Saturday, June 30, 2012

ബൂലോഗമേ! അഭിമാനിക്കൂ!










ഈ   ചിത്രങ്ങള്‍  ബൂലോഗത്തിനു  അഭിമാനിക്കാന്‍ തക്ക  വിധം പോസ്റ്റ്  ചെയ്യാന്‍  കഴിഞ്ഞതില്‍  എനിക്ക്  സന്തോഷമുണ്ട്.

 ബൂലോഗത്തിന്റെ  കാരുണ്യ  പ്രവാഹം   ചലന ശേഷിയില്ലാതെ    കിടക്കയില്‍  മാത്രമായി  തന്റെ  ലോകം  ഒതുക്കി  കഴിഞ്ഞിരുന്ന  ഒരു  യുവാവിന്  ഒരു  ജീവിതം  നല്‍കിയതിന്റെ  ചിത്രങ്ങളാണ്  ഇവ.

  കേവലം  വര്‍ഷങ്ങള്‍  മാത്രം  പ്രായമുള്ള മലയാള  ബ്ലോഗ്  സമൂഹത്തിന്റെ  കാരുണ്യ  പ്രവര്‍ത്തികള്‍  ശ്ലാഘനീയമാണ്. ഈ  പംക്തിയില്‍  ധാരാളം  ഈ വിഷയ  സംബന്ധമായി   എഴുതി  കഴിഞ്ഞിരിക്കുന്നു.   ബൂലോഗം പിച്ചവെച്ച്  തുടങ്ങിയ    കാലത്ത്  തന്നെ  പലരുടെയും  ജീവിതം  സുഗമമായി  മുന്നോട്ട്  കൊണ്ട്  പോകാന്‍  തക്കവിധം  കാരുണ്യം  ചൊരിയാന്‍  ബ്ലോഗ് സമൂഹത്തിനു   കഴിഞ്ഞിരിക്കുന്നു  എന്ന്  അഭിമാനത്തോടെ  നമുക്ക്  പറയാന്‍  കഴിയും.അതില്‍ എടുത്ത്  പറയത്തക്ക  ഒരു  ഉദാഹരണമാണ്  കോട്ടയം  ജില്ലയിലെ  കിടങ്ങൂര്‍  സ്വദേശി  രാജെഷ്  എന്ന യുവാവ്. ഒരു  നുറുങ്ങ്  എന്ന  ബ്ലോഗ് സുഹൃത്ത്  ഹാറൂണിന്റെ    നേതൃത്വത്തില്‍   ബൂലോഗം  ഒന്ന്  ചെറുതായി  അണി  നിരന്നപ്പോള്‍   ചലന  ശേഷി  ഇല്ലാത്ത  രാജേഷിനു   ലഭിച്ചത്    രാജേഷിനു  തുണയായും  ഇണയായും   അയാളോടൊപ്പം   കഴിയാന്‍    സ്വമനസാലെ  തയാറായി  വന്ന   ഒരു  ജീവിത പങ്കാളി, അവര്‍ക്ക്  ഇപ്പോള്‍   ജനിച്ച  ഒരു  കുട്ടി,  ഒരു  ചെറിയ  വീട്  എന്നിവയാണ്.  ഈ  വക  കാര്യങ്ങള്‍  പരാമര്‍ശിച്ച്  “രാജേഷ്  അച്ഛനായി” എന്നൊരു  പോസ്റ്റും  ഞാന്‍  പ്രസിദ്ധീകരിച്ചു.  അത്  നിങ്ങള്‍ക്ക്  ഇവിടെ  അമര്‍ത്തിയാല്‍  കാണാം.  ഈ  പോസ്റ്റ്  പ്രസിദ്ധീകരിച്ച്  കഴിഞ്ഞതിനു  ശേഷം ഷഫീഖ്  മുല്ല  അലി  എന്ന  ഒരു ബ്ലോഗ് സുഹൃത്ത്   എനിക്ക്  ഒരു   മെയില്‍  അയച്ച്  തന്നു.  അത്  ഇപ്രകാരമാണ്.
പ്രിയ മാഷിനു,
ഞാന്‍  രാജേഷ്  ചേട്ടനെക്കുറിച്ച്  അറിയുന്നത്  ഹാരൂണ്‍  സാഹിബിന്റെ ബ്ലോഗില്‍   നിന്നാണ്.2010ഏപ്രില്‍10മുതല്‍  അവര്‍  ഫോണില്‍  വിളിക്കുമായിരുന്നു.ഞാന്‍  ഖത്തറില്‍  ജോലി  ചെയ്യുകയായിരുന്നു. നാട്ടില്‍  ലീവില്‍  പോകുമ്പോള്‍ രാജേഷ്  ചേട്ടന്റെ  അടുത്ത് പോകുമായിരുന്നു.രാജേഷ്  ചേട്ടന്റെ  വീട് പണിയുന്ന  സമയത്ത്  ഞാനും  സുഹൃത്തുക്കളും അവിടെ  പോയി  കഴിയുന്ന ശരീരിക  സഹായങ്ങള്‍ ചെയ്ത്  കൊടുത്തിരുന്നു. എന്റെ  വീട്  പെരുമ്പാവൂരില്‍  അണ്.  മാഷിനെ  കുറിച്ച്  എനിക്ക് നേരത്തെ  അറിയാമായിരുന്നു. കുന്നിക്കോട്  ഷംനാദിനടുത്തും  വരാറുണ്ട്. ഞാന്‍  ഇപ്പോള്‍  വീണ്ടും  ഖത്തറിലേക്ക്  പോന്നു. ഹാരൂണ്‍  സാഹിബിനെ  ഇത്  വരെ  നേരില്‍  കാണാന്‍  പറ്റിയിട്ടില്ല. ഈ  വീടിന്റെ  പണി  എത്രയും  പെട്ടെന്ന്  തീരാന്‍  കാരണം  ഹാരൂണ്‍  സാഹിബ്  ഒരാള്‍ മാത്രം  ആണ്.
  ഈ  ചിത്രങ്ങള്‍  പോസ്റ്റ്  ചെയ്തോളൂ. താങ്കളുടെയും  ഹാരൂണ്‍  സാഹിബിന്റെയും  ബ്ലോഗില്‍  കമന്റിട്ട  എല്ലാവര്‍ക്കും ഇ മെയില്‍  ചെയ്യണം  എന്നാണ്  വിചാരിച്ചിരുന്നത്.പക്ഷേ  ആരുടെയും  ഇ.മെയില്‍  ഐ.ഡി. ഡിസ്പ്ലേ  ആകുന്നില്ല.  നിങ്ങളാണ്  ഈ ഫോട്ടോ  കാണാന്‍  ഏറ്റവും  അര്‍ഹതപ്പെട്ടവര്‍. നിങ്ങളുടെ  എല്ലാം  കൂട്ടായ  പരിശ്രമത്തിന്റെ  ഫലമാണ് ഈ മാറ്റത്തിനു  കാരണം.
ഇന്‍ഷാ  അല്ലാ,  എപ്പോഴെങ്കിലും  ലീവില്‍  വരുമ്പോള്‍  നേരില്‍  കാണാം.നമുക്ക്  വേണ്ടിയും  പ്രാര്‍ത്ഥിക്കുക.
ഷഫീഖ്  ഖത്തര്‍.

