Monday, April 27, 2015

പരസ്യം ചെയ്താലും ഫലമില്ല.

           
ഞങ്ങൾ വസിക്കുന്ന  നഗരത്തിന്റെ തിരക്ക്  നിറഞ്ഞ  വീഥിക്ക് സമീപം നിത്യവും  കണ്ട് കൊണ്ടിരിക്കുന്ന കാഴ്ചയാണിത്.  എത്ര ശക്തമായ താക്കീത്   പരസ്യത്തിലൂടെ നൽകിയാലും പോ പുല്ലേ  എന്ന മട്ടിൽ  ജനം ആ പരസ്യത്തിന് താഴെ ദിനവും മാലിന്യങ്ങൾ  നിക്ഷേപിച്ച് കൊണ്ടിരിക്കുന്നു. ഇരു ചക്ര വാഹനത്തിലോ കാറിലോ  രാത്രി  വരുക,  മാലിന്യം അടങ്ങിയ പ്ലാസ്റ്റിക്  സഞ്ചി തൂക്കി  എറിയുക,  വാഹനം വിട്ട് പോവുക  ഇതാണ്  പതിവ് . തദ്ദേശ   സ്വയം ഭരണ  ഉദ്യോഗസ്തർ വിചാരിച്ചാൽ  ഒരു  ദിവസം കൊണ്ട്  ഇത്  നിർത്താം. പക്ഷേ അവർ അതിന് മുതിരാറില്ല.
പട്ടിണീ കൊടി കുത്തി വാണ പഴയ കാലത്ത്  ഇത്രത്തോളം മാലിന്യങ്ങൾ  മലയാളക്കരയിൽ ഇല്ലായിരുന്നു.ഈ മാലിന്യങ്ങളിൽ ഭൂരി ഭാഗവും ഭക്ഷണാവശിഷ്ടങ്ങളാണ് .  പണ്ട് തിന്നാനൊട്ടും ഇല്ലാതിരുന്ന കാലത്ത്  ഭക്ഷണ   അവശിഷ്ടം അപൂർവമായിരുന്നു    . മൽസ്യം വാങ്ങിയാൽ   പണ്ട് അതിന്റെ തല വരെ ഉപയോഗിക്കും.  മാംസാഹാരം വിശേഷ ദിവസങ്ങളിൽ മാത്രം. പിന്നെങ്ങിനെ ആഹാരസാധനങ്ങൾ ബാക്കി വരും. ഇന്ന്  ആ   അവസ്ത മാറി. തിന്നാലും തിന്നാലും  ആഹാരം ബാക്കി വരുന്ന അവസ്ത. അഥവാ  ആർത്തി ഇല്ലാത്ത അവസ്ത. ആഹാരം  ബാക്കി വരുന്നു..പൊതിയുന്നു..വലിച്ചെറിയുന്നു.
  മറ്റൊരു കാരണം: പണ്ട് 25, 50 , 15, സെന്റ് സ്ഥലത്ത് ഒരു വീട്  സ്ഥിതി ചെയ്യുന്നിടത്ത്  ഇന്ന് രണ്ടും മൂന്നും  സെന്റിലാണ്  നഗരങ്ങളിൽ വീട്  നിർമ്മിക്കുന്നത്.  പരമാവധി അഞ്ച് സെന്റ് സ്ഥലം വരെ   ആയേക്കാം. ഇവിടെ  എവിടെയാണ്  മാലിന്യം നിക്ഷേപിക്കാൻ  സൗകര്യം?  രാത്രി വരെ കാത്തിരിക്കുക, പ്ലാസ്റ്റിക് സഞ്ചി  നിറച്ചത്  എടുക്കുക,  വാഹനം സ്റ്റാർട്ട് ചെയ്യുക  വഴിയിൽ വലിച്ചെറിയുക,  ഇത്  നിത്യവും  നടത്തേണ്ട കർമ്മമായി  മാറിയിരിക്കുന്നു.
ഈ  വലിച്ചെറിയൽ പരിപാടി  പഞ്ചായത്ത്കാർക്ക് / മുനിസിപ്പാലിറ്റിക്കാർക്ക്  ഒരു പൈസാ പോലും ചെലവില്ലാതെ     നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളൂ.  വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കാൻ സ്വകാര്യ കമ്പനികളെ  അനുവദിച്ചാൽ  അവർ തൊഴിലാളികളെ നിയമിച്ച്  വീടുകളിൽ നിന്നും മാലിന്യങ്ങൾ  ശേഖരിക്കും. ഇതിന് പ്രതിഫലമായി    പ്രതിമാസം വീട്ടുകാരിൽ  നിന്നും ഒരു നിശ്ചിത തുക  സർവീസ് ചാർജായി  വാങ്ങി  എടുക്കാൻ അവർക്ക്  അധികാരം നൽകുകയും   വേണം  .  ഇപ്രകാരം ചെയ്താൽ  രാത്രി ഒളിച്ചും പാത്തും  പ്ലാസ്റ്റിക് ബാഗ്   ഏറിൽ നിന്നും  മുക്തരാകാൻ സാധിക്കുമെന്നതിനാൽ  എല്ലാ വീട്ടുകാരും ഇതിൽ സഹകരിച്ച് ഒരു ചെറിയ ഫീസ്  പ്രതിമാസം നൽകുമെന്ന് ഉറപ്പ്.  മാലിന്യം ശേഖരിക്കുന്നവർ  അത് പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചാൽ മതിയാകുമല്ലോ. ഈ പദ്ധതി  നിലവിൽ  വന്നതിന്  ശേഷം പിന്നെയും  വലിച്ചെറിയൽ പരിപാടി  നടത്തുന്നവരെ കയ്യോടെ പിടികൂടി  അവർക്കെതിരെ കർശനമായ നടപടികളിലൂടെ   ക്രിമിനൽ കേസ്  ഫയൽ ചെയ്യാൻ  അമാന്തിക്കുകയും അരുത്.      ഈ പദ്ധതി വടക്കൻ  നഗരങ്ങളിൽ വിജയകരമായി ഇപ്പോൾ പ്രാവർത്തികമാക്കി  വരുന്നു എന്നും  മനസിലാക്കുക.

