Tuesday, October 14, 2025

നിർദ്ധനന് ജീവിക്കേണ്ടേ?

 നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന്   മകൻ സൈലുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.  മെഡിക്കൽ കോളേജിലെ  വിദഗ്ദ്ധ ഡോക്ടറെ കാണിച്ചു. വിശദമായ  പരിശോധനക്ക് ശേഷം  മകന് ബ്ളോക്ക് ഉണ്ടെന്നും  ആഞിയോ പ്ളാസ്റ്ററി  നടത്തണമെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു. ഡോക്ടറെ വർഷങ്ങളായി എനിക്ക് പരിചയമുള്ളതിനാലും  അദ്ദേഹത്തിന്റെ ചികിൽസാ  വൈദഗ്ദ്ധ്യത്തിൽ പൂർണ വിശ്വാസം ഉള്ളതിനാലും  ഞങ്ങൾ ആയതിന് സമ്മതിച്ചു. എന്നാൽ അതിന് വേണ്ടി വരുന്ന ചെലവുകളെ പറ്റി  അദ്ദേഹം പറഞ്ഞപ്പോഴാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന  സൈലുവിന്  അത്രയും സാമ്പത്തിക ചെലവുകൾ നേരിടാൻ കഴിയുമോ എന്ന ശങ്ക ഞങ്ങൾക്ക് ഉണ്ടായത്. സർക്കാർ ആശുപത്രി  ആണെങ്കിൽ തന്നെയും  ആഞ്ജിയോ പ്ളാസ്റ്ററിയെ തുടർന്ന് നെഞ്ചിൽ സ്ഥാപ്ക്കേണ്ട സ്റ്റൻടിന്റെ വില  രോഗി തന്നെ കണ്ടെത്തണം. അത് വലിയ തുകയുമാണ് സൈലുവിന് ഇൻഷുറൻസ് പരി രക്ഷ ഉണ്ടെങ്കിലും  സർക്കാർ മെഡിക്കൽ കോളേജിൽ കാരുണ്യാ പദ്ധതി ഒഴികെ മറ്റ്  ഇൻഷുറൻസുകൾ സ്വീകാര്യമല്ലാ എന്ന വിവരം ഡോക്ടർ  പറഞ്ഞു.. കാരുണ്യാ പദ്ധതിയുടെ വരുമാന പരിധിക്ക് പുറത്താണ്  സൈലുവിന്റെ റേഷൻ കാർഡിൽ കാണിച്ചിരിക്കുന്ന  വരുമാനം. ഞങ്ങൾ നിരാശരായി..

മഹാകാവി ഇക്ബാലിന്റെ  ഈരടികൽ മനസ്സിലേക്ക് ഓടിയെത്തി. ഒന്നുകിൽ പണക്കാരനാകണം അല്ലെങ്കിൽ പാവപ്പെട്ടവനാകണം. . എന്നാൽ മദ്ധ്യ അവസ്ഥയിൽ ഉള്ളവാനായാൽ അവന്റെ ഗതി അധോഗതിയാണ്. പൈസാ ഉള്ളവന് അവന്റെ പൈസാ ഉപയോഗിക്കാം. പാവപ്പെട്ടവന് സഹായത്തിന് കൈ നീട്ടി കാര്യം തേടാം. മദ്ധ്യ സ്ഥിതി ഉള്ളവന് പണവുമില്ല  അഭിമാനത്താൽ തെണ്ടാനും പറ്റില്ല..

