സ്ത്രീ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ഓര്‍ഡിനന്‍സ് പ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമം, തെളിവ് നിയമം, ക്രിമിനല്‍ നടപടി ക്രമം എന്നിവയില്‍ പുതുതായി ഉപവകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്ന് പത്ര വാര്‍ത്ത.
സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിന്മേല്‍ പുരുഷനെതിരായി സാധാരണ ഐപി.സി. 354 സെക്ഷന്‍ പ്രകാരം പോലീസുകാര്‍ കേസെടുക്കുമായിരുന്നു.ഇപ്പോള്‍ ഐ.പി.സി. 354 എ, 354ബി, 354സി, 354ഡി. എന്നിങ്ങനെ കൂട്ടി ചേര്‍ക്കലുകള്‍ നിലവില്‍ വന്നിരിക്കുന്നു.
ഐ.പി.സി. 354 എ സെക്ഷന്‍ പ്രകാരം സ്ത്രീയെ ദുരുദ്ദേശപരമായി നോക്കുകയോ ആംഗ്യം കാണിക്കുകയോ വാക്ക് ഉപയോഗിക്കുകയോ എന്തിനു ഒന്ന് സ്പര്‍ശിക്കുകയോ ചെയ്താല്‍ പോലും ആ പ്രവര്‍ത്തി കുറ്റകരമാണ്, ശിക്ഷാര്‍ഹമാണ്. കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷ വിധിക്കാമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു.
പുതുതായി വന്ന മറ്റൊരു ഭേദഗതിയും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കുക. സ്ത്രീ പീഡന കേസുകളില്‍ ഇരയുടെ മൊഴി മാത്രം മതി വേട്ടക്കാരന്‍ കുടുങ്ങുവാന്‍ .
354 സി. പ്രകാരം ഒരു സ്ത്രീയുടെ ചിത്രം എടുത്താലോ അതിനായി ശ്രമിച്ചാലോ ആദ്യ തവണ ചെയ്ത കുറ്റത്തിനു ഒരു വര്‍ഷം കഠിന തടവ്. വീണ്ടും ഇപ്പണി തുടര്‍ന്നാല്‍ ഏഴു വര്‍ഷം തടവും പിന്നെ പിഴയും. പ്രകൃതി ഭംഗിയോ മറ്റെന്തെങ്കിലുമോ ഫോട്ടോ എടുക്കുന്നതിനായി നിങ്ങള്‍ ക്യാമറായോ മൊബൈല്‍ ക്യാമറയോ ഉപയോഗിക്കാനായി ശ്രമിക്കുമ്പോള്‍ പരിസരത്തെങ്ങും സ്ത്രീകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. കാരണം ഫോട്ടോ എടുക്കാനായി ശ്രമം നടത്തിയെന്ന് സ്ത്രീ പറഞ്ഞാലും കുടുങ്ങിയത് തന്നെ. കാരണം പുതിയ നിയമ നിര്‍ദ്ദേശ പ്രകാരം ഇരയുടെ മൊഴി മാത്രം മതി കേസെടുക്കാന്‍ . ഇനി അഥവാ സ്ത്രീയുടെ സമ്മതത്തോടെ ഒരു ഫോട്ടോ എടുത്തെന്ന് തന്നെ ഇരിക്കട്ടെ. അത് അവരുടെ സമ്മതം ഇല്ലാതെ പരസ്യപ്പെടുത്തിയാലും വകുപ്പ് ഇത് തന്നെ. ഏതെങ്കിലും പെണ്‍കുട്ടി ഫോട്ടോ എടുക്കാന്‍ സമ്മതിച്ച് എന്ന് കരുതി അവരുടെ സമ്മതം ഇല്ലാതെ അത് ഫെയ്സ് ബുക്കിലോ മറ്റോ ഷെയര്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക. അവര്‍ തിരിഞ്ഞ് കുത്തിയാല്‍ നിങ്ങളുടെ കാര്യം പോക്ക് കേസ് തന്നെ. അത് കൊണ്ട് സമ്മതത്തോടെ എടുത്ത ഫോ0ട്ടോ ആയാലും സമ്മതം ഇല്ലാതെ പരസ്യ പെടുത്താന്‍ ശ്രമിച്ചാല്‍ അത് കുറ്റകരമാണ് എന്ന് മനസിലാക്കി ആ പ്രവര്‍ത്തിയില്‍ നിന്നും പിന്തിരിയുക.
ഐ.പി.സി. 354 ഡി പ്രകാരം ഇന്റര്‍നെറ്റിലൂടെയോ മറ്റ് പ്രകാരത്തിലോ മാനസികമായി പീഡിപ്പിച്ചു എന്ന ആരോപണത്തിന്മേല്‍ കേസെടുക്കാം. കുറ്റക്കാരനെന്ന് കണ്ടാല്‍ മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കും.
അതു കൊണ്ട് പുരുഷന്മാരേ! നിങ്ങള്‍ സൂക്ഷിക്കുക. പണ്ട് വളരെ പണ്ട് കാര്‍ന്നോന്മാര്‍ തറവാട്ടിലെ പെണ്‍പ്രജകളോട് താക്കീത് ചെയ്യാറുണ്ട് “ മര്യാദക്ക് അടങ്ങി ഒതുങ്ങി വീട്ടില്‍ കഴിഞ്ഞോണം.” എന്ന്. ഈ കാലത്ത് ആണ്‍ പ്രജകള്‍ക്കാണ് ഈ താക്കീത് ആവശ്യമായിരിക്കുന്നത്. മുന്‍പിന്‍ നോക്കാതെ ഫെയിസ്ബുക്കിലൂടെയും മറ്റും പ്രതികരിക്കുമ്പോള്‍ ഇങ്ങിനെ ചില നിയമങ്ങളെല്ലാം ഇവിടെ ഇപ്പോള്‍ നിലവിലുണ്ടെന്നും അത് നിങ്ങളുടെ നേരെ തിരിഞ്ഞ് വരാതിരിക്കാന്‍ നിങ്ങള്‍ വളരെ സൂക്ഷിക്കേണ്ടതാണെന്നും ഓര്‍ക്കുക.
ഒന്നും ചെയ്യാത്തവന്‍ ഭയക്കുന്നതെന്തിനു എന്ന് ആരെങ്കിലും ഇവിടെ ചോദ്യം ഉയര്‍ത്തുന്നു എങ്കില്‍ ഏതെങ്കിലും കക്ഷിക്ക് പക ഉണ്ടെങ്കില്‍ ഒന്ന് ആപ്പിലാക്കണമെന്ന് ഉദ്ദേശമുണ്ടെങ്കില്‍ പ്രതി ദുരുദ്ദേശപരമായി ആംഗ്യം കാണിച്ചെന്നു മൊഴി കൊടുത്താല്‍ മതിയെന്നും ആ മൊഴിയിന്മേല്‍ കേസെടുക്കാമെന്നും തിരിച്ചറിയുക.