Saturday, April 25, 2015

അവൾ ചാറ്റ് ചെയ്തിരുന്നു.....

വിവാഹം കഴിഞ്ഞ്  ആദ്യ വർഷം ഭർത്താവ് പറയുന്നത് ഭാര്യ കേൾക്കുമെന്നും  രണ്ടാം വർഷം ഭാര്യ പറയുന്നത്  ഭർത്താവ് കേൾക്കുമെന്നും  മൂന്നാം വർഷം  രണ്ട് പേരും കൂടി  പറയുന്നത്  നാട്ട്കാർ കേൾക്കുമെന്നും പറഞ്ഞിരുന്ന  പഴയ ഫലിതം ഇപ്പോൾ   വ്യത്യസ്തപ്പെടുത്തി  വർഷം എന്നതിന് പകരം   മാസം എന്നാക്കി മാറ്റണമെന്ന  നിലയിൽ    സമൂഹത്തിൽ   കുടുംബ കലഹം വർദ്ധിച്ച് വരുന്നതായി കാണപ്പെടുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം മാസം അടിച്ച് പിരിയുക  എന്നത്   എത്ര ദയനീയമാണ്, അതും നിസാര കാരണങ്ങളാൽ.     വിട്ട് വീഴ്ച അൽപ്പം  പോലും  കാണിക്കാതെ താൻ പിടിച്ച  മുയലിന് മൂന്ന്  കൊമ്പ് എന്ന  മട്ടിലുള്ള ആ നിൽപ്പ്  ചില കേസുകളിൽ  കാണേണ്ടത്  തന്നെയാണ്. എന്നിട്ട് താൻ  പറഞ്ഞതിനെ സാധൂകരിക്കാൻ  എന്ത്  തോന്ന്യവാസവും ആരോപിക്കാൻ  ഒരു മടിയും  ഇന്നത്തെ തലമുറക്ക് ഇല്ല.
  കലഹത്തെ തുടർന്ന്   പരസ്പരം   വേർപിരിഞ്ഞ് കഴിയുന്ന ഒരു ദാമ്പത്യ ബന്ധ കേസിൽ മദ്ധ്യസ്തത പറയാൻ  ചെന്ന     ഞങ്ങൾ ഇപ്രകാരമൊരു  അനുഭവത്തിന് സാക്ഷികളാകേണ്ടി    വന്നു. ഭർത്താവിനെയും അയാളുടെ   കുടുംബത്തെയും വയറ് നിറയെ  അസഭ്യങ്ങൾ പറഞ്ഞ്  കഴിഞ്ഞ്   ജയിച്ച മട്ടിൽ നിന്ന   ഭാര്യയെ എങ്ങിനെ തോൽപ്പിക്കാം  എന്ന വാശിയിൽ ഭർത്താവ്  പരതുമ്പോൾ  കിട്ടിയ പിടി വള്ളി  ഉയർത്തി  കാട്ടി അയാൾ ഇപ്രകാരം കൂവി.
 "സാറേ! ഇവൾ കല്യാണത്തിന് മുമ്പ് എന്നെ രാത്രി മുഴുവൻ ചാറ്റ് ചെയ്തിരുന്നു. അവൾ അന്ന് പ്രയോഗിച്ച വാക്കുകൾ  നല്ല പയറ്റി തെളിഞ്ഞ ഒരു  പെണ്ണിന്റേതായിരുന്നു.  ഇവൾ ഒരു   പോക്ക് കേസാണെന്ന് അന്നേ  ഞാൻ  കരുതിയതാ..പിന്നെ  അങ്ങ്  ഞാൻ ക്ഷമിച്ച് കല്യാണം  നടത്തി  ഈ കുരിശ്  എന്റെ തലയിൽ കയറ്റി വെച്ചു...   ദാ ഇപ്പോ  കിടന്ന്  അനുഭവിക്കുന്നു...അനുഭവി രാജാ..അനുഭവി...".  ആ കൂവൽ കേട്ട  ഭാര്യ ഒട്ടും വിട്ട് കൊടുത്തില്ല...
" ഈ പരനാറി അന്ന് എന്നോട്   ചാറ്റിൽ  പറഞ്ഞ  വാക്കുകൾ  കേട്ടാൽ  നനച്ചാലും കുളിച്ചാലും അഴുക്ക് മാറില്ല...ഒരു പെണ്ണിന്റടുത്ത് പറയാൻ കൊള്ളാവുന്ന  വാക്കുകളാണോ  ചാറ്റ് ചെയ്ത് കൂട്ടിയത്... പിന്നെ  ഞാനങ്ങ് കരുതി എന്നെ കെട്ടാൻ പോകുന്നവനല്ലേ  എന്ന്...."'  ഭാര്യ  ഉടനേ മറു വെടി  പൊട്ടിച്ചു.
