Tuesday, May 12, 2009

ആത്മബലി

മനുഷ്യരിലും മൃഗങ്ങളിലും പൊതുവായി കാണുന്ന വികാരങ്ങളില്‍ ഒന്നാണ് മാതൃ സ്നേഹം .സ്വന്തം ജീവന്‍ കൊടുത്തും കുഞ്ഞിനെ സംരക്ഷിക്കുക. പ്രപഞ്ചത്തിലെ ജീവന്റെ നില നില്‍പ്പ് തന്നെ ഇതിനെ ആശ്രയിച്ചിരിക്കുന്നു.
ഒരു പൂച്ച പതിവായി വീട്ടില്‍ വന്നു കൊണ്ടിരുന്നു. പൂച്ചയെ ഒരിക്കലും ഇഷ്ടപ്പെടാത്ത ഭാര്യ അതിനെ കാണുമ്പോള്‍ അടിച്ച് ഓടിക്കും. എങ്കിലും അടുക്കള വാതില്‍ക്കല്‍ വന്നിരുന്നു ദയനീയമായി പൂച്ച ഞങ്ങളെ നോക്കി ഇരിക്കും . അത് ഗര്‍ഭിണി ആണെന്നും ഞങ്ങള്‍ക്ക് മനസ്സിലായി. " അത് ഇവിടെ പെറ്റാല്‍ കുഞ്ഞുങ്ങളെ വീടിനകത്ത് കൊണ്ടുവരും " എന്നും ഭാര്യ ഭയപ്പെട്ടു. ഭയന്നതു പോലെ സംഭവിച്ചു. പൂച്ച അടുക്കളയോട് ചേര്‍ന്നവരാന്തയുടെ മൂലയില്‍ കുഞ്ഞുങ്ങളുമായി പ്രത്യക്ഷപ്പെട്ടു. കണ്ണ് വിരിയാത്ത കുഞ്ഞുങ്ങള്‍.പൂച്ചക്ക് ആഹാരം പതിവാക്കിയ ഞാന്‍ ഉള്‍പ്പടെ ഉള്ളവരെ ഭാര്യ കുറ്റപ്പെടുത്തി. പക്ഷെ കണ്ണ് വിരിയാത്ത കുഞ്ഞുങ്ങളുമായി പൂച്ചയെ ഓടിച്ചു കളയാന്‍ എല്ലാവര്‍കും മടി. പൂച്ചകുഞ്ഞുങ്ങള്‍ തള്ളയുടെ വയറിനോട് ചേര്‍ന്ന് പാല്‍ കുടിക്കുന്നത് നോക്കി നില്‍ക്കുന്ന വീട്ടിലെ കുഞ്ഞുങ്ങളെയും ഭാര്യ ഓടിച്ചു. നാലാം ദിവസം രാത്രിയില്‍ ശബ്ദം കേട്ടു പുറത്തു ഇറങ്ങി നോക്കിയപ്പോള്‍ നാലഞ്ചു പട്ടികള്‍ ചേര്‍ന്ന് തള്ള പൂച്ചയെ കടിച്ചു കീറുന്നതാണ് കണ്ടത്.വല്ലാത്ത ഒരു രംഗം ആയിരുന്നു അത്. പൂച്ച കുഞ്ഞുങ്ങളെ വരാന്തയിലെ പാത്രങ്ങള്‍ക്ക് ഇടയില്‍ കണ്ടെത്തി. കണ്ണ് പോലും വിരിയാത്ത കുഞ്ഞുങ്ങള്‍. ഇപ്പോള്‍ ഒരുമാസം കഴിഞ്ഞു പൂച്ച കുഞ്ഞുങ്ങള്‍ ഭാര്യയുടെ സംരക്ഷണയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം അവള്‍ ഫില്ലറില്‍ പാല്‍ നിറച്ചു പൂച്ചകുഞ്ഞുങ്ങള്‍ക്ക് വായില്‍ വെച്ചു കൊടുത്തു.സമയം എടുത്തു ചെയ്യുന്ന പ്രക്രിയ. ആദ്യം ആദ്യം ആ ജീവികള്‍ പ്രതിഷേധിച്ചു. നിരന്തരം കരച്ചില്‍. മൂന്നു കുഞ്ഞുങ്ങളായിരുന്നു. ഒരെണ്ണം ചത്തു.ബാക്കി രണ്ടെണ്ണം ഇപ്പോള്‍ തടിച്ചു കൊഴുത്തു വീടിലെ കുഞ്ഞുങ്ങളുമായി നിരന്തരം കളിയാണ്. ഭാര്യയുടെ വാല്‍സല്യ ഭാജനങ്ങള്‍.തള്ള പൂച്ച ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഇവറ്റകളെ വീടിന്റെ അരികില്‍ അടുപ്പിക്കുക ഇല്ലായിരുന്നു ഭാര്യ.ഒരു പക്ഷെ ആ കുഞ്ഞുങ്ങള്‍ ജീവനോടെ കാണുകയുമില്ലായിരിക്കാം.തള്ള പൂച്ച സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ആത്മബലി നല്കി അവരെ അതി ജീവിപ്പിക്കണമെന്നുപ്രകൃതി നിച്ചയിചിരുന്നിരിക്കാം.