മറ്റുള്ളവര്‍  ഈ മാതൃക  പിന്‍ തുടര്‍ന്ന്  ഭൂമിയില്‍   നന്മ  വിളയിക്കിട്ടെ  എന്ന  ഉദ്ദേശത്തിലാണ്  ഈ  കുറിപ്പുകള്‍   ഇവിടെ  കോറി  ഇട്ടത്.  മാത്രമല്ല  രാജേഷിന്റെ  ഭാര്യയുടെ  പ്രസവത്തിനായി  ആശുപത്രിയില്‍  നല്ലൊരു  തുക  ചിലവായി. വീടിന്റെ പണി  പൂര്‍ത്തി  ആയിട്ടുമില്ല. ചലന  ശേഷി  ഇല്ലാത്ത  ആ യുവാവിനു  സുമനസ്സുകളുടെ  സഹായമല്ലാതെ  മറ്റെന്ത്  വരുമാനമാണ്  ഉള്ളത്.ഈ  വിവരം  അറിഞ്ഞ  നമ്മുടെ  മാന്യ  സുഹൃത്ത്  ഡോക്റ്റര്‍  ജയന്‍  ഏവൂര്‍ ഞാനുമായി  ഫോണില്‍  സംസാരിച്ചപ്പോള്‍  1000രൂപാ  വീതം അഞ്ച്  പേര്‍  നല്‍കിയാല്‍ 5000ആകുമെന്നും അത്രയുമെങ്കില്‍  അത്ര ആകട്ടെ  എന്നും  ഡോക്റ്ററുടെ  വിഹിതമായ  1000രൂപാ  തരാമെന്നും  പറഞ്ഞിരുന്നു.പക്ഷേ ഈ തുക  രാജേഷിനു  എത്തിക്കാന്‍ അപ്പോള്‍  മാര്‍ഗമില്ലായിരുനു.  എന്നാല്‍   ഹാറൂണ്‍  സാഹിബിന്റെ  പോസ്റ്റില്‍   നിന്നും രാജേഷിന്റെ  അക്കൌണ്ട്  നമ്പര്‍ ലഭിച്ചു  അത്   ഇപ്രകാരമാണ്.
RAJESH.C,
SB A/C 13030100067968
FEDARAL BANK,
KIDANGOOR.
KOTTAYAM.

സന്മനസ്സിന്റെ  ഉടമകള്‍  കയ്യിലുള്ളത് അത്  എത്ര  ചെറിയ  തുക  ആയാലും അയാള്‍ക്ക് അയച്ചാല്‍   പല  തുള്ളി  പെരുവെള്ളമായി   അയാള്‍ക്ക്  ഉപകാരപ്പെടും.
എല്ലാവര്‍ക്കും  നന്മ  വരാനായും  ബൂലോഗത്തിന്റെ  ഈ  കൂട്ടായ്മ  എന്നും  നിലനില്‍ക്കാനും   പ്രാര്‍ത്ഥിക്കുന്നു.