"നിങ്ങളുടെ  ഇ മെയിൽ  മേൽ വിലാസവും  ഫെയ്സ് ബുക്ക് ഡീറ്റൈലും അയാൾക്കെങ്ങിനെ കിട്ടി... "  സ്വാഭാവികമായ      സംശയം ഞങ്ങൾ  ഭാര്യയോട് ഉന്നയിച്ചപ്പോൾ     മറുപടി പറഞ്ഞത്  ഭർത്താവായിരുന്നു.
" സാറേ! ആ വക സാധനങ്ങൾ  അവൾക്കുണ്ടോ എന്ന്   പെണ്ണ് കാണാൻ ചെന്നപ്പോൾ  ഞാൻ ചോദിച്ച ഉടൻ  അവളുടെ  തന്തപ്പടി  പറഞ്ഞു, ' കൊള്ളാം  എന്റെ മോൾ അതിന്റെയെല്ലാം  ആശാട്ടി അല്ലിയോ അവൾക്കറിയാത്ത കാര്യങ്ങൾ  ചുരുക്കമാ.... അതെല്ലാം   സ്വന്തമായിട്ട്  ഉണ്ട്  എന്ന് പറ  മോളേ     എന്ന്.     ഉടനെ തന്നെ     അവളുടെ  മൊബൈൽ നമ്പറും  ഇ മെയിലും മറ്റെല്ലാ കുന്ത്രാണ്ടവും  എനിക്ക്  തന്തയും  മോളും  കൂടി തന്നു  അങ്ങിനെയാ എനിക്ക്   അതെല്ലാം  കിട്ടിയത് "
അപ്പോൾ  അതാണ്  കാര്യം. പെണ്ണ് കാണൽ  ചടങ്ങിന്  മറ്റ് നടപടി ക്രമങ്ങളോടൊപ്പം  ഇ മെയിലും പെണ്ണിന്റെ മൊബൈൽ   നമ്പറും  ഫെയ്സ് ബുക്ക് അക്കൗണ്ടും    കൈമാറുന്നു. പിന്നീട് കല്യാണം കഴിയുന്നത് വരെ ചാറ്റിംഗും  ഫോൺ വിളിയും ഇപ്പോൾ പതിവ് സംഭവമായിരിക്കുന്നു.   ആന കരിമ്പിൻ  തോട്ടത്തിൽ കയറിയത്  പോലെ  രണ്ട് പേരും     ആവേശത്തോടെ     വായിൽ തോന്നിയത് കോതക്ക് പാട്ട്   എന്ന മട്ടിൽ  വാചകങ്ങൾ   ഫിറ്റ് ചെയ്ത്  സംസാരിക്കുകയോ ചാറ്റുകയോ ഒക്കെ  വിവാഹത്തിന്  മുമ്പ്  ചെയ്യുന്നു   ആധുനിക  ലോകത്തിൽ  ഇതിൽ പുതുമ ദർശിക്കാനോ  കുറ്റം പറയാനോ സാദ്ധ്യമല്ല  . പക്ഷേ ആധുനികത  യന്ത്രങ്ങളിൽ  മാത്രമാണെന്നും    മനസ്സ്  ഇപ്പോഴും  പഴയ പട്ടിക്കാട്ട് സംസ്കാരത്തിൽ  തന്നെ  ആണെന്നും  സാധാരണക്കാർക്ക്  തിരിച്ചറിയാൻ  കഴിയാതെ  പോകുന്നു.. സ്നേഹത്തിലിരിക്കുമ്പോൾ   രഹസ്യത്തിൽ പറഞ്ഞതും  പ്രവർത്തിച്ചതും   പിണങ്ങുമ്പോൾ വിളിച്ച് പറയുന്ന സംസ്കാരം ഇന്നും മലയാളികളിൽ അവശേഷിക്കുന്നുണ്ട്. അത്  കൊണ്ട്  വിവാഹ നിശ്ചയമോ പെണ്ണ് കാണലോ  കഴിഞ്ഞ ഉടനേ എത്ര പരിഷ്കാരമാണെങ്കിൽ തന്നെയും  ഈ വക സാധനങ്ങൾ  കൈ മാറ്റം  നടത്തുന്നത്   അൽപ്പം   കുറക്കുന്നത്  ഭാവിക്ക്  നല്ലതാണെന്ന്  തോന്നുന്നു .
 ഒരു വാക്ക് പോലും വിവാഹത്തിന്  മുമ്പ് സംസാരിച്ചിട്ടില്ലാത്ത  യാതൊരു  മുൻ പരിചയവും ഇല്ലാത്ത   മുൻ  തലമുറയിലെ  പെണ്ണും  ചെക്കനും  വിവാഹം കഴിഞ്ഞ്   ജീവിതകാലം  മുഴുവൻ  എനിക്ക് നീയും   നിനക്ക് ഞാനും എന്ന രീതിയിൽ ജീവിച്ച്   കാണിച്ച്  വിദേശികളിൽ അൽഭുതം  സൃഷ്ടിച്ച    നാടായിരുന്നല്ലോ  നമ്മുടേത്....
പിൻ കുറി:  മുകളിൽ പറഞ്ഞ കേസ് ഇപ്പോഴും പിണങ്ങി തന്നെ കഴിയുന്നു.

