ഇന്ന് പഴയ ഡയറിക്കുറിപ്പുകളിലൂടെ കടന്ന് പോയപ്പോൾ കണ്ടത്.
27 വർഷങ്ങൾക്ക് മുമ്പുള്ള ഈ കുറിപ്പുകൾ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
18--11--1997
ഇപ്പോൾ പുലർച്ച 2മണി. എനിക്കു ഉറക്കം വരുന്നില്ല. വെളിയിൽ നിരത്തു നിശ്ശബ്ദമാണു. പകൽ എന്തു തിരക്കായിരുന്നു. സമീപത്തുള്ള ക്യാഷ്വാലിറ്റിയിലേക്കു സൈറൺ മുഴക്കി ആംബുലൻസ്കൾ വന്നു കൊണ്ടേ ഇരിക്കും .ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന രോഗിയേയും കൊണ്ടു അലറി വിളിച്ചു വരുന്ന ആംബുലൻസ് എപ്പോഴും ഭയം മാത്രം കാഴ്ച്ച വെയ്ക്കുന്നു.
ഇപ്പോൾ എവിടെയും അനക്കമില്ല. അടുത്ത മുറികളിൽ ഗുരുതരമായ രോഗം ബാധിച്ചവരാണു. പ്രമേഹത്താൽ കാൽ പഴുത്തവർ, രക്ത സമ്മർദ്ദത്താൽ തലച്ചോറിലെ സിരകൾ പൊട്ടി കൈകാലുകൾ തളർന്നവർ അങ്ങിനെ പലരും. നാട്ടിൽ ഇത്രയും രോഗികളുണ്ടോ?!എല്ലാവരുടെയും അവസാന ആശ്രയം മെഡിക്കൽകോളേജാണു. ഇവിടെ എത്തിക്കഴിഞ്ഞാൽ രണ്ടിലൊന്നു തീരുമാനിക്കപ്പെടുന്നു. ഒന്നുകിൽ ജീവിതത്തിലേക്കു തിരികെ വരുന്നു. അല്ലെങ്കിൽ എന്നെന്നേക്കുമായി ലോകത്തു നിന്നും കടന്നു പോകുന്നു. ഇവിടെ ഞങ്ങളും ഞങ്ങളുടെ വിധി കാത്തു കഴിയുകയാണു.
സൈഫുവും അവന്റെ അമ്മയും ഞാനും തിരുവനന്തപുരം മെഡിക്കൾ കോളേജ് ആശുപത്രിയിലാണ്. ആരും ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല. പേരിനു ഏതെങ്കിലും ഹൗസ്സ് സർജൻ വന്നു പരിശോധിച്ചു പോകും. ചിലപ്പോൾ പ്രധാന ഡോക്റ്ററും പരിവാരങ്ങളും വന്നെങ്കിലായി. ഈ യാന്ത്രികമായ പരിശോധനക്കു പകരം ആത്മാർത്ഥമായി അവർ എന്റെ മകൻ സൈഫുവിന്റെ രോഗവും നാളിതുവരെ ചെയ്ത ചികിൽസയും പഠിച്ചു ശുഷ്കാന്തിയോടെ ചികിൽസിച്ചിരുന്നെങ്കിൽ അവനു രോഗ ശമനം എളുപ്പമായേനെ. പലരും വന്നു പരിശോധിക്കുന്നതിനാൽ മുൻ ഗാമി ചെയ്ത ചികിൽസ്സാ നിർദ്ദേശം ഭേദഗതി ചെയ്യാതെ കുത്തിവെയ്പ്പു പഴയതു തന്നെ തുടരാൻ നിർദ്ദേശിച്ചു കേസ് ഷീറ്റിൽ കുറിച്ചിടും. (ഞാനായി ഒരു ഭേദഗതി എന്തിനെന്നാണു ഓരോരുത്തരും ചിന്തിക്കുന്നതു.)യാന്ത്രികമായ ഈ ചികിൽസ കാരണമാണു രോഗശമനം വൈകുന്നതു. എന്റെ മകന്റെ കാര്യം ആയതു കൊണ്ടാവാം ചികിൽസ യാന്ത്രികമെന്നു എനിക്കു അനുഭവപ്പെടുന്നതു. ഒരു പക്ഷേ അവർക്കു ഇത്രമാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നു വരാം. എന്റെ ഉത്ക്കണ്ഠയും സംഭ്രമവും കാരണം എനിക്കു ഈ രീതിയിൽ തോന്നുന്നതു ആകാം, എന്നൊക്കെ ഞാൻ സമാധനിക്കാൻ ശ്രമിക്കുന്നു. പക്ഷേ ഒരു സത്യം എന്റെ മുമ്പിലുണ്ടു.13 വയസ്സ്കാരനായ എന്റെ മകൻ മെനൈഞ്ചിറ്റിസ്സും ബ്രൈൻ ആബ്സസ്സും ബാധിച്ചു ഗുരുതരാവസ്ഥയിലാണു. അവൻ രോഗ ബാധിതനായി മെഡിക്കൽ കോളേജിൽ വന്ന ആദ്യ ദിനങ്ങളെപ്പോലെ ഇപ്പോഴും തലവേദനയെപ്പറ്റി ആവലാതിപ്പെടുന്നു. ശക്തമായ പനി ബാധിച്ചു അവൻ ഇന്നു മയക്കത്തിലായിരുന്നു. ചൊറിച്ചിലും തിണർപ്പും കുറേശ്ശെയായി ഇപ്പോഴും ഉണ്ടു. തീർച്ചയായും അവനു വിദഗ്ദ്ധചികിൽസയുടെ അഭാവം അനുഭവപ്പെടുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.
