Tuesday, May 29, 2018

റേഷൻ അരിയും കുറേ ഓർമ്മകളും.

സർക്കാർ അനുവദിച്ച വെളുത്ത നിറമുള്ള റേഷൻ കാർഡുമായി  റേഷൻ  ഷോപ്പിൽ ചെന്നു.
 കുടുംബാംഗത്തിന്റെ  വിരൽ കമ്പ്യൂട്ടറിൽ പതിപ്പിച്ചാലേ റേഷൻ സാധനങ്ങൾ  തരുകയുള്ളൂ എന്ന പുതിയ നിയമത്താൽ   നാട്ടിൽ അപൂർവമായ മണ്ണെണ്ണ ലഭിക്കുവാനായി ഭാര്യയുടെ  ഉത്തരവിൻ പ്രകാരം  സ്ർക്കാർ വക ന്യായവില സ്ഥാപനത്തിൽ ഞാൻ ഹാജരായതാണ്.
 “അരി വാങ്ങണം സർ“ സ്ഥാപന ഉടമസ്ത ഭവ്യതയോടെ മൊഴിഞ്ഞു.
“അരി വേണ്ട“  മരുമകളുടെ പ്രതികരണം ഉടനെ വന്നു. പക്ഷേ ഞാൻ  പറഞ്ഞു,  “അരി എടുത്തോളൂ“
“വീട്ടിൽ നല്ല അരി ഇരിപ്പുണ്ട്“ അവൾ പതുക്കെ പറഞ്ഞു.
 ശരിയാണ് വീട്ടിൽ നല്ല അരി ഉള്ളപ്പോൾ     ഗന്ധമുള്ളതും കല്ലും മറ്റും ഉള്ളതുമായ  റേഷൻ അരി വാങ്ങുന്നതെന്തിന്? ഏതായാലും ആ അരി ഞാൻ വാങ്ങി വീട്ടിൽ വന്നു
“ഇന്ന് ഈ അരി  കൊണ്ട് ചോറ് വെക്കണം.“ അടുക്കളയുടെ ഉടമസ്തയായ മഹതിയുടെ മുമ്പിൽ ഞാനെന്റെ അപേക്ഷ സമർപ്പിച്ചു. അവൾ ഒറ്റ നോട്ടത്തിൽ അരി പരിശോധിച്ചു മൂക്ക് ചുളീച്ച്  പരിശോധനാ ഫലം പ്രഖ്യാപിച്ചു
“ഈ വീട്ടിൽ വേറെ ആരും  ഈ അരിയുടെ ചോറ്  തിന്നില്ല “
“ ഞാൻ കഴിക്കുമല്ലോ“ എന്റെ പ്രതികരണത്തിന്റെ ആഴം കടുപ്പിച്ചുള്ള സ്വരത്തിലായിരുന്നു.
അവൾക്കറിയില്ലല്ലോ പണ്ട് നിക്കറുമിട്ട് നടന്ന കാലത്ത് ഉമ്മ തന്ന ഒരു രൂപാ നാണയവും റേഷൻ കാർഡും കുട്ടയും  മുറുകെ പിടിച്ച് റേഷൻ കടയിലെ നീണ്ട ക്യൂവിൽ മണിക്കൂറുകളോളം  കാത്ത് നിന്ന്  രാത്രി സമയത്ത് അരി കിട്ടുമ്പോൾ അതും  കൊണ്ട്ഓടി  വന്ന് ഉമ്മായെ ഏൽപ്പിച്ച്  ചോറ് വേവുന്നതും നോക്കി  അടുപ്പിന് സമീപം  കാത്തിരുന്ന ആ ദിവസങ്ങളെ....  റേഷൻ  അരി വേവുമ്പോഴുള്ള ആ മണം മറ്റുള്ളവർക്ക്  അരോചകമായി തോന്നുമ്പോൾ കുന്തിരിക്കത്തിന്റെ സുഗന്ധമായാണ് വിശപ്പുള്ളവന് അനുഭവപ്പെടുക.  ഈ അരി തന്നെ വേവിച്ചാണ് പള്ളിക്കൂടത്തിൽ ഉച്ചക്കഞ്ഞി ആയും തരുന്നത്. 50 പൈസയാണ് ഒരു ഇടങ്ങഴി അരിയുടെ വില. ഒരു കാർഡിന് ആഴ്ചയിൽ രണ്ടിടങ്ങഴി. അത് കൂടാതെ അരി വേണമെങ്കിൽ കരിഞ്ചന്തയിൽ വാങ്ങണം. അതിന് കഴിവില്ലാത്തവർ  റേഷൻ അരിക്കായി കാത്തിരിപ്പ് തുടരണം. റേഷൻ അരി കൂടാതെ ആ വിലക്ക് അന്ന് ആലപ്പുഴ കോൺ വെന്റ്  ജങ്ക്ഷന് സമീപം സർക്കാരിന്റെ സഹകരണ ഷോപ്പിലും ഒരു കിലോ ലഭിക്കും. അരിക്ക് വേണ്ടിയുള്ള നെട്ടോട്ടം, ക്യൂവിൽ നിൽപ്പ് മുറ തെറ്റി  ക്യൂവിൽ കയറുന്നവന്റെ നേരെയുള്ള ആക്രോശം, ചീത്ത വിളി  ഉന്തും തള്ളും ഇതെല്ലാം  അനുഭവിച്ചവർക്കേ  അതിന്റെ ത്രിൽ മനസിലാകൂ.
കാലം ചെന്നതിന് ശേഷം എന്നിലുണ്ടായ അഹങ്കാരവും  താൻ പോരിമയും ദൂരെ കളയാൻ  പഴയ ഓർമ്മകളിലേക്ക് ഞാൻ ഊളിയിടാറുണ്ട്. ഞാൻ ആരുമായിരുന്നില്ല എന്നെന്നെ തന്നെ ബോദ്ധ്യപ്പെടുത്താൻ .  ഈ റേഷനരി ചോറും എന്നെ പഴയതിലേക്ക് കൊണ്ട് പോകും എന്നുറപ്പ്. ആസ്വാദ്യകരമായ ആ അരി വേവുന്ന മണം  ഒന്നാസ്വദിക്കണമല്ലോ.

