Friday, November 7, 2025

വീണ്ടും മെഡിക്കൽ കോളേജ് വാർത്തകൾ..

 അഞ്ച് ദിവസമായി ചികിൽസ കാത്ത് മെഡിക്കൽ കോളേജിൽ  കഴിഞ്ഞിരുന്ന  ഹൃദയ  സംബന്ധമായ  രോഗമുള്ളയാൾ മരിച്ചു എന്ന വാർത്ത പത്രത്തിൽ വായിച്ചു.

ആശുപത്രിയിൽ നിന്നും അപാകതകൾ ഒന്നും ഉണ്ടായിട്ടില്ലാ എന്ന്  ഭരണ പക്ഷവും അനാസ്ഥയും അലസതയാലുമാണ് രോഗി മരിച്ചതെന്നു പ്രതി പക്ഷവും  വാദങ്ങൾ നിരത്തുമ്പോൾ പരമമായ ഒരു സത്യം തെളിഞ്ഞ് നിൽക്കുന്നു. 

ആ രോഗിയുടെ ആശ്രിതർക്ക് അവരുടെ അത്താണീ നഷ്ടപ്പെട്ടു എന്ന സത്യം.

രോഗാവസ്ഥയിൽ എല്ലാവരുടെയും അവസാന ആശ്രയം മെഡിക്കൽ കോളേജാണ്.ഇവിടെ എത്തിക്കഴിഞ്ഞാൽ രണ്ടിലൊന്ന് തീരുമാനിക്കപ്പെടുന്നു.ഒന്നുകിൽ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു, അല്ലെങ്കിൽ ലോകത്ത് നിന്നും എന്നെന്നേക്കുമായി കടന്നു പോകുന്നു.

ആശുപത്രി ജീവനക്കാരുടെ ക്രൂരമായ അവഗണനയെ പറ്റി രോഗിയുടെ ഭാര്യ പരാതി പറയുന്നുണ്ട്. ഒരിക്കലും പരിഹരിക്കാനാകാത്ത പരാതിയാണ് ഇത്.  സെക്യൂരിറ്റിക്കാരാണ് ഏറ്റവും ധാർഷ്ട്യക്കാർ. മെഡിക്കൽ കോളേജിന്റെ സുരക്ഷ അവരുടെ ചുമതലയാണ് എന്നത് സമ്മതിച്ചു. പക്ഷേ അതിനും  ദയാ പൂർണമായ  പെരുമാറ്റം  നിർബന്ധമായി വേണ്ടതാണ്. ടൂറിന് വന്നതല്ല രോഗിയുടെ ബന്ധുക്കൾ, അവർ ആകാംക്ഷയുടെ മുൾ മുനയിൽ നിൽക്കുമ്പോളാണ്  ഇവരുടെ ധാർഷ്ട്യം. അതിനാൽ തന്നെ വഴക്കുകൾ ധാരാളം.

നഴ്സുമാരിൽ മിക്കവരും അലിവുള്ളവരാണ്. ഒരു കുഴപ്പമേയുള്ളൂ ചോദ്യങ്ങൾക്ക് തൃപ്തികരമായ  മറുപടി  തരില്ല. ഇങ്ങിനെ ഉത്തരം നൽകാനാണെങ്കിൽ അതിനല്ലേ നേരം കാണൂ എന്നാണ് അവരുടെ ഭാവം.

ഡോക്ടറന്മാർ പല തരക്കാരാണ് മിക്കവരും ബാഹ്യാകാശ ജീവികളാകുമ്പോൾ  അപൂർവം ചിലരുടെ ഉള്ളിൽ മനുഷ്യത്വം  നിറഞ്ഞ് നിൽക്കുന്നു  എന്ന് അനുഭവത്തിൽ നിന്ന് പറയാൻ കഴിയുന്നു.. മുമ്പ് ന്യൂറോയിൽ  ഉണ്ടായിരുന്ന ജേക്കബ് ആലപ്പാടൻ, ജേക്കബ്,  ഇപ്പോൾ കാർഡിയോയിൽ ഉള്ള ഡോക്റ്റർ മാത്യൂ ഐപ്പ്, മുമ്പ് ജനറിലെ അന്നാമ്മ ഡോക്ടർ തുടങ്ങിയവർ  അങ്ങിനെയുള്ളവരാണെന്ന് എന്റെ അനുഭവത്തിൽ നിന്ന് പറയാൻ കഴിയും.

ഇപ്പോൾ കാർഡിയോളജിയിലുള്ള പ്രശ്നം ആഞിയോ ഗ്രാമും ആഞിയോ പ്ളാസ്റ്ററിയും യഥാ സമയം ചെയ്യാൻ തീയതി കിട്ടുന്നില്ല എന്നതാണ്. മുമ്പേ വന്നവർക്ക്  ചെയ്താലല്ലേ പിൻപേ വരുന്നവർക്ക് ഡെയ്റ്റ് നൽകാൻ കഴിയൂ. അതിൽ ഗുരുതരമായി വരുന്നവർക്ക് മുൻ ഗണന കൊടുക്കുന്നുണ്ട്. അപ്രകാരം    മുൻ ഗണന ഇപ്പോൾ മരിച്ച രോഗിക്ക് കിട്ടാതിരിക്കാൻ കാരണമെന്തെന്നാണ് അന്വേഷിക്കേണ്ടത്.

ആവശ്യത്തിനു ഡോക്ടറന്മാർ, മറ്റ് ജീവനക്കാർ എന്നിവരെ നിയമിക്കുകയും  ചികിൽസക്ക് വേണ്ട മറ്റ് സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുക എന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും വേണം.

ഈ സൗകര്യങ്ങൾ ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും തരപ്പെടുത്തിയാൽ മെഡിക്കൽ കോളേജിലെ തിരക്ക് കുറക്കാനും ജനങ്ങൾക്ക് അത് ഏറെ ഉപകാരപ്പെടാനും ഇടയാക്കുമെന്നു നിസ്സംശയം പറയാം. 

പക്ഷേ ഒരു ചോദ്യം അവശേഷിക്കുന്നു.  ഇത് ആര് എപ്പോൾ നടപ്പിലാക്കും. എത്ര പേർ മരിച്ച് വീണാലാണ് പരിഹാരം ഉണ്ടാവുക. അതിനു വേണ്ടിയാണ്  ജന ശബ്ദം ഉയരേണ്ടത്. ഇല്ലാ എങ്കിൽ പാവപ്പെട്ടവൻ ഇനിയും മരിച്ച് വീണ് കൊണ്ടേ ഇരിക്കും.

No comments:

Post a Comment