Saturday, June 2, 2012

കൈരളീ നെറ്റും ബൂലോഗവും

കൈരളി നെറ്റ് എന്ന പേരില്‍ കൊല്ലത്ത് നിന്നും ഒരു സാംസ്കാരികാ-കാര്‍ഷിക-വാര്‍ത്താ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരു ദിവസം അതിന്റെ ചീഫ് എഡിറ്റര്‍ ശ്രീ.സുനില്‍ ഷാ എന്നെ ഫോണില്‍ വിളിച്ച് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത സാധനം എന്റേതല്ലാ എന്ന അനുഭവക്കുറിപ്പ് കൈരളി നെറ്റില്‍ പ്രസിദ്ധീകരിക്കാനായി അനുവാദം ചോദിച്ചു. ആ പോസ്റ്റ് മാത്രമല്ല എന്റെ ബ്ലോഗിലെ ഏത് പോസ്റ്റ് വേണമെങ്കിലും പ്രസിദ്ധീകരിക്കാനായി ഞാന്‍ അദ്ദേഹത്തിനു അനുവാദം നല്‍കി. തുടര്‍ന്ന് ആ ലക്കം മാസിക അവര്‍ എനിക്ക് അയച്ചു തരികയും ചെയ്തു. മാസിക തുറന്ന് പോലും നോക്കാതെ പിന്നീട് വായിക്കാം എന്ന് കരുതി ഞാന്‍ മാറ്റി വെച്ചു. പക്ഷേ അല്‍പ്പം ദിവസത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളിലുള്ള എന്റെ പരിചയക്കാര്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ട് എന്റെ രചനയെ കുറിച്ച് അഭിപ്രായം അറിയിച്ചപ്പോള്‍ ഒരു കാര്യം എനിക്ക് ബോദ്ധ്യമായി; ഈ മാസിക ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുടെ കയ്യില്‍ കൃത്യമായി എത്തുന്നുണ്ടെന്നും അത് അല്‍പ്പം പ്രചാരമുള്ള മാസികയാണെന്നും. ഞാന്‍ മാസിക തപ്പി എടുത്ത് അതിന്റെ പേജുകളിലൂടെ കയറി ഇറങ്ങി. ഒരു കാര്യം ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു , അല്‍പ്പം കാമ്പുള്ള സാധനം തന്നെ ആണിത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലേഖനങ്ങള്‍, ഇന്റര്‍വ്യൂകള്‍, കഥകള്‍ , കവിതകള്‍, എന്നിവയാല്‍ സമ്പുഷ്ടമാണീ മാസിക. പണ്ടത്തെ സോവിയറ്റ് നാട് വാരികയെ പോലുള്ള നല്ല പോളിഷുള്ള പേപ്പര്‍.നല്ല കവറും ലേ ഔട്ടും. പരിണിത പ്രജ്ഞരായ പത്രാധിപ സമിതി, ശ്രീ. എം.എസ്. ജയപ്രകാശും സൈനുദ്ദീന്‍ പട്ടാഴിയും പോലുള്ള അഡ്വിസറീ ബോര്‍ഡ് അംഗങ്ങള്‍. എല്ലാം കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സെറ്റ് അപ്പ്.

വായിക്കാന്‍ കൊള്ളാം എന്ന് തിരിച്ചറിഞ്ഞതോടെ എല്ലാ മാസവും ഞാന്‍ ഈ മാസിക ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴാണ് എന്നെ അതിശയപ്പെടുത്തുന്ന മറ്റൊരു സത്യം വെളിവായത്. എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനുമായി ബന്ധപ്പെട്ടത് പോലെ അവര്‍ ഇതര ബ്ലോഗേര്‍സുമായും ബന്ധപ്പെട്ട് പലരുടെയും രചനകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ശ്രദ്ധേയന്റെയും മനോരാജിന്റെയും ബ്ലോഗ് പോസ്റ്റുകള്‍ ഞാന്‍ അതില്‍ കണ്ടു. കൊട്ടോട്ടിക്കാരനേയും കണ്ടു. ബൂലോഗവും കൈരളീ നെറ്റുമായി നല്ല ബന്ധത്തിലാണെന്ന് ഞാന്‍ അപ്പോള്‍ മനസ്സിലാക്കി.

നമ്മുടെ രചനകള്‍ അച്ചടി മഷി പുരണ്ട് 10പേര്‍ വായിക്കുന്നത് നമുക്ക് ആനന്ദം തരുന്ന വസ്തുതയാണ്. മഹാ സാഹിത്യകാരന്മാരുടെ ഏത് ചവറും പ്രസിദ്ധപ്പെടുത്താന്‍ യാതൊരു മടിയും കാണിക്കാത്ത മുഖ്യധാരാ അച്ചടി മാധ്യമങ്ങള്‍ ഗുണമേന്മയുള്ള നമ്മുടെ രചനകള്‍ നിഷ്ക്കരുണം തിരിച്ചയക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ രചനകള്‍ ബ്ലോഗില്‍ വായിച്ചിട്ട് നമ്മളെ തിരക്കി വന്ന് ആ രചനകള്‍ മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ തയാറായ കൈരളീ നെറ്റ്കാര്‍ ബ്ലോഗ് ലോകത്തുള്ളവര്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നു എന്നതില്‍ നമ്മള്‍ സന്തോഷിക്കുക തന്നെ വേണം.

നന്ദി, കൈരളീ നെറ്റ്, നിങ്ങള്‍ക്ക് ബൂലോഗത്തിന്റെ അഭിവാദ്യങ്ങള്‍.

മേല്‍വിലാസം:-കൈരളീ നെറ്റ് മാസിക
ഇരവിപുരം പി.. കൊല്ലം


കൈരളീ നെറ്റിന്റെ ഇ.മെയില്‍:-


krnetklm@gmail.കോം

ചീഫ് എഡിറ്ററുടെ ഫോണ്‍ നമ്പര്‍:9037665581

Thursday, May 10, 2012

രാജേഷ് അച്ഛനായി

രാജേഷ് അച്ഛനായി.

രാജേഷിനെ അറിയില്ലേ?മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് ശരീരം തളര്‍ന്ന് കിടക്കുന്ന മുപ്പത്തി എട്ട് വയസ്സ്കാരന്‍ കോട്ടയം കിടങ്ങൂര്‍ സ്വദേശി യുവാവ് .

ആത്മഹത്യാ ശ്രമത്തിന്റെ വക്കിലെത്തിയ അയാളെ നമ്മുടെ പ്രിയപ്പെട്ട ഹാറൂണ്‍സാഹിബ്( ഒരു നുറുങ്ങ്) കാരുണ്യത്തിന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്നു.
കണ്ണൂര്‍ നഗരത്തിന്റെ ഒരു മൂലയിലെ വസതിയില്‍ ചലന ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ പോലും തന്റെ കിടക്കയില്‍ കിടന്ന്കൊണ്ട്, തന്നെ പോലെ അവശരായ സഹജീവികളില്‍ കയ്യിലെഫോണ്‍ മാത്രം ഉപയോഗിച്ച് കാരുണ്യ മഴ പെയ്യിക്കുന്ന നമ്മുടെ ഹാറൂണ്‍!