Tuesday, May 15, 2018

റോസാ പൂവേ അഥവാ.....മോളേ.....

വിവാഹ ജീവിതത്തിലെ  പൊരുത്തക്കേടുകൾ പരിഹരിക്കാനായി ഉപദേശങ്ങൾ തേടി  ബന്ധുക്കൾ സഹിതം സമീപിച്ചപ്പോൾ രണ്ട് പേർക്കും മനസ്സ് തുറന്ന് സംസാരിക്കാൻ  അവസരം നൽകി. അപ്പോൾ കേട്ട  സംഭാഷണ ശകലങ്ങളിൽ ചിലത് ഇപ്രകാരമായിരുന്നു. 
 വിവാഹ പൂർവ കാലത്ത്  പ്രണയത്തിലായിരുന്നു ഇരുവരെന്നും കൂടി സൂചിപ്പിച്ചാലേ  ചിത്രം പൂർത്തിയാകൂ.
“ സാറേ!  കല്യാണത്തിനു മുമ്പും  കല്യാണം കഴിഞ്ഞ് കുറേ കാലത്തേക്കും ഇയാള്  എന്നെ വിളീച്ചിരുന്നത് റോസാപ്പൂവേ!  എന്നായിരുന്നു......എന്നാൽ ഇപ്പോൾ വായെടുത്താൽ വിളിക്കുന്നത് ....രേ...രേ..... എന്നാണ്.“