ഇതു ഇത്രയും ഇവിടെ കുറിച്ചപ്പോള്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവം ഓര്‍മ വരുന്നു.മലയാള മനോരമ ദിനപ്പത്രത്തിലെ ഒരു വാര്‍ത്ത."ഭ്രാന്തില്ലാത്ത ലോകം കരുണ കാട്ടട്ടെ" എന്നോ മറ്റോ ആയിരുന്നു.കൊട്ടാരക്കരയിലെ തെരുവുകളില്‍ അലഞ്ഞു നടന്ന ഒരു ഭ്രാന്തിയും മൂന്നു കുഞ്ഞുങ്ങളും.മഴയത്തും വെയിലത്തും ആ അമ്മ അവരെ കൊണ്ടു നടന്നു. ഇരന്നു കിട്ടുന്ന ആഹാരം കുഞ്ഞുങ്ങളെ തീറ്റി. സ്കൂളില്‍ പോകുന്ന കുഞ്ഞുങ്ങളെ കൊതിയോടെ മൂത്ത കുട്ടി നോക്കിനില്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കുഞ്ഞുങ്ങളെ സ്കൂളില്‍ അയക്കുന്നത് ആ അമ്മയ്ക്ക് ഭാവനയില്‍ പോലും ചിന്തിയ്ക്കാന്‍ സാധിക്കില്ലായിരുന്നു. അല്ലെങ്കിലും അവര്‍ക്ക് ചിന്താ ശക്തി ഇല്ലായിരുന്നല്ലോ! ഒരു ദിവസം ആ ഭ്രാന്തി തള്ള കട തിണ്ണയില്‍ മരിച്ചു കിടന്നു. കുഞ്ഞുങ്ങള്‍ നാലുചുറ്റും ഇരുന്നു കരഞ്ഞു. അതിനെ തുടര്‍ന്നാണ്‌ മനോരമയില്‍ ആ വാര്‍ത്ത വന്നത്. വാര്‍ത്ത കണ്ടു അടൂരിലെ ഒരു അനാഥാലയം ആ കുഞ്ഞുങ്ങളെ ഏറ്റു വാങ്ങി. പിന്നെ നടന്നത് അതിശയിപ്പിക്കുന്ന സംഭവങ്ങള്‍ ആണ്. അമേരിക്കയിലെ ഒരു ധനിക ദമ്പതികള്‍ ആ മൂന്ന് കുട്ടികളെയും ദത്ത് എടുത്തു. പണ്ടു ആ ഭ്രാന്തിയെയും കുഞ്ഞുങ്ങളെയും കണ്ടിരുന്നവര്‍ സ്വപ്നത്തില്‍ പോലും കാണാന്‍ സാധിക്കാത്ത ജീവിതമാണ് ആ കുഞ്ഞുങ്ങള്‍ക്ക് കിട്ടിയത്. ഇന്നു അവര്‍ ഏറെ വളര്‍ന്നു കാണും . അമ്മയുടെ ആത്മബലിയിലൂടെ ആ കുഞ്ഞുങ്ങള്‍ രക്ഷ പെട്ടു. ഇന്നത്തെ ജീവിതം ആ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാന്‍ ആ അമ്മ മരിക്കേണ്ടിയിരുന്നു.

2 comments:

  1. ഇതേ പോലെ ഒരുപാട് അമ്മമാരുണ്ട്, സ്വന്തം മക്കള്‍ക്ക് വേണ്ടി ജീവന്‍ ബലി കഴിച്ചവര്‍.

    ReplyDelete
  2. വളരെ ഇഷ്ടപ്പെട്ടു പോസ്റ്റ്‌..
    അമ്മ മരിച്ചത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പറയുന്നതിനോട് വിയോജിക്കുന്നു...

    ആശംസകള്‍...

    ReplyDelete