ശാരീരിക അവശതയാല്‍ ഒരു നുറുങ്ങ് എന്ന ബ്ലോഗ് ഇപ്പോള്‍ അദ്ദേഹം സജീവമാക്കുന്നില്ലെങ്കിലുംഇപ്പോഴും അദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യം ബൂലോഗത്ത് അനുഭവപ്പെട്ട്കൊണ്ടേ ഇരിക്കുന്നു. കഴിഞ്ഞദിവസം ഹാറൂണ്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു.

ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ട്. നമ്മുടെ രാജേഷ് അച്ഛനായി, മസ്കുലര്‍ ഡിസ്ട്രോഫിബാധിച്ച ആള്‍ക്ക് ഉല്‍പ്പാദന ശേഷി നഷ്ടപ്പെടുന്നില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.“

ഓര്‍മ്മകള്‍ പുറകിലേക്ക് പോയി. 2010ലെ ഹാറൂണിന്റെ ഫോണ്‍‌വിളികള്‍ എന്നിലേക്കെത്തി.

കോട്ടയത്തിനടുത്ത കിടങ്ങൂര്‍ വരെ പോകാമോ? അവിടെ ചലന ശേഷി നശിച്ച ഒരാള്‍ക്ക് ഒരുമൊബൈല്‍ ഫോണ്‍ കൊടുക്കാന്‍ വേണ്ടിയാണ്, ഒന്നു അവിടെ പോയി അയാളെ ( രാജേഷിനെ)സമാധാനപ്പെടുത്തുകയും വേണം.”

പിന്നീട് ദൌത്യം ഏറ്റെടുത്ത് ഒരു ബ്ലോഗര്‍ അവിടെ പോയി.(കൊട്ടോട്ടി ആണോ എന്ന് സംശയം)

ഹാറൂണ്‍ അവിടം കൊണ്ട് നിര്‍ത്തിയില്ല. രാജേഷിനു ഒരു ജീവിതം തന്നെ നല്‍കി. ശരീരം തളര്‍ന്ന്കിടക്കുന്ന രാജേഷിന്റെ ജീവിത പങ്കാളി ആകാന്‍ മിനി എന്ന പെണ്‍കുട്ടി വീട്ടില്‍ നിന്നും സ്വന്തംഇഷ്ടത്തില്‍ ഇറങ്ങി വരുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തിച്ചു. അവരുടെ വിവാഹവും നടന്നു.(പത്രങ്ങളില്‍ വാര്‍ത്തയായി വിഷയം.) സ്തോഭജനകമായ സംഭവം വായിക്കുവാനായി നിങ്ങള്‍ തീര്‍ച്ചയായും ഹാറൂണിന്റെ ബ്ലോഗില്‍ ഇവിടെ പോകണം. പോസ്റ്റില്‍(ജീവിക്കാന്‍ കൊതിയോടെ) അവസാന ഭാഗം ഹാറൂണ്‍ ഇങ്ങിനെ പറഞ്ഞ് വെച്ചു:-
കൂട്ടരേ........ കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ട് പോവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം... പക്ഷേ, ധീരമായ ഒരു തീരുമാനമെടുത്ത മിനിക്കും, രാജേഷിനും പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായുണ്ട്. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെയാണ്. ഈ കാര്യത്തില്‍ ചെറിയ സഹായം നല്‍കാന്‍ നമുക്കാവില്ലേ..? മിനിയോട് തയ്യല്‍ പഠനം പൂര്‍ത്തിയാക്കാന്‍ പറഞ്ഞിട്ടുണ്ട്. പ്രിയ ബ്ലോഗ് സുഹൃദ്സമൂഹമേ,..! ഈ നുറുങ്ങിനാല്‍ സാദ്ധ്യമാവുന്ന കൊച്ചു സഹായങ്ങള്‍ ചെയ്തു തുടങ്ങി അത് വളരെ ചെറിയ രീതിയില്‍ മാത്രം..... അണ്ണാറക്കണ്ണനും തന്നാലായത്... ബ്ലോഗുലകത്തിന്‍റെ സഹകരണം ആ “നവദമ്പദികള്‍ക്കായി” നിര്‍ലോഭം നല്‍കുമല്ലോ... പ്രതീക്ഷയോടെ.....”

ആ പ്രതീക്ഷ ഒരു പരിധിവരെ സഫലമായി എന്നാണ് കാലം തെളിയിച്ചത്. ബൂലോഗം ഹാറൂണിന്റെ അപേക്ഷ കൈക്കൊണ്ടു. കാരുണ്യ പ്രവാഹം പലതരത്തില്‍ രാജേഷിലേക്ക് ഒഴുകി. ഹാറൂണ്‍ തന്റെ കിടക്കയില്‍ കിടന്ന് മാര്‍ഗദര്‍ശനം നല്‍കി. ആകെ സ്വത്തായി രാജേഷിന്റെ കുടുംബത്തിനുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തുവിലെ ബാങ്ക് ബാധ്യത തീര്‍ക്കാന്‍ സഹായിച്ചു. ഇതിനു വേണ്ടി കലക്റ്റര്‍, ബാങ്ക് മാനേജര്‍, തുടങ്ങി പലരെയും തന്റെ ഫോണിലൂടെ ഹാറൂണ്‍ ബന്ധപ്പെട്ടു. ബൂലോഗത്തിലെ സന്മനസുകളുടെ സഹായത്തോടെ രാജേഷിനു ഒരു ചെറിയ വീടിന്റെ നിര്‍മാണം ആരംഭിച്ചു.

