതും നാലാം വിവാഹം....പഴയ മൂന്ന് വിവാഹത്തിൽ മൂപ്പർക്ക് 6 കുട്ടികളുമുണ്ട്...."
"അതിന്.....?"
"അല്ലാ...എനിക്ക് അതിലും എത്രയോ പ്രായം കുറവുണ്ട്   വളരെ വളരെ പ്രായ കുറവ്  എന്ന് പറയുകയായിരുന്നു..." ഞാൻ പതുക്കെ മൊഴിഞ്ഞു...
" ഇനിയും കെട്ടണോന്ന് പൂതി വല്ലതും മനസിലുണ്ടോ? "  ഉഴുന്ന് വടക്ക് ഊട്ട ഇടുന്ന ആധുനിക വിദ്യ കണ്ട് കിട്ടാത്ത ദേഷ്യത്തിൽ  അവൾ മാസിക വലിച്ചെറിഞ്ഞു എഴുന്നേറ്റു. ഞാൻ പത്രം കൊണ്ട് മുഖം മറച്ച് പറഞ്ഞു.
"സായിപ്പ് കെട്ടിയ കാര്യം  പറയുകയായിരുന്നു...."
"സായിപ്പ് ബാത്ത് റൂമിൽ പേപ്പറും നിങ്ങൾ വെള്ളവുമാ കൊണ്ട് പോകുന്നത്...എന്താ സായിപ്പിനെ പോലെ പേപ്പർ കൊണ്ട് പോകുന്നോ? " ചാടി തുള്ളി അകത്തേക്ക് പോകുന്ന വഴിയിൽ  അവൾ ക്രുദ്ധയായി  ചോദിച്ചു.
" ഒരു മർഡോക്കും  മാൻഡ്രേക്കും  ലോതറും....രാവിലെ വേറെ പണി ഒന്നുമില്ലാതിരിക്കുകയാ...വയസാം കാലത്ത്  സുബുഹാനല്ലാ....സുബുഹാനല്ലാ  പറഞ്ഞോണ്ടിരിക്കാതെ ഓരോരോ  കുരുത്തക്കേടുകള്.......  ഇന്ന് ഞാൻ അടുക്കള പൂട്ടുകയാ....ഇനി പോയി വേറെ  ഒരെണ്ണത്തിനെ കൊണ്ട് വന്ന് അടുപ്പിൽ  തീ കത്തിച്ചാൽ മതി".ചിലക്കൽ അടുക്കളയിൽ  തുടർന്ന് കൊണ്ടേ  ഇരുന്നു.
"       എന്റെ മർഡോക്കിന്റെ മുൻ ഭാര്യമാരേ!  നിങ്ങൾ  എത്ര മര്യാദക്കാർ....  എത്ര സമാധാന പ്രിയർ "  ഞാൻ മുകളിലേക്ക്   നോക്കി ദയനീയമായി കേണു.