ഭർത്താവിന്റെ മറുപടി. “അതേയ്..സാറേ!...കണ്ടവന്റെ പുരയിടത്തിലെ  മാവിൽ കല്ലെറിഞ്ഞ്  മാങ്ങാ  രുചിക്കുന്നതിന്  രുചി കൂടുതലാണ്.. ഉടമസ്തൻ ഇല്ലാത്ത നേരം നോക്കി, സമയവും സന്ദർഭവും നോക്കി കല്ലെറിയാനുള്ള ആവേശം  കൂടും.  ആ മാങ്ങാ ചന്തയിൽ അഞ്ച് രൂപാക്ക് പത്തെണ്ണം കിട്ടുമ്പോൾ  അതിനെന്ത് രുചി സാറേ!....ഇത് പറഞ്ഞാൽ അവൾക്ക് മനസിലാവില്ല..ഞാനിപ്പോഴും  ആവേശം മൂത്ത് ഏത് സമയവും  പ്രണയിച്ച് നടക്കണമെന്ന് വാശി പിടിച്ചാൽ എനിക്ക് കലി  വരൂല്ലേ സാറേ! “

Friday, May 11, 2018

തോട്ട വഴി ബോധിപ്പിക്കുന്ന കേസ്

കോടതി മുറിയിലെ രസാവഹമായ അനുഭവങ്ങൾ പലരും പറഞ്ഞും അഭിഭാഷകരും വിരമിച്ച ന്യായാധിപന്മാരും രചിച്ച പുസ്തകങ്ങളി ലൂടെയും നാം  ധാരാളം വായിച്ച് കഴിഞ്ഞിരിക്കുന്നു.
വാദിക്ക് വേണ്ടി വാദം നടത്തേണ്ട  വക്കീൽ  മദ്യപിച്ച് തല തിരിഞ്ഞ് വന്ന് പ്രതിക്ക് വേണ്ടി ശക്തിയുക്തം വാദിച്ചതും പുറകിൽ നിന്ന ഗുമസ്തൻ അബദ്ധം പറ്റിയത് തിരുത്തി കൊടുത്തപ്പോൾ  കോടതിയുടെ നേരെ തിരിഞ്ഞ് “ ഇതൊക്കെയാണ്  പ്രതി ഭാഗം  അവതരിപ്പിക്കാൻ പോകുന്ന പോയിന്റുകൾ,  എന്നാൽ   അതൊന്നും ശരിയല്ല,  വാദി ഭാഗം പോയിന്റുകൾ ദാ! കേട്ടോളൂ,  എന്നും പറഞ്ഞ് കടകം തിരിഞ്ഞ്  വാദിക്ക് വേണ്ടി വാദം നടത്തിയ   കഥ നാം കേട്ടു കഴിഞ്ഞു.
പശു കുത്തിയ കേസിൽ  നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫയൽ ചെയ്ത കേസിലെ സാക്ഷി  ആനാവട്ടം  പരമു പിള്ള (അദ്ദേഹം വക്കീൽ ഗുമസ്തൻ കൂടിയാണ്) പശു എങ്ങിനെയാണ് കുത്തിയത് എന്ന  ചോദ്യം കോടതിയിൽ നിന്നുണ്ടായപ്പോൾ  കോടതി മുറിയിൽ  പശു തലകുലുക്കി പായുന്നത് പോലെ മുമ്പോട്ട് ഓടി  വന്ന്  മജിസ്ട്രേട്ടിന്റെ  ഡയസിന്  താഴെ ഇരുന്ന ബെഞ്ച് ക്ളർക്കിനെ കസേരയോടൊപ്പം കുത്തി മറിച്ചിട്ടതും,  കുപിതനായ മജിസ്ട്രേട്ട്  “മേലിൽ ഈ കോടതി മുറിക്കകത്ത് കണ്ട് പോകരുത് എന്ന് സാക്ഷിയോട് കൽപ്പിച്ചതും  പിറ്റേ ദിവസം  ജനലിൽ കൂടി  ഒരു തോട്ടയും  അതിന്റെ അറ്റത്ത്  ഒരു ഹർജിയും   തൂക്കിയിട്ട്  വരുന്നത് കണ്ട മജിസ്ട്രേട്ട്  സാധനം കൈവശത്തിലാക്കി  വായിച്ചതിൽ  “ആനാവട്ടം പരമു പിള്ള തോട്ട വഴി ബോധിപ്പിക്കുന്ന അന്യായം“   എന്ന തലക്കെട്ട് കണ്ട് ടിയാനെ കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്തതിൽ   കോടതി മുറിയിൽ കണ്ട് പോകരുത്  എന്ന കൽപ്പന അനുസരിച്ചതാണെന്നും എന്നാൽ കേസ് ഫയൽ ചെയ്യേണ്ടിയതുള്ളതിനാൽ  ജനലിൽ കൂടി തോട്ടവഴി ബോധിപ്പിച്ചതാണെന്നുമുള്ള കഥയും നാം വായിച്ച് കഴിഞ്ഞു.
പക്ഷേ അടുത്ത ദിവസം  ഡൽഹിയിൽ സുപ്രീം കോടതിയിലെ വാർത്ത പത്രത്തിൽ വായിച്ചപ്പോൾ  പഴയ ആനാവട്ടം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം ഉടലെടുത്തിരിക്കുന്നു. അഞ്ച് പേരടങ്ങിയ ഫുൾ ബെഞ്ചിൽ വാദിക്കാൻ വന്ന ഒരു കേസ് (രാജ്യസഭയിൽ ചീഫ് ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാൻ വന്ന ഹർജി തിരസ്കരിച്ച നടപടിക്കെതിരെ ഫയൽ ചെയ്ത കേസാണെന്നാണ് ഓർമ്മ)  കോടതിയിലെ രജിസ്ട്രിയിൽ ചേർത്തിട്ടില്ല, നമ്പർ ഇട്ടിട്ടില്ല  എന്നൊക്കെ  ബന്ധപ്പെട്ട  അഭിഭാഷകൻ  വാദിച്ചപ്പോൾ 5 ന്യായാധിപന്മാർ  കുഴഞ്ഞ് പോയത്രേ! പിന്നെങ്ങിനെ ആ ഹർജി അഞ്ചംഗ ഫുൾബെഞ്ചിന്റെ മുമ്പിലെത്തി?  ആനാവട്ടം ഡെൽഹിയിൽ കറങ്ങി നടന്ന്  വക്കീലന്മാർക്ക് ക്ളാസ് എടുക്കുന്നുണ്ടോ ദൈവമേ!