Wednesday, April 15, 2015

മഹാ നടൻ ഉദ്ഘാടനം ചെയ്തു.

കുറച്ച് നാളുകൾക്ക് മുമ്പ്  കെട്ടിഘോഷങ്ങളോടെ  ഹിന്ദി സിനിമയിലെ മഹാ നടൻ എറുണാകുളം  ഇടപ്പള്ളിയിൽ  ഒരു    വസ്ത്ര വ്യാപാര ശാല ഉദ്ഘാടനം ചെയ്തിരുന്നു. ഹോ! എന്തായിരുന്നു  അന്നത്തെ ബഹളം. കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽ  നിന്ന് പോലും  ജനങ്ങൾ മഹാ നടനെ കാണാൻ  ഇടപ്പള്ളിയിലേക്ക് ഒഴുകി. അന്നും പിന്നീടുള്ള ദിവസങ്ങളിലും കച്ചവടം പൊടി പൊടിച്ചു.  ഉൽഘാടന ഫീസായി   നടന് കൊടുത്ത ലക്ഷങ്ങൾ  ആദ്യ ദിവസം തന്നെ കടക്കാർ കൊയ്തെടുത്തു. തീവില കൊടുത്താലെന്താ  മഹാ നടനെ കാണാനും അയാളുടെ ഉഛ്വാസ വായു  തങ്ങിയ  അന്തരീക്ഷത്തിൽ  അൽപ്പ സമയം നിൽക്കാനും സാധിച്ചല്ലോ  എന്ന്  മഹാ ജനം സമാധാനപ്പെട്ടു.  കടക്കാർ തീവില  തുടർന്നു.  വലിയ ബാഗ് നിറയെ പണവുമായി  ചെന്നാലേ  അവിടെ നിന്നും സാധനം വാങ്ങാൻ കഴിയൂ എന്ന സ്ഥിതി വന്നു.  കഴിഞ്ഞ ദിവസം  ഞാൻ  അതിലെ കടന്നു പോയി.  ആൾക്കൂട്ടവുമില്ല.  ബഹളവുമില്ല.  കട ഉണ്ടോ  എന്ന്  തന്നെ  സംശയം  തോന്നി. തൊട്ടടുത്ത്  ഗൾഫ്കാരന്റെ വ്യാപാര സമുച്ചയം വന്നതിനാൽ  ഈ കടപൊട്ടിയെന്ന് അസൂയാലുക്കൾ  പറയുന്നു.
ഇതിപ്പോൾ ഇവിടെ കുറിക്കാൻ  കാരണം  മലയാളത്തിലെ മഹാ നടൻ  കൊട്ടാരക്കരയിൽ കഴിഞ്ഞ ദിവസം  ഒരു വസ്ത്ര വ്യാപാരശാല ഉദ്ഘാടനത്തിനായി  എത്തിയിരുന്നു. മഹാ  ഗൗരവക്കാരനും അദ്ദേഹത്തെ കണ്ടാൽ എഴുന്നേൽക്കാത്തവരെ രൂക്ഷമായി നോക്കി പേടിപ്പിക്കുന്നവനും  മറ്റുള്ളവരെ പുശ്ചത്തോടെ  നിരീക്ഷിക്കുന്നവനുമാണെങ്കിലും  ടിയാനെ കാണാൻ      ജനം നാട്ടിൻ പുറങ്ങളിൽ   നിന്നുമൊഴുകി വന്നു.  