ഇപ്പോള്‍ വീടിന്റെ പണി പൂര്‍ത്തിയായില്ലെങ്കിലും മിനിയെ ആശുപത്രിയില്‍ നിന്നും കുഞ്ഞുമായി പുതിയ വീട്ടിലേക്ക് കൊണ്ട് വരാനാണ് രാജേഷ് ആഗ്രഹിക്കുന്നതെന്ന് ഹാറൂണ്‍ എന്നെ അറിയിച്ചു. മാത്രമല്ല ഒന്ന് അവിടം വരെ പോയി ആ ചെറിയ കുടുംബത്തിന്റെ ഒന്ന് രണ്ട് ചിത്രങ്ങള്‍ എടുത്ത് ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്താനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ജോലി തിരക്കിനാല്‍ എനിക്ക് അവിടെ പോകാന്‍ സാധിച്ചില്ല. എങ്കിലും ദൈവം അനുവദിച്ചാല്‍ ഉടനെ പോകണമെന്ന് ആഗ്രഹിക്കുന്നു. അഥവാ ഏതെങ്കിലും ബ്ലോഗറന്മാര്‍ രാജേഷിന്റെ നാടിനു സമീപം താമസിക്കുന്നു എങ്കില്‍ ആ ദൌത്യം ഏറ്റെടുത്താല്‍ അത് സഹായകരമായിരിക്കും.

മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് കിടക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കാനും പണി തീരാത്ത രാജേഷിന്റെ കൊച്ചു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബൂലോഗത്തിന്റെ കാരുണ്യം ഇനിയും ഉണ്ടാകാനും അതിനോടൊപ്പം ബ്ലോഗ് ലോകത്തിന്റെ കൂട്ടായ്മയാല്‍ സമൂഹത്തില്‍ രാജേഷീനെ പോലുള്ളവര്‍ക്ക് ലഭ്യമാകുന്ന സഹായങ്ങളെ ചൂണ്ടിക്കാണിക്കാനുമാണ് ഇപ്പോള്‍ ഞാന്‍ ഈ കുറിപ്പുകളുമായി നിങ്ങളുടെ മുമ്പില്‍ വന്നത്. ഇത് സദയം മറ്റുള്ളവരിലേക്ക് പങ്ക് വെയ്ക്കുക. രാജേഷിനും ചെറിയ കുടുംബത്തിനും ക്ഷേമത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

Friday, May 4, 2012

പോസ്റ്റ്‌ മോഷ്ടിക്കുന്നതിനെതിരെ

പകര്‍പ്പവകാശ നിയമം നിര്‍മ്മിച്ചപ്പോള്‍ ബ്ലോഗ് ലോകം നിലവിലുണ്ടായിരുന്നില്ല. അതിനാല്‍ബ്ലോഗ് എന്ന പരാമര്‍ശം നിയമത്തിലുണ്ടാകാന്‍ ഇടയാകാതെ വന്നു. അവസരം മുതലെടുത്ത്ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന രചനകള്‍ ( കഥകളുടെ ആശയം, കാര്‍ട്ടൂണ്‍, നര്‍മ്മ രചന, ലേഖനങ്ങള്‍തുടങ്ങിയവ) യാതൊരു മടിയും കൂടാതെ പകര്‍ത്തി സ്വന്തം പേരില്‍ അച്ചടി മാധ്യമങ്ങളിലൂടെപ്രസിദ്ധീകരിക്കുന്ന പ്രവണത അടുത്ത കാലത്ത് വര്‍ദ്ധിച്ചു വരുകയാണ്. പത്രങ്ങളുംആഴ്ച്ചപ്പതിപ്പുകളും കാര്യത്തില്‍ ഒട്ടും പുറകോട്ടല്ല. വണ്ടിപ്പെരിയാര്‍ അണക്കെട്ട് പ്രശ്നം കത്തിനിന്നപ്പോള്‍ നമ്മുടെ പ്രശസ്തനായ ബ്ലോഗര്‍ നൌഷാദ് അകമ്പാടം ബ്ലോഗില്‍ പോസ്റ്റ് ചെയ്തകാര്‍ട്ടൂണ്‍ നൌഷാദില്‍ നിന്നും യാതൊരുവിധ അനുവാദവും വാങ്ങാതെ തിരുവനന്തപുരത്ത് നിന്നുംഇറങ്ങുന്ന ഒരു വാരികയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തി. ബൂലോഗത്ത് ഉണ്ടായ പ്രതിഷേധത്തെതുടര്‍ന്ന് വാരിക പിന്നീട് കാര്യത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തു.അടുത്ത നാളില്‍മറ്റൊരു പ്രശസ്തനായ ബ്ലോഗര്‍ ഡോക്റ്റര്‍ ജയന്‍ ഏവൂരുമായി ബൂലോഗം നടത്തിയ ഇന്റര്‍വ്യൂവില്‍ഡോക്റ്ററും സമാനമായ ഒരു വിഷയം അവതരിപ്പിക്കുകയുണ്ടായി.

നാം കഷ്ടപ്പെട്ട് രചിക്കുന്ന പോസ്റ്റുകള്‍ അച്ചടിക്കുവാന്‍ വൈമനസ്യം കാട്ടുന്നവരാണ് മാധ്യമങ്ങള്‍. പക്ഷേ നമ്മുടെ ഗുണനിലവാരമുള്ള രചനകള്‍ അനുവാദം കൂടാതെ അവരുടെ പ്രസിദ്ധീകരണത്തില്‍ഉള്‍പ്പെടുത്തുവാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല.

അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമല്ല ഏതൊരു വ്യക്തിക്കും നമ്മുടെ രചനകള്‍ കട്ടെടുത്ത് അവരുടെപേരില്‍ പ്രസിദ്ധീകരിക്കുവാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വന്നിരിക്കുന്നു. ഇതിനെതിരെപ്രതിഷേധം പ്രകടിപ്പിച്ചാല്‍ മാത്രം പോരാ
എന്നും നിയമപരമായ നടപടികള്‍ക്ക് മുന്നിട്ടിറങ്ങി പ്രവണത മുളയിലേ നുള്ളിക്കളയാന്‍ നാം ഉടനെതന്നെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു എന്നാണെന്റെഅഭിപ്രായം.