Tuesday, January 12, 2016

കുരുന്നുകളെ മാനഭംഗപ്പെടുത്തൽ

 കുരുന്നുകളെ മാനഭംഗപ്പെടുത്തൽ:    കഠിന ശിക്ഷക്ക്  നിയമമുണ്ടാക്കണം.
 ബഹുമാനപ്പെട്ട സുപ്രീം കോടതി ഒരു കേസിൽ നടത്തിയ ഈ നിരീക്ഷണം ഇന്ന്  പത്ര ത്തിൽ തലക്കെട്ടായി വന്നു. അപ്രകാരം നിയമം നിർമ്മിക്കാൻ പാർലമെന്റിനോട്കോടതി ആവശ്യപ്പെടുകയും ചെയ്തു.  ഇത്തരം മാനഭംഗക്കാരെ ഷണ്ഡീകരിക്കണമെന്നാവശ്യപ്പെട്ട്  വനിതാ അഭിഭാഷക നൽകിയ കേസിൽ  ഷണ്ഡീകരണ ആവശ്യം നിരസിച്ചെങ്കിലും  മേൽപ്പറഞ്ഞ പ്രകാരം  ശിക്ഷ  കഠിനമാക്കി നിയമം നിർമ്മിക്കാൻ കോടതി  ആവശ്യപ്പെടുകയാണുണ്ടായത്.  ഇരകൾ മൂന്നും നാലും വയസുള്ളവരാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു.18 ദിവസം മാത്രം  പ്രായമുള്ള പിഞ്ച് പൈതൽ പോലും  ഇരയായി. ക്രൂരവും ബോധവുമില്ലാത്ത അതിക്രമമാണീത്. ലൈംഗികതയെ കുറിച്ചും മാനഭംഗത്തെ കുറിച്ചും  അറിയാത്ത കൊച്ചു കുട്ടി  അനുഭവിക്കുന്ന ദുരിതവും  വേദനയും  അങ്ങേ അറ്റം കിരാതമാണ്.ഇങ്ങിനെ  പോയി കോടതിയുടെ നിരീക്ഷണങ്ങൾ..
മേൽ പറഞ്ഞ കാരണങ്ങളാലാണ്  ശിക്ഷ കഠിനമാക്കാൻ  നിയമം കൊണ്ട് വരാൻ കോടതി നിയമ നിർമാണ സഭയോട്  ആവശ്യപ്പെട്ടത്.
ഇവിടെയും കോടതി പ്രസക്തമായ  ഒരു കാര്യം വിട്ടു കളഞ്ഞു.
  ശിക്ഷ കഠിനമാക്കിയാലും ഈ കുറ്റ കൃത്യങ്ങൾക്ക്  കുറവ് സംഭവിക്കുമെന്ന് മുൻ കാല  അനുഭവങ്ങൾ കൊണ്ട് പറയാൻ കഴിയുമോ?   ഇത്രയും ക്രൂരവും  നീചവും  മൃഗങ്ങൾ പോലും ചെയ്യാത്തതുമായ  ഈ കുറ്റ കൃത്യം ചെയ്യാൻ പുരുഷനെ  പ്രേരിപ്പിക്കുന്ന ഘടകങ്ങൾ  എന്തൊക്കെയെന്ന്  പഠന വിഷയമാക്കാൻ നിയമ നിർമ്മാതാക്കൾ  മുന്നിട്ടിറങ്ങുക  എന്നുള്ളതാണ്  ഇവിടെ ചെയ്യേണ്ടത്.    ഏത് അവസരത്തിൽ എങ്ങിനെ   പുരുഷന്റെ ഉള്ളിൽ പിശാച് കടന്ന് കൂടുന്നു?    യാതൊരു ദയവും കൂടാതെ ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കാതെ  ഈ ക്രൂരതക്ക് ഒരുമ്പെടാൻ അവനെ പ്രചോദിപ്പിക്കുന്ന ഘടകങ്ങൾ  ഏതൊക്കെയാണ്? കുറ്റ കൃത്യത്തിനെതിരെ  കേസ് ചാർജ് ചെയ്യുന്നതിനോടൊപ്പം പ്രതിയെ ഈ  ഹീന പ്രവർത്തിയിലേക്ക് നയിച്ച എല്ലാ ഘടകങ്ങളും അയാളുടെ മാനസിക നിലപാടും പൂർവ ചരിത്രവും  പഠന വിഷയമാക്കണം.  അത് ഉൾക്കൊണ്ട്  പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ  ഒരു പരിധി വരെ കുറ്റ കൃത്യങ്ങൾ  തടയാൻ കഴിയും.  ശിക്ഷ  കഠിനമാക്കുന്നതോടൊപ്പം ഈ വക പഠനങ്ങളും നടത്തി     പ്രതിവിധികൾ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Monday, January 11, 2016

ജലം ശുദ്ധ ജലം?


 ആലുവാ സ്റ്റേഷനിൽ നിന്നുമുള്ള  ദൃശ്യം.  ട്രെയിനിന്റെ ക്യാന്റീനിലേക്കാണ് ഈ വെള്ളം  പിടിക്കുന്നത്.  ധൻബാദ് ആലപ്പുഴ  ട്രെയ്ൻ  ഏറെ സമയം ശനിയാഴ്ച്ച  സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു. ആ സമയത്താണ്  ദീർഘ നേരമെടുത്തുള്ള   ഈ വെള്ള പകർച്ച ദൃഷ്ടിയിൽ പെട്ടത്. ക്യാന്റീനിലെ പാചകത്തിന് ഈ വെള്ളമാണോ ഉപയോഗിക്കുന്നത്. അറിയില്ല. ഇത് സ്റ്റേഷനിലെ  പൊതു ടാപ്പാണ്. അത് ശുദ്ധീകരിച്ചതാണോ? അറിയില്ല.  ഈ വെള്ളം തന്നെ ട്രെയിനിലെ ബാത്ത് റൂം തുടങ്ങിയ  മറ്റ് ആവശ്യങ്ങൾക്കും  ഉപയോഗിക്കുന്നു.  . പക്ഷേ ക്യാന്റീനിൽ പാചകം ചെയ്യാൻ  വേറെ  വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ  അതെവിടെ നിന്നും വരുന്നു എന്നും അറിയില്ല. ഈ കാര്യം ബോദ്ധ്യപ്പെട്ടതിന് ശേഷമേ ഇനി ട്രെയിനിൽ നിന്നും വട---ഇഡ്ഡിലി--- വിളികൾക്ക് ചെവി കൊടുക്കുകയുള്ളൂ എന്ന് തീരുമാനമെടുത്തു. വിവരാവകാശ നിയമം   ശരണം.