അദ്ദേഹത്തിന്  വയസ് ഉരിയ  ആയെങ്കിലും  ജനത്തിന് മഹാ നടനെ കണ്ടേ പറ്റൂ. നിരത്തുകൾ ബ്ലോക്കായി, വാഹനങ്ങൾ വഴിയിലായി, ഒരു മണവാള ചെക്കൻ വാഹന ബ്ലോക്കിൽ പെട്ടതിനാൽ  മുഹൂർത്തത്തിനെത്താൻ കൂട്ടുകാരന്റെ ബൈക്കിൽ പുറകിൽ കയറി ഊടുവഴിയിലൂടെ കൃത്യം   മുഹൂർത്തത്തിനെത്തി ആശ്വാസം കൊണ്ടു. നടൻ നടന്ന് കയറിയ വാതിൽക്കൽ  കിടന്ന ചവിട്ടിയിൽ അദ്ദേഹത്തിന്റെ കാലടി പതിഞ്ഞതിൽ ഒന്ന് ചവിട്ടിയാൽ  മതിയെന്ന് ഒരു സ്ത്രീ പരിതാപപ്പെട്ടു. ആൾക്കാർ മേൽക്കൂരകളിൽ കയറി പറ്റി നടനെ കണ്ട് സായൂജ്യമടഞ്ഞു വത്രേ! കടക്കാരൻ  തുണി വാങ്ങാൻ വന്ന ജനത്തിനെ അകത്ത് കയറ്റി ഹാൾ ഫുള്ളാകുമ്പോൾ ഷട്ടറിട്ട് കചവടം നടത്തി. ഈ കടക്കാരനും അന്നേ ദിവസം  ലക്ഷങ്ങൾ കൊയ്യുകയും മഹാ നടന്  വൻ ഫീസ് പുല്ല് പോലെ ഇട്ട് കൊടുക്കുകയും ചെയ്തു. എല്ലാം ജനത്തിന്റെ കീശയിൽ നിന്നും പിടിച്ചെടുത്തു. കൊട്ടാരക്കരയിൽ പാവപ്പെട്ടവരായ  കശുവണ്ടി തൊഴിലാളികളാണ് ഭൂരി പക്ഷമെന്നും അതിനാൽ അവർക്ക് താങ്ങാവുന്ന തുകയേ തുണിക്ക് കച്ചവടക്കാരൻ വാങ്ങുകയുള്ളൂവെന്ന്  സ്ഥലം എം.പി. ആശംസാ പ്രസംഗത്തിൽ  പറഞ്ഞു വെങ്കിലും ഈ പ്രദേശത്തെ   ഏറ്റവും കൂടുതൽ വില ഈടാക്കുന്ന  കടയേക്കാളും കൂടുതൽ തുക കടക്കാരൻ ജനത്തിൽ  നിന്നും  പിഴിഞ്ഞ്വെന്നാണ് ജന സംസാരം. എല്ലാം  തീർന്ന് നടൻ പോയി കഴിഞ്ഞപ്പോൾ ഒരു ലോറി  ചെരിപ്പുകൾ  കടയുടെ സമീപം  ചിതറിക്കിടക്കുന്നതായി കാണപ്പെട്ടു.
പണ്ട് സിനിമാ നടന്മാരെന്ന് പറഞ്ഞാൽ  തമിഴന്   ദൈവ തുല്യമായിരുന്നു. പ്രധാനപ്പെട്ട നടൻ മരിച്ചപ്പോൾ അവരോടൊപ്പം  കൂടെ ചത്തു പല തമിഴന്മാരും.  ഈ  കഥ പറഞ്ഞു നമ്മൾ  പാണ്ടിക്കാരനെ കളിയാക്കി. ഇപ്പോൾ അവരേക്കാളും  കഷ്ടമായിട്ടാണ്  നടന്മാരെ  കാണുമ്പോൾ   മലയാളികളുടെ അവസ്ഥ.  ഭ്രാന്തെന്ന്  മാത്രം പറഞ്ഞാൽ   പോരാ..മുഴു ഭ്രാന്ത്  തന്നെയെന്ന്   പറഞ്ഞാലേ  ശരിയാകൂ.. 