ഇതിനു പ്രഥമമായി വേണ്ടത് ബ്ലോഗും പകര്‍പ്പകവകാശനിയമത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാന്‍നിയമ നടപടികള്‍ എടുക്കുക എന്നതാണ്. ആയതിനു വേണ്ടി ആവശ്യമായ ഭേദഗതി പ്രസ്തുതനിയമത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനു നിയമ നിര്‍മാതക്കളെ പ്രേരിപ്പിക്കേണ്ടിയിരിക്കുന്നു. നാംചെയ്യേണ്ടത് ഇത്രമാത്രം. ഇതിനായി ഒരു കൂട്ടായ്മ സൃഷ്ടിക്കുക.പ്രമേയം പാസ്സാക്കി അത്ജനപ്രതിനിധികള്‍ വഴി നിയമസഭയില്‍ എത്തിച്ച് നിയമ നിര്‍മ്മാണം നടത്താന്‍ പ്രേരിപ്പിക്കുക.. ഇതുദുഷ്കരമായ ജോലി അല്ല. ശ്രമിച്ചാല്‍ സാധിക്കാവുന്നതേയുള്ളൂ. ഇറങ്ങിതിരിച്ചാല്‍ സാധിക്കാത്തകാര്യമെന്ത്?! നമ്മില്‍ പലര്‍ക്കും പലവിധത്തിലുള്ള സ്വാധീനവുംസമൂഹത്തിലുണ്ട്താനും.ജനപ്രതിനിധികള്‍ കവികള്‍, കഥാകൃത്തുക്കള്‍, മറ്റ് പ്രമുഖര്‍, അങ്ങിനെ പലരുംനമ്മുടെ പരിചിത വലയത്തിലുണ്ട്. അവരുടെ എല്ലാം സ്വാധീനം കാര്യത്തില്‍ ഉപയോഗിക്കാന്‍ശ്രമിച്ചാല്‍ ഇത് ക്ഷിപ്രസാധ്യമാണു.

കാര്യത്തില്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

അത്കൊണ്ട്തന്നെ പോസ്റ്റ് പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നുംഒഴിവാക്കിയിരിക്കുന്നു. ബൂലോഗത്തിലെ ആര്‍ക്കും ഇതിന്റെ കോപ്പി എടുത്ത് ഷെയര്‍ ചെയ്യുകയുംഇതിലെ ഗൌരവതരമായ വിഷയം മറ്റുള്ളവരുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്താന്‍അനുവദിക്കുകയും ചെയ്തിരിക്കുന്നു.

Wednesday, April 25, 2012

അഞ്ച് മാര്‍ക്കിന്റെ വിന

കേവലം അഞ്ച് മാര്‍ക്ക് ജീവിതത്തെ തന്നെ മറ്റൊരു വഴിക്ക് തിരിച്ചു വിട്ടു.

എന്തോ ആകാനിരുന്ന ഞാന്‍ മറ്റെന്തോ ആയി. ഹോസ്പിറ്റലിലും ചികിത്സയിലും ഒരു പക്ഷേ ജീവിതം കഴിച്ചു കൂട്ടേണ്ടിയിരുന്ന ഞാന്‍ കോടതിയിലെ നാലുചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടു. ആലപ്പുഴയില്‍ വെളുത്ത മണല്‍ തരികള്‍ നിറഞ്ഞ മുറ്റത്ത് സായാഹ്നങ്ങള്‍ ചിലവാക്കേണ്ടിയിരുന്ന ഞാന്‍ ഇപ്പോള്‍ കൊട്ടാരക്കരയിലെ ഈ ചെറിയ കുന്നും പുറത്തെ വീട്ടില്‍ ദൂരെ ദൂരെ മൊട്ടക്കുന്നുകളില്‍ പോക്ക് വെയില്‍ മറഞ്ഞ് പോകുന്നത് കണ്ട്കൊണ്ട് സന്ധ്യകളെ കാത്തിരിക്കുന്നു. എല്ലാറ്റിനും കാരണം വെറും അഞ്ചു മാര്‍ക്കെന്ന് ആലോചിക്കുമ്പോള്‍ വിധിയുടെ അപാര കൈവിരുതിന്റെ മുമ്പില്‍ തലകുനിച്ചു പോകുകയാണ്.

ഇന്ന് എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷ കഴിഞ്ഞു കേവലം ആഴ്ച്ചകള്‍ക്കുള്ളില്‍ ഫലം പുറത്തു വന്നു. എന്റെ ബന്ധുവിന്റെ മകന്‍ ഈ തവണ പരീക്ഷ എഴുതിയിരുന്നതിനാല്‍ നെറ്റില്‍ ഫലം പ്രതീക്ഷിച്ച് ഞങ്ങള്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ കാത്തിരുന്നപ്പോള്‍ പരീക്ഷാ ഫലം പിറ്റേ ദിവസം പത്രങ്ങളില്‍ വരുമെന്നതിനാല്‍ രാത്രി ഉറക്കം പോലും ഇല്ലാതെ പിറ്റേ ദിവസത്തെ പത്രവും കാത്തിരുന്ന കഴിഞ്ഞു പോയ കാലഘട്ടം മനസിലേക്ക് ഇരച്ച് വന്നു; കൂട്ടത്തില്‍ ഇംഗ്ലീഷിനും മലയാളത്തിനും നൂറില്‍ നാല്‍പ്പത് മാര്‍ക്ക് വാങ്ങിയാല്‍ മാത്രമേ ജയിക്കൂ എന്ന നിബന്ധനയാല്‍ അന്നത്തെ കാലത്ത് ദുര്‍ലഭമായി ലഭിക്കുന്ന ഫസ്റ്റ്ക്ലാസ്സ് മാര്‍ക്കായ 362മാര്‍ക്ക് ലഭിച്ചിട്ടും ഇംഗ്ലീഷിനു 35മാര്‍ക്ക് മാത്രം ലഭിച്ചൂ എന്ന കാരണത്താല്‍ തോറ്റ് പോയ ഒരു പാവം പയ്യന്റെ വിഷാദം നിറഞ്ഞ മുഖവും മനസിലേക്ക് ഓടിയെത്തി. അത് ഞാനായിരുന്നു.