എന്തായാലും മകന്റെ ചികിൽസ ഉടനെ നടന്നേ മതിയാകൂ. അങ്ങിനെ സൈലുവിന്റെ ഇൻഷുറൻസ് കമ്പനിയായ മണിപ്പാൽ സിഗ്മാ { പേര് കൃത്യമായി ഓർമ്മ വരുന്നില്ല) ഇൻഷുറൻസ് പരിരക്ഷ പദ്ധതി സ്വീകരിക്കുന്നതും ഹൃദയ രോഗ ചികിൽസയിൽ വൈദഗ്ദ്ധ്യം ഉള്ളതും അത് ഉടനെ നടപ്പിൽ വരുത്തുന്നതുമായ  ആശുപത്രികളെ പറ്റിയുള്ള അന്വേഷണം ചെങ്ങന്നൂർ കെ.എം.സി. ആശുപത്രിയിൽ  ഞങ്ങളെ എത്തിച്ചു. കൊട്ടാരക്കരയിൽ നിന്നും 50 കിലോ മീറ്റർ ദൂരത്തിലുള്ള ആ ആശുപത്രിയിൽ  സൈലുവുമായി ഞങ്ങൾ എത്തി വിശദ വിവരങ്ങൾ തിരക്കിയപ്പോൾ തൃപ്തികരമായ  മറുപടി കിട്ടിയതിനാൽ  മകനെ അവിടെ അഡ്മിറ്റ് ചെയ്തു, കഴിഞ്ഞ ദിവസം  ആഞ്ജിയോ ഗ്രാമ് നടത്തിയപ്പോൾ രണ്ട് ബ്ളോക്കുകൾ ഉണ്ടെന്ന നിരീക്ഷണത്താൽ ഉടനെ തന്നെ ആഞ്ജിയോ പ്ളാസ്റ്ററിയും നടത്തി. ഡോക്ടർ മധു പൗലോസിന് നന്ദി. വിദഗ്ദ്ധമായി അദ്ദേഹം ആ കർമ്മം ചെയ്തുവെന്ന്  ഞങ്ങൾക്ക് ബോദ്ധ്യമായി. ബിൽ തുക ഒരു ലക്ഷത്തി എഴുപത്തി നാലായിരം തുക. 

ഇനിയാണ് കാര്യങ്ങളുടെ രസകരമായ പുരോഗമനം സംഭവിക്കുന്നത്. ബന്ധപ്പെട്ട ഇൻഷുറൻസ്കാർക്ക് ഡിസ്ചാർജ് ദിവസം  ആശുപത്രിയിൽ നിന്നും ക്ളൈം  അനുവദിച്ച് കിട്ടാൻ കടലാസ്സുകൾ  അയച്ചു.  ഇൻഷുറൻസ് നിയമ പ്രകാരം ഞങ്ങളുടെ  അപേക്ഷ വഹിക്കത്തക്കതല്ല  എന്നും ആയതിനാൽ അത് നിരസിക്കുന്നു എന്നുമായിരുന്നു ഇൻഷുറൻസ്കാരുടെ മറുപടി. കാരണം അന്വേഷിക്കാനും പിന്നെയും മറുപടി അയക്കാനുമുള്ള മാനസിക നിലയിലല്ലായിരുന്നു ഞങ്ങൾ.  മകനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് വരണം. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.  അതിന് വേണ്ടി നെട്ടോട്ടം ഓടി അവസാനം തുക  എങ്ങിനെയെല്ലാമോ മറിച്ചു ആശുപത്രിയിലടച്ചു പിറ്റേ ദിവസം സൈലുവിനെ. ഡിസ്ചാർജ് ചെയ്തു  വീട്ടിലെത്തിച്ചു.ഇൻഷുറൻസ്കാരുടെ പുറകേ പോകാൻ മകൻ വക്കീലിനെ ചുമതലപ്പെടുത്തി.

ഈ കുറിപ്പുകളിലൂടെ എന്റെ ചോദ്യം   പൈസാ രൊക്കം കയ്യിലില്ലാത്ത ഒരു പാവപ്പെട്ടവൻ ഈ അവസ്ഥയിൽ എന്ത് ചെയ്യും എന്നാണ്. പൈസാ കയ്യിൽ ഇല്ലാത്തവനും ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടില്ലാത്തവനുമായ ഒരു നിർദ്ധനന് ഒരു പരിഹാരവും കണ്ടെത്താനാകാതെ കഷ്ടപ്പാടിനെ നേരിടാനേ കഴിയൂ. 