Wednesday, April 8, 2015

ആറ് വർഷം 404 പോസ്റ്റ് പിന്നെ തുഞ്ചൻ പറമ്പ് മീറ്റും.

  ഇന്റർ നെറ്റ് ലോകത്തിൽ  അതായത് ബ്ലോഗ് ലോകത്തിൽ  ഞാൻ ജനിച്ചിട്ട് 6  വർഷം കഴിഞ്ഞിരിക്കുന്നു  മാർച്ച് മാസത്തിൽ  . ഈ ആറ് വർഷ കാലത്ത് 404 പോസ്റ്റ് കൾ    ബ്ലോഗിലും നൂറ് കണക്കിന് സ്റ്റാറ്റസ് കൾ     ഫെയ്സ് ബുക്കിലും എന്റെ വകയായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇതിനെല്ലാം ഉപരിയായി ഒരു വലിയ സൗഹൃദ വലയം  എനിക്കുണ്ടായി. ഞാൻ കണ്ടിട്ടില്ലാത്തവർ ഉൾപ്പടെയുള്ള  ധാരളം സ്നേഹിതന്മാർ  എപ്പോഴും ഞാനുമായി ബന്ധപ്പെട്ട് കഴിയാൻ തക്കവിധം ഇന്റർനെറ്റ് ജീവിതം എന്നെ ഭാഗ്യവാനാക്കിയിരിക്കുന്നു,  . മാത്രമല്ല എന്റെ ഉള്ളിലെ വിചാരങ്ങൾ, ആശയങ്ങൾ,  എന്നിലുടലെടുക്കുന്ന കാല്പനിക   ഭാവങ്ങൾ എല്ലാം അക്ഷര രൂപത്തിൽ മറ്റുള്ളവരുമായി  സംവദിക്കാൻ  എനിക്കിന്ന് ക്ഷിപ്ര സാധ്യമാണ്. ബ്ലോഗിൽ വരുന്നതിന് മുമ്പ് എന്റെ ഒരു കഥ പ്രസിദ്ധീകരിക്കുന്നതിനായി പത്രം ഓഫീസുകളിലെ  പടവുകൾ   കയറി  ഇറങ്ങേണ്ടിയിരുന്നിടത്ത്  ഇപ്പോൾ ആരുടെ ഔദാര്യത്തിനും  കാത്ത് നിൽക്കാതെ ലോകമെമ്പാടും ഇന്റർ നെറ്റിലൂടെ ആ കഥ കേൾപ്പിക്കാൻ  എനിക്കിന്ന്  കഴിയുന്നുണ്ട്.  . കഥ പറയാനും കഥ കേള്‍ക്കാനുമുള്ള ആഗ്രഹം മനുഷ്യ ചരിത്ര ആരംഭം മുതല്‍ക്കേ നിലനില്‍ക്കുന്ന പ്രവണതയാണ്. താന്‍ എഴുതിയ കഥ/കവിത/ ലേഖനം/ രണ്ട് പേരെ വായിച്ച് കേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവനു “ നിങ്ങളുടെ രചന പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു” എന്ന കുറിപ്പോടെ പത്രമാഫീസുകളില്‍ നിന്നും തിരിച്ച് വരുന്ന തന്റെ രചനകള്‍ എത്രമാത്രം വേദന നല്‍കുന്നു എന്നത് അനുഭവിച്ചറിയേണ്ട സത്യം മാത്രം.മഹാ സാഹിത്യകാരന്റെ മഹാ വളിപ്പിനേക്കാളും എത്രയോ ഭേദമാണ് തന്റെ രചന എന്ന് ബോദ്ധ്യമുള്ളവനു വേദന അധികമായുണ്ടാകും.