ആലപ്പുഴ മുഹമ്മദന്‍ സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചിരുന്നത്. ഇന്നത്തെ ഫിലിം സംവിധായകന്‍ ഫാസില്‍ ഉള്‍പ്പടെയുള്ള പ്രസിദ്ധരായ പലരും അന്ന് ആ പരീക്ഷ എഴുതിയിരുന്നതായി ഓര്‍ക്കുന്നു. സ്കൂള്‍ ഫൈനല്‍ പരീക്ഷ എന്ന് ഓമനപ്പേരുള്ള അന്നത്തെ സിലബസ്സിന്‍ പ്രകാരം മുഹമ്മദന്‍ ഹൈ സ്കൂളില്‍ രണ്ട് വിഭാഗം എസ്.എസ്.എല്‍.സി.ക്കാര്‍ ഉണ്ടായിരുന്നു. ഒന്ന് അക്കാഡമിക്കാര്‍. അതായത് സാധാരണ എസ്.എസ്.എല്‍.സി. രണ്ടാമത്തേത് ഡൈവേര്‍സിഫൈഡ് കോഴ്സ്. അതായത് കൊമേഴ്സ്, സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നിവ ഓപ്ഷണല്‍ വിഷയമായെടുത്ത് പഠിക്കുന്നവര്‍. അവര്‍ക്ക് മലയാളം സെക്കന്റ് പേപ്പര്‍ നിര്‍ബന്ധമല്ല. ഞാന്‍ ഡൈവേഴ്സിഫൈഡ് സ്കീമിലായിരുന്നു.

അന്നും കഥയെഴുത്തും കവിതയെഴുത്തും ഭ്രാന്തായി കൊണ്ട് നടക്കുന്നവനായിരുന്നു ഞാന്‍ . വീട്ടിലെ സ്ഥിതി പരമ ദയനീയവുമാണ്. ഇത് അറിയാവുന്ന ഇംഗ്ലീഷ് പഠിപ്പിക്കുന്ന മേരിക്കുട്ടി ടീച്ചര്‍ വിഷാദ മൂകനായിരിക്കുന്ന എന്നെ സ്നേഹപൂര്‍വം ശാസിച്ച് പഠനത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു. മെക്കാനിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍ ഇഞ്ചിനീയറിംഗിനോ ഹിന്ദിയിലോ ആയിരിക്കും എനിക്ക് അടി തെറ്റിയതെന്നാണ് ഞാന്‍ കരുതിയത്. ടീച്ചറുടെ വിഷയത്തിനു ഞാന്‍ തോല്‍ക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു എന്ന് മാര്‍ക്ക് ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അവര്‍ വേദനയോടെ പറഞ്ഞിരുന്നത് ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു. ഇയാളുടെ കഥയെഴുത്താണ് മാര്‍ക്ക് കുറപ്പിച്ചതെന്നും അവര്‍ അന്ന് കൂട്ടിച്ചേര്‍ത്തു.

മുഹമ്മദന്‍ സ്കൂളിലെ വിജയ ശതമാനം അന്ന് വളരെ കുറവാണ്. ചിലപ്പോള്‍ രണ്ട് കുട്ടികള്‍ ജയിക്കും; മറ്റ് ചിലപ്പോള്‍ മൂന്ന്. ആ അവസ്ഥയില്‍ നിന്നും അല്‍പ്പം മാറ്റം വന്നിരുന്ന കാലത്താണ് ഞങ്ങള്‍ പരീക്ഷ എഴുതിയത്. അന്നു മെയ്27 ആയിരുന്നു തീയതി. ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന എനിക്ക് വെള്ളിടി പോലെയായിരുന്നു പരീക്ഷാ ഫലം. ഞാന്‍ പിന്നെയും പിന്നെയും നോക്കി. നല്ല മാര്‍ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന എന്റെ നമ്പര്‍ പത്രത്തിലില്ല. അച്ചടി പിശകായിരിക്കുമെന്ന ധാരണയാല്‍ മറ്റ് പത്രങ്ങളിലും നോക്കി. ഇല്ല ഒന്നിലുമില്ല. ആരെയും അഭിമുഖീകരിക്കാന്‍ കഴിയാതെ മനപ്രയാസത്തോടെ ഞാന്‍ കടപ്പുറം ലക്ഷ്യമാക്കി നടന്നു. അവിടെ കടല്‍പ്പാലത്തിന്റെ കീഴില്‍ വെള്ള മണല്‍ പരപ്പില്‍ കിടന്നു അന്ന് ഏങ്ങി ഏങ്ങി കരഞ്ഞു. വൈകുന്നേരമായി വീട്ടിലെത്തിയപ്പോള്‍. ഫലം അവിടെയും അറിഞ്ഞിരുന്നു. എസ്.എസ്.എല്‍.സി.യുടെ പഠന കാലത്ത് യാതൊരു സ്പഷ്യല്‍ ട്യൂഷനും ഏര്‍പ്പെടുത്തി തരാന്‍ വീട്ടില്‍ നിവര്‍ത്തിയില്ലായിരുന്നുവല്ലോ. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലും പകല്‍ സ്കൂള്‍ സമയം കഴിഞ്ഞ് കടല്‍പ്പാലത്തിന്റെ കീഴിലെ മണല്‍പ്പരപ്പിലുമായിരുന്നു എന്റെ പഠനം നടന്നിരുന്നത്. അപ്രകാരം കഠിനമായ ശ്രമം നടത്തി പഠിച്ചിട്ടും തോല്‍‌വിയാണ് സംഭവിച്ചതെന്ന ദുഖം എല്ലാവരെയും അലട്ടി. വാപ്പാ മത്രം പറഞ്ഞു; “സാരമില്ല സെപ്റ്റമ്പറിലെ പരീക്ഷ എഴുതാം“. അന്ന് പഠിക്കാത്തവര്‍ക്കുള്ള പരീക്ഷയാണു സെപ്റ്റംബര്‍ പരീക്ഷ.