ഏതെങ്കിലും ഡോക്റ്റർക്കു ഫീസ്സ് കൊടുക്കാൻ ഞാൻ തയാറാണു. പക്ഷേ ആർക്കാണു കൊടുക്കേണ്ടതു? സ്ഥിരമായി ഒരു ഡോക്റ്റർ വരുന്നില്ല. മെഡിക്കൽ കോളേജു ആശുപത്രി പ്രവേശനത്തിനു മുമ്പു ഈ രോഗത്തിന്റെ ചികിൽസാ വിദഗ്ദ്ധനെ പോയികണ്ടു മതിയായ ഫീസ് കൊടുക്കാൻ സാവകാശം ലഭിച്ചിരുന്നില്ല. അഡ്മിറ്റ് ചെയ്തു കഴിഞ്ഞ രോഗികളിൽ നിന്നും അപൂർവ്വം ചിലരൊഴികെ മറ്റു ഡോക്റ്ററന്മാർ ഫീസ് വാങ്ങുകയില്ല.(പൊടി പുരട്ടിയ നോട്ടിനെ ഭയന്നാണു ഇപ്രകാരം വാങ്ങാതിരിക്കുന്നതു എന്നു അറിയൻ കഴിഞ്ഞു.)
ഈ അവസ്ഥയിൽ രോഗ ശുശ്രൂഷ ഒരു വഴിപാടു മാത്രമായി നടക്കുന്നു. ഭാഗ്യം ഉണ്ടെങ്കിൽ രക്ഷപെടും.
ഏതോ സിനിമാ താരം അടുത്ത റൂമിലെ രോഗിക്കു വേണ്ടി ശുപാർശ ചെയ്തപ്പോൾ ഡോക്റ്റർ രണ്ടു നേരവും വന്നു പരിശോധിക്കുന്നു എന്നു ഭാര്യ പറഞ്ഞു.
എന്റെ സഹപാഠിയായിരുന്ന സിനിമാ സംവിധായകൻ ഫാസ്സിൽ ഈ ആശുപത്രിയിൽ എന്തെങ്കിലും ആവശ്യത്തിനു വന്നിരുന്നെങ്കിലെന്നും എന്നെ കാണുകയും തുടർന്നു ഏതെങ്കിലും ഡോക്റ്ററെ ശുപാർശ ചെയ്തു എന്റെ മകനെ ശുഷ്കാന്തിയോടെ പരിശോധിക്കാൻ ഏർപ്പാടു ചെയ്തിരുനെങ്കിലെന്നും ഞാൻ വ്യാമോഹിച്ചു. മനസിലെ സംഘർഷം കുറക്കാൻ മനുഷ്യനു ഇപ്രകാരം ദിവാസ്വപ്നം കാണാൻ കഴിവു പ്രക്രുതി നൽകിയിരിക്കുന്നതു അനുഗ്രഹം തന്നെയെന്നു ഞാൻ തിരിച്ചറിഞ്ഞു. നടക്കാത്ത കാര്യത്തെപ്പറ്റി ദിവാസ്വപ്നം കണ്ടു കൊണ്ടിരിക്കുക എന്നുള്ളതല്ലാതെ ഫലപ്രാപ്തി ഒന്നും ഉണ്ടാവില്ല എന്ന സത്യം മനസ്സിൽ കടന്നുവന്നപ്പോൾ ഞാൻ നിരാശനായി.ഫാസ്സിൽ എന്നെ ഓർമ്മിക്കുന്നു പോലുമില്ലെന്നും ഫാസ്സിലിനു ഈ ആശുപത്രിയിൽ വരേണ്ട കാര്യമില്ലെന്നും എനിക്കു അറിയമായിരുന്നിട്ടും നടക്കാത്ത കാര്യങ്ങളാണു ഭാവനയിൽ കാണുന്നതു. ഇത്രയും സംഘർഷം മനസ്സിൽ നിറഞ്ഞിരിക്കുമ്പോൾ എങ്ങിനെ ഉറക്കം വരാനാണു.-എങ്കിലും ഇന്നു ഈ കുറിപ്പുകൾ നിർത്തി ഞാൻ എന്റെ മകനു സമീപം കിടക്കാൻ പോകുന്നു. സമയം പുലർച്ച 3.15 മണി.
(മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ എന്ന പേരിൽ ഞാൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നും എടുത്ത് ചേർത്തത്) ......................................................................................................................................
പിൻ കുറിപ്പ് :---53 ദിവസത്തെ ചികിൽസക്ക് ശേഷം ദൈവ കാരുണ്യത്താൽ സൈഫു രോഗം ഭേദമായി വീട്ടിലെത്തി.
27 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
കരുണാമയന്റെ കൃപയാൽ 17 വർഷമായി സൈഫു അഭിഭാഷകനായി കൊട്ടാരക്കരയിൽ പ്രാക്റ്റീസ് ചെയ്യുന്നു.എന്നാലും ഒക്റ്റോബർ നവംബർ മാസങ്ങൾ വരുമ്പോൾ ഒരു ഉൾക്കിടത്തിലൂടെ മാത്രമേ 1997ലെ ആ മാസങ്ങളെ ഓർമ്മിക്കാൻ കഴിയുന്നുള്ളൂ.