ബ്ലോഗിന്റെ അവിര്‍ഭാവം വരെ ഈ അവസ്ഥ തുടര്‍ന്ന് വന്നു.ഒരു കമ്പ്യൂട്ടറും അത് പ്രവര്‍ത്തിപ്പിക്കാനുള്ള അല്‍പ്പം പരിജ്ഞാനവും കൈമുതലായുള്ള ഒരു സാഹിത്യകാരന്/കലാകാരന് അവന്റെ സൃഷ്ടി ആരുടെയും കാല് താങ്ങാതെ കുറച്ച് പേരുടെ മുമ്പിലെങ്കിലും അവതരിപ്പിക്കാനുള്ള സാദ്ധ്യത ബ്ലോഗിലൂടെ തെളിഞ്ഞു വന്നു. പതുക്കെ പതുക്കെ മലയാള ബ്ലോഗ്കള്‍ക്ക് പ്രസിദ്ധി ഉണ്ടായി എന്നതും ബ്ലോഗ്കള്‍ അംഗീകരിക്കപ്പെട്ടു എന്നതും പില്‍ക്കാല ചരിത്രം.

ഞാനിന്ന്  സംതൃപ്തനാണ്. മലയാളം ബ്ലോഗ് ലോകത്തിൽ  താഴത്തെ പടിയിലെങ്കിലും  ഇരുന്ന് എന്റെ സാഹിത്യ രചനകൾ  മുന്നോട്ട് കൊണ്ട് പോകുവാൻ  എനിക്ക് കഴിയുന്നു.