പക്ഷേ മാര്‍ക്ക് ലിസ്റ്റ് രേഖപ്പെടുത്തിയ ബുക്ക് കയ്യില്‍ കിട്ടി പരിശോധിച്ചപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്; മറ്റുള്ളവരും.

അന്നത്തെ അപൂര്‍വമായ മാര്‍ക്ക് 362എനിക്ക് ലഭിച്ചിരിക്കുന്നു.സയന്‍സിനും കണക്കിനുമെല്ലാം നല്ല മാര്‍ക്ക്. ഇംഗ്ലീഷിനു മാത്രം നൂറില്‍ മുപ്പത്തി അഞ്ച് മാര്‍ക്ക്. ഞാന്‍ തോറ്റു. ജയിച്ചിരുന്നെങ്കില്‍ ഏതെങ്കിലും വിധത്തില്‍ മെഡിസിനു ചേരാന്‍ കഴിയും. അന്ന് പഠന സഹായത്തിനു ലജനത്തുല്‍ മുഹമ്മദിയാ സംഘം എന്ന സ്ഥാപനം ആലപ്പുഴയില്‍ ഉണ്ടായിരുന്നു. അവരാണ് സ്കൂല്‍ഫൈനല്‍ വരെ എന്നെ സഹായിച്ചിരുന്നത്. ആലപ്പുഴയില്‍ തിരുമല ദേവസ്വം മെഡിക്കല്‍ കോളേജു ആരംഭിച്ച കാലഘട്ടവും. മെഡിക്കല്‍ ബിരുദത്തിനു മുമ്പുള്ള കോഴ്സുകളില്‍ എനിക്ക് യാതൊരു തടസവും ഇല്ലാതെ അഡ്മിഷന്‍ ലഭിക്കുമായിരുന്നു എന്ന് ഉറപ്പ്. എല്ലാം പൊളിഞ്ഞു. ഞാന്‍ പിന്നെയും കരഞ്ഞു. ആദ്യമായി ഇംഗ്ലീഷിനോട് എനിക്ക് വെറുപ്പ് തോന്നി. ഈ നശിച്ച സായിപ്പിന്റെ ഭാഷ എന്റെ ജീവിതം തകര്‍ത്തു.( ഇന്ന് 210മാര്‍ക്ക് എങ്ങിനെയെങ്കിലും ലഭിച്ചാല്‍ ജയിക്കുമെന്ന അവസ്ഥ വന്ന് ചേര്‍ന്നപ്പോള്‍ ഇന്നത്തെ ബാല്യങ്ങളെ ഓര്‍ത്ത് ഞാന്‍ സന്തോഷിക്കുകയായിരുന്നു.)

ഞാന്‍ സെപ്റ്റംബര്‍ പരീക്ഷ എഴുതി. മാര്‍ച്ചില്‍ ലഭിച്ചതിനേക്കാള്‍ കുറവ് മാര്‍ക്ക് ലഭിച്ചെങ്കിലും ഞാന്‍ ജയിച്ചു. പക്ഷേ കോളേജ് പഠനം അടുത്ത വര്‍ഷമേ നടക്കുകയുള്ളൂ. നാട്ടില്‍ നിന്ന് ചീത്ത ആകാതിരിക്കാനും കൊച്ചു കൊച്ചു പ്രണയം കയ്യില്‍ സ്റ്റോക്ക് ഉണ്ടെന്ന് വീട്ടില്‍ സംശയം ഉണ്ടായിരുന്നതിനാലും നാട്ടില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന ചിന്ത വീട്ടുകാരില്‍ ഉണ്ടായിരുന്ന സമയത്താണ് ഹോമിയോ ചികിത്സ പഠിക്കാനായി ഒരു സ്വകാര്യ ആശുപത്രിയില്‍ ചാന്‍സ് ലഭിച്ചതും ഞാന്‍ മലബാറിലേക്ക് കെട്ടു കെട്ടിയതും. ആ യാത്ര എന്നെ മറ്റൊരു വഴിയിലേക്ക് തിരിച്ച് വിട്ടു. ഇനി ഒരിക്കലും ആലപ്പുഴയില്‍ സ്ഥിര താമസക്കാരനല്ലാത്തവിധം ബന്ധങ്ങളിലും ബന്ധനങ്ങളിലും കൊണ്ട് ചാടിച്ചു. വല്ലപ്പോഴും ഓര്‍മകള്‍ പുതുക്കാന്‍ ആലപ്പുഴയില്‍ വരുന്നവനായി മാറി ഞാന്‍ . ഞാന്‍ ഷരീഫ് കൊട്ടാരക്കരയായി മാറ്റപ്പെട്ടു കഴിഞ്ഞിരുന്നു.

അന്ന് അഞ്ച് മാര്‍ക്ക് കൂടി ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ ബ്ലോഗറായി നിങ്ങളുടെ മുമ്പില്‍ എത്തുമായിരുന്നോ എന്നറിയില്ല. ജയിച്ചിരുന്നെങ്കില്‍ മെഡിസിന്‍ പഠിക്കാന്‍ അവസരം ലഭിക്കുകയും മറ്റൊരു ജീവിത പന്ഥാവ് തെരഞ്ഞെടുക്കാന്‍ ഇടയാകുകയും ചെയ്തേനെ.

അഞ്ച് മാര്‍ക്ക് ജീവിതം തന്നെ മാറ്റി മറിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാനാണ് എനിക്കിഷ്ടം.