Monday, May 7, 2018

യേസുദാസ് ആലാപനം നിർത്തേണ്ടതല്ലേ?

കേൾക്കാൻ ഇമ്പമുള്ള സ്വര മാധുര്യത്താൽ  യേശുദാസ്  ഗാനങ്ങളാലപിച്ച് മലയാളികളെ  സന്തോഷിപ്പിച്ചിരുന്നു. “താമസമെന്തേ വരുവാൻ“  പ്രാണസഖി ഞാൻ വെറുമൊരു“  “സുമംഗലീ നീ ഓർമ്മിക്കുമോ“ തുടങ്ങി അനേകമനേകം  ഗാനങ്ങൾ കാലം കടന്ന് പോയിട്ടും  ഇന്നും മനസിനെ  വല്ലാതെ സ്വാധീനിക്കുന്നു.  അതേ പോലെ ഹിന്ദിയിൽ അദ്ദേഹം ആലപിച്ച ചിറ്റ് ചോർ സിനിമയിലേതടക്കം  ഉള്ള മധുര ഗാനങ്ങളും അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. കാലം കടന്ന് പോയപ്പോൾ അദ്ദേഹം ലതാ മങ്കേഷ്ക്കറെ സംബന്ധിച്ച് ഒരു അഭിപ്രായം അന്ന് പറയുകയുണ്ടായി. “ലതാജി  ഇനി പാട്ട് നിർത്തുന്നതാണ് നല്ലത്“ എന്ന്. പ്രായത്തിന്റെ തേയ്മാനം ലതാജിയുടെ സ്വരത്തിൽ  ചിലമ്പിച്ച സൃഷ്ടിച്ചപ്പോഴാണ് ഈ  അഭിപ്രായം  അദ്ദേഹത്തിൽ നിന്നുണ്ടായതെങ്കിലും  ആ പ്രസ്താവന അന്ന് ചെറുതല്ലാത്ത കോലാഹലം  സമൂഹത്തിൽ  ഉണ്ടാക്കി.