 ബ്ലോഗ് ജീവിതത്തിലെ  മറ്റൊരു നേട്ടമാണ് ബ്ലോഗ് മീറ്റിലെ സന്ദർശനങ്ങൾ. ചെറായി മീറ്റിലെ ആരംഭം  മുതൽ ഇന്ന് വരെ നടന്ന  എല്ലാ മീറ്റിലും  പങ്കെടുക്കാൻ  എനിക്ക് കഴിഞ്ഞു.  അതിൽ എടുത്ത് പറയേണ്ട മീറ്റാണ്  തുഞ്ചൻ പറമ്പ് മീറ്റ്.  ഇത് വരെ രണ്ട് മീറ്റുകൾ  തുഞ്ചൻ പറമ്പിൽ കഴിഞ്ഞിരിക്കുന്നു.  മൂന്നാമത്തേത് 12-4-2015 ൽ  നടക്കാൻ  പോകുന്നു.   തുഞ്ചൻ പറമ്പിൽ  ആദ്യത്തെ  മീറ്റിന്  തലേന്ന്  തന്നെ അവിടെ  എത്തി  ചേർന്ന എനിക്ക്  തുഞ്ചൻ  ജനിച്ച്  ജീവിച്ച ആ മണ്ണിൽ രാത്രിയിലെ  നിശ്ശബ്ദതയിൽ അലിഞ്ഞ്  ചേർന്ന്  നിന്നപ്പോൾ   മനസിലൂടെ  കടന്ന് പോയ  വിചാരധാരകൾ  അന്ന്  ഞാൻ  ഇങ്ങിനെ ഒരു പോസ്റ്റിൽ  കുറിച്ചു.
"നിലാവും നിഴലും ഒളിച്ചു കളിക്കുന്ന  പറമ്പില്‍ മാനത്തേക്ക് കണ്ണും നട്ട് നിന്ന എന്റെഉള്ളില്‍ നൂറ്റാണ്ട്കള്‍ക്ക് മുമ്പ് അവിടെ താമസിച്ച് തന്റെ പൈങ്കിളിയെ കൊണ്ട് കവിതപാടിച്ച ഭാഷാ പിതാവിന്റെ ഓര്‍മ അലതല്ലിഅദ്ദേഹം  പറമ്പിന്റെ ഏതെങ്കിലുംഭാഗത്ത് വീട് വെച്ച് ഇത് പോലെ നിശാരംഭത്തില്‍ നിലാവ് പരന്നപ്പോള്‍ മാനത്തേക്ക്കണ്ണും നട്ട് നിന്നിരിക്കാംനില വിളക്കിന്റെയോ മറ്റേതെങ്കിലും ദീപത്തിന്റെയോ അരണ്ടവെളിച്ചത്തില്‍ അദ്ദേഹത്തിന്റെ കളത്രം തന്റെ കാന്തന്‍ വീടിനുള്ളിലേക്ക് വരുന്നത്പ്രതീക്ഷിച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നിരിക്കാംതന്റെ  ആവാസ സ്ഥലം അനേകങ്ങള്‍സന്ദര്‍ശിക്കുന്ന പുണ്യഭൂവായി മാറുമെന്ന് അദ്ദേഹം അന്ന് നിനച്ചിരുന്നുവോ?!നൂറ്റാണ്ടുകള്‍ക്ക് ശേഷം നാരായത്തിന് പകരം കൈവിരല്‍ കീ ബോര്‍ഡില്‍ പായിച്ച്അദ്ദേഹം സമുദ്ധരിച്ച ഭാഷയില്‍ സാഹിത്യ സൃഷ്ടി നടത്തുന്ന ഒരു പറ്റം ആള്‍ക്കാര്‍ തന്റെപറമ്പില്‍ രാത്രി വന്ന് ചേക്കേറുമെന്നും അതില്‍ ഒരുവന്‍ അദ്ദേഹത്തിന്റെ സ്മരണയില്‍ മണലില്‍ ഇരുന്ന് തന്റെ ചിന്തകളെ ഇങ്ങിനെ കെട്ട് അയച്ച് വിടുമെന്നും അദ്ദേഹം അന്ന്സങ്കല്‍പ്പിച്ചു പോലും കാണില്ലഭൂതവും വര്‍ത്തമാനവും സന്ധിക്കുന്ന  വക ചിന്താവീചികളുമായി ഏകാന്തതയില്‍ കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത വിഷാദംപടര്‍ന്ന് കയറിഎന്താണ്  ജീവിതത്തിന്റെ ഉദ്ദേശം ഒരു നാള്‍ ജനിക്കുന്നു ഒരു ദിവസംമരിക്കുന്നുഇതിനിടയില്‍ കുറേ വര്‍ഷങ്ങള്‍ ജീവിക്കുന്നുപലതിലും ഭാഗഭാക്കായി.ഇതെന്തിന്ആര്‍ക്ക് വേണ്ടി.............”

 ഇതാ  ഇപ്പോള്‍  വീണ്ടും  ഒരു  ബ്ലോഗ്  മീറ്റ്  ആ  മണ്ണില്‍  2015  ഏപ്രില്‍ 12തീയതിയില്‍ നടക്കാന്‍  പോകുന്നു. 

എന്റെ  പ്രിയപ്പെട്ടവരേ! വരിക  ആ സംഗമത്തിലേക്ക്.   ജീവിതത്തിൽ ഇത് വരെ പരസ്പരം കണ്ടിട്ടില്ലാത്ത നമുക്ക്   പരസ്പരം  കാണുവാനും   സ്നേഹം  പങ്ക്  വെക്കാനും  കിട്ടുന്ന ഒരു  അസുലഭ  സന്ദര്‍ഭം  ആണിത്.  ബ്ലോഗ് മീറ്റില്‍  കിട്ടുന്ന  അനുഭൂതി  വരച്ച്  കാട്ടാനോ  പറഞ്ഞറിയിക്കാനോ  പറ്റില്ല , അത്  അനുഭവിച്ച്  തന്നെ  ബോദ്ധ്യപ്പെടണം. ആ അനുഭൂതിക്കായി  തുഞ്ചൻ പറമ്പിലേക്ക്  വിധിയുണ്ടെങ്കിൽ  ഞാൻ  പോകുന്നു.  നിങ്ങളും വരുമല്ലോ.