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ  സ്ഥിതി ചെയ്യുന്ന ആശുപത്രികളിലെങ്കിലും  ഇപ്രകാരമുള്ള  അവസ്ഥയിൽ എത്തുന്ന രോഗികൾക്ക് ചികിൽസാ സൗകര്യം  ഏർപ്പെടുത്താൻ അധികാരികൾക്ക് കഴിയില്ലേ? സാധാരണ വരുന്ന പനിക്ക് പാരസെറ്റാമോൽ ഗുളിക നൽകാനും വീണ് പരിക്ക് പറ്റുന്നവന് ഒന്ന് രണ്ട് തയ്യൽ ഇടാനും മാത്രമാണോ താലൂക്ക് ആശുപത്രികൾ.  കോടികൾ മുടക്കി വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് പകരം  ഇപ്രകാരം ഗുരുതര രോഗങ്ങൾക്ക് ചികിൽസാ സൗകര്യങ്ങൾ ഒരുക്കുകയല്ലേ വേണ്ടത്.  ജീവിത ശൈലീ മൂലം ഉണ്ടാകുന്ന ഗുരുതര രോഗങ്ങൾ ഇപ്പോൾ  പനി വരുന്നത് പോലെയാണെന്ന്  തിരിച്ചറിഞ്ഞ് അതിന് വേണ്ട ചികിൽസാ സൗകര്യങ്ങൾ  താലൂക്ക് ആശുപത്രികളിലെങ്കിലും  ഏർപ്പെടുത്തുകയല്ലേ വേണ്ടത്. അതിന് വൈദഗ്ദ്ധ്യം നേടിയ ഡോക്ടറന്മാരെ മെഡിക്കൽ കോളേജിൽ നിന്നും താലൂക്കിലേക്ക് മാറ്റി നിയമിക്കുന്നത് കാരണത്താൽ മെഡിക്കൽ കോളേജിലെ തിരക്ക് കുറക്കാനും താലൂക്ക് ലവലിൽ ചികിൽസ ലഭ്യമാക്കാനും കഴിയില്ലേ? അതോ മെഡിക്കൽ കോളെജിലെ എം.ബി.ബിഎസ്സും  താലൂക്ക് ആഷുപത്രിയിലെ എം.ബി.ബി.എസ്സും രണ്ടും രണ്ടാണോ? അവസരം കൊടുത്ത് കൈ തഴക്കം വരുത്തിയാലല്ലേ വിദഗ്ദ്ധനാകൂ താലൂക്ക് ആശുപത്രികളിലെ ഡോക്ടരന്മാരെ വെറും പാരസെറ്റാ മോൾ ഡൊക്ടറന്മാരാക്കി മടി പിടിപ്പിക്കാതിരിക്കുന്നത് നാട്ടുകാർക്കും സർക്കാരിനും നല്ലത്.

Tuesday, September 30, 2025

രോഗം വരാതിരിക്കട്ടെ......

 മകൻ സൈലു  ഇന്നലെ അവൻ ജോലി ചെയ്യുന്നതും മൂന്നാം നിലയിലുള്ളതുമായ സ്ഥാപനത്തിലേക്ക് പടികൾ കയറി പോയ്ക്കൊണ്ടിരുന്നപ്പോൾ നെഞ്ചിൽ വേദന അനുഭവപ്പെട്ടു. ഉടനെ തന്നെ  കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ചെന്നപ്പോൾ പകൽ മൂന്നു മണി കഴിഞ്ഞ ആ സമയം കാർഡിയോളജി സംബന്ധമായ  ഡോക്ടറെ കാണാൻ കഴിയാതെ  അവിടന്നു തിരിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയെ അഭയം പ്രാപിച്ചു. മറ്റൊരു മാർഗവും ഇല്ലാത്തതിനാലാണ് ആ സ്വകാര്യ സ്ഥാപനത്തിലെത്തിയത്. വേദന അധികമായി ഉണ്ടായിരുന്നതിനാൽ കിലോ മീറ്റർ അകലെയുള്ള കൊല്ലത്തോ മറ്റോ പോകാൻ സാവകാശം ലഭിച്ചില്ല.

300 രൂപാ മുടക്കി ആ സ്വകാര്യത്തിലെ അഡ്മിഷൻ  എന്ന “നടയടിയും“ മറ്റും കഴിഞ്ഞ് ബന്ധപ്പെട്ട ഡോക്ടറോട് രോഗ വിവരങ്ങൾ പറഞ്ഞു. ഉടനെ തന്നെ 200 രൂപാ അടച്ച് ഇ.സി.ജി  എടുത്തു പരിശോധിച്ചതിൽ  കുഴപ്പങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്  ഹാർട്ട് അറ്റാക്ക് ഉണ്ടായോ എന്ന പരിശോധനാക്കായുള്ള രക്ത പരിശോധനാ നടപടി ആരംഭിച്ചു. അതിനിടയിൽ  ഗ്യാസ്  ട്രബ്ൾ ആയിരിക്കുമോ എന്ന  സംശയത്താൽ അതിന്റെ കുത്തി വെപ്പും ട്രിപ്പ് ഇടലും നടത്തി. ദോഷം പറയരുതല്ലോ ഒരുമിച്ച് ബില്ല് തന്ന് നമ്മൾക്ക് അറ്റാക് വരുത്താതിരിക്കാൻ ഓരോ ഇനത്തിനും അപ്പോഴപ്പോൾ  ബിൽ തന്നു കൊണ്ടിരുന്നു. അറ്റാക് ഉണ്ടായോ എന്ന രക്ത പരിശോധനക്ക് 950 ഗ്യാസിങ്കുത്തിവെപ്പും ട്രിപ്പിനും1500... അങ്ങിനെ കഷണം കഷണമായി ബില്ല് തന്ന് ഞങ്ങളെ സമാധാനിപ്പിച്ച് ചികിൽസ മുന്നേറി. രക്ത പരിശോധനയിൽ അറ്റാക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നെഞ്ച് വേദ്ന അപ്പോഴേക്കും മാറി. എങ്കിലും എല്ലാ പരിശോധനയും ഒന്നു കൂടി നടത്താം എന്നായി സ്വകാര്യക്കാർ.

രോഗ സംബന്ധമായി ആധികാരികമായ അഭിപ്രായം ആശുപത്രിയുടേതാണ്. എതിർത്ത് പറയാൻ രോഗിക്കോ ബന്ധുക്കൾക്കൊ മുട്ട് വിറക്കും. അതിനാൽ ഞങ്ങൾ “ആമാ സാമീ“ എന്ന് തലകുലുക്കി.  വീണ്ടും 300 രൂപ ഇ.സി.ജി. 950 രൂപാ അറ്റാക്ക് രക്ത പരിശോധനാ അടച്ചു റിസൽട്ടിനായി കാത്തിരിപ്പ് തുടങ്ങി രാത്രി ഒൻപതരയോടെ ഫലം പുറത്ത് വന്നു. ഇ.സി.ജി. നെഗറ്റീവ്. രക്ത പരിശോധന നെഗറ്റിവ്.  മുകളിൽ ഇരിക്കുന്ന സർവ ശക്തനോട് നന്ദിയും പറഞ്ഞ്  ഇറങ്ങാമെന്ന് കരുതിയപ്പോൾ  ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ നിന്നും  ഒരു വനിതാ  ഡോക്ടർ വന്ന് പരിശോധന നടത്തിയിട്ട്  ചോദിച്ചു “ റിസൽട്ടുകൾ നെഗറ്റീവ്  ആണ് എന്നാലും മെയിൻ ഡോക്ടറെ കണ്ടീട്ട്  നാളെ പോയാൽ പോരേ...?

 തന്ന ബില്ലുകൾ അടച്ച് കഴിഞ്ഞുള്ള  അത്രയും ചെറിയ സമയത്തേക്ക് ആശുപത്രി വാസത്തിന് 400 രൂപായുടെ ബിൽ കൂടി വന്നത് അടച്ച്  വീട് അടുത്താണ് നാളെ വന്ന് കാണാം എന്ന് പറഞ്ഞ് തടി സലാമത്താക്കി. മാത്രമല്ല ഈ സമയത്തിനുള്ളിൽ ഞാൻ തിരുവനന്തപുരം  മെഡിക്കൽ കോളേജിലെ  കാർഡിയോളജിസ്റ്റുമായി  ബന്ധപ്പെട്ടിരുന്നു . വർഷങ്ങളുടെ അനുഭവ ഞ്ജാനമുള്ള  സൗമ്യനായ  ആ ഡോക്റ്റർ  അടുത്ത ദിവസം മകനെ പരിശോധിക്കാം എന്ന് പറഞ്ഞു.. അത് കൊണ്ട് സ്വകാര്യ ആശുപത്രിയിൽ നിന്നും പുറത്ത് ചാടാൻ എനിക്ക് മടിയുണ്ടായില്ല.

ഇവിടെ സ്വകാര്യ ആശുപത്രിയുടെ  വില നിലവാരത്തെ  പറ്റിയല്ല ഞാൻ ഈ കുറിപ്പുകളിലൂടെ പറയാൻ ശ്രമിക്കുന്നത്. യാതൊരു കഴിവും ഇല്ലാത്ത  ഒരു പാവപ്പെട്ടവൻ ഈ അവസ്ഥയിൽ പെട്ടാൽ എന്താണവന്റെ ഗതി? എന്താണിതിനൊരു പരിഹാരം എന്ന് സംവദിക്കാൻ ശ്രമിക്കുകയാണ്.   സാദാ പനിക്ക്  പരസെറ്റാ മോൾ കൊടുക്കാനാണോ സർക്കാർ ആശുപത്രി തുറന്ന് വെച്ചിരിക്കുന്നത്. ഗുരുതരമായ രോഗങ്ങൾ  കൈകാര്യം ചെയ്യാൻ സ്വകാര്യ ആശുപത്രിക്കാർക്ക് ഉള്ള ചങ്കൂറ്റം പോലും സർക്കാർ ആശുപത്രിയിലെ ഭിഷഗ്വരന്മാർക്കില്ലേ? 

ഈ താലൂക്ക് ആശുപത്രി  രൂപത്തിലും ഭാവത്തിലും പഴയതിൽ നിന്നും ധാരാളം മാറിയിട്ടുണ്ടെന്ന് സമ്മതിക്കുന്നതിനോടൊപ്പം  ആ വളർച്ചയോടൊപ്പം നിന്ന്  ഗുരുതര രോഗങ്ങൾക്കും  പ്രത്യേകിച്ച് ഇപ്പോൾ സാധാരണയായി കണ്ട് വരുന്ന ഹൃദയ സംബന്ധമായ  രോഗങ്ങൾക്കും ചികിൽസ ലഭ്യമാകാനുള്ള  നടപടികൾ    കൈ ക്കൊള്ളാനുള്ള  സംവിധാനങ്ങൾ ഉണ്ടായലല്ലേ ആശുപത്രി സാധാരണക്കാർക്ക് തുണയാകൂ. സർക്കാരിന്റെ അവഗണനയല്ല ഇവിടെ, ഡോക്ടറന്മാരുടെ അലസതയും ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടിയുമാണ് ഇവിടെ പ്രശ്നം.

Saturday, September 27, 2025

വീണ്ടുമൊരു മെഡിസിപ്പ് കതൈ....

 വീണ്ടുമൊരു മെഡിസിപ്പ് കതൈ ചൊല്ലട്ടുമാ....

പതിവ് പോലെ  സൂര്യൻ ഉദിക്കുകയും കിളികൾ ചിലക്കുകയും മറ്റെല്ലാ കാര്യങ്ങളും അതാതിന്റെ പാതയിൽ കൂടി നീങ്ങവേ ഈയുള്ളവന് ഒരു ഫോൺ വിളി. മറു ഭാഗം മധുര മനോഹരമായ ഒരു ലലനാ മണിയുടെ ശബ്ദം.

“സർ...“

“എന്തോ...?“ 

ഈ സാർ  ആ വിളി കേട്ടു.

“....ആശുപത്രിയിൽ നിന്നുമാണ് സർ..“ ആശുപത്രിയുടെ പേര്  മഹിളാ മണി ചൊല്ലി.

എന്താണാവോ ഭവതി മൊഴിഞ്ഞാലും. ഈയുള്ളവൻ ഭവ്യതയോടെ ആവശ്യപ്പെട്ടു.

 കുറച്ച് നാളുകൾക്ക് മുമ്പ്  സാർ ഒരു രോഗിയുമായി ഇവിടെ വരുകയും  ചികിൽസക്ക് ചെലവായ 18000 രൂപാ മെഡിസിപ്പ് പദ്ധതിയിൽ നിന്നും ഈടാക്കി തരാൻ അപേക്ഷ നൽകുകയും എന്നാൽ സാർ നൽകിയ അപേക്ഷ ഇൻഷുറൻസ്കാർ നിഷ്ക്കരുണം നിരസിച്ചതും  സാർ പൈസാ ആശുപത്രിയിൽ അടച്ച് രോഗിയെ ഡിസ്ചാർജ് ചെയ്ത് കൊണ്ട് പോയതും ഓർമ്മയുണ്ടോ?“

:അതെങ്ങിനെ മറക്കാനാണ് കുട്ടീ. പ്രതിമാസം 500 രൂപാ വീതം പെൻഷൻ വിഹിതത്തിൽ നിന്നും പിടിച്ചിട്ടും ആവശ്യം വന്നപ്പോൾ നടുവിരൽ നമസ്കാരം ഇൻഷുറൻസ്കാർ പറഞ്ഞ് അപേക്ഷ  10 വിക്കറ്റിന് 100 റൺസ് അടിച്ച് നമ്മളെ ഔട്ട് ആക്കിയതും എങ്ങിനെ ഞാൻ മറക്കും കുയിലേ...? ഞാൻ വാചാലനായി.

“സാർ പിന്നെന്ത് ചെയ്തു....“ കുയിൽ നാദം പിന്നെയും  ആരാഞ്ഞു...

“അടിയ്ൻ ഒരു പുന പരിശോധന ഹർജി  ഇൻഷുറൻസ്കാർക്ക്  നൽകി അതിൽ ചെറുതല്ലാത്ത ഒരു തുക നഷ്ട പരിഹാരമായി കൂടുതലയി ചോദിക്കുകയും ചെയ്തു..പകർപ്പ് ബന്ധപ്പെട്ടവർക്കും ദാനം ചെയ്തു. പക്ഷേ ആ അപേക്ഷ വേറെ  എവിടെയോ ആണ് കൊടുക്കേണ്ടതെന്ന് പറഞ്ഞു  അയക്കേണ്ടും മേല്വിലാസവും  കാണിച്ച് പഹയൻ ഒരു മറുപടി കത്ത് നമുക്ക് നൽകി. പിന്നേ....എനിക്കതിനല്ലേ നേരം..ഞാൻ ഒരുത്തർക്കും ഒന്നും പിന്നെ അയച്ചില്ല. എന്നിട്ട് എന്റെ മകനായ വക്കീലിനെ വിളിച്ച് പറഞ്ഞു...എടാ വക്കീലേ... ദേ! കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണ്. ഈ ഇൻഷുറൻസ്കാരുമായി ബാപ്പാക്ക് വേണ്ടി ഉപഭോക്തൃ കോടതിയിൽ അങ്കം വെട്ടണം മുറകളെല്ലാം നമുക്ക് പഠിക്കാതെ തന്നെ അറിയാമെന്ന് അവരെ പഠിപ്പിക്കണം. മോൻ പിതാവിന് വേണ്ടി നേരിട്ട് അങ്കം വെട്ടേണ്ട. പകരം ഏതെങ്കിലും ഒരു വക്കീലിനെ ചുമതലപ്പെടുത്തിയാൽ മതി........“ ഇത്രയും ഞാൻ ചെയ്തിട്ടുണ്ട് ഭവതീ...എന്നാൽ ജോലി തിരക്കിനാൽ  മകൻ ഇത് വരെ ഫയൽ ചെയ്തിട്ടില്ലാ എന്നാണറിവ്....“

എന്നാൽ സാറേ! സാറിന്റെ പുന പരിശോധനാ ഹർജി  അനുവദിച്ചതായി ഇൻഷുറൻസ്കാർ  ഇപ്പോൾ അറിയിച്ചിരിക്കുന്നു. സാറിന്റെ  ചികിൽസാ ചെലവ് ഇവിടെ അടച്ചത് ബാങ്ക് അക്കൗണ്ടിലേക്ക് ദേ! അയക്കുന്നു....“ കിളി മൊഴി അവസാനിച്ചപ്പോൾ ഈയുള്ളവൻ അന്തം വിട്ടു നിന്നു. ങേ!...ഇതെന്ത് മറിമായം. ക്ളൈമും പുനപ്പരിശോധനയും നിരസിച്ചത്  വീണ്ടും പുനപ്പരിശോധി ചെന്നോ?!!! 

 ഇതിന്റെ ഗുട്ടൻസ് ഇത് വരെ പിടി കിട്ടിയില്ല. ആരെങ്കിലും ഒന്ന് പറഞ്ഞ് തരുമോ സൂർത്തുക്കളേ....

എന്തായാലും ഇതിന് നന്ദി ആരോട് ഞാൻ ചൊല്ലേണ്ടും....

എന്നെ മെഡിസിപ്പിൽ ചേർത്ത സർക്കാരിനോടോ?

അപേക്ഷ പിന്നെയും പിന്നെയും നിരസിക്കുകയും പിന്നീട് അനുവദിക്കുകയും ചെയ്ത ഇൻഷുറൻസിനോടോ?

നന്ദി ആരോട് ഞാൻ.......  


Sunday, August 24, 2025

പെണ്ണൊരുമ്പെട്ടാൽ

 പെണ്ണൊരുത്തി  വിചാരിച്ചാൽ ഈ ദുനിയാവിൽ  പലതും നടക്കും. എത്ര ഉയരത്തിൽ ഇരിക്കുന്നവനായാലും  നേരം വെളുക്കുമ്പോൾ  കോണകവുമഴിഞ്ഞയ്യോ  ശിവ ശിവാ എന്ന പരുവത്തിൽ  തറയിൽ വീഴ്ത്താൻ  ആർക്കും കഴിയും.

പണ്ടായിരുന്നു “സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം“ എന്ന വാചകം    സ്ത്രീകൾക്കായി നിലവിലുണ്ടായിരുന്നത്. ഇന്ന് അത് പുരുഷനാണ് ചേരുന്നത്.പയ്യനേ! സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം.

പത്രവും ചാനലും  പിന്നെ മൊബൈലും ഒളി ക്യാമറയും  ഈ ലോകത്തെ കിഴ്മേൽ മാറ്റി മറിച്ചു. മസാല വാർത്തകൾ  ഇന്ന് ഹരമാണേവർക്കും.

പണ്ടും   ഈ വിഷയം സജീവമായിരുന്നെങ്കിലും  അന്ന് ഇത്രയും അർമാദം ഇല്ലായിരുന്നല്ലോ. 

അധികാരത്തിനായി  നന്നായി ഉപയോഗിക്കാൻ പറ്റിയ  മാരകമായ ആയുധം തന്നെ  സ്ത്രീ. ഈ സത്യം പുരുഷനാണ് മനസ്സിലാക്കേണ്ടത്.  പുരുഷൻ അതനുസരിച്ച് ജീവിക്കുകയും വേണം.  ഈ കാലഘട്ടം അതാണ് പുരുഷനോട് പറയുന്നത്.

ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയുടെ അന്നത്തെ ഒരു സൗഹൃദം  പലർക്കും അറിയാമായിരുന്നെങ്കിലും  ആരും അന്ന് അത് സംഭാഷണ വിഷയമാക്കിയത് പോലുമില്ല. അതിനാൽ അദ്ദേഹം രക്ഷപ്പെട്ടു.

അതിന് ശേഷം കാലമേറെ മാറി പോയി. വർഷങ്ങൾക്ക് മുമ്പ് ഒരു സ്ത്രീയുടെ സാന്നിദ്ധ്യം നേതാവിന്റെ അധികാര കസേര മറിഞ്ഞ് വീഴാൻ കാരണമായി. ഓടിക്കൊണ്ടിരുന്ന ഒരു കാർ പീച്ചിയിൽ വെച്ച് അപകടത്തിൽ പെട്ടപ്പോൾ കാറിലെ സ്ത്രീ സാന്നിദ്ധ്യം മറിച്ചിട്ടത്  ഒരു മന്ത്രിയുടെ ജീവിതമായിരുന്നു. പുതിയൊരു രാഷ്ട്രീയ പാർട്ടിയുടെ ഉദയത്തിനും ഒരു മന്ത്രി സഭ തകരാനും അത് കാരണമാക്കി 

മറ്റൊരു നേതാവ് വടക്കൻ ജില്ലയിൽ കാറിൽ സഞ്ചരിച്ചപ്പോൾ സ്ത്രീ സാന്നിദ്ധ്യത്താൽ അപമാനിതനായതും നേതാവ് സ്വയം തലയിൽ അടിക്കുന്നതും റ്റി.വിയിലൂടെ ലോകം കണ്ടു.

മകന്റെ കാമുകിയുമായി തനിക്ക് വഴങ്ങിയാൽ  മകനുമായി കല്യാണം   നടത്തി തരാം എന്ന് വാഗ്ദാനം ചെയ്ത്  ബന്ധപ്പെട്ടത്  ഒളി ക്യാമറയിലൂടെ പെണ്ണ് പിടിച്ച് ചാനലിലൂടെ മാലോകരെ കാണിച്ചത് അടുത്ത കാലത്താണ്. പത്തിരിക്ക് മാവ് കുഴക്കുന്നത് പോലെ പെണ്ണിനെ നേതാവ് ഉരുട്ടുന്നത് മലയാളത്തിലെ ഒരു ചാനൽ ഒഴികെ ബാക്കി എല്ലാ ചാനലും കാണിച്ചു. രാഷ്ടീയ നേതാവായ അദ്ദേഹത്തിന്റെ നിരപരാധിയായ ഭാര്യയും കോളേജിൽ പഠിക്കുന്ന സന്തതികളും ആ കാലഘട്ടം എങ്ങിനെ കഴിച്ച് കൂട്ടിയെന്ന് ചാനലുകൾക്ക് വിഷയമായതേ ഇല്ല.

പിന്നെ നാട്ടിൽ സരിത ഇറങ്ങി. പലരും തലയിൽ മുണ്ടിട്ടു. ചില നേതാക്കൾക്കെതിരെ ആ സ്ത്രീയെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നെന്ന് ആർക്കാണറിയാത്തത്.

തുടർന്ന് സ്വപ്ന ഇറങ്ങി. എന്ത് കൊണ്ടോ എന്തോ രാഷ്ട്രീയ കസേരകൾ മറിഞ്ഞ് വീണില്ല. പക്ഷേ പലരും നാറി, നന്നായ് നാറി.

ഇവിടെ മാത്രമല്ല പണ്ട് ലണ്ടനിൽ യുദ്ധ കാര്യ മന്ത്രിയെ  വീഴിച്ചത് ഒരു സ്ത്രീയിലൂടെ റഷ്യക്കാരായിരുന്നല്ലോ.

നമുക്കിത് പരിചിതമാണ്. തപസ്സിലൂടെ ഇന്ദ്രന്റെ കസേര  കരസ്ഥമാക്കാൻ മാമുനി  ശ്രമിച്ചപ്പോൾ ആ ശ്രമം ഒരു പെണ്ണിലൂടെ  ഇന്ദ്രൻ  പരാജയപ്പെടുത്തി.

ആധുനിക കാലത്ത് അങ്ങിനെ കസേര  സ്വപ്നം കാണുന്ന പലരെയും വീഴ്ത്താൻ പെണ്ണ് മതിയെന്ന് സമകാലിക സംഭവങ്ങൾ കാണിച്ച് തരുന്നു.

അതിനാൽ പുരുഷന്മാരേ! “സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം“

Friday, August 22, 2025

മറന്നുവോ സഖീ...

 ചില കഥകൾ ചില പാട്ടുകൾ    കൗമാര --യൗവ്വനാരംഭ പ്രണയ കാലത്തേക്ക്    നമ്മളെ കൊണ്ടെത്തിക്കും. എത്രയോ വർഷങ്ങൾക്ക് മുമ്പുള്ള  സംഭവങ്ങളായാലും  അൽപ്പം പോലും പൊടി തട്ടാതെ അതേ തീവൃതയോടെ  ആ രംഗങ്ങൾ മനസ്സിൽ പാഞ്ഞെത്തും.

അപ്രകാരമൊരു ഗാന രംഗമായിരുന്നു അടുത്ത കാലത്ത് നിര്യാതനായ  കലാഭവൻ നവാസ്  അവതരിപ്പിച്ച  “മറന്നുവോ സഖീ..“ എന്ന ഗാനരംഗം.

മറന്നുവോ സഖീ പഴയൊരീ നടവഴി

പ്രാണൻ പോകുന്ന പോലെടീ, കണ്ണടഞ്ഞാലുമെൻ കണ്മണീ

ഉള്ളുറങ്ങൂലാ  പെൺ മണീ...ആരീ രാരീരോ.............

ഈ വരികൾ മനസ്സിനെ വല്ലാതെ സ്പർശിക്കുകയും. ഓർമ്മകൾ ദൂരെ ദൂരെ എന്നെ കൊണ്ട് പോവുകയും ചെയ്തു.

 വസന്തം പൂത്തുലഞ്ഞ് നിന്ന ഒരു കാലഘട്ടം. ഇനി ഒരിക്കലും തിരിച്ച് വരാൻ കഴിയാത്ത കാലഘട്ടം. ഇത് വായിക്കുന്ന നിങ്ങൾക്കുമുണ്ട് അപ്രകാരമൊരു കാലഘട്ടം.  അവിടവും  കഴിഞ്ഞെത്തിയ നമ്മൾ ആ കാലം മനസ്സിന്റെ ഒരു ഭാഗത്തേക്ക് മാറ്റി വെച്ച് പുതിയ കാലത്തിലേക്ക് കടന്നുവെങ്കിലും ഇത് പോലെ ഒരു ഗാനമോ  ഗാന രംഗമോ കാണുമ്പോൾ മാറ്റി വെച്ച ഭാഗത്ത് നിന്നും ഓർമ്മകൾ തല പൊക്കി മറന്നുവോ സഖീ എന്ന് നമ്മളെ വിളിച്ച്  പുളകം കൊള്ളിക്കുന്നില്ലേ!

പിന്നെപ്പോഴോ എവിടെയെങ്കിലും എന്നെങ്കിലും കണ്ട് മുട്ടിയാൽ തന്നെ  എല്ലാം മറച്ച് വെച്ച് സുഖമാണോ എന്നൊരു സാദാ ചോദ്യത്തിൽ നാം എല്ലാം ഒതുക്കുന്നു.

ഈ ഗാനം എന്നെ ആലപ്പുഴ വട്ടപ്പള്ളിയിൽ കൊണ്ട് പോയി,  ആ പഴയ വേലിക്കെട്ടും  വള കിലുക്കവും വെണ്ണിലാവിൽ  കുളിർന്ന് കിടക്കുന്ന മണൽപ്പുറവും തെളിമയോടെ എനിക്ക്   കാട്ടി തന്നു ചോദിക്കുന്നു.  മറന്നുവോ സഖേ!....

സുഗന്ധം പരത്തി നിന്ന പനി നീർ പൂവിന്റെ ആ കാലത്തിലെ  എല്ലാവരും എവിടെയോ എങ്ങോട്ടോ പോയി.  അവർ ഭാര്യയും ഭർത്താവും  അഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമാണ് ഇപ്പോൾ. 

എങ്കിലും ഒന്നു മൂളിക്കൊള്ളട്ടെ “ മറന്നുവോ സഖീ.....