വർഷങ്ങൾ  ഏറെ കടന്ന് പോയപ്പോൾ  ഇന്ന് ഗാനഗന്ധർവന്റെ പല പാട്ടുകളിലെയും ശബ്ദത്തിന്റെ വിറയൽ നിരീക്ഷിക്കുമ്പോൾ അദ്ദേഹത്തിനോടുള്ള  സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ വിനയത്തിന്റെ   ഭാഷയിൽ പറയേണ്ടിയിരിക്കുന്നു. പണ്ട് അങ്ങ് ലതാജിയെ പറ്റി പറഞ്ഞ പോലെയുള്ള അവസ്ത   ഇപ്പോൾ  അങ്ങയുടെ ശബ്ദത്തിലും വന്നിരിക്കുന്നതിനാൽ   ഇനി  അങ്ങും പാടാതിരിക്കുന്നതാണ് നല്ലത് സ്വരം നല്ലതായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതാണ് നല്ലതെന്ന പഴമൊഴി വളരെ അർത്ഥവത്താണല്ലോ.

  ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവർ  അറബിക്കഥ സിനിമയിലെ  “തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും എന്ന ഗാനവും, ബാല്യകാലസഖി സിനിമയിലെ “ താമരപ്പൂങ്കാവനത്തിൽ താമസിക്കുന്നോളേ“  എന്ന പാട്ടും ശ്രദ്ധിക്കുക. 15 വർഷം മുമ്പാണ് ഈ ഗാനങ്ങൾ അദ്ദേഹം ആലപിച്ചിരുന്നെങ്കിൽ ഉണ്ടാകാവുന്ന ശബ്ദത്തിന്റെ ദൃഡത  ഈ ഗാനത്തിൽ ഉണ്ടോ എന്ന്  സത്യസന്ധമായി പറയുക.
മലയാളത്തിന്റെ പ്രിയംകരി എസ്.ജാനകി ഈ സത്യം മനസിലാക്കി  ഗാനമാലാപനത്തിൽ നിന്നും പിൻ വാങ്ങിയതും നമ്മൾ ഓർമ്മിക്കുക.

എല്ലാറ്റിനും ഒരു സമയം ഉണ്ട് അത് കഴിയുമ്പോൾ ഒഴിഞ്ഞ് കൊടുക്കുക, അതാണ് ശുഭം.

Wednesday, April 18, 2018

കുടുംബ കോടതിയിൽ നിന്നുമൊരു കാഴ്ച.

