Saturday, November 3, 2012

എനിക്ക് ഹൃദയം ഉണ്ട്

   ഞാന്‍  നീതിന്യായ  വകുപ്പില്‍   സേവനത്തില്‍  ഇരിക്കവേ  സൃഷ്ടിക്കപ്പെട്ട   ചില  വിധികള്‍  കണ്ട്  ഹൃദയമില്ലാത്തവന്‍  എന്ന്    പറഞ്ഞിരുന്നവര്‍ ഇനി    പറയില്ലല്ലോ  എനിക്ക്  ഹൃദയം  ഇല്ലെന്ന്.   ഇതാ  എനിക്ക്  ഹൃദയം  ഉണ്ടെന്നും   അതില്‍  ഒന്നില്‍   അധികം   ബ്ലോക്കുകള്‍  ഉണ്ടായിരുന്നെന്നും  തിരുവനന്തപുരം  മെഡിക്കല്‍  കോജുകാര്‍   കണ്ട്  പിടിച്ച്  കഴിഞ്ഞു.  അവര്‍  ആ ബ്ലോക്കുകള്‍  നീക്കം ചെയ്യാനുള്ള  പ്രതിവിധിയായ  ആഞ്ജിയോ  പ്ലാസ്റ്ററി   എന്ന  പ്രയോഗത്തിനു  എന്നെ  വിധേയനാക്കുവാനും   അഞ്ചു  ദിവസം  ആശുപത്രി  വാസത്തിനും തുടര്‍ന്ന്  ഒരു മാസ  പരിപൂര്‍ണ വിശ്രമത്തിനും  വിധിച്ചു. അങ്ങിനെ  വിശ്രമ  ജീവിതത്തിന്റെ  വിരസതയില്‍  ബ്ലോഗും   ഫൈസ്ബുക്കും   ഫോണ്‍  വിളിയും  ഇല്ലാതെ  നിമിഷങ്ങളുടെ  പയ്യെപോക്കിനു  ഇരയായി   മാറി  മാറി  വരുന്ന   വെയിലും  മഴയും  മഞ്ഞും   നിരീക്ഷിച്ച്  വരാന്തയിലെ  ചാരു  കസേരയില്‍  പുസ്തകങ്ങളുമായി  19ദിവസങ്ങല്‍  കഴിച്ച്  കൂട്ടിയതിനു  ശേഷം  ഭാര്യയുടെ  ഭീഷണികള്‍  അവഗണിച്ച്  ഇന്ന്  ഇപ്പോള്‍   ഇവിടെ  കമ്പ്യൂട്ടറിന്റെ  മുമ്പില്‍  അല്‍പ്പം  നേരം   ഇരുന്നപ്പോള്‍  എന്തൊരു  ആശ്വാസമെന്നോ!!!

പിന്നെന്തുണ്ട്  കൂട്ടരേ!  വിശേഷങ്ങള്‍?  എല്ലാവര്‍ക്കും  സുഖം  തന്നെ  അല്ലേ?

വിശ്രമമില്ലാത്ത  ജീവിതവും  നിരന്തര  യാത്രയും കഴിഞ്ഞ  മൂന്നുമാസമായി  അനുഭവിച്ച്  കൊണ്ടിരുന്നപ്പോള്‍  അനുഭവപ്പെട്ടിരുന്ന  നെഞ്ചിലെ  ഭാരം  തോന്നല്‍   എനിക്ക്  രോഗം  വരില്ല  എന്ന  അതിരു  കടന്ന  ആത്മ  വിശ്വാസത്താല്‍  അവഗണിച്ച്  കൊണ്ടിരുന്നു.  ആയാസമില്ലാത്ത  പ്രഭാത   സവാരിയും  നിയന്ത്രണ വിധേയമായ  ആഹാരവും   ചായയും  കാപ്പിയും  പോലും  കഴിക്കാത്ത  സ്വഭാവവും  എല്ലാം   നെഞ്ചിലെ   ഭാരം  തോന്നല്‍  അവഗണിക്കാന്‍  എന്നെ  പ്രേരിപ്പിച്ചു.  ഇന്ന്  കോഴിക്കൊടെങ്കില്‍  ഇന്നലെ  തിരുവനന്തപുരം;  നാളെ  ആലപ്പുഴ;  നിരന്തരം  യാത്ര. കാഴ്ച്ചകള്‍  കാണാനുള്ള  മലകയറ്റം  ഉള്‍പ്പെടെയുള്ള  അലച്ചില്‍.  മുമ്പില്‍ വരുന്ന  കേസുകളില്‍  --അത്  ഭൂരിപക്ഷവും  ദാമ്പത്യബന്ധ  പൊരുത്തക്കേടുകളോ  സമാനമായതോ  ആയിരിക്കും---നിരന്തരമായ   കൌണ്‍സിലിങ്...അത്  മണിക്കൂറുകള്‍  നീളും...രാത്രി  രണ്ട്  മണി  വരെ  വായനയും  കമ്പ്യൂട്ടറും  ഫോണ്‍ വിളിയും.  ഒന്ന്  നിയന്ത്രിക്കുക   എന്ന  ഭാര്യയുടെ  ഉപദേശത്തെ   പോ  പുല്ലേ!!!   എന്ന   ഭാവത്തോടെ  രൂക്ഷമായി  നോക്കി  പായിക്കും.   അവസാനം  താങ്ങാവുന്നതിന്റെ  അപ്പുറം  എത്തിയപ്പോള്‍   വീട്ടില്‍  ഉള്ളവരുടെ  നിര്‍ബന്ധത്താല്‍  തിരുവനന്ത  പുരം   മെഡിക്കല്‍  കോളേജിലെ   ഒരു  ഹൃദയ  രോഗ  വിദഗ്ദനെ  പോയി  കണ്ടു.  അപ്പോഴും  മനസില്‍  എനിക്ക്  ഒന്നുമില്ലാ  എന്ന  വിശ്വാസമായിരുന്നു.പക്ഷേ  ആഞ്ജിയോഗ്രാം   എന്ന സയന്‍സിന്റെ  ഉല്‍പ്പന്നം  എന്റെ  രക്തക്കുഴലുകളില്‍  ബ്ലൊക്കുകള്‍  ഉണ്ടെന്ന്  നിരീക്ഷിച്ചു.  കേരളത്തിലെ144ബ്ലോക്കുകള്‍  കൂടാതെ  എന്റെ  നെഞ്ചിലും  ബ്ലോക്കുകള്‍  ഉണ്ടെന്ന്  കണ്ട്  പിടിച്ച  സ്ഥിതിക്ക്    അതിനെ  നീക്കം  ചെയ്യാന്‍   തീരുമാനിച്ച്   ചികിത്സക്ക്   വഴങ്ങി.  അവസാനം എല്ലാ  ജീവിത  ചര്യകളും   ഒന്ന്  നിയന്ത്രിച്ചോളാമേ!!  എന്ന്   ഇന്റന്‍സീവ്  കെയര്‍  യൂണീറ്റില്‍  കിടന്ന്  മൂന്ന്  പ്രാവശ്യം  ഏത്തം   ഇട്ട്  തീരുമാനമെടുക്കേണ്ട അവസ്ഥയിലെത്തി   ഇപ്പോള്‍ .   ഇനി  അത്  നടപ്പിലാകുമോ  എന്ന്  കണ്ടറിയാം...ദാ   ഭാര്യ  വന്ന്  മുമ്പില്‍  ദയനീയ   മുഖത്തോടെ  നില്‍ക്കുന്നു....അവള്‍ക്കറിയാം  ഈ  ഭാവത്തില്‍  നിന്നാലേ  എന്നെ  കീഴ്പ്പെടുത്താന്‍  കഴിയൂ  എന്ന്....ഇന്ന്   തല്‍ക്കാലം  നിര്‍ത്തുന്നു.....ഇന്‍ഷാ  അല്ലാ   ബാക്കി  നാളെ..എല്ലാവര്‍ക്കും  നന്മ  നേരുന്നു.....

Saturday, September 15, 2012

പണ്ട് ഇങ്ങിനെ ആയിരുന്നു

പണ്ട്  ഞാന്‍  ഇങ്ങിനെയൊക്കെ  ആയിരുന്നുവത്രേ!  ഇപ്പോള്‍  ഏറ്റവും  താഴേയുള്ള  ചിത്രം  പോലെയാണെന്ന്  എനിക്ക്   ഉറപ്പുണ്ട്.........






Thursday, September 13, 2012

മഴയും നിലാവും പെയ്ത രാവില്‍...

 ഉത്രാട  പാച്ചിലിനു  ശമനം വന്നിരിക്കുന്നു.   വല്ലപ്പോഴും കടന്ന്  പോകുന്ന  വാഹനങ്ങളും അങ്ങിങ്ങ്   ഒന്ന്  രണ്ട്  കാല്‍നടക്കാരുമൊഴിച്ചാല്‍  വിജനമായിരുന്ന  നിരത്തിലൂടെ  തെളിഞ്ഞ്  നിന്ന  നിലാവില്‍   ഞാന്‍   പതുക്കെ  നടന്നു. 

  വര്‍ഷങ്ങളായി  ഇതെന്റെ  പതിവാണ്,    ഉത്രാട  രാവിലെ  ഓണ  നിലാവില്‍  ലക്ഷ്യമില്ലാതെ  നടക്കുക   എന്നത്.രണ്ട്  പെരുന്നാള്‍  രാവുകളിലും  ഞാന്‍  ഇപ്രകാരം  രാത്രി  ഏറെ  ചെല്ലുമ്പോള്‍  ഏകനായി  നടക്കും.  മനുഷ്യ ജീവിതത്തിന്റെ  പല മുഖങ്ങള്‍  വിവിധ  കോണുകളിലൂടെ  നോക്കി  കാണാന്‍  സാധിക്കുന്ന  ഒരവസരമാണിത്.

      നേരത്തെ  പെയ്ത  മഴയുടെ  അവശിഷ്ടമായി  നിരത്തില്‍  കെട്ടിക്കിടക്കുന്ന  വെള്ളം  ഒഴിവാക്കി   ഓരം ചേര്‍ന്നു  നടന്നപ്പോള്‍   നിരത്തിനു  സമീപമുള്ള    കട  തിണ്ണയില്‍   രണ്ട്  പേരെ   നിലാ  വെളിച്ചത്തില്‍  ഞാന്‍   കണ്ടു.  അവരില്‍  പ്രായമുള്ള  മനുഷ്യനു   ഏകദേശം  65നും 70നും   മദ്ധ്യേ  പ്രായം  കാണും. അയാള്‍  അവിടെ  ഇരിക്കുകയായിരുന്നു. അപരന്‍  35 വയസ്സോളം  പ്രായമുള്ള  യുവാവാണ്.

  യുവാവ്  വൃദ്ധനെ  എഴുന്നേല്‍പ്പിക്കാനുള്ള  ശ്രമത്തിലായിരുന്നു  എന്നെനിക്ക്  മനസിലായി.  ഈ  പ്രായത്തിലും ആജാനുബാഹു  ആയ  ആ  മനുഷ്യന്‍  ആരോഗ്യവാനാണെന്നും  അദ്ദേഹം  സൈന്യത്തില്‍   നിന്നോ  പോലീസില്‍  നിന്നോ  പെന്‍ഷന്‍  പറ്റി  പിരിഞ്ഞ  ആളാണെന്നും  മുഖത്തെ  മീശയും  അജ്ഞാ  സ്വരത്തിലുള്ള  സംസാര  രീതിയും  എന്നെ  ബോദ്ധ്യപ്പെടുത്തി. 

‘’നിനക്ക്  പോകാം,  ഞാന്‍  വീട്ടിലേക്ക്  വരില്ല”  അയാള്‍  യുവാവിനോട്  കര്‍ശനമായി  പറഞ്ഞു.

 എന്നെ  കണ്ടപ്പോള്‍  ജാള്യതയിലായ  യുവാവ്   വൃദ്ധന്റെ  കൈ  പിടിച്ച്   പതുക്കെ  പറഞ്ഞു.”   അഛാ,  നമുക്ക്  പോകാം;  എല്ലാവരും  വീട്ടില്‍  അഛനെ  നോക്കി  ഇരിക്കുകയാണ് “.

”  ഇല്ലാ  ഞാന്‍  വരില്ല ,  എനിക്ക്  വരാന്‍  സാധിക്കില്ല,  നീ പോ....” വൃദ്ധന്‍  വീണ്ടും  തല  കുനിച്ചിരുന്നു.

ആ യുവാവ്   നഗരത്തിന്റെ  തിരക്കിലൂടെ  കാര്‍  ഓടിച്ച്  പോകുന്നത്   പലപ്പോഴും  ഞാന്‍  കണ്ടിട്ടുണ്ട്.  ഏതോ  ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന്  അയാളുടെ   ഭാവങ്ങളും  കാറിന്റെ  പുതുമയും  വെളിപ്പെടുത്തിയിരുന്നു.  അപ്രകാരമുള്ളവര്‍ക്ക്   ഇപ്പോള്‍  കണ്ട   രംഗങ്ങളില്‍   പെട്ട്  പോയാല്‍ സാധാരണ  ഉണ്ടാകുന്ന   എല്ലാ  പരുങ്ങലും  അയാളില്‍  ഞാന്‍  കണ്ടു.  അത്  കൊണ്ട്  തന്നെ  ആ ചമ്മല്‍  മാറ്റി   സമാധാനിപ്പിക്കാനായി   അയാളുടെ  തോളില്‍  തലോടി  ഞാന്‍   ചോദിച്ചു “  എന്ത്  പറ്റി  അഛനു,   എന്റെ  സഹായം എന്തെങ്കിലും വേണോ?”

എന്റെ  സമീപനം  അയാള്‍ക്ക്  നല്ലരീതിയില്‍  അനുഭവപ്പെട്ടു എന്ന്  മുഖത്തെ  ഭാവം  വ്യക്തമാക്കി. അത്  കൊണ്ടായിരിക്കാം  അയാള്‍  കാര്യങ്ങള്‍   ചുരുക്കത്തില്‍  വിവരിച്ചു.

വൃദ്ധന്റെ  അഛന്‍  തൊണ്ണൂറ്റി  മൂന്നാമത്തെ  വയസില്‍   കുറച്ച്  കാലങ്ങള്‍ക്ക്  മുമ്പ്  മരിച്ചിരുന്നു. “അഛനും  വല്യഛനും  പിതൃപുതൃ  ബന്ധത്തിലുപരി  ഉറ്റ സ്നേഹിതന്മാരെന്ന  നിലയിലായിരുന്നു  ജീവിച്ചിരുന്നത്. പോലീസിലെ   സര്‍ക്കിള്‍  ഇന്‍സ്പക്റ്റര്‍  ലാവണത്തില്‍  നിന്നും പെന്‍ഷന്‍ പറ്റിയ   അഛന്‍   ഔദ്യോഗിക  ജീവിതത്തിലിരിക്കുമ്പോഴും  ഒന്നിരാടം  വീട്ടില്‍  വന്ന്  വല്യഛനോടൊപ്പം  രാത്രി  കഴിച്ച്  കൂട്ടും. പത്ത്  വര്‍ഷങ്ങള്‍ക്കള്‍ക്ക്  മുമ്പ്  വരെ  അവര്‍ രണ്ട്  പേരും  കൂട്ട്കാരെ  പോലെ  ബാറ്റുമിന്റനും  മറ്റും  കളിച്ചിരുന്നു.

  ഞങ്ങള്‍  കുടുംബാംഗങ്ങള്‍  എല്ലാവരും  ഒരു  വലിയ  പുരയിടത്തില്‍   അടുത്തടുത്തായി  വീടുകള്‍  പണിത്  ഒരു വലിയ  കൂട്ടുകുടുംബമായി  കഴിഞ്ഞു  വരുന്നു.  അഛനും  വല്യഛനും  എന്നോടൊപ്പമാണ്. അചന്റെ പ്രിയപ്പെട്ട  ഭാര്യ  അതായത്  എന്റെ  അമ്മ  മരിച്ചപ്പോഴും  അഛന്‍  പിടിച്ച്  നിന്നു. പക്ഷേ  വല്യഛന്റെ  മരണം  അഛനു  താങ്ങാന്‍  കഴിഞ്ഞിരുന്നില്ല.“

  “ഞാന്‍  എങ്ങിനെ  അത്  താങ്ങുമെടാ”വൃദ്ധന്‍  തലപൊക്കി  മകനോട്  ചോദിച്ചു. തലേ  ദിവസം  രാത്രിയിലും   എഴുന്നേറ്റ്  കട്ടിലിനടുത്ത്  വന്ന്  എന്റെ  തലയില്‍  തലോടി,  ഞാന്‍  ഉറങ്ങാന്‍  പോകുവാ,  നീ ഉറങ്ങിക്കോ എന്നും  പറഞ്ഞ്  പോയി  കിടന്നതല്ലേ,  ഒരുപ്പോക്ക്  പോകുവാന്ന്  ആരു  കരുതി. നേരം  വെളുത്തിട്ടും  എഴുന്നേല്‍ക്കാത്തതെന്തെന്ന്   പോയി  നോക്കിയപ്പോള്‍ .....”വൃദ്ധന്റെ  സ്വരത്തില്‍  വിറയല്‍  വന്നു.

“മാസങ്ങള്‍ക്ക്  മുമ്പ്  നടന്ന  സംഭവത്തിനു  ഇന്നെന്താണ്  ഇങ്ങിനെയൊരു  പ്രതികരണം...?    യുവാവിനോടുള്ള എന്റെ  ചോദ്യം  സ്വാഭാവികമായിരുന്നു.

യുവാവിന്റെ  മുഖത്ത്  നേരിയ  ചിരി  കാണാനായി. 

 ദൂരെ  എവിടെയോ  മഴ പെയ്യുന്നു  എന്നറിയിച്ച്  കൊണ്ട്  ഒരു  തണുത്ത  കാറ്റ്  അതിലൂടെ  കടന്ന്  പോയി. വൃദ്ധന്‍   തല  ഉയര്‍ത്തി  എന്നെ  നോക്കി  പിന്നീട്  മകനേയും.

“  എല്ലാ  വര്‍ഷവും തിരുവോണ  പുലരിയില്‍   വല്യഛന്‍  മക്കളുടെയും  പേരക്കുട്ടികളുടെയും  വീടുകള്‍  സന്ദര്‍ശിക്കും. അഛനും  കൂടെ  കാണും.  ഈ സന്ദര്‍ശന  സമയം  വല്യഛന്‍  വീതിയില്‍  കസവ് വെച്ച്  പിടിപ്പിച്ച  ഒരു  നേരിയത് തലയില്‍   കിരീട  രൂപത്തില്‍  ധരിച്ചിരിക്കും.ആകെയൊരു  രാജകീയ  ഭാവം. ഓരോ  വീടിന്റെ  വാതിലില്‍  അഛന്‍   തട്ടി വിളിച്ച്  പറയും. “ ദാ  നമ്മുടെ  മാവേലി  വന്നു.”   വല്യഛന്റെ  സന്ദര്‍ശനം എല്ലാ മക്കള്‍ക്കും  അറിയാമായിരുന്നതിനാല്‍    എല്ലാവരും   വീടിനു പുറത്ത്  വരും. ആ  പുലര്‍  കാലത്തെ  അന്തരീക്ഷം ആഹ്ലാദത്തിന്റെയും  സന്തോഷത്തിന്റേത്  മാത്രമായി  തീരും. വല്യഛന്  എല്ലാ  പേരക്കുട്ടികളുടെയും   പേരെടുത്ത്  വിളിച്ച്  ക്ഷേമാന്വേഷണം  നടത്താന്‍  തക്ക  വിധം  ഓര്‍മ ശക്തിക്ക്  ഒരു  കുറവും  സംഭവിച്ചിരുന്നില്ല.....”

പെട്ടെന്ന്  വൃദ്ധന്‍  പൊട്ടിക്കരഞ്ഞു.”   ഈ  വര്‍ഷത്തെ  ഓണത്തിനു   ഞാന്‍  ആരെയാണ്   കൊണ്ട്  നടക്കുക...  വീട്ടിലിരുന്നാല്‍  ഇതെല്ലാം  ഓര്‍മ്മ വരും  ..”

കരയുന്ന  അഛനെ   കെട്ടി  പിടിച്ച്  ആ മകനും  കരഞ്ഞപ്പോള്‍ കഴിഞ്ഞ  ദിവസം  ഞാന്‍   സാക്ഷിയായ മറ്റൊരു  നിലവിളിയെ കുറിച്ചുള്ള  ഓര്‍മ്മ  എന്റെ  ഉള്ളില്‍ സങ്കടമോ  സന്തോഷമോ  എന്താണ്  ഉളവാക്കിയതെന്നറിയില്ല. 

അത്  ഒരു  മകന്‍  മാത്രമുള്ള    മാതാവിന്റെ  നിലവിളി  ആയിരുന്നു. അഗതി  മന്ദിരം  വൃദ്ധസദനമായി  ഉപയോഗിച്ച്  വരുന്ന  ഒരു  സ്ഥാപനമായിരുന്നു സംഭവസ്ഥലം.  മറ്റൊരു  കാര്യത്തിനായി  അല്‍പ്പ  ദിവസങ്ങള്‍ക്ക്  മുമ്പ്  ആ സ്ഥാപനത്തില്‍  പോയതായിരുന്നു  ഞാന്‍ . യാദൃശ്ചികമായി  എന്റെ  ഒരു  പരിചയക്കാരന്റെ  മാതാവിനെ  ഞാന്‍  അവിടെ കണ്ടു.  വിദൂരതയില്‍  കണ്ണും നട്ട്  സ്ഥാപനത്തിന്റെ  പുറക്  വശമുള്ള  തോട്ടത്തില്‍  ഒരു  ആഞ്ഞിലി  മരത്തിന്റെ  തണലില്‍  കിടന്ന  സിമിന്റ്  ബെഞ്ചില്‍  അവര്‍  ഇരിക്കുകയയിരുന്നു. അടുത്ത്  ചെന്ന്  ഞാന്‍  മുരടനക്കിയപ്പോള്‍  അവര്‍ തല ഉയര്‍ത്തി  എന്നെ  നോക്കുകയും   തിരിച്ചറിഞ്ഞപ്പോള്‍   പെട്ടെന്ന്  ചാടി  എഴുന്നേല്‍ക്കുകയും  ചെയ്തു.

“അമ്മ  ഇവിടെ........’?!  ഞാന്‍  ശങ്കയോടെ  വിവരം  അന്വേഷിച്ചു.

“അവന്‍  ബിസ്സിനസ്  ആവശ്യത്തിനായി  തിരുവനന്തപുരത്ത്   സെറ്റില്‍  ചെയ്തു. ഒറ്റ  മുറി  ഫ്ലാറ്റില്‍.  ഭാര്യയെയും  കുട്ടികളെയും  കൂടെ കൂട്ടി.  ഒരു  മുറി  മാത്രമുള്ള  ഫ്ലാറ്റില്‍  ഞാനും  കൂടെ  താമസിക്കുന്നതെങ്ങീയെന്ന്  കരുതി    എന്നെ  ഇവിടെ  കൊണ്ടു  വന്നു.അവന്‍  ആവശ്യത്തിനു  രൂപ  കൊടുക്കുന്നത്  കൊണ്ട്  ഇവിടെ  സുഖമാണ്.“ മകനെ  കുറ്റപ്പെടുത്തുന്നതൊന്നും  തന്റെ  വാക്കുകളില്‍  ഉണ്ടായിരിക്കരുതെന്ന  വ്യഗ്രത  അവരില്‍  പ്രകടമായി  കണ്ടു. 

എങ്കിലും  മനസ്  ഏതോ  പന്തി  ഇല്ലായ്ക  മണത്തു.  അവന്റെ  ഭാര്യ  ഈ  അമ്മയോട്   എങ്ങിനെയാണ്   പെരുമാറിയിരുന്നതെന്ന്  എനിക്ക്  സുവ്യക്തമായിരുന്നല്ലോ.  ആവശ്യമില്ലാതെ  ചോദ്യങ്ങള്‍  ചോദിച്ച്  അവരെ  അലട്ടരുതെന്ന്  കരുതി  ഞാന്‍  യാത്ര  പറഞ്ഞ്  തിരികെ  പോകാന്‍  നേരം  അവര്‍  എന്നെ  വിളിച്ചു.”ഒന്ന്  നില്‍ക്കണേ!”

“മകനോടൊന്ന്  പറയുമോ,   ഓണ ദിവസം  എനിക്ക്  അവന്റെ  കുഞ്ഞുങ്ങളെ  ഒന്ന്   കാണാനായി  കൊണ്ട്  വരണമെന്ന്.....  ആ  കൊച്ചു  കുഞ്ഞുങ്ങളെ  ഒന്ന്  കാണാന്‍  വല്ലാത്ത  ആഗ്രഹം” പറഞ്ഞ്  പൂര്‍ത്തിയാക്കുന്നതിനു  മുമ്പ്  അവര്‍  വിമ്മി  കരഞ്ഞു.  ഞാന്‍  വല്ലാതായി.

  രംഗം  വീക്ഷിച്ച്  കൊണ്ടിരുന്ന  ആയ  ഓടി  വന്നു. “നിങ്ങള്‍ക്കെന്താ  ഇവിടെ  കുഴപ്പം,  സമയത്ത്  ആഹാരമില്ലേ?  പരിചരണമില്ലേ? ഹും... എന്തിന്റെ  കുറവാ  നിങ്ങള്‍ക്ക്....ഹും...?“ആയമ്മയുടെ വാക്കുകകളില്‍  ഒരു മയവുമില്ലായിരുന്നു.  .

 പെട്ടെന്ന്  അമ്മ  സമനില  വീണ്ടെടുത്തു. രണ്ടാം  മുണ്ട്  കൊണ്ട്  മുഖം  തുടച്ചു.  എന്നെ  നോക്കി  ചിരി  പോലൊന്ന്  വരുത്തിയിട്ട്   പറഞ്ഞു,  “എന്നാ....പൊയ്ക്കോ..” 

ഈ  ഓണ  തലേന്ന്,   ഇപ്പോള്‍   രാത്രിയില്‍,    വ്യത്യസ്തമായ  മറ്റൊരു  രംഗത്തിനു  സാക്ഷി  ആകുമ്പോള്‍  ആ   അമ്മയുടെ  ദു:ഖം  എന്നില്‍  നിറഞ്ഞ് നിന്ന്  ഏങ്ങലടിക്കുന്നതായി  എനിക്കനുഭവപ്പെട്ടു.

ഞാന്‍  മുമ്പോട്ട്  നടന്ന്  ചെന്ന്    അഛന്റെ കൈ   പിടിച്ച്  പറഞ്ഞു. “ വിശുദ്ധ  ഗൃന്ഥങ്ങള്‍  പറയുന്നത്,  മരണം  സുനിശ്ചിതമണെന്നാണ്,  മരണത്തിന്റെ  രുചി അറിയാത്ത  ഒന്നും  ഈ ലോകത്തിലില്ല    എന്നും. സയന്‍സും അത്  തന്നെ  പറയുന്നു.  അപ്പോള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള  അങ്ങയെ  പോലുള്ളവര്‍ കുറച്ച്  കാലം  മുമ്പ്   പിതാവ്  മരിച്ചുപോയി എന്നു    പറഞ്ഞു ഈ  ദിവസം  വീടു  വിട്ടിറങ്ങുകയും  കടത്തിണ്ണയില്‍  കരഞ്ഞും  കൊണ്ടിരിക്കുകയും  ചെയ്യുന്നത്  ശരിയാണോ?  ഇതിലെ  കാറില്‍ കടന്ന്  പോയ  എത്രയോ  പേര്‍  ഈ രംഗം  കണ്ടു  കാണും.  അഛനും  മകനും മാനക്കേടല്ലേ  അത്.  അങ്ങയുടെ അഛന്‍  ജീവനോടിരുന്നിരുന്നു  എങ്കില്‍  അങ്ങ്  ഇങ്ങിനെ  വീട് വിട്ടിറങ്ങി   ഈ  പീടിക  തിണ്ണയില്‍ ഇരിക്കുന്നത്  കാണാന്‍  ഇഷ്ടപ്പെടുമായിരുന്നോ?  അങ്ങയുടെ  അഛന്റെ  സ്ഥാനത്ത്   നാളെ  പുലര്‍ച്ച  അങ്ങ്  തലയില്‍  കസവ്  തലേക്കെട്ടു  കെട്ടി   എല്ലാ  പേരക്കുട്ടികളുടെയും  സമീപം  പോയി   ക്ഷേമാന്വേഷണം   നടത്തണം.  ഈ  നില്‍ക്കുന്ന  മകന്‍  കൂടെ  വരട്ടെ.  അങ്ങയുടെ  കാലശേഷം   അങ്ങയുടെ  മകന്‍   ഏറ്റെടുക്കട്ടെ  ഈ  ജോലി. വിശേഷ  ദിവസങ്ങളിലെ  പ്രധാന  ഉദ്ദേശവും  അത്  തന്നെയല്ലേ?എല്ലാവരും  ലോകത്ത്  ക്ഷേമത്തില്‍  കഴിയുന്നത്   കാണാന്‍  സന്ദര്‍ശനം  നടത്തുക   എന്നത്.  പക്ഷേ....”  വാക്കുകളില്‍   വിറയല്‍  അനുഭവപ്പെട്ടപ്പോള്‍  ഞാന്‍  നിര്‍ത്തി. ആ  അമ്മ എന്റെ  ഉള്ളില്‍  നിറഞ്ഞ്  നില്‍ക്കുന്നു  ഇപ്പോള്‍.....

ഞാന്‍  ആ  കഥ  അഛനോടും  മകനോടും  പറഞ്ഞിട്ട്  ഇത്രയും  കൂട്ടി  ചേര്‍ത്തു.”   ആ അമ്മയുടെ   അനുഭവവുമായി  താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ  ഈ സ്നേഹം  വാക്കുകള്‍ക്കതീതമാണ്,  അത്  അപൂര്‍വവുമാണ്.”    പറഞ്ഞ്  പൂര്‍ത്തിയാക്കുന്നതിനു  മുമ്പ്   ഒരു  വലിയ  വാന്‍  സഡന്‍  ബ്രേക്കിട്ട്  അവിടെ  നിന്നു.  അതിന്റെ ഉള്ളില്‍  നിന്നും  ആഹ്ലാദ  സ്വരത്തിലുള്ള  ആരവങ്ങള്‍,വിളിച്ചു  കൂവല്‍....ഡോര്‍  തുറന്ന്  ഒരു  പറ്റം  കൌമാരങ്ങള്‍  പാഞ്ഞു വരുന്നു.
അപ്പോഴേക്കും  മഴ  ചാറി  തുടങ്ങിയിരുന്നു.

  “ദേ!  വല്യഛന്‍ ...അഛന്‍  ....ചിറ്റപ്പോ  ഇത്  ഞങ്ങളാ.....“ 

മഴ തുള്ളികളെ  പോലെ അവര്‍  പെയ്തിറങ്ങി..

  “എവിടെല്ലാം  ഞങ്ങള്‍  അന്വേഷിച്ചു,  അവസാനം  കണ്ടല്ലോ....ഇനി വണ്ടീലോട്ട് കയറ്......’നിമിഷ  നേരത്തിനുള്ളില്‍  വൃദ്ധനെ  കൌമാരങ്ങള്‍  എല്ലാം  ചേര്‍ന്നു  എടുത്തുയര്‍ത്തി. വൃദ്ധന്‍  ആഹ്ലാദ   സ്വരത്തില്‍  അലറി  വിളിച്ചു” എന്നെ  വിടെടാ  കഴുവേറികളേ...താഴെ  ഇറക്കടാ  എന്നെ....”  അവര്‍  താഴെ  ഇറക്കിയില്ല  നേരെ  വാഹനത്തിനുള്ളിലേക്ക്  ആ  വൃദ്ധനെ  കൊണ്ട്  പോയിരുത്തി.  അദ്ദേഹം  ആ  ആഹ്ലാദം  അക്ഷരാര്‍ത്ഥത്തില്‍   നുണച്ചിറക്കിയിരുന്നതായി  എനിക്ക്  ബോദ്ധ്യം  ഉണ്ട്.

  വൃദ്ധന്റെ മകന്‍ എന്റെ   രണ്ട്  കൈകളും   കൂട്ടി  പിടിച്ച്   എന്നെ  നോക്കി  ചിരിച്ചു.  ആ ചിരിയില്‍  എല്ലാം  അടങ്ങിയിരുന്നു. അയാളും  വാഹനത്തിലേക്ക്  കയറി  ഇരുന്നു  എന്റെ  നേരെ   കൈ വീശി.  അപ്പോള്‍  കൌമാരങ്ങള്‍ക്കിടയില്‍  നിന്നും  ഒരു വൃദ്ധകരവും  എന്റെ  നേരെ  വീശുന്നുണ്ടായിരുന്നു.

മഴ അപ്പോഴും  പെയ്തിരുന്നെങ്കിലും  ഉത്രാട  നിലവിന്റെ  ശോഭ കുറഞ്ഞിരുന്നില്ല.മഴയും  നിലാവും  ഒരുമിച്ച്  പെയ്തിറങ്ങുന  അ രാവില്‍  ഒഴിഞ്ഞ  നിരത്തിലൂടെ  ഈ  സന്തോഷ  അനുഭവത്തിനു  സാക്ഷ്യം വഹിച്ച്  ഞാന്‍  വീട്ടിലേക്ക് തിരികെ  നടക്കുമ്പോള്‍ ദൂരത്ത്    മറ്റൊരു സ്ഥലത്ത്  ആ  അമ്മ  ഉറക്കം  വരാതെ  തന്റെ  പേരക്കുട്ടികളെ  ഓര്‍മ്മിച്ച്   തലയിണ  കണ്ണീരില്‍  കുതിര്‍ക്കുകയായിരിക്കുമെന്ന   ചിന്ത  എന്നെ  വല്ലാതെ  വേദനപ്പെടുത്തിക്കൊണ്ടിരുന്നു.

Friday, August 17, 2012

നവവത്സരാശംസകള്‍

ഇന്ന് ചിങ്ങം  ഒന്നാം  തീയതി  ആണ്.  മലയാളത്തിന്റെ  വര്‍ഷാരംഭം. എല്ലാ  വര്‍ഷവും  ഞാന്‍  നവവത്സരാശംസകള്‍  പോസ്റ്റ്  ചെയ്യുമായിരുന്നു,  ഈ തീയതിയില്‍.   ഇന്നേ  ദിവസം   ഞാന്‍  മനപൂര്‍വം  മാറി  നിന്നു.  ആരെങ്കിലും  ഇന്ന്  വര്‍ഷാരംഭം  ഓര്‍മിക്കുമോ  എന്നറിയാന്‍ .  ചിന്ത  അഗ്രിഗേറ്ററില്‍  കിഴുമേല്‍  ഞാന്‍  പരതി.  ഇല്ല   ആരുമില്ല.   ആരും  നവവത്സരാശംസകള്‍  പറഞ്ഞില്ല. സായിപ്പിന്റെ  അധിനിവേശത്താല്‍  തലച്ചോര്‍   പണയം  വെച്ചവര്‍   ഹാപ്പി   ന്യൂ   ഇയര്‍   പറഞ്ഞ്  കൂകി  അര്‍മാദിക്കാന്‍  മടി  കാണിക്കറില്ല.  അതാണ്  ഫാഷന്‍ .  മലയാള  വര്‍ഷത്തില്‍  എന്ത്  ഹാപ്പി  ന്യൂ  ഇയര്‍?! 

 സ്വന്തം  അമ്മയെ  മറന്നൊരു  ആഘോഷം  ഉണ്ടോ.  മലയാളവും  മലയാള  തനിമയും  പഴഞ്ച്ചനായി  കാണുമ്പോള്‍  എന്ത്  മലയാള  വര്‍ഷാരംഭം. 

എന്നാലും  എന്റെ  മനസ്  നിറയെ  സന്തോഷത്തോടെ  ഞാന്‍  വിളീച്ച്  കൂകട്ടെ....

നിങ്ങള്‍ക്ക്  എല്ലാവര്‍ക്കും  എന്റെ  നവവത്സരാശംസകള്‍

Friday, August 10, 2012

അമ്പലനടയില്‍ നോമ്പ്തുറ

എന്റെ  ഒരു  സ്നേഹിതന്‍  സുഖമില്ലാതെ  കിടക്കുന്നു  എന്നറിഞ്ഞ്  അവനെ  കാണാനായാണ് ഞാന്‍  ആ സ്ഥലത്തെത്തിയത്. താമസ  സ്ഥലത്ത്  നിന്നും 12കിലോമീറ്റര്‍  ദൂരമേ  ഉള്ളൂ  എങ്കിലും  എപ്പോഴും  ബസ്   ഇല്ലാത്ത  ഒരു  കുഗ്രാമം  ആയിരുന്നു  ആ സ്ഥലം.

വീട്ടില്‍  നിന്നും  ഇറങ്ങുമ്പോള്‍  മൂന്നു  മണി  കഴിഞ്ഞു. ബസിന്റെ  സമയം  കണക്ക്  കൂട്ടിയപ്പോള്‍  നോമ്പ്  തുറക്ക്  മുമ്പ്  വീട്ടിലെത്താന്‍  കഴിയുമെന്ന്  കരുതിയാണ് ഞാന്‍  തിരിച്ചത്. ഉദ്ദേശിച്ച  ബസ്  കിട്ടി  സ്നേഹിതന്റെ  വീട്  തിരക്കി  പിടിച്ച്   അവനെ  കണ്ടു.  അസുഖമായി  കിടന്നപ്പോഴും  അവന്റെ  തമാശ  പറച്ചിലിനു  കുറവൊന്നും  കണ്ടില്ല. മാത്രമല്ല  ആരോടെങ്കിലും  വര്‍ത്തമാനം  പറഞ്ഞിരിക്കാന്‍  അവനു  അതിയായ  ആഗ്രഹം  ഉണ്ടെന്നു  എനിക്ക്  മനസിലായതിനാല്‍  ഞാന്‍  കുറേ  നേരം  അവിടിരുന്നു.  തിരികെ  പോകാന്‍   ഞാന്‍  ഉദ്ദേശിച്ചിരുന്ന  ബസിനു  പുറകേ  ഒരു  കെ.എസ്.ആര്‍.റ്റി.സി. ബസ്  ഉണ്ടെന്നും അതില്‍   പോകാമെന്നും  അവന്‍  പറഞ്ഞപ്പോള്‍  ആ ബസില്‍  പോയാലും  നോമ്പ്  തുറക്ക്   വീട്ടിലെത്താമെന്നുള്ളതിനാല്‍  കുറേ  നേരം  കൂടി  അവന്റെ  ആഗ്രഹാനുസരണം  ഞാന്‍  അവിടെ  ഇരുന്നു.

  അവന്റെ   ഭാര്യ  ചായ  കൊണ്ട്  വന്നപ്പോള്‍ എനിക്ക്  നോമ്പാണെന്ന്  അവന്‍  അവരെ  അറിയിച്ചു. എന്നിട്ട്  എന്നോട്  പതുക്കെ  പറഞ്ഞു”  നിന്റെ  വര്‍ഗം ഒറ്റ  മേത്തനും  ഈ  പഞ്ചായത്തിലില്ല,  അത്കൊണ്ട് നോമ്പ്  എന്താണെന്നൊന്നും  അവള്‍ക്കറിയില്ല”

സര്‍ക്കാര്‍  ബസിന്റെ  സമയം  ആയപ്പോള്‍   ഞാന്‍  അവനോട്  യാത്ര പറഞ്ഞ്  ബസ്  സ്റ്റോപ്പിലേക്ക്  നടന്നു.  വിശാലമായ   ഒരു വയലിന്റെ  മദ്ധ്യത്തിലുള്ള   വരമ്പിലൂടെ  പൊതു  നിരത്തിലേക്ക്  സായാഹ്നാന്ത്യത്തിലുള്ള  യാത്ര   സുഖകരമായിരുന്നെങ്കിലും   നിരത്തിലെത്തി  ചേരുന്നതിനു  മുമ്പ്  തന്നെ  ബസ്  കടന്ന്  പോകുന്നത്  ദൂരെ  നിന്ന്  കണ്ടപ്പോള്‍   സമയ  ബന്ധിത‍മായ   എന്റെ  എല്ലാ   പരിപാടികളും   താളം  തെറ്റിയെന്നുള്ള  സത്യം  ഞാന്‍  തിരിച്ചറിഞ്ഞു. ഈ  സ്ഥലത്ത്  നിന്നും   എനിക്ക്  പോകേണ്ട  സ്ഥലത്തേക്ക്  അടുത്ത   ബസ്   ഇനി  ഏഴര മണിക്കാണെന്ന്   ഒരു  വഴിപോക്കനില്‍  നിന്നും  അറിയാന്‍  കഴിഞ്ഞു.

 “ പുത്തൂര്‍  ചെന്നാല്‍   അവിടെ നിന്നും ബസ്  കിട്ടും   പുത്തൂരിലേക്ക്   ഇവിടെ  നിന്നും ഇനിയും കിലോമീറ്ററുകൾ  ദൂരമുണ്ട്.  നടന്ന് പോകുമ്പോള്‍   ഭാഗ്യമുണ്ടെങ്കില്‍  വഴിയില്‍  ചിലപ്പോള്‍   റിട്ടേണ്‍  ആട്ടോ  ലിഫ്റ്റ്  തരും”  അയാള്‍  കൂട്ടിച്ചേര്‍ത്തു.

ആ  ഭാഗ്യം  കിട്ടുമെന്നുള്ള  പ്രതീക്ഷയോടെ  ഞാന്‍  നിരത്തിലൂടെ  പുത്തൂര്‍  ലക്ഷ്യമാക്കി  നടന്നു. നോമ്പ്  ആയതിനാല്‍  എനിക്ക്  വേഗത്തില്‍   നടക്കാന്‍   സാധിച്ചില്ല.  മാത്രമല്ല  റിട്ടേണ്‍  ആട്ടോ  എന്ന  ഭാഗ്യം  എന്നെ   കടാക്ഷിച്ചുമില്ല. കടന്ന്  പോയ  എല്ലാ  ആട്ടോകളിലും    യാത്രക്കാര്‍  നിറഞ്ഞിരുന്നു. വീട്ടില്‍ ചെന്ന്  നോമ്പു  തുറക്കാം  എന്ന  പ്രതീക്ഷ  ഞാന്‍  ഉപേക്ഷിച്ചു.

പകുതിദൂരമായെന്ന്  എനിക്ക്  തോന്നിയപ്പോള്‍  ഞാന്‍  എത്തി  ചേര്‍ന്നത്   ഒരു അമ്പലവും  മൂന്ന്  നാലു  ചെറിയ  പീടികകളുമുള്ള  സ്ഥലത്തായിരുന്നു. അപ്പോഴേക്കും ഞാന്‍  ക്ഷീണിച്ചിരുന്നു. കയറ്റവും  ഇറക്കവുമുള്ള  ദുഷ്കരമായ  വഴിയാണ്  ഞാന്‍  താണ്ടിയത്.   വാച്ചിലേക്ക്  നോക്കിയപ്പോള്‍   നോമ്പ് തുറക്ക്  ഇനിയും   കുറച്ച്  സമയം  മാത്രമേ  ബാക്കിയുള്ളൂ  എന്ന്  കണ്ടു
 മുന്‍‌വശം പലഹാരങ്ങള്‍  നിറഞ്ഞ  കണ്ണാടി  അലമാരിയും   സമൃദ്ധമായി  കായ്കള്‍  നിറഞ്ഞ  പഴക്കുലകളും  കണ്ട  ഒരു  ചായക്കടയിലേക്ക്  ചെന്ന്  കയറി. “ഇന്നത്തെ  നോമ്പ്  തുറ ഇവിടെയാക്കാം”  ഞാന്‍  കരുതി.

കുടവയറിനു  മുകളില്‍  കാവിനിറത്തില്‍  മുണ്ടുടുത്ത്  കഴുത്തില്‍ രുദ്രാക്ഷ മാല  ധരിച്ച  ഒരു  മീശക്കാരനായിരുന്നു  കട  ഉടമസ്ഥന്‍ . അദ്ദേഹത്തിന്റെ  നെറ്റിയിലെ  ചന്ദന  കുറിയും  കയ്യിലെ  ചരടും  മുഖത്തെ  ഗൌരവ  ഭാവവും  ഒരു  നായര്‍  പ്രമാണിയുടെ  എല്ലാ  ലക്ഷണവും  വെളിവാക്കി.

“ഉം....മ്.......?”  എന്താണ്    എനിക്ക്  വേണ്ടതെന്ന   ചോദ്യം  പ്രതിഫലിക്കുന്ന  ആ  മൂളലില്‍   നിന്നും   മുതലാളിയും  സപ്ലയറും   എല്ലാം  അദ്ദേഹം  തന്നെയെന്ന്  ഞാന്‍  തിരിച്ചറിഞ്ഞു.

ആ  കടയില്‍  വേറെയും  മൂന്ന്  നാലു  പേര്‍   ചായകുടിച്ച്  കൊണ്ടിരുന്നു.  ചിലര്‍  പലഹാരം  കഴിക്കുന്നു.  ലക്ഷണമൊത്ത  ഒരു  ഗ്രാമീണ  ചായക്കട  തന്നെ  ആയിരുന്നു  അത്. ഒരു  ടേപ് റിക്കാര്‍ഡ്  പഴയ  മലയാള  സിനിമാ  ഗാനങ്ങള്‍   താഴ്ന്ന  സ്വരത്തില്‍  ഉരുവിടുന്നു.  ഏതോ  രാഷ്ട്രീയ  ചര്‍ച്ചയില്‍  ഏര്‍പ്പെട്ടിരുന്ന  എല്ലാവരും   സംസാരം  നിര്‍ത്തി  അപരിചിതനായ എന്നെ  ശ്രദ്ധിക്കുന്നത്   കണ്ടപ്പോള്‍  ഞാന്‍  പറഞ്ഞു” ഒരു  പഴവും   ഒരു  ഗ്ലാസ്  പാലും  വേണം, ങാ,  ഒരു  ഗ്ലാസ്  വെള്ളവും  വേണം”

 കണ്ണാടി  അലമാരിയില്‍   വെള്ള  അപ്പവും  മറ്റ്  പലഹാരങ്ങളും  നിറയെ  ഇരിക്കുമ്പോള്‍   പാലും  പഴവും  കഴിക്കാനാണോ   ഇങ്ങോട്ട്   കെട്ടി  എടുത്തത്  എന്ന  ഭാവം  മുതലാളിയുടെ  മുഖത്ത്    കണ്ടെങ്കിലും  ഞാന്‍   അത്  അവഗണീച്ചു.

“എവിടെ  നിന്നു  വരുന്നു”  കൂട്ടത്തില്‍  കാര്‍ന്നോര്‍  സ്ഥാനമെന്ന്  തോന്നിക്കുന്ന   ഒരു  മൂപ്പില്‍  എന്നോട്  വിളിച്ച്  ചോദിച്ചു.  ഞാന്‍  എവിടെ  നിന്നു  വന്നു  എന്നും  എന്തിനു  വന്നുവെന്നും  ബസ്  കടന്ന്  പോയതുമായ  കാര്യങ്ങള്‍  ചുരുക്കം   വാക്കുകളില്‍   പറയുമ്പോഴേക്കും  മീശക്കാരന്‍  മുതലാളി   പഴവും  പാലും  എന്റെ  മുമ്പില്‍ മേശപ്പുറത്ത്  കൊണ്ട്  വെച്ചു. പിന്നീട്  ഒരു  സ്റ്റീല്‍  ടംബ്ലറില്‍  വെള്ളവും  കൊണ്ട് വന്ന്  ആ  പാത്രം  മേശപ്പുറത്ത്  ശക്തിയായി  വെച്ചു. ടംബ്ലറിലെ  വെള്ളം  പുറത്തേക്ക്  തെറിച്ചു. സന്ധ്യാ  നേരത്ത്  ചെറിയ  കച്ചവടത്തിനു  മാത്രമായി  വന്നതിന്റെ  പ്രതിഷേധമായിരിക്കാം അത്.

ഞാന്‍  നിശ്ശബ്ദനായി  ഇടക്കിടെ  വാച്ചിലേക്ക്   നോക്കി  ഇരിപ്പായി.  ഇനി  ഏതാനും  മിനിട്ടുകള്‍  ബാക്കി  ഉണ്ട്  നോമ്പ്  തുറക്കാന്‍ . കാര്‍ന്നോര്‍  ചോദിച്ചു”  എന്താ  കഴിക്കാത്തത്...?”

“ എനിക്ക് റമദാന്‍  നോമ്പാണ് ,  നോമ്പ്  തുറക്കാന്‍  ഇനിയും  അല്‍പ്പം  നേരം   കൂടി  ബാക്കി  ഉണ്ട് അതാണ്  ഞാന്‍  കഴിക്കാതിരിക്കുന്നത്....”

എന്റെ ഈ മറുപടി   കടയില്‍  പെട്ടെന്ന്  നിശ്ശബ്ദത  പരത്തി.  കടമുതലാളിയുടെ  മുഖം ഒന്നുകൂടി  ഗൌരവത്തിലായി. കടയുടെ  പുറക്  വശത്തെ  വാതിലില്‍  നിന്നിരുന്ന  സ്ത്രീയെ-അത്  അയാളുടെ  ഭാര്യ  ആണെന്ന്  പിന്നീട്  മനസിലായി-  അയാള്‍  രൂക്ഷമായി  നോക്കി.  അവര്‍  പുറകോട്ട്  വലിഞ്ഞപ്പോള്‍  ആ വാതിലിലൂടെ  പുറക്  വശത്തെ  വീട്  ഞാന്‍  കണ്ടു.   ചായക്കടക്കാരന്റെ  വീട്  ആയിരിക്കാമത്.   കടയിലെ  എല്ലാവരുടെയും  തുറിച്ച്  നോട്ടം  എന്നില്‍  അസ്വസ്ഥത  ഉളവാക്കി.

“സാറേ! ഞങ്ങള്‍ ആദ്യമായിട്ടാ  നോമ്പ്  തുറ   നേരില്‍  കാണുന്നത്....ഇവിടെ  നിങ്ങളുടെ  ജാതിയില്‍  പെട്ട  ഒരാളുമില്ല...പക്ഷേ   ഞങ്ങള്‍  റ്റി.വി. യില്‍  നോമ്പ്  തുറക്കുന്നത് കണ്ടിട്ടുണ്ട്....അത്....ഇങ്ങിനെ  അല്ലല്ലോ.....നിറയെ  പലഹാരവും  കോഴി  പൊരിച്ചതെല്ലാം  വേണ്ടേ...?’  ശുദ്ധനായ  ആ ഗ്രാമീണന്‍  കാര്‍ന്നോര്‍  എന്നെ  പരിഹസിക്കുക  അല്ലെന്നും  അയാളുടെ  നിഷ്കളങ്കതയില്‍  നിന്നുമാണ്  ആ ചോദ്യം  ഉടലെടുത്തതെന്നും  എനിക്ക്  മനസിലായി.  ഞാന്‍  പുഞ്ചിരിച്ചു.

“അത് റ്റി.വി.ക്കാരുടെ  നോമ്പ്  തുറ,  ഇത്  സാധാരണക്കാരുടെ  നോമ്പ്  തുറ“  കൂട്ടത്തില്‍  ചെറുപ്പക്കാരനാണ്  അത്  പറഞ്ഞത്.

“പ്രവാചകന്‍  കാരക്കായുടെ  ഒരു  ചീളു  കൊണ്ടാണ്  നോമ്പ്  തുറന്നത്”  ഞാന്‍  സൌമ്യ  സ്വരത്തില്‍  പറഞ്ഞതിനു  ശേഷം  നോമ്പ്  തുറക്കുള്ള  പ്രാര്‍ത്ഥനക്കായി   രണ്ട്  കയ്യും  ഉയര്‍ത്തി.”  പരമകാരുണികനായ  ദൈവമേ! അങ്ങേക്ക്  വേണ്ടി  നോമ്പ്  നോറ്റു,  അങ്ങ്  തരുന്ന  കാരുണ്യം  കൊണ്ട്  ഞാന്‍  നോമ്പ്  തുറക്കുന്നു.....“ ഏകദേശം  ഈ അര്‍ത്ഥം  വരുന്ന  വാക്കുകള്‍   ഉരുവിട്ടതിനു  ശേഷം  ഞാന്‍  ഒരു  കവിള്‍  വെള്ളം  കുടിച്ചു,  പഴം തിന്നു.  അപ്പോഴും   മീശ  എന്നെ  രൂക്ഷമായി  നോക്കി  നില്‍ക്കുകയാണ്.
“ഇപ്പോള്‍  എന്താണ്   കൈ  പൊക്കി  പിറു  പിറുത്തത്“  കാര്‍ന്നോര്‍  വീണ്ടും   സംശയം  ചോദിച്ചപ്പോള്‍   പാല്‍  കുടിക്കാന്‍  എടുത്ത  ഗ്ലാസ്സ്  താഴ്ത്തി  വെച്ച്   ഞാന്‍  പ്രാര്‍ത്ഥിച്ചതിന്റെ  അര്‍ത്ഥം  പറഞ്ഞു  കൊടുത്തു.

ഇതിനിടയില്‍  മീശ കടയിലെ  ലൈറ്റ്   തെളിയിച്ചു. എന്നിട്ട്  പുറം  തിരിഞ്ഞ്  നിന്നു  ഉച്ചത്തില്‍  പറഞ്ഞു” ഇനി    വീട്ടില്‍  പോയി രാത്രി  മുഴുവന്‍  തിന്നാല്ലോ”

“പകല്‍  മുഴുവന്‍  ഒന്നും  കഴിക്കാതിരുന്നിട്ട്   രാത്രി  വാരി  വലിച്ച്   തിന്നാന്‍ സാധാരണക്കാരനെ  കൊണ്ട്  കഴിയില്ല“   പാല്‍  കുടിക്കുന്നിതിനിടയില്‍  ഞാന്‍   പതുക്കെ  മറുപടി  പറഞ്ഞപ്പോള്‍  “അത്  ശരിയാ”  എന്ന്  അയാളുടെ  ഭാര്യ  വാതില്‍ക്കല്‍  നിന്ന്  പിന്‍‌താങ്ങി.

മീശ അവരെ  രൂക്ഷമായി  നോക്കി.  വീണ്ടും  അവര്‍  പുറകോട്ട്  മാറി.

“സാര്‍  ഇനി  എപ്പോള്‍  ആഹാരം  കഴിക്കും”  ആ  ചെറുപ്പക്കാരനാണ്  ഈ ചോദ്യം  ഉന്നയിച്ചത്.

“സന്ധ്യക്ക്  ഒരു  നമസ്കാരം  ഉണ്ട്.  അത്  കഴിഞ്ഞ്   എന്തെങ്കിലും  ആഹാരം  കഴിക്കുകയാണ്  പതിവ്   പിന്നീട്  പുലര്‍കാലത്തും...”  ഞാന്‍  പറഞ്ഞു.

“അതിനു  ഇനി  സാര്‍  കൊട്ടാരക്കര  എത്തേണ്ടെ,  അതിനിടയില്‍  ഒരിടത്തും  പ്രാര്‍ത്ഥിക്കാന്‍   നിങ്ങടെ  ജാതിക്കാരുടെ  പള്ളി  ഇല്ലല്ലോ  സാറേ”

“വൃത്തിയുള്ള  ഒരു  സ്ഥലം  ഉണ്ടെങ്കില്‍   അവിടെ  നമസ്കരിക്കാന്‍  കഴിയും“  ഞാന്‍  പറഞ്ഞു.

 മീശ  നെടുങ്കനെ  നടന്ന് വന്ന്  എന്റെ  നേരെ  നിന്ന്   ദേഷ്യത്തോടെ  ചോദിച്ചു.”എന്താ  ഞങ്ങള്‍  അത്രക്ക്  വൃത്തി  ഇല്ലാത്തവരാണോ,  എന്റെ  വീട്ടില്‍  നിങ്ങള്‍ക്ക്   പ്രാര്‍ത്ഥിച്ചാല്‍  എന്താ?“

എനിക്ക്  അയാളുടെ  അന്തര്‍ഗതം  മനസിലായി. അയാള്‍ക്ക്  ഒരു  കാര്യവും  സൌമ്യമായി  അവതരിപ്പിക്കാന്‍  അറിയില്ല. അയാളുടെ  മനസിലിരിപ്പ്  തിരിച്ചറിഞ്ഞ  ഞാന്‍  കടയുടെ  പുറക്  വശത്തെ  വാതിലിലൂടെ  അയാളുടെ  വീട്ടിലേക്ക്  നടന്നു. അരമതില്‍  ഉള്ള   വീടിന്റെ  വരാന്തയിലേക്ക്  ഞാന്‍  നോക്കി.  മുഖം  കാണത്തക്ക  വിധത്തില്‍  മിനുക്കി സിമിന്റ്  തേച്ച  ആ  വരാന്ത  സാമാന്യം  വൃത്തി  ഉള്ളതായിരുന്നു. മുറ്റത്ത് കണ്ട  കിണറിനു  സമീപത്തേക്ക്  ഞാന്‍  പോയി.  എന്റെ  ആവശ്യം  മനസിലാക്കിയ  അയാളുടെ  ഭാര്യ  പെട്ടെന്ന് തന്നെ കിണറിനു  സമീപം  ചെന്നു   ബക്കറ്റ്  കിണറ്റിലേക്കിറക്കി  വെള്ളം   കോരി  ഒരു   ചെറിയ  കല്ലിനു  മുകളില്‍  വെച്ച്  തന്നു.  ഞാന്‍  നമസ്കാരത്തിനു   മുമ്പ്   ചെയ്യേണ്ട  അംഗശുദ്ധി വരുത്താന്‍ തുടങ്ങി. മുന്‍  കൈകള്‍  കഴുകി,  വായില്‍  വെള്ളം  എടുത്ത്  കുലുക്കി  തുപ്പി, മുഖം  മുഴുവനായി  കഴുകി,  കൈകള്‍  മുട്ട്  വരെ  കഴുകി,  നെറ്റിയും  ചെവിയിലും  വെള്ളം  തടകി,  അവസാനം   രണ്ട് കാലും  കണം കാല്‍  വരെ  കഴുകി.  ഇതെല്ലാം  മൂന്ന്  തവണ  ചെയ്ത്  അംഗശുദ്ധി  വരുത്തുന്നത്  ആ  ചെറിയ  സംഘം  നോക്കി  നിന്നു. അവര്‍  ആദ്യമായാണ്  ഈ  വക  കാര്യങ്ങള്‍  നേരില്‍  കാണുന്നത്.  ആ  കൌതുകം  അവരുടെ  എല്ലാവരുടെയും   മുഖത്ത്   ഞാന്‍ വായിച്ചു.  മീശ  മാത്രം    “ഗൌരവ സ്വാമിയായി” നിലകൊണ്ടു.

“എനിക്കൊരു  പഴയ ന്യൂസ്  പേപ്പര്‍  തരുമോ“   ഞാന്‍  അയാളോട്  ചോദിച്ചു. അയാള്‍  ഭാര്യയെ  ഒന്ന്  നോക്കി.   എന്തിനാണ്  പേപ്പര്‍  ആവശ്യപ്പെട്ടതെന്ന്  മനസിലായില്ലെങ്കിലും   ഏതോ  ചടങ്ങിനാണെന്ന്  കരുതി  നിമിഷ  നേരത്തിനുള്ളില്‍  അവര്‍  പേപ്പര്‍  കൊണ്ട്  വന്നു.ആ  പത്രം വരാന്തയില്‍  വിരിച്ച്    നമസ്കരിക്കാനായി  ഞാന്‍   അതില്‍   കയറി  നിന്നു.

“നില്‍ക്ക്”   ആ  ആജ്ഞ  മീശയില്‍  നിന്നായിരുന്നു.  ഇനി  എന്ത് പുകിലാണ്  എന്ന  ഭാവത്തോടെ  അയാളെ  നോക്കിയപ്പോള്‍ “ഞങ്ങള്‍  അത്രക്ക്  പോക്ക്  കെട്ടവരാണെന്ന്  കരുതിയോ?” എന്ന്  ദേഷ്യത്തോടെ  അയാള്‍  എന്നോട്  ചോദിച്ചു.  എനിക്ക്   കാര്യം  മനസിലായില്ല.അയാള്‍  ഭാര്യയെ  വിളിച്ചു.    “എടീ....”

അവര്‍  അകത്തേക്ക്  പാഞ്ഞു,  അല്‍പ്പ  സമയത്തിനുള്ളില്‍   വൃത്തിയായി  അലക്കി  ഇസ്തിരിയിട്ട  ഒരു വെളുത്ത  ഷീറ്റുമായി  ഓടിയെത്തി   തറയിലെ  പേപ്പറിനു  മുകളില്‍  ആ ഷീറ്റ്  വിരിച്ച്  തന്നു.    അനിര്‍വചനീയമായ   ഒരു   വികാരം  അപ്പോള്‍  എന്റെ  മനസില്‍  മുളപൊട്ടി.  ഞാന്‍  ഉടനെ  തന്നെ  നമസ്കാരത്തില്‍  പ്രവേശിച്ചു. 

നമസ്കാരത്തില്‍  നിന്നു  വിരമിക്കുന്നതിനായി  ആദ്യം  വലത്  ഭാഗത്തേക്കും  പിന്നീട്  ഇടത്  ഭാഗത്തേക്കും തല  തിരിച്ച്  സമാധാനത്തിനും  കാരുണ്യത്തിനും  വേണ്ടി    ഞാന്‍ പ്രാര്‍ത്ഥിച്ചു.   എന്റെ  നമസ്കാരം  വീക്ഷിച്ച്  കൊണ്ട്  ആ ചെറിയ  കൂട്ടം  അവിടെ  നില്‍ക്കുന്നു  എന്ന് എനിക്കറിയാമായിരുന്നു.
കാര്‍ന്നോര്‍  ആ  കാര്യം  ആദ്യം  തന്നെ  ചോദിച്ചു.”എന്താണ്   രണ്ട്  വശത്തേക്കും  തല  തിരിച്ച്  പറഞ്ഞത്“  അതിന്റെ  അര്‍ത്ഥം  ഞാന്‍  പറഞ്ഞ്  കൊടുത്തപ്പോള്‍   ചെറുപ്പക്കാരന്  അറിയേണ്ടത്  മുട്ടുകുത്തി   നെറ്റി തറയില്‍   മുട്ടിച്ച്  കിടന്ന്  എന്താണ്   പ്രാര്‍ത്ഥിച്ചതെന്നാണ്. “സര്‍വശക്തനായ  നിന്റെ നാമം  വാഴ്ത്തുന്നു” എന്ന്  പറഞ്ഞപ്പോള്‍  മറ്റൊരാള്‍  ചോദിച്ചു “ അപ്പോള്‍  നിങ്ങള്‍   ഈ  അറബിലുള്ള  മന്ത്രങ്ങളല്ലേ  ചൊല്ലുന്നത്?, മേത്തന്മാരെന്ന്  വെച്ചാല്‍  മഹാ  മാന്ത്രികന്മാരല്ലേ?”  ഞാന്‍  ചിരിച്ച്  പോയി.  ഇരു  സമൂഹങ്ങളും  തമ്മില്‍  പരസ്പരം  ആശയ വിനിമയമില്ലാത്തതിന്റെ   അപാകതകള്‍   എന്റെ  മുമ്പില്‍  തെളിഞ്ഞു നിന്നു.

കടയിലേക്ക്  കയറിയപ്പോള്‍  ഒരു  വാഴ ഇല  കീറില്‍   വെള്ള  അപ്പവുമായി  മീശ  കാത്ത്  നില്‍ക്കുന്നു.” ഇത്  തിന്നേച്ച്  പോയാല്‍  മതി” ആ സ്നേഹത്തിന്റെ  മുമ്പില്‍  ഞാന്‍  തലകുനിച്ചു  പോയി.  അപ്പത്തില്‍  ചമ്മന്തി  ഒഴിക്കുമ്പോള്‍  അയാള്‍  പറഞ്ഞു “  അമ്പലത്തിന്റെ  നടയിലുള്ള  കടയാ ഇത്,  ഇവിടെ  ഇറച്ചി  ഒന്നും  കിട്ടില്ല”  എനിക്ക്  ഇറച്ചി  നിര്‍ബന്ധമല്ലെന്ന്  പറഞ്ഞപ്പോള്‍     അയാളുടെ ഗൌരവം  നിറഞ്ഞ  മുഖത്ത്  ഘനത്തില്‍  നില്‍ക്കുന്ന  മീശയ്ക്ക്  സമീപം  ഒരു   പുഞ്ചിരി   കണ്ടുവോ  എന്ന് എനിക്ക്  സംശയം  ഉണ്ടായി. അദ്ദേഹത്തിന്റെ ഭാര്യ   ആഹാരം   വീണ്ടും  വീണ്ടും  കഴിക്കാന്‍  എന്നെ  നിര്‍ബന്ധിച്ച്  കൊണ്ടിരുന്നു.

കൈ കഴുകി  പുറത്തേക്കിറങ്ങിയപ്പോള്‍  എല്ലാവരും  എന്നോടൊപ്പം  കടക്ക്   പുറത്തിറങ്ങി. 

  മാനത്ത്  സന്ധ്യയുടെ  ചെന്തുടിപ്പ്  മാഞ്ഞ്  കഴിഞ്ഞു.  ഇനിയും  ചേക്കേറാത്ത  ഒരു  പക്ഷി  തന്റെ  കൂട്  തേടി  കരഞ്ഞുകൊണ്ട്   എന്റെ  തലക്ക്  മീതെ  പറന്നു  പോയി.   സന്ധ്യാ രാഗത്തില്‍  അലിഞ്ഞ്  ചേര്‍ന്ന് അമ്പലത്തില്‍  നിന്നും   മണി  നാദം   ഒഴുകി  വന്നു   കൊണ്ടിരുന്നു.  നോമ്പ്   തുറക്കുമ്പോളുള്ള  ആനന്ദവും  അപരിചിതരും  മനശ്ശുദ്ധി  ഉള്ളവരുമായ  ആ മനുഷ്യരുടെ  സ്നേഹപ്രകടനങ്ങളും ,  അന്തരീക്ഷത്തിന്റെ  ആകര്‍ഷണീയതയും  എന്റെ  മനസില്‍  എന്തെന്നില്ലാത്ത  വികാര പ്രപഞ്ചം  സൃഷ്ടിച്ചു.  ഞാന്‍  ആ  നല്ല  മനുഷ്യരുടെ  നേരെ  കൈ  കൂപ്പി. “എല്ലാവര്‍ക്കും  നല്ലത്  വരട്ടെ.”
“ഇനി  ഇതിലെ  വരുമ്പോള്‍  ഇവിടെ  കയറണം”  ആ ചായക്കടക്കാരന്‍   എന്നോട്  പറഞ്ഞു.അപ്പോഴേക്കും  ഏഴരയുടെ  ബസ്  ഇരച്ച്  വന്ന്   അമ്പലത്തിനു  സമീപം  നിര്‍ത്തി.  ബസില്‍  കയറി  ഇരുന്നു     അവരുടെ  നേരെ  കൈവീശുമ്പോള്‍   മനസില്‍  പറഞ്ഞു  ഈ ഗ്രാമ  വിശുദ്ധി  അനുഭവിക്കാന്‍  ഇനിയും  ഇവിടെ  വരണം.