കുടുംബ കോടതിയുടെ വരാന്തയിലൂടെ  നടന്ന് പോകുമ്പോഴാണ് യാദൃശ്ചികമായി  എന്റെ  നോട്ടം ആ അമ്മയിലും  മകനിലും പതിഞ്ഞത്. അമ്മ ചെറുപ്പമാണ്, മകന് 5 വയസ്സ് പ്രായവും. അവൻ ചരിഞ്ഞ് ചരിഞ്ഞ്  നോക്കുന്നതാരെയെന്ന് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ  അൽപ്പമകലെ  ഒരു ചെറുപ്പക്കാരൻ അവനെ തന്നെ നോക്കി ഇരിക്കുന്നുണ്ട്, അയാളെയാണ്. ആ കുട്ടി  എത്തി നോക്കിക്കൊണ്ടിരുന്നത്. ആ നോട്ടത്തിലെ ആകാംക്ഷയും ദയനീയതയും കണ്ടതിനാൽ അവരുടെ സമീപം നിന്നിരുന്ന  എനിക്ക് പരിചയമുള്ള  വക്കീൽ ഗുമസ്തനെ വിളിച്ച് ഞാൻ കേസിന്റെ വിവരം തിരക്കി.  സാധാരണ കുടുംബ വഴക്ക് തന്നെ അവരുടേതും. വിവാഹ മോചനത്തിന്റെ വിളുമ്പിൽ വരെ എത്തിയിട്ടുണ്ട്. സന്തതി ആയി  ഒരു ആൺകുട്ടി മാത്രമാണുള്ളത്.  അവന് അഛൻ പ്രാണനാണ്. അഛന് മകനും പ്രിയപ്പെട്ടതാണ്. ശക്തമായ ഈഗോ ആ ഭാര്യാഭർത്താക്കന്മാരിൽ വേരൂന്നിയിരിക്കുന്നതിനാൽ രണ്ട് പേരിലും വാശിയുടെ ദുർഭൂതം ആവേശിച്ചിരിക്കുന്നു. വിട്ട് വീഴ്ച്ചക്ക് ആരും തയാറില്ല. അഛനും മകനും  കോടതി വരാന്തയിൽ ഇങ്ങിനെ തമ്മിൽ കാണാൻ കഴിയും. കുട്ടിയെ വിട്ട് കിട്ടാൻ അയാൾ വേറെ കേസ് കൊടുത്തിട്ടുമുണ്ട്. ഒത്ത് തീർപ്പു ചർച്ചകളും കൗൺസിലിംഗും രണ്ട് മൂന്നു തവണ കഴിഞ്ഞിരിക്കുന്നു.  രണ്ട് പേരും അവരവരുടെ കരയിൽ തന്നെ ഇപ്പോഴും  നിൽക്കുന്നു.
അവരെ കടന്ന് പോകുമ്പോഴും ആ കുട്ടിയുടെ നോട്ടം എന്റെ മനസിൽ നിന്നും മാഞ്ഞ് പോയിരുന്നില്ല.  ജീവിതകാലം മുഴുവൻ അവൻ  ഈ കോടതി വരാന്ത  ഓർമ്മിക്കും.  ഒരു പക്ഷേ അവന്റെ സ്വഭാവ രൂപീവത്കരണത്തിന് വരെ ഈ കോടതി  വരാന്തയിലെ ഇരിപ്പും അവന്റെ അഛന്റെ വാൽസല്യം  ലഭ്യമില്ലായ്കയും നിമിത്തമായേക്കാം. മറ്റ് കുട്ടികളെ തിരക്കി  അവരുടെ അഛന്മാർ സ്കൂളീൽ എത്തുമ്പോൾ തന്റെ അഛനെ കുറിച്ച് അവൻ ഏതൊരു വികാരത്തോടെയായിരിക്കും ചിന്തിക്കുക.
അവന്റെ വേദ്നയും നിരാശയും  ആ മാതാപിതാക്കൾക്ക് ബാധകമല്ലല്ലോ. അവരുടെ ഭാഗം കേസ് ജയിക്കണം.  അവളെ തോൽപ്പിക്കണമെന്ന് അയാളും,  അയാളെ തോൽപ്പിക്കണമെന്ന് അവളും.  രണ്ട് പേരും അവരുടെ ഭാഗം ജയിക്കുമായിരിക്കും.  പക്ഷേ തോൽക്കുന്നത് ആ കുഞ്ഞും  അവന്റെ  കുഞ്ഞ് സ്വപ്നങ്ങളും  മാത്രമായിരിക്കും.




ഇതൊന്നും ആ മാതാപിതാക്കൾക്ക് ചിന്താ വിഷയമല